വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നല്ല ആരോഗ്യം ഏവരുടെയും ആഗ്രഹം!

നല്ല ആരോഗ്യം ഏവരുടെയും ആഗ്രഹം!

നല്ല ആരോഗ്യം ഏവരുടെയും ആഗ്രഹം!

രോഗങ്ങൾ ഇല്ലാത്ത ഒരു കാലം വരുമെന്ന്‌ 2,700-ലധികം വർഷംമുമ്പ്‌ ഒരു പ്രവാചകൻ പറയുകയുണ്ടായി. ഇന്നോളം കാത്തുസൂക്ഷിക്കപ്പെട്ടിരിക്കുന്ന ആ പ്രവചനം യെശയ്യാവിന്റെ പുസ്‌തകത്തിൽ നമുക്കു കാണാം. “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല,” അവൻ എഴുതി. തുടർന്ന്‌ ഇങ്ങനെ കൂട്ടിച്ചേർത്തു: “അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും.” (യെശയ്യാവു 33:24; 35:5, 6) മറ്റു ബൈബിൾ പ്രവചനങ്ങളും അത്തരമൊരു ഭാവിയെക്കുറിച്ചു പറയുന്നുണ്ട്‌. അതിനൊരു ഉദാഹരണമാണ്‌ ബൈബിളിലെ അവസാന പുസ്‌തകമായ വെളിപ്പാടിൽ രേഖപ്പെടുത്തിയിരിക്കുന്നത്‌. ദൈവം സകലവിധ വേദനകളും തുടച്ചുനീക്കുന്ന ഒരു സമയത്തെക്കുറിച്ച്‌ അവിടെ വിവരിക്കുന്നു.​—⁠വെളിപ്പാടു 21:⁠4, 5.

ഈ വാഗ്‌ദാനങ്ങൾ യാഥാർഥ്യമായിത്തീരുമോ? സകല മനുഷ്യരും നല്ല ആരോഗ്യത്തോടെ ജീവിക്കുന്ന, യാതൊരുവിധ രോഗങ്ങളും ഇല്ലാത്ത ഒരു കാലം എന്നെങ്കിലും ഉണ്ടാകുമോ? മനുഷ്യവർഗത്തിൽ നല്ലൊരു ശതമാനം മുൻ തലമുറകളെ അപേക്ഷിച്ച്‌ മെച്ചപ്പെട്ട ആരോഗ്യം ആസ്വദിക്കുന്നുണ്ട്‌ എന്നതു ശരിതന്നെ. എങ്കിലും മെച്ചപ്പെട്ട ആരോഗ്യം ഉണ്ടെന്നു കരുതി, അവർ ഏറ്റവും നല്ല ആരോഗ്യസ്ഥിതിയിലാണെന്ന്‌ അർഥമില്ല. രോഗങ്ങളുടെ ക്രൂരവിളയാട്ടം ഇന്നും തുടരുന്നു. രോഗിയായിത്തീർന്നേക്കുമോ എന്ന ഭയംതന്നെ വലിയ ഉത്‌കണ്‌ഠയ്‌ക്കു കാരണമാണ്‌. ഈ ആധുനിക യുഗത്തിൽപ്പോലും ശാരീരികവും മാനസികവും ആയ രോഗങ്ങളുടെ കരാളഹസ്‌തത്തിൽനിന്ന്‌ ആർക്കും പൂർണമായി രക്ഷപ്പെടാനാവില്ല എന്നതാണ്‌ കയ്‌പേറിയ യാഥാർഥ്യം.

നിങ്ങൾ ഒടുക്കേണ്ടിവരുന്ന വില

രോഗങ്ങൾ വരുത്തിവെക്കുന്ന പ്രശ്‌നങ്ങൾ വ്യത്യസ്‌ത തരത്തിലുള്ളവയാണ്‌. ഭീമമായ സാമ്പത്തിക നഷ്ടങ്ങളാണ്‌ അവയിലൊന്ന്‌. ഉദാഹരണത്തിന്‌, ആരോഗ്യപ്രശ്‌നങ്ങൾ നിമിത്തം ഈയിടെ യൂറോപ്പിൽ ഒരൊറ്റ വർഷംതന്നെ 50 കോടി പ്രവൃത്തിദിനങ്ങളാണ്‌ നഷ്ടമായത്‌. മറ്റിടങ്ങളിലെ സ്ഥിതിയും വ്യത്യസ്‌തമല്ല. ജോലിസ്ഥലത്തെ ഉത്‌പാദനക്ഷമതയുടെ കുറവും ഒപ്പം ആരോഗ്യപരിപാലനത്തിനു വേണ്ടിവരുന്ന ഭീമമായ തുകയും കൂടി ആകുമ്പോൾ അത്‌ വലിയ സാമ്പത്തിക ഭാരം വരുത്തിവെക്കുന്നു. അതാകട്ടെ സകലരെയും ബാധിക്കുന്നുമുണ്ട്‌. ബിസിനസ്‌ സ്ഥാപനങ്ങൾക്കും ഗവൺമെന്റിനും ഈ വിധത്തിൽ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നു. ഈ നഷ്ടം നികത്താനായി ബിസിനസ്‌ സംരംഭകർ തങ്ങളുടെ ഉത്‌പന്നങ്ങളുടെ വില കൂട്ടുകയും ഗവൺമെന്റുകൾ നികുതി വർധിപ്പിക്കുകയും ചെയ്യുന്നു. ഫലത്തിൽ ആരാണ്‌ ഈ ചെലവുകൾ വഹിക്കുന്നത്‌? നിങ്ങൾതന്നെ!

ദരിദ്രർക്കു പൊതുവേ നല്ല ആരോഗ്യപരിചരണം പോയിട്ട്‌, പലപ്പോഴും അടിസ്ഥാന ചികിത്സ പോലും നേടാനാകുന്നില്ല എന്നതാണ്‌ ദുഃഖകരമായ സത്യം. വികസ്വര രാജ്യങ്ങളിലെ ദശലക്ഷങ്ങൾ, ആരോഗ്യരംഗത്തെ വിദഗ്‌ധ സേവനത്തിൽനിന്ന്‌ അല്‌പം മാത്രം പ്രയോജനം നേടുന്ന, അല്ലെങ്കിൽ അതിനുപോലും സാധിക്കാത്ത പരിതാപകരമായ ഈ അവസ്ഥയിലാണ്‌. സമ്പന്ന രാജ്യങ്ങളിൽപ്പോലും നല്ല ചികിത്സനേടാൻ ചിലർക്ക്‌ നന്നേ പാടുപെടേണ്ടിവരുന്നുണ്ട്‌. ഐക്യനാടുകളിൽ ആരോഗ്യ ഇൻഷ്വറൻസ്‌ ഇല്ലാത്ത 4 കോടി 60 ലക്ഷം വരുന്ന ജനങ്ങളിൽ പലരുടെയും സ്ഥിതി പലപ്പോഴും ഇതാണ്‌.

രോഗങ്ങൾ സാമ്പത്തിക പ്രശ്‌നങ്ങൾ മാത്രമല്ല ഉളവാക്കുന്നത്‌. ഒരു മാരകരോഗം ബാധിച്ചതിന്റെ മനോവിഷമം, വിട്ടുമാറാത്ത ശാരീരിക വേദന, ഗുരുതരമായ രോഗം ബാധിച്ച മറ്റുള്ളവരെ കാണുന്നതിന്റെ ദുഃഖം, ഉറ്റവരെ നഷ്ടപ്പെടുന്നതിന്റെ വിരഹവേദന എന്നിവയെല്ലാം അതിന്റെ അനന്തരഫലങ്ങളായി അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളാണ്‌.

രോഗങ്ങളൊന്നുമില്ലാത്ത ഒരു ലോകത്ത്‌ ഒരിക്കൽ ജീവിക്കാനാകുമെന്ന പ്രത്യാശ എത്രയോ ഹൃദയാവർജകമാണ്‌! നല്ല ആരോഗ്യം ഏവരുടെയും ആഗ്രഹമാണ്‌! അവിശ്വസനീയമെന്നു തോന്നിയാലും, അത്തരമൊരു പ്രത്യാശ ഒരു യാഥാർഥ്യമാണെന്ന്‌ അനേകർ വിശ്വസിക്കുന്നു. മനുഷ്യൻ കണ്ടുപിടിച്ചിട്ടുള്ള സാങ്കേതികവിദ്യയിലൂടെ ക്രമേണ എല്ലാ രോഗങ്ങളുംതന്നെ ഉന്മൂലനം ചെയ്യാനാകുമെന്ന്‌ ഉറച്ചു വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട്‌. എന്നാൽ, ബൈബിളിനെ അംഗീകരിക്കുന്നവരാകട്ടെ, രോഗങ്ങളില്ലാത്ത ഒരു അവസ്ഥയെക്കുറിച്ചുള്ള പ്രവചനങ്ങൾ നിവൃത്തിയേറാൻ ദൈവം ഇടയാക്കുമെന്ന്‌ ഉറച്ചു വിശ്വസിക്കുന്നു. രോഗങ്ങളൊന്നും ഇല്ലാത്ത ഒരു കാലം മനുഷ്യൻ ഇവിടെ കൊണ്ടുവരുമോ? അതു ദൈവത്തിനു സാധിക്കുമോ? ഭാവി എന്ത്‌ കൈവരുത്തും?