വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്വാൽബാർ—ശീതതീരങ്ങളുടെ നാട്‌

സ്വാൽബാർ—ശീതതീരങ്ങളുടെ നാട്‌

സ്വാൽബാർ—ശീതതീരങ്ങളുടെ നാട്‌

നോർവേയിലെ ഉണരുക! ലേഖകൻ

ഞങ്ങളുടെ വിമാനം കനത്ത ഒരു മേഘപാളിയിലൂടെ സഞ്ചരിക്കുകയാണ്‌, ഒന്നും കാണാൻ കഴിയുന്നില്ല. ആ മേഘത്തിൽനിന്നു പുറത്തുകടക്കവേ അതാ, താഴെയായി മഞ്ഞുമൂടിയ ആർട്ടിക്‌ പ്രദേശം. ആരുടെയും മനംമയക്കുന്ന ഒരു കാഴ്‌ചതന്നെ! ഹിമാനികളും ഇന്ദ്രനീല കടലിടുക്കുകളും മഞ്ഞു മൂടിക്കിടക്കുന്ന പർവതങ്ങളും ഒക്കെ കൺകുളിർക്കെ കാണുകയാണ്‌ ഞങ്ങൾ. മഞ്ഞും ഹിമപാളികളും പുതച്ച്‌ നോക്കെത്താദൂരത്തോളം നീണ്ടുകിടക്കുന്ന തരിശുഭൂമി. ഇതാണ്‌ സ്വാൽബാർ​—⁠ഉത്തര അക്ഷാംശം 74 ഡിഗ്രിക്കും 81 ഡിഗ്രിക്കും ഇടയ്‌ക്കായി സ്ഥിതിചെയ്യുന്ന, ഉത്തര ധ്രുവത്തിനടുത്തുള്ള ദ്വീപസമൂഹം. ഇവിടമൊന്നു സന്ദർശിക്കാൻ എത്തിയതാണു ഞങ്ങൾ!

“ശീതതീരം” എന്നർഥമുള്ള സ്വാൽബാർ എന്ന പേര്‌ 1194-ൽ ഐസ്‌ലാൻഡിക്‌ ചരിത്രത്താളുകളിലാണ്‌ ആദ്യമായി പ്രത്യക്ഷപ്പെട്ടത്‌. എന്നാൽ ഭൂപടത്തിൽ സ്ഥാനംപിടിക്കാൻ സ്വാൽബാറിന്‌ പിന്നെയും 400 വർഷം, അതായത്‌ 1596 വരെ, കാത്തിരിക്കേണ്ടിവന്നു. ആ വർഷം, വില്ലം ബാരന്റ്‌സിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ഡച്ച്‌ പര്യവേക്ഷകർ വടക്കോട്ടു യാത്ര ചെയ്യുകയായിരുന്നു. അപ്പോഴാണ്‌, കപ്പലിന്റെ മേൽത്തട്ടിൽ നിൽക്കുകയായിരുന്ന കാവൽക്കാരൻ ചക്രവാളത്തിൽ പരുക്കൻ പർവതനിരകൾ നിറഞ്ഞ ഒരു അജ്ഞാതസ്ഥലം കണ്ടത്‌. സഹപര്യവേക്ഷകരോടൊപ്പം സ്വാൽബാറിന്റെ വടക്കു പടിഞ്ഞാറു ഭാഗത്ത്‌ എത്തിച്ചേർന്ന ബാരന്റ്‌സ്‌, ആ സ്ഥലത്തെ “കൂർത്ത അഗ്രങ്ങളുള്ള പർവതങ്ങൾ” എന്നർഥമുള്ള “സ്‌പിറ്റ്‌സ്‌ബർജൻ” എന്നു വിളിച്ചു. ഇന്ന്‌ സ്വാൽബാർ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ്‌ ഈ പേരിലാണ്‌ അറിയപ്പെടുന്നത്‌. ബാരന്റ്‌സിന്റെ ഈ കണ്ടുപിടിത്തം സ്വാൽബാറിനെ തിമിംഗിലവേട്ട, നീർനായ്‌വേട്ട, മൃഗവേട്ട, പര്യവേക്ഷണം എന്നിവയുടെയും ക്രമേണ കൽക്കരിഖനനം, ശാസ്‌ത്രഗവേഷണം, ടൂറിസം തുടങ്ങിയവയുടെയും കർമനിരതമായ ഒരു യുഗത്തിലേക്ക്‌ ആനയിച്ചു. വർഷങ്ങളിലുടനീളം പല രാജ്യങ്ങളും ഈ സംരംഭങ്ങളിൽ പങ്കെടുത്തിട്ടുണ്ട്‌. പക്ഷേ 1925 മുതൽ ഈ ദ്വീപസമൂഹം നോർവീജിയൻ പരമാധികാരത്തിന്റെ കീഴിലാണ്‌.

തണുത്തുറഞ്ഞ മണ്ണും ഉത്തരധ്രുവദീപ്‌തിയും

ആർട്ടിക്‌ സമുദ്രത്തിലെ ഐസ്‌ കടലിടുക്കിനു മുകളിലൂടെ താണുപറന്ന്‌ ഞങ്ങളുടെ വിമാനം സ്വാൽബാർ വിമാനത്താവളത്തിൽ ഇറങ്ങി. ഒരു വാഹനം വാടകയ്‌ക്കെടുത്ത്‌ ഞങ്ങൾ ലോങ്‌ഇയർബീൻ ലക്ഷ്യമാക്കി യാത്ര തിരിച്ചു. 1906-ൽ ഇവിടെ ആദ്യമായി കൽക്കരി ഖനികൾ സ്ഥാപിച്ചു പ്രശസ്‌തി നേടിയ ജോൺ എം. ലോങ്‌ഇയർ എന്ന അമേരിക്കൻ വ്യവസായിയുടെ പേരാണ്‌ ആ സ്ഥലത്തിനു കിട്ടിയത്‌. ഏറ്റവും അധികം ആളുകൾ അധിവസിക്കുന്നത്‌ ഇവിടെയാണ്‌​—⁠ഏകദേശം 2,000 പേർ. അതേ, പ്രശാന്ത സുന്ദരമായ സ്വാൽബാറിൽ ആധുനികമായ ഒരു ടൗൺഷിപ്പ്‌ ഞങ്ങൾ കാണുന്നു. ഒരു സൂപ്പർ മാർക്കറ്റ്‌, പോസ്റ്റ്‌ ഓഫീസ്‌, ബാങ്ക്‌, പബ്ലിക്‌ ലൈബ്രറി, ആശുപത്രി, പത്രമോഫീസ്‌, സ്‌കൂളുകൾ, അംഗൻവാടികൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിങ്ങനെയുള്ള സൗകര്യങ്ങൾ എല്ലാമുണ്ട്‌ അതിൽ. ലോകത്തിന്റെ വടക്കേയറ്റത്ത്‌​—⁠അതായത്‌ 78 ഡിഗ്രിയിലധികം വടക്കായി​—⁠ഇത്രയും ജനങ്ങൾ അധിവസിക്കുന്ന വേറൊരു സ്ഥലമില്ല.

മുമ്പ്‌ ഖനിത്തൊഴിലാളികളുടെ ക്വാർട്ടേഴ്‌സിന്റെ ഭാഗമായിരുന്ന ഒരു ഗസ്റ്റ്‌ ഹൗസിൽ ഞങ്ങൾക്ക്‌ താമസം തരപ്പെട്ടു. ഇവിടെ നിന്നാൽ ലോങ്‌ഇയർബീൻ വ്യക്തമായി കാണാം; യോർട്ട്‌ഫ്യെലറ്റ്‌ പർവതം ഗാംഭീര്യത്തോടെ തലയുയർത്തിനിൽക്കുന്ന കാഴ്‌ച ഒന്നു കാണേണ്ടതുതന്നെയാണ്‌! ഇത്‌ ഒക്ടോബറാണ്‌, പർവതങ്ങളെല്ലാം മഞ്ഞുമൂടി നിൽക്കുന്നു. താഴ്‌വരകളുടെ അടിവാരം മഞ്ഞണിഞ്ഞിട്ടില്ലെങ്കിലും നിലമാകെ മരവിച്ചു കിടക്കുകയാണ്‌. വേനൽക്കാലത്ത്‌ കുറച്ചുനാൾ മണ്ണ്‌ സാധാരണ അവസ്ഥയിലാകും, അതും ഉപരിതലത്തിൽ മാത്രം. ഇങ്ങനെയൊക്കെയാണെങ്കിലും അനുകൂലമായ കാറ്റുകളും സമുദ്രജല പ്രവാഹങ്ങളും നിമിത്തം ഈ അക്ഷാംശത്തിലെ മറ്റു പ്രദേശങ്ങളോടുള്ള താരതമ്യത്തിൽ ഇവിടെ മിതമായ കാലാവസ്ഥയാണ്‌. ഞങ്ങൾ താമസിക്കുന്നിടത്തുനിന്നു നോക്കിയാൽ സൂര്യന്റെ തങ്കരശ്‌മികളിൽ വെട്ടിത്തിളങ്ങുന്ന പർവതങ്ങളും നീലിമയാർന്ന താഴ്‌വാരങ്ങളും കാണാം. ലോങ്‌ഇയർബീൻ പ്രദേശത്ത്‌ ഒക്ടോബർ 26-നും ഫെബ്രുവരി 16-നും ഇടയ്‌ക്ക്‌ സൂര്യൻ ചക്രവാളത്തിനു മുകളിലേക്ക്‌ ഉയരാറില്ല. എങ്കിലും, അറോറ ബോറിയാലിസ്‌ എന്നറിയപ്പെടുന്ന ഉത്തരധ്രുവദീപ്‌തി പലപ്പോഴും ഇരുണ്ട ശൈത്യകാലങ്ങളെ പ്രകാശമാനമാക്കുന്നു. എന്നാൽ വസന്തകാലത്തും വേനൽക്കാലത്തും സ്വാൽബാറിൽ അർധരാത്രിയിലും സൂര്യനെ കാണാം. ലോങ്‌ഇയർബീനിൽ ഏപ്രിൽ 20 മുതൽ ആഗസ്റ്റ്‌ 23 വരെയാണ്‌ പാതിരാസൂര്യനെ കാണാനാകുക.

സസ്യങ്ങളും ജന്തുക്കളും

ശക്തിയായി കാറ്റടിക്കുന്നുണ്ട്‌, താപനിലയാണെങ്കിൽ -8 ഡിഗ്രി സെൽഷ്യസ്‌; പക്ഷേ ആകാശം തെളിഞ്ഞുതന്നെ നിൽക്കുന്നു. ഞങ്ങൾ യാത്രയ്‌ക്ക്‌ ഒരുങ്ങിക്കഴിഞ്ഞു. വഴികാട്ടി ഞങ്ങളെ സോർകുഫോഗൻ പർവതത്തിനു മുകളിലേക്കും തുടർന്ന്‌ താഴെ ലോങ്‌ഇയർബീന്‌ അടുത്തുള്ള ഹിമാനിയിലേക്കും കൂട്ടിക്കൊണ്ടുപോയി. വസന്തകാല, വേനൽക്കാല മാസങ്ങളിൽ ഈ പ്രദേശം ഒരു പുഷ്‌പ പ്രദർശനത്തിന്‌ വേദിയാകുമെന്ന കാര്യം മഞ്ഞുറഞ്ഞുകിടക്കുന്ന കുന്നുകൾ കയറിക്കൊണ്ടിരിക്കവേ അദ്ദേഹം ഞങ്ങളോടു പറഞ്ഞു. അതിശയകരമെന്നു പറയട്ടെ, ഏകദേശം 170 ഇനം പൂച്ചെടികളാൽ സമ്പന്നയാണ്‌ സ്വാൽബാർ. വെളുപ്പോ മഞ്ഞയോ നിറമുള്ള സ്വാൽബാർ പോപ്പി, പരിമളം ഉതിർക്കുന്ന പർപ്പിൾ സാക്‌സിഫ്രേജ്‌ എന്നിവയാണ്‌ ഇവിടെ സാധാരണമായി കണ്ടുവരുന്ന പൂക്കൾ.

മുകളിലായി, മഞ്ഞണിഞ്ഞ മലഞ്ചെരുവിൽ ഞങ്ങൾ സ്വാൽബാർ-ടാർമിഗൻ എന്നറിയപ്പെടുന്ന ഒരിനം കാട്ടുകോഴിയുടെ സാന്നിധ്യത്തിന്റെ ചില സൂചനകൾ കണ്ടു, സ്വാൽബാറിൽത്തന്നെ കഴിഞ്ഞുകൂടുന്ന ഒരേയൊരു പക്ഷിയാണ്‌ ടാർമിഗൻ. ബ്രൂണിച്ച്‌സ്‌ ഗിലമോട്ട്‌, ചെറിയയിനം ഓക്കുകൾ, പലയിനം കടൽപ്പാത്തകൾ, പർപ്പിൾ സാൻഡ്‌പൈപ്പർ തുടങ്ങി ഇവിടെ കാണുന്ന മറ്റു പക്ഷികളൊക്കെ ദേശാടകരാണ്‌. ഇക്കൂട്ടത്തിൽ സവിശേഷമായ ഒരിനമാണ്‌ ആർട്ടിക്‌ കടൽക്കാക്ക; ഇവയിൽ പലതും ഗോളത്തിന്റെ അങ്ങേപ്പുറത്തേക്ക്‌, അന്റാർട്ടിക്കയിലേക്ക്‌ ദേശാടനം നടത്താറുണ്ട്‌.

ആർട്ടിക്‌ കുറുക്കന്മാരുടെ സാന്നിധ്യത്തിന്റെ സൂചനകളും ഞങ്ങൾ കാണാനിടയായി. ശവശരീരങ്ങളും മറ്റു മൃഗങ്ങളുടെ ആഹാര അവശിഷ്ടങ്ങളും ഒക്കെയാണ്‌ ഈ കൗശലക്കാരന്റെ ഇഷ്ടഭോജ്യമെങ്കിലും ശാപ്പാട്‌ കുശാലാക്കുന്നതിനുവേണ്ടി പക്ഷിക്കുഞ്ഞുങ്ങൾ, മുട്ടകൾ തുടങ്ങിയവയും അകത്താക്കും. കരയിൽ ജീവിക്കുന്ന, സ്വദേശികളായ രണ്ടു സസ്‌തനങ്ങളിൽ ഒന്നാണ്‌ ഇത്‌. റെയിൻഡിയറാണ്‌ മറ്റെയാൾ, കക്ഷി ഒരു ‘മാന്യനാണ്‌’. സ്വാൽബാറിലെ താമസത്തിനിടെ പല പ്രാവശ്യം ഈ ചങ്ങാതിയെ അടുത്തുകാണാൻ ഞങ്ങൾക്കു കഴിഞ്ഞു. തികഞ്ഞ പ്രശാന്തതയോടെ അത്‌ ഞങ്ങളെ നോക്കുകയും അടുത്തുചെല്ലാൻ അനുവാദം നൽകിക്കൊണ്ട്‌ ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്യുകയും ചെയ്‌തു. കുറിയ കാലുകളും ചൂടുനിൽക്കുന്ന കട്ടിയേറിയ രോമക്കുപ്പായവുമുള്ള ഇക്കൂട്ടർ സാധാരണ ഈ ശരത്‌കാലത്ത്‌ ഒന്നു തടിച്ചുകൊഴുക്കും. ഇങ്ങനെ സംഭരിച്ചുവെക്കുന്ന അധികമായുള്ള കൊഴുപ്പ്‌ ശൈത്യകാലമാസങ്ങൾ അതിജീവിക്കാൻ ഇവരെ സഹായിക്കുന്നു.

ആർട്ടിക്കിലെ രാജാവായ ധ്രുവക്കരടിയെ സമുദ്രവാസിയായാണ്‌ അനേകരും കരുതുന്നത്‌. നീർനായ്‌ക്കളെ വേട്ടയാടുന്നതിനായി അധികസമയവും, കടലിലെ ഹിമപ്പരപ്പിൽ ചെലവഴിക്കുന്നതിനാലാകാം അത്‌. എന്നാൽ സ്വാൽബാറിൽ മിക്കവാറും എല്ലായിടത്തും നിങ്ങൾക്ക്‌ ഏകാന്തപഥികരായ ധ്രുവക്കരടികളെ കാണാം. ഞങ്ങൾ അവയെ കണ്ടുമുട്ടില്ലെന്ന ശുഭപ്രതീക്ഷയിലാണ്‌ ഞങ്ങളുടെ വഴികാട്ടി. അവ വളരെ അക്രമാസക്തരാകാറുണ്ടത്രേ. അതുകൊണ്ട്‌ അദ്ദേഹം ജീവരക്ഷാർഥം ഒരു തോക്ക്‌ കരുതിയിട്ടുണ്ട്‌. 1973 മുതൽ ധ്രുവക്കരടികളെ വേട്ടയാടുന്നത്‌ പൂർണമായി നിരോധിച്ചിരിക്കുകയാണ്‌. അവയുടെ ജീവഹാനിക്ക്‌ ഇടയാക്കുന്ന ഓരോ കേസും അന്വേഷണ വിധേയമാക്കുന്നുണ്ട്‌. ഇപ്പോൾ സ്വാൽബാറിൽ ധാരാളം ധ്രുവക്കരടികൾ ഉണ്ടെങ്കിലും ഈ ഹിമരാജന്റെ ഭാവിയെക്കുറിച്ച്‌ ആശങ്കകളില്ലാതില്ല. വെളുത്ത മഞ്ഞുപാടങ്ങളാൽ ആവൃതമായ ഈ ആർട്ടിക്‌ പ്രദേശം മാലിന്യരഹിതമാണെന്നു തോന്നിയേക്കാമെങ്കിലും പോളിക്ലോറിനേറ്റഡ്‌ ബൈഫിനൈൽ പോലുള്ള വിഷമാലിന്യങ്ങൾ പരിസ്ഥിതിയെ ബാധിച്ചുകഴിഞ്ഞു. ഭക്ഷ്യശൃംഖലയുടെ മുകളിൽ വരുന്നതു ധ്രുവക്കരടികളായതിനാൽ അവയുടെ ശരീരത്തിലെത്തുന്ന മാലിന്യങ്ങളുടെ അളവ്‌ വളരെ കൂടുതലാണ്‌; ഇത്‌ അവയുടെ പ്രത്യുത്‌പാദനശേഷിയെ പ്രതികൂലമായി ബാധിക്കുന്നതായി കാണപ്പെടുന്നു.

സോർകുഫോഗൻ പർവതത്തിന്റെ മുകളിലാണ്‌ ഞങ്ങളിപ്പോൾ; അങ്ങകലെ ഹിമത്തൊപ്പിയണിഞ്ഞുനിൽക്കുന്ന മാമലകൾ ഞങ്ങളുടെ കണ്ണുകളെ കുളിരണിയിക്കുന്നു. തെക്കുപടിഞ്ഞാറായി പകലോന്റെ പ്രഭയിൽ വെട്ടിത്തിളങ്ങുന്ന, ഹൃദയഹാരിയായ നൂർഡൻഷോൽഡ്‌ഫ്യെലറ്റ്‌ പർവതം. തലയ്‌ക്കുമീതെ നീലാകാശം; അങ്ങു താഴെയായി ലോങ്‌ഇയർബീൻ; ഞങ്ങൾ ശരിക്കും ഭൂഗോളത്തിന്റെ മുകളിൽ നിൽക്കുകയാണെന്നു തോന്നിപ്പോകുന്നു. അൽപ്പം റൊട്ടിയും ബ്ലാക്ക്‌ കറന്റ്‌ പഴച്ചാറ്‌, പഞ്ചസാര, ചൂടുവെള്ളം എന്നിവ ചേർത്തുണ്ടാക്കുന്ന പാനീയവും​—⁠പർവത സഞ്ചാരികളുടെ സാധാരണ പാനീയമാണിത്‌​—⁠പകർന്നുതന്ന ഉന്മേഷത്തിൽ ഇറക്കമിറങ്ങാൻ ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു. അടുത്തതായി കാണാനുള്ളത്‌ ലോങ്‌ഇയർബീൻ ഹിമാനിയാണ്‌.

കൽക്കരി ഖനനവും ഭീഷണിയിലായ ജീവികളും

ഞങ്ങൾ ഒരു പഴയ കൽക്കരി ഖനി സന്ദർശിച്ചു; രസകരമായ അനുഭവമായിരുന്നു അതും. അരോഗദൃഢഗാത്രനായ ഞങ്ങളുടെ വഴികാട്ടി പരിചയ സമ്പന്നനായ ഒരു ഖനിത്തൊഴിലാളി കൂടിയായിരുന്നു. ലോങ്‌ഇയർബീനു തൊട്ടു വെളിയിലായി സ്ഥിതിചെയ്യുന്ന മൈൻ-3 എന്ന ഖനി അദ്ദേഹം ഞങ്ങളെ കാണിച്ചു. അദ്ദേഹത്തോടൊപ്പം ഞങ്ങൾ പർവതത്തിന്റെ ഉള്ളിലേക്കു പോകുകയാണ്‌; ഞങ്ങൾ പുറംകുപ്പായവും ഹെഡ്‌ലൈറ്റ്‌ ഘടിപ്പിച്ച കട്ടിയുള്ള തൊപ്പിയും ധരിച്ചിട്ടുണ്ട്‌. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ സ്വാൽബാറിന്റെ സമ്പദ്‌ഘടനയുടെ നെടുംതൂണാണ്‌ കൽക്കരി ഖനനമെന്ന്‌ അദ്ദേഹം ഞങ്ങളോടു പറഞ്ഞു. വർഷങ്ങളോളം ഖനികരുടെ ജീവിതം വളരെ ദുർഘടമായിരുന്നു. കൈകളും കാൽമുട്ടും നിലത്തൂന്നി ഇഴഞ്ഞാണ്‌ പലപ്പോഴും അവർ വെട്ടുപാതകളിലൂടെ സഞ്ചരിച്ചിരുന്നത്‌. കൽക്കരിപ്പാളികൾക്കിടയിലുള്ള ഈ പാതകളിൽ ചില ഇടങ്ങളിൽ ഏകദേശം 70 സെന്റിമീറ്റർ ഉയരമേ കാണൂ. എന്തായാലും ഈ സഞ്ചാരം സ്വയം പരീക്ഷിച്ചുനോക്കാനുള്ള അവസരം ഞങ്ങൾക്കു ലഭിച്ചു. ഹൊ, എന്തായാലും ഞങ്ങൾ ഖനിത്തൊഴിലാളികൾ അല്ലാത്തതു നന്നായി! അവരുടെ ജോലി അത്ര കഠിനമായിരുന്നു. കൽക്കരിയും പാറപ്പൊടിയും വായുവിലെങ്ങും തങ്ങിനിന്നിരുന്നു; അന്തരീക്ഷം ശബ്ദായമാനമായിരുന്നു. ഏതു സമയത്തും, സ്‌ഫോടനം സംഭവിക്കാനും ഖനി ഇടിഞ്ഞുവീഴാനും ഒക്കെ സാധ്യതയുണ്ടായിരുന്നു. എന്നാൽ ഇന്നിപ്പോൾ കുറെക്കൂടെ ആധുനികമായ രീതികൾ രംഗത്തെത്തിയിരിക്കുന്നു. കൽക്കരി ഖനനം ഇന്നും സ്വാൽബാറിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രമുഖ ഘടകമായിത്തന്നെ തുടരുന്നു; എന്നാൽ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ടൂറിസത്തിന്‌ കൂടുതൽ പ്രാധാന്യം നൽകിവരുന്നുണ്ട്‌.

സൂക്ഷിച്ചില്ലെങ്കിൽ ആർട്ടിക്‌ പ്രദേശത്തെ ജീവജാലങ്ങൾ വളരെ എളുപ്പം നശിച്ചുപോകാനിടയുണ്ട്‌ എന്ന വസ്‌തുത എല്ലായ്‌പോഴുമൊന്നും ആളുകൾ കണക്കിലെടുത്തിട്ടില്ല. തിമിംഗിലങ്ങൾ, വാൾറസ്‌, റെയിൻഡിയർ, ധ്രുവക്കരടികൾ തുടങ്ങിയവയെയും മറ്റു മൃഗങ്ങളെയും വേട്ടയാടിയതിന്റെ ഫലമായി ചില ഇനങ്ങൾ വംശനാശത്തിന്റെ വക്കോളമെത്തിയ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്‌. എന്നിരുന്നാലും അപകടഭീഷണിയിലായിരുന്ന പലയിനങ്ങളെയും സംരക്ഷിക്കുന്നതിന്‌ പരിരക്ഷണ നിയമങ്ങൾ സഹായിച്ചിട്ടുണ്ട്‌.

ഭൂവിജ്ഞാനികളുടെ പറുദീസ

സ്വാൽബാറിനെ “ഭൂവിജ്ഞാനികളുടെ പറുദീസ” എന്നു വിളിക്കാറുണ്ട്‌. സസ്യലതാദികൾ വളരെ കുറവായതിനാൽ ഈ പ്രദേശം ഒരു ഭൂമിശാസ്‌ത്ര ചിത്രപ്പുസ്‌തകം പോലെയാണ്‌. ഇവിടത്തെ പർവതങ്ങളിലെ സവിശേഷ ഘടനകൾ ഞങ്ങൾ കാണുന്നു; വ്യക്തമായി കാണാവുന്ന അടുക്കുകളോടുകൂടിയ അവ കാഴ്‌ചയ്‌ക്ക്‌ പല പാളികളുള്ള വലിയ കേക്കുകൾ പോലെയാണ്‌. ഭൂമിയുടെ ചരിത്രത്തിലെ ഏതു കാലഘട്ടത്തിലെയും പാറകളുടെ സാന്നിധ്യം ഇവിടെ കാണാം. ചിലതു മണ്ണും കളിമണ്ണും ചേർന്നുണ്ടായതാണെങ്കിൽ, മറ്റു ചിലത്‌ ജൈവ പദാർഥങ്ങളിൽനിന്നു രൂപംകൊണ്ടതാണ്‌. യുഗങ്ങളിലുടനീളം അനേകം സസ്യങ്ങളുടെയും ജന്തുക്കളുടെയും മൃതഭാഗങ്ങൾ കളിമണ്ണിൽ മൂടപ്പെട്ട്‌ ഫോസിലുകളായി മാറിയിട്ടുണ്ട്‌. വാസ്‌തവത്തിൽ, എല്ലാ ഭൂവിജ്ഞാനീയ കാലഘട്ടങ്ങളിൽനിന്നുമുള്ള പാറകളിൽ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്‌.

സ്വാൽബാർ മ്യൂസിയത്തിൽ വെച്ച്‌, ഉയർന്ന ഊഷ്‌മാവിൽ ജീവിച്ചിരുന്ന സസ്യങ്ങളുടെയും ജന്തുക്കളുടെയും ഫോസിലുകൾ കാണുന്നതിനും പരിശോധിക്കുന്നതിനുമുള്ള അവസരം ഞങ്ങൾക്കു ലഭിച്ചു. മുമ്പ്‌ ഈ ദ്വീപസമൂഹത്തിലെ കാലാവസ്ഥ ഇന്നത്തെക്കാൾ വളരെയേറെ ചൂടുള്ളതായിരുന്നു എന്നാണ്‌ അതു കാണിക്കുന്നത്‌. സ്വാൽബാറിൽ ചിലയിടങ്ങളിൽ 5 മീറ്റർവരെ കനമുള്ള കൽക്കരിപ്പാളികളുണ്ട്‌! കൽക്കരിപ്പാളികളിൽനിന്ന്‌ നിത്യഹരിത വൃക്ഷങ്ങളുടെയും ഇലപൊഴിയും വൃക്ഷങ്ങളുടെയും ഫോസിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്‌. ഇതും സസ്യഭോജികളായ ഒരിനം ഡൈനസോറിന്റെ കാൽപ്പാടുകളും മുമ്പ്‌ ഇവിടെ പച്ചപ്പിന്റെ സമൃദ്ധിയുള്ള മിതമായ കാലാവസ്ഥ നിലനിന്നിരുന്നു എന്നാണ്‌ തെളിയിക്കുന്നത്‌.

കാലാവസ്ഥയിലെ ഈ വലിയ വ്യതിയാനങ്ങൾക്കുള്ള വിശദീകരണം എന്താണ്‌? ലോങ്‌ഇയർബീനിലെ ഡയറക്ടറേറ്റ്‌ ഒഫ്‌ മൈനിങ്ങിന്റെ പ്രതിനിധിയായ ടുർഫിൻ ഷാർനറ്റ്‌ എന്ന ഭൂവിജ്ഞാനിയോട്‌ ഞങ്ങൾ അതേക്കുറിച്ചു ചോദിച്ചു. വൻകരകളുടെ വ്യതിചലനമാണ്‌ പ്രധാന കാരണമെന്ന്‌ മിക്ക ഭൂവിജ്ഞാനികളും കരുതുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. സ്വാൽബാർ സ്ഥിതിചെയ്യുന്ന ഫലകം സാധ്യതയനുസരിച്ച്‌ തെക്ക്‌ ഭൂമധ്യരേഖയുടെ അടുത്തുനിന്ന്‌ വളരെക്കാലംകൊണ്ട്‌ വടക്കോട്ടു നീങ്ങിയതാണെന്ന്‌ ഭൂവിജ്ഞാനികൾ പറയുന്നു. സ്വാൽബാർ ഇപ്പോഴും വർഷത്തിൽ ഏതാനും സെന്റിമീറ്റർ എന്ന കണക്കിൽ വടക്കുകിഴക്കു ദിശയിൽ നീങ്ങിക്കൊണ്ടിരിക്കുന്നു എന്നാണ്‌ ആധുനിക കൃത്രിമോപഗ്രഹ നിരീക്ഷണങ്ങൾ കാണിക്കുന്നത്‌.

ഞങ്ങൾ സ്വാൽബാറിൽനിന്നു പറന്നകലുകയാണ്‌. ചിന്തയ്‌ക്കു വക നൽകുന്ന ഒത്തിരി കാര്യങ്ങൾ കൂട്ടിനുണ്ട്‌. ആർട്ടിക്കിന്റെ വിശാലമായ പ്രകൃതി, പരിസ്ഥിതിയുമായി ഇണങ്ങിക്കഴിയുന്ന പക്ഷിമൃഗാദികൾ, വ്യത്യസ്‌തയിനം സസ്യങ്ങൾ, ഇവയെല്ലാം കണ്ടപ്പോൾ സൃഷ്ടിയിലെ വൈവിധ്യത്തെക്കുറിച്ചും മനുഷ്യന്റെ നിസ്സാരത്വം, ഭൂമിയുടെ പരിപാലകനായ മനുഷ്യൻ അതിനെ പരിപാലിക്കുന്ന വിധം എന്നിവയെക്കുറിച്ചും ഞങ്ങൾ ഓർത്തുപോയി. തെക്കോട്ടു പറക്കവേ ശീതതീരങ്ങളുടെ ദേശത്തെ ഞങ്ങൾ അവസാനമായി ഒരിക്കൽക്കൂടി നോക്കിക്കാണുകയാണ്‌. ഹിമത്തൊപ്പിയണിഞ്ഞ്‌, മധ്യാഹ്ന സൂര്യന്റെ ഇളം ചുവപ്പു പ്രഭയിൽ കുളിച്ചു നിൽക്കുന്ന ഏതാനും ഗിരിരാജന്മാർ മേഘക്കീറുകൾക്കിടയിലൂടെ ഞങ്ങളെ പാളിനോക്കുന്നുണ്ട്‌.

[24-ാം പേജിലെ മാപ്പ്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ഉത്തരധ്രുവം

ഗ്രീൻലൻഡ്‌

സ്വാൽബാർ

ലോങ്‌ഇയർബീൻ

75° വടക്ക്‌

ഐസ്‌ലൻഡ്‌

നോർവേ

60° വടക്ക്‌

റഷ്യ

[25-ാം പേജിലെ ചിത്രം]

ലോങ്‌ഇയർബീൻ

[25-ാം പേജിലെ ചിത്രം]

പർപ്പിൾ സാക്‌സിഫ്രേജ്‌ പോലുള്ള ധാരാളം പൂച്ചെടികൾ ആർട്ടിക്കിലെ കഠിന കാലാവസ്ഥയെ അതിജീവിക്കുന്നു

[കടപ്പാട്‌]

Knut Erik Weman

[26-ാം പേജിലെ ചിത്രങ്ങൾ]

സ്വാൽബാർ ടാർമിഗനും റെയിൻഡിയറും

[കടപ്പാട്‌]

Knut Erik Weman