വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാനിത്വം ഒരു പരാജയമോ?

ക്രിസ്‌ത്യാനിത്വം ഒരു പരാജയമോ?

ബൈബിളിന്റെ വീക്ഷണം

ക്രിസ്‌ത്യാനിത്വം ഒരു പരാജയമോ?

ലോക ജനസംഖ്യയുടെ മൂന്നിലൊന്നോളം തങ്ങൾ ക്രിസ്‌ത്യാനികളാണെന്ന്‌ അവകാശപ്പെടുന്നു. എന്നുവരികിലും, ലോകം ഇന്നു മുമ്പെന്നത്തെക്കാൾ രാഷ്‌ട്രീയമായി വിഭജിതവും അക്രമാസക്തവും ആയിരിക്കുന്നതായി കാണപ്പെടുന്നു. ക്രിസ്‌തു പഠിപ്പിച്ച ക്രിസ്‌ത്യാനിത്വത്തിന്‌ എന്തോ ന്യൂനതയുണ്ട്‌ എന്നാണോ അതു സൂചിപ്പിക്കുന്നത്‌? അതോ ക്രിസ്‌തുവിന്റെ പഠിപ്പിക്കൽ ആളുകൾ ബാധകമാക്കുന്ന വിധത്തിനാണോ ന്യൂനതയുള്ളത്‌?

ക്രിസ്‌തു യഥാർഥത്തിൽ എന്താണു പഠിപ്പിച്ചതെന്നും തന്റെ അനുഗാമികൾക്കായി അവൻ എന്തു മാതൃകയാണു വെച്ചതെന്നും ഈ ലേഖനം പരിചിന്തിക്കുന്നതായിരിക്കും. കൂടാതെ ക്രിസ്‌ത്യാനികളെന്ന്‌ അവകാശപ്പെടുന്നവരുടെ ഇടയിൽ പൊതുവേ കാണപ്പെടുന്നതും എന്നാൽ സത്യക്രിസ്‌ത്യാനിത്വത്തിനു വിരുദ്ധവുമായ ഒരു വീക്ഷണത്തെക്കുറിച്ചും ഇതു ചർച്ച ചെയ്യും.

വികലമാക്കപ്പെട്ട ക്രിസ്‌ത്യാനിത്വം

ക്രിസ്‌തു മരിച്ച്‌ നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ, വികലമാക്കപ്പെട്ട ഒരു ക്രിസ്‌ത്യാനിത്വം റോമാ സാമ്രാജ്യത്തിന്റെ അംഗീകൃത മതമായി മാറി. ആരെയും ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുന്ന, ക്രിസ്‌ത്യാനികളെന്ന്‌ അവകാശപ്പെടുന്ന ഈ മതാംഗങ്ങൾ താമസിയാതെ റോമിന്റെ സാമൂഹിക-രാഷ്‌ട്രീയ മേഖലകളിലെ പ്രമുഖ സ്ഥാനങ്ങളിൽ എത്തിപ്പെട്ടു. കാത്തിരുന്ന ദൈവരാജ്യം ഇപ്പോൾ ആഗതമായിരിക്കുന്നു എന്നു പഠിപ്പിച്ചുകൊണ്ടായിരുന്നു അഗസ്റ്റിനെപ്പോലുള്ള സഭാ നേതാക്കന്മാർ ഈ മാറ്റത്തോടു പ്രതികരിച്ചത്‌. രാഷ്‌ട്രീയത്തിലും മതത്തിലും തങ്ങൾ നേടിയെടുത്തിരിക്കുന്ന സ്വാധീനം, ദൈവേഷ്ടം ഭൂമിയിൽ ചെയ്യപ്പെടാൻ ഇടയാക്കുന്നതിനുള്ള മാർഗമാണെന്ന്‌ ഈ നേതാക്കന്മാർ പഠിപ്പിച്ചു. ഭൂമിയിലെ കാര്യാദികൾ നിയന്ത്രിക്കുന്നതിന്‌ മാനുഷ ശ്രമം അനിവാര്യമാണെന്ന വീക്ഷണത്തിന്‌ അങ്ങനെ അടിവരയിടപ്പെട്ടു.

തത്‌ഫലമായി, ഓരോ ക്രിസ്‌ത്യാനിക്കും സമൂഹത്തിന്റെ രാഷ്‌ട്രീയ ചട്ടക്കൂട്ടിൽ ചില ധർമങ്ങൾ നിർവഹിക്കാനുണ്ടെന്നു പലരും വിശ്വസിക്കാൻ ഇടയായിത്തീർന്നിരിക്കുന്നു. അതിനായി ഒരു ക്രിസ്‌ത്യാനി ചിലപ്പോഴൊക്കെ തന്റെ ചില വിശ്വാസങ്ങൾ, താൻ ജീവിക്കുന്ന സമൂഹത്തിന്റെ താത്‌പര്യങ്ങൾക്ക്‌ അടിയറ വെക്കണമെന്ന്‌ മിക്കവരും കരുതുന്നു. അതുകൊണ്ടുതന്നെ സ്‌നേഹത്തെയും സമാധാനത്തെയും കുറിച്ചുള്ള യേശുവിന്റെ വാക്കുകൾ അംഗീകരിക്കവേ അവർ ഘോരയുദ്ധങ്ങളെ പിന്തുണയ്‌ക്കുന്നു. ദൈവരാജ്യത്തിനായി പ്രാർഥിക്കാൻ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുമ്പോൾത്തന്നെ സഭകൾ, ക്രൂരരായ ഭരണാധികാരികൾക്കു പിന്തുണ നൽകുന്നതിന്റെ കാരണവും മറ്റൊന്നല്ല.

എന്നാൽ യേശു സ്ഥാപിച്ചത്‌ ഈ വ്യാജക്രിസ്‌ത്യാനിത്വമായിരുന്നില്ല. ക്രിസ്‌ത്യാനികളെന്ന്‌ അവകാശപ്പെടുന്ന അനേകരും പിൻപറ്റുന്ന ഈ ക്രിസ്‌ത്യാനിത്വം ഒരു അനുകരണം മാത്രമാണ്‌. ക്രിസ്‌ത്യാനിത്വത്തിന്റെ ഈ വകഭേദം ഒരു പരാജയമാണെന്നതിനു യാതൊരു സംശയവുമില്ല. മുഴു ക്രൈസ്‌തവ മതങ്ങളും ബൈബിൾ തത്ത്വങ്ങളോടു കാണിക്കുന്ന വ്യാപകമായ അനാദരവ്‌ ഇതിനു തെളിവാണ്‌.

യേശു യഥാർഥത്തിൽ എന്താണു പഠിപ്പിച്ചത്‌?

താൻ ലോകത്തിന്റെ ഭാഗമല്ലായിരുന്നതുപോലെ തന്റെ അനുഗാമികളും ലോകത്തിന്റെ ഭാഗമായിരിക്കരുത്‌ എന്ന്‌ യേശു പറഞ്ഞുവെന്നറിയുന്നത്‌ ചിലരെ അത്ഭുതപ്പെടുത്തിയേക്കാം. (യോഹന്നാൻ 17:15, 16) അത്തരമൊരു നിലപാടു സ്വീകരിക്കാൻ യേശു തന്റെ അനുഗാമികളെ പ്രോത്സാഹിപ്പിച്ചത്‌ എന്തുകൊണ്ടായിരുന്നു? യേശുവിന്റെ പ്രിയ ശിഷ്യനായിരുന്ന അപ്പൊസ്‌തലനായ യോഹന്നാൻ അതിന്‌ ഉത്തരം നൽകുന്നു. അവൻ എഴുതി: “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.”—1 യോഹന്നാൻ 5:19.

അതുകൊണ്ട്‌ നീതിയും ന്യായവും കളിയാടുന്ന ഒരു ലോകം സൃഷ്ടിക്കുന്നതിനുള്ള ഉപാധിയെന്ന നിലയിൽ ക്രിസ്‌തുവിന്റെ പഠിപ്പിക്കലുകൾ വിരൽചൂണ്ടുന്നത്‌ ഏതെങ്കിലുമൊരു മാനുഷ സംഘടനയിലേക്കല്ല, പിന്നെയോ ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിലേക്കാണ്‌. (മത്തായി 6:10) യേശുതന്നെ, തന്റെ കാലത്തെ സാമൂഹിക ചട്ടക്കൂട്ടിൽ കൈകടത്തുന്നതിന്‌ തെല്ലും ആഗ്രഹം പ്രകടിപ്പിച്ചില്ല. തനിക്കു വെച്ചുനീട്ടിയ രാഷ്‌ട്രീയ പദവി അവൻ തത്‌ക്ഷണം തള്ളിക്കളയുകയാണു ചെയ്‌തത്‌. (യോഹന്നാൻ 6:15) കൂടാതെ തർക്കങ്ങൾ പരിഹരിക്കാനുള്ള ഒരു മാർഗമായി അവൻ ഒരിക്കലും അക്രമത്തെ അംഗീകരിച്ചില്ല. (മത്തായി 26:50-53; യോഹന്നാൻ 18:36) ഒരു രാഷ്‌ട്രീയഭരണഘടനയോ മനുഷ്യാവകാശ നിയമ സംഹിതയോ യേശു നമുക്കായി നൽകിയില്ല. തന്റെ നാളിൽ നിലവിലിരുന്ന നീറുന്ന പ്രശ്‌നങ്ങൾക്ക്‌ അറുതിവരുത്താൻ അവൻ രാഷ്‌ട്രീയ നടപടികൾ കൈക്കൊണ്ടതുമില്ല. ഉദാഹരണത്തിന്‌ അവൻ, അടിമകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ഒരു പൊതുജന പ്രവർത്തകനായി മാറുകയോ റോമൻ ഭരണകൂടത്തിനെതിരെയുള്ള യഹൂദ ജനതയുടെ പോരാട്ടത്തിൽ ഉൾപ്പെടുകയോ ചെയ്‌തില്ല.

ആളുകളെയും അവരുടെ പ്രശ്‌നങ്ങളെയും കുറിച്ച്‌ യേശുവിന്‌ യാതൊരു ചിന്തയുമില്ലായിരുന്നു എന്നാണോ ഇതിന്റെയർഥം? ഒരിക്കലുമല്ല. ഒരുവനു സഹമനുഷ്യനോടുള്ള കടപ്പാടുകൾ സംബന്ധിച്ച്‌ യേശു വളരെയധികം കാര്യങ്ങൾ പഠിപ്പിച്ചു. സത്യസന്ധമായി നികുതി അടയ്‌ക്കാൻ അവൻ ആളുകളെ പ്രോത്സാഹിപ്പിച്ചു; അധികാരികൾക്കു കീഴടങ്ങിയിരിക്കേണ്ടതിന്റെ പ്രാധാന്യവും അവൻ ഊന്നിപ്പറഞ്ഞു. (മത്തായി 22:17-21) ദരിദ്രരും ദുരിതം അനുഭവിക്കുന്നവരുമായവരെ സഹായിക്കുന്നതിനുള്ള മാർഗങ്ങൾ അവൻ കാണിച്ചുകൊടുത്തു. മറ്റുള്ളവരുടെ അന്തസ്സു മാനിക്കുകയും സമാനുഭാവം, ക്ഷമ, കരുണ എന്നീ ഗുണങ്ങൾ പ്രകടമാക്കുകയും ചെയ്യേണ്ടത്‌ എങ്ങനെയെന്നും അവൻ പഠിപ്പിച്ചു. (മത്തായി, അധ്യായങ്ങൾ 5-7) ദൈവത്തെയും അയൽക്കാരനെയും സ്‌നേഹിക്കുന്നതിനെ കേന്ദ്രീകരിച്ചായിരുന്നു ക്രിസ്‌തുവിന്റെ പഠിപ്പിക്കൽ എന്നത്‌ പരക്കെ അംഗീകരിപ്പെട്ടിരിക്കുന്ന ഒരു വസ്‌തുതയാണ്‌.​—⁠മർക്കൊസ്‌ 12:30, 31.

യഥാർഥ ക്രിസ്‌ത്യാനിത്വം ഇന്ന്‌

അങ്ങനെയെങ്കിൽ, ക്രിസ്‌തുവിന്റെ ഒരു യഥാർഥ അനുഗാമി എങ്ങനെയാണു ജീവിക്കേണ്ടത്‌? ക്രിസ്‌തു ജീവിച്ചതുപോലെ. അയാൾ രാജ്യത്തെ നിയമങ്ങൾ അനുസരിക്കുമ്പോൾത്തന്നെ രാഷ്‌ട്രീയ കാര്യങ്ങളിൽ തികഞ്ഞ നിഷ്‌പക്ഷത പാലിക്കും. (യോഹന്നാൻ 12:47, 48) കടുത്ത സമ്മർദത്തിൻകീഴിൽപ്പോലും അയാൾ ക്രിസ്‌തീയ തത്ത്വങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യില്ല. (1 പത്രൊസ്‌ 2:21-23) അതേസമയം, നിസ്സംഗതയോടെ നോക്കിനിൽക്കുന്ന വെറും ഒരു നിരീക്ഷകൻ ആയിരിക്കാനും അയാൾക്കാവില്ല. ഒരു സത്യ ക്രിസ്‌ത്യാനി യേശുവിനെപ്പോലെതന്നെ, തനിക്കു ചുറ്റുമുള്ളവരുടെ ക്ഷേമത്തിൽ യഥാർഥ താത്‌പര്യമുള്ളവനായിരിക്കും. (മർക്കൊസ്‌ 6:34) മാത്രമല്ല, കൂടുതൽ സന്തോഷകരമായ ജീവിതം നയിക്കുന്നതിനായി ക്രിസ്‌തുവിന്റെ ഉപദേശങ്ങൾ പഠിക്കാനും അതനുസരിച്ചു ജീവിക്കാനും മറ്റുള്ളവരെ സഹായിക്കുന്നതിന്‌ ആ വ്യക്തി സ്വയം ഉഴിഞ്ഞുവെക്കുകയും ചെയ്യും.​—⁠യോഹന്നാൻ 13:17.

ഇതിൻപ്രകാരം, ഇന്ന്‌ യഹോവയുടെ സാക്ഷികൾ തങ്ങൾക്കു ചുറ്റുമുള്ള ലോകത്തോടുള്ള ബന്ധത്തിൽ ക്രിസ്‌തുവിനെ അനുകരിക്കാൻ യത്‌നിക്കുന്നു. അവർ നിയമങ്ങൾ അനുസരിച്ചുകൊണ്ട്‌ സമാധാനത്തോടെ ജീവിക്കുന്നു, അതേസമയം അവർ ലോകത്തിന്റെ ഭാഗമല്ലതാനും. ഇന്നു സർവസാധാരണമായിരിക്കുന്ന അക്രമങ്ങളിലും രാഷ്‌ട്രീയ വിവാദങ്ങളിലും ഉൾപ്പെടാതെ ക്രിസ്‌തുവിന്റേതുപോലുള്ള ഒരു നിലപാടാണ്‌ അവർ സ്വീകരിക്കുന്നത്‌. ഇന്നത്തെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരത്തിനായി അവർ ദൈവരാജ്യത്തിൽ പ്രത്യാശയർപ്പിക്കുന്നു. സത്യക്രിസ്‌ത്യാനിത്വം അതിലെ അംഗങ്ങൾക്ക്‌ അത്യന്തം സന്തോഷകരമായ ജീവിതത്തിനും അന്യോന്യമുള്ള സമാധാനപൂർണമായ ബന്ധത്തിനും സംഭാവന ചെയ്യുന്നു. (യോഹന്നാൻ 13:34, 35) തീർച്ചയായും അതൊരു പരാജയമല്ല.

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

▪ ക്രിസ്‌ത്യാനികൾ രാഷ്‌ട്രീയത്തിൽ ഉൾപ്പെടണമോ?​—⁠യോഹന്നാൻ 6:15.

▪ തർക്കങ്ങൾ പരിഹരിക്കാനുള്ള ഒരു മാർഗമായി യേശു അക്രമം ശുപാർശ ചെയ്‌തോ?​—⁠മത്തായി 26:​50-53.

▪ സത്യക്രിസ്‌ത്യാനികളുടെ മുഖമുദ്ര എന്താണ്‌?​—⁠യോഹന്നാൻ 13:​34, 35.

[18-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

EL COMERCIO, Quito, Ecuador