വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശാസ്‌ത്രം മനുഷ്യവർഗത്തെ രോഗവിമുക്തമാക്കുമോ?

ശാസ്‌ത്രം മനുഷ്യവർഗത്തെ രോഗവിമുക്തമാക്കുമോ?

ശാസ്‌ത്രം മനുഷ്യവർഗത്തെ രോഗവിമുക്തമാക്കുമോ?

ആധുനിക ശാസ്‌ത്രം മനുഷ്യവർഗത്തെ രോഗവിമുക്തമാക്കുമോ? രോഗങ്ങളൊന്നുമില്ലാത്ത ഒരു ലോകം മനുഷ്യൻതന്നെ കൊണ്ടുവരുന്ന ഒരു കാലത്തേക്കാണോ യെശയ്യാവിലെയും വെളിപ്പാടിലെയും പ്രവചനങ്ങൾ വിരൽചൂണ്ടുന്നത്‌? ആണെന്നാണ്‌ ചിലരുടെ പക്ഷം. ആരോഗ്യരംഗത്ത്‌ ഇതിനോടകം കൈവരിച്ചിരിക്കുന്ന നേട്ടങ്ങളാണ്‌ അതിന്‌ ഉപോദ്‌ബലകമായി അവർക്കുള്ളത്‌.

ഗവൺമെന്റുകളും പ്രൈവറ്റ്‌ ഏജൻസികളും ഐക്യരാഷ്‌ട്രസഭയുമായി ചേർന്ന്‌ രോഗങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ കൂടുതൽ ഊർജിതമായി ഏർപ്പെട്ടിരിക്കുകയാണ്‌. വികസ്വരരാജ്യങ്ങളിലെ കുട്ടികൾക്ക്‌ രോഗപ്രതിരോധ വാക്‌സിനുകൾ നൽകുക എന്നതാണ്‌ ഒറ്റക്കെട്ടായുള്ള ഈ ശ്രമത്തിന്റെ ഒരു ലക്ഷ്യം. ഐക്യരാഷ്‌ട്ര ശിശുക്ഷേമ നിധി പറയുന്നതനുസരിച്ച്‌, ഓരോ രാജ്യവും തങ്ങളുടെ ലക്ഷ്യം കൈവരിച്ചാൽ “2015-ഓടെ ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിൽ കഴിയുന്ന ഏഴു കോടിയിലധികം കുട്ടികൾക്ക്‌ പിൻവരുന്ന രോഗങ്ങളെ ചെറുക്കാനുള്ള വാക്‌സിനുകൾ ഓരോ വർഷവും ലഭിച്ചിരിക്കും: ക്ഷയരോഗം, തൊണ്ടമുള്ള്‌, ടെറ്റനസ്‌, വില്ലൻചുമ, അഞ്ചാംപനി, ജർമൻ അഞ്ചാംപനി, മഞ്ഞപ്പനി, ഹീമോഫെലസ്‌ ഇൻഫ്‌ളുവൻസ ടൈപ്പ്‌ ബി, ഹെപ്പറ്റൈറ്റിസ്‌ ബി, പോളിയോ, റോട്ടവൈറസ്‌, ന്യൂമോകോക്കസ്‌, മെനിൻഗോകോക്കസ്‌, ജാപ്പനീസ്‌ ഇൻസെഫലൈറ്റസ്‌.” വേണ്ടത്ര ശുദ്ധജലം, പോഷകസമൃദ്ധമായ ആഹാരം, ശുചിത്വം സംബന്ധിച്ച ബോധവത്‌കരണം എന്നിവപോലെ ആരോഗ്യരക്ഷയ്‌ക്ക്‌ ആവശ്യമായ അടിസ്ഥാന കാര്യങ്ങൾ ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിച്ചുവരുന്നു.

എന്നാൽ, ആരോഗ്യരക്ഷയ്‌ക്ക്‌ ഉതകുന്ന അടിസ്ഥാന കാര്യങ്ങളെക്കാളധികം നൽകാനാണ്‌ ശാസ്‌ത്രജ്ഞന്മാർ ആഗ്രഹിക്കുന്നത്‌. നൂതന സാങ്കേതികവിദ്യ വൈദ്യശാസ്‌ത്ര രംഗത്ത്‌ വിപ്ലവങ്ങൾ സൃഷ്ടിക്കുകയാണ്‌. ഓരോ എട്ടു വർഷംകൂടുമ്പോഴും ശാസ്‌ത്രജ്ഞന്മാരുടെ വൈദ്യശാസ്‌ത്രപരമായ അറിവ്‌ ഇരട്ടിയാകുന്നതായി പറയപ്പെടുന്നു. രോഗങ്ങളുമായുള്ള പോരാട്ടത്തിൽ കൈവരിച്ചിരിക്കുന്ന നവീനമായ ചില സാങ്കേതിക നേട്ടങ്ങൾക്കും അതുപോലെതന്നെ ഭാവിലക്ഷ്യങ്ങൾക്കും ഏതാനും ഉദാഹരണങ്ങളാണ്‌ താഴെ.

എക്‌സ്‌-റേ മുപ്പതിലധികം വർഷമായി ഡോക്ടർമാരും ആശുപത്രികളും സിറ്റി സ്‌കാൻ എന്നൊരു സാങ്കേതികത ഉപയോഗിക്കുന്നുണ്ട്‌. കംപ്യൂട്ടഡ്‌ ടോമോഗ്രഫി എന്നാണ്‌ സിറ്റിയുടെ പൂർണരൂപം. ആന്തരാവയവങ്ങളുടെ ത്രിമാന എക്‌സ്‌-റേ ചിത്രങ്ങൾ നൽകാൻ സിറ്റി സ്‌കാനറുകൾക്ക്‌ കഴിയും. ഇത്തരം ചിത്രങ്ങൾ രോഗനിർണയത്തിനും ആന്തരാവയവങ്ങളുടെ തകരാറുകൾ കണ്ടുപിടിക്കുന്നതിനും സഹായകമാണ്‌.

റേഡിയേഷൻ മൂലമുണ്ടായേക്കാവുന്ന പ്രശ്‌നങ്ങളോടു ബന്ധപ്പെട്ട വിവാദങ്ങൾ ഉണ്ടെങ്കിലും, വളർന്നുകൊണ്ടിരിക്കുന്ന ഈ സാങ്കേതികവിദ്യയുടെ ഭാവിപ്രയോജനങ്ങളെക്കുറിച്ച്‌ വൈദ്യശാസ്‌ത്ര വിദഗ്‌ധർക്ക്‌ ശുഭപ്രതീക്ഷയാണുള്ളത്‌. ചിക്കാഗോ യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റലിലെ ഒരു റേഡിയോളജി പ്രൊഫസറായ മൈക്കിൾ വനീർ ഇങ്ങനെ പറയുന്നു: “കഴിഞ്ഞ ഏതാനും വർഷത്തെ പുരോഗതിതന്നെ അമ്പരപ്പിക്കുന്നതാണ്‌.”

സിറ്റി സ്‌കാനറുകൾ ഇപ്പോൾ വേഗമേറിയവയും ഏറെ കൃത്യതയുള്ളവയും ആണെന്നു മാത്രമല്ല അവയുടെ ചെലവു താങ്ങാവുന്നവയുമാണ്‌. അത്യാധുനിക സ്‌കാനിങ്‌ രീതികളുടെ ഏറ്റവും വലിയ ഒരു പ്രയോജനമാണ്‌ അതിന്റെ സ്‌പീഡ്‌. ഹൃദയം സ്‌കാൻ ചെയ്യുമ്പോൾ ഇതു പ്രത്യേകിച്ചും സഹായകമാണ്‌. ഹൃദയം സദാ മിടിച്ചുകൊണ്ടിരിക്കുന്നതിനാൽ അതിന്റെ എക്‌സ്‌-റേ ചിത്രങ്ങൾ മിക്കപ്പോഴും അവ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ കൃത്യമായ രോഗനിർണയവും ബുദ്ധിമുട്ടായിരുന്നു. ന്യൂ സയന്റിസ്റ്റ്‌ മാസിക പറയുന്നതനുസരിച്ച്‌, പുതിയ സ്‌കാനറുകൾക്ക്‌ “ശരീരത്തിനുചുറ്റും ഒന്നു കറങ്ങിവരാൻ ഒരു സെക്കൻഡിന്റെ മൂന്നിലൊന്നു സമയം മാത്രമേ വേണ്ടൂ. അത്‌ ഹൃദയം ഒന്നു മിടിക്കുന്നതിനെക്കാൾ വേഗത്തിലായതിനാൽ” അതീവ കൃത്യതയുള്ള ചിത്രങ്ങളാണ്‌ ലഭിക്കുന്നത്‌.

അത്യാധുനിക സ്‌കാനറുകളുടെ സഹായത്താൽ ഡോക്ടർമാർക്ക്‌ ആന്തരാവയവങ്ങളുടെ ഘടനാപരമായ വിശദാംശങ്ങൾ കാണാനാകുമെന്നു മാത്രമല്ല ഓരോ ഭാഗത്തും നടക്കുന്ന ജൈവരസതന്ത്ര പ്രവർത്തനത്തെക്കുറിച്ചു മനസ്സിലാക്കാനും കഴിയും. കാൻസറിനെ ആദ്യഘട്ടങ്ങളിൽത്തന്നെ കണ്ടുപിടിക്കാൻ ഈ സാങ്കേതികവിദ്യയിലൂടെ സാധിച്ചേക്കും.

റോബോട്ടുകളെ ഉപയോഗിച്ചുള്ള ശസ്‌ത്രക്രിയ ശാസ്‌ത്രകൽപ്പിതകഥകളിൽ മാത്രം നിറഞ്ഞുനിന്നിരുന്ന അതിസങ്കീർണമായ റോബോട്ടുകൾ, ഇപ്പോൾ വൈദ്യശാസ്‌ത്രമേഖലയിൽ അതിന്റെ സാന്നിധ്യം അറിയിക്കാൻ തുടങ്ങിയിരിക്കുന്നു. റോബോട്ടുകളുടെ സഹായത്തോടെ ആയിരക്കണക്കിന്‌ ശസ്‌ത്രക്രിയകൾ ഇപ്പോൾത്തന്നെ നടത്തപ്പെടുന്നുണ്ട്‌. ചില കേസുകളിൽ സർജന്മാർ ശസ്‌ത്രക്രിയ നിർവഹിക്കുന്നത്‌ റിമോട്ട്‌-കൺട്രോൾ സംവിധാനം ഉപയോഗിച്ചാണ്‌, അങ്ങനെ അവർക്ക്‌ റോബോട്ടുകളുടെ പല കൈകൾ ഒരേ സമയം ഉപയോഗപ്പെടുത്താനാകുന്നു. റോബോട്ടിന്റെ കൈകളിൽ കത്തി, കത്രിക, ക്യാമറകൾ, കോട്ടറി എന്നിവയും മറ്റു ശസ്‌ത്രക്രിയ ഉപകരണങ്ങളും ഉണ്ടായിരിക്കും. അങ്ങേയറ്റം സങ്കീർണമായ ശസ്‌ത്രക്രിയകൾ അതീവ കൃത്യതയോടെ ചെയ്യാൻ ഈ സാങ്കേതികവിദ്യ സർജന്മാരെ സഹായിക്കുന്നു. “സാധാരണരീതിയുള്ള ശസ്‌ത്രക്രിയയ്‌ക്കു വിധേയരാകുന്നവരെ അപേക്ഷിച്ച്‌ റോബോട്ടുകളുടെ സഹായത്തോടെയുള്ള ശസ്‌ത്രക്രിയകൾക്ക്‌ വിധേയരാകുന്ന രോഗികൾക്ക്‌ രക്തനഷ്ടവും വേദനയും കുറവാണ്‌, അവർക്ക്‌ വേഗം ആശുപത്രി വിടാനാകുന്നു, ചുരുങ്ങിയ കാലംകൊണ്ട്‌ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കുന്നു, മാത്രമല്ല മറ്റു പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവുമാണ്‌,” ന്യൂസ്‌വീക്ക്‌ മാസിക റിപ്പോർട്ടു ചെയ്യുന്നു.

നാനോമെഡിസിൻ വൈദ്യശാസ്‌ത്രരംഗത്ത്‌ നാനോടെക്‌നോളജി പ്രയോഗിക്കുന്നതിനെയാണ്‌ നാനോമെഡിസിൻ എന്നു പറയുന്നത്‌. അതിസൂക്ഷ്‌മ വസ്‌തുക്കളെ നിർമിക്കുകയും കൈകാര്യംചെയ്യുകയും ചെയ്യുന്ന ഒരു ശാസ്‌ത്ര സാങ്കേതികവിദ്യയാണ്‌ നാനോടെക്‌നോളജി. ഈ സാങ്കേതികവിദ്യയിൽ ഉപയോഗിക്കുന്ന അളവിനെ നാനോമീറ്റർ എന്നാണു പറയുന്നത്‌, അതായത്‌ ഒരു മീറ്ററിന്റെ 100 കോടിയിൽ ഒരംശം. *

നിങ്ങൾ ഇപ്പോൾ വായിക്കുന്ന കടലാസിന്‌ ഏതാണ്ട്‌ 1,00,000 നാനോമീറ്ററും മനുഷ്യന്റെ മുടിനാരിന്‌ ഏകദേശം 80,000 നാനോമീറ്ററും ഘനം ഉണ്ടെന്നു പറയുമ്പോൾ നാനോയുടെ അളവു നിങ്ങൾക്ക്‌ ഊഹിക്കാമല്ലോ. അരുണ രക്താണുവിന്റെ വ്യാസം ഏതാണ്ട്‌ 2,500 നാനോമീറ്ററാണ്‌. ഒരു ബാക്ടീരിയത്തിന്‌ ഏതാണ്ട്‌ 1,000 നാനോമീറ്ററും വൈറസിന്‌ ഏതാണ്ട്‌ 100 നാനോമീറ്ററും നീളമുണ്ട്‌. നിങ്ങളുടെ ഡിഎൻഎയുടെ വ്യാസം ഏകദേശം 2.5 നാനോമീറ്ററാണ്‌.

മനുഷ്യശരീരത്തിനുള്ളിൽ കടന്ന്‌ ചികിത്സ നടത്താൻപോന്ന അതിസൂക്ഷ്‌മ ഉപകരണങ്ങൾ വികസിപ്പിച്ചെടുക്കാൻ സമീപഭാവിയിൽ ശാസ്‌ത്രജ്ഞന്മാർക്കു കഴിയുമെന്ന്‌ ഈ സാങ്കേതികവിദ്യയുടെ വക്താക്കൾ വിശ്വസിക്കുന്നു. നാനോമെഷീനുകൾ എന്നു പലപ്പോഴും വിളിക്കപ്പെടുന്ന ഈ കൊച്ചു റോബോട്ടുകൾക്ക്‌ പ്രത്യേക നിർദേശങ്ങൾ പ്രോഗ്രാം ചെയ്‌തിരിക്കുന്ന അതിസൂക്ഷ്‌മ കമ്പ്യൂട്ടറുകളുണ്ടാകും. അതിസങ്കീർണമായ ഈ മെഷീനുകൾ 100 നാനോമീറ്ററിലധികം വലുപ്പമില്ലാത്ത ഘടകങ്ങൾ ഉപയോഗിച്ചായിരിക്കും നിർമിക്കപ്പെടുക, അതായത്‌ ഒരു അരുണാണുവിന്റെ വ്യാസത്തിന്റെ വെറും 25-ൽ ഒന്ന്‌ വലുപ്പം!

ഈ നാനോ മെഷീനുകൾ വളരെ ചെറുതായതിനാൽ അവയ്‌ക്ക്‌ നേർത്ത ലോമികകളിലൂടെ സഞ്ചരിച്ച്‌ വിളർച്ച ബാധിച്ച കലകൾക്ക്‌ ഓക്‌സിജൻ എത്തിച്ചുകൊടുക്കാനും രക്തക്കുഴലുകളിലെ തടസ്സങ്ങളും മസ്‌തിഷ്‌ക കോശങ്ങളിൽ രൂപപ്പെടുന്ന ഹാനികരമായ വസ്‌തുക്കളും നീക്കംചെയ്യാനും വൈറസുകളെയും ബാക്ടീരിയയെയും മറ്റ്‌ രോഗകാരികളെയും തിരഞ്ഞുപിടിച്ച്‌ നശിപ്പിക്കാനുംപോലും കഴിയുന്ന ഒരു കാലം വരുമെന്ന്‌ കരുതപ്പെടുന്നു. ചില പ്രത്യേക കോശങ്ങൾക്കു മാത്രമായി മരുന്നുകൾ നേരിട്ട്‌ എത്തിച്ചുകൊടുക്കാനും നാനോമെഷീനുകളെ ഉപയോഗപ്പെടുത്തിയേക്കാം.

അർബുദരോഗ നിർണയത്തിൽ വലിയൊരു ചുവടുവെപ്പു നടത്താൻ നാനോമെഡിസിൻ സഹായിക്കുമെന്നാണ്‌ ശാസ്‌ത്രജ്ഞന്മാർ പ്രവചിക്കുന്നത്‌. വൈദ്യശാസ്‌ത്രം, ഭൗതികശാസ്‌ത്രം, ബയോമെഡിക്കൽ എൻജിനീയറിങ്‌ എന്നീ മേഖലകളിലെ ഒരു പ്രൊഫസറായ ഡോ. സാമുവൽ വിക്‌ലൈനിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “മുൻകാലത്തെ അപേക്ഷിച്ച്‌ കാൻസറിനെ മുളയിലേ കണ്ടെത്തി അതിശക്തമായ മരുന്നുകൾകൊണ്ട്‌ പ്രസ്‌തുത കോശങ്ങളെ മാത്രമായി ചികിത്സിക്കാനും അതേസമയം ഹാനികരമായ ഏതൊരു പാർശ്വഫലങ്ങളെയും കുറയ്‌ക്കാനും അനന്തസാധ്യതകളാണുള്ളത്‌.”

ഇതൊരു ഭാവന മാത്രമാണെന്നു തോന്നാമെങ്കിലും നാനോമെഡിസിൽ ഒരു യാഥാർഥ്യമായിത്തീരുമെന്നുതന്നെയാണ്‌ ചില ശാസ്‌ത്രജ്ഞന്മാർ വിശ്വസിക്കുന്നത്‌. ജീവകോശങ്ങളുടെ തന്മാത്രാഘടനയുടെ കേടുപോക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനുമായി നാനോടെക്‌നോളജിയെ അടുത്ത ഒരു ദശാബ്ദത്തിനുള്ളിൽ ഉപയുക്തമാക്കാൻ കഴിയുമെന്നാണ്‌ ഈ മേഖലയിൽ ശ്രദ്ധേയമായ ഗവേഷണങ്ങൾ നടത്തുന്നവരുടെ പ്രതീക്ഷ. മറ്റൊരു വ്യക്തി ഇങ്ങനെ പറയുന്നു: “നാനോമെഡിസിൻ 20-ാം നൂറ്റാണ്ടിൽ സർവസാധാരണമായി കണ്ടുവരുന്ന മിക്കവാറും എല്ലാ രോഗങ്ങളും അതുപോലെതന്നെ ചികിത്സയോടനുബന്ധിച്ച്‌ രോഗിക്ക്‌ അനുഭവിക്കേണ്ടിവരുന്ന സകല വേദനകളും കഷ്ടപ്പാടുകളും ഉന്മൂലനം ചെയ്യുകയും മനുഷ്യന്റെ പ്രാപ്‌തികളുടെ കൂടുതലായ വികാസം സാധ്യമാക്കുകയും ചെയ്യും.” നാനോമെഡിസിൻ മൃഗങ്ങളിൽ വിജയകരമായി പരീക്ഷിക്കാനായെന്ന്‌ ചില ശാസ്‌ത്രജ്ഞന്മാർ ഇപ്പോൾത്തന്നെ റിപ്പോർട്ടു ചെയ്യുന്നുണ്ട്‌.

ജിനോമിക്‌സ്‌ ജീനിന്റെ ഘടനയെക്കുറിച്ചുള്ള പഠനമാണ്‌ ജിനോമിക്‌സ്‌. മനുഷ്യശരീരത്തിലെ എല്ലാ കോശങ്ങളിലും ജീവന്‌ അത്യന്താപേക്ഷിതമായ നിരവധി ഘടകങ്ങൾ നിറഞ്ഞിരിക്കുന്നു. അതിലൊന്ന്‌ ജീൻ ആണ്‌. ഉയരം, മുടിയുടെ നിറവും പ്രകൃതിയും, തൊലിയുടെയും കണ്ണിന്റെയും നിറം, ശാരീരികമായ മറ്റു സവിശേഷതകൾ എന്നിവയെല്ലാം നിശ്ചയിക്കുന്നത്‌ നമ്മിൽ ഓരോരുത്തരിലുമുള്ള 35,000-ത്തോളം ജീനുകളാണ്‌. നമ്മുടെ ആന്തരിക അവയവങ്ങളുടെ കാര്യക്ഷമത നിശ്ചയിക്കുന്നതിലും ജീൻ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്‌.

ജീനുകൾക്ക്‌ ഉണ്ടാകുന്ന തകരാറ്‌ നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ജനിതകതകരാറാണ്‌ വാസ്‌തവത്തിൽ സകല രോഗങ്ങൾക്കും കാരണം എന്നു ചില ഗവേഷകർ വിശ്വസിക്കുന്നു. ഇത്തരത്തിലുള്ള ചില ജീനുകൾ നമ്മുടെ മാതാപിതാക്കളിൽനിന്നു ലഭിച്ചവയാണ്‌. മറ്റുള്ളവയാകട്ടെ, പരിസ്ഥിതിയിലെ ഹാനികരമായ ഘടകങ്ങൾ നിമിത്തം തകരാറു സംഭവിക്കുന്നവയാണ്‌.

ഒരു വ്യക്തിക്കു രോഗം വരുത്താൻ സാധ്യതയുള്ള ജീനുകളെ അധികം താമസിയാതെ തങ്ങൾക്കു തിരിച്ചറിയാൻ കഴിയുമെന്നാണ്‌ ശാസ്‌ത്രലോകത്തിന്റെ പ്രതീക്ഷ. ചില വ്യക്തികൾക്ക്‌ കാൻസർ വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച്‌ ഏറെയായിരിക്കുന്നതിന്റെയും ചിലരിൽ ചില പ്രത്യേകതരം കാൻസർ ഏറെ ഗുരുതരമായിരിക്കുന്നതിന്റെയും കാരണം മനസ്സിലാക്കാൻ ഇത്‌ ഡോക്ടർമാരെ സഹായിക്കും. ചിലരിൽ ചില മരുന്നു ഫലിക്കുകയും എന്നാൽ അതേ മരുന്ന്‌ മറ്റുള്ളവരിൽ ഫലിക്കാതിരിക്കുകയും ചെയ്യുന്നതിന്റെ കാരണവും ജീനോമിക്‌സ്‌ വെളിപ്പെടുത്തിയേക്കാം.

ജീനിനെ സംബന്ധിച്ച അത്തരം നിർദിഷ്ട വിവരങ്ങൾ, വ്യക്തിഗത ചികിത്സ ലഭ്യമാക്കാൻ സഹായിച്ചേക്കാം. ഈ സാങ്കേതികവിദ്യ നിങ്ങൾക്ക്‌ എങ്ങനെ പ്രയോജനം ചെയ്‌തേക്കാം? നിങ്ങളുടെ ജീനിന്റെ തനതായ സവിശേഷതകൾ കണക്കിലെടുത്ത്‌ അതിനനുസൃതമായി ചികിത്സയെ പൊരുത്തപ്പെടുത്തുന്നതാണ്‌ വ്യക്തിഗത ചികിത്സയിൽ ഉൾപ്പെട്ടിരിക്കുന്നത്‌. ഉദാഹരണത്തിന്‌, നിങ്ങൾക്ക്‌ ഭാവിയിൽ ഒരു പ്രത്യേക രോഗം വരാൻ സാധ്യതയുണ്ടെന്ന്‌ നിങ്ങളുടെ ജീനിനെക്കുറിച്ചുള്ള പഠനം വെളിപ്പെടുത്തിയാൽ, രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നതിനു മുമ്പുതന്നെ ഡോക്ടർമാർക്ക്‌ അതു തിരിച്ചറിയാനാകും. രോഗം പ്രത്യക്ഷപ്പെടുന്നതിനു മുമ്പ്‌ ശരിയായ ചികിത്സ, ആഹാരക്രമം, ശീലങ്ങളിലെ മാറ്റം എന്നിവയിൽ ശ്രദ്ധിച്ചാൽ രോഗം വരുന്നതിനെത്തന്നെ തടയാനായേക്കുമെന്ന്‌ ഇതിന്റെ വക്താക്കൾ അഭിപ്രായപ്പെടുന്നു.

മരുന്നു കഴിച്ചാൽ എന്തെങ്കിലും വിപരീതഫലം ഉണ്ടായേക്കുമോയെന്നു മനസ്സിലാക്കാനും ജനിതക വിവരങ്ങൾക്കു ഡോക്ടർമാരെ സഹായിക്കാനായേക്കും. നിങ്ങളുടെ പ്രത്യേക സാഹചര്യത്തിനു യോജിച്ച കൃത്യമായ മരുന്നും അവയുടെ അളവും നിർദേശിക്കാൻ അതുമൂലം ഡോക്ടർമാർക്കു സാധിച്ചേക്കാം. ദ ബോസ്റ്റൺ ഗ്ലോബ്‌ വർത്തമാനപത്രം പറയുന്നതനുസരിച്ച്‌, “2020-ഓടെ, ഇന്ന്‌ ഏതൊരാൾക്കും വിഭാവനചെയ്യാനാകുന്നതിലും വിപുലമായ തലത്തിൽ [വ്യക്തിഗത ചികിത്സ] പ്രയോഗിക്കപ്പെട്ടേക്കാം. പ്രമേഹം, ഹൃദ്രോഗം, അൽഷിമേഴ്‌സ്‌, സ്‌കിറ്റ്‌സോഫ്രീനിയ എന്ന ഒരുതരം കടുത്ത മാനസികരോഗം എന്നിവയ്‌ക്കും നമ്മുടെ സമൂഹത്തെ കാർന്നുതിന്നുന്ന മറ്റു പല ആരോഗ്യപ്രശ്‌നങ്ങൾക്കും ഓരോ വ്യക്തിയുടെയും ജീനിന്‌ അനുസൃതമായി പുതിയ മരുന്നുകൾ വികസിപ്പിക്കപ്പെടും.”

ഭാവിയിൽ സാധ്യമായിത്തീരുമെന്നു ശാസ്‌ത്രലോകം വാഗ്‌ദാനം ചെയ്യുന്ന സാങ്കേതിക വിദ്യകൾക്കുള്ള ചില ഉദാഹരണങ്ങൾ മാത്രമാണ്‌ മേൽപ്പറഞ്ഞവ. വളരെ വേഗത്തിലാണ്‌ വൈദ്യശാസ്‌ത്രരംഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്‌. എങ്കിലും സമീപഭാവിയിൽ എപ്പോഴെങ്കിലും രോഗങ്ങളെ പൂർണമായി തുടച്ചുനീക്കാൻ കഴിയുമെന്നു ശാസ്‌ത്രജ്ഞർ പ്രതീക്ഷിക്കുന്നില്ല. മറികടക്കാനാവാത്തതായി തോന്നുന്ന നിരവധി പ്രതിബന്ധങ്ങൾ ഇനിയുമുണ്ട്‌.

മറികടക്കാനാവാത്തതായി തോന്നുന്ന പ്രതിബന്ധങ്ങൾ

മനുഷ്യന്റെ പ്രവർത്തനങ്ങൾ, രോഗങ്ങളെ തുടച്ചുനീക്കുന്നതിലുള്ള പുരോഗതിയെ മന്ദഗതിയിലാക്കിയേക്കാം. ഉദാഹരണത്തിന്‌, ചില ആവാസവ്യവസ്ഥകൾക്ക്‌ മനുഷ്യൻ ഏൽപ്പിച്ച കേടുപാടുകൾ പുതിയതും അപകടകരവുമായ രോഗങ്ങൾക്ക്‌ ഇടയാക്കിയിട്ടുണ്ടെന്ന്‌ ശാസ്‌ത്രജ്ഞന്മാർ വിശ്വസിക്കുന്നു. ന്യൂസ്‌വീക്ക്‌ മാസിക നടത്തിയ ഒരു അഭിമുഖത്തിൽ വൈൽഡ്‌ലൈഫ്‌ ട്രസ്റ്റിന്റെ പ്രസിഡന്റായ മേരി പേൾ ഇങ്ങനെ വിശദീകരിച്ചു: “1970-കളുടെ മധ്യഭാഗംമുതൽ എയ്‌ഡ്‌സ്‌, ഇബോള, ലൈം രോഗം, സാർസ്‌ എന്നിങ്ങനെ അപകടകരമായ 30-ലധികം പുതിയ രോഗങ്ങളാണ്‌ രംഗത്തുവന്നിരിക്കുന്നത്‌. ഇവയിൽ മിക്കവയും വന്യമൃഗങ്ങളിൽനിന്നു മനുഷ്യരിലേക്ക്‌ പടർന്നതാണെന്നു കരുതപ്പെടുന്നു.”

അതു മാത്രമല്ല, പണ്ടത്തെ അപേക്ഷിച്ച്‌ ആളുകൾ ഇന്ന്‌ പഴങ്ങളും പച്ചക്കറികളും അധികം കഴിക്കാറില്ല, അതേസമയം പഞ്ചസാരയും ഉപ്പും പൂരിത കൊഴുപ്പും ഏറെ അകത്താക്കുകയും ചെയ്യുന്നു. ഒപ്പം, ശാരീരികാധ്വാനത്തിന്റെ കുറവും അനാരോഗ്യകരമായ മറ്റു ശീലങ്ങളും ഹൃദയ സംബന്ധമായ രോഗങ്ങൾ വർധിക്കാൻ ഇടയാക്കിയിരിക്കുന്നു. പുകവലി ഇന്നു വർധിച്ചുവരികയാണ്‌. അത്‌ ഗോളവ്യാപകമായി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും കോടിക്കണക്കിന്‌ മരണങ്ങൾക്കും കാരണമാകുന്നു. ഓരോ വർഷവും വാഹനാപകടങ്ങളിൽ രണ്ടു കോടിയോളം ആളുകൾക്ക്‌ ഗുരുതരമായ പരിക്കോ മരണമോ സംഭവിക്കുന്നു. യുദ്ധവും മറ്റ്‌ അക്രമപ്രവർത്തനങ്ങളും അസംഖ്യം ആളുകളുടെ ജീവൻ അപഹരിക്കുകയോ അവരെ അംഗഹീനരാക്കുകയോ ചെയ്യുന്നു. മദ്യവും മയക്കുമരുന്നും ദശലക്ഷങ്ങളുടെ ആരോഗ്യം കാർന്നുതിന്നുന്നു.

കാരണം എന്തുതന്നെ ആയിരുന്നാലും വൈദ്യശാസ്‌ത്രരംഗം എത്രതന്നെ പുരോഗതി കൈവരിച്ചാലും കുറെ രോഗങ്ങൾ മനുഷ്യവർഗത്തിന്‌ തുടർന്നും ഒരു ദുരിതകാരണമായിരിക്കും എന്നതാണ്‌ വസ്‌തുത. ലോകാരോഗ്യസംഘടന പറയുന്നതനുസരിച്ച്‌ ‘15 കോടിയിലധികം ആളുകൾ ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ വിഷാദം അനുഭവിക്കുന്നവരും, ഏതാണ്ട്‌ രണ്ടു കോടി 50 ലക്ഷം പേർ സ്‌കിറ്റ്‌സോഫ്രീനിയ എന്ന മനോരോഗത്തിന്റെയും മൂന്നു കോടി 80 ലക്ഷം പേർ അപസ്‌മാരത്തിന്റെയും പിടിയിലുമാണ്‌.’ എച്ച്‌ഐവി/എയ്‌ഡ്‌സ്‌, അതിസാര രോഗങ്ങൾ, മലമ്പനി, അഞ്ചാംപനി, ന്യുമോണിയ, ക്ഷയരോഗം എന്നിവ ദശലക്ഷങ്ങളെ ബാധിക്കുകയും അസംഖ്യം കുട്ടികളെയും യുവപ്രായക്കാരെയും കൊന്നൊടുക്കുകയും ചെയ്യുന്നു.

രോഗനിവാരണ മാർഗത്തിൽ മറികടക്കാനാവാത്തതായി കാണപ്പെടുന്ന മറ്റു പ്രതിബന്ധങ്ങളുമുണ്ട്‌. ദാരിദ്ര്യവും അഴിമതി നിറഞ്ഞ ഭരണകൂടങ്ങളുമാണ്‌ രണ്ടു വലിയ തടസ്സങ്ങൾ. ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയും ധനവിനിയോഗത്തിലുള്ള പാകപ്പിഴയും ഇല്ലായിരുന്നെങ്കിൽ പകർച്ചവ്യാധികളാൽ മരിക്കുന്ന ദശലക്ഷക്കണക്കിനാളുകളുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന്‌ ലോകാരോഗ്യസംഘടനയുടെ അടുത്തകാലത്തെ ഒരു റിപ്പോർട്ടു പ്രസ്‌താവിക്കുകയുണ്ടായി.

ശാസ്‌ത്രവിജ്ഞാനവും വൈദ്യശാസ്‌ത്ര സാങ്കേതികവിദ്യയിലെ നാടകീയമായ പുരോഗതിയും ഈ പ്രതിബന്ധങ്ങൾ തരണം ചെയ്യാൻ സഹായിക്കുമോ? രോഗങ്ങളില്ലാത്ത ഒരു ലോകം പെട്ടെന്നുതന്നെ നമുക്കു കാണാനാകുമോ? മേൽപ്പറഞ്ഞ കാര്യങ്ങൾ അതിന്‌ വ്യക്തമായൊരു ഉത്തരം നൽകുന്നില്ല എന്നതു ശരിതന്നെ. എന്നിരുന്നാലും ഇതിനുള്ള വ്യക്തമായ ഉത്തരം ബൈബിളിലുണ്ട്‌. രോഗങ്ങളില്ലാത്ത ഒരു ഭാവിയെക്കുറിച്ച്‌ അതു പറയുന്നതെന്താണെന്ന്‌ അറിയാൻ തുടർന്നു വായിക്കുക.

[അടിക്കുറിപ്പ്‌]

^ ഖ. 10 “നാനോ” എന്നതിന്റെ അർഥം “100 കോടിയിൽ ഒന്ന്‌” എന്നാണ്‌. കുള്ളൻ എന്നതിനുള്ള ഒരു ഗ്രീക്കു പദത്തിൽനിന്നാണ്‌ ഈ പദം വന്നിരിക്കുന്നത്‌.

[7-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

എക്‌സ്‌-റേ

മനുഷ്യശരീരത്തിന്റെ വ്യക്തവും ഏറെ കൃത്യവുമായ ചിത്രങ്ങൾ, രോഗങ്ങൾ ആദ്യദശയിൽത്തന്നെ കണ്ടെത്താൻ സഹായിച്ചേക്കും

[കടപ്പാട്‌]

© Philips

Siemens AG

റോബോട്ടുകളെ ഉപയോഗിച്ചുള്ള ശസ്‌ത്രക്രിയ

സങ്കീർണമായ ശസ്‌ത്രക്രിയകൾ അതീവ കൃത്യതയോടെ നിർവഹിക്കാൻ ശസ്‌ത്രക്രിയാ ഉപകരണങ്ങളാൽ സജ്ജരായ റോബോട്ടുകൾ ഡോക്ടർമാരെ സഹായിക്കുന്നു

[കടപ്പാട്‌]

© 2006 Intuitive Surgical, Inc.

നാനോമെഡിസിൻ

മനുഷ്യനിർമിതമായ അതിസൂക്ഷ്‌മ മെഷീനുകൾ കോശതലത്തിലുള്ള രോഗചികിത്സയ്‌ക്കു ഡോക്ടർമാരെ സഹായിച്ചേക്കാം. അരുണ രക്താണുവിന്റെ ധർമം അനുകരിക്കാൻ കഴിവുള്ള ഒരു നാനോമെഷീൻ കലാകാരന്റെ ഭാവനയിൽ

[കടപ്പാട്‌]

കലാകാരൻ: Vik Olliver (vik@diamondage.co.nz)/ രൂപസംവിധായകൻ: Robert Freitas

ജിനോമിക്‌സ്‌

ഒരു വ്യക്തിയുടെ ജീനിന്റെ ഘടന പഠിക്കുന്നതിലൂടെ, ഏതെങ്കിലും രോഗലക്ഷണം പ്രകടമാകുന്നതിനു മുമ്പുതന്നെ രോഗനിർണയം നടത്തി ചികിത്സ നൽകാനാകുമെന്ന പ്രതീക്ഷയിലാണ്‌ ശാസ്‌ത്രലോകം

[കടപ്പാട്‌]

ക്രോമോസോമുകൾ: © Phanie/ Photo Researchers, Inc.

[8, 9 പേജുകളിലെ ചതുരം]

സ്വൈരവിഹാരം നടത്തുന്ന ആറ്‌ കൊലയാളികൾ

വൈദ്യശാസ്‌ത്രപരമായ അറിവും അനുബന്ധ സാങ്കേതികവിദ്യകളും അഭൂതപൂർവമായ രീതിയിലാണ്‌ വളരുന്നത്‌. എങ്കിലും പകർച്ചവ്യാധികൾ ലോകത്തെ കാർന്നുതിന്നുകൊണ്ടിരിക്കുകയാണ്‌. താഴെ പറഞ്ഞിരിക്കുന്ന കൊലയാളിരോഗങ്ങളെ ഇനിയും കീഴ്‌പെടുത്താനായിട്ടില്ല.

എച്ച്‌ഐവി /എയ്‌ഡ്‌സ്‌

ആറു കോടിയോളം ആളുകൾ ഇതുവരെ എയ്‌ഡ്‌സ്‌ വൈറസിന്റെ പിടിയിലകപ്പെട്ടിട്ടുണ്ട്‌, രണ്ട്‌ കോടിയോളം ഇതിനോടകംതന്നെ മരണത്തിന്‌ അടിയറ പറഞ്ഞിരിക്കുന്നു. 2005-ൽ 50 ലക്ഷം പേർക്കാണ്‌ പുതുതായി ഈ രോഗം ബാധിച്ചത്‌, 30 ലക്ഷത്തിലധികം പേർ എയ്‌ഡ്‌സുമായി ബന്ധപ്പെട്ട കാരണങ്ങളാൽ മരിക്കുകയും ചെയ്‌തു. ഇതിൽ 5,00,000-ത്തിലധികം കുട്ടികളുമുണ്ട്‌. എച്ച്‌ഐവി ബാധിച്ച ബഹുഭൂരിപക്ഷത്തിനും വേണ്ട ചികിത്സ തേടാനാകുന്നില്ല.

അതിസാരം

ദരിദ്രർക്കിടയിലെ മുഖ്യകൊലയാളി എന്ന്‌ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നു. കാരണം, പ്രതിവർഷം 400 കോടിയോളം ആളുകളെയാണ്‌ ഇതു ബാധിക്കുന്നത്‌. മലിനമായ ജലം, ആഹാരം, ശുചിത്വത്തിന്റെ അഭാവം എന്നിവ മൂലമുള്ള പകർച്ചവ്യാധികളാണ്‌ ഇതിനിടയാക്കുന്നത്‌. വർഷംതോറും 20 ലക്ഷം-ത്തിലധികം പേരാണ്‌ ഈ വിധത്തിൽ മരണമടയുന്നത്‌.

മലമ്പനി

പ്രതിവർഷം ഏതാണ്ട്‌ 30 കോടി ആളുകളാണ്‌ മലമ്പനി ബാധിതരാകുന്നത്‌. ഇവരിൽ ഓരോ വർഷവും പത്തുലക്ഷത്തോളം പേർ മരണമടയുന്നു, പലരും കുട്ടികളാണ്‌. ആഫ്രിക്കയിൽ ഓരോ 30 സെക്കൻഡിലും ഒരു കുട്ടി വീതമാണ്‌ ഈ വിധത്തിൽ മരിക്കുന്നത്‌. ലോകാരോഗ്യസംഘടനയുടെ അഭിപ്രായത്തിൽ “മലമ്പനിയെ പൂർണമായി ‘തളയ്‌ക്കാനാകുന്ന’ യാതൊരു മരുന്നും ശാസ്‌ത്രം ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. അങ്ങനെയൊന്ന്‌ എന്നെങ്കിലും കണ്ടുപിടിക്കുമെന്ന്‌ അനേകരും കരുതുന്നുമില്ല.”

അഞ്ചാംപനി

2003-ൽ അഞ്ചാംപനി 5,00,000-ത്തിലധികം പേരെ കൊന്നൊടുക്കി. കുട്ടികളെ ബാധിക്കുന്ന മാരകരോഗങ്ങളിൽ മുഖ്യമായ ഒന്നാണ്‌ വളരെ വേഗം പകരുന്ന ഇത്‌. ഓരോ വർഷവും മൂന്നു കോടിയോളം ആളുകൾക്ക്‌ ഈ രോഗം ബാധിക്കുന്നുണ്ട്‌. വിചിത്രമെന്നു പറയട്ടെ, അഞ്ചാംപനിക്കെതിരെയുള്ള ഫലപ്രദവും ചെലവുകുറഞ്ഞതുമായ വാക്‌സിൻ കഴിഞ്ഞ 40 വർഷമായി ലഭ്യമാണ്‌.

ന്യുമോണിയ

കുട്ടികളുടെ മരണത്തിന്‌ ഇടയാക്കുന്ന പകർച്ചവ്യാധികളിൽ മുൻപന്തിയിൽ നിൽക്കുന്നത്‌ ന്യുമോണിയ ആണെന്ന്‌ ലോകാരോഗ്യസംഘടന അഭിപ്രായപ്പെടുന്നു. അഞ്ചു വയസ്സിൽ താഴെയുള്ള 20 ലക്ഷത്തോളം കുട്ടികളാണ്‌ ഓരോ വർഷവും ന്യുമോണിയ ബാധിച്ചു മരിക്കുന്നത്‌. ഈ മരണങ്ങളിലധികവും നടക്കുന്നത്‌ ആഫ്രിക്കയിലും ദക്ഷിണപൂർവ ഏഷ്യയിലുമാണ്‌. ലോകത്തിന്റെ പല ഭാഗങ്ങളിലും ചികിത്സാ സൗകര്യങ്ങൾ കാര്യമായി ഉപയോഗപ്പെടുത്താൻ കഴിയാത്തതിനാൽ മരണനിരക്ക്‌ കൂടുതലാണ്‌.

ക്ഷയരോഗം

2003-ൽ ക്ഷയരോഗംമൂലം മരണമടഞ്ഞവരുടെ എണ്ണം 17,00,000-ത്തിലധികമാണ്‌. മരുന്നുകളോട്‌ പ്രതിരോധശേഷി ആർജിച്ച ക്ഷയരോഗ അണുക്കളുടെ ആവിർഭാവം ഇപ്പോൾ ആരോഗ്യരംഗത്ത്‌ വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്‌. അവയിൽ ചിലയിനം ബാക്ടീരിയ പ്രധാനപ്പെട്ട എല്ലാ ക്ഷയരോഗ മരുന്നുകളോടും പ്രതിരോധശേഷി വളർത്തിയെടുത്തിരിക്കുന്നു. വിദഗ്‌ധവൈദ്യസഹായം ലഭിക്കാത്തവരോ ചികിത്സ പൂർത്തിയാക്കാത്തവരോ ആയ ക്ഷയരോഗികളിലാണ്‌ ഇത്തരം ബാക്ടീരിയ ഉടലെടുക്കുന്നത്‌.

[9-ാം പേജിലെ ചതുരം/ചിത്രം]

ജനപ്രീതിയാർജിക്കുന്ന ചില ചികിത്സാരീതികൾ

വ്യവസ്ഥാപിത ചികിത്സാരംഗത്തുള്ളവർ സാധാരണഗതിയിൽ അംഗീകരിക്കാത്ത നിരവധി ചികിത്സാരീതികളുണ്ട്‌. ഇവ പൊതുവേ പരമ്പരാഗത ചികിത്സയെന്നും പകരചികിത്സയെന്നുമാണ്‌ അറിയപ്പെടുന്നത്‌. വികസ്വര രാജ്യങ്ങളിലെ ബഹുഭൂരിപക്ഷവും രോഗനിവാരണത്തിനായി പരമ്പരാഗത ചികിത്സാരീതികളെയാണ്‌ ആശ്രയിക്കുന്നത്‌. ദരിദ്ര മേഖലകളിലുള്ള പലരുടെയും കാര്യത്തിൽ വ്യവസ്ഥാപിത ചികിത്സയ്‌ക്കുള്ള ചെലവു താങ്ങാനാവാത്ത സ്ഥിതിയാണുള്ളത്‌. അതേസമയം മറ്റു ചിലർക്കാകട്ടെ പരമ്പരാഗത ചികിത്സാരീതികളോടാണ്‌ കൂടുതൽ ആഭിമുഖ്യം.

ഇപ്പോൾ സമ്പന്ന രാജ്യങ്ങളിലും പകരചികിത്സാരീതികൾ പ്രചാരം നേടിയിരിക്കുന്നു. ഇവയിൽ ഏറെ ജനപ്രീതിയാർജിച്ചിട്ടുള്ളത്‌ അക്യുപങ്‌ചർ, ഹോമിയോപ്പതി, പ്രകൃതിചികിത്സ, പച്ചമരുന്നുചികിത്സ, നട്ടെല്ലിലെ കശേരുക്കൾ തിരുമ്മി നേരെയാക്കുന്ന കൈറോപ്രാക്‌റ്റിക്‌ ചികിത്സ എന്നിവയാണ്‌. ഇവയിൽ ചിലത്‌ ശാസ്‌ത്രീയ പഠനങ്ങൾക്കു വിധേയമാക്കുകയും ചില രോഗങ്ങൾക്ക്‌ ഫലകരമാണെന്നു തെളിയുകയും ചെയ്‌തിട്ടുണ്ട്‌. എന്നാൽ മറ്റു ചിലവയുടെ ഫലപ്രദത്വം പൂർണമായി തെളിയിക്കപ്പെട്ടിട്ടില്ല. പകര ചികിത്സാരീതികളുടെ വർധിച്ച ജനസമ്മിതി ചില പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുമുണ്ട്‌. പല രാജ്യങ്ങളിലും അത്തരം ചികിത്സാരീതികൾക്ക്‌ യാതൊരു നിയന്ത്രണവുമില്ല. തന്മൂലം അപകടം വിളിച്ചുവരുത്തുന്നതരം സ്വയം ചികിത്സ, അനുകരണ ഉത്‌പന്നങ്ങളുടെ വിതരണം, വ്യാജചികിത്സ എന്നിവ തഴച്ചുവളരാൻ പറ്റിയ ഒരു സ്ഥിതിവിശേഷം സംജാതമാകുന്നു. വേണ്ടത്ര പരിശീലനം സിദ്ധിച്ചിട്ടില്ലാത്ത സുഹൃത്തുക്കളും ബന്ധുക്കളും സദുദ്ദേശ്യത്തോടെതന്നെ ചിലപ്പോൾ ‘ഡോക്ടർമാർ’ ആയിത്തീരാറുണ്ട്‌. ഇതിന്റെയെല്ലാം ഫലമോ? ‘വെളുക്കാൻ തേച്ചത്‌ പാണ്ടായി’ എന്ന സ്ഥിതിയും.

പകരചികിത്സാരീതികൾക്ക്‌ നിയന്ത്രണങ്ങളുള്ള പല രാജ്യങ്ങളിലും വ്യവസ്ഥാപിത ചികിത്സാരീതി പിൻപറ്റുന്നവർക്കിടയിൽ ഇത്‌ പ്രചാരം നേടുന്നുണ്ടെന്നു മാത്രമല്ല ഡോക്ടർമാർതന്നെ അത്‌ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എങ്കിലും ഈ ചികിത്സാരീതികളൊന്നും രോഗമില്ലാത്ത ഒരു ലോകം എന്നെങ്കിലും കൊണ്ടുവരുമെന്നതിന്‌ യാതൊരു ഉറപ്പും നൽകുന്നില്ല.