വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലേഡിബേർഡ്‌ കർഷകന്റെ ഒരു മിത്രം

ലേഡിബേർഡ്‌ കർഷകന്റെ ഒരു മിത്രം

ലേഡിബേർഡ്‌ കർഷകന്റെ ഒരു മിത്രം

ബ്രിട്ടനിലെ ഉണരുക! ലേഖകൻ

വർണപ്പകിട്ടാർന്ന ഈ കൊച്ചു ഷഡ്‌പദത്തെ ബ്രിട്ടീഷുകാർ ലേഡിബേർഡ്‌ എന്നു വിളിക്കുന്നു. വടക്കേ അമേരിക്കയിൽ ഇത്‌ ലേഡിബഗ്‌ എന്നോ ലേഡി ബീറ്റ്‌ൽ എന്നോ ആണ്‌ അറിയപ്പെടുന്നത്‌. മറ്റു രാജ്യങ്ങളിൽ ഇതിന്‌ വ്യത്യസ്‌ത പേരുകളാണ്‌ ഉള്ളത്‌. വണ്ടുകളെ എല്ലാവർക്കുമൊന്നും അത്ര ഇഷ്ടമില്ലെങ്കിലും ലേഡിബേർഡിനെ ആളുകൾക്കു പൊതുവേ വലിയ കാര്യമാണ്‌. അവ കുട്ടികളിൽ കൗതുകമുണർത്തുന്നു, ഉദ്യാനപാലകരും കൃഷിക്കാരും ഇവയെ ഇരുംകയ്യും നീട്ടി സ്വീകരിക്കുന്നു. അവയ്‌ക്ക്‌ ഇത്ര ജനപ്രീതി ലഭിക്കാൻ എന്താണ്‌ കാരണം?

ജനപ്രീതിക്ക്‌ കാരണം

ഉപകാരികളായ ഈ ചെറുവണ്ടുകളുടെ മിക്ക ഇനങ്ങളും സസ്യപ്പേനുകളെ (ഇടതുവശത്ത്‌ കാണിച്ചിരിക്കുന്നു), അതായത്‌ ചെടികളുടെയും കാർഷിക വിളകളുടെയും നീര്‌ ഊറ്റിക്കുടിച്ച്‌ അവയെ നശിപ്പിക്കുന്ന തീരെ ചെറിയ, മൃദുശരീരത്തോടു കൂടിയ കീടങ്ങളെ, തിന്നാൻ ഇഷ്ടപ്പെടുന്നവയാണ്‌. പൂർണവളർച്ചയെത്തിയ ചില ലേഡിബേർഡുകൾക്ക്‌ തങ്ങളുടെ ജീവിതകാലത്ത്‌ ആയിരക്കണക്കിനു സസ്യപ്പേനുകളെ തിന്നൊടുക്കാനാകും. ലേഡിബേർഡിന്റെ ലാർവകളും ‘ശാപ്പാട്ടുവീരന്മാരാണ്‌.’ ഉപദ്രവകാരികളായ മറ്റനേകം കീടങ്ങളെയും ഭക്ഷണമാക്കുന്ന ഈ വണ്ടുകളിൽ ചിലത്‌ ചെടികൾക്ക്‌ കേടുവരുത്തുന്ന പൂപ്പൽപോലും വെറുതെവിടില്ല. ഉദ്യാനപാലകരും കർഷകരും ഇതിനെ സ്വാഗതം ചെയ്യുന്നതിന്റെ രഹസ്യം ഇപ്പോൾ മനസ്സിലായല്ലോ!

1800-കളുടെ അവസാനത്തോടെ ശൽക്കകീടം (cottony-cushion scale insect) എന്നൊരിനം കീടങ്ങൾ ഓസ്‌ട്രേലിയയിൽനിന്ന്‌ യു.എ⁠സ്‌.എ.-യിലെ കാലിഫോർണിയയിൽ യാദൃച്ഛികമായി എത്തിപ്പെട്ടു. അവ അവിടെ വളരെവേഗം പെരുകി, നാരകവർഗത്തിൽപ്പെട്ട സസ്യങ്ങളെല്ലാം നശിച്ച്‌ നാരക വ്യവസായംതന്നെ ഇല്ലാതായേക്കുമോ എന്നു തോന്നുംവിധം. സ്വദേശമായ ഓസ്‌ട്രേലിയയിൽ ഇവ വിളകൾക്ക്‌ യാതൊരു ഭീഷണിയും ഉയർത്തിയിരുന്നില്ല എന്ന്‌ അറിഞ്ഞുകൊണ്ട്‌ ഒരു കീടശാസ്‌ത്രജ്ഞൻ ഇവയുടെ പ്രകൃതിജന്യ ശത്രുവിനെ കണ്ടെത്താനായി അവിടേക്കു പോയി. അദ്ദേഹം ശത്രുവിനെ കണ്ടെത്തി, ഒരു ലേഡിബേർഡ്‌ വണ്ടായ വിഡേല്യ ആയിരുന്നു അത്‌. ഇത്തരത്തിൽപ്പെട്ട 500-ഓളം വണ്ടുകളെ കാലിഫോർണിയയിലേക്ക്‌ ഇറക്കുമതി ചെയ്‌തു. ഫലമോ? ഒരു വർഷത്തിനുള്ളിൽ ശൽക്കകീടങ്ങൾ ഏതാണ്ട്‌ നാമാവശേഷമായെന്നുതന്നെ പറയാം. അതോടെ നാരകക്കൃഷിയും രക്ഷപ്പെട്ടു.

ഒരു ലേഡിബേർഡിന്റെ ജീവനചക്രം

കാണാൻ ഭംഗിയുള്ള ഈ ചെറിയ വണ്ടിന്‌ വൃത്താകൃതിയോ ദീർഘവൃത്താകൃതിയോ ആണുള്ളത്‌. മുകൾഭാഗം കുടംകമഴ്‌ത്തിയതുപോലെയും അടിഭാഗം പരന്നതുമാണ്‌. വലിയ തീറ്റക്കൊതിയന്മാരാണെങ്കിലും ഇവയിൽ മിക്ക ഇനങ്ങൾക്കും അര ഇഞ്ചിൽ താഴെ നീളമേയുള്ളൂ. അവയുടെ കട്ടിയും തിളക്കവുമുള്ള മുൻചിറകുകൾ പറക്കാൻ സഹായിക്കുന്ന വളരെ മൃദുവായ പിൻചിറകുകളെ സംരക്ഷിക്കുന്ന ആവരണമായി ഉതകുന്നു. അതിനു പുറമേ ഈ വണ്ടുകൾക്ക്‌ വർണപ്പകിട്ടേകുകയും ചെയ്യുന്നു. പറക്കേണ്ടതുള്ളപ്പോൾ ചിറകടിക്ക്‌ തടസ്സമില്ലാത്ത വിധം മുൻചിറകുകൾ തുറന്നിരിക്കും. ചെമപ്പിൽ കറുപ്പു പുള്ളികളോടു കൂടിയവ ആയാണ്‌ മിക്കപ്പോഴും അവയെ ചിത്രീകരിക്കുന്നതെങ്കിലും 5,000-ത്തോളം ഇനങ്ങളിലുള്ള അവയ്‌ക്ക്‌ വ്യത്യസ്‌ത നിറങ്ങളും പുള്ളിക്കുത്തുകളുമാണ്‌ ഉള്ളത്‌. ചിലത്‌ മഞ്ഞയിലോ ഓറഞ്ചിലോ കറുത്ത പുള്ളിക്കുത്തുകൾ ഉള്ളവയാണ്‌. വേറെ ചിലതിന്‌ കറുപ്പിൽ ചെമന്ന പുള്ളികളാണുള്ളത്‌. ചിലതിന്‌ പുള്ളികളേയില്ല. ഇനി, വരകളോ കളങ്ങളോ ഉള്ളവയാണ്‌ മറ്റു ചിലവ.

പല ഇനങ്ങൾക്കും ഒരു വർഷത്തെ ആയുസ്സേ ഉള്ളൂ. പൂർണവളർച്ചയെത്തിയ വണ്ടുകൾ ശൈത്യകാലത്ത്‌ ശിശിരനിദ്രയിലായിരിക്കും. അതിന്‌ അവ ഈർപ്പരഹിതവും സുരക്ഷിതവുമായ ഒരു സ്ഥാനം തിരഞ്ഞെടുക്കുന്നു. ചൂടു തുടങ്ങുന്നതോടെ അവ ഉറക്കമുണർന്ന്‌ സസ്യപ്പേനുകളുള്ള ചെടികൾതേടി പറക്കുന്നു. ഇണചേരലിനുശേഷം പെൺവണ്ട്‌ മഞ്ഞനിറമുള്ള ഒരു കൂട്ടം ചെറിയ മുട്ടകൾ (വലതുവശത്ത്‌ കാണിച്ചിരിക്കുന്നു) ഇലയുടെ അടിഭാഗത്ത്‌ നിക്ഷേപിക്കുന്നു. സസ്യപ്പേനുകൾ ധാരാളമുള്ള ഒരു സ്ഥലമായിരിക്കും മുട്ടയിടുന്നതിനായി അവ തിരഞ്ഞെടുക്കുക. മുട്ട വിരിഞ്ഞ്‌ പുറത്തുവരുന്ന ഷഡ്‌പദങ്ങളായ ലാർവകൾക്ക്‌ ഒരു ലേഡിബേർഡിനോടുള്ളതിലും സാമ്യം ബീഭത്സമായ ചീങ്കണ്ണിയോടാണ്‌. (ഇടതുവശത്ത്‌ കാണിച്ചിരിക്കുന്നു). സദാസമയം തീറ്റയാണ്‌ ഈ സമയത്ത്‌ ഇതിന്റെ പണി. ഇങ്ങനെ സസ്യപ്പേനുകളെ തിന്ന്‌ ചീർക്കുന്നതിന്റെ ഫലമായി ഇവയുടെ തൊലി പൊട്ടുന്നു. തുടർന്ന്‌ പല തവണ പടംപൊഴിച്ചശേഷം അവ ഒരു ചെടിയിൽ പറ്റിപ്പിടിച്ച്‌ ഒരു സമാധികവചം സൃഷ്ടിക്കുന്നു. ഇങ്ങനെ സമാധിയിലായിരിക്കുന്ന ലാർവ വളർന്ന്‌ പൂർണവളർച്ചയെത്തിയ ജീവിയായി പുറത്തുവരുന്നു. ഈ ഘട്ടത്തിൽ ഇതിന്റെ ശരീരം മൃദുവും വിളറിയ നിറത്തോടു കൂടിയതുമായിരിക്കും. ശരീരം കട്ടിയാകുന്നതുവരെ ഇവ ചെടിയിൽത്തന്നെ കഴിഞ്ഞുകൂടുന്നു. ഒറ്റദിവസത്തിനുള്ളിൽത്തന്നെ അവയുടെ തനതായ സവിശേഷതകൾ പ്രത്യക്ഷമാകുന്നു.

വർണമനോഹരമായ ലേഡിബേർഡുകളെ ഒഴിവാക്കാൻ ശത്രുക്കൾ പഠിക്കുന്നു. അപകടം മണക്കുമ്പോൾ ഈ വണ്ട്‌ മഞ്ഞനിറവും ദുർഗന്ധവും വല്ലാത്ത അരുചിയുമുള്ള ഒരു ദ്രാവകം അതിന്റെ സന്ധികളിൽനിന്ന്‌ ചീറ്റിക്കുന്നു. പക്ഷികളെയോ ചിലന്തികളെയോ പോലുള്ള ഇരപിടിയന്മാർ ലേഡിബേർഡുമായുള്ള തങ്ങളുടെ ആദ്യത്തെ ‘കൂടിക്കാഴ്‌ച’ ഒരിക്കലും മറക്കില്ല. ഇവയുടെ കടുംനിറമാകട്ടെ എപ്പോഴും ഒരു ഓർമിപ്പിക്കലായി ഉതകുകയും ചെയ്യുന്നു.

പ്രശ്‌നക്കാരായ ലേഡിബേർഡുകൾ

കീടനിയന്ത്രണത്തിനായി ഉപയോഗിച്ചുകൊണ്ടിരുന്ന ഒരിനം ലേഡിബേർഡുതന്നെ ഇപ്പോൾ ഉപദ്രവകാരിയായി മാറിയിരിക്കുകയാണ്‌. ബഹുവർണ ഏഷ്യൻ ലേഡി ബീറ്റ്‌ൽ എന്നും വിളിക്കപ്പെടുന്ന ഹാർലിക്വൻ ലേഡിബേർഡ്‌ അതിന്റെ സ്വാഭാവിക ആവാസകേന്ദ്രമായ വടക്കുകിഴക്കൻ ഏഷ്യയിൽ മറ്റിനം ലേഡിബേർഡുകളോടൊപ്പം ഇണങ്ങിക്കഴിയുന്നു. സസ്യപ്പേനുകളോടും സസ്യങ്ങളെ ഉപദ്രവിക്കുന്ന മറ്റു കീടങ്ങളോടുമുള്ള അസാധാരണമായ ആർത്തിമൂലം ഇവയെ അടുത്തയിടെ വടക്കേ അമേരിക്കയിലും യൂറോപ്പിലും എത്തിച്ചു. സങ്കടകരമെന്നു പറയട്ടെ ഇവ, അന്നാട്ടുകാരായ ലേഡിബേർഡുകളുടെ ഭക്ഷണമെല്ലാം തിന്നുമുടിച്ച്‌ അവയ്‌ക്ക്‌ ഒരു ഭീഷണിയായിത്തീർന്നിരിക്കുകയാണ്‌. അതു മാത്രമല്ല, ഇഷ്ടമുള്ള ആഹാരപദാർഥങ്ങൾ തീർന്നുകഴിയുമ്പോൾ, ആർത്തിപൂണ്ട ഈ വണ്ടുകൾ​—⁠ഇവയെ നിയന്ത്രിക്കാൻ പ്രകൃതിജന്യ ശത്രുക്കളില്ല​—⁠അവിടെയുള്ള ലേഡിബേർഡുകളെയും ഉപകാരികളായ മറ്റു പ്രാണികളെയും വെട്ടിവിഴുങ്ങാൻ തുടങ്ങുന്നു. ചിലയിനം ലേഡിബേർഡുകൾ നാമാവശേഷമായേക്കുമെന്ന ആശങ്കയിലാണ്‌ കീടശാസ്‌ത്രജ്ഞർ. ഇതിനു പുറമേ, ഹാർലിക്വൻ ലേഡിബേർഡുകൾ, വിളവെടുപ്പിന്‌ പാകമായി നിൽക്കുന്ന പഴവർഗങ്ങൾ തിന്നുമുടിക്കുകയും തണുപ്പിൽനിന്നു രക്ഷനേടാനായി ശൈത്യകാലം ആരംഭിക്കുന്നതിനു മുമ്പ്‌ വീടുകളിലേക്ക്‌ കൂട്ടത്തോടെ ചെല്ലുകയും ചെയ്യുന്നു. ഇതും ഇവയുടെ ജനപ്രീതിക്ക്‌ മങ്ങലേൽക്കാൻ ഇടയാക്കിയിരിക്കുന്നു.

മറ്റു ചിലയിനം ലേഡിബേർഡുകൾ ഉപദ്രവകാരികളായ കീടങ്ങൾക്കു പകരം വിലയേറിയ വിളകൾ തിന്നു നശിപ്പിക്കാറുണ്ട്‌. എന്നിരുന്നാലും ബഹുഭൂരിഭാഗവും കർഷകർക്ക്‌ ഉപകാരികളാണ്‌.

ലേഡിബേർഡുകളെ വരവേൽക്കൂ

ലേഡിബേർഡുകളെ നിങ്ങളുടെ തോട്ടത്തിലേക്ക്‌ എങ്ങനെ ആകർഷിക്കാം? പ്രാദേശികമായ പൂച്ചെടികൾ പൂമ്പൊടിയുടെയും തേനിന്റെയും നല്ലൊരു ഉറവിടമാണ്‌. കുറച്ചു കളകളും ഒരു പരന്നപാത്രത്തിലെ അൽപ്പം വെള്ളവും അവയെ ആകർഷിക്കും. സാധ്യമെങ്കിൽ രാസകീടനാശിനികൾ ഉപയോഗിക്കാതിരിക്കുക. ശൈത്യകാലത്ത്‌ ചെടിയിൽ നിൽക്കുന്നതോ താഴെ വീണുകിടക്കുന്നതോ ആയ പഴുത്ത ഇലകൾ സുഖമായ ശിശിരനിദ്രയ്‌ക്കുള്ള ഇടങ്ങളായി ഉതകും. തോട്ടത്തിൽ കാണുന്ന വണ്ടുകളെയും മുട്ടകളെയും ഒന്നും നശിപ്പിക്കാതിരിക്കുക. ഒരുപക്ഷേ നിങ്ങൾ ലേഡിബേർഡിന്റെ അടുത്ത തലമുറയെ ആണു നശിപ്പിക്കുന്നതെങ്കിലോ?

ഓർമിക്കുക, ആകർഷകമായ ഈ കൊച്ചു ഷഡ്‌പദങ്ങളിൽ ഏതാനും എണ്ണം മതി നിങ്ങളുടെ തോട്ടത്തെ കീടവിമുക്തമായി സൂക്ഷിക്കാൻ, ഹാനികരമായ കീടനാശിനികളുടെ സഹായമില്ലാതെതന്നെ. അവയെ പരിരക്ഷിച്ചാൽ അവ പ്രത്യുപകാരം ചെയ്യുമെന്ന്‌ ഉറപ്പാണ്‌. ലേഡിബേർഡുകൾ നമ്മുടെ സ്രഷ്ടാവിന്റെ ജ്ഞാനത്തിന്‌ മറ്റൊരു ഉദാഹരണമാണ്‌. പിൻവരുംവിധം പറഞ്ഞപ്പോൾ സങ്കീർത്തനക്കാരൻ ആ ജ്ഞാനത്തെ അംഗീകരിക്കുകയായിരുന്നു: “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.”​—⁠സങ്കീർത്തനം 104:24.

[16-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

മുകളിൽ: © Waldhäusl/Schauhuber/Naturfoto-Online; ഇടത്തുള്ള രണ്ടെണ്ണം: Scott Bauer/Agricultural Research Service, USDA; മധ്യത്തിൽ: Clemson University - USDA Cooperative Extension Slide Series, www.insectimages.org; മുട്ടകൾ: Bradley Higbee, Paramount Farming, www.insectimages.org

[17-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

ഇടത്ത്‌: Jerry A. Payne, USDA Agricultural Research Service, www.insectimages.org; ഇടത്തുനിന്ന്‌ രണ്ടാമത്തേത്‌: Whitney Cranshaw, Colorado State University, www.insectimages.org; ഇടത്തുനിന്ന്‌ മൂന്നാമത്തേത്‌: Louis Tedders, USDA Agricultural Research Service, www.insectimages.org; ഇടത്തുനിന്ന്‌ നാലാമത്തേത്‌: Russ Ottens, The University of Georgia, www.insectimages.org; ലേഡിബേർഡുകൾ ഇലയിൽ: Scott Bauer/Agricultural Research Service, USDA