വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സുഖസുഷുപ്‌തിയിലാണ്ട ഭീകരന്റെ കാൽച്ചുവട്ടിൽ

സുഖസുഷുപ്‌തിയിലാണ്ട ഭീകരന്റെ കാൽച്ചുവട്ടിൽ

സുഖസുഷുപ്‌തിയിലാണ്ട ഭീകരന്റെ കാൽച്ചുവട്ടിൽ

അഗ്നിപർവതങ്ങൾ. നിഗൂഢത നിറഞ്ഞതായിരുന്നിട്ടുണ്ട്‌ അവ എന്നും. ചിലപ്പോൾ നൂറ്റാണ്ടുകളോളംപോലും അവ സുഖനിദ്രയിൽ ആയിരുന്നേക്കാം. എന്നിട്ട്‌ പെട്ടെന്ന്‌ ഒരുനാൾ അവ ‘സടകുടഞ്ഞെഴുന്നേൽക്കുകയായി.’ വിസ്‌മയാവഹവും അതേസമയം അത്യന്തം മാരകവുമാണത്‌. കണ്ണടച്ചു തുറക്കുന്നതിനിടയിൽ മഹാനഗരങ്ങൾ മഹാശ്‌മശാനങ്ങളാകുന്നു.

അഗ്നിപർവതങ്ങൾ അപകടകാരികളാണ്‌ എന്നതിൽ ആർക്കും തർക്കമില്ല. ലക്ഷക്കണക്കിനു ജീവനാണ്‌ കഴിഞ്ഞ മൂന്നു നൂറ്റാണ്ടിൽ മാത്രം അവ അപഹരിച്ചിട്ടുള്ളത്‌. നമ്മിൽ പലരും ജീവിക്കുന്നത്‌ ഇത്തരം പർവതങ്ങളിൽനിന്ന്‌ ബഹുകാതം അകലെയായിരിക്കും. എന്നാൽ ദശലക്ഷങ്ങൾ സജീവ അഗ്നിപർവതങ്ങളുടെ സമീപപ്രദേശങ്ങളിലും. ഇക്വഡോറിന്റെ തലസ്ഥാനമായ കീറ്റോ നഗരത്തിന്റെ കാര്യംതന്നെ എടുക്കുക. പിച്ചിൻച അഗ്നിപർവതത്തിന്റെ കീഴ്‌ചെരുവിൽത്തന്നെ തെക്കുകിഴക്കായാണ്‌ അതു സ്ഥിതിചെയ്യുന്നത്‌. ഇനി, മെക്‌സിക്കോസിറ്റിയിൽനിന്ന്‌ ഏകദേശം 60 കിലോമീറ്റർ മാത്രം അകലെയാണ്‌ മൗണ്ട്‌ പോപകാറ്റാപെറ്റ്‌ൽ. ആസ്‌ടെക്‌ ഭാഷയിൽ ആ പേരിന്റെ അർഥം “പുകയുന്ന പർവതം” എന്നാണ്‌. ന്യൂസിലൻഡിലെ ഓക്‌ലാൻഡ്‌, ഇറ്റലിയിലെ നേപ്പിൾസ്‌ തുടങ്ങിയ വൻനഗരങ്ങളാണെങ്കിൽ, അഗ്നിപർവതത്തിൽത്തന്നെയോ അതിന്റെ താഴ്‌വാരത്തോ ആണ്‌. ഭൗമാന്തർശക്തികൾ രൗദ്രഭാവം കൈവരിച്ച്‌, സുഖസുഷുപ്‌തിയിൽ ആണ്ടിരിക്കുന്ന ഭീകരനെ എപ്പോൾ വേണമെങ്കിലും ഉണർത്തിയേക്കാം, ആ ഭയത്തിന്റെ നിഴലിലാണ്‌ ദശലക്ഷങ്ങൾ.

അപകടകാരിയായ ഒരു ഭീകരൻ

നേപ്പിൾസ്‌ നിവാസികൾ മൗണ്ട്‌ വെസൂവിയസിനടുത്ത്‌ താമസം ഉറപ്പിച്ചിട്ട്‌ 3,000-ത്തോളം വർഷമായി. നേപ്പിൾസിൽനിന്ന്‌ 11 കിലോമീറ്റർ അകലമേയുള്ളൂ വെസൂവിയസിലേക്ക്‌. ഒരു അഗ്നിപർവതകോൺ ആണിത്‌, അർധവൃത്താകൃതിയിൽ അതിനെ വലയംചെയ്‌ത്‌ പുരാതന സോമ മലയും. ഏറ്റവും അപകടകാരികളായ അഗ്നിപർവതങ്ങളുടെ നിരയിലാണ്‌ വെസൂവിയസ്‌. പർവതത്തിന്റെ ചുവട്‌ സമുദ്രനിരപ്പിനു താഴെയാണ്‌. അതുകൊണ്ടുതന്നെ കാണുന്നതിനെക്കാൾ വലുപ്പമുണ്ട്‌ അതിന്‌.

വെസൂവിയസിന്‌ സ്‌ഫോടനങ്ങളുടെ ഒരു നീണ്ട ചരിത്രംതന്നെ ഉണ്ട്‌. ലോകശ്രദ്ധ പിടിച്ചുപറ്റിയ പൊതുയുഗം (പൊ.യു.) 79-ലെ സ്‌ഫോടനത്തെ തുടർന്ന്‌ 50-ലേറെ പ്രാവശ്യം അതു പൊട്ടിത്തെറിച്ചിട്ടുണ്ട്‌. പോംപേയ്‌, ഹെർക്കുലേനിയം എന്നീ നഗരങ്ങൾ അന്നു നാശത്തിനിരയായി. പൊ.യു. 1631-ലെ വിനാശകമായ സ്‌ഫോടനത്തിൽ 4,000-ത്തോളം പേരുടെ ജീവൻ ഹോമിക്കപ്പെട്ടു. ആ സമയത്താണ്‌ “ലാവാ” എന്ന പദം ഉപയോഗത്തിൽ വന്നത്‌. “ഒഴുകുക” എന്നർഥമുള്ള ലാബി എന്ന ലത്തീൻ പദത്തിൽനിന്ന്‌ ഉരുത്തിരിഞ്ഞതാണിത്‌. വെസൂവിയസ്‌ പർവതച്ചെരുവിലൂടെ ഒഴുകിയിറങ്ങുന്ന ലാവാപ്രവാഹത്തെ വിശേഷിപ്പിക്കാൻ എന്തുകൊണ്ടും അനുയോജ്യമായ പദം.

നൂറ്റാണ്ടുകളോളം വെസൂവിയസ്‌ സജീവാവസ്ഥയിൽ ആയിരുന്നു. 1944-ൽ രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ പൊട്ടിത്തെറിച്ച വെസൂവിയസ്‌ ചാരം തൂകിയാണ്‌ സഖ്യകക്ഷികളുടെ സൈന്യത്തെ വരവേറ്റത്‌. “ഫ്യൂനീക്യൂലീ, ഫ്യൂനീക്യൂലാ” എന്ന ഇറ്റാലിയൻ നാടോടിഗാനത്തിൽ നിറഞ്ഞുനിൽക്കുന്ന പ്രശസ്‌ത ഫ്യൂനികുലർ റെയിൽകാറും (കേബിൾ റെയിൽവേ) സമീപ പട്ടണങ്ങളായ മാസാ, സാൻ സെബാസ്റ്റ്യാനോ എന്നിവയും അന്ന്‌ ചാരത്തിനടിയിലായി.

ഇന്ന്‌ നേപ്പിൾസ്‌ നിവാസികൾ തങ്ങളുടെ ‘മൂക്കിനു താഴെയുള്ള’ അപകടത്തെ തൃണവത്‌ഗണിച്ചുകൊണ്ട്‌ സ്വൈരജീവിതം നയിക്കുന്നു. ചരിത്ര-പുരാവസ്‌തു സ്‌മാരകങ്ങൾ കണ്ട്‌ വിനോദസഞ്ചാരികൾ അത്ഭുതംകൂറുന്നു. കടകളിലും റെസ്റ്ററന്റുകളിലും ബിസിനസ്‌ പൊടിപൊടിക്കുന്നു. നേപ്പിൾസ്‌ ഉൾക്കടലിൽ അങ്ങിങ്ങായി ബോട്ടുകളും ദൃശ്യമാണ്‌. വെസൂവിയസിന്റെ ജനപ്രീതിക്ക്‌ ഇന്നും മങ്ങലേറ്റിട്ടില്ല. ‘സുഖസുഷുപ്‌തിയിൽ ആണ്ടിരിക്കുന്ന ഭീകരൻ’ എന്നതിനെക്കാൾ ഒരു സുഹൃത്തിന്റെ സ്ഥാനമാണ്‌ ജനഹൃദയങ്ങളിൽ അതിനുള്ളത്‌.

ഓക്‌ലാൻഡ്‌​—⁠അഗ്നിപർവതങ്ങളുടെ നഗരം

ന്യൂസിലൻഡിലെ തുറമുഖ നഗരമാണ്‌ ഓക്‌ലാൻഡ്‌. പത്തുലക്ഷത്തിലധികം വരുന്ന അവിടുത്തെ നിവാസികൾ 48 ചെറിയ അഗ്നിപർവതങ്ങളുടെ നടുവിലാണു കഴിയുന്നത്‌. പുരാതന അഗ്നിപർവത താഴ്‌വരകളിൽ രണ്ടു തുറമുഖങ്ങൾ ഉണ്ട്‌. കൂടാതെ അഗ്നിപർവത സ്‌ഫോടന ഫലമായി ചില ദ്വീപുകളും രൂപംകൊണ്ടിരിക്കുന്നു. ഇവയിൽ ഏറ്റവും ദൃശ്യമായത്‌ 600 വർഷം പഴക്കമുള്ള റാങ്കിടോടോ ആണ്‌. അതിന്റെ, ജലനിരപ്പിനു മുകളിലുള്ള ഭാഗത്തെ ആകൃതി വെസൂവിയസിന്റേതിനു സമാനമാണ്‌. സ്‌ഫോടന ഫലമായി ഈ ദ്വീപ്‌ പിറവിയെടുത്തപ്പോൾ സമീപത്തുള്ള മൗരീ ഗ്രാമം ചാരത്തിനടിയിലായി.

ഓക്‌ലാൻഡുകാർ അവിടത്തെ അഗ്നിപർവതങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ പഠിച്ചിരിക്കുന്നു. ഓക്‌ലാൻഡിന്റെ മധ്യഭാഗത്തു സ്ഥിതിചെയ്യുന്ന മൗങ്കാക്കീക്കീ അഗ്നിപർവതം ഇന്ന്‌ ഒരു പാർക്കും ആടുവളർത്തൽകേന്ദ്രവും ആണ്‌. ചില അഗ്നിപർവതങ്ങൾ ഇപ്പോൾ തടാകങ്ങളോ പാർക്കുകളോ സ്‌പോർട്‌സ്‌ മൈതാനങ്ങളോ ആണ്‌. ഒരെണ്ണം ശ്‌മശാനമാണ്‌. പലരും അഗ്നിപർവതങ്ങളുടെ ചെരുവിൽ താമസിക്കാൻ ഇഷ്ടപ്പെടുന്നു. എന്തിനെന്നോ, കണ്ണിനു വിരുന്നൊരുക്കുന്ന മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ ആസ്വദിക്കാൻ.

ആദ്യം മൗരീകളും 180 വർഷം മുമ്പ്‌ യൂറോപ്പുകാരും ഓക്‌ലാൻഡിൽ കുടിയേറി. അഗ്നിപർവതങ്ങളുടെ പൂർവകാല ചരിത്രമൊന്നും അവർ കണക്കിലെടുത്തില്ല എന്നു വേണം കരുതാൻ. പകരം, സ്ഥലത്തിന്റെ ലഭ്യത, സമുദ്രസാമീപ്യം, ഫലഭൂയിഷ്‌ഠമായ മണ്ണ്‌ ഇവയൊക്കെയാണ്‌ അവരെ ആകർഷിച്ചത്‌. അഗ്നിപർവതത്തിന്റെ സമീപപ്രദേശത്തെ മണ്ണ്‌ അത്യന്തം വളക്കൂറുള്ളതായിരിക്കും എന്നത്‌ ഒരു വസ്‌തുതയാണ്‌, അത്‌ ലോകത്തിൽ എവിടെയായിരുന്നാലും ശരി. ഉദാഹരണത്തിന്‌ ഇന്തൊനീഷ്യയിൽ സജീവ അഗ്നിപർവതങ്ങളുടെ സമീപപ്രദേശങ്ങളിലാണ്‌ ഏറ്റവും അധികം നെല്ല്‌ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌. പടിഞ്ഞാറൻ ഐക്യനാടുകളിലെ മുഖ്യകാർഷിക മേഖലയിലുള്ള മണ്ണും വലിയൊരളവുവരെ അഗ്നിപർവത സ്‌ഫോടനത്താൽ ഫലഭൂയിഷ്‌ഠമായതാണ്‌. സാഹചര്യങ്ങൾ അനുകൂലമായിരുന്നാൽ, സ്‌ഫോടനശേഷം ലാവയാൽ മൂടപ്പെട്ടു കിടക്കുന്ന പ്രദേശത്ത്‌ പച്ചപ്പു തഴയ്‌ക്കാൻ ഒരു വർഷംപോലും വേണ്ട.

മുന്നറിയിപ്പു സംവിധാനങ്ങൾ

‘അഗ്നിപർവതങ്ങളുടെ സമീപത്തു താമസിക്കുന്നത്‌ അപകടകരമല്ലേ’ എന്ന്‌ പലരും വിചാരിക്കുന്നുണ്ടാകും. തീർച്ചയായും. എന്നാൽ ഭൂകമ്പങ്ങൾക്കും അഗ്നിപർവതസ്‌ഫോടനങ്ങൾക്കും ഉള്ള സാധ്യതകൾ ശാസ്‌ത്രജ്ഞന്മാരുടെ സൂക്ഷ്‌മ നിരീക്ഷണത്തിലാണ്‌. ഉദാഹരണത്തിന്‌ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ജിയോളജിക്കൽ സർവേ ലോകമെമ്പാടുമുള്ള സജീവ അഗ്നിപർവതങ്ങളെ നിരീക്ഷിക്കുന്നുണ്ട്‌​—⁠നേപ്പിൾസ്‌, ഓക്‌ലാൻഡ്‌ എന്നിവിടങ്ങളിലേത്‌ ഉൾപ്പെടെ. പ്രസ്‌തുത സ്ഥലങ്ങളിൽ, ഒരു അഗ്നിപർവതസ്‌ഫോടനം ഉണ്ടാകുന്ന പക്ഷം അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച വ്യക്തമായ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്‌. 24 മണിക്കൂറും സിഗ്നലുകൾ പ്രേക്ഷണം ചെയ്യുന്ന ഗ്ലോബൽ പൊസിഷനിങ്‌ സിസ്റ്റവും സീസ്‌മോമീറ്റർ ശൃംഖലകളും ഉപയോഗിച്ച്‌ ശാസ്‌ത്രജ്ഞന്മാർക്ക്‌ ഭൗമാന്തർ ചലനങ്ങളും അഗ്നിപർവതസ്‌ഫോടനത്തിനുള്ള സാധ്യതകളും മറ്റും കണ്ടുപിടിക്കാനാകും.

വെസൂവിയസ്‌ സദാ നിരീക്ഷണത്തിൻകീഴിലാണ്‌. ഇറ്റലിയിലെ അധികൃതർ അതീവ ജാഗ്രതപുലർത്തുന്നു. 1631-ൽ ഉണ്ടായതിനു സമാനമായ തീവ്രതയിലുള്ള സ്‌ഫോടനം ഉണ്ടാകുന്നപക്ഷം എടുക്കേണ്ട അടിയന്തിര നടപടികളുടെ വിശദമായ രൂപരേഖ അവർ തയ്യാറാക്കിയിട്ടുണ്ട്‌. അപകടമേഖലയിൽ താമസിക്കുന്നവർക്ക്‌ സ്‌ഫോടനത്തിനു മുമ്പുതന്നെ ആവശ്യമായ മുന്നറിയിപ്പു നൽകാനും അവരെ ഒഴിപ്പിക്കാനും ആകുമെന്നാണ്‌ വിദഗ്‌ധരുടെ അവകാശവാദം.

മോണോജെനറ്റിക്‌ അഗ്നിപർവത മേഖലയായി ശാസ്‌ത്രജ്ഞന്മാർ കണക്കാക്കിയിരിക്കുന്നിടത്താണ്‌ ഓക്‌ലാൻഡിന്റെ സ്ഥാനം. അതിന്റെ അർഥം, അവശ്യം നിലവിലുള്ള ഒരു അഗ്നിപർവതം പൊട്ടിത്തെറിക്കണമെന്നില്ല, പകരം പുതിയ ഒരു സ്ഥലത്ത്‌ തികച്ചും പുതുതായ ഒന്ന്‌ രൂപംകൊണ്ടേക്കാം എന്നാണ്‌. ഏതാനും ദിവസങ്ങൾമുതൽ ഏതാനും ആഴ്‌ചകൾവരെ നീണ്ടുനിൽക്കുന്ന ഭൂകമ്പങ്ങൾക്കു ശേഷം മാത്രമേ ഇങ്ങനെയൊന്നു രൂപംകൊള്ളുകയുള്ളൂ എന്നാണ്‌ വിദഗ്‌ധമതം. അങ്ങനെ ആളുകൾക്ക്‌ സുരക്ഷിതസ്ഥാനങ്ങളിലേക്കു പലായനം ചെയ്യാൻ വേണ്ടത്ര സമയം ലഭിക്കുന്നു.

അപകടം സദാ മുന്നിൽ കാണുക

അഗ്നിപർവതങ്ങൾ നിരീക്ഷണവിധേയമാക്കുന്നത്‌ സുപ്രധാനമാണ്‌ എന്നതു ശരിതന്നെ. എന്നാൽ മുന്നറിയിപ്പുകൾ അവഗണിച്ചാൽ എല്ലാ ശ്രമങ്ങളും വെള്ളത്തിലാകും. 1985-ൽ കൊളംബിയയിലെ ആർമാറോയിൽ, നേവാഡോ ഡെൽ റൂയീസ്‌ പർവതം പൊട്ടിത്തെറിക്കുമെന്ന്‌ അധികൃതർക്ക്‌ മുന്നറിയിപ്പു നൽകുകയുണ്ടായി. എന്നാൽ 50 കിലോമീറ്റർ അകലെ വ്യക്തമായ മുന്നറിയിപ്പു നൽകിക്കൊണ്ട്‌ പർവതം ‘ഗർജി’ച്ചപ്പോഴും ശാന്തരായി തുടരാനാണ്‌ പട്ടണവാസികളോട്‌ അവർ ആവശ്യപ്പെട്ടത്‌. 21,000-ത്തിലധികം പേരുടെ ജീവനാണ്‌ നഗരത്തെ മൂടിയ ചെളിപ്രവാഹം കവർന്നെടുത്തത്‌.

ഇത്തരം ദാരുണ ദുരന്തങ്ങൾ വിരളമാണെങ്കിലും സജീവതയുടെയും സുഷുപ്‌തിയുടെയും ഇടവേളകൾ കൂടുതലായ ഗവേഷണങ്ങൾക്കും തയ്യാറെടുപ്പിനുമായി ഉപയോഗപ്പെടുത്താനായിട്ടുണ്ട്‌. അങ്ങനെ തുടർച്ചയായ നിരീക്ഷണം, വേണ്ടത്ര തയ്യാറെടുപ്പ്‌, പൊതുജനാവബോധം എന്നിവ, സുഖസുഷുപ്‌തിയിലായിരിക്കുന്ന ഒരു ഭീകരന്റെ പിടിയിൽ അമരുന്നതിനുള്ള സാധ്യത ഒരു പരിധിവരെ കുറയ്‌ക്കുന്നു.

[16-ാം പേജിലെ ചതുരം/ചിത്രം]

ഒരുങ്ങിയിരിക്കൂ!

ഒരു പ്രകൃതിദുരന്തത്തെ നേരിടാൻ നിങ്ങൾ തയ്യാറെടുത്തിട്ടുണ്ടോ? നിങ്ങളുടെ പ്രദേശത്ത്‌ ഉണ്ടാകാൻ സാധ്യതയുള്ള വിപത്തുകളെക്കുറിച്ചു ബോധവാന്മാരായിരിക്കുക. കുടുംബാംഗങ്ങൾ പലയിടങ്ങളിലായി ചിതറിപ്പോകുന്ന ഒരു സാഹചര്യം സംജാതമാകുന്നപക്ഷം എവിടെ കണ്ടുമുട്ടും, നിങ്ങൾ എവിടെയാണെന്നുള്ളത്‌ ആരെ അറിയിക്കും എന്നൊക്കെ മുൻകൂട്ടി നിശ്ചയിച്ച്‌ ഉറപ്പിക്കുക. അടിയന്തിര സാഹചര്യങ്ങളിലേക്കു വേണ്ട അവശ്യവസ്‌തുക്കൾ കരുതിവെക്കുക. ഭക്ഷണം, കുടിവെള്ളം, വസ്‌ത്രം, ഫസ്റ്റ്‌ എയ്‌ഡ്‌ ബോക്‌സ്‌, റേഡിയോ, ജലരോധക ഫ്‌ളാഷ്‌ലൈറ്റുകൾ, ബാറ്ററികൾ എന്നിവയെല്ലാം അതിൽ ഉണ്ടായിരിക്കേണ്ടതാണ്‌. കുറെ ദിവസത്തേക്ക്‌ ആവശ്യമായ വസ്‌തുക്കൾ കരുതിയിട്ടുണ്ടെന്ന്‌ ഉറപ്പുവരുത്തുക.

[15-ാം പേജിലെ ചിത്രം]

സന്ദർശകർ, വെസൂവിയസ്‌ അഗ്നിപർവതമുഖത്തിങ്കൽ

[കടപ്പാട്‌]

©Danilo Donadoni/Marka/age fotostock

[15-ാം പേജിലെ ചിത്രം]

നേപ്പിൾസ്‌ നഗരവും വെസൂവിയസും, ഇറ്റലി

[കടപ്പാട്‌]

© Tom Pfeiffer

[15-ാം പേജിലെ ചിത്രം]

പോംപേയും ഹെർക്കുലേനിയവും നശിപ്പിച്ച പൊ.യു. 79-ലെ മഹാസ്‌ഫോടനം, കലാകാരന്റെ ഭാവനയിൽ

[കടപ്പാട്‌]

© North Wind Picture Archives

[16-ാം പേജിലെ ചിത്രം]

ഓക്‌ലാൻഡിലെ റാങ്കിടോടോ ദ്വീപ്‌, അഗ്നിപർവതസ്‌ഫോടനത്തിന്റെ ഫലമായി ഉണ്ടായത്‌

[16, 17 പേജുകളിലെ ചിത്രങ്ങൾ]

മുകളിലും വലത്തും: പോപകാറ്റാപെറ്റ്‌ൽ പർവതം, മെക്‌സിക്കോ

[കടപ്പാട്‌]

AFP/Getty Images

Jorge Silva/AFP/Getty Images

[14-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

USGS, Cascades Volcano Observatory