വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാനിത്വത്തിന്റെ ഭാവിയെന്ത്‌?

ക്രിസ്‌ത്യാനിത്വത്തിന്റെ ഭാവിയെന്ത്‌?

ക്രിസ്‌ത്യാനിത്വത്തിന്റെ ഭാവിയെന്ത്‌?

ലോകം ക്രിസ്‌ത്യാനിത്വത്തിന്റെ കുടക്കീഴിലാകുമോ അതോ ക്രിസ്‌ത്യാനിത്വം നാമാവശേഷമാകുമോ? അന്ധകാര ലോകത്തെ പ്രകാശപൂരിതമാക്കുന്ന വെളിച്ചംപോലെ ക്രിസ്‌ത്യാനിത്വം നിർമലമായി നിലകൊണ്ടിരിക്കുന്നുവോ അതോ അതു കളങ്കപ്പെട്ടിരിക്കുന്നുവോ? ഇന്നും പ്രസക്തമായിരിക്കുന്ന ചോദ്യങ്ങളാണിവ.

ക്രിസ്‌ത്യാനിത്വത്തിന്റെ വിത്തുകൾ പാകിയ ഉടൻതന്നെ ഒരു ശത്രുവിന്റെ, അതായത്‌ സാത്താന്റെ, ആക്രമണം ഉണ്ടാകുമെന്ന്‌ ലളിതമായ ഒരു ഉപമയിലൂടെ യേശു വ്യക്തമാക്കി. (മത്തായി 13:​24, 25) അതുകൊണ്ട്‌ യേശുവിന്റെ ശുശ്രൂഷയ്‌ക്കുശേഷമുള്ള ആദ്യ നൂറ്റാണ്ടുകളിൽ ക്രിസ്‌ത്യാനിത്വത്തിനു മാറ്റം സംഭവിച്ചത്‌ കേവലമൊരു സാമൂഹിക പ്രതിഭാസം മൂലമല്ല. അതിന്റെ പിന്നിൽ ശത്രുവായ സാത്താനായിരുന്നു. ക്രൈസ്‌തവലോകത്തിലെ സഭകൾ പണ്ടു നടത്തിയ തെറ്റുകൾ ഇന്ന്‌ ആവർത്തിച്ചുകൊണ്ടിരിക്കുന്നു; അതിന്റെ ഫലം കൊയ്യുകയും ചെയ്യുന്നു.​—⁠2 കൊരിന്ത്യർ 11:​14, 15; യാക്കോബ്‌ 4:⁠4.

ക്രിസ്‌ത്യാനിത്വത്തിന്മേൽ ഒരു ഒളിയാക്രമണം

തന്റെ പഠിപ്പിക്കലുകൾ തകിടംമറിക്കപ്പെടുമെന്ന്‌ യേശു മുൻകൂട്ടിപ്പറഞ്ഞു: “സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ തന്റെ നിലത്തു നല്ല വിത്തു വിതെച്ചതിനോടു സദൃശമാകുന്നു. മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്നു, കോതമ്പിന്റെ ഇടയിൽ കള വിതെച്ചു പൊയ്‌ക്കളഞ്ഞു.” ആശ്ചര്യകരമെന്നു പറയട്ടെ, ഈ ദുഷ്‌പ്രവൃത്തി ആ മനുഷ്യന്റെ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട്‌ കള പറിച്ചുകളയാനുള്ള അനുവാദം ചോദിച്ചപ്പോൾ ദാസന്മാർക്കു ലഭിച്ച മറുപടി ഇതാണ്‌: “ഇല്ല, പക്ഷേ കള പറിക്കുമ്പോൾ കോതമ്പും കൂടെ പിഴുതുപോകും. രണ്ടുംകൂടെ കൊയ്‌ത്തോളം വളരട്ടെ; കൊയ്‌ത്തുകാലത്തു ഞാൻ കൊയ്യുന്നവരോടു മുമ്പെ കള പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിന്നു കെട്ടുകളായി കെട്ടുവാനും കോതമ്പു എന്റെ കളപ്പുരയിൽ കൂട്ടിവെപ്പാനും കല്‌പിക്കും.”​—⁠മത്തായി 13:24-30.

യേശുതന്നെ വിശദീകരിച്ചതുപോലെ, വയലിൽ ഗോതമ്പു വിതച്ച മനുഷ്യൻ യേശുവിനെയും വിതയ്‌ക്കപ്പെട്ട വിത്തുകൾ സത്യക്രിസ്‌ത്യാനികളെയും ചിത്രീകരിക്കുന്നു. ഗോതമ്പിനിടയിൽ കള വിതച്ച ശത്രു ‘പിശാചിനെ’ കുറിക്കുന്നു. ദൈവത്തെ സേവിക്കുന്നുവെന്ന്‌ അവകാശപ്പെടുന്ന അധർമികളും വിശ്വാസത്യാഗികളുമായ മനുഷ്യരെയാണു കള പ്രതിനിധാനം ചെയ്യുന്നത്‌. (മത്തായി 13:​36-42) എന്തു സംഭവിക്കുമെന്നതിനെക്കുറിച്ച്‌ അപ്പൊസ്‌തലനായ പൗലൊസ്‌ കൂടുതലായ വിശദാംശങ്ങൾ നൽകി. അവൻ പറഞ്ഞു: “ഞാൻ പോയ ശേഷം ആട്ടിൻകൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്‌ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു. ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്‌താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നും എഴുന്നേല്‌ക്കും.”​—⁠പ്രവൃത്തികൾ 20:29, 30.

ക്രിസ്‌ത്യാനിത്വം ദുഷിപ്പിക്കപ്പെടുന്നു

യേശുവും പൗലൊസും മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങൾ സത്യമായിത്തീർന്നോ? തീർച്ചയായും. അധികാരതൃഷ്‌ണയുള്ള മനുഷ്യർ യേശു സ്ഥാപിച്ച സഭയുടെ നിയന്ത്രണം ഏറ്റെടുക്കുകയും തങ്ങളുടെ സ്വാർഥ താത്‌പര്യങ്ങൾക്കുവേണ്ടി അതിനെ ഉപയോഗിക്കുകയും ചെയ്‌തു. ‘നിങ്ങൾ ലോകക്കാർ അല്ല’ എന്നു യേശു തന്റെ അനുഗാമികളോടു പറഞ്ഞിരുന്നു. (യോഹന്നാൻ 15:19) എന്നിട്ടും, അധികാരക്കൊതിയന്മാരായ സഭാ നേതാക്കൾ ഭരണാധികാരികളുമായി കൂട്ടുകെട്ട്‌ ഉണ്ടാക്കുകയും ക്രിസ്‌ത്യാനിത്വത്തെ ദേശീയ മതമാക്കി മാറ്റി അതിലൂടെ കണക്കറ്റ സമ്പത്തു നേടുകയും വിപുലമായ അധികാരം കയ്യാളുകയും ചെയ്‌തു. “വിപരീതോപദേശ”ങ്ങളായിരുന്നു ഈ സഭകൾ പഠിപ്പിച്ചത്‌. ഉദാഹരണത്തിന്‌ രാഷ്‌ട്രത്തെ ആരാധിക്കാനും തങ്ങളുടെ ജീവിതം രാഷ്‌ട്രത്തിനുവേണ്ടി യുദ്ധങ്ങളിൽ ബലിയർപ്പിക്കാനും അവർ പഠിപ്പിച്ചു. അതുകൊണ്ട്‌ ക്രിസ്‌ത്യാനികളെന്നു വിളിക്കപ്പെട്ട ആളുകൾ കുരിശുയുദ്ധങ്ങളിൽ പങ്കെടുക്കുകയും അവിശ്വാസികളായി അവർ പരിഗണിച്ച ആളുകളെ കൂട്ടത്തോടെ അരിഞ്ഞുവീഴ്‌ത്തുകയും ചെയ്‌തു. അവർ മറ്റു യുദ്ധങ്ങളിലും പങ്കെടുക്കുകയും തങ്ങളുടെ സ്വന്തം മതത്തിലെതന്നെ ‘സഹോദരങ്ങളെ’ കൊന്നൊടുക്കുകയും ചെയ്‌തു. അവർ തീർച്ചയായും ക്രിസ്‌തീയ നിഷ്‌പക്ഷത പാലിക്കുകയോ അയൽക്കാരോടു സ്‌നേഹം പ്രകടമാക്കുകയോ ചെയ്‌തില്ല.​—⁠മത്തായി 22:​37-39; യോഹന്നാൻ 15:19; 2 കൊരിന്ത്യർ 10: 3-5, 1 യോഹന്നാൻ 4:​8, 11.

നൂറ്റാണ്ടുകളായി ക്രിസ്‌തീയമെന്നു സ്വയം വിശേഷിപ്പിക്കുന്ന ഈ സഭകൾ വ്യക്തമായും ക്രിസ്‌ത്യാനിത്വത്തിന്റെ ഒരു പൊയ്‌മുഖം മാത്രമാണ്‌. കഴിഞ്ഞ ലേഖനങ്ങളിൽ നാം കണ്ടതുപോലെ, സഭകൾ ശിഥിലമാകുകയും രാഷ്‌ട്രീയത്തിൽ തലയിടുകയും ദൈവനിയമങ്ങൾ കാറ്റിൽപ്പറത്തുകയും ചെയ്യുന്ന പ്രവണതയുടെ കാരണം ഇതു വിശദീകരിക്കുന്നു. ഇത്തരം ദുഷിച്ച ഫലങ്ങൾ സത്യക്രിസ്‌ത്യാനിത്വത്തിൽനിന്ന്‌ ഉളവാകുന്നതല്ല, മറിച്ച്‌ പിശാച്‌ നട്ട വ്യാജക്രിസ്‌ത്യാനിത്വത്തിൽനിന്ന്‌ ഉള്ളവയാണ്‌. ഈ വ്യാജമതം എവിടേക്കാണു കുതിക്കുന്നത്‌? യേശു തന്റെ ഉപമയിൽ കാണിച്ചതുപോലെ, കേവലം അണികൾ ഇല്ലാതായി അതു ക്രമേണ നശിച്ചുപോകുകയല്ല ചെയ്യുന്നത്‌, പകരം അത്‌ ന്യായംവിധിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യും.

സത്യക്രിസ്‌ത്യാനികൾ അന്ധകാര ലോകത്തിൽ പ്രശോഭിക്കുന്നു

വ്യാജക്രിസ്‌ത്യാനിത്വമാകുന്ന “കള”കൾ പറിച്ചുകൂട്ടി നശിപ്പിക്കുന്നതിനു മുമ്പ്‌ മറ്റൊരു കാര്യം സംഭവിക്കുമെന്ന്‌ യേശുവിന്റെ ഉപമ സൂചിപ്പിക്കുന്നു. നൂറ്റാണ്ടുകളായി വ്യാജക്രിസ്‌ത്യാനിത്വമാകുന്ന “കള”യുടെ വളർച്ച സത്യക്രിസ്‌ത്യാനിത്വമാകുന്ന ‘കോതമ്പിനെ’ ഫലത്തിൽ മൂടിക്കളയുന്ന അളവോളം വ്യാപകമായിരുന്നു. എന്നാൽ ഗോതമ്പു “കൊയ്‌ത്തു”കാലത്തു കളയിൽനിന്നു വേർതിരിക്കപ്പെടുമെന്ന്‌ യേശു വിശദീകരിച്ചു. അവൻ പറഞ്ഞതനുസരിച്ച്‌ “കൊയ്‌ത്തു” “ലോകാവസാന”ത്തെ കുറിക്കുന്നു. യേശു ഇങ്ങനെയും പറഞ്ഞു: “അന്നു നീതിമാന്മാർ . . . സൂര്യനെപ്പോലെ പ്രകാശിക്കും.” (മത്തായി 13:39-43) തൊണ്ണൂറിലേറെ വർഷങ്ങൾക്കുമുമ്പ്‌ നടന്ന ഒന്നാം ലോകമഹായുദ്ധംമുതൽ നാം ജീവിക്കുന്നത്‌ ലോകാവസാന കാലത്താണെന്നു തെളിവുകൾ കാണിക്കുന്നു. (മത്തായി 24:​3, 7-12) യേശുവിന്റെ പ്രാവചനിക ഉപമയുടെ ഈ ഭാഗവും നിവൃത്തിയായോ?

ക്രൈസ്‌തവലോകമാകുന്ന “കള”യിൽനിന്ന്‌ സത്യക്രിസ്‌ത്യാനികൾ വേർതിരിക്കപ്പെട്ടിരിക്കുന്നു. സത്യദൈവമായ യഹോവയെക്കുറിച്ച്‌ അറിയാൻ മറ്റുള്ളവരെ സഹായിച്ചുകൊണ്ട്‌ യഹോവയുടെ സാക്ഷികൾ “സൂര്യനെപ്പോലെ പ്രകാശി”ച്ചുകൊണ്ടിരിക്കുന്നു. യഹോവയുടെ സാക്ഷികൾ ദൈവത്തിന്റെ നിലവാരങ്ങളിൽ മായംചേർക്കുന്നില്ല. മറിച്ച്‌ സാക്ഷികളായിത്തീരുന്നവർ ബൈബിളിലെ ക്രിസ്‌തീയ തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നതിനുവേണ്ടി തങ്ങളുടെ ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തുകയാണു ചെയ്യുന്നത്‌, പലപ്പോഴും വലിയ മാറ്റങ്ങൾതന്നെ.

യഹോവയുടെ സാക്ഷികൾ അവരുടെ യോഗങ്ങളിൽ വിനോദപരിപാടികളല്ല മറിച്ച്‌ സൗജന്യ ബൈബിൾ വിദ്യാഭ്യാസമാണു പ്രദാനം ചെയ്യുന്നത്‌. തിരുവെഴുത്തിന്റെ പഠനത്തിലൂടെ അവർ ആർജിക്കുന്ന ഗുണങ്ങളായ ഊഷ്‌മള സ്‌നേഹവും സൗഹൃദവും അവിടെ അവർ ആസ്വദിക്കുന്നു. ദൈവത്തിന്റെ ആദ്യ ഉദ്ദേശ്യത്തിനു ചേർച്ചയിൽ സൗമ്യതയുള്ളവർ അധിവസിക്കുന്ന ഒരു പറുദീസയായി ദൈവം ഭൂമിയെ മാറ്റുമെന്ന്‌ അവർ വിശ്വസിക്കുന്നു. എന്നാൽ അതിനുമുമ്പ്‌ മഹതിയാം ബാബിലോൺ എന്നു ബൈബിൾ വിളിക്കുന്ന വ്യാജമതത്തിന്റെ കരാളഹസ്‌തങ്ങളിൽനിന്ന്‌ ഈ ലോകത്തെ വിമുക്തമാക്കേണ്ടതുണ്ട്‌. ബൈബിൾ പ്രവചനമനുസരിച്ച്‌ യഹോവ പെട്ടെന്നുതന്നെ ആ സമൂലമാറ്റം കൊണ്ടുവരും.​—⁠മത്തായി 5:5; വെളിപ്പാടു 18:​9, 10, 21.

വ്യാജമതത്തിന്റെ വഞ്ചനാത്മക നടപടികളിൽനിന്ന്‌ അനുസരണമുള്ള മനുഷ്യവർഗം മോചിപ്പിക്കപ്പെട്ടു കഴിഞ്ഞാൽ, ഭൂമിയിൽ ജീവിച്ചിരിക്കുന്ന എല്ലാവരെയും സത്യക്രിസ്‌തീയ ആരാധന ഒരു കുടക്കീഴിൽ കൂട്ടിവരുത്തും. യേശു അടിസ്ഥാനമിട്ട സത്യക്രിസ്‌ത്യാനിത്വത്തിന്റെ ഭാവി എത്ര ശോഭനം! സമാധാനപൂർണമായ ഒരു ഭൂമിയിൽ ഏദെനിക പറുദീസ പുനഃസ്ഥാപിക്കപ്പെടും, അനൈക്യത്തിന്റെ വിത്തു വിതയ്‌ക്കുന്ന വ്യാജമതങ്ങൾ മേലാൽ ഉണ്ടായിരിക്കുകയില്ല!

[7-ാം പേജിലെ ചിത്രം]

“ശത്രു വന്നു, കോതമ്പിന്റെ ഇടയിൽ കള വിതെച്ചു.”​—⁠മത്തായി 13:25

[8, 9 പേജുകളിലെ ചിത്രങ്ങൾ]

സൗജന്യ ബൈബിൾ വിദ്യാഭ്യാസം ലഭിക്കുന്ന യഹോവയുടെ സാക്ഷികളുടെ ഏതൊരു രാജ്യഹാളിലേക്കും നിങ്ങൾക്ക്‌ ഹാർദമായ സ്വാഗതം

[9-ാം പേജിലെ ചിത്രം]

‘കോതമ്പ്‌ എന്റെ കളപ്പുരയിൽ കൂട്ടിവെക്കുക.’​—⁠മത്തായി 13:30