ആവശ്യങ്ങൾ നിറവേറ്റാൻ യുവജനങ്ങളെ സഹായിക്കുക
ആവശ്യങ്ങൾ നിറവേറ്റാൻ യുവജനങ്ങളെ സഹായിക്കുക
ലക്ഷ്യങ്ങളും സ്വപ്നങ്ങളും ദുഃഖഭാരങ്ങളും പങ്കുവെക്കാൻ യുവജനങ്ങൾക്ക് സഹാനുഭൂതിയുള്ള ആരെങ്കിലും വേണം. നല്ല സുഹൃത്തുക്കളും അവർക്കാവശ്യമാണ്. മുതിർന്നു വരവേ, സ്വന്തമായ ഒരു വ്യക്തിത്വം ഉണ്ടായിരിക്കാനും മറ്റുള്ളവർ അതിനെ ആദരിക്കാനും അവർ ആഗ്രഹിക്കുന്നു. ഈ ആവശ്യങ്ങൾ നിറവേറ്റാൻ മക്കളെ സഹായിക്കുമ്പോൾ, ഇന്റർനെറ്റിലൂടെ നിഷ്പ്രയാസം നേടിയെടുക്കുന്ന ബന്ധങ്ങൾ ഉൾപ്പെടെയുള്ള ഹാനികരമായ എല്ലാ കൂട്ടുകെട്ടുകളിൽനിന്നും മാതാപിതാക്കൾ അവരെ സംരക്ഷിക്കുകയാണു ചെയ്യുന്നത്.
▪ മനസ്സു തുറക്കാൻ വെമ്പുന്ന കൗമാരം. കൗമാരക്കാർ തങ്ങളുടെ വികാരവിചാരങ്ങൾ മനസ്സിലൊളിപ്പിക്കാൻ ആഗ്രഹിക്കുന്നതായി നമുക്കു തോന്നിയേക്കാം. എന്നാൽ സംസാരിക്കാൻ അവർക്ക് ആഗ്രഹമുണ്ടെന്ന കാര്യത്തിൽ സംശയം വേണ്ട. അതേ, ചെറുതും വലുതുമായ കാര്യങ്ങളെക്കുറിച്ചു മാതാപിതാക്കളായ നിങ്ങളോടു സംസാരിക്കാൻ അവർ ആഗ്രഹിക്കുന്നു. എന്നാൽ ചോദ്യമിതാണ്, അവർക്കു ചെവികൊടുക്കാൻ നിങ്ങൾ ഒരുക്കമാണോ?—യാക്കോബ് 1:19.
മക്കളോടു സംസാരിക്കാനുള്ള വിലയേറിയ അവസരങ്ങളെ ജീവിതസമ്മർദങ്ങൾ കവർന്നെടുക്കാൻ ഒരിക്കലും അനുവദിക്കരുത്. ഇക്കാര്യത്തിൽ നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടെങ്കിൽ “കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ തിട്ടപ്പെടുത്തുക” എന്ന ജ്ഞാനപൂർവകമായ ബൈബിൾ ബുദ്ധിയുപദേശത്തെക്കുറിച്ചു ഗൗരവമായി ചിന്തിക്കുന്നതു നന്നായിരിക്കും. (ഫിലിപ്പിയർ 1:10, NW) മക്കളെക്കാൾ പ്രാധാന്യമുള്ളതായി മറ്റെന്താണുള്ളത്?
ബുദ്ധിയുപദേശത്തിനായി മാതാപിതാക്കളെ സമീപിക്കുന്നതിനെക്കാൾ സമപ്രായക്കാരുടെ അടുത്തേക്കു പോകുന്നതാണു യുവജനങ്ങൾക്ക് ഇഷ്ടമെന്ന് കണ്ണുമടച്ചു നിഗമനംചെയ്യരുത്. ആറുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന 17,000-ത്തിലധികം വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടു നടത്തിയ ഒരു സർവേയുടെ കാര്യം ശ്രദ്ധിക്കുക. മാതാപിതാക്കളും സുഹൃത്തുക്കളും പ്രശസ്ത വ്യക്തികളും മാധ്യമങ്ങളും അധ്യാപകരും തങ്ങളെ എത്രത്തോളം സ്വാധീനിക്കുന്നുവെന്ന്, പൂജ്യംമുതൽ അഞ്ചുവരെയുള്ള അക്കങ്ങൾ ഉപയോഗിച്ചു രേഖപ്പെടുത്താൻ അതിൽ പങ്കെടുത്തവരോട് ആവശ്യപ്പെടുകയുണ്ടായി. യാതൊരു സ്വാധീനവുമില്ലെങ്കിൽ പൂജ്യം എന്നും ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്നുവെങ്കിൽ അഞ്ച് എന്നും അവർ അടയാളപ്പെടുത്തണമായിരുന്നു. പകുതിയോളം പേരും മാതാപിതാക്കളോടുള്ള ബന്ധത്തിൽ അഞ്ച് എന്നു രേഖപ്പെടുത്തുകയുണ്ടായി.
വ്യക്തമായും, മക്കളുടെ മൂല്യങ്ങളും ലക്ഷ്യങ്ങളും രൂപപ്പെടുത്തുന്നതിൽ മാതാവോ പിതാവോ എന്ന നിലയിൽ നിങ്ങൾക്കു സുപ്രധാനമായ പങ്കുവഹിക്കാനാകും. “നിങ്ങൾ പറയുന്ന എല്ലാ കാര്യങ്ങളും അവരെ സ്വാധീനിച്ചെന്നു വരില്ല. എന്നാൽ സംസാരിക്കാതിരുന്നാൽ ഒരിക്കലും നിങ്ങൾക്കവരെ സ്വാധീനിക്കാനാവില്ല,” ഒരു മാതാവു പറഞ്ഞു.
▪ നല്ല സുഹൃത്തുക്കളുടെ ആവശ്യം. “മക്കൾ ഇന്റർനെറ്റിൽ എന്തൊക്കെയാണു ചെയ്യുന്നതെന്ന് സാധാരണഗതിയിൽ മാതാപിതാക്കൾക്കറിയില്ല, അല്ലെങ്കിൽ അറിയാൻ മെനക്കെടുന്നില്ല” എന്ന് ഒരു 15 വയസ്സുകാരി പറയുന്നു. ഈ നിർണായക നാളുകളിൽ മക്കൾ ആരോടെല്ലാമാണ് ഇടപഴകുന്നതെന്ന കാര്യത്തിൽ നിസ്സംഗത പുലർത്താൻ മാതാപിതാക്കൾക്കാവില്ല. നേരിൽക്കണ്ടോ ഇന്റർനെറ്റിലൂടെയോ ആരെല്ലാമൊത്താണു മക്കൾ സമയം ചെലവഴിക്കുന്നതെന്നു നിങ്ങൾക്കറിയാമോ? “ദുഷിച്ച കൂട്ടുകെട്ടു സദ്സ്വഭാവത്തെ ദുഷിപ്പിക്കുന്നു” എന്നു ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ , ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം, NIBV) അതേ, മക്കളുടെ സഹവാസത്തിന് അടുത്ത ശ്രദ്ധകൊടുക്കാൻ തക്ക കാരണമുണ്ട്. 15:33
മോശമായ സ്വാധീനങ്ങളിൽനിന്നു യുവജനങ്ങളെ സംരക്ഷിച്ചതുകൊണ്ടു മാത്രമായില്ല. മക്കൾക്കു ശരിയായതരം സുഹൃത്തുക്കളുടെ ആവശ്യമുണ്ട്. “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും,” ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 13:20) അതുകൊണ്ട് സ്രഷ്ടാവിനെ ഓർക്കുന്നതിൽ ഉത്തമ മാതൃകകളായ യുവജനങ്ങൾ ഉൾപ്പെടെയുള്ള നല്ല സ്നേഹിതരെ കണ്ടെത്താൻ മക്കളെ സഹായിക്കേണ്ടത് അനിവാര്യമാണ്.—സഭാപ്രസംഗി 12:1.
എങ്ങനെയുള്ളവരെ തന്റെ സുഹൃത്തുക്കളായി തിരഞ്ഞെടുക്കുന്നുവെന്ന കാര്യത്തിൽ യഹോവയാം ദൈവം വളരെ ശ്രദ്ധയുള്ളവനാണ്, അക്കാര്യത്തിൽ നാം അവനെ അനുകരിക്കാൻ ശ്രമിക്കണം. (സങ്കീർത്തനം 15:1-5; എഫെസ്യർ 5:1) വാക്കിലൂടെയും മാതൃകയിലൂടെയും നിങ്ങൾക്കു മക്കളെ പഠിപ്പിക്കാനാകുന്ന ഏറ്റവും മൂല്യവത്തായ ജീവിത പാഠങ്ങളിലൊന്ന് നല്ല സ്നേഹിതരെ തിരഞ്ഞെടുക്കുക എന്നതാണ്.—2 തെസ്സലൊനീക്യർ 3:6, 7.
▪ വ്യക്തിത്വാവബോധം കാംക്ഷിക്കുന്ന യുവജനങ്ങൾ. മറ്റുള്ളവരിൽനിന്നു തന്നേത്തന്നെ വ്യതിരിക്തനാക്കുന്ന സ്വഭാവവിശേഷതകളോടുകൂടിയ ഒരു അനുപമ വ്യക്തിത്വം വാർത്തെടുക്കുകയെന്നത് ഒരു കുട്ടിയുടെ വളർച്ചയുടെ കാതലായ ഭാഗമാണ്. കുട്ടികളെപ്പോലും സ്വന്തം “പ്രവൃത്തിയാൽ . . . തിരിച്ചറിയാം” എന്ന് ഒരു ബൈബിൾ പഴമൊഴി പറയുന്നു. (സദൃശവാക്യങ്ങൾ 20:11, NIBV) മക്കളുടെ ഹൃദയത്തിൽ ശരിയായ തത്ത്വങ്ങൾ ഉൾനടുകയെന്നതാണു മാതാപിതാക്കളെന്ന നിലയിൽ നിങ്ങൾക്കുള്ള ഉത്തരവാദിത്വങ്ങളിലൊന്ന്.—ആവർത്തനപുസ്തകം 6:6, 7.
ഉദാഹരണത്തിന്, കുട്ടികൾ ദിവസവും ഏതു വസ്ത്രം ധരിക്കണമെന്നു തീരുമാനിക്കുന്നത് സാധാരണമായി മാതാപിതാക്കളാണ്, അങ്ങനെ നന്നായി വസ്ത്രധാരണം ചെയ്യാൻ ക്രമേണ അവർ പഠിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. എന്നാൽ സുബോധവും ആരോഗ്യവുമുള്ള ഒരു 30 വയസ്സുകാരനെ മാതാപിതാക്കൾ വസ്ത്രം ഉടുപ്പിക്കുന്നതു നിങ്ങൾക്കു സങ്കൽപ്പിക്കാനാകുമോ? അതെത്ര ലജ്ജാകരമായിരിക്കും! വസ്ത്രംപോലെ ധരിക്കേണ്ട ഒരു കാര്യത്തിലേക്കു ശ്രദ്ധതിരിച്ചുകൊണ്ട് “പുതിയ വ്യക്തിത്വം ധരിക്കുവിൻ” എന്ന് ബൈബിൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു. (കൊലൊസ്സ്യർ 3:10, NW) സ്നേഹപുരസ്സരമായ ശിക്ഷണത്തിലൂടെയും “മാനസിക ക്രമവത്കരണത്തിലൂടെയും,” ക്രിസ്തുവിന്റേതുപോലുള്ള ഈ പുതിയ വ്യക്തിത്വം ധരിക്കാൻ നിങ്ങൾക്കു മക്കളെ സഹായിക്കാനാകും. (എഫെസ്യർ 6:4, NW) അങ്ങനെ, മുതിർന്നു വരുകയും കൂടുതൽ സ്വതന്ത്രരാകുകയും ചെയ്യവേ, ‘പുതിയ വ്യക്തിത്വത്തെ’ സുന്ദരവും ആകർഷകവുമായ ഒന്നായി കാണാനും ഒരു ‘വസ്ത്ര’മെന്നപോലെ അണിയാനും അവർ പ്രിയപ്പെട്ടേക്കാം.—ആവർത്തനപുസ്തകം 30:19, 20.
‘ദൈവവചനത്തിലെ മൂല്യങ്ങൾ സംബന്ധിച്ച് എന്റെ മക്കൾ യഥാർഥത്തിൽ എന്താണു വിചാരിക്കുന്നത്?’ എന്നും ‘അതിൽ പറഞ്ഞിരിക്കുന്നപ്രകാരം സുബോധത്തോടെ ജീവിക്കാൻ എനിക്ക് അവരെ എങ്ങനെ സഹായിക്കാനാകും?’ എന്നും നിങ്ങളോടുതന്നെ ചോദിക്കുക. (തീത്തൊസ് 2:13) മക്കളെ അനുസരണത്തിന്റെ ആട്ടിൻതോൽ ധരിച്ചവരാക്കിത്തീർക്കുക എന്നതല്ല നിങ്ങളുടെ ലക്ഷ്യം. എന്തു പറഞ്ഞാലും മറുചോദ്യമോ തർക്കുത്തരമോ മത്സരമോ ഒന്നും കൂടാതെ അനുസരിക്കുന്നതിൽ സമർഥരാണ് ചില കുട്ടികൾ. എന്നാൽ ഇന്നു നിങ്ങൾ ആവശ്യപ്പെടുന്ന കാര്യങ്ങളെല്ലാം യാന്ത്രികമായി നിവർത്തിക്കുന്ന ഒരു കുട്ടി നാളെ ലോകം ആവശ്യപ്പെടുന്ന കാര്യങ്ങളും അതേപടി ചെയ്തേക്കാം. അതുകൊണ്ട് “ചിന്താപ്രാപ്തി” (NW) നട്ടുവളർത്താൻ മക്കളെ പരിശീലിപ്പിക്കുക. (റോമർ 12:1) ബൈബിൾ തത്ത്വങ്ങൾ ഉത്തമമായിരിക്കുന്നത് എന്തുകൊണ്ടെന്നും അവ നമുക്കെല്ലാം പ്രയോജനം ചെയ്യുന്നത് എങ്ങനെയെന്നും കാണാൻ അവരെ സഹായിക്കുക.—യെശയ്യാവു 48:17, 18.
യുവജനങ്ങളെ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുകയെന്നത് എളുപ്പമല്ലെന്നതു ശരിതന്നെ. എന്നാൽ പ്രതിഫലം കണക്കിലെടുക്കുമ്പോൾ ശ്രമത്തിനു തക്ക മൂല്യമുള്ള ഒരു കാര്യമാണത്! നിങ്ങൾ ഉൾനടുന്ന ഉത്തമമായ തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ നിങ്ങളുടെ മക്കൾക്കു കഴിഞ്ഞാൽ, “മക്കൾ, യഹോവ നല്കുന്ന അവകാശ”മാണെന്നു പൂർണഹൃദയത്തോടെ പറയാൻ നിങ്ങൾക്കാകും.—സങ്കീർത്തനം 127:3.
[9-ാം പേജിലെ ചിത്രങ്ങൾ]
പരിപുഷ്ടിപ്പെടുത്തുന്ന ക്രിസ്തീയ സ്നേഹിതരെ തിരഞ്ഞെടുക്കാൻ മക്കളെ സഹായിക്കുക