രോഗങ്ങൾ എന്നേക്കുമായി വിടപറയുമ്പോൾ!
രോഗങ്ങൾ എന്നേക്കുമായി വിടപറയുമ്പോൾ!
മരണാനന്തരം സ്വർഗത്തിൽ ചെല്ലുമ്പോൾ വേദനയും രോഗങ്ങളുമില്ലാത്ത ഒരു ജീവിതം ആസ്വദിക്കാനാകുമെന്ന് അനേകമാളുകൾ പ്രത്യാശിക്കുന്നു. ജനപ്രീതിയാർജിച്ച വിശ്വാസം അതാണെങ്കിലും, പറുദീസാഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയാണ് ബൈബിൾ പൊതുവേ മനുഷ്യവർഗത്തിനു വെച്ചുനീട്ടുന്നത്. (സങ്കീർത്തനം 37:11; 115:16) ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന ഈ ഭാവിജീവിതത്തിൽ പരിപൂർണ ആരോഗ്യവും സന്തുഷ്ടിയും നിത്യജീവനും ഉൾപ്പെട്ടിരിക്കുന്നു.
നാം രോഗികളാകുകയും മരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? രോഗങ്ങളില്ലാത്ത ഒരു ലോകം എങ്ങനെ സാധ്യമാകും? ബൈബിൾ ആ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു.
▪ രോഗങ്ങൾക്കുള്ള യഥാർഥ കാരണം പൂർണ ആരോഗ്യമുള്ള ശരീരത്തോടെയാണ് നമ്മുടെ ആദ്യ മാതാപിതാക്കളായ ആദാമും ഹവ്വായും സൃഷ്ടിക്കപ്പെട്ടത്. (ഉല്‌പത്തി 1:31; ആവർത്തനപുസ്‌തകം 32:4) ഭൂമിയിൽ എന്നെന്നും ജീവിച്ചിരിക്കാനാകും വിധമായിരുന്നു അവരുടെ രൂപകല്‌പന. മനഃപൂർവം ദൈവത്തിനെതിരെ മത്സരിച്ചതിനു ശേഷം മാത്രമാണ് അവർ രോഗത്തിന്റെ പിടിയിൽ അമരാൻ തുടങ്ങിയത്. (ഉല്‌പത്തി 3:17-19) ദൈവത്തിന്റെ അധികാരം തള്ളിക്കളഞ്ഞുകൊണ്ട് തങ്ങളുടെ പൂർണതയുള്ള ജീവന്റെ ഉറവായ സ്രഷ്ടാവുമായുള്ള ബന്ധം അവർ വിച്ഛേദിച്ചു. അതോടെ അവർ കുറവുള്ളവരായിത്തീർന്നു. തത്‌ഫലമായി, അവർ രോഗികളാകുകയും മരിക്കുകയും ചെയ്‌തു, ദൈവം അവർക്ക് മുന്നറിയിപ്പു കൊടുത്തിരുന്നതുപോലെതന്നെ.—ഉല്‌പത്തി 2:16, 17; 5:5.
മത്സരികളായിത്തീർന്ന ആദാമിനും ഹവ്വായ്‌ക്കും അപൂർണത മാത്രമേ തങ്ങളുടെ മക്കൾക്ക് കൈമാറാനായുള്ളൂ. (റോമർ 5:12) മുൻലേഖനത്തിൽ പരാമർശിച്ചതുപോലെ, രോഗത്തിനും മരണത്തിനും നിദാനമായ, പാരമ്പര്യമായി കൈമാറിക്കിട്ടിയ ചില തകരാറുകൾ നമുക്കുള്ളതായി ശാസ്‌ത്രജ്ഞന്മാർ ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട്. വിപുലമായ ഗവേഷണങ്ങൾക്കു ശേഷം ഒരുകൂട്ടം ശാസ്‌ത്രജ്ഞന്മാർ അടുത്തയിടെ ഈ നിഗമനത്തിലെത്തി: “ജീവൻ ആരംഭിക്കുന്നതോടൊപ്പംതന്നെ ശരീരം അതിന്റെ നാശത്തിനുള്ള പ്രവർത്തനവും തുടങ്ങുന്നുവെന്നത് നിഷേധിക്കാനാവാത്ത ഒരു ജീവശാസ്‌ത്ര സത്യമാണ്.”
▪മനുഷ്യ ശ്രമങ്ങളാൽ അല്ല രോഗങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ ശാസ്‌ത്രം ഗണ്യമായ വിജയം കൈവരിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ശാസ്‌ത്രത്തിനു പൂർണമായി പരിഹരിക്കാൻ കഴിയാത്തത്ര സങ്കീർണമാണ് രോഗങ്ങളുടെ കാരണം എന്നു തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു. പിൻവരുന്ന ദൈവനിശ്വസ്‌ത വാക്കുകളുമായി പരിചിതരായ ബൈബിൾ വിദ്യാർഥികളെ അത് അതിശയിപ്പിക്കുന്നില്ല: “നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്.”—സങ്കീർത്തനം 146:3.
എന്നാൽ “മനുഷ്യരാൽ അസാദ്ധ്യമായതു ദൈവത്താൽ സാദ്ധ്യമാകുന്നു” എന്ന് ബൈബിൾ പ്രസ്‌താവിക്കുന്നു. (ലൂക്കൊസ് 18:27) രോഗങ്ങളുടെ കാരണം ഇല്ലായ്‌മ ചെയ്യാൻ യഹോവയാം ദൈവത്തിനു കഴിയും. അവൻ ‘നമ്മുടെ സകലരോഗങ്ങളും സൌഖ്യമാക്കും.’ (സങ്കീർത്തനം 103:3) ദൈവത്തിന്റെ നിശ്വസ്‌ത വചനം ഇങ്ങനെ വാഗ്‌ദാനം ചെയ്യുന്നു: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:3-5.
▪നിങ്ങൾ ചെയ്യേണ്ടത് രോഗമുക്തമായ ഒരു ലോകത്ത് ജീവിക്കാനാകണമെങ്കിൽ നാം എന്തു ചെയ്യണമെന്ന് യേശുക്രിസ്‌തു വളരെ വ്യക്തമായി പ്രസ്‌താവിക്കുകയുണ്ടായി. അവൻ പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.”—യോഹന്നാൻ 17:3.
ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനവും അവന്റെ പുത്രനായ യേശു പഠിപ്പിച്ച കാര്യങ്ങളും ബൈബിളിൽ കാണാം. അത്തരം പരിജ്ഞാനത്തിൽ നിങ്ങളുടെ ഇപ്പോഴത്തെ ജീവിതത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രായോഗിക ബുദ്ധിയുപദേശങ്ങൾ അടങ്ങിയിരിക്കുന്നു. എന്നാൽ അതിലുപരിയായി ദുഃഖവും ദുരിതവും ഇല്ലാത്ത ഒരു ലോകം ദൈവം തന്റെ അനുസരണമുള്ള ആരാധകർക്ക് വാഗ്‌ദാനം ചെയ്‌തിരിക്കുന്നു. അതേ, ‘എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ലാത്ത’ ഒരു ഒരു ഭാവിയാണ് ദൈവം നിങ്ങളുടെ മുമ്പാകെ വെച്ചിരിക്കുന്നത്.—യെശയ്യാവു 33:24.
[11-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
ആരോഗ്യം സംബന്ധിച്ച ഒരു സന്തുലിത വീക്ഷണം
ജീവനോട് ആദരവുണ്ടായിരിക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ആരോഗ്യപരിപാലനത്തിനു ശ്രദ്ധ നൽകിക്കൊണ്ടാണ് യഹോവയുടെ സാക്ഷികൾ അത്തരം ആദരവ് പ്രകടിപ്പിക്കുന്നത്. മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗം പോലുള്ള ഹാനികരമായ കാര്യങ്ങൾ അവർ ഒഴിവാക്കുന്നു. ഭക്ഷണ പാനീയങ്ങളുടെ കാര്യത്തിൽ തന്റെ ആരാധകർ മിതത്വമുള്ളവരായിരിക്കാൻ ദൈവം പ്രതീക്ഷിക്കുന്നു. (സദൃശവാക്യങ്ങൾ 23:20; തീത്തൊസ് 2:2, 3) അത്തരം പ്രായോഗിക നടപടികളും ഒപ്പം ആവശ്യത്തിനുള്ള വിശ്രമവും വ്യായാമവും പല ശാരീരിക രോഗങ്ങളെയും നീട്ടിവെക്കാനോ തടയാനോ സഹായിച്ചേക്കാം. രോഗികളായിരിക്കുന്നവർക്ക് ആശ്രയയോഗ്യമായ വിദഗ്‌ധ സഹായം ആവശ്യമായിരുന്നേക്കാം.
ന്യായയുക്തതയും “സുബോധ”വും ഉണ്ടായിരിക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (തീത്തൊസ് 2:12; ഫിലിപ്പിയർ 4:5, NW) അനേകരും സമനില കൈവെടിഞ്ഞ് എങ്ങനെയും രോഗസൗഖ്യം നേടാനുള്ള നെട്ടോട്ടത്തിലാണ്, തങ്ങളുടെ ആത്മീയത അപകടപ്പെടുത്തിക്കൊണ്ടുപോലും. ചിലരാണെങ്കിൽ ചോദ്യംചെയ്യത്തക്ക ചികിത്സാരീതികൾ തേടുന്നു, അവ പലപ്പോഴും അപകടകരമായിരുന്നേക്കാം. മറ്റുചിലർ ഫലപ്രദമല്ലാത്തതോ ഹാനികരംപോലുമോ ആയ ചികിത്സകൾക്കായി തങ്ങളുടെ പണവും സമയവും പാഴാക്കുന്നു.
ഇപ്പോൾ പൂർണ ആരോഗ്യം കൈവരിക്കുക സാധ്യമല്ല എന്നതാണ് യാഥാർഥ്യം. രോഗങ്ങളൊന്നും ഇല്ലാത്ത ആ ഭാവിക്കായി കാത്തിരിക്കവേതന്നെ, നല്ല ആരോഗ്യം നിലനിറുത്താനുള്ള ശ്രമത്തിൽ സന്തുലിത വീക്ഷണം ഉള്ളവരായിരിക്കാൻ ബൈബിൾ പറയുന്ന തരത്തിലുള്ള ജ്ഞാനവും ന്യായയുക്തതയും നിങ്ങളെ സഹായിക്കും.