വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

താഴ്‌മ ഒരു ദൗർബല്യമോ?

താഴ്‌മ ഒരു ദൗർബല്യമോ?

ബൈബിളിന്റെ വീക്ഷണം

താഴ്‌മ ഒരു ദൗർബല്യമോ?

നല്ല ആത്മവിശ്വാസമുള്ള ആത്മാഭിമാനികളായവരെയാണ്‌ ലോകം മിക്കപ്പോഴും മാതൃകായോഗ്യരായി കണക്കാക്കുന്നത്‌. അതേസമയം താഴ്‌മയും എളിമയും ഉള്ളവരെ, ഭീരുക്കളും ദുർബലരും പാദസേവ നടത്തുന്നവരുമായി പൊതുവേ വീക്ഷിക്കുന്നു. എന്നാൽ ഇതു സംബന്ധിച്ച്‌ ബൈബിൾ എന്താണു പറയുന്നത്‌?

ഒരു പരിധിവരെ അഭിമാനം ഉണ്ടായിരിക്കുന്നതിനെ ബൈബിൾ കുറ്റംവിധിക്കുന്നില്ല. ഉദാഹരണത്തിന്‌ ക്രിസ്‌ത്യാനികൾക്ക്‌ യഹോവ തങ്ങളുടെ ദൈവമായിരിക്കുന്നതിലും അവനു തങ്ങളെ അറിയാമെന്നുള്ളതിലും അഭിമാനിക്കാം. (സങ്കീർത്തനം 47:4; യിരെമ്യാവു 9:24; 2 തെസ്സലൊനീക്യർ 1:3, 4) ക്രിസ്‌ത്യാനികളെന്ന നിലയിൽ മാതൃകായോഗ്യമായ പെരുമാറ്റം കാഴ്‌ചവെക്കുകയും സത്യാരാധനയ്‌ക്കുവേണ്ടി ധീരമായ ഒരു നിലപാടു സ്വീകരിക്കുകയും ചെയ്യുന്ന മക്കളെപ്രതി മാതാപിതാക്കൾക്ക്‌ അഭിമാനിക്കാനാകും. (സദൃശവാക്യങ്ങൾ 27:11) എന്നിരുന്നാലും ഇതിനൊരു മറുവശമുണ്ട്‌, അഹങ്കാരം.

അഹങ്കാരവും താഴ്‌മയും

തന്നെപ്പറ്റിത്തന്നെ തോന്നുന്ന അതിരുകടന്ന മതിപ്പിനെയാണ്‌ ഒരു നിഘണ്ടു അഹങ്കാരം എന്നു നിർവചിക്കുന്നത്‌. അഹങ്കാരം ഉള്ളയാൾ ഉന്നതഭാവവും താൻ പ്രമുഖനാണെന്ന ചിന്തയും പ്രകടിപ്പിക്കും. ഒരുപക്ഷേ ഒരുവന്റെ സൗന്ദര്യം, വർഗം, സമൂഹത്തിലെ സ്ഥാനം, പ്രാപ്‌തികൾ, സമ്പത്ത്‌ ഇവയൊക്കെയായിരിക്കാം അതിലേക്കു നയിക്കുന്നത്‌. (യാക്കോബ്‌ 4:13-16) “നിഗളിക”ളെക്കുറിച്ച്‌, മറ്റു വാക്കുകളിൽപ്പറഞ്ഞാൽ അഹങ്കാരത്താൽ ചീർത്തവരെക്കുറിച്ച്‌ ബൈബിൾ സംസാരിക്കുന്നുണ്ട്‌. (2 തിമൊഥെയൊസ്‌ 3:4) തങ്ങൾ കേമന്മാരാണെന്നാണ്‌ അത്തരക്കാരുടെ ഭാവം, അതിനാകട്ടെ തക്കതായ കാരണമൊന്നും കാണുകയുമില്ല.

നേരെമറിച്ച്‌, താഴ്‌മയുള്ളവർ തങ്ങളുടെ അപൂർണതകളും ദൈവമുമ്പാകെയുള്ള എളിയ സ്ഥാനവും അംഗീകരിച്ചുകൊണ്ട്‌ സത്യസന്ധമായും വസ്‌തുനിഷ്‌ഠമായും തങ്ങളെ വീക്ഷിക്കാൻ ശ്രമിക്കുന്നു. (1 പത്രൊസ്‌ 5:6) അതിലുമധികമായി മറ്റുള്ളവരുടെ ശ്രേഷ്‌ഠഗുണങ്ങളെ അവർ അംഗീകരിക്കുന്നു, എന്തിന്‌ അതിൽ സന്തോഷിക്കുകപോലും ചെയ്യുന്നു. (ഫിലിപ്പിയർ 2:3) അതുകൊണ്ടുതന്നെ അസൂയാകലുഷിതമായ ഒരു മനോഭാവം അവർ വെച്ചുപുലർത്തുന്നില്ല. (ഗലാത്യർ 5:26) യഥാർഥ താഴ്‌മ നല്ല ബന്ധങ്ങളെ വളർത്തുകയും വൈകാരിക ഭദ്രതയുടെയും സുരക്ഷിതബോധത്തിന്റെയും ഒരന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.

യേശുവിന്റെ മാതൃക നോക്കുക. ഭൂമിയിൽ വരുന്നതിനു മുമ്പ്‌ സ്വർഗത്തിൽ ശക്തനായ ഒരു ആത്മജീവിയായിരുന്നു അവൻ. ഭൂമിയിലായിരുന്നപ്പോൾ അവൻ പാപരഹിതനായ ഒരു പൂർണമനുഷ്യനായിരുന്നു. (യോഹന്നാൻ 17:5; 1 പത്രൊസ്‌ 2:21, 22) അതുല്യമായ പ്രാപ്‌തികളും ബുദ്ധിവൈഭവവും അറിവും അവനുണ്ടായിരുന്നു. എന്നിരുന്നാലും അവൻ അതൊന്നും കൊട്ടിഘോഷിച്ചു നടന്നില്ല, പകരം സദാ താഴ്‌മ പ്രകടമാക്കി. (ഫിലിപ്പിയർ 2:6) എന്തിന്‌, ഒരിക്കൽ അവൻ തന്റെ അപ്പൊസ്‌തലന്മാരുടെ കാലുകൾ കഴുകുകപോലും ചെയ്‌തു. കൊച്ചുകുട്ടികളോടും അവനു യഥാർഥ താത്‌പര്യം ഉണ്ടായിരുന്നു. (ലൂക്കൊസ്‌ 18:15, 16; യോഹന്നാൻ 13:4, 5) ഒരു കുട്ടിയെ തന്റെ അരികെ നിറുത്തിക്കൊണ്ട്‌ യേശു പറഞ്ഞു: “ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്‌ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു.” (മത്തായി 18:2-4) അതേ, യേശുവും അവന്റെ പിതാവും അംഗീകരിക്കുന്ന തരത്തിലുള്ള മഹത്ത്വം കരഗതമാകുന്നത്‌ താഴ്‌മയിലൂടെയാണ്‌, അഹങ്കാരത്തിലൂടെയല്ല.​—⁠യാക്കോബ്‌ 4:10.

താഴ്‌മ ദൗർബല്യമല്ല

യേശു താഴ്‌മയുടെ ഒരു നല്ല മാതൃകയായിരുന്നെങ്കിലും ഒരിക്കലും പാദസേവ ചെയ്യുന്നവനോ ഭീരുവോ ദുർബലനോ ആയിരുന്നില്ല. സത്യം സംസാരിക്കാൻ അവൻ ധൈര്യം കാണിച്ചു, മാനുഷഭയം അവനെ തൊട്ടുതീണ്ടിയിട്ടില്ലായിരുന്നു. (മത്തായി 23:1-33; യോഹന്നാൻ 8:13, 44-47; 19:10, 11) അതുകൊണ്ടുതന്നെ ചില എതിരാളികളുടെപോലും ആദരവുനേടാൻ അവനു സാധിച്ചു. (മർക്കൊസ്‌ 12:13, 17; 15:5) എന്നാൽ യേശു ഒരിക്കലും മേധാവിത്വ മനോഭാവം പ്രകടമാക്കിയില്ല. പകരം താഴ്‌മ, ദയ, സ്‌നേഹം എന്നീ ഗുണങ്ങൾ നിമിത്തം ആളുകൾ അവനിൽ ആകൃഷ്ടരായി. അവൻ അവരുടെ ഹൃദയം കവർന്നു. അഹങ്കാരികൾക്ക്‌ ഒരിക്കലും സാധിക്കാത്ത ഒരു കാര്യം. (മത്തായി 11:28-30; യോഹന്നാൻ 13:1; 2 കൊരിന്ത്യർ 5:14, 15) ഇന്നുപോലും ദശലക്ഷങ്ങൾ യഥാർഥ സ്‌നേഹവും ആഴമായ ആദരവുംമൂലം അവനു വിശ്വസ്‌തമായി കീഴ്‌പെട്ടിരിക്കുന്നു.​—⁠വെളിപ്പാടു 7:9, 10.

ദൈവവചനം താഴ്‌മയെ പ്രോത്സാഹിപ്പിക്കുന്നു, കാരണം ഹൃദയംഗമമായി താഴ്‌മ പ്രകടമാക്കുന്നവരാണ്‌ ബുദ്ധിയുപദേശം മനസ്സാ സ്വീകരിക്കുകയും പഠിപ്പിക്കപ്പെടാൻ ആഗ്രഹിക്കുകയും ചെയ്യുന്നത്‌. (ലൂക്കൊസ്‌ 10:21; കൊലൊസ്സ്യർ 3:10, 12) കൃത്യതയാർന്ന പുതിയ വിവരങ്ങൾ ലഭിക്കുമ്പോൾ കാഴ്‌ചപ്പാടിൽ പൊരുത്തപ്പെടുത്തലുകൾ വരുത്താൻ അവർ മനസ്സൊരുക്കമുള്ളവരാണ്‌, വാഗ്വൈഭവമുള്ള ഒരു ആദിമ ക്രിസ്‌തീയോപദേശകനായിരുന്ന അപ്പൊല്ലോസിനെപ്പോലെ. (പ്രവൃത്തികൾ 18:24-26) താഴ്‌മയുള്ളവർക്കു ചോദ്യങ്ങൾ ചോദിക്കാൻ യാതൊരു സങ്കോചവുമില്ല. എന്നാൽ അഹങ്കാരികൾ തങ്ങളുടെ അജ്ഞത വെളിപ്പെടുമെന്ന ഭയത്താൽ അങ്ങനെ ചെയ്യാൻ മടിക്കുന്നു.

ഒന്നാം നൂറ്റാണ്ടിലെ ഒരു എത്യോപ്യൻ ഷണ്ഡന്റെ കാര്യംതന്നെ എടുക്കുക. താൻ വായിച്ചുകൊണ്ടിരുന്ന തിരുവെഴുത്തു ഭാഗത്തിന്റെ അർഥം സംബന്ധിച്ച്‌ അവൻ ആശയക്കുഴപ്പത്തിലായിരുന്നു. “നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ” എന്ന്‌ ക്രിസ്‌തു ശിഷ്യനായ ഫിലിപ്പൊസ്‌ അവനോടു ചോദിച്ചു. എത്യോപ്യന്റെ മറുപടി, “ഒരുത്തൻ പൊരുൾ തിരിച്ചുതരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും” എന്നായിരുന്നു. താഴ്‌മയുടെ എത്ര നല്ല ദൃഷ്ടാന്തം, വിശേഷാൽ അവന്റെ മാതൃരാജ്യത്ത്‌ അവനുണ്ടായിരുന്ന സ്ഥാനമാനങ്ങൾ പരിഗണിക്കുമ്പോൾ! താഴ്‌മ ഉണ്ടായിരുന്നതിനാലാണ്‌ തിരുവെഴുത്തുകളുടെ ആഴമായ ഗ്രാഹ്യം അവനു നേടാനായത്‌.​—⁠പ്രവൃത്തികൾ 8:26-38.

ആ എത്യോപ്യന്റേതിൽനിന്ന്‌ തികച്ചും വ്യത്യസ്‌തമായ ഒരു മനോഭാവമാണ്‌ മതശ്രേഷ്‌ഠരായി സ്വയം കണക്കാക്കിയിരുന്ന യഹൂദ ശാസ്‌ത്രിമാരും പരീശന്മാരും പ്രകടമാക്കിയത്‌. (മത്തായി 23:5-7) താഴ്‌മയോടെ യേശുവിനെയും അവന്റെ ശിഷ്യന്മാരെയും ശ്രദ്ധിക്കുന്നതിനു പകരം അവർ അവജ്ഞയോടെ അവരെ പരിഹസിക്കുകയും അവരിൽ കുറ്റം കണ്ടെത്താൻ ശ്രമിക്കുകയുമാണു ചെയ്‌തത്‌. അങ്ങനെ അവരുടെ അഹങ്കാരം മൂലം അവർക്ക്‌ ആത്മീയാന്ധകാരത്തിൽത്തന്നെ കഴിയേണ്ടി വന്നു.​—⁠യോഹന്നാൻ 7:32, 47-49; പ്രവൃത്തികൾ 5:29-33.

നിങ്ങൾ എങ്ങനെയുള്ള ഒരാളാണ്‌?

ബൈബിൾ യഹോവയെ ഒരു കുശവനോടും മനുഷ്യരെ കളിമണ്ണിനോടും ഉപമിക്കുന്നു. (യെശയ്യാവു 64:8) ദൈവത്തിന്റെ കരങ്ങളിലെ മൃദുവായ കളിമണ്ണുപോലെ ആയിരിക്കാൻ താഴ്‌മ ഒരുവനെ സഹായിക്കുന്നു. അങ്ങനെയായിരുന്നാൽ മാത്രമേ ദൈവത്തിന്‌ അവനെ ഉപയോഗപ്രദമായ ഒരു പാത്രമായി മെനഞ്ഞെടുക്കാനാകൂ. എന്നാൽ അഹങ്കാരികൾ ഉണങ്ങിയ കളിമണ്ണുപോലെയാണ്‌, അത്‌ ഉടച്ചുകളയുകയേ നിവൃത്തിയുള്ളൂ. യഹോവയെ വെല്ലുവിളിച്ച ഈജിപ്‌തിലെ അഹങ്കാരിയായ ഫറവോന്റെ അനുഭവം അതാണു കാണിക്കുന്നത്‌. സ്വന്തം ജീവൻപോലും അവനു നഷ്ടമായി. (പുറപ്പാടു 5:2; 9:17; സങ്കീർത്തനം 136:15) ഫറവോന്റെ അന്ത്യം പിൻവരുന്ന സദൃശവാക്യത്തിന്റെ പ്രയുക്തത വെളിവാക്കുന്നു: “നാശത്തിന്നു മുമ്പെ ഗർവ്വം; വീഴ്‌ചക്കു മുമ്പെ ഉന്നതഭാവം.”​—⁠സദൃശവാക്യങ്ങൾ 16:⁠18.

അതിന്റെ അർഥം ദൈവജനത്തിൽ അഹങ്കാരം ഒരിക്കലും തലപൊക്കില്ല എന്നാണോ? അല്ലെന്നാണ്‌ യേശുവിന്റെ അപ്പൊസ്‌തലന്മാരുടെ ദൃഷ്ടാന്തം കാണിക്കുന്നത്‌. പലപ്പോഴും അവർ തങ്ങളിൽ ആരാണു വലിയവൻ എന്നതിനെക്കുറിച്ചു തർക്കിച്ചിരുന്നു. (ലൂക്കൊസ്‌ 22:24-27) എന്നിരുന്നാലും അവർ അഹങ്കാരത്തിനു പൂർണമായി അടിമപ്പെട്ടില്ല. പകരം അവർ യേശുവിനെ ശ്രദ്ധിക്കുകയും കാലാന്തരത്തിൽ തങ്ങളുടെ മനോഭാവത്തിനു മാറ്റം വരുത്തുകയും ചെയ്‌തു.

“താഴ്‌മെക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു,” ശലോമോൻ പറഞ്ഞു. (സദൃശവാക്യങ്ങൾ 22:4) താഴ്‌മ നട്ടുവളർത്തുന്നതിന്‌ എത്ര ശക്തമായ കാരണങ്ങൾ! അത്‌ കരുത്തുള്ള, പ്രിയങ്കരമായ ഒരു ഗുണമാണെന്നു മാത്രമല്ല ദൈവത്തിന്റെ പ്രീതിയും നിത്യജീവൻ എന്ന പ്രതിഫലവും നേടാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.​—⁠2 ശമൂവേൽ 22:28; യാക്കോബ്‌ 4:⁠10.

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

▪ അഭിമാനം തോന്നുന്നത്‌ അതിൽത്തന്നെ തെറ്റാണോ?​—⁠2 തെസ്സലൊനീക്യർ 1:3, 4.

▪ അറിവു നേടാൻ താഴ്‌മ സഹായിക്കുന്നത്‌ എങ്ങനെ?​—⁠പ്രവൃത്തികൾ 8:26-38.

▪ ദൈവദാസന്മാർ താഴ്‌മ വളർത്തിയെടുക്കേണ്ടതുണ്ടോ?​—⁠ലൂക്കൊസ്‌ 22:24-27.

▪ താഴ്‌മ പ്രകടമാക്കുന്നവർക്കുള്ള പ്രതിഫലം എന്താണ്‌?​—⁠സദൃശവാക്യങ്ങൾ 22:⁠4.

[20, 21 പേജുകളിലെ ചിത്രം]

യേശുവിന്റെ താഴ്‌മ കുട്ടികളെ അവനിലേക്ക്‌ ആകർഷിച്ചു