വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചെക്കർ—ഹവായിയിലെ കുടിയേറ്റക്കാരൻ

ചെക്കർ—ഹവായിയിലെ കുടിയേറ്റക്കാരൻ

ചെക്കർ—ഹവായിയിലെ കുടിയേറ്റക്കാരൻ

ഹവായിയിലെ മൗയീ ദ്വീപ്‌ സന്ദർശിക്കുന്നതിനുള്ള ആകാംക്ഷയിലായിരുന്നു ഞാനും സുഹൃത്തുക്കളും. 10,023 അടി ഉയരമുള്ള ഹാലെയാകാലാ അഗ്നിപർവതത്തിന്റെ നിറുകയിൽനിന്നുകൊണ്ട്‌ സൂര്യോദയം കാണുക, അതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. അതൊരു അതുല്യ അനുഭവമാണെന്ന്‌ ഞങ്ങൾ കേട്ടിട്ടുണ്ടായിരുന്നു. ഒരു പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂ, ഞങ്ങൾ താമസിച്ചിരുന്ന കാപാലൂവായിൽനിന്ന്‌ അവിടെയെത്താൻ അതിരാവിലെ രണ്ടു മണിക്കുതന്നെ യാത്രപുറപ്പെടേണ്ടിയിരുന്നു. കുത്തനെയുള്ള മലഞ്ചെരുവിലൂടെയുള്ള യാത്ര. ഇത്ര വെളുപ്പിനെ ആയതുകൊണ്ട്‌ വഴിക്കെങ്ങും മറ്റാരും ഉണ്ടാവില്ല എന്നാണു കരുതിയത്‌. പക്ഷേ ഞങ്ങൾക്കു തെറ്റി! വളഞ്ഞുപുളഞ്ഞ വഴിയിലൂടെ ഗിരിശൃംഗത്തിലേക്കു മെല്ലെ നീങ്ങുന്ന വാഹനങ്ങളുടെ ഒരു നീണ്ടനിരതന്നെ ഉണ്ടായിരുന്നു ഞങ്ങൾക്ക്‌ അകമ്പടിയായി. അവസാനം ഞങ്ങൾ നിറുകയിൽ എത്തി. നനുത്ത തണുപ്പ്‌! പക്ഷേ പുതപ്പു കൂടെക്കരുതിയിരുന്നതിനാൽ അതൊരു പ്രശ്‌നമായിരുന്നില്ല.

സമയം ഏകദേശം ആറു മണി. നൂറുകണക്കിന്‌ ആളുകൾ ഉദയസൂര്യനെ വരവേൽക്കാൻ അണിനിരന്നിരിക്കുന്നു. എല്ലാവരും ആകാംക്ഷയുടെ മുൾമുനയിലാണ്‌. ആ ചേതോഹര ദൃശ്യം അപ്പാടെ ക്യാമറായിൽ പകർത്താനുള്ള വ്യഗ്രതയിലാണ്‌ ഏവരും. ഒരു നിമിഷം, ഞങ്ങളുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായതുപോലെ! നിർണായകമായ ആ സമയത്ത്‌ ഒരു വലിയ മേഘപാളി വന്ന്‌ അഗ്നിപർവതമുഖത്തെ മൂടി! ഫോട്ടോ എടുക്കാനുള്ള അസുലഭ അവസരമാണ്‌ ഞങ്ങൾക്കു നഷ്ടമായത്‌. പസിഫിക്‌ സമുദ്രത്തോടു ചേർന്നുള്ള പർവതനിരകളിൽ ഇതൊരു സാധാരണ സംഭവമാണ്‌. അതുകൊണ്ട്‌ നിരാശയൊക്കെ കടിച്ചമർത്തി ഞങ്ങൾ ക്ഷമയോടെ കാത്തിരുന്നു, ഉദയസൂര്യന്റെ ചൂടിൽ മേഘങ്ങൾ അപ്രത്യക്ഷമാകുമെന്ന പ്രതീക്ഷയോടെ. പെട്ടെന്നാണ്‌ അതു സംഭവിച്ചത്‌! തലങ്ങനെയും വിലങ്ങനെയും മലമ്പാതകളോടു കൂടിയ അഗ്നിപർവതത്തിന്റെ മനോജ്ഞമായ കാഴ്‌ച ഞങ്ങളുടെ മുമ്പാകെ ഇതൾവിരിഞ്ഞു. യാത്ര വെറുതെയായില്ല!

അങ്ങനെയിരിക്കെ വിചിത്രമായ ആ ശബ്ദം ഞങ്ങളുടെ കാതുകളിൽ അലയടിച്ചു, “ചെക്കർ, ചെക്കർ.” വൈകാതെതന്നെ ശബ്ദത്തിന്റെ ഉറവിടം ഞങ്ങൾ കണ്ടെത്തി. തിത്തിരിപ്പക്ഷി വർഗത്തിൽപ്പെട്ട ചെക്കർ എന്ന, വർണഭംഗിയുള്ള യൂറേഷ്യൻ പക്ഷിയായിരുന്നു കഥാനായകൻ. അതിന്റെ ലത്തീൻപേര്‌ അലെക്ടോറിസ്‌ ചെക്ക്‌ർ എന്നാണ്‌. നിലത്താണ്‌ അതു മുട്ടയിടുന്നതും അടയിരിക്കുന്നതും. ആ കാലഘട്ടത്തിൽ അധികസമയവും അത്‌ താഴെത്തന്നെയായിരിക്കും. ഞങ്ങളെ കണ്ടതും, പറക്കുന്നതിനു പകരം അത്‌ ഓടിയകലുകയാണുണ്ടായത്‌.

ഈ പക്ഷികൾ മനോഹരമായ മൗയീ ദ്വീപിൽ എത്തിപ്പെട്ടത്‌ എങ്ങനെയാണ്‌? സാധ്യതയനുസരിച്ച്‌ അവയെ അവിടേക്കു കൊണ്ടുവന്നതാണ്‌. വടക്കേ അമേരിക്കയിൽ, അവയെ വളർത്തിയിട്ട്‌ വേട്ടയാടിപ്പിടിക്കുന്നതിനായി വനത്തിലേക്കു തുറന്നുവിടുന്ന രീതിയുണ്ട്‌. ഈ നാണംകുണുങ്ങി പക്ഷിയെ അടുത്തു കാണാൻ സാധിച്ചല്ലോ എന്ന ചാരിതാർഥ്യത്തോടെയായിരുന്നു ഞങ്ങളുടെ മടക്കയാത്ര.​—⁠സംഭാവന ചെയ്യപ്പെട്ടത്‌.