വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാറ്റിൽപ്പറത്തുന്ന ‘കന്യകാത്വ’ പ്രതിജ്ഞകൾ!

കാറ്റിൽപ്പറത്തുന്ന ‘കന്യകാത്വ’ പ്രതിജ്ഞകൾ!

കാറ്റിൽപ്പറത്തുന്ന ‘കന്യകാത്വ’ പ്രതിജ്ഞകൾ!

“വിവാഹപൂർവ ലൈംഗികത വേണ്ടേ വേണ്ട” എന്നതുപോലുള്ള പ്രതിജ്ഞകൾ സമീപകാലത്ത്‌ യുവജനങ്ങൾക്കിടയിൽ പ്രചാരം നേടിയിരിക്കുന്നു. എത്ര പ്രശംസാർഹമായ ലക്ഷ്യം! കൂടാതെ തിരുവെഴുത്തു കൽപ്പനകൾക്കു ചേർച്ചയിലുമാണ്‌ ഇത്തരം പ്രതിജ്ഞകൾ. (1 കൊരിന്ത്യർ 6:18; എഫെസ്യർ 5:5) എന്നിരുന്നാലും അവ എത്രത്തോളം പാലിക്കപ്പെടുന്നുണ്ട്‌? കൗമാരക്കാരിൽ 60 ശതമാനവും ഒരു വർഷത്തിനുള്ളിൽത്തന്നെ തങ്ങളുടെ പ്രതിജ്ഞ കാറ്റിൽപ്പറത്തിയതായി ഒരു സർവേ വെളിപ്പെടുത്തി.

അതേസമയം, “ലൈംഗിക വർജനം,” “കന്യകാത്വം” * എന്നിവയ്‌ക്കു ചില യുവജനങ്ങൾ നൽകുന്ന നിർവചനം ആശങ്കയുണർത്തുന്നതാണ്‌. ഷാർലീൻ സി. ജാനെറ്റീ, മാർഗരറ്റ്‌ സാഗാരേസെ എന്നിവർ തങ്ങളുടെ ബോയ്‌ ക്രേസി! എന്ന പുസ്‌തകത്തിൽ എഴുതിയിരിക്കുന്നതു ശ്രദ്ധിക്കുക: “അധരഭോഗം, ഗുദഭോഗം എന്നിവയുടെ കാര്യത്തിലുള്ള വർധനയെ, ‘തത്വത്തിൽ’ മാത്രം കന്യകാത്വം നിലനിറുത്താൻ ആഗ്രഹിക്കുന്ന കുട്ടികളുമായാണ്‌ വിദഗ്‌ധർ ബന്ധപ്പെടുത്തിയിരിക്കുന്നത്‌. ലൈംഗികവേഴ്‌ച ഒഴികെയുള്ളതൊന്നും ലൈംഗികതയല്ല എന്നതാണ്‌ അത്തരക്കാരുടെ പക്ഷം.”

അത്തരം ചിന്താഗതി ഇന്ന്‌ സർവസാധാരണമായിത്തീർന്നിട്ടുണ്ട്‌. ആയിരത്തിലധികം കൗമാരക്കാരുമായി അഭിമുഖം നടത്തിയ ഒരു എഴുത്തുകാരൻ ഇപ്രകാരം പറഞ്ഞു: “നൂറിൽ ഒന്നോ രണ്ടോ പേർ മാത്രമാണെന്നു തോന്നുന്നു അധരഭോഗത്തെ ലൈംഗികതയായി വീക്ഷിച്ചത്‌.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ഒരുപക്ഷേ നിങ്ങളുടെ കൗമാരപ്രായത്തിലുള്ള കുട്ടിയും​—⁠ഒരുപക്ഷേ കുട്ടി കൗമാരത്തിൽ എത്തിയിട്ടില്ലെങ്കിലും​—⁠ഇങ്ങനെയായിരിക്കാം ചിന്തിക്കുന്നത്‌.”

അധരഭോഗവും ഗുദഭോഗവും വാസ്‌തവത്തിൽ ലൈംഗികപ്രവൃത്തികൾ തന്നെയാണെന്ന്‌ ബൈബിൾ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നവർ തിരിച്ചറിയുന്നു. “ദുർന്നടപ്പു വിട്ടൊഴി”യുവിൻ (“സകലവിധ ലൈംഗിക ദുർന്നടപ്പിൽനിന്നും അകന്നിരിക്കണം,” വിശുദ്ധ സത്യവേദ പുസ്‌തകം, മോഡേൺ മലയാളം വേർഷൻ) എന്ന ബൈബിൾ കൽപ്പനയിൽ സകലവിധ അവിഹിത ലൈംഗികപ്രവർത്തനങ്ങളും ഉൾപ്പെടുന്നു.​—⁠1 തെസ്സലൊനീക്യർ 4:⁠3.

[അടിക്കുറിപ്പ്‌]

^ ഖ. 3 “കന്യകാത്വം” എന്ന പദം ഈ ലേഖനത്തിൽ പുരുഷനും ബാധകമാകുന്നു.