വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നോഹയുടെ പെട്ടകവും കപ്പലിന്റെ രൂപമാതൃകയും

നോഹയുടെ പെട്ടകവും കപ്പലിന്റെ രൂപമാതൃകയും

നോഹയുടെ പെട്ടകവും കപ്പലിന്റെ രൂപമാതൃകയും

കഴിഞ്ഞ 40-ലേറെ വർഷമായി ഞാനൊരു കപ്പൽ നിർമാതാവും മറൈൻ എൻജിനീയറും ആണ്‌. പല വലുപ്പത്തിലും രൂപത്തിലുമുള്ള കപ്പലുകളും ഒപ്പം അവയുടെ യന്ത്രസംവിധാനങ്ങളും മറ്റും രൂപകൽപ്പന ചെയ്യുക എന്നതായിരുന്നു എന്റെ ജോലി. 1963-ൽ, കാനഡയിലെ ബ്രിട്ടീഷ്‌ കൊളംബിയായിൽ താമസിക്കുമ്പോഴാണ്‌ യഹോവയുടെ സാക്ഷികളിൽ ഒരാൾ ബൈബിൾ പുസ്‌തകമായ ഉല്‌പത്തിയിൽ പറഞ്ഞിരിക്കുന്ന നോഹയുടെ പെട്ടകത്തെക്കുറിച്ചുള്ള വിവരണം എനിക്കു കാണിച്ചു തരുന്നത്‌. അവിടെ പറയുന്നതനുസരിച്ച്‌ അതൊരു നീണ്ട പെട്ടി അഥവാ പേടകം ആണ്‌. ആ വിവരണത്തിൽ ആകൃഷ്ടനായ ഞാൻ അതേക്കുറിച്ചു വിശദമായി പഠിക്കാൻ തീരുമാനിച്ചു.

ജലപ്രളയത്തിലൂടെ ഭൂഗ്രഹത്തിൽനിന്നു ദുഷ്ടത തുടച്ചുനീക്കാൻ ദൈവം തീരുമാനിച്ചതായി ഉല്‌പത്തി വിവരണം പറയുന്നു. ഒരു വലിയ പെട്ടകം പണിയാൻ ദൈവം നോഹയോട്‌ ആവശ്യപ്പെട്ടു, അവനും കുടുംബാംഗങ്ങൾക്കും ജന്തുവർഗങ്ങളുടെ ഒരു കൂട്ടത്തിനും ആ മഹാപ്രളയത്തെ അതിജീവിക്കാനായിരുന്നു അത്‌. മുന്നൂറു മുഴം നീളത്തിലും അമ്പതു മുഴം വീതിയിലും മുപ്പതു മുഴം ഉയരത്തിലുമായി അതു നിർമിക്കാനായിരുന്നു നിർദേശം. (ഉല്‌പത്തി 6:15) ഒരു കണക്കനുസരിച്ച്‌ പെട്ടകത്തിനു കുറഞ്ഞത്‌ 134 മീറ്റർ നീളവും 22 മീറ്റർ വീതിയും 13 മീറ്റർ ഉയരവും ഉണ്ടായിരിക്കുമായിരുന്നു. * അങ്ങനെ അതിന്‌ ഏകദേശം 40,000 ഘന മീറ്റർ വലുപ്പം വരുമായിരുന്നു, അത്‌ ആദേശം ചെയ്യുന്ന വെള്ളത്തിന്റെ അളവ്‌ ഉല്ലാസക്കപ്പലായ ടൈറ്റാനിക്കിന്റേതിനോട്‌ ഏറെക്കുറെ കിടപിടിക്കുമായിരുന്നു.

പെട്ടകത്തിന്റെ രൂപമാതൃക

പെട്ടകം നിർമിച്ചത്‌ മൂന്നു തട്ടുകളായിട്ടാണ്‌. അത്‌ പെട്ടകത്തിനു കൂടുതലായ ഉറപ്പേകുകയും മൊത്തം 8,900 ചതുരശ്ര മീറ്റർ തറവിസ്‌തീർണം നൽകുകയും ചെയ്‌തു. പശയുള്ളതും തത്‌ഫലമായി ജലരോധകവുമായ തടികൊണ്ടാണ്‌ അതു നിർമിച്ചത്‌, സാധ്യതയനുസരിച്ച്‌ ഗോഫർ അഥവാ സൈപ്രസ്‌. കൂടാതെ വെള്ളം കയറാത്തവിധം അകത്തും പുറത്തും കീൽ തേക്കുകയും ചെയ്‌തിരുന്നു. (ഉല്‌പത്തി 6:14-16) നോഹ എങ്ങനെയാണു തടികൾ കൂട്ടിയോജിപ്പിച്ചതെന്നു നമുക്കറിയില്ല. എങ്കിലും പ്രളയത്തെക്കുറിച്ചുള്ള വിവരണത്തിനു മുമ്പുപോലും ചെമ്പും ഇരുമ്പുംകൊണ്ടുള്ള ആയുധങ്ങൾ ഉണ്ടാക്കിയിരുന്നവരെക്കുറിച്ച്‌ ബൈബിൾ പറയുന്നുണ്ട്‌. (ഉല്‌പത്തി 4:22) അത്‌ എന്തുതന്നെയായാലും, തടികൊണ്ടുള്ള കപ്പലുകൾ നിർമിക്കുമ്പോൾ മരയാണി ഉപയോഗിക്കുന്ന രീതി ഇന്നുപോലുമുണ്ട്‌.

പെട്ടകത്തിന്‌ അറകളും അതിന്റെ വശത്തായി ഒരു വാതിലും ഒരു മുഴം ഉയരം വരുന്ന സൊഹറും ഉണ്ടായിരുന്നു. സാധ്യതയനുസരിച്ച്‌, ചെരിഞ്ഞ മേൽക്കൂരയായിരുന്നു സൊഹർ. അതിനു തൊട്ടുതാഴെയായി വായു സഞ്ചാരത്തിനും വെളിച്ചത്തിനുമായി ചെറിയ ജനാലകളും ഉണ്ടായിരുന്നിരിക്കണം. എന്നിരുന്നാലും, പെട്ടകത്തിന്റെ അടിഭാഗം, അണിയം, പായ്‌, തുഴ, ചുക്കാൻ എന്നിവയെക്കുറിച്ചൊന്നും ഉല്‌പത്തി വിവരണത്തിൽ യാതൊരു സൂചനയുമില്ല. വാസ്‌തവത്തിൽ, ശിശുവായിരുന്ന മോശെയെ നൈൽ നദിയിൽ ഉപേക്ഷിക്കുമ്പോൾ അവന്റെ അമ്മ ഉപയോഗിച്ച കീൽതേച്ച പെട്ടിക്കും “പെട്ടകം” എന്നതിനുള്ള അതേ എബ്രായ പദമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.​—⁠പുറപ്പാടു 2:3, 10.

കാര്യക്ഷമത

പെട്ടകത്തിന്റെ നീളം അതിന്റെ വീതിയുടെ ആറു മടങ്ങും ഉയരത്തിന്റെ പത്തു മടങ്ങും ആയിരുന്നു. നിരവധി ആധുനിക കപ്പലുകൾക്കും സമാനമായ അളവുകളുണ്ട്‌, വെള്ളത്തിലൂടെ ചലിക്കാൻ എത്രമാത്രം ശക്തി വേണം എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ അവയുടെ നീളത്തിന്റെയും വീതിയുടെയും അനുപാതം തീരുമാനിക്കുന്നതെങ്കിലും. എന്നാൽ, പെട്ടകം പൊങ്ങിക്കിടന്നാൽ മാത്രം മതിയായിരുന്നു. ഇക്കാര്യത്തിൽ അത്‌ എത്രത്തോളം കാര്യക്ഷമമായിരുന്നിരിക്കാം?

കപ്പലുകൾ കാറ്റിനോടും തിരകളോടും പ്രതികരിക്കുന്ന വിധത്തിന്‌ സീ കീപ്പിങ്‌ ബിഹേവ്യർ എന്നാണു പറയുന്നത്‌. ഇതും കപ്പലിന്റെ അളവുകളോടു ബന്ധപ്പെട്ടാണിരിക്കുന്നത്‌. പ്രളയത്തിന്‌ ഇടയാക്കിയ അതിശക്തമായ മഴയെയും പിന്നീട്‌ ദൈവം അടിപ്പിച്ച കാറ്റിനെയും സംബന്ധിച്ച്‌ ബൈബിൾ വിവരിക്കുന്നുണ്ട്‌. (ഉല്‌പത്തി 7:11, 12, 17-20; 8:1) കാറ്റും തിരയും എത്ര ശക്തമായിരുന്നുവെന്ന്‌ ബൈബിൾ വെളിപ്പെടുത്തുന്നില്ലെങ്കിലും രണ്ടും വളരെ ശക്തമായിരുന്നിരിക്കാൻ സാധ്യതയുണ്ട്‌. മാത്രമല്ല അവയ്‌ക്കു വ്യതിയാനവും സംഭവിച്ചിരിക്കാം, ഇന്നത്തെപ്പോലെതന്നെ. കാറ്റിന്റെ ദൈർഘ്യത്തിനും ശക്തിക്കും ആനുപാതികമായി തിരയുടെ ഉയരവും ആക്കവും വർധിക്കുന്നു. കൂടാതെ ഭൗമോപരിതലത്തിലെ ഏതെങ്കിലും തരത്തിലുള്ള ചലനങ്ങളും കൂറ്റൻ തിരകളെ സൃഷ്ടിച്ചിരിക്കാം.

പെട്ടകം മറിയാതവണ്ണം അതിന്‌ ഏറ്റവും സ്ഥിരത പ്രദാനം ചെയ്യുന്ന വിധത്തിലുള്ളതായിരുന്നു അതിന്റെ അളവുകൾ. കൂടാതെ പെട്ടകം നെടുകെ ആടിയുലയാൻ ഇടയാക്കിക്കൊണ്ട്‌ പ്രളയജലം അതിന്മേൽ ചെലുത്തുന്ന ശക്തിയെ ചെറുക്കാൻ പോന്ന വിധത്തിലുള്ളതുമായിരുന്നു ആ രൂപകൽപ്പന. തിരകൾക്കൊപ്പം ഉയരുകയും താഴുകയും ചെയ്‌തുകൊണ്ട്‌ പെട്ടകം അതിശക്തമായി ആടിയുലയുന്നെങ്കിൽ അത്‌ ഉള്ളിലുള്ള ആളുകൾക്കും മൃഗങ്ങൾക്കും അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുമായിരുന്നു. കൂടാതെ അത്‌ പെട്ടകത്തിന്മേൽ അതിശക്തമായ സമ്മർദത്തിനും ഇടയാക്കുമായിരുന്നു. കൂറ്റൻ തിരകളാൽ പെട്ടകത്തിന്റെ രണ്ട്‌ അറ്റങ്ങളും ഒരേ സമയം ഉയർത്തപ്പെടുമ്പോൾ നടുഭാഗം കീഴോട്ടു വളയാനുള്ള സാധ്യതയെ ചെറുക്കാൻ തക്ക ബലമുള്ളത്‌ ആയിരിക്കേണ്ടിയിരുന്നു അത്‌. എന്നാൽ, അതിശക്തമായ തിരകളുടെ മർദം അനുഭവപ്പെടുന്നത്‌ അതിന്റെ മധ്യഭാഗത്താണെങ്കിൽ യാതൊരു താങ്ങുമില്ലാതെ ഉയർന്നുനിൽക്കുന്ന അഗ്രഭാഗങ്ങളായ അണിയവും അമരവും താഴോട്ടു വളയാനുള്ള സാധ്യതയും ഉണ്ടായിരുന്നു. പെട്ടകത്തിന്റെ നീളവും പൊക്കവും പത്തിന്‌ ഒന്ന്‌ എന്ന അനുപാതത്തിൽ ആയിരിക്കണമെന്നാണ്‌ ദൈവം നോഹയോട്‌ ആവശ്യപ്പെട്ടത്‌. ഉണ്ടായേക്കാവുന്ന ഏതൊരു സമ്മർദത്തെയും ചെറുക്കാൻ പോന്ന അനുപാതമാണ്‌ അതെന്ന്‌ കപ്പൽ നിർമാതാക്കൾ പിന്നീട്‌ തിക്താനുഭവങ്ങളിലൂടെ പഠിക്കുമായിരുന്നു.

സുരക്ഷിതവും സുഖപ്രദവും

പെട്ടകത്തിന്റെ പെട്ടിപോലുള്ള ആകൃതി നിമിത്തം പ്ലവനക്ഷമത​—⁠ഒരു ബോട്ടിനെ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ സഹായിക്കുന്ന ശക്തി​—⁠എല്ലായിടത്തും ഒരുപോലെ ആയിരിക്കുമായിരുന്നു. ഭാരത്തിന്റെ കാര്യത്തിലും അതു സത്യമായിരുന്നു. സാധ്യതയനുസരിച്ച്‌, ഭാരം എല്ലായിടത്തും തുല്യമായി വരത്തക്കവിധമായിരിക്കാം മൃഗങ്ങളെയും അതുപോലെ ഒന്നിലേറെ വർഷത്തേക്കുള്ള ഭക്ഷണ സാധനങ്ങളും നോഹ അതിനുള്ളിൽ ക്രമീകരിച്ചത്‌. ഇത്‌ ചരക്കുകൾ കപ്പലിൽ ചെലുത്തുന്ന അധിക സമ്മർദത്തെ കുറയ്‌ക്കുമായിരുന്നു. അങ്ങനെ, രണ്ടു മുഖ്യ ഘടകങ്ങൾ പെട്ടകത്തെയും പെട്ടകത്തിലുണ്ടായിരുന്നവരെയും സുരക്ഷിതമായി ജലപ്രളയത്തെ അതിജീവിക്കാൻ സഹായിച്ചു​—⁠യഹോവ പ്രദാനം ചെയ്‌ത രൂപമാതൃകയും അവന്റെ സംരക്ഷണവും. സുരക്ഷിതവും അനുയോജ്യവുമായ ഒരു സ്ഥലത്താണ്‌ പെട്ടകം ഉറയ്‌ക്കുന്നതെന്നും യഹോവ ഉറപ്പുവരുത്തി.

നോഹയുടെ പെട്ടകത്തെക്കുറിച്ചുള്ള ബൈബിൾ വിവരണം യഥാർഥമാണെന്നും നൂതന കപ്പൽനിർമാണ രീതിയുമായി യോജിപ്പിലാണെന്നും മനസ്സിലാക്കാൻ ഈ വിഷയത്തെക്കുറിച്ചുള്ള സമഗ്രമായ പരിശോധന എന്നെ സഹായിച്ചു. പെട്ടകത്തെക്കുറിച്ചും പ്രളയത്തെക്കുറിച്ചുമുള്ള പല വിശദാംശങ്ങളും ഉല്‌പത്തി വിവരണം പറയുന്നില്ല എന്നതു ശരിതന്നെ. മാനുഷ കുടുംബങ്ങളുടെയും ജീവജാലങ്ങളുടെയും അതിജീവനത്തിനായി പെട്ടകം നിർമിക്കാൻ അഹോരാത്രം അധ്വാനിച്ച നോഹയെ ഒരിക്കൽ നേരിൽ കാണണമെന്നുള്ളതാണ്‌ എന്റെ ആഗ്രഹം, അവൻ പുനരുത്ഥാനത്തിൽ തിരിച്ചുവരുമ്പോൾ. (പ്രവൃത്തികൾ 24:15; എബ്രായർ 11:7) ആദ്യം ഞാൻ അവനോടും അവന്റെ കുടുംബത്തോടും നന്ദി പറയും. അതിനുശേഷം ഞാൻ എന്റെ ചോദ്യങ്ങളുടെ കെട്ടഴിക്കും.​—⁠സംഭാവന ചെയ്യപ്പെട്ടത്‌.

[അടിക്കുറിപ്പ്‌]

^ ഖ. 3 കൈമുട്ടു മുതൽ വിരൽത്തുമ്പു വരെയുള്ള ശരാശരി നീളമാണ്‌ പുരാതന അളവായ മുഴം. ഇസ്രായേല്യരുടെ നാളുകളിൽ ഒരു മുഴം 44.5 സെന്റിമീറ്ററായി പൊതുവേ കണക്കാക്കിയിരുന്നതായി കാണപ്പെടുന്നു.

[22-ാം പേജിലെ ചതുരം/ചിത്രം]

പെട്ടകത്തിന്റെ ഒരു ലഘുമാതൃക

ചുവടെ കൊടുത്തിരിക്കുന്ന രീതിയിൽ നിങ്ങൾക്ക്‌ സ്വന്തമായി പെട്ടകത്തിന്റെ ഒരു ലഘുമാതൃക നിർമിക്കുകയും പരീക്ഷിക്കുകയും ചെയ്യാവുന്നതാണ്‌. (പ്രസ്‌തുത രൂപമാതൃകയുടെ അളവുകൾ ആനുപാതികമായി വർധിപ്പിച്ചുകൊണ്ട്‌ വേണമെങ്കിൽ വലുപ്പം കൂട്ടുകയും ചെയ്യാം.) സാധാരണ കടലാസിൽ മെഴുകോ മെഴുകുള്ള ചായമോ തേച്ച്‌ അത്‌ ജലരോധകമാക്കാവുന്നതാണ്‌. അതിനുശേഷം പേപ്പർ മടക്കിയിട്ട്‌ അരികുകൾ ടേപ്പുകൊണ്ടോ പശകൊണ്ടോ ഒട്ടിക്കുക. ഇനി, നിങ്ങൾ ഉണ്ടാക്കിയ മാതൃകയ്‌ക്കുള്ളിൽ അടിഭാരം നിറയ്‌ക്കുക, നാണയങ്ങളോ മറ്റോ തുല്യ അകലത്തിൽ നിരത്തിയശേഷം ടേപ്പോ പശയോ കൊണ്ട്‌ ഒട്ടിച്ച്‌ ഇതു ചെയ്യാവുന്നതാണ്‌. മാതൃകയുടെ ഉയരത്തിന്റെ ഏകദേശം മൂന്നിലൊന്നോ പകുതിയോളമോവരെ മുങ്ങത്തക്ക വിധത്തിൽ വേണം അടിഭാരം നിറയ്‌ക്കാൻ.

പെട്ടകത്തിന്റെ കാര്യക്ഷമത പരീക്ഷിക്കുന്നതിനായി നിർമാണം പൂർത്തിയാക്കിയ മാതൃക, വെള്ളം നിറച്ച ഒരു പാത്രത്തിൽ ഇടുക. നീളംകൂടിയ പെട്ടിപോലുള്ള എന്തെങ്കിലും പെട്ടകത്തിനു കുറുകെയായി പാത്രത്തിനുള്ളിൽ വെച്ചിട്ട്‌ അതു വെള്ളത്തിൽ വീണ്ടുംവീണ്ടും ഭാഗികമായി മുക്കിക്കൊണ്ട്‌ ഓളങ്ങൾ സൃഷ്ടിക്കുക.

[രേഖാചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

അകത്തേക്കു മടക്കുക അകത്തേക്കു മടക്കുക

 

അകത്തേക്കു മടക്കുക അകത്തേക്കു മടക്കുക

[ചിത്രം]

പെട്ടകത്തിന്റെ അളവുകളുടെ അനുപാതം ഒരു സമുദ്രയാനത്തിന്റേതിനോടു സമാനമായിരുന്നു

[20, 21 പേജുകളിലെ രേഖാചിത്രം/ചിത്രങ്ങൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

മുൻവശം

വശം

മുകൾവശം

മുൻവശം

വശം

മുകൾവശം

[ചിത്രങ്ങൾ]

പെട്ടകം ആദേശം ചെയ്‌ത വെള്ളത്തിന്റെ അളവ്‌ “ടൈറ്റാനിക്കി”ന്റേതിനോട്‌ ഏകദേശം കിടപിടിക്കുന്നതായിരുന്നു

[കടപ്പാട്‌]

ടെറ്റാനിക്‌ മാതൃക: Courtesy Dr. Robert Hahn/www.titanic-plan.com; photo: Courtesy of The Mariners’ Museum, Newport News, VA