വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബെലിസ്‌ ബാരിയർ റീഫ്‌ ഒരു ലോക പൈതൃകം

ബെലിസ്‌ ബാരിയർ റീഫ്‌ ഒരു ലോക പൈതൃകം

ബെലിസ്‌ ബാരിയർ റീഫ്‌ ഒരു ലോക പൈതൃകം

മെക്‌സിക്കോയിലെ ഉണരുക! ലേഖകൻ

“സാംസ്‌കാരികമോ പ്രകൃതിപരമോ ആയ പൈതൃകത്തിലെ ഏതൊന്നിന്റെയും നാശമോ തിരോധാനമോ ലോകത്തിലെ സകല രാഷ്‌ട്രങ്ങളുടെയും പൈതൃകത്തിന്മേൽ ഹാനികരമായ ഫലം ഉളവാക്കുന്നു . . . സവിശേഷമായ സാർവത്രിക മൂല്യമുള്ള സാംസ്‌കാരികവും പ്രകൃതിപരവുമായ പൈതൃകത്തെ സംരക്ഷിക്കുന്നതിൽ അന്താരാഷ്‌ട്ര സഹകരണം അനിവാര്യമാണ്‌. —യുനെസ്‌കോയുടെ ലോക പൈതൃകകരാറിൽനിന്ന്‌.

പ്രസ്‌തുത വാക്കുകൾക്കു ചേർച്ചയിൽ ബെലിസ്‌ പവിഴപ്പുറ്റ്‌ സംരക്ഷിത മേഖല 1996-ൽ ‘ലോക പൈതൃക പട്ടിക’യിൽ സ്ഥാനം പിടിച്ചു. അങ്ങനെ ഇത്‌ പെറുവിലെ മാച്ചു പിക്‌ചു, ഐക്യനാടുകളിലെ ഗ്രാൻഡ്‌ കാനിയൺ തുടങ്ങിയ അത്ഭുതങ്ങളുടെ നിരയിലേക്ക്‌ ഉയർന്നു. എന്നാൽ ഇതിന്‌ “സവിശേഷമായ സാർവത്രിക മൂല്യം” നൽകുന്നതെന്താണ്‌?

സംരക്ഷിക്കപ്പെടേണ്ട ഒരു പൈതൃകം

വലുപ്പംകൊണ്ട്‌ ലോകത്തിലെ ജീവനുള്ള പവിഴപ്പുറ്റ്‌ നിരകളിൽ ഓസ്‌ട്രേലിയയിലെ ഗ്രേറ്റ്‌ ബാരിയർ റീഫ്‌ കഴിഞ്ഞാൽ അടുത്ത സ്ഥാനം ബെലിസ്‌ ബാരിയർ റീഫിനാണ്‌; പശ്ചിമാർധ ഗോളത്തിൽ ഏറ്റവും നീളം കൂടിയതും ഇതുതന്നെ. ഇതിന്‌ 300 കിലോമീറ്റർ നീളമുണ്ട്‌. ഇത്‌ മധ്യ അമേരിക്കൻ രാജ്യമായ ബെലിസിന്റെ തീരപ്രദേശത്തിന്റെ ഏറിയ ഭാഗം ഉൾപ്പെടെ, യൂകോടോൻ ഉപദ്വീപിനു സമാന്തരമായി കിടക്കുന്നു. സംരക്ഷിത മേഖലയിൽ ഈ പവിഴപ്പുറ്റിനു പുറമേ (യഥാർഥത്തിൽ പവിഴപ്പുറ്റുകളുടെ ഒരു നിരയാണിത്‌) 450-ഓളം തുരുത്തുകളും നടുക്ക്‌ മനോഹരമായ തടാകമുള്ള വൃത്താകൃതിയിലുള്ള മൂന്നു പവിഴപ്പുറ്റുകളും (അറ്റോൾ) ഉണ്ട്‌. 960 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഈ മേഖലയിലെ ഏഴു പ്രദേശങ്ങൾ ലോക പൈതൃക കരാർ പ്രകാരം പ്രത്യേകം സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

സമുദ്രത്തിലെ സസ്യ-ജന്തുജാലങ്ങളിൽ നാലിലൊന്ന്‌ വസിക്കുന്നത്‌ പവിഴപ്പുറ്റുകളിലാണെന്ന വസ്‌തുത അവയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നു. ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ, ഉഷ്‌ണമേഖലാ മഴക്കാടുകൾ കഴിഞ്ഞാൽ അടുത്ത സ്ഥാനം പവിഴപ്പുറ്റ്‌ ആവാസവ്യവസ്ഥയ്‌ക്കാണ്‌. എന്നാൽ സമുദ്രജലമലിനീകരണം, അനിയന്ത്രിത വിനോദ സഞ്ചാരം, സയനൈഡ്‌ ഉപയോഗിച്ചുള്ള മീൻപിടുത്തംപോലുള്ള നശീകരണപ്രവർത്തനങ്ങൾ എന്നിവ തടയാത്ത പക്ഷം അടുത്ത 20 മുതൽ 40 വരെ വർഷങ്ങൾക്കുള്ളിൽ ഭൂഗ്രഹത്തിലെ പവിഴപ്പുറ്റുകളിൽ 70 ശതമാനവും നശിക്കുമെന്ന്‌ ശാസ്‌ത്രജ്ഞർ മുന്നറിയിപ്പ്‌ മുഴക്കുന്നു.

ബെലിസ്‌ ബാരിയർ റീഫ്‌ സംരക്ഷിത മേഖലയിൽ 70 ഇനം കാഠിന്യമുള്ള പവിഴജീവികളും 36 ഇനം മൃദുവായ പവിഴജീവികളും 500 ഇനം മത്സ്യങ്ങളും കണ്ടെത്തപ്പെട്ടിട്ടുണ്ട്‌. ലോഗർഹെഡ്‌ കടലാമ, പച്ചക്കടലാമ, ഹോക്‌സ്‌ബിൽ കടലാമ, മനാറ്റീ, അമേരിക്കൻ മുതല എന്നിവ പോലുള്ള വംശനാശ ഭീഷണിയെ നേരിടുന്ന ജന്തുക്കളുടെ ആവാസകേന്ദ്രമാണിത്‌. ഈ പ്രദേശത്തെ വിസ്‌മയാവഹമായ ജൈവവൈവിധ്യത്തെക്കുറിച്ച്‌ അഭിപ്രായപ്പെടവേ പവിഴപ്പുറ്റു ഗവേഷകയായ ജൂലിയാൻ റോബിൻസൺ പറയുന്നു: “ബെലിസ്‌ ബാരിയർ റീഫ്‌ മേഖല ഗവേഷകർക്കും സന്ദർശകർക്കും അനവധി അപൂർവ അവസരങ്ങൾ പ്രദാനം ചെയ്യുന്നു. . . . പ്രകൃതിയുടെ തനതായ സൗന്ദര്യത്തിന്‌ ഇപ്പോഴും മങ്ങലേറ്റിട്ടില്ലാത്ത അപൂർവം സ്ഥലങ്ങളിൽ ഒന്നാണിത്‌, എന്നാൽ ഇതിപ്പോൾ ഭീഷണിയുടെ നിഴലിലാണ്‌.”

ബെലിസ്‌ പവിഴപ്പുറ്റുനിര നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഒരുപക്ഷേ ‘കോറൽ ബ്ലീച്ചിങ്‌’ ആണ്‌. വർണശബളമായ പവിഴപ്പുറ്റുകൾ ഏറെക്കുറെ സുതാര്യമായ വെള്ളനിറത്തിലാകുന്ന ഒരു പ്രതിഭാസമാണിത്‌. (26-ാം പേജിലെ ചതുരം കാണുക) നാഷണൽ ജിയോഗ്രഫിക്‌ ന്യൂസ്‌ റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച്‌ മിച്ച്‌ ചുഴലിക്കാറ്റിനോടനുബന്ധിച്ച്‌ 1997-ലും 1998-ലും സംഭവിച്ച വൻ തോതിലുള്ള ബ്ലീച്ചിങ്‌ ഇവിടത്തെ പവിഴപ്പുറ്റുകളിൽ 48 ശതമാനം നിർജീവമായിത്തീരുന്നതിന്‌ ഇടയാക്കി. എന്തായിരുന്നു കാരണം? ഇപ്പോഴും ഇതു സംബന്ധിച്ചു ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്‌; എങ്കിലും, പവിഴപ്പുറ്റു ശാസ്‌ത്രജ്ഞയായ മെലാനി മെക്‌ഫീൽഡ്‌ പറയുന്നു: “സമുദ്രജലത്തിന്റെ താപനില വർധിക്കുന്നതുമായി ഈ കോറൽ ബ്ലീച്ചിങ്ങിന്‌ അടുത്ത ബന്ധമുണ്ട്‌. . . . അൾട്രാവയലറ്റ്‌ കിരണങ്ങളും ബ്ലീച്ചിങ്ങിന്‌ ഇടയാക്കുന്നു. ഇവ രണ്ടും കൂടിയാകുമ്പോൾ ബ്ലീച്ചിങ്‌ ത്വരിതഗതിയിലാകുന്നു” സന്തോഷകരമെന്നു പറയട്ടെ, ബെലിസ്‌ പവിഴപ്പുറ്റ്‌ സാവധാനം പൂർവസ്ഥിതി പ്രാപിച്ചുവരുന്നു. *

കടലിൽ ഒരു പറുദീസ

ശരാശരി 26 ഡിഗ്രി സെൽഷ്യസ്‌ ചൂടുള്ള, കണ്ണീരു പോലെ തെളിഞ്ഞ ബെലിസ്‌ പവിഴപ്പുറ്റു മേഖലയിലെ സമുദ്രജലത്തിൽ സ്‌നോർകലിങ്‌ നടത്തുന്നതും കടലിൽ മുങ്ങാങ്കുഴിയിട്ട്‌ പവിഴപ്പുറ്റുകൾ നിരീക്ഷിക്കുന്നതും ഹരം പകരുന്നു. ഈ പവിഴപ്പുറ്റു നിരയുടെ 90 ശതമാനം ഇനിയും പര്യവേക്ഷണ വിധേയമായിട്ടില്ല. ആംബെർഗ്രിസ്‌ കേ ദ്വീപിലെ സാൻ പെദ്രോ പട്ടണത്തിൽനിന്ന്‌ ഈ പവിഴപ്പുറ്റിൽ എത്തിച്ചേരുക എളുപ്പമാണ്‌, കാരണം അവിടെനിന്ന്‌ ഒരു കിലോമീറ്റർപോലും ദൂരമില്ല. സാൻ പെദ്രോയിൽനിന്ന്‌ 6 കിലോമീറ്റർ തെക്കുകിഴക്കായി അധികം ആഴമില്ലാത്തിടത്താണ്‌ ഹോൽ ചാൻ മറൈൻ റിസെർവ്‌. പവിഴപ്പുറ്റുനിരയെ മുറിച്ചുകൊണ്ട്‌ കടന്നുപോകുന്ന ഒരു ചാല്‌, 8 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള ഈ റിസർവിന്റെ മുഖ്യ ആകർഷണമാണ്‌.

ബെലിസിൽനിന്ന്‌ 100 കിലോമീറ്റർ അകലെയായി ലൈറ്റ്‌ഹൗസ്‌ റീഫിൽ സ്ഥിതിചെയ്യുന്ന ബ്ലൂ ഹോൾ മുങ്ങലുകാർക്ക്‌ അത്യധികം ആകർഷകമായ സ്ഥലങ്ങളിലൊന്നാണ്‌. ഈ പ്രദേശവും ലോക പൈതൃക കരാർ പ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഫ്രഞ്ച്‌ സമുദ്രപര്യവേക്ഷകനായ ഷാക്ക്‌-റ്റവ്‌സ്‌ കൂസ്‌തോ 1970-ൽ തന്റെ ഗവേഷണ കപ്പലായ കാലിപ്‌സോയിൽ നടത്തിയ പര്യവേക്ഷണത്തിലൂടെയാണ്‌ ഇത്‌ പ്രശസ്‌തമായിത്തീർന്നത്‌. ഇളംപച്ച കലർന്ന നീല നിറമുള്ള കടലിൽ ജീവനുള്ള പവിഴപ്പുറ്റുകൾ അരികുതീർക്കുന്ന വൃത്താകൃതിയിലുള്ള, വലിയൊരു ചുണ്ണാമ്പുകൽഗർത്തമാണ്‌ ബ്ലൂ ഹോൾ. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ കടുംനീലനിറമാണ്‌ അതിന്‌. ഏകദേശം 300 മീറ്റർ ചുറ്റളവുള്ള ഇതിന്റെ ആഴം 120 മീറ്ററാണ്‌. കടലിലെ ജലനിരപ്പ്‌ ഉയരുന്നതിനു മുമ്പ്‌ വരണ്ട ഒരു ഭൂഗർഭ ചുണ്ണാമ്പുകൽഗുഹയായിരുന്ന ഇതിന്റെ മേൽത്തട്ടു പിന്നീട്‌ തകർന്നുപോയതാണ്‌. ഏകദേശം 35 മീറ്റർ താഴ്‌ചവരെ ചെങ്കുത്തായ പാർശ്വഭിത്തികളുള്ള ഈ ഗർത്തത്തിൽ പിന്നീടങ്ങോട്ട്‌ പാറക്കെട്ടുകളിൽനിന്നും ഭീമാകാരങ്ങളായ ചുണ്ണാമ്പുകൽരൂപങ്ങൾ തൂങ്ങിക്കിടക്കുന്നു. വെള്ളത്തിനടിയിലെ കാഴ്‌ചകൾ കണ്ണഞ്ചിപ്പിക്കുന്നതാണ്‌; 60 മീറ്റർ വരെ ആഴത്തിലുള്ള ഭാഗങ്ങൾ വ്യക്തമായി കാണാനാകും. സ്രാവുകളല്ലാതെ മറ്റു ജീവജാലങ്ങൾ ഒന്നുംതന്നെ ഇവിടെയില്ല. അവമർദനരോഗം ഉണ്ടാകാതിരിക്കാൻ സ്‌ക്യൂബ ഡൈവിങ്‌ നടത്തുന്നവർ മെല്ലെ വേണം സമുദ്രോപരിതലത്തിലേക്ക്‌ ഉയർന്നുവരാൻ; അതുകൊണ്ടുതന്നെ പരിചയമില്ലാത്തവർ ഇതിനു മുതിരരുത്‌. എന്നാൽ പവിഴപ്പുറ്റുകൾ വരമ്പുതീർത്തിരിക്കുന്ന ഇവിടത്തെ സ്‌ഫടികതുല്യ സമുദ്രജലം സ്‌നോർകലിങ്ങിനു പറ്റിയതാണ്‌.

ലോക പൈതൃക കരാർ പ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഏഴു പ്രദേശങ്ങളിൽ മറ്റൊന്നാണ്‌ സമീപത്തുള്ള ഹാഫ്‌ മൂൺ കേ. അപൂർവമായി കാണപ്പെടുന്ന ബൂബി എന്ന കടൽപ്പക്ഷിയുടെ സങ്കേതമാണ്‌ പ്രശാന്തസുന്ദരമായ ഈ ദ്വീപ്‌. മറ്റു 98 ഇനം പക്ഷികളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌. മൃദുവായ പവിഴപ്പുറ്റുകളുടെ വിസ്‌മയാവഹമായ കാഴ്‌ചകളാണ്‌ ഇവിടെ മുങ്ങലുകാരെ കാത്തിരിക്കുന്നത്‌; 3,000 അടിയാണ്‌ ഇവിടത്തെ ആഴം.

ബെലിസ്‌ ബാരിയർ റീഫിലേക്കുള്ള ഈ ഹ്രസ്വസന്ദർശനം ഒരു കാര്യം വ്യക്തമാക്കുന്നു​—⁠ഭാവി തലമുറകളുടെ ആസ്വാദനത്തിനായി പ്രകൃതിയിലെ ഈ അത്ഭുതം സംരക്ഷിക്കുന്നതിന്‌ തക്ക കാരണമുണ്ട്‌. ഇതിന്റെ നാശം “സകല രാഷ്‌ട്രങ്ങളുടെയും പൈതൃകത്തിന്മേൽ ഹാനികരമായ ഫലം ഉളവാക്കു”മെന്നതിനു സംശയമില്ല.

[അടിക്കുറിപ്പ്‌]

^ ഖ. 9 ആഗോളതപനത്തിന്റെ ഫലമായി സമുദ്രജലത്തിന്റെ താപനില വർധിക്കുന്നതു തടയാൻ പ്രാദേശികമായി ഒന്നുംതന്നെ ചെയ്യാനാവില്ലായിരിക്കാം. എങ്കിലും, ഈ പവിഴപ്പുറ്റ്‌ മേഖല ‘ലോക പൈതൃക പട്ടികയിൽ’ സ്ഥാനംപിടിച്ചത്‌ ഇത്‌ സംരക്ഷിക്കുന്നതിൽ ഒരു സജീവ പങ്കുവഹിക്കാൻ ബെലിസുകാർക്ക്‌ പ്രചോദനമേകിയിട്ടുണ്ട്‌.

[26-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

കോറൽ ബ്ലീച്ചിങ്‌

സൂക്ഷ്‌മജീവികളെ ഭക്ഷിക്കുന്ന, കോളനിയായി വളരുന്ന പവിഴ ജീവികളാൽ നിർമിതമായ ജീവനുള്ള ഒരു വരമ്പാണ്‌ റീഫ്‌. ഈ ജീവികൾക്ക്‌ കാൽസ്യം കാർബണേറ്റ്‌ (ചുണ്ണാമ്പുകല്ല്‌) കൊണ്ടുള്ള കട്ടിയേറിയ പുറന്തോടാണുള്ളത്‌. കഴിഞ്ഞ തലമുറകളിലെ നശിച്ചുപോയ പവിഴജീവികളുടെ പുറന്തോടുകളോടു ചേർന്ന്‌ പുതിയവ രൂപപ്പെടുകയും വളരുകയും ചെയ്യുന്നു. പവിഴജീവികളുടെ ശരീരകോശങ്ങളിൽ ജീവിക്കുന്ന സൂക്ഷ്‌മങ്ങളായ ആൽഗകൾ (zooxanthellas), പവിഴജീവികളുടെ ഉപയോഗത്തിനായി ഓക്‌സിജനും പോഷകങ്ങളും നൽകുകയും പകരമായി അവ പുറന്തള്ളുന്ന കാർബൺ ഡയോക്‌സൈഡ്‌ വലിച്ചെടുക്കുകയും ചെയ്‌തുകൊണ്ട്‌ സഹജീവനബന്ധം പുലർത്തുന്നു. സമുദ്രജലത്തിലെ താപവ്യതിയാനത്തോടു പെട്ടെന്നു പ്രതികരിക്കുന്ന പവിഴജീവികൾ ചൂടു കൂടുമ്പോൾ ഈ ആൽഗകളെ പുറന്തള്ളുന്നു. അങ്ങനെ ഹരിതകം എന്ന വർണകം നഷ്ടപ്പെട്ട്‌ അവ വിളറി വെളുക്കുന്നു. ദുർബലമായ ഈ അവസ്ഥയിൽ അവ രോഗം ബാധിച്ച്‌ നശിക്കാൻ ഏറെ സാധ്യതയുണ്ട്‌. എന്നുവരികിലും, സംരക്ഷണമേകുകയാണെങ്കിൽ എളുപ്പം പൂർവസ്ഥിതി പ്രാപിക്കാനുള്ള കഴിവ്‌ പവിഴപ്പുറ്റുകൾക്കുണ്ട്‌.

[കടപ്പാട്‌]

പശ്ചാത്തലം: Copyright © 2006 Tony Rath Photography - www.trphoto.com

[23-ാം പേജിലെ മാപ്പ്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

മെക്‌സിക്കോ

ബെലിസ്‌

കരീബിയൻ കടൽ

പസിഫിക്‌ സമുദ്രം

[23-ാം പേജിലെ ചിത്രം]

ബെലിസിലെ 300 കിലോമീറ്റർ നീളമുള്ള പവിഴപ്പുറ്റുനിരയുടെ കൃത്രിമോപഗ്രഹ ദൃശ്യം

[24-ാം പേജിലെ ചിത്രം]

റെൻഡേവൂ കേ

[കടപ്പാട്‌]

©kevinschafer.com

[24-ാം പേജിലെ ചിത്രം]

ഹോക്‌സ്‌ബിൽ കടലാമ

[24, 25 പേജുകളിലെ ചിത്രം]

ലൈറ്റ്‌ ഹൗസ്‌ റീഫിലെ ബ്ലൂ ഹോൾ, ചുണ്ണാമ്പുകൽഗുഹയുടെ മേൽത്തട്ടു തകർന്നുണ്ടായത്‌

[കടപ്പാട്‌]

©kevinschafer.com

[25-ാം പേജിലെ ചിത്രം]

500 ഇനം മത്സ്യങ്ങളുടെ താവളമാണ്‌ ബെലിസ്‌ ബാരിയർ റീഫ്‌

[കടപ്പാട്‌]

ഉൾച്ചിത്രം: © Paul Gallaher/Index Stock Imagery

[23-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

കൃത്രിമോപഗ്രഹ ദൃശ്യം: NASA/The Visible Earth (http://visibleearth.nasa.gov/); മുങ്ങുന്നവർ: © Paul Duda/Photo Researchers, Inc.

[24-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

Copyright © Brandon Cole