വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എനിക്ക്‌ എപ്പോൾ ഡേറ്റിങ്‌ തുടങ്ങാം?

എനിക്ക്‌ എപ്പോൾ ഡേറ്റിങ്‌ തുടങ്ങാം?

യുവജനങ്ങൾ ചോദിക്കുന്നു . . .

എനിക്ക്‌ എപ്പോൾ ഡേറ്റിങ്‌ തുടങ്ങാം?

“സ്‌കൂളിൽ ആരോടെങ്കിലുമൊത്ത്‌, അതിപ്പോൾ ഇന്നയാൾ ആയിരിക്കണമെന്നൊന്നുമില്ല, ഡേറ്റിങ്ങിനു പോകുന്നില്ലെങ്കിൽ നിങ്ങൾക്ക്‌ കാര്യമായ എന്തോ തകരാറുണ്ട്‌ എന്നു തോന്നുക സ്വാഭാവികമാണ്‌.”​​—⁠ ബ്രിറ്റനീ.

“ഒരു ഡേറ്റിങ്‌ പങ്കാളി ഉണ്ടായിരിക്കാനുള്ള സമ്മർദം പറഞ്ഞറിയിക്കാനാവില്ല. മിടുമിടുക്കന്മാരായ ആൺകുട്ടികൾക്കാണെങ്കിലോ, യാതൊരു പഞ്ഞവുമില്ലതാനും.”​​—⁠ വൈറ്റ്‌നീ.

▪ ക്ലാസ്സിന്‌ ഇടയ്‌ക്കുള്ള സമയത്ത്‌ സ്‌കൂൾ വരാന്തയിലൂടെ ഒരു ആൺകുട്ടിയും പെൺകുട്ടിയും കൈകോർത്തു മെല്ലെ നടന്നുനീങ്ങുന്നതു നിങ്ങൾ കാണുന്നു. നിങ്ങൾക്ക്‌ എന്തു തോന്നുന്നു?

□ ഒന്നും തോന്നുന്നില്ല

□ അൽപ്പം അസൂയ തോന്നുന്നു

□ അങ്ങേയറ്റം അസൂയ തോന്നുന്നു

▪ കൂട്ടുകാരുമൊത്ത്‌ സിനിമയ്‌ക്കു പോയപ്പോഴാണ്‌ മനസ്സിലാകുന്നത്‌, നിങ്ങൾ ഒഴികെ ബാക്കി എല്ലാവർക്കും ഒരു ബോയ്‌ഫ്രണ്ടോ ഗേൾഫ്രണ്ടോ ഉണ്ടെന്ന്‌! നിങ്ങൾക്ക്‌ എന്തു തോന്നുന്നു?

□ ഒന്നും തോന്നുന്നില്ല

□ അൽപ്പം അസൂയ തോന്നുന്നു

□ അങ്ങേയറ്റം അസൂയ തോന്നുന്നു

▪ നിങ്ങളുടെ ഉറ്റമിത്രം അടുത്തയിടെ വിപരീതലിംഗവർഗത്തിൽപ്പെട്ട ഒരാളോടു താത്‌പര്യം കാണിക്കാൻ തുടങ്ങിയിരിക്കുന്നു. ഇപ്പോൾ ഡേറ്റിങ്ങിനു പോകുകയും ചെയ്യുന്നു. നിങ്ങൾക്ക്‌ എന്തു തോന്നുന്നു?

□ ഒന്നും തോന്നുന്നില്ല

□ അൽപ്പം അസൂയ തോന്നുന്നു

□ അങ്ങേയറ്റം അസൂയ തോന്നുന്നു

മേൽപ്പറഞ്ഞ ഏതെങ്കിലും ചോദ്യത്തിന്‌ “അൽപ്പം അസൂയ തോന്നുന്നു” എന്നോ “അങ്ങേയറ്റം അസൂയ തോന്നുന്നു” എന്നോ ആണ്‌ നിങ്ങളുടെ പ്രതികരണമെങ്കിൽ വിഷമിക്കേണ്ട, ഇക്കാര്യത്തിൽ നിങ്ങൾ ഒറ്റയ്‌ക്കല്ല. ഡേറ്റിങ്‌ സമ്പ്രദായം സർവസാധാരണമായിരിക്കുന്ന രാജ്യങ്ങളിൽ പല യുവജനങ്ങളുടെയും മറുപടി അതുതന്നെയായിരിക്കും. “നിങ്ങളുടെ കൂട്ടുകാരികൾക്കൊക്കെ ബോയ്‌ഫ്രണ്ട്‌സ്‌ ഉണ്ടായിരിക്കുകയും നിങ്ങൾക്കു മാത്രം ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ എന്തൊക്കെയോ നഷ്ടപ്പെടുന്നു എന്ന തോന്നൽ ഉണ്ടായേക്കാം” എന്ന്‌ 14-കാരിയായ ഈവെറ്റ്‌ പറയുന്നു.

നിങ്ങൾ ഏറെ ആദരിക്കുകയും പ്രിയപ്പെടുകയും ചെയ്യുന്ന, തിരിച്ച്‌ നിങ്ങളോടും അതേ വികാരങ്ങൾ വെച്ചുപുലർത്തുന്ന ഒരാളോടൊപ്പം ആയിരിക്കാനുള്ള ആഗ്രഹം അതിശക്തമായിരുന്നേക്കാം. “ഒരു ഗേൾഫ്രണ്ട്‌ ഉണ്ടായിരിക്കാനുള്ള ആഗ്രഹം ദിവസം ചെല്ലുന്തോറും ശക്തിപ്പെടുകയാണ്‌, അതിനു കടിഞ്ഞാണിടാൻ വളരെ ബുദ്ധിമുട്ടാണ്‌!” എന്ന്‌ ഒരു കൗമാരക്കാരൻ പറയുന്നു. ചിലർ നന്നേ ചെറുപ്പത്തിൽത്തന്നെ ഡേറ്റിങ്‌ ആരംഭിക്കുന്നു. ഉദാഹരണത്തിന്‌, ടൈം മാഗസിൻ നടത്തിയ ഒരു സർവേ വെളിപ്പെടുത്തിയത്‌ 13 വയസ്സുകാരിൽ 25 ശതമാനവും അപ്പോൾത്തന്നെ “ഡേറ്റിങ്‌ നടത്തുന്നവർ” ആയിരുന്നു എന്നാണ്‌. അവർക്ക്‌ അതിനുള്ള പ്രായവും പക്വതയും ആയിട്ടുണ്ടെന്ന്‌ നിങ്ങൾ കരുതുന്നുണ്ടോ? ആകട്ടെ, നിങ്ങളുടെ കാര്യത്തിലോ? അതിന്‌ ഉത്തരം പറയാൻ കഴിയേണ്ടതിന്‌ ആദ്യംതന്നെ നാം കുറെക്കൂടി അടിസ്ഥാനപരമായ മറ്റൊരു ചോദ്യം പരിചിന്തിക്കേണ്ടിയിരിക്കുന്നു.

എന്താണ്‌ “ഡേറ്റിങ്‌”?

▪ വിപരീതലിംഗവർഗത്തിൽപ്പെട്ട ഒരു പ്രത്യേക വ്യക്തിയോടൊപ്പം നിങ്ങൾ പതിവായി പുറത്തുപോകുന്നു.

നിങ്ങൾ ഡേറ്റിങ്‌ നടത്തുന്നുണ്ടോ? □ഉണ്ട്‌ □ഇല്ല

▪ ദിവസവും പലതവണ വിപരീതലിംഗവർഗത്തിൽപ്പെട്ട ഒരു പ്രത്യേക സുഹൃത്തിനു നിങ്ങൾ സെൽഫോണിൽ മെസേജ്‌ അയയ്‌ക്കുകയോ ആ വ്യക്തിയുമായി ഫോണിൽ സംസാരിക്കുകയോ ചെയ്യുന്നു.

നിങ്ങൾ ഡേറ്റിങ്‌ നടത്തുന്നുണ്ടോ? □ഉണ്ട്‌ □ഇല്ല

നിങ്ങളും വിപരീതലിംഗവർഗത്തിൽപ്പെട്ട ഒരാളും തമ്മിൽ രഹസ്യ സൗഹൃദം വെച്ചുപുലർത്തുന്നു. മാതാപിതാക്കൾക്ക്‌ അതേക്കുറിച്ചറിയില്ല. അവർ അത്‌ അനുവദിക്കില്ല എന്നറിയാവുന്നതുകൊണ്ടാണ്‌ നിങ്ങൾ അവരോടു പറയാത്തത്‌.

നിങ്ങൾ ഡേറ്റിങ്‌ നടത്തുന്നുണ്ടോ? □ഉണ്ട്‌ □ഇല്ല

▪ കൂട്ടുകാരെല്ലാംകൂടി ഒത്തുകൂടുന്ന അവസരങ്ങളിലെല്ലാം വിപരീതലിംഗവർഗത്തിൽപ്പെട്ട ഒരു പ്രത്യേക വ്യക്തിയുമായി നിങ്ങൾ ജോടിതിരിയുന്നു.

നിങ്ങൾ ഡേറ്റിങ്‌ നടത്തുന്നുണ്ടോ? □ഉണ്ട്‌ □ഇല്ല

സാധ്യതയനുസരിച്ച്‌ ആദ്യത്തെ ചോദ്യത്തിന്‌ യാതൊരു മടിയും കൂടാതെ നിങ്ങൾ മറുപടി പറഞ്ഞു. എന്നാൽ തുടർന്നുള്ള ചോദ്യങ്ങളുടെ കാര്യത്തിൽ ഉത്തരം പറയാൻ നിങ്ങൾ അൽപ്പം വിമുഖത കാണിച്ചിരിക്കും. യഥാർഥത്തിൽ എന്താണ്‌ ഡേറ്റിങ്‌? ഈ ലേഖനത്തിൽ നമുക്കതിനെ ഇങ്ങനെ നിർവചിക്കാം: നിങ്ങളുടെ പ്രേമാത്മക താത്‌പര്യങ്ങൾ ഒരു പ്രത്യേകവ്യക്തിയിൽ കേന്ദ്രീകരിച്ചിരിക്കുന്നതും അതുപോലെ തിരിച്ച്‌ ആ വ്യക്തിയുടേത്‌ നിങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നതുമായ ഏതൊരു പ്രവർത്തനവും. നിങ്ങൾക്കും വിപരീതലിംഗവർഗത്തിൽപ്പെട്ട ഒരാൾക്കും പരസ്‌പരം പ്രേമാത്മകവികാരങ്ങൾ ഉണ്ടെങ്കിൽ, അത്‌ ഒരു കൂട്ടത്തോടൊപ്പം ആയിരിക്കുമ്പോഴോ അല്ലാത്തപ്പോഴോ ആയിരുന്നാലും, ഫോണിൽ സംസാരിക്കുമ്പോഴോ നേരിട്ടു സംസാരിക്കുമ്പോഴോ ആയിരുന്നാലും, അത്‌ പരസ്യമായതോ രഹസ്യത്തിലുള്ളതോ ആയിരുന്നാലും ശരി, അതിനെ ഡേറ്റിങ്‌ എന്നു വിളിക്കാവുന്നതാണ്‌.

എന്നാൽ നിങ്ങൾക്ക്‌ അതിനുള്ള പ്രായവും പക്വതയും ആയിട്ടുണ്ടോ? അതു കണ്ടുപിടിക്കാൻ പിൻവരുന്ന മൂന്നു ചോദ്യങ്ങളുടെ പരിചിന്തനം നിങ്ങളെ സഹായിക്കും.

നിങ്ങളുടെ ഉദ്ദേശ്യം?

പല സംസ്‌കാരങ്ങളിലും, രണ്ടുപേർക്ക്‌ പരസ്‌പരം അടുത്തറിയുന്നതിനുള്ള സ്വീകാര്യമായ ഒരു മാർഗമാണ്‌ ഡേറ്റിങ്‌. എന്നാൽ അതിന്‌ ഉത്‌കൃഷ്ടമായ ഒരു ഉദ്ദേശ്യം ഉണ്ടായിരിക്കണം​—⁠ഒരു യുവാവിനും യുവതിക്കും തങ്ങൾ പരസ്‌പരം ഉത്തമ വിവാഹപങ്കാളികളായിരിക്കുമോ എന്ന്‌ കണ്ടെത്തുന്നതിനുള്ള മാർഗമായിരിക്കണം അത്‌. എന്തുകൊണ്ട്‌?

ജീവിതത്തിൽ ലൈംഗിക-പ്രേമവികാരങ്ങൾ തിളച്ചുമറിയുന്ന കാലഘട്ടത്തെ കുറിക്കാൻ ബൈബിൾ ഉപയോഗിക്കുന്ന പ്രയോഗമാണ്‌ “നവയൗവനം.” (1 കൊരിന്ത്യർ 7:​36, NW) നിങ്ങൾ “നവയൗവന”ത്തിൽ ആയിരിക്കുമ്പോൾ വിപരീതലിംഗവർഗത്തിൽപ്പെട്ട ആരെങ്കിലുമായി അടുത്തബന്ധം ഉണ്ടായിരിക്കുന്നത്‌ അത്തരം വികാരങ്ങൾ കത്തിപ്പടരാൻ ഇടയാക്കും. മാത്രമല്ല, ഗലാത്യർ 6:​7-ൽ പറഞ്ഞിരിക്കുന്ന “മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും” എന്നതിന്റെ സത്യത നിങ്ങൾ പഠിക്കുന്നത്‌ കയ്‌പേറിയ അനുഭവങ്ങളിലൂടെയും ആയിരിക്കും.

നിങ്ങളുടെ സമപ്രായക്കാരിൽ പലരും വിവാഹം കഴിക്കണമെന്ന ഉദ്ദേശ്യമൊന്നും ഇല്ലാതെതന്നെ ഡേറ്റിങ്ങിനു പോകുന്നവരായിരിക്കാം എന്നതു ശരിതന്നെ. എന്നാൽ ഒരു ബോയ്‌ഫ്രണ്ടിനെയോ ഗേൾഫ്രണ്ടിനെയോ, തങ്ങളുടെ വ്യക്തിപരമായ നേട്ടത്തിന്റെ ഒരു ചിഹ്നമായോ മറ്റുള്ളവരുടെ മുമ്പിൽ തങ്ങളുടെ മൂല്യം ഉയർത്തിക്കാട്ടുന്നതിനായി ഉപയോഗിക്കാവുന്ന ഒരു അലങ്കാരവസ്‌തുവായോ മാത്രമായിരിക്കാം അവർ വീക്ഷിക്കുന്നത്‌. മറ്റുള്ളവരുടെ വികാരങ്ങളെ അത്തരത്തിൽ അമ്മാനമാടുന്നത്‌ അങ്ങേയറ്റം ക്രൂരതയാണ്‌. പലപ്പോഴും വലിയ കാലതാമസമൊന്നും വേണ്ട അത്തരം ബന്ധങ്ങൾ തകർന്നുവീഴാൻ. “ഡേറ്റിങ്ങിനു പോകുന്ന പല ചെറുപ്പക്കാരും ഒന്നോ രണ്ടോ ആഴ്‌ചയ്‌ക്കുള്ളിൽ തമ്മിൽ പിരിയുന്നു,” ഹെതർ എന്ന യുവതി പറയുന്നു. “അത്തരക്കാർ പരസ്‌പരമുള്ള ബന്ധങ്ങളെ വെറും താത്‌കാലികമായ ഒന്നായി വീക്ഷിക്കാൻ തുടങ്ങുന്നു​—⁠ഒരുതരത്തിൽ പറഞ്ഞാൽ അത്‌ അവരെ വിവാഹജീവിതത്തിനല്ല, വിവാഹമോചനത്തിനാണ്‌ ഒരുക്കുന്നത്‌.”

വെറുമൊരു രസത്തിന്‌ അല്ലെങ്കിൽ ഒരു ബോയ്‌ഫ്രണ്ടോ ഗേൾഫ്രണ്ടോ ഉണ്ട്‌ എന്നു പറയാൻ വേണ്ടി മാത്രം, തമാശയ്‌ക്കായി ഡേറ്റിങ്ങിനു പോകുന്നത്‌ വ്രണിതവികാരങ്ങൾ ഉളവാക്കുമെന്നതിനു രണ്ടുതരമില്ല. അതാണ്‌ എറിക്കിന്റെ അനുഭവം പഠിപ്പിക്കുന്നത്‌. 18-ാം വയസ്സിൽ അവൻ ഒരു പെൺകുട്ടിയുമായി സൗഹൃദത്തിലായി, നിഷ്‌കളങ്കമായ ഉറ്റ സുഹൃദ്‌ബന്ധം എന്നു മാത്രമേ അവൻ അതിനെക്കുറിച്ചു കരുതിയുള്ളൂ. എന്നാൽ പെൺകുട്ടിക്ക്‌ അതങ്ങനെ ആയിരുന്നില്ല എന്ന്‌ അവൻ താമസിയാതെ തിരിച്ചറിഞ്ഞു. “എത്ര പെട്ടെന്നാണ്‌ അവൾക്ക്‌ എന്നോടു പ്രേമവികാരങ്ങൾ തോന്നി തുടങ്ങിയത്‌, ഞാൻ അതിശയിച്ചുപോയി!” എറിക്‌ പറയുന്നു. “ഞങ്ങൾ വെറും സുഹൃത്തുക്കൾ മാത്രമാണെന്നാണ്‌ ഞാൻ കരുതിയത്‌!”

മേൽനോട്ടത്തിന്‌ ആളുള്ള ഒരു കൂട്ടത്തോടൊപ്പം ആയിരിക്കുമ്പോൾ വിപരീതലിംഗവർഗത്തിൽപ്പെട്ടവരുമായി സഹവസിക്കുന്നതിൽ യാതൊരു തെറ്റുമില്ല. എന്നിരുന്നാലും ഡേറ്റിങ്ങിന്റെ കാര്യത്തിൽ, നിങ്ങൾ നവയൗവനം പിന്നിട്ട്‌, വിവാഹത്തെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കാറാകുന്നതുവരെ കാത്തിരിക്കുന്നതാണ്‌ ഏറ്റവും നല്ലത്‌. ചെൽസി എന്ന യുവതി അതു തിരിച്ചറിയുകയുണ്ടായി. “ചിലപ്പോൾ തോന്നും ഒരു രസത്തിനുവേണ്ടി ഡേറ്റിങ്ങിൽ ഏർപ്പെട്ടാലെന്താ കുഴപ്പം എന്ന്‌. എന്നാൽ ഒരാൾ അതിനെ വെറും തമാശയായി വീക്ഷിക്കുകയും മറ്റേയാൾ ഗൗരവമായി കണക്കാക്കുകയും ചെയ്യുമ്പോൾ കളി കാര്യമാകും,” അവൾ തുറന്നു സമ്മതിക്കുന്നു.

നിങ്ങളുടെ പ്രായം?

▪ ഒരാൾ ഏതു പ്രായത്തിൽ ഡേറ്റിങ്‌ തുടങ്ങുന്നത്‌ ഉചിതമാണെന്നാണ്‌ നിങ്ങൾ കരുതുന്നത്‌?______

ഇനി ഇതേ ചോദ്യം നിങ്ങളുടെ മാതാപിതാക്കളോടു ചോദിക്കുക, എന്നിട്ട്‌ അവർ പറയുന്ന മറുപടി ഇവിടെ എഴുതുക.______

ആദ്യം എഴുതിയ സംഖ്യ രണ്ടാമത്തേതിനെ അപേക്ഷിച്ച്‌ ചെറുതായിരിക്കാൻ സാധ്യതയുണ്ട്‌. അവശ്യം അങ്ങനെ ആയിരിക്കണമെന്നും ഇല്ല! തങ്ങളെത്തന്നെ മെച്ചമായി അറിയാനാകുന്ന പ്രായംവരെ ഡേറ്റിങ്‌ നീട്ടിവെക്കുന്ന അനേകം ചെറുപ്പക്കാരിൽ ഒരാളായിരിക്കാം നിങ്ങൾ. അങ്ങനെ ചെയ്യാനാണ്‌, നിയമപരമായി വിവാഹപ്രായത്തിൽ എത്തിയിരുന്നെങ്കിൽപ്പോലും, ഒരു യുവക്രിസ്‌ത്യാനിയായ സോൻഡ്ര തീരുമാനിച്ചത്‌. അവൾ ഇപ്രകാരം ന്യായവാദം ചെയ്യുന്നു: “ഡേറ്റിങ്ങ്‌ നടത്തുമ്പോൾ, മറ്റൊരാൾ നിങ്ങളെ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ നിങ്ങൾക്കുതന്നെ നിങ്ങളെക്കുറിച്ച്‌ വ്യക്തമായ ധാരണയില്ലെങ്കിൽപ്പിന്നെ മറ്റൊരാൾ അതറിയാൻ നിങ്ങൾക്ക്‌ എങ്ങനെ പ്രതീക്ഷിക്കാനാകും?”

17-കാരിയായ ഡാനീയേലയും അതേ അഭിപ്രായക്കാരിയാണ്‌. അവൾ പറയുന്നു: “പിന്തിരിഞ്ഞു നോക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്‌, രണ്ടു വർഷംമുമ്പ്‌, എന്റെ ഭാവി ഇണയിൽ ഉണ്ടായിരിക്കാൻ ഞാൻ പ്രതീക്ഷിക്കുമായിരുന്ന കാര്യങ്ങളല്ല ഇന്നു ഞാൻ പ്രതീക്ഷിക്കുന്നത്‌. വാസ്‌തവത്തിൽ ഇപ്പോൾപ്പോലും ഇതു സംബന്ധിച്ച്‌ ഞാൻ എടുക്കുന്ന തീരുമാനം ശരിയാകുമെന്ന്‌ എനിക്കു ബോധ്യമില്ല. എന്റെ വ്യക്തിത്വത്തിൽ ഏതാനും വർഷമായി വലിയ വ്യതിയാനമൊന്നും സംഭവിച്ചിട്ടില്ല എന്ന്‌ എനിക്കുതന്നെ ബോധ്യമാകുമ്പോൾ ഡേറ്റിങ്ങിനെക്കുറിച്ചു ഞാൻ ചിന്തിക്കും.”

വിവാഹത്തിനു സജ്ജരാണോ?

ഡേറ്റിങ്‌ വിവാഹത്തിനുള്ള ഒരു ചവിട്ടുപടി ആയിരിക്കുന്നതിനാൽ ഒരു ഭാര്യയുടെയോ ഭർത്താവിന്റെയോ അല്ലെങ്കിൽ ഒരു മാതാവിന്റെയോ പിതാവിന്റെയോ ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്യാൻ നിങ്ങൾ സജ്ജരാണോ എന്നു വിലയിരുത്തുന്നത്‌ നന്നായിരിക്കും. നിങ്ങൾക്ക്‌ അതെങ്ങനെ ചെയ്യാം? പിൻവരുന്ന കാര്യങ്ങൾ പരിചിന്തിക്കുക.

ബന്ധങ്ങൾ സ്വന്തം മാതാപിതാക്കളോടും കൂടപ്പിറപ്പുകളോടും നിങ്ങൾ എങ്ങനെയാണ്‌ പെരുമാറുന്നത്‌? ഒരുപക്ഷേ അവരോടുള്ള ഇടപെടലിൽ നിങ്ങൾക്ക്‌ കൂടെക്കൂടെ ആത്മനിയന്ത്രണം നഷ്ടപ്പെടുന്നുണ്ടോ, പരുഷവും പരിഹാസപൂർവകവുമായ ഭാഷ ഉപയോഗിച്ചുകൊണ്ടാണോ നിങ്ങൾ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത്‌? ഇക്കാര്യത്തിൽ നിങ്ങളെക്കുറിച്ചുള്ള അവരുടെ അഭിപ്രായം എന്തായിരിക്കും? കുടുംബാംഗങ്ങളോട്‌ നിങ്ങൾ ഇടപെടുന്നവിധം, ഇണയോടുള്ള നിങ്ങളുടെ പെരുമാറ്റം എങ്ങനെയായിരിക്കും എന്നു സൂചിപ്പിക്കുന്നു.​—⁠എഫെസ്യർ 4:31, 32.

പണം നിങ്ങൾ പണം എങ്ങനെ കൈകാര്യം ചെയ്യുന്നു? നിങ്ങൾ എപ്പോഴും കടബാധ്യതയിലാണോ? നിങ്ങൾക്ക്‌ ഒരേ ജോലിയിൽ ദീർഘകാലം തുടരാനാകുന്നുണ്ടോ? ഇല്ലെങ്കിൽ എന്താണു കാരണം? ജോലിയുടെ കുഴപ്പംകൊണ്ടാണോ അത്‌? തൊഴിലുടമ കാരണമാണോ? അതോ നിങ്ങളുടെതന്നെ ‘സ്വഭാവവിശേഷം’കൊണ്ടാണോ? സ്വന്തം പണം ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യാനാകുന്നില്ലെങ്കിൽ നിങ്ങൾക്ക്‌ എങ്ങനെ കുടുംബത്തിനുവേണ്ടി അതു ചെയ്യാനാകും?​—⁠1 തിമൊഥെയൊസ്‌ 5:⁠8.

ആത്മീയത നിങ്ങൾ യഹോവയുടെ സാക്ഷികളിൽ ഒരാളാണെങ്കിൽ എന്തൊക്കെയാണ്‌ നിങ്ങളുടെ ആത്മീയ ഗുണങ്ങൾ? ദൈവവചനം വായിക്കാനും ശുശ്രൂഷയിൽ ഏർപ്പെടാനും ക്രിസ്‌തീയ യോഗങ്ങളിൽ പങ്കെടുക്കാനും നിങ്ങൾ മുൻകൈ എടുക്കുന്നുണ്ടോ? സ്വന്തം ആത്മീയത നിലനിറുത്തുന്നില്ലെങ്കിൽ നിങ്ങൾ എങ്ങനെ ഇണയെ അതിനു പ്രോത്സാഹിപ്പിക്കും?​—⁠2 കൊരിന്ത്യർ 13:⁠5.

ഡേറ്റിങ്ങിനെയും വിവാഹത്തെയും കുറിച്ച്‌ ചിന്തിക്കുന്നെങ്കിൽ നിങ്ങൾ പരിചിന്തിക്കേണ്ട ചില കാര്യങ്ങൾ മാത്രമാണ്‌ ഇവ. അതിനിടെ, ഉത്തരവാദിത്വപ്പെട്ടവർ ഉള്ള ഒരു കൂട്ടത്തോടൊപ്പം ആയിരിക്കുമ്പോൾ വിപരീതലിംഗവർഗത്തിൽപ്പെട്ടവരുമായി സഹവസിക്കുന്നതിനുള്ള അവസരങ്ങൾ നിങ്ങൾക്കുണ്ടായേക്കാം. പിന്നീട്‌ ഡേറ്റിങ്ങിന്‌ തീരുമാനിക്കുമ്പോൾ, നിങ്ങൾക്കു നിങ്ങളെക്കുറിച്ചുതന്നെയും എങ്ങനെയുള്ള ആജീവനാന്ത പങ്കാളിയെയാണ്‌ വേണ്ടത്‌ എന്നതിനെക്കുറിച്ചും കുറെക്കൂടി വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കും.

കുടുംബ സന്തുഷ്ടിയുടെ രഹസ്യം

കൂടുതലായ വിവരങ്ങൾ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ഈ പുസ്‌തകത്തിന്റെ 13-26 വരെയുള്ള പേജുകളിൽ കാണാവുന്നതാണ്‌.

“യുവജനങ്ങൾ ചോദിക്കുന്നു . . . ” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്‌.

ചിന്തിക്കാൻ:

▪ ഉചിതമായ ഏതെല്ലാം സാഹചര്യങ്ങളിലാണ്‌ വിപരീതലിംഗവർഗത്തിൽപ്പെട്ടവരുമായി നിങ്ങൾക്കു സഹവസിക്കാവുന്നത്‌?

▪ ഒരു ഉത്തമ വിവാഹപങ്കാളിയായിരിക്കാൻ കഴിയേണ്ടതിന്‌ ഏതു ഗുണമാണ്‌ നിങ്ങൾ കൂടുതലായി വളർത്തിയെടുക്കേണ്ടത്‌?

[28-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

നിങ്ങളുടെ സമപ്രായക്കാരിൽ ചിലരുടെ പ്രതികരണം

ഡേറ്റിങ്ങിനു പോകുന്നവരോട്‌, എന്തിന്‌ വിവാഹദമ്പതികളോടു പോലും, ചിലപ്പോൾ എനിക്ക്‌ അസൂയ തോന്നാറുണ്ട്‌. എന്നാൽ വെറുമൊരു രസത്തിനുവേണ്ടിയുള്ളതല്ല ഡേറ്റിങ്‌. ഇനി, അതാണു നിങ്ങളുടെ ലക്ഷ്യമെങ്കിൽ, നിഷ്‌കരുണം മറ്റൊരാളുടെ വികാരങ്ങൾകൊണ്ട്‌ നിങ്ങൾ പന്താടുകയാണ്‌. ഒരു വ്യക്തി നിങ്ങൾക്കു യോജിച്ച ജീവിതപങ്കാളിയായിരിക്കുമോ എന്നു കണ്ടുപിടിക്കുന്നതിനുള്ള മാർഗമാണ്‌ ഡേറ്റിങ്‌ എന്നാണു ഞാൻ കരുതുന്നത്‌.”​​—⁠ ബ്ലേൻ, 17.

നിങ്ങൾ ശരിക്കും ഇഷ്ടപ്പെടുന്ന ഒരാളുമായി ഡേറ്റിങ്‌ നടത്തുന്നതുവരെയുള്ള ഒരു ‘റിഹേഴ്‌സൽ’ ആയി മാത്രം മറ്റുള്ളവരുമായുള്ള ഡേറ്റിങ്ങിനെ കാണുന്നത്‌ ശരിയാണെന്ന്‌ എനിക്കു തോന്നുന്നില്ല. അത്‌ അനാവശ്യമായ വ്രണിതവികാരങ്ങൾക്ക്‌ ഇടയാക്കുകയേ ഉള്ളൂ.” ​​—⁠ ചെൽസി, 17.

നിങ്ങൾക്കു വിവാഹപ്രായം ആയ ശേഷമേ ഡേറ്റിങ്‌ തുടങ്ങാവൂ എന്നാണ്‌ എനിക്കു തോന്നുന്നത്‌. അല്ലാത്തപക്ഷം അത്‌, സ്‌കൂൾ വിദ്യാഭ്യാസത്തിനിടെ, ജോലിയിൽ പ്രവേശിക്കണമെന്ന ഉദ്ദേശ്യമൊന്നുമില്ലാതെതന്നെ, ഒരു മുഴുസമയ ജോലിക്കുള്ള ഇന്റർവ്യൂവിനു പോകുന്നതു പോലെയായിരിക്കും.” ​​—⁠ സോൻഡ്ര, 21.

[30-ാം പേജിലെ ചതുരം]

മാതാപിതാക്കളോട്‌ ഒരു വാക്ക്‌

ഇന്നല്ലെങ്കിൽ നാളെ, നിങ്ങളുടെ കുട്ടികൾ ഡേറ്റിങ്ങിന്റെ വെല്ലുവിളികൾ നേരിടുമെന്നുള്ളത്‌ തീർച്ചയാണ്‌. “ഞാൻ ഒന്നുംതന്നെ ചെയ്യേണ്ടതില്ല!” ഫിലിപ്പ്‌ പറയുന്നു. “സാധാരണഗതിയിൽ പെൺകുട്ടികൾ മുൻകൈയെടുത്തു വന്ന്‌ ചോദിക്കുമ്പോൾ, ‘എന്തു പറയും’ എന്നാലോചിച്ച്‌ ഞാനങ്ങനെ വെറുതെ നിന്നുപോകും. എന്നാൽ എനിക്കിതിലൊന്നും താത്‌പര്യമില്ല എന്നു പറയാനും ബുദ്ധിമുട്ടാണ്‌, കാരണം അത്രയ്‌ക്കു സുന്ദരികളാണ്‌ അവരിൽ ചിലർ!”

മാതാപിതാക്കളെന്നനിലയിൽ നിങ്ങൾക്കു ചെയ്യാനാകുന്ന ഏറ്റവും നല്ല കാര്യം കൗമാരപ്രായത്തിലുള്ള നിങ്ങളുടെ മക്കളോടു ഡേറ്റിങ്ങിനെക്കുറിച്ച്‌ തുറന്നു സംസാരിക്കുക എന്നതാണ്‌. ഈ ലേഖനംതന്നെ എന്തുകൊണ്ട്‌ അതിനായി ഉപയോഗിച്ചുകൂടാ? നിങ്ങളുടെ മകനോ മകളോ സ്‌കൂളിലും ക്രിസ്‌തീയ സഭയിൽപ്പോലും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച്‌ എന്തു വിചാരിക്കുന്നു എന്ന്‌ ആരായുക. ചിലപ്പോൾ, ‘വീട്ടിൽ ഇരിക്കുകയോ വഴി നടക്കുകയോ’ ചെയ്യുന്നതുപോലെ തികച്ചും അനൗപചാരികമായ സാഹചര്യങ്ങളിൽപ്പോലും ഇത്തരം വിഷയങ്ങളെക്കുറിച്ചു ചർച്ച ചെയ്യാവുന്നതാണ്‌. (ആവർത്തനപുസ്‌തകം 6:6, 7) ചർച്ച നടക്കുന്നത്‌ ഏതു സാഹചര്യത്തിലായാലും ശരി, “കേൾപ്പാൻ വേഗതയും പറവാൻ താമസവും” ഉള്ളവരായിരിക്കുക.​—⁠യാക്കോബ്‌ 1:19.

നിങ്ങളുടെ മകനോ മകളോ, വിപരീതലിംഗവർഗത്തിൽപ്പെട്ട ആരെയെങ്കിലും ഇഷ്ടമാണ്‌ എന്നു പറയുമ്പോൾ അതിൽ പരിഭ്രാന്തരാകരുത്‌. “എനിക്ക്‌ ഒരു ബോയ്‌ഫ്രണ്ട്‌ ഉണ്ടെന്ന്‌ അറിഞ്ഞപ്പോൾ ഡാഡിക്ക്‌ വല്ലാത്ത വിഷമമായി,” ഒരു കൗമാരക്കാരി പറയുന്നു. “ഞാൻ വിവാഹം കഴിക്കാനുള്ള പ്രായത്തിലും പക്വതയിലും ഒക്കെ എത്തിയിട്ടുണ്ടോ എന്നും മറ്റും ചോദിച്ച്‌ ഡാഡി എന്നെ വിരട്ടാൻ നോക്കി. വീറുംവാശിയുമുള്ള ചെറുപ്പകാലമല്ലേ; മാതാപിതാക്കളിൽനിന്ന്‌ അത്തരമൊരു പ്രതികരണം ഉണ്ടാകുമ്പോൾ എങ്ങനെയും ആ ബന്ധം തുടർന്നുകൊണ്ടുപോകാനും അവർ പറയുന്നത്‌ ശരിയല്ലെന്നു തെളിയിക്കാനും ഒക്കെ തോന്നുക സ്വാഭാവികമാണ്‌!”

ഡേറ്റിങ്ങിനെക്കുറിച്ച്‌ വായ്‌തുറക്കാൻപോലും അനുവാദമില്ലെന്ന ധാരണയാണ്‌ കുട്ടികൾക്കു ലഭിക്കുന്നതെങ്കിൽ അങ്ങേയറ്റം സങ്കടകരമായ പലതും സംഭവിച്ചേക്കാം: അവനോ അവളോ ആരും അറിയാതെ അത്തരമൊരു ബന്ധം വെച്ചുപുലർത്തുകയും രഹസ്യമായി ഡേറ്റിങ്ങിനു പോകുകയും ചെയ്‌തേക്കാം. “മാതാപിതാക്കൾ അമിതമായി പ്രതികരിച്ചാൽ, കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കാനേ കുട്ടികൾ ശ്രമിക്കൂ. അവർ ആ ബന്ധം ഉപേക്ഷിക്കുന്നതിനു പകരം അതു തുടർന്നുകൊണ്ടു പോകും, പക്ഷേ ആരുമറിയാതെ,” ഒരു പെൺകുട്ടി പറയുന്നു.

എന്നാൽ തുറന്ന ചർച്ചകൾ നല്ല ഫലങ്ങൾ കൈവരുത്തും. 20 വയസ്സുള്ള ഒരു യുവതി പറയുന്നു: “ഡേറ്റിങ്ങിനെക്കുറിച്ച്‌ എന്റെ മാതാപിതാക്കൾ എപ്പോഴും തുറന്നു സംസാരിച്ചിട്ടുണ്ട്‌. എനിക്ക്‌ ആരോടാണ്‌ ഇഷ്ടം തോന്നുന്നത്‌ എന്ന്‌ അറിയുന്നത്‌ അവരെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്‌. അതു നല്ലതാണുതാനും! എന്റെ ഡാഡി അയാളുമായി സംസാരിക്കും. എന്തെങ്കിലും പന്തികേടുണ്ടെന്നു തോന്നിയാൽ മാതാപിതാക്കൾ അതേക്കുറിച്ച്‌ എന്നോടു പറയും. സാധാരണഗതിയിൽ, ഡേറ്റിങ്ങിന്റെ ഘട്ടത്തോളം എത്തുന്നതിനു മുമ്പേതന്നെ ഞാൻ ആ ഇഷ്ടം എന്റെ മനസ്സിൽനിന്നു പിഴുതെറിയും.”

[29-ാം പേജിലെ ചിത്രം]

മുതിർന്നവരുടെ മേൽനോട്ടത്തിൽ വിപരീതലിംഗവർഗത്തിൽപ്പെട്ടവരുമായി സഹവസിക്കുന്നത്‌ പരിപുഷ്ടിദായകവും പ്രയോജനകരവും ആയിരിക്കും