ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
▪ “സദാ ടിവി-യുടെ മുമ്പിൽ ചടഞ്ഞുകൂടുന്നതും കുടുംബം ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്ന രീതി പൊയ്പോയിരിക്കുന്നതും കുഞ്ഞുങ്ങളെ വണ്ടിയിൽ ഇരുത്തി തള്ളിക്കൊണ്ടു പോകുന്നതുമെല്ലാം” മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മിലുള്ള ആശയവിനിമയത്തിന് ഒരു വിലങ്ങുതടിയായിരിക്കുന്നു. ഫലമോ? സ്കൂളിൽ പോകാൻ തുടങ്ങുന്നതോടെ, എന്ത് എങ്ങനെ പറയണമെന്ന് അറിയാതെ വരുമ്പോൾ അവർ “നിയന്ത്രണംവിട്ട് പൊട്ടിത്തെറിക്കാൻ പ്രവണത കാണിക്കുന്നു.”—ദി ഇൻഡിപെൻഡന്റ്, ബ്രിട്ടൻ.
▪ സ്പെയിനിൽ 23 ശതമാനം കുട്ടികളും വിവാഹേതര ബന്ധത്തിൽ ജനിക്കുന്നവരാണ്. ഫ്രാൻസിൽ അത് 43 ശതമാനവും ഡെൻമാർക്കിൽ 45 ശതമാനവും സ്വീഡനിൽ 55 ശതമാനവും ആണ്.—ഇൻസ്റ്റിറ്റ്യൂട്ടോ ഡി പോളീറ്റീക്ക ഫാമിലിയർ, സ്പെയിൻ.
▪ മൂന്നിലൊന്ന് ബ്രിട്ടീഷുകാരും രാത്രിയിൽ അഞ്ചു മണിക്കൂറിൽ താഴെ മാത്രമാണ് ഉറങ്ങുന്നത്. ഇത് “ശ്രദ്ധാശൈഥില്യത്തിനും ഓർമത്തകരാറിനും ഭാവവ്യതിയാനങ്ങൾക്കും” ഇടയാക്കുന്നു. ഉറക്കക്കുറവ് “പൊണ്ണത്തടി, പ്രമേഹം, വിഷാദരോഗം, വിവാഹമോചനം, കാറപകടങ്ങൾ” എന്നിവയ്ക്കുള്ള സാധ്യതയും വർധിപ്പിച്ചേക്കാം.—ദി ഇൻഡിപെൻഡന്റ്, ബ്രിട്ടൻ.
അക്രമം ‘ഒരു നേരംപോക്കിന്’
“ചെറുപ്പക്കാർ മറ്റുള്ളവരെ മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത് ആ രംഗങ്ങൾ മൊബൈൽ ഫോൺ ഉപയോഗിച്ച് വീഡിയോയിൽ പകർത്തുന്ന രീതി വർധിച്ചുവരികയാണ്” എന്ന് സ്പാനീഷ് പത്രമായ എൽ പായിസ് പറയുന്നു. ക്രൂരമർദനത്തിനു വിധേയരാകുന്നവരിൽ ചിലർ ഒരിക്കലും സൗഖ്യംപ്രാപിക്കുന്നില്ല. ചെറുപ്പക്കാർ ഇത്തരം അക്രമപ്രവർത്തനങ്ങൾക്കു മുതിരുന്നത് എന്തുകൊണ്ടാണ്? “മോഷ്ടിക്കുന്നതിനോ വർഗവിവേചന നിമിത്തമോ ഒരു കുറ്റകൃത്യസംഘത്തിൽ പെട്ടതുകൊണ്ടോ അല്ല, പകരം ഒരു നേരംപോക്കിനുവേണ്ടിയാണ് അവർ അപ്രകാരം ചെയ്യുന്നത്—കുറ്റകൃത്യങ്ങളുടെ ഞെട്ടിക്കുന്ന പുതിയ മുഖം,” എക്സ്എൽ മാസിക വിവരിക്കുന്നു. “ചിലപ്പോൾ മദ്യപിച്ചും മറ്റു ചിലപ്പോൾ അല്ലാതെയും അവരതു ചെയ്യുന്നു” എന്ന് കുറ്റകൃത്യശാസ്ത്രത്തിൽ പഠനം നടത്തുന്ന മനഃശാസ്ത്രജ്ഞനായ ബീഥേന്റേ ഗാരിഡോ. “എന്നാൽ, അവർക്കു യാതൊരു കൂസലുമില്ലെന്നാണു പൊതുവേ കണ്ടുവരുന്നത്.”
അവഗണിക്കപ്പെടുന്ന ഉഷ്ണമേഖലാരോഗങ്ങൾ
വൈദ്യശാസ്ത്ര ഗവേഷണ രംഗം മിക്ക ഉഷ്ണമേഖലാരോഗങ്ങളെയും അവഗണിക്കുന്നു. എന്തുകൊണ്ട്? “[പുതിയ മരുന്നുകൾക്കായി] ഔഷധവ്യവസായം ഗവേഷണങ്ങളൊന്നും നടത്തുന്നില്ല എന്നതാണ് പരിതാപകരമായ സ്ഥിതിവിശേഷം,” സ്കോട്ട്ലൻഡിലുള്ള ഡൺഡീ യൂണിവേഴ്സിറ്റിയിലെ ഒരു തന്മാത്ര ജീവശാസ്ത്രജ്ഞനായ മൈക്കിൾ ഫെർഗസൻ പറയുന്നതിങ്ങനെ. ലാഭം പോയിട്ട്, മുടക്കുമുതൽപോലും തിരികെ കിട്ടുമെന്ന പ്രതീക്ഷ ഇല്ലാത്തതിനാലാണ് അവർ അതിനു മടിക്കുന്നത്. അൽസൈമേഴ്സ്, പൊണ്ണത്തടി, ലൈംഗിക ശേഷിക്കുറവ് തുടങ്ങിയവയ്ക്കുള്ള, കൂടുതൽ ലാഭം കൊയ്യാനാകുന്ന തരം മരുന്നുകൾ ഉത്പാദിപ്പിക്കാനാണ് ഈ കമ്പനികൾക്ക് ഏറെ താത്പര്യം. അതേസമയം, ന്യൂ സയന്റിസ്റ്റ് മാസിക പറയുന്നതനുസരിച്ച്, “സുരക്ഷിതവും ഫലപ്രദവുമായ മരുന്നുകൾ ഇനിയും ലഭ്യമല്ലാത്തതിന്റെ പേരിൽ ലോകവ്യാപകമായി പ്രതിവർഷം പത്തുലക്ഷം ആളുകൾ മലമ്പനി ബാധിച്ച് മരിക്കുന്നതായി” കണക്കാക്കപ്പെടുന്നു.
കൊച്ച് ‘ഉപഭോക്താക്കൾ’
ഇറ്റലിയിലെ റോമിലുള്ള ലാ സാപിയെൻസാ യൂണിവേഴ്സിറ്റി പറയുന്നതനുസരിച്ച്, വെറും മൂന്നു വയസ്സുള്ള കുട്ടികൾക്കുപോലും വിപണിയിലുള്ള സാധനങ്ങളുടെ വിവിധ ബ്രാൻഡുകളെക്കുറിച്ച് അറിയാം. എട്ടു വയസ്സാകുമ്പോഴേക്കും അവർ ‘ഉപഭോക്താക്കൾ’ ആയി മാറുന്നു. ടിവി പരസ്യങ്ങൾ അവരുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു, അതിന്റെ ഫലമായി ചില പ്രത്യേക സാധനങ്ങൾ വേണമെന്നു നിർബന്ധം പിടിക്കുന്ന കൊച്ചു ‘സ്വേച്ഛാധിപതികൾ’ ആയിത്തീരുന്നു അവർ എന്ന് ലാ റേപ്പൂബ്ലിക്കാ. അങ്ങനെ “വിപണിയിൽ ലഭ്യമായിരിക്കുന്നതെല്ലാം (കൂടാതെ വാങ്ങുന്നതും) അത്യന്താപേക്ഷിതമാണെന്നു കരുതുന്ന ഒരു മിഥ്യാലോകത്തിൽ അവസാനം അവർ ജീവിക്കാൻ തുടങ്ങുന്നു, ഒപ്പം അതു യാഥാർഥ്യമാണെന്നു വിശ്വസിക്കാനും. . . . അവിടെയാണ് അപകടം,” പ്രസ്തുത പത്രം വിവരിക്കുന്നു.
‘ഗർഭിണിയായ’ റോബോട്ട്
ഡോക്ടർമാരും നഴ്സുമാരും ഗർഭിണികളെ പരിചരിച്ചുകൊണ്ടാണ് പരമ്പരാഗതമായി ഗർഭശുശ്രൂഷയ്ക്കുള്ള പരിശീലനം നേടിയിരുന്നത്. എന്നാൽ ഇപ്പോൾ, “പ്രസവത്തോടു ബന്ധപ്പെട്ട അവസ്ഥാവിശേഷങ്ങൾ കൃത്രിമമായി ആവിഷ്കരിച്ചിരിക്കുന്ന,” നോയൽ എന്നു പേരായ “ഒരു റോബോട്ട് വളരെ പ്രചാരം നേടുന്നു” എന്ന് അസ്സോസിയേറ്റഡ് പ്രസ്സിന്റെ ഒരു റിപ്പോർട്ട് പറയുന്നു. ഈ ‘ഗർഭിണിയിൽ’ നാഡിമിടിപ്പ്, ഗർഭാശയമുഖത്തിന്റെ വികാസം, പ്രസവത്തോടു ബന്ധപ്പെട്ട വിവിധ സങ്കീർണതകൾ, താരതമ്യേന പെട്ടെന്നുള്ളതോ ദൈർഘ്യമേറിയതോ ആയ പ്രസവം എന്നിവയെല്ലാം പ്രോഗ്രാം ചെയ്യാവുന്നതാണ്. നോയൽ പ്രസവിക്കുന്നത് റോസ് നിറത്തിലുള്ള ആരോഗ്യം തുടിക്കുന്ന ‘കുട്ടിയോ,’ പ്രാണവായുവിന്റെ കുറവു മൂലം ശരീരം നീല നിറമായിത്തീർന്ന ‘കുട്ടിയോ’ ആയിരുന്നേക്കാം. പരിശീലനത്തിനായി ഒരു റോബോട്ടിനെ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ്? “ജീവനുള്ള ഒരു വ്യക്തിയോടു ബന്ധപ്പെട്ട് ഒരു കൈയബദ്ധം പറ്റുന്നതിനെക്കാൾ ഭേദമായിരിക്കില്ലേ 20,000 ഡോളർ മാത്രം (ഏകദേശം ഒമ്പതു ലക്ഷം രൂപ) വിലവരുന്ന ഒരു റോബോട്ടിന്റെ കാര്യത്തിൽ അതു സംഭവിക്കുന്നത്,” റിപ്പോർട്ട് വിവരിക്കുന്നു.