വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്കും മറ്റൊരു ഭാഷ പഠിക്കാം!

നിങ്ങൾക്കും മറ്റൊരു ഭാഷ പഠിക്കാം!

നിങ്ങൾക്കും മറ്റൊരു ഭാഷ പഠിക്കാം!

“പുതിയ ഒരു ഭാഷ വശമാക്കുന്നതിന്റെ സന്തോഷം ഒന്നു വേറെതന്നെയാണ്‌,” മൈക്ക്‌ പറയുന്നു. ഫെൽപ്‌സ്‌ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനങ്ങളിൽ ഒന്നായിരുന്നു അത്‌.” മറ്റൊരു ഭാഷ സ്വായത്തമാക്കേണ്ടതിനു തുനിഞ്ഞിറങ്ങിയ രണ്ടു പേരുടെ വാക്കുകളാണിവ.

ലോകമൊട്ടുക്കും നിരവധിപേർ പുതിയ ഒരു ഭാഷ സ്വായത്തമാക്കുന്നതിന്റെ തത്രപ്പാടിലാണ്‌. വ്യക്തിപരമോ സാമ്പത്തികമോ മതപരമോ ആയ കാരണങ്ങളാണ്‌ ഇതിനു പിന്നിൽ. മറ്റൊരു ഭാഷ പഠിക്കുന്ന നിരവധി ആളുകളുമായി ഉണരുക! അഭിമുഖം നടത്തുകയുണ്ടായി. തദവസരത്തിലെ ഏതാനും ചോദ്യങ്ങളാണു പിൻവരുന്നവ: ഭാഷാപഠനത്തിനിടയിൽ മുതിർന്ന ഒരാൾക്ക്‌ നേരിടേണ്ടിവരുന്നത്‌ എന്തെല്ലാമാണ്‌? പഠിക്കാൻ ഒരു വ്യക്തിയെ സഹായിക്കുന്നത്‌ എന്ത്‌? ഈ ലേഖനം അവരുടെ അഭിപ്രായങ്ങളെ ആധാരമാക്കിയുള്ളതാണ്‌. ഇതിലെ വിവരങ്ങൾ വളരെ പ്രോത്സാഹജനകവും വിജ്ഞാനപ്രദവും ആണെന്നു നിങ്ങൾ മനസ്സിലാക്കും, വിശേഷാൽ ഒരു പുതിയ ഭാഷ പഠിക്കുകയോ പഠിക്കാൻ ഉദ്ദേശിക്കുകയോ ചെയ്യുന്ന ആളാണു നിങ്ങളെങ്കിൽ. ഉദാഹരണത്തിന്‌, ഒരു ഭാഷ വശമാക്കുന്നതിന്‌ അവശ്യംവേണ്ട ചില സുപ്രധാന ഗുണങ്ങളെക്കുറിച്ചു ചിന്തിക്കുക. അഭിമുഖത്തിൽ പങ്കെടുത്തവർ വളരെ അനിവാര്യമെന്നു കണ്ടെത്തിയ ചില ഗുണങ്ങളാണ്‌ താഴെ.

ക്ഷമാശീലം, താഴ്‌മ, പൊരുത്തപ്പെടാനുള്ള പ്രാപ്‌തി

കൊച്ചു കുട്ടികൾ രണ്ടോ അതിലധികമോ ഭാഷകൾ ഒരേസമയംതന്നെ അനായാസം വശമാക്കുന്നു, അതും വലിയ ശ്രമമൊന്നുമില്ലാതെതന്നെ. അവർ കേവലം കേൾക്കുക മാത്രമേ ചെയ്യുന്നുള്ളൂ. എന്നാൽ, മുതിർന്നവർക്ക്‌ മിക്കപ്പോഴും അത്‌ അത്ര എളുപ്പമല്ല, നല്ല ശ്രമം ആവശ്യമാണ്‌. പുതിയൊരു ഭാഷ പഠിക്കാൻ നാളുകൾതന്നെ എടുത്തേക്കാം എന്നതിനാൽ ക്ഷമാശീലം കൂടിയേതീരൂ. മാത്രമല്ല, തിരക്കിട്ട ജീവിതത്തിനിടയിൽ ഇത്തരത്തിലൊരു ഉദ്യമത്തിനായി ഇറങ്ങിത്തിരിക്കുന്നതിന്‌ മറ്റു പല കാര്യങ്ങളും നീക്കിവെക്കേണ്ടതായും വരും.

“താഴ്‌മ വളരെ പ്രധാനമാണ്‌,” ജോർജ്‌ പറയുന്നു. തുടർന്ന്‌ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “നിങ്ങൾക്കു വശമില്ലാത്ത ഒരു ഭാഷയാകുമ്പോൾ ഒരു കുട്ടിയെപ്പോലെ സംസാരിക്കാൻ നിങ്ങൾ തയ്യാറാകണം. ചിലപ്പോൾ ഒരു കുട്ടിയോടെന്നപോലുള്ള സമീപനം നേരിടാനും.” ഒരു പുതിയ ഭാഷ പഠിക്കാനാകുന്ന വിധം (ഇംഗ്ലീഷ്‌) പുസ്‌തകം പറയുന്നു: “പുരോഗമിക്കാൻ നിങ്ങൾ ശരിക്കും ആഗ്രഹിക്കുന്നെങ്കിൽ സ്വന്തം പ്രാമുഖ്യതയും അന്തസ്സിനെക്കുറിച്ചുള്ള ആകുലതകളും കുറെയൊക്കെ ഒഴിവാക്കേണ്ടതുണ്ട്‌.” അതിനർഥം, തെറ്റുപറ്റുമെന്ന്‌ വിചാരിച്ച്‌ അമിതമായി ഉത്‌കണ്‌ഠപ്പെടേണ്ടതില്ല എന്നാണ്‌. “തെറ്റുവരുത്തുന്നില്ലെങ്കിൽ പുതിയ ഭാഷ നിങ്ങൾ വേണ്ടത്ര ഉപയോഗിക്കുന്നില്ല എന്നുവേണം കരുതാൻ,” ബെൻ പറയുന്നു.

നിങ്ങൾ വരുത്തുന്ന തെറ്റുകളെക്കുറിച്ചു മറ്റുള്ളവർ കളിയാക്കി ചിരിക്കുമല്ലോ എന്നോർത്തു വ്യാകുലപ്പെടേണ്ടതില്ല. പകരം അവരോടൊത്ത്‌ ചിരിക്കുക! വാസ്‌തവത്തിൽ, നിങ്ങൾ പറഞ്ഞ രസകരമായ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെച്ച്‌ ചിരിക്കാനുള്ള അവസരങ്ങൾ നിങ്ങൾക്കു ലഭിച്ചേക്കാം. സംശയ നിവാരണം നടത്താൻ മടിക്കരുത്‌. ഒരു സംഗതി ഒരു പ്രത്യേക വിധത്തിൽ പറയുന്നതിന്റെ കാരണം മനസ്സിലാക്കുന്നത്‌, നിങ്ങളുടെ ഓർമശക്തി മെച്ചപ്പെടുത്തും.

മിക്കപ്പോഴും, ഒരു പുതിയ ഭാഷ പഠിക്കുകയെന്നാൽ ഒരു പുതിയ സംസ്‌കാരം പഠിക്കുക എന്നാണ്‌. അതുകൊണ്ടുതന്നെ, പൊരുത്തപ്പെടുന്നവരായിരിക്കാനും മുൻവിധികൾ ഒഴിവാക്കിക്കൊണ്ട്‌ പുതിയ ആശയങ്ങൾ ഉൾക്കൊള്ളാനും അതു നിങ്ങളെ സഹായിക്കും. “കാര്യങ്ങൾ വീക്ഷിക്കുന്നതിനും ചെയ്യുന്നതിനും ഒന്നിലധികം വിധങ്ങൾ ഉണ്ടെന്നു തിരിച്ചറിയാൻ മറ്റൊരു ഭാഷയുടെ പഠനം എന്നെ സഹായിച്ചിരിക്കുന്നു,” ജൂലി പറയുന്നു. അതിൽ “ഒന്ന്‌ മറ്റൊന്നിനെക്കാൾ അവശ്യം മെച്ചമായിരിക്കണമെന്നില്ല, അതു കേവലം മറ്റൊരു രീതി മാത്രമാണ്‌.” ജാ പിൻവരുന്നവിധം നിർദേശിക്കുന്നു: “നിങ്ങൾ പഠിക്കുന്ന ഭാഷ സംസാരിക്കുന്ന ആളുകളുമായി സൗഹൃദത്തിലാകാനും അവരോടൊപ്പം സമയം ചെലവഴിക്കാനും ശ്രമിക്കുക.” അത്‌ നല്ല കൂട്ടുകെട്ടാണെന്നും അവരുടെ സംഭാഷണരീതി സഭ്യമാണെന്നും ക്രിസ്‌ത്യാനികൾ ഉറപ്പു വരുത്തുന്നത്‌ പ്രധാനമാണ്‌. (1 കൊരിന്ത്യർ 15:33; എഫെസ്യർ 5:3, 4) “നിങ്ങൾ അവരിലും അവരുടെ ഭക്ഷണം, സംഗീതം, അങ്ങനെ പലതിലും തത്‌പരരാണെന്നു മനസ്സിലാക്കുമ്പോൾ സ്വാഭാവികമായും അവർ നിങ്ങളോട്‌ അടുക്കും,” ജാ കൂട്ടിച്ചേർക്കുന്നു.

നിങ്ങൾ എത്രയധികം സമയം ഭാഷാപഠനത്തിനായി ചെലവഴിക്കുന്നുവോ, എത്ര കൂടെക്കൂടെ പ്രസ്‌തുത ഭാഷ ഉപയോഗിക്കുന്നുവോ അത്ര ദ്രുതഗതിയിലായിരിക്കും നിങ്ങളുടെ പുരോഗതിയും. “നാം ഒരു ഭാഷ പഠിക്കുന്നത്‌ കോഴി ധാന്യമണികൾ കൊത്തിത്തിന്നുന്നതുപോലെയാണ്‌​—⁠ഒന്നൊന്നായി,” ജോർജ്‌ വിവരിക്കുന്നു. “‘പലതുള്ളി പെരുവെള്ളം’ എന്ന കണക്കെ നിങ്ങൾ പുരോഗമിച്ചുകൊണ്ടേയിരിക്കും.” ഒരു മിഷനറിയെന്ന നിലയിൽ നിരവധി ഭാഷകൾ കൈകാര്യം ചെയ്യുന്ന ബിൽ ഇപ്രകാരം പറയുന്നു: “വാക്കുകളുടെ ഒരു ശേഖരം ഞാൻ എപ്പോഴും കൂടെക്കരുതുകയും സമയം കിട്ടുമ്പോഴെല്ലാം അതെടുത്തു നോക്കുകയും ചെയ്യുമായിരുന്നു.” പഠനത്തിനായി വല്ലപ്പോഴും കുറെയധികം സമയം നീക്കിവെക്കുന്നതിനെക്കാൾ ക്രമമായ അടിസ്ഥാനത്തിൽ കുറച്ചുസമയം നീക്കിവെക്കുന്നതാണ്‌ ഏറെ മെച്ചമെന്ന്‌ അനേകരും തിരിച്ചറിഞ്ഞിരിക്കുന്നു.

ഭാഷാപഠനത്തിനു സഹായകമായ നിരവധി ഉപാധികൾ നിലവിലുണ്ട്‌. പുസ്‌തകങ്ങൾ, റെക്കോർഡുകൾ, ഫ്‌ളാഷ്‌ കാർഡുകൾ അങ്ങനെ പലതും. എന്നാൽ, ഇതൊക്കെയുണ്ടെങ്കിലും ഒരു ക്ലാസ്‌ മുറിയിൽ ഇരുന്നു പഠിക്കുന്നതിനോളം ഒക്കില്ല ഒന്നും എന്നാണ്‌ അനേകരുടെയും അഭിപ്രായം. നിങ്ങൾക്ക്‌ അനുയോജ്യമായതെന്തോ അത്‌ തിരഞ്ഞെടുക്കുക. വ്യക്തിപരമായ ശ്രമത്തിനും സ്ഥിരോത്സാഹത്തിനും പകരമായി ഒന്നുമില്ലെന്ന്‌ ഓർമിക്കുക. എങ്കിലും, പഠനം എളുപ്പമാക്കിത്തീർക്കുന്നതിനും അത്‌ കൂടുതൽ സന്തോഷകരമായ ഒരനുഭവമാക്കി മാറ്റുന്നതിനും പല മാർഗങ്ങളുണ്ട്‌. ഭാഷയെയും സംസ്‌കാരത്തെയും പരമാവധി അടുത്തറിയാൻ ശ്രമിക്കുക എന്നതാണ്‌ അതിലൊന്ന്‌.

ജോർജ്‌ ഇപ്രകാരം പ്രസ്‌താവിക്കുന്നു: “പുതിയ ഭാഷയുടെ അടിസ്ഥാന സംഗതികളും ലളിതമായ കുറെ പദസമ്പത്തും പഠിച്ചശേഷം ആ ഭാഷ സംസാരിക്കുന്ന പ്രദേശത്തു കുറച്ചുനാൾ ചെലവഴിക്കുന്നത്‌ ഏറെ അഭികാമ്യമാണ്‌.” “പ്രസ്‌തുത ഭാഷ ഉപയോഗിക്കുന്ന രാജ്യം സന്ദർശിക്കുന്നത്‌ ആ ഭാഷയുടെ തനതായ സവിശേഷതകൾ ഒപ്പിയെടുക്കാൻ നിങ്ങളെ സഹായിക്കും,” എന്ന്‌ ബാർബ്‌ അഭിപ്രായപ്പെടുന്നു. ഏറ്റവും പ്രധാനപ്പെട്ട സംഗതി, അത്തരമൊരു ചുറ്റുപാടിൽ ആയിരിക്കുന്നത്‌ പ്രസ്‌തുത ഭാഷയിൽ ചിന്തിക്കാൻ നിങ്ങളെ പ്രാപ്‌തരാക്കുന്നു എന്നതാണ്‌. അനേകരെയും സംബന്ധിച്ചിടത്തോളം മറ്റൊരു രാജ്യത്തു പോകുന്നത്‌ പ്രായോഗികമല്ല എന്നതു ശരിതന്നെ. എന്നാൽ, എവിടെയും പോകാതെതന്നെ പുതിയ ഭാഷയും അവിടത്തെ സംസ്‌കാരവും അടുത്തറിയാൻ ധാരാളം അവസരങ്ങൾ ഉണ്ടായിരുന്നേക്കാം. നിങ്ങൾ പഠിക്കുന്ന ഭാഷയിലുള്ളതും നിലവാരം പുലർത്തുന്നതും പ്രയോജനപ്രദവുമായ പ്രസിദ്ധീകരണങ്ങളോ റേഡിയോ, ടിവി പരിപാടികളോ അതിന്‌ ഉദാഹരണങ്ങളാണ്‌. നിങ്ങളുടെ പ്രദേശത്ത്‌ നിങ്ങൾ പഠിക്കുന്ന ഭാഷ കൈകാര്യം ചെയ്യുന്നവരുണ്ടോ എന്നു കണ്ടെത്തി അവരുമായി സംസാരിക്കുക. “ആത്യന്തികമായി, അഭ്യസിക്കുക എന്നതാണ്‌ പുരോഗതിയുടെ സൂക്തവാക്യം,” ഒരു പുതിയ ഭാഷ പഠിക്കാനാകുന്ന വിധം എന്ന പുസ്‌തകം കുറിക്കൊള്ളുന്നു. *

വളർച്ച മുരടിച്ചപോലെ

ഭാഷാപഠനത്തിൽ യാതൊരു പുരോഗതിയുമില്ലെന്ന്‌ ചിലപ്പോഴൊക്കെ നിങ്ങൾക്കു തോന്നിയേക്കാം. എങ്കിൽ, എന്തു ചെയ്യും? ഒന്നാമതായി, ഭാഷ പഠിക്കുന്നതിനുള്ള നിങ്ങളുടെ മുഖ്യ കാരണത്തെക്കുറിച്ചു ചിന്തിക്കുക. മറ്റുള്ളവരെ ബൈബിൾ പഠിക്കാൻ സഹായിക്കുന്നതിനാണ്‌ യഹോവയുടെ സാക്ഷികളിൽപ്പെട്ട അനേകരും ഒരു പുതിയ ഭാഷ പഠിച്ചിരിക്കുന്നത്‌. നിങ്ങളുടെ ആത്യന്തിക ലക്ഷ്യത്തെയോ ഉദ്ദേശ്യത്തെയോ കുറിച്ച്‌ ഇരുത്തി ചിന്തിക്കുന്നത്‌ നിങ്ങളുടെ തീരുമാനത്തെ അരക്കിട്ടുറപ്പിച്ചേക്കാം.

രണ്ടാമതായി, ന്യായമായ പ്രതീക്ഷകൾ വെക്കുക. “തദ്ദേശവാസിയെപ്പോലെ നിങ്ങൾക്ക്‌ ഒരിക്കലും പുതിയ ഭാഷ കൈകാര്യം ചെയ്യാനാവില്ലായിരിക്കാം,” ഒരു പുതിയ ഭാഷ പഠിക്കാനാകുന്ന വിധം പുസ്‌തകം പറയുന്നു. “നിങ്ങളുടെ ലക്ഷ്യം അതല്ല. നിങ്ങൾ പറയുന്നത്‌ മറ്റുള്ളവർക്കു മനസ്സിലാകണം, അത്രമാത്രം.” അതുകൊണ്ട്‌, മാതൃഭാഷപോലെ അനായാസം സംസാരിക്കാനാകുന്നില്ലല്ലോ എന്നു കരുതി വിഷമിച്ചിരിക്കാതെ പഠിച്ചതുവെച്ച്‌ വ്യക്തമായി ആശയവിനിമയം നടത്താൻ പരമാവധി ശ്രമിക്കുക.

മൂന്നാമതായി, വിജയം അളക്കാനാകുന്ന നിർണായക സംഭവങ്ങളെക്കുറിച്ച്‌ ചിന്തിക്കുക. ഭാഷാപഠനത്തെ പുല്ല്‌ വളരുന്നതിനോട്‌ നമുക്ക്‌ ഉപമിക്കാം. ദിനംപ്രതി അത്‌ അൽപ്പാൽപ്പമായി വളർന്നുകൊണ്ടേയിരിക്കും, പക്ഷേ, നമുക്കത്‌ കാണാൻ കഴിയില്ല. സമാനമായി, നിങ്ങൾ പഠനം ആരംഭിച്ച സമയത്തെക്കുറിച്ചു ചിന്തിച്ചാൽ പുരോഗതി കൈവരിച്ചിട്ടുള്ളതായി തിരിച്ചറിയും. മറ്റുള്ളവരുമായി താരതമ്യം ചെയ്‌തുകൊണ്ട്‌ നിങ്ങളുടെ പുരോഗതി വിലയിരുത്താതിരിക്കുക. ഗലാത്യർ 6:​4-ൽ നമുക്ക്‌ പിൻപറ്റാവുന്ന നല്ലൊരു തത്ത്വം ബൈബിൾ പറയുന്നു: “ഓരോരുത്തരും താന്താന്റെ പ്രവൃത്തി വിലയിരുത്തട്ടെ; അപ്പോൾ മറ്റാരുമായും താരതമ്യപ്പെടുത്താതെ അവനു തന്നിൽതന്നെ അഭിമാനിക്കാം.” (ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം)

നാലാമതായി, ദീർഘകാല അടിസ്ഥാനത്തിലുള്ള ഒരു സംരംഭമായി ഇതിനെ കാണുക. ഇതേക്കുറിച്ച്‌ ചിന്തിക്കുക: മൂന്നോ നാലോ വയസ്സുള്ള ഒരു കുട്ടി ഒരു പ്രസംഗം നടത്തിയാൽ എങ്ങനെയിരിക്കും? അവൻ ‘കടിച്ചാൽ പൊട്ടാത്ത പദങ്ങളോ’ സങ്കീർണമായ വ്യാകരണമോ ഉപയോഗിക്കാറുണ്ടോ? ഒരിക്കലുമില്ല! എങ്കിലും, ആശയങ്ങൾ കൈമാറാൻ അവനു കഴിയും. ഭാഷ സ്വന്തമാക്കാൻ ഒരു കുട്ടിക്കുപോലും വർഷങ്ങൾ വേണ്ടിവരും എന്നതാണ്‌ വാസ്‌തവം.

അഞ്ചാമതായി, പുതിയ ഭാഷ പരമാവധി ഉപയോഗിക്കുക. “ഭാഷ ക്രമമായ അടിസ്ഥാനത്തിൽ ഉപയോഗിക്കാതിരുന്നപ്പോൾ പുരോഗതി മുരടിച്ചതുപോലെയാണ്‌ എനിക്ക്‌ അനുഭവപ്പെട്ടത്‌,” ബെൻ പറയുന്നു. അതുകൊണ്ട്‌, പഠിച്ചത്‌ ഉപയോഗിച്ചുകൊണ്ടേയിരിക്കുക. സംഭാഷണം നടത്തുന്നത്‌ ഒരു ശീലമാക്കുക. ഒരു കൊച്ചുകുട്ടിയുടേതിനു സമാനമായ പദസമ്പത്തുകൊണ്ടുമാത്രം സംഭാഷണത്തിൽ ഏർപ്പെടാൻ ശ്രമിക്കുന്നത്‌ അത്ര സുഖകരമായ ഒരനുഭവമായിരിക്കില്ല എന്നതു ശരിതന്നെ. “ആവശ്യമുള്ളത്‌ ആവശ്യമുള്ളപ്പോൾ പറയാൻ കഴിയാതെവരുന്നതാണ്‌ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടേറിയ സംഗതി” എന്ന്‌ മിലാവി ദുഃഖത്തോടെ പറയുന്നു. ശ്രമവുമായി മുന്നോട്ടു പോകാൻ അത്തരമൊരു അനുഭവം നിങ്ങളെ പ്രേരിപ്പിക്കും. “കഥകളും ഫലിതങ്ങളും മനസ്സിലാക്കാൻ കഴിയാതിരുന്നപ്പോൾ എനിക്ക്‌ അങ്ങേയറ്റം വിഷമം തോന്നി,” മൈക്ക്‌ ഓർമിക്കുന്നു. “അത്‌ ആ അവസ്ഥാവിശേഷം മറികടക്കാൻ എനിക്കു പ്രചോദനമേകി.”

മറ്റുള്ളവരുടെ പിന്തുണയോടെ

ഭാഷ അറിയാവുന്നവർക്ക്‌ പഠിക്കുന്ന ഒരാളെ സഹായിക്കാൻ എന്തു ചെയ്യാനാകും? നേരത്തേ പരാമർശിച്ച ബിൽ പറയുന്നു: “സാവധാനത്തിൽ, എന്നാൽ കൃത്യമായി സംസാരിക്കുക. ശിശുക്കളെപ്പോലെ കൊഞ്ചിക്കൊഞ്ചി സംസാരിക്കാതിരിക്കുക.” ജൂലി പ്രസ്‌താവിക്കുന്നത്‌ ഇപ്രകാരമാണ്‌: “ക്ഷമയോടെ കേൾക്കുക, ഇടയ്‌ക്കുകയറി പറയുന്നതിനു പകരം വാചകങ്ങൾ പൂർത്തിയാക്കാൻ പഠിതാവിനെ അനുവദിക്കുക.” ടോണി പിൻവരുംവിധം വിവരിക്കുന്നു: “രണ്ടു ഭാഷ അറിയാവുന്നവർ എന്റെ മാതൃഭാഷയിൽ എന്നോടു സംസാരിക്കാനാണ്‌ ചായ്‌വു കാട്ടിയത്‌. അത്‌ എന്റെ പുരോഗതിയെ മന്ദഗതിയിലാക്കി.” അക്കാരണത്താൽ, ചില പഠിതാക്കൾ സുഹൃത്തുക്കളോട്‌, പഠിച്ചുകൊണ്ടിരിക്കുന്ന ഭാഷയിൽ ചില പ്രത്യേക അവസരങ്ങളിൽ തങ്ങളോടു സംസാരിക്കാനും പുരോഗമിക്കേണ്ട കൃത്യമായ വശങ്ങൾ ചൂണ്ടിക്കാണിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്‌. തങ്ങളുടെ ശ്രമങ്ങളെ ആത്മാർഥമായി അഭിനന്ദിക്കുന്നവരെ അവർ അത്യന്തം വിലമതിക്കുകയും ചെയ്യുന്നു. ജോർജിനു പറയാനുള്ളത്‌ ഇതാണ്‌: “എന്റെ സുഹൃത്തുക്കളുടെ സ്‌നേഹവും പ്രോത്സാഹനവും ഇല്ലായിരുന്നെങ്കിൽ എനിക്കതിൽ വിജയിക്കാനാകുമായിരുന്നില്ല.”

ഇതെല്ലാം കണക്കിലെടുക്കുമ്പോൾ, മറ്റൊരു ഭാഷ പഠിക്കാനുള്ള ശ്രമം തക്ക മൂല്യമുള്ളതാണോ? “തീർച്ചയായും,” മുമ്പ്‌ പരാമർശിച്ച, പല ഭാഷകൾ അറിയാവുന്ന ബിൽ പറയുന്നു. അദ്ദേഹം തുടരുന്നു: “അത്‌ ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്‌ചപ്പാട്‌ വിശാലമാക്കുകയും ഇതര വീക്ഷണ കോണുകളിലൂടെ കാര്യങ്ങൾ വിലയിരുത്താൻ എന്നെ സഹായിക്കുകയും ചെയ്‌തിരിക്കുന്നു. ഈ ഭാഷകൾ ഉപയോഗിച്ച്‌ ആളുകളുമായി ബൈബിളധ്യയനം നടത്താനും അവർ സത്യം സ്വീകരിച്ച്‌ ആത്മീയ പുരോഗതി പ്രാപിക്കുന്നതു കാണാനും കഴിയുന്നത്‌ ശ്രമത്തെക്കാളേറെ മൂല്യമുള്ളതാണ്‌. 12 ഭാഷകൾ അറിയാവുന്ന ഒരു വ്യക്തി ഒരിക്കൽ എന്നോട്‌ ഇങ്ങനെ പറഞ്ഞു: ‘എനിക്ക്‌ താങ്കളോട്‌ അസൂയ തോന്നുന്നു. ഞാൻ ഒരു രസത്തിനുവേണ്ടിയാണ്‌ ഭാഷകൾ പഠിക്കുന്നത്‌; എന്നാൽ താങ്കളാകട്ടെ, ആളുകളെ സഹായിക്കുന്നതിനും.’”

[അടിക്കുറിപ്പ്‌]

[11-ാം പേജിലെ ആകർഷക വാക്യം]

മറ്റുള്ളവരെ സഹായിക്കാനുള്ള ആഗ്രഹമാണ്‌ ഭാഷ പഠിക്കുന്നതിനുള്ള അതിശക്തമായ പ്രചോദനം