വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജ്ഞാനം തേടി ഒരു രാജാവ്‌

ജ്ഞാനം തേടി ഒരു രാജാവ്‌

ജ്ഞാനം തേടി ഒരു രാജാവ്‌

സ്‌പെയിനിലെ ഉണരുക! ലേഖകൻ

പതിമൂന്നാം നൂറ്റാണ്ട്‌. കടുത്ത അസഹിഷ്‌ണുതയുടെയും കൊടുംക്രൂരതയുടെയും ഒരു കാലം. കുപ്രസിദ്ധമായ മതവിചാരണയും ഉഗ്രമായ കുരിശുയുദ്ധങ്ങളും യൂറോപ്പിൽ നടമാടിയിരുന്നു. എന്നാൽ, രക്തപങ്കിലമായ ഈ യുഗത്തിലും ലോകത്തിന്‌ കുറെയൊക്കെ സുബോധം പകരാൻ ഒരു സ്‌പാനീഷ്‌ രാജാവ്‌ ശ്രമിച്ചു. അൽഫോൺസോ പത്താമൻ ആയിരുന്നു അത്‌. ജ്ഞാനിയായ അൽഫോൺസോ എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു.

സാംസ്‌കാരികമായ ഒരു പുനരുദ്ധാരണത്തെ ത്വരിതപ്പെടുത്തിയതിനു വിഖ്യാതനായിരുന്നു പ്രസ്‌തുത രാജാവ്‌. 13-ാം നൂറ്റാണ്ടിലെ നവോത്ഥാനം എന്നും അത്‌ അറിയപ്പെടാറുണ്ട്‌. വിദൂരദേശങ്ങളിൽനിന്നുള്ള പുത്തൻ വിജ്ഞാനം അദ്ദേഹം സ്‌പെയിൻകാർക്കു പകർന്നുകൊടുത്തു. കല, ചരിത്രം, നിയമം, ശാസ്‌ത്രം എന്നീ മേഖലകളിൽ അദ്ദേഹം വിശേഷാൽ തത്‌പരനായിരുന്നു. സ്‌പെയിനിലെ മാത്രമല്ല യൂറോപ്പിന്റെ ഇതര ഭാഗങ്ങളിലെയും സാംസ്‌കാരിക ഉന്നമനത്തിൽ ഇത്‌ ശക്തമായ പ്രഭാവം ചെലുത്തുകയുണ്ടായി. എന്നാൽ, അതിലെല്ലാം പ്രധാനമായിരുന്നു ദൈവവചനമായ വിശുദ്ധ ബൈബിളിന്റെ പരിഭാഷയ്‌ക്കും വിതരണത്തിനുമായി അദ്ദേഹം ചെയ്‌ത ശ്രമങ്ങൾ.

വിദ്യാസമ്പന്നരായ യഹൂദർക്കും മുസ്ലീങ്ങൾക്കും ‘ക്രിസ്‌ത്യാനികൾക്കും’ സഹകരിച്ചു പ്രവർത്തിക്കാൻ കഴിയുന്ന ഒരു അക്കാദമി സ്ഥാപിക്കുന്നതിൽ അൽഫോൺസോ നിർണായക പങ്കുവഹിച്ചു. അവരുടെ ജോലി സുഗമമാക്കുന്നതിനായി രാജാവ്‌ ലോകത്തിലെ പ്രഥമ ദേശീയ ലൈബ്രറികളിൽ ഒന്ന്‌ സ്ഥാപിക്കുകയും അതിനാവശ്യമായ സാമ്പത്തിക സഹായം നൽകുകയും ചെയ്‌തു.

നിയമ-ശാസ്‌ത്ര-ചരിത്ര വിഷയങ്ങളോടു ബന്ധപ്പെട്ട നാനാവിധ ഗ്രന്ഥങ്ങളുടെ രചനയിലും ക്രോഡീകരണത്തിലും അൽഫോൺസോ തന്റെ സജീവ സാന്നിധ്യം അറിയിച്ചു. സാഹിത്യത്തിന്റെയും കവിതയുടെയും വളർച്ചയ്‌ക്കായി അദ്ദേഹം മുൻകൈയെടുത്തു പ്രവർത്തിച്ചു. അദ്ദേഹംതന്നെ ഈ രംഗങ്ങളിൽ വലിയൊരു പ്രതിഭാശാലിയായിരുന്നു, പ്രസിദ്ധമായ കാന്റിഗാസ്‌ അതിനു തെളിവാണ്‌. * ഗല്ല്യേഗോ ഭാഷയിലായിരുന്നു ഇതിന്റെ രചന. അക്കാലത്ത്‌ കാവ്യരചനകൾക്കായി ഈ ഭാഷയായിരുന്നു ഉപയോഗിച്ചിരുന്നത്‌.

വിവർത്തകരുടെ ഒരു സ്‌കൂൾ

റ്റെലീഡോയിൽ അൽഫോൺസോ വിവർത്തകർക്കായുള്ള ഒരു സ്‌കൂളിനു വേണ്ട സഹായങ്ങൾ ചെയ്‌തുകൊടുത്തു. “വിവർത്തകർ, വിവർത്തനത്തിനുള്ള കൃതികൾ എന്നിവയെല്ലാം നിശ്ചയിച്ചിരുന്നത്‌ രാജാവായിരുന്നു,” റ്റെലീഡോയിലെ വിവർത്തകർക്കായുള്ള സ്‌കൂൾ (സ്‌പാനീഷ്‌) എന്ന ഗ്രന്ഥം പറയുന്നു. “അദ്ദേഹം വിവർത്തനങ്ങൾ പുതുക്കുകയും ബൗദ്ധികമായ വാദപ്രതിവാദങ്ങളെ പ്രോത്സാഹിപ്പിക്കുകയും പുതിയ പ്രബന്ധങ്ങളുടെ രചനയ്‌ക്ക്‌ ആവശ്യമായ സാമ്പത്തിക പിന്തുണ നൽകുകയും ചെയ്‌തു.”

നിരവധി അറബി ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്‌തുകൊണ്ടായിരുന്നു റ്റെലീഡോ പണ്ഡിതന്മാരുടെ തുടക്കം. ഗ്രീക്ക്‌, ഇൻഡ്യൻ, പേർഷ്യൻ, സിറിയൻ സംസ്‌കാരങ്ങളിലെ സുപ്രധാന കൃതികളെല്ലാം മുസ്ലീം പണ്ഡിതന്മാർ അറബിയിലേക്ക്‌ അതിനോടകം തർജമ ചെയ്‌തിരുന്നു. തത്‌ഫലമായി കൈവരിച്ചിരുന്ന അറിവിന്റെ കലവറ ഗണിതശാസ്‌ത്രം, ജ്യോതിശാസ്‌ത്രം, ചരിത്രം, ഭൂമിശാസ്‌ത്രം എന്നീ മേഖലകളിൽ തുടർച്ചയായ പുരോഗതി കൈവരിക്കാൻ ആ മുസ്ലീം പണ്ഡിതന്മാരെ സഹായിച്ചു. തുടർന്ന്‌, അറിവിന്റെ ആ ശേഖരം ഉപയോഗപ്പെടുത്താൻ റ്റെലീഡോയിലെ സ്‌കൂൾ ശ്രമിച്ചു. എങ്ങനെ? പ്രധാനപ്പെട്ട അറബി കൃതികൾ ലത്തീനിലേക്കും സ്‌പാനീഷിലേക്കും വിവർത്തനം ചെയ്‌തുകൊണ്ട്‌.

റ്റെലീഡോ സ്‌കൂളിലെ പണ്ഡിതന്മാരുടെ നേട്ടങ്ങളെക്കുറിച്ചുള്ള വാർത്ത മറ്റു രാജ്യങ്ങളിലേക്കും പരന്നു. വടക്കൻ യൂറോപ്പിലെ യൂണിവേഴ്‌സിറ്റികളിൽനിന്ന്‌ അഭ്യസ്‌തവിദ്യരായ ആളുകൾ കൂട്ടംകൂട്ടമായി റ്റെലീഡോയിലേക്കു ചേക്കേറി. ഇതെല്ലാം യൂറോപ്പിന്റെ ശാസ്‌ത്രീയവും സാഹിത്യപരവുമായ വളർച്ചയ്‌ക്കു ഗണ്യമായി സംഭാവന ചെയ്‌തു. വാസ്‌തവത്തിൽ, ബൃഹത്തായ ഈ വിവർത്തന സംരംഭം നവോത്ഥാനത്തിന്മേൽ സ്വാധീനം ചെലുത്തി.

റ്റെലീഡോയിലെ വിവർത്തകരുടെ പ്രയത്‌നഫലമായി ഡോക്ടർമാർക്ക്‌ ഗാല്‌ൻ, ഹിപ്പോക്രാറ്റസ്‌, അവിസിന എന്നിവരുടെ വൈദ്യശാസ്‌ത്ര കൃതികൾ വായിക്കുന്നതിനുള്ള അവസരം ലഭിച്ചു. അവിസിനയുടെ കാനൻ ഓഫ്‌ മെഡിസിൻ, 17-ാം നൂറ്റാണ്ടുവരെ പാശ്ചാത്യ സർവകലാശാലകളിൽ അടിസ്ഥാന വൈദ്യശാസ്‌ത്ര പാഠപുസ്‌തകമായിരുന്നു. ജ്യോതിശാസ്‌ത്രജ്ഞർക്ക്‌ ടോളമിയുടെ കൃതികൾ വായിക്കാനും അറബികളുടെ ത്രികോണമിതിയിൽനിന്നും അൽ-ഖ്വാറിസ്‌മിയുടെ ജ്യോതിശാസ്‌ത്ര പട്ടികയിൽനിന്നും പ്രയോജനം നേടാനും കഴിഞ്ഞു. *

പ്രസ്‌തുത വിവർത്തനങ്ങൾ പൊതുജനങ്ങൾ മനസ്സിലാക്കണമെന്ന്‌ അൽഫോൺസോ ആഗ്രഹിച്ചു. ശാസ്‌ത്ര-സാഹിത്യ ആശയങ്ങളുടെ കൈമാറ്റത്തിൽ സ്‌പാനീഷ്‌ ഒരു മാധ്യമമായി വർത്തിക്കാൻ ഇത്‌ ഇടയാക്കി. അൽഫോൺസോ തുടങ്ങിവെച്ച ആ ദൗത്യം, ലത്തീൻ സാംസ്‌കാരിക ഭാഷയാണെന്നുള്ള പൊതുധാരണ തിരുത്തിക്കുറിക്കാൻ സഹായിച്ചു.

അൽഫോൺസീൻ ബൈബിൾ

റ്റെലീഡോ പണ്ഡിതന്മാർ വിവർത്തന മേഖലയിൽ നേടിയ വിപുലമായ പ്രവൃത്തി പരിചയം, ബൈബിളിന്റെ ഭാഗങ്ങൾ സ്‌പാനീഷിലേക്കു വിവർത്തനം ചെയ്യാൻ അൽഫോൺസോ ഉത്തരവിട്ടപ്പോൾ അവർക്കു വളരെ സഹായകമായിരുന്നിരിക്കണം. സ്‌പാനീഷ്‌ ചരിത്രകാരനായിരുന്ന ഹ്വാൻ ഡി മാര്യാനായുടെ അഭിപ്രായത്തിൽ, സ്‌പാനീഷ്‌ പരിഷ്‌കരിക്കപ്പെടുകയും അതിന്റെ പദസമ്പത്തു വർധിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയോടെയാണ്‌ രാജാവ്‌ ബൈബിൾ വിവർത്തനത്തിനു പദ്ധതിയിട്ടത്‌. ബൈബിളിന്റെ അത്തരം ആദ്യകാല വിവർത്തനങ്ങൾ സ്‌പാനീഷിന്റെ വളർച്ചയ്‌ക്കു സംഭാവന ചെയ്‌തു എന്നതിനു സംശയമില്ല.

മനുഷ്യവർഗത്തിന്റെ പ്രബോധനത്തിന്‌ ബൈബിളിനുള്ള അമൂല്യമായ സ്ഥാനം രാജാവ്‌ തിരിച്ചറിഞ്ഞു. ക്രോനികാ ഡി എസ്‌പാന്യായുടെ ആമുഖത്തിൽ അദ്ദേഹം ഇപ്രകാരം എഴുതി: “ലോക സൃഷ്ടി, ഗോത്രപിതാക്കന്മാരുടെ ആഗമനം, . . . കർത്താവായ യേശുക്രിസ്‌തുവിന്റെ വാഗ്‌ദത്ത വരവ്‌, അവന്റെ കഷ്ടാനുഭവങ്ങൾ, ഉയിർപ്പ്‌, സ്വർഗാരോഹണം എന്നിവയോടു ബന്ധപ്പെട്ടുള്ള പ്രബോധനങ്ങളിലൂടെയാണ്‌ വിശുദ്ധ തിരുവെഴുത്തുകൾ വെച്ചുനീട്ടുന്ന പ്രയോജനങ്ങൾ നമുക്കു ലഭ്യമാകുന്നത്‌.”

ഹെനറൽ എസ്റ്റോറിയാ എന്ന്‌ അദ്ദേഹം വിളിച്ച ഒരു സാഹിത്യ സംരംഭത്തിന്റെ മേൽനോട്ടവും അൽഫോൺസോ വഹിക്കുകയുണ്ടായി. ഉത്‌കൃഷ്ടവും ശ്രമകരവുമായ ഒന്നായിരുന്നു അത്‌. എബ്രായ തിരുവെഴുത്തുകളുടെ ചില ഭാഗങ്ങൾ സ്‌പാനീഷിലേക്കു വിവർത്തനം ചെയ്യുന്നതും അതിൽ ഉൾപ്പെട്ടിരുന്നു. (ഗ്രീക്ക്‌ തിരുവെഴുത്തുകളുടെ ചില ഭാഗങ്ങളുടെ പരിഭാഷയും പിന്നീട്‌ അതിൽ ഉൾപ്പെടുത്തി.) പല വാല്യങ്ങളോടു കൂടിയ അതിമഹത്തായ ഈ കൃതി ബിബ്ലിയാ അൽഫോൺസീനാ എന്നറിയപ്പെടാനിടയായി; മധ്യയുഗത്തിലെ സമാനസ്വഭാവമുള്ള സംരംഭങ്ങളിൽ ഏറ്റവും ബൃഹത്തായ ഒന്നായിരുന്നു ഇത്‌. ഇതിന്റെ പല പകർപ്പുകൾ ഉണ്ടാക്കുകയും ഭാഗികമായി പോർച്ചുഗീസിലേക്കും കാറ്റലനിലേക്കും വിവർത്തനം ചെയ്യുകയും ചെയ്‌തു.

അനശ്വര നേട്ടങ്ങൾ

ആത്മീയാന്ധകാരത്തിലായിരുന്ന മധ്യകാലഘട്ടത്തിൽ തിരുവെഴുത്ത്‌ പരിജ്ഞാനം ജീവസ്സുറ്റതാക്കി നിലനിറുത്താൻ അൽഫോൺസോയുടെ കാലത്തുള്ള കയ്യെഴുത്തു പ്രതികൾ സഹായിച്ചു. ഇത്തരം വിവർത്തനങ്ങൾ പ്രാദേശിക ഭാഷകളിൽ ബൈബിൾ ലഭ്യമാക്കാനുള്ള ആഗ്രഹത്തിനു തിരികൊളുത്തി. തുടർന്നുവന്ന രണ്ടു നൂറ്റാണ്ടുകളിൽ സ്‌പാനീഷിൽ മറ്റു ബൈബിൾ വിവർത്തനങ്ങളും പുറത്തിറങ്ങുകയുണ്ടായി.

അച്ചടിയന്ത്രങ്ങളുടെ കണ്ടുപിടുത്തവും 16-ാം നൂറ്റാണ്ടിൽ സ്‌പെയിനിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ഉണ്ടായിരുന്ന ബൈബിൾ വിവർത്തകരുടെ അക്ഷീണ പരിശ്രമവും അൽഫോൺസോയും അദ്ദേഹത്തിന്റെ സമകാലികരും തുടങ്ങിവെച്ച പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകാൻ സഹായിച്ചു. അങ്ങനെ, യൂറോപ്പിലെങ്ങുമുള്ളവർക്ക്‌ തങ്ങളുടെ മാതൃഭാഷയിൽ ബൈബിളിന്റെ ഒരു പ്രതി ഉണ്ടായിരിക്കുക സാധ്യമായിത്തീർന്നു. അൽഫോൺസോയുടെ ഭരണകാലത്ത്‌ യുദ്ധങ്ങളും വിപ്ലവങ്ങളും ഉണ്ടായിരുന്നെങ്കിലും പരിജ്ഞാനം നേടാനും അതു മറ്റുള്ളവർക്കു പകർന്നുകൊടുക്കാനും അദ്ദേഹം ചെയ്‌ത ശ്രമങ്ങൾ ദിവ്യജ്ഞാനം ഏതൊരാൾക്കും ലഭ്യമാകുന്നതിന്‌ ഇടയാക്കി.

[അടിക്കുറിപ്പുകൾ]

^ ഖ. 6 സഞ്ചാരഗായകർ ആലപിച്ചിരുന്ന മധ്യകാല ഗാനരചനകളാണ്‌ കാന്റിഗാസ്‌.

^ ഖ. 11 ഒമ്പതാം നൂറ്റാണ്ടിലെ യശസ്വിയായ ഒരു പേർഷ്യൻ ഗണിതശാസ്‌ത്രജ്ഞനായിരുന്നു അൽ-ഖ്വാറിസ്‌മി. അദ്ദേഹമാണ്‌ പൂജ്യം ഉൾപ്പെടെയുള്ള ഹിന്ദു-അറബിക്‌ അക്കങ്ങളുടെ ഉപയോഗവും അങ്കഗണിതത്തിന്റെ അടിസ്ഥാനതത്ത്വങ്ങളും അടങ്ങുന്ന ഭാരതീയ ഗണിതശാസ്‌ത്ര സങ്കൽപ്പങ്ങൾക്കു ജന്മം നൽകിയതും ബീജഗണിതം വികസിപ്പിച്ചെടുത്തതും. “അൽഗോരിതം” എന്ന പദം അദ്ദേഹത്തിന്റെ പേരിൽനിന്നാണു വന്നിരിക്കുന്നത്‌.

[14-ാം പേജിലെ ചതുരം/ചിത്രം]

ആദ്യകാല സ്‌പാനീഷ്‌ ബൈബിൾഭാഷാന്തരങ്ങൾ

തിരുവെഴുത്തു ഭാഗങ്ങൾ സ്‌പാനീഷിലേക്കു വിവർത്തനം ചെയ്യുന്നതിനുള്ള ആദ്യ സംരംഭം ആയിരുന്നില്ല അൽഫോൺസോ പത്താമന്റേത്‌. ഏതാനും വർഷംമുമ്പ്‌, റ്റെലീഡോയിലെ സ്‌കൂളിൽ പ്രവർത്തിച്ചിരുന്ന വിവർത്തകരിൽ ഒരാളായ എർമാനുസ്‌ ആലെമാനുസ്‌ സങ്കീർത്തനപുസ്‌തകം നേരിട്ട്‌ എബ്രായയിൽനിന്ന്‌ സ്‌പാനീഷിലേക്കു വിവർത്തനം ചെയ്‌തിരുന്നു. 13-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ, ബിബ്ലിയാ മെഡിയെവൽ റോമാൻസെയാഡാ പ്രെയാൽഫോൺസീനാ (പൂർവ-അൽഫോൺസീൻ മധ്യകാല റൊമാൻസ്‌ ബൈബിൾ) വിവർത്തനം ചെയ്യപ്പെട്ടു. (ഇടതുവശത്തെ ചിത്രം കാണുക.) സ്‌പാനീഷിലുള്ള ഏറ്റവും പഴക്കമേറിയ സമ്പൂർണ ബൈബിൾ ഇതാണെന്നു കരുതപ്പെടുന്നു. ഏതാനും വർഷങ്ങൾക്കുശേഷം അൽഫോൺസോയുടെ പിന്തുണയോടെ നടന്ന ബൈബിൾ വിവർത്തനത്തെ ഇതു തീർച്ചയായും സ്വാധീനിച്ചിരിക്കണം.

റൊമാൻസ്‌ ബൈബിളിനെക്കുറിച്ച്‌ പണ്ഡിതനായ തോമസ്‌ മോൺട്‌ഗോമറി ഇപ്രകാരം പറയുന്നു: “ഈ ബൈബിളിന്റെ കൃത്യതയും ആകർഷകമായ ഭാഷയും കണക്കിലെടുക്കുമ്പോൾ വിവർത്തകന്റെ ഉദ്യമം ശ്ലാഘനീയം തന്നെ. ലത്തീൻ ശൈലികളുടെയോ പദപ്രയോഗങ്ങളുടെയോ ധാരാളിത്തം ഇല്ലാത്തതും അതേസമയം ആശയപരമായി വൾഗേറ്റിനോട്‌ അടുത്തു പറ്റിനിൽക്കുന്നതുമായ ഒരു പതിപ്പാണിത്‌. അതിന്റെ ഭാഷ ലളിതവും വ്യക്തവുമാണ്‌; ലത്തീൻ അത്ര വശമില്ലാത്ത ആളുകൾക്കായുള്ള ബൈബിളെന്ന നിലയ്‌ക്ക്‌ അതുതന്നെയാണു വേണ്ടിയിരുന്നതും.”

[കടപ്പാട്‌]

ബൈബിൾ: Patrimonio Nacional. Real Biblioteca de El Escorial

[12, 13 പേജുകളിലെ ചിത്രം]

അൽഫോൺസോ പത്താമന്റെ പ്രതിമ, സ്‌പാനീഷ്‌ നാഷണൽ ലൈബ്രറി, മാഡ്രിഡ്‌

[13-ാം പേജിലെ ചിത്രങ്ങൾ]

രാജാവ്‌ റ്റെലീഡോയിലെ വിവർത്തകർക്കൊപ്പം (മുകളിൽ); അദ്ദേഹത്തിന്റെ എഴുത്തുകാർ (താഴെ); “ബിബ്ലിയാ അൽഫോൺസീനാ”യിൽ ലൂക്കൊസിന്റെ സുവിശേഷം (ഏറ്റവും താഴെ)

[13-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

അൽഫോൺസോ പത്താമന്റെ പ്രതിമ ഒഴികെയുള്ള എല്ലാ ചിത്രങ്ങളും: Oronoz