വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ക്രൈസ്‌തവ’ സഭകൾക്ക്‌ എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു?

‘ക്രൈസ്‌തവ’ സഭകൾക്ക്‌ എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു?

‘ക്രൈസ്‌തവ’ സഭകൾക്ക്‌ എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു?

വടക്ക്‌ മെക്‌സിക്കോ മുതൽ തെക്ക്‌ ചിലി വരെയുള്ള ലാറ്റിൻ അമേരിക്കക്കാർ പല കാര്യങ്ങളിലും ഒരേ സംസ്‌കാരമുള്ളവരാണ്‌. അടിസ്ഥാനപരമായി ഒരു മതം, അതായത്‌ റോമൻ കത്തോലിക്കാ മതം, മാത്രമുണ്ടായിരുന്ന ഒരു കാലത്തെക്കുറിച്ച്‌ മുതിർന്ന തലമുറയ്‌ക്ക്‌ ഓർക്കാൻ കഴിയും. 16-ാം നൂറ്റാണ്ടിൽ സ്‌പെയിൻകാർ കൈക്കരുത്തും മെയ്‌ക്കരുത്തുംകൊണ്ട്‌ ആ മതം അവരുടെമേൽ അടിച്ചേൽപ്പിക്കുകയായിരുന്നു. ഒരു റോമൻ കത്തോലിക്കാ രാഷ്‌ട്രമായ പോർട്ടുഗലിന്റെ അധീനതയിലായിരുന്നു ബ്രസീൽ. സാമ്പത്തിക പിന്തുണയും ഔദ്യോഗിക മതമെന്ന പദവിയും ലഭിച്ചതിനു പ്രത്യുപകാരമായി, അധികാരത്തിലിരുന്ന ഗവൺമെന്റുകളെ കത്തോലിക്കാ സഭ 400 വർഷത്തോളം പിന്തുണയ്‌ക്കുകയുണ്ടായി.

എന്നിരുന്നാലും ഭരണവർഗത്തെ പിന്തുണയ്‌ക്കുന്നത്‌ ജനസമ്മിതി നഷ്ടമാകാൻ ഇടയാക്കുന്നുവെന്ന്‌ 1960-കളിൽ ചില കത്തോലിക്കാ പുരോഹിതന്മാർ തിരിച്ചറിഞ്ഞു. അവർ ദരിദ്രരുടെ ഉത്ഥാനത്തിനായി പ്രവർത്തിക്കാൻ തുടങ്ങി, വിശേഷിച്ചും വിമോചന ദൈവശാസ്‌ത്രമെന്ന്‌ അറിയപ്പെട്ട പ്രസ്ഥാനത്തെ വളർത്തിക്കൊണ്ട്‌. കത്തോലിക്കരിൽ അനേകരും പട്ടിണിപ്പാവങ്ങളായിരുന്നു. ദാരിദ്ര്യത്തിന്‌ എതിരെയുള്ള ഒരു പ്രതിഷേധമായിട്ടാണ്‌ ഈ പ്രസ്ഥാനം ലാറ്റിൻ അമേരിക്കയിൽ ആരംഭിച്ചത്‌.

പുരോഹിതന്മാർ ജനകീയ രാഷ്‌ട്രീയത്തിന്റെ മാർഗം അവലംബിച്ചിട്ടും ദശലക്ഷക്കണക്കിനു വിശ്വാസികൾ കത്തോലിക്കാ മതം ഉപേക്ഷിച്ച്‌ മറ്റു സഭകളിലേക്കു ചേക്കേറിയിരിക്കുന്നു. കൈകൊട്ടിയും ആവേശഭരിതമായി പ്രാർഥനാ ഗീതങ്ങൾ ആലപിച്ചും അല്ലെങ്കിൽ റോക്ക്‌ സംഗീതത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചും ശുശ്രൂഷ നടത്തുന്ന സഭകൾ പടർന്നുപന്തലിച്ചിരിക്കുന്നു. “ലാറ്റിൻ അമേരിക്കയിൽ ഇവാഞ്ചലിക്കൽ പ്രസ്ഥാനം അസംഖ്യം വ്യത്യസ്‌ത സഭകളായി വിഭജിക്കപ്പെട്ടിരിക്കുന്നു” എന്ന്‌ ലാറ്റിൻ അമേരിക്കയുടെ മുഖങ്ങൾ (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌തകത്തിൽ ഡങ്കൻ ഗ്രീൻ പറയുന്നു. “ഇവയിൽ മിക്കവയും ഒരു പാസ്റ്ററിന്റെ സ്വകാര്യ പ്രസ്ഥാനമായിരിക്കും. വളരുന്തോറും അവ പുതിയ സഭകളായി പൊട്ടിപ്പിളർന്നേക്കാം.”

യൂറോപ്പ്‌ സഭകൾക്കുനേരെ പുറംതിരിക്കുന്നു

കഴിഞ്ഞ 1,600 വർഷങ്ങളിലധികമായി യൂറോപ്പിന്റെ ഭൂരിഭാഗത്തെയും ഭരിക്കുന്നത്‌ ക്രിസ്‌തീയമെന്ന്‌ അവകാശപ്പെടുന്ന ഗവൺമെന്റുകളാണ്‌. നമ്മൾ 21-ാം നൂറ്റാണ്ടിലേക്കു കാലെടുത്തുവെച്ചിരിക്കുന്ന ഈ അവസരത്തിൽ സഭകൾ യൂറോപ്പിൽ വളരുകയാണോ? 2002-ൽ സ്റ്റിവ്‌ ബ്രൂസ്‌ എന്ന സാമൂഹിക ശാസ്‌ത്രജ്ഞൻ ദൈവം മരിച്ചു​—⁠പടിഞ്ഞാറൻ നാടുകളിലെ മതനിരപേക്ഷത (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌തകത്തിൽ ബ്രിട്ടനെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞു: “19-ാം നൂറ്റാണ്ടിൽ നടന്ന വിവാഹങ്ങളിൽ ഏതാണ്ട്‌ എല്ലാംതന്നെ മതപരമായ ചടങ്ങുകളോടുകൂടിയവയായിരുന്നു.” എന്നാൽ 1971 ആയപ്പോഴേക്കും ഇംഗ്ലണ്ടിലെ 60 ശതമാനം വിവാഹങ്ങൾ മാത്രമേ പുരോഹിതന്റെ കാർമികത്വത്തിൽ നടത്തിയുള്ളൂ. 2000-ത്തിൽ അത്‌ 31 ശതമാനമായി കുറഞ്ഞു.

ഈ പ്രവണതയെക്കുറിച്ച്‌ ലണ്ടനിലെ ഡെയ്‌ലി ടെലിഗ്രാഫ്‌ പത്രത്തിന്റെ മതകാര്യ ലേഖകൻ ഇങ്ങനെ എഴുതി: “ചർച്ച്‌ ഒഫ്‌ ഇംഗ്ലണ്ടും റോമൻ കത്തോലിക്കാ സഭയും മുതൽ മെഥഡിസ്റ്റും യുണൈറ്റഡ്‌ റിഫോംഡ്‌ ചർച്ചസും വരെയുള്ള എല്ലാ മുഖ്യധാരാ സഭകളും ദീർഘനാളായി അപക്ഷയത്തിന്റെ പാതയിലാണ്‌.” ഒരു റിപ്പോർട്ടിനെക്കുറിച്ച്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “2040 ആകുമ്പോഴേക്കും ബ്രിട്ടനിലെ ആളുകളിൽ 2 ശതമാനം മാത്രമേ ഞായറാഴ്‌ചത്തെ ശുശ്രൂഷകൾക്കു സംബന്ധിക്കാൻ ഉണ്ടായിരിക്കുകയുള്ളൂ. സഭകൾ നാശത്തിന്റെ നിലയില്ലാക്കയത്തിലേക്കു കൂപ്പുകുത്തുമെന്നർഥം.” സമാനമായ അഭിപ്രായങ്ങൾ നെതർലൻഡ്‌സിലെ സഭകളെക്കുറിച്ചും പൊതുവേ പറയാറുണ്ട്‌.

ഡച്ച്‌ സാമൂഹിക സാംസ്‌കാരിക ആസൂത്രണ കാര്യാലയത്തിന്റെ ഒരു റിപ്പോർട്ട്‌ ഇങ്ങനെ പറയുന്നു: “ഈ അടുത്ത ദശകങ്ങളിൽ നമ്മുടെ രാജ്യം വ്യക്തമായും മതനിരപേക്ഷതയിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്നതായി കാണുന്നു. 2020 ആകുമ്പോഴേക്കും ജനസംഖ്യയുടെ 72 ശതമാനത്തിനും ഒരു മതത്തിലും അംഗത്വം ഉണ്ടായിരിക്കില്ലെന്നാണ്‌ കണക്കുകൾ കാണിക്കുന്നത്‌.” ഒരു ജർമൻ വാർത്താ ഉറവിടം അനുസരിച്ച്‌ “പണ്ടു സഭകളിൽനിന്നും ജോലിയിൽനിന്നും കുടുംബത്തിൽനിന്നും ലഭിച്ചിരുന്ന ആശ്വാസം തേടി മന്ത്രവാദത്തിലേക്കും ഗൂഢവിദ്യയിലേക്കും തിരിയുന്ന ജർമൻകാരുടെ എണ്ണം വർധിച്ചുവരികയാണ്‌. . . . ഇടവകാംഗങ്ങളുടെ എണ്ണം കുറയുന്നതിനാൽ നാട്ടിൽ അങ്ങോളമിങ്ങോളം പള്ളികൾ അടച്ചുപൂട്ടേണ്ടിവന്നിരിക്കുന്നു.”

ഇനി, പള്ളിയിൽപോകുന്നവരുടെ കാര്യമെടുത്താൽത്തന്നെ, പലരും അങ്ങനെ ചെയ്യുന്നത്‌ ദൈവം അവരിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു എന്ന്‌ അറിയാൻവേണ്ടിയല്ല. ഇറ്റലിയിൽനിന്നുള്ള ഒരു റിപ്പോർട്ടു പറയുന്നത്‌ അനുസരിച്ച്‌ “ഇറ്റലിക്കാർ തങ്ങളുടെ ജീവിതശൈലിക്ക്‌ ഇണങ്ങുംവിധം മതത്തെ രൂപപ്പെടുത്തിയെടുക്കുന്നു.” അവിടെയുള്ള ഒരു സാമൂഹിക ശാസ്‌ത്രജ്ഞൻ പറയുന്നത്‌ ഇതാണ്‌: “ഞങ്ങൾക്ക്‌ ഇണങ്ങുന്നതുമാത്രം ഞങ്ങൾ പോപ്പിൽനിന്നു സ്വീകരിക്കുന്നു.” സ്‌പെയിനിലെ കത്തോലിക്കരെ സംബന്ധിച്ചും ഇതുതന്നെ പറയാൻ കഴിഞ്ഞേക്കും. മതതീക്ഷ്‌ണതയുടെ സ്ഥാനം ഉപഭോക്തൃ സംസ്‌കാരവും സമ്പദ്‌സമൃദ്ധിക്കായുള്ള അഭിവാഞ്‌ഛയും കയ്യടക്കിയിരിക്കുന്നു.

ഈ പ്രവണതകളെല്ലാം ക്രിസ്‌തുവും അവന്റെ അനുഗാമികളും പഠിപ്പിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്‌ത ക്രിസ്‌ത്യാനിത്വത്തിനു നേർവിപരീതമാണ്‌. നിങ്ങൾക്ക്‌ ഇഷ്ടമുള്ളത്‌ തിരഞ്ഞെടുക്കാനും വേണ്ടാത്തത്‌ ഒഴിവാക്കാനും പറ്റുന്ന ‘ബഫേ സ്റ്റൈലിൽ’ ഉള്ള ഒരു മതമല്ല യേശു സ്ഥാപിച്ചത്‌. അവൻ പ്രസ്‌താവിച്ചു: “എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾതോറും തന്റെ ക്രൂശ്‌ എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ.” അതേ, ക്രിസ്‌തീയ ജീവിതരീതിയിൽ വ്യക്തിപരമായ ത്യാഗവും ശ്രമവും ഉൾപ്പെടുന്നുവെന്ന്‌ യേശു ആളുകളെ പഠിപ്പിച്ചു.​—⁠ലൂക്കൊസ്‌ 9:⁠23.

വിപണന തന്ത്രങ്ങളുമായി വടക്കേ അമേരിക്ക

മതത്തെ പൊതുവേ സന്ദേഹത്തോടെ വീക്ഷിക്കുന്നവരെന്ന്‌ നിരീക്ഷകർ അഭിപ്രായപ്പെടുന്ന കാനഡക്കാരിൽനിന്നു വ്യത്യസ്‌തമായി, ഐക്യനാടുകളിൽ ഉള്ളവർ വിശ്വാസത്തോടു ബന്ധപ്പെട്ട കാര്യങ്ങൾ ഗൗരവമായെടുക്കുന്നു. എല്ലാ ആഴ്‌ചയിലും പള്ളിയിൽപോകുന്നുണ്ടെന്ന്‌ 40 ശതമാനം പേരെങ്കിലും അവകാശപ്പെടുന്നതായി അഭിപ്രായ വോട്ടെടുപ്പു നടത്തുന്ന ചില പ്രമുഖ സ്ഥാപനങ്ങൾ കണ്ടെത്തിയിരിക്കുന്നു. എന്നാൽ യഥാർഥത്തിൽ ഹാജരാകുന്നവരുടെ എണ്ണം നോക്കിയാൽ അത്‌ 20 ശതമാനത്തിനടുത്തേ വരൂ. 60 ശതമാനത്തിലധികം ആളുകൾ ബൈബിൾ ദൈവവചനമാണെന്നു വിശ്വസിക്കുന്നതായി പറയുന്നു. എന്നിരുന്നാലും, ഏതെങ്കിലും ഒരു സഭയോട്‌ അവർക്കു തോന്നുന്ന താത്‌പര്യം പെട്ടെന്നു കെട്ടടങ്ങിയേക്കാം. പള്ളിയിൽപോകുന്ന അമേരിക്കക്കാരിൽ അനേകരും വളരെ എളുപ്പത്തിൽ മതം മാറാൻ പ്രവണതയുള്ളവരാണ്‌. ഒരു മതപ്രസംഗകന്‌ ജനപ്രീതിയോ വ്യക്തിപ്രഭാവമോ നഷ്ടമായാൽ അദ്ദേഹത്തിനു തന്റെ അണികളെത്തന്നെ നഷ്ടമായേക്കാം, പലപ്പോഴും നല്ലൊരു വരുമാനവും!

തങ്ങളുടെ മതസേവനങ്ങൾ എങ്ങനെ നന്നായി ‘വിപണനം’ ചെയ്യാമെന്ന്‌ അറിയാൻ ചില സഭകൾ ബിസിനസ്‌ രീതികൾ പഠിക്കുന്നു. ഉപദേശം നൽകുന്ന സ്ഥാപനങ്ങളുടെ സേവനം പ്രയോജനപ്പെടുത്താനായി സഭകൾ ആയിരക്കണക്കിനു ഡോളറാണു ചെലവഴിക്കുന്നത്‌. “അതൊരു നല്ല മുതൽമുടക്കായിരുന്നു” എന്ന്‌ സംതൃപ്‌തനായ ഒരു പാസ്റ്റർ പറഞ്ഞതായി ആ സ്ഥാപനങ്ങളെക്കുറിച്ചുള്ള ഒരു റിപ്പോർട്ട്‌ വെളിപ്പെടുത്തുന്നു. ആയിരക്കണക്കിന്‌ അംഗങ്ങളുള്ള വലിയ സഭകൾ ബിസിനസ്‌ പ്രസിദ്ധീകരണങ്ങളായ ദ വാൾ സ്‌ട്രീറ്റ്‌ ജേർണലിന്റെയും ദി ഇക്കോണമിസ്റ്റിന്റെയും മറ്റും ശ്രദ്ധയാകർഷിക്കാൻ തക്കവണ്ണം സാമ്പത്തിക ശേഷിയുള്ളതാണ്‌. ഈ പ്രസിദ്ധീകരണങ്ങളുടെ റിപ്പോർട്ട്‌ അനുസരിച്ച്‌ ഇത്തരം വലിയ സഭകൾ “ഒറ്റവരവിന്‌ ആത്മീയവും ശാരീരികവുമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന സ്ഥലം” ഒരുക്കുന്നു. പള്ളിക്കെട്ടിട സമുച്ചയങ്ങളിൽ റെസ്റ്ററന്റുകളും കഫേകളും ബ്യൂട്ടിപാർലറുകളും സോണകളും (നീരാവിക്കുളി നടത്തുന്ന സ്ഥലം) സ്‌പോർട്‌സ്‌ സൗകര്യങ്ങളും ഉണ്ടായിരുന്നേക്കാം. മറ്റ്‌ ആകർഷണങ്ങളിൽ തീയേറ്റർ, സന്ദർശകരായെത്തുന്ന പ്രമുഖ വ്യക്തികൾ, ആധുനിക സംഗീതം എന്നിവ ഉൾപ്പെട്ടേക്കാം. എന്നാൽ ഇവിടെ പഠിപ്പിക്കപ്പെടുന്നത്‌ എന്താണ്‌?

“സുഭിക്ഷതയുടെ സുവിശേഷം” ഒരു ജനപ്രിയ വിഷയമായിരിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. സഭയ്‌ക്കു കയ്യയച്ചു സംഭാവന ചെയ്‌താൽ അവർ ധനവാന്മാരും ആരോഗ്യമുള്ളവരും ആയിത്തീരുമെന്നു വിശ്വാസികളെ പഠിപ്പിക്കുന്നു. ധാർമിക കാര്യങ്ങൾ സംബന്ധിച്ചെന്ത്‌? എല്ലാം വെച്ചുപൊറുപ്പിക്കുന്ന ഒരുവനായിട്ടാണ്‌ അവർ ദൈവത്തെ മിക്കപ്പോഴും വരച്ചുകാട്ടുന്നത്‌. ഒരു സാമൂഹിക ശാസ്‌ത്രജ്ഞൻ പറയുന്നത്‌ അനുസരിച്ച്‌ “അമേരിക്കൻ സഭകൾ ആളുകളുടെ തെറ്റായ നടപടികളെ കുറ്റംവിധിക്കുന്നതിനു പകരം ‘സുഖചികിത്സ’ നടത്തുന്ന രീതിയിൽ കാര്യങ്ങൾ” മയപ്പെടുത്തി സംസാരിക്കുന്നു. ജീവിത വിജയത്തിനായി സ്വയംസഹായക പുസ്‌തകങ്ങളിലെയും മറ്റും നിർദേശങ്ങളിലേക്ക്‌ ആളുകളുടെ ശ്രദ്ധതിരിക്കുകയാണ്‌ പല ജനപ്രിയ സഭകളും ചെയ്യുന്നത്‌. ഏതെങ്കിലുമൊരു പ്രത്യേക മതവിഭാഗത്തിന്റെ കീഴിൽ വരാത്ത, ഭിന്നത ഉളവാക്കിയേക്കാവുന്ന ഉപദേശങ്ങൾ ഒട്ടുംതന്നെ ചർച്ചചെയ്യാറില്ലാത്ത സഭകളോട്‌ ആളുകൾ കൂടുതൽ മമത കാണിക്കുന്നു. എന്നാൽ രാഷ്‌ട്രീയ താത്‌പര്യങ്ങൾ പലപ്പോഴും പച്ചയായിത്തന്നെ അവിടെ ചർച്ചചെയ്യപ്പെടുന്നു. അടുത്തകാലത്ത്‌ ചില വൈദികർ രാഷ്‌ട്രീയ കാര്യങ്ങളിൽ തലയിട്ടത്‌ അവർക്കു വളരെയേറെ നാണക്കേടു വരുത്തിവെക്കുകയുണ്ടായി.

വടക്കേ അമേരിക്കയിൽ മതത്തിന്‌ ഒരു പുത്തൻ ഉണർവു ലഭിക്കുകയാണോ? “ശുശ്രൂഷയുടെ സമയത്ത്‌ തുള്ളിച്ചാടി, ഒച്ചവെച്ച്‌, ആവേശത്തിമർപ്പിൽ മോഹാലസ്യപ്പെടുന്നതും” അതുപോലെതന്നെ മറ്റു രീതികളിലുള്ള ആചാരങ്ങളും പ്രചാരമാർജിക്കുന്നതായി 2005-ൽ ന്യൂസ്‌വീക്ക്‌ മാസിക റിപ്പോർട്ടു ചെയ്യുകയുണ്ടായി. എന്നാൽ ആ മാസിക ഇങ്ങനെ ചൂണ്ടിക്കാട്ടി: “സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും, പള്ളിയിൽ പോകുന്നവരുടെ എണ്ണം കുത്തനെ വർധിച്ചുവെന്ന്‌ അതിന്‌ അർഥമില്ല.” സർവേകൾ കാണിക്കുന്നത്‌ അനുസരിച്ച്‌ ഒരു മതത്തിലും “അംഗത്വമില്ല” എന്നു പറയുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്‌. ചില സഭകൾ വളരുന്നത്‌ മറ്റു ചിലവ ക്ഷയിക്കുന്നതുകൊണ്ടു മാത്രമാണ്‌. അനുഷ്‌ഠാനങ്ങളും ഓർഗൻ സംഗീതവും കുപ്പായമിട്ട വൈദികരുമൊക്കെയുള്ള പരമ്പരാഗത മതങ്ങൾ ഉപേക്ഷിച്ച്‌ ആളുകൾ “കൂട്ടത്തോടെ” പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോകുന്നതായി പറയപ്പെടുന്നു.

ഈ ഹ്രസ്വ അവലോകനത്തിൽനിന്ന്‌ ലാറ്റിൻ അമേരിക്കയിൽ സഭകൾ ശിഥിലമാകുന്നതായും യൂറോപ്പിൽ സഭകളുടെ അംഗബലം കുറയുന്നതായും വടക്കേ അമേരിക്കയിൽ വിനോദവും ഹരംപിടിപ്പിക്കുന്ന പരിപാടികളും വാഗ്‌ദാനം ചെയ്‌തുകൊണ്ട്‌ സഭകൾ അണികളെ പിടിച്ചുനിറുത്താൻ ശ്രമിക്കുന്നതായും നാം കാണുകയുണ്ടായി. തീർച്ചയായും പൊതുവായ ഈ പ്രവണതകൾക്കു പല അപവാദങ്ങളുമുണ്ട്‌. എന്നാൽ ആകമാന ചിത്രം കാണിക്കുന്നത്‌ സഭകൾ അവയുടെ ജനസമ്മിതി പിടിച്ചുനിറുത്താൻ പാടുപെടുന്നു എന്നാണ്‌. ഇതിനർഥം ക്രിസ്‌ത്യാനിത്വം ക്ഷയിച്ചുകൊണ്ടിരിക്കുന്നുവെന്നാണോ?

[6-ാം പേജിലെ ചതുരം/ചിത്രം]

“മതം ഒരു സൂപ്പർമാർക്കറ്റ്‌പോലെ”

ഫ്രാൻസിലെ കത്തോലിക്കാ സഭയുടെ നാഷണൽ വൊക്കേഷൻ സർവീസിന്റെ ഡയറക്ടർ ഇങ്ങനെ പറഞ്ഞതായി ഉദ്ധരിച്ചിരിക്കുന്നു: “മതം ഇന്ന്‌ ഒരു സൂപ്പർമാർക്കറ്റ്‌പോലെ ആയിത്തീർന്നിരിക്കുന്നതു നാം കാണുന്നു. ആളുകൾ അവർക്ക്‌ ആവശ്യമുള്ള സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നു. അവർക്കു യോജിക്കാനാകുന്ന ഒരു സഭ കാണാനാകുന്നില്ലെങ്കിൽ അവർ മറ്റൊന്ന്‌ അന്വേഷിച്ചുപോകും.” ബ്രിട്ടനിലെ എക്‌സറ്റർ സർവകലാശാലയിലെ പ്രൊഫസർ ഗ്രെയ്‌സ്‌ ഡേവി യൂറോപ്പിലെ മതങ്ങളെക്കുറിച്ചുള്ള ഒരു പഠനത്തിൽ ഇപ്രകാരം പറഞ്ഞു: “നാനാ മതങ്ങളിൽനിന്നും ആചാരരീതികളിൽനിന്നും വ്യക്തികൾ തങ്ങൾക്ക്‌ ആവശ്യമുള്ളത്‌ ‘തിരഞ്ഞെടുക്കുകയും കൂട്ടിക്കലർത്തുകയും’ ചെയ്യുന്നു. മറ്റനേക കാര്യങ്ങളെപ്പോലെ മതവും . . . ജീവിതശൈലിക്കും ഇഷ്ടാനിഷ്ടങ്ങൾക്കും അനുസൃതമായി തിരഞ്ഞെടുക്കാവുന്ന ഒന്നായി മാറിയിരിക്കുന്നു.”

[4, 5 പേജുകളിലെ ചിത്രം]

പള്ളിയുടെ മുൻവശത്തെ ഭിത്തിയിൽ കുത്തിവരച്ചിരിക്കുന്നു, നേപ്പിൾസ്‌, ഇറ്റലി

[കടപ്പാട്‌]

©Doug Scott/age fotostock

[4, 5 പേജുകളിലെ ചിത്രം]

മെക്‌സിക്കോയിൽ പലരും കത്തോലിക്കാ വിശ്വാസം ഉപേക്ഷിച്ചിരിക്കുന്നു