“പ്രകൃതിയുടെ ജ്ഞാനം”
“പ്രകൃതിയുടെ ജ്ഞാനം”
ജപ്പാനിലെ ഉണരുക! ലേഖകൻ
അതായിരുന്നു എക്‌സ്‌പോ 2005-ന് ജപ്പാനിലെ ചീയിൽ മാറ്റൊലിക്കൊണ്ട പ്രമേയം. 121 രാജ്യങ്ങൾ അതിൽ പങ്കെടുക്കുകയുണ്ടായി. പ്രകൃതിയിൽനിന്നു പഠിക്കാനും “സാമ്പത്തിക ഉന്നമനത്തിനായി പരിസ്ഥിതി സന്തുലനം നഷ്ടപ്പെടുത്താതെ പ്രകൃതിവിഭവങ്ങളെ പരമാവധി ചൂഷണം ചെയ്യാനുമുള്ള” ആഹ്വാനമാണ് സന്ദർശകർക്ക് അതിലൂടെ ലഭിച്ചത്. സെൻട്രൽ ജപ്പാനിലുള്ള നാഗൊയാ നഗരത്തിനു സമീപം നടന്ന ആ എക്‌സ്‌പോയിൽ വനങ്ങളും കുളങ്ങളും പൂച്ചെടികളും പ്രദർശനത്തിന് ഒരുക്കിയിരുന്നു. അതിന്റെ മുഖ്യാകർഷണമായിരുന്നു ഏകദേശം 2.6 കിലോമീറ്റർ നീളവും 70 അടി വീതിയും ഉണ്ടായിരുന്ന ‘ഗ്ലോബൽ ലൂപ്’ എന്നൊരു നടപ്പാത. പ്രകൃതിക്ക് യാതൊരു പോറലും ഏൽപ്പിക്കാതെയാണ് അതു നിർമിച്ചിരുന്നത്. ഉയരത്തിൽ സ്ഥാപിച്ചിരുന്ന അതിൽനിന്ന് സന്ദർശകർക്ക് വിശാല ദൃശ്യങ്ങൾ കണ്ടാസ്വദിക്കാനാകുമായിരുന്നു.
പ്രകൃതിയെ പിണക്കാതെ
കാഴ്‌ചയ്‌ക്ക് വലിയൊരു കൊക്കൂൺപോലെ തോന്നിക്കുന്നതും 23,000 മുളകൊണ്ട് നിർമിച്ചതുമായ ഒരു ‘പുറംതോടിന്’ ഉള്ളിലായിരുന്നു ജപ്പാൻ പവലിയൻ. ഈ ആവരണം സൂര്യന്റെ കടുത്ത ചൂടിൽനിന്നുള്ള സംരക്ഷണമായി വർത്തിച്ചു. ശരാശരി 23 അടി നീളമുള്ളവയായിരുന്നു മുളകൾ. ആ നിർമിതിക്ക് 62 അടി ഉയരവും 295 അടി വീതിയും 230 അടി നീളവും ഉണ്ടായിരുന്നു. മുളകൊണ്ടു നിർമിച്ചിട്ടുള്ളവയിൽ ലോകത്തിലെ ഏറ്റവും വലുതായിരുന്നു അത്. ഈ പവലിയനിൽ 42 അടി വ്യാസമുള്ളതും വശങ്ങളിൽ മുഴുവൻ വീഡിയോ സംവിധാനങ്ങൾ ക്രമീകരിച്ചിട്ടുള്ളതുമായ ഒരു ഗോളമുണ്ടായിരുന്നു. അതിനുള്ളിൽ പ്രവേശിക്കുന്ന സന്ദർശകർക്ക് പ്രകൃതിയുമായും ജീവജാലങ്ങളുമായും ഇഴുകിച്ചേരുന്ന ഒരു പ്രതീതിയാണ് ലഭിച്ചിരുന്നത്.
മലേഷ്യ പവലിയനിൽ മൾട്ടിമീഡിയ സംവിധാനങ്ങൾ ഉപയോഗിച്ച് രാജ്യത്തെ മഴക്കാടുകളും പവിഴപ്പുറ്റുകളും പ്രദർശിപ്പിച്ചു. തായ്‌ലൻഡ് പവലിയനിലാകട്ടെ, 2004 ഡിസംബർ, 26-ലെ സുനാമിയുടെ ഹൃദയഭേദകമായ രംഗങ്ങളും. “പ്രകൃതിയുടെ കടിഞ്ഞാൺ മനുഷ്യന്റെ കൈയിലല്ല” എന്ന് അത് കാണികളെ അനുസ്‌മരിപ്പിച്ചു. ജീവികളുടെ വംശനാശ ഭീഷണിയിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ദക്ഷിണാഫ്രിക്ക, വരയൻ കുതിരയെപ്പോലുള്ള, സസ്‌തനിയായ, ക്വാഗാഫോളിന്റെ തനിപ്പകർപ്പെന്നു പറയാവുന്ന ഒരു ജീവിയെ പ്രദർശിപ്പിക്കുകയുണ്ടായി. ദക്ഷിണാഫ്രിക്കൻ ഭൂപ്രദേശത്ത് ധാരാളമായി കണ്ടുവന്നിരുന്ന അവയ്‌ക്ക് വേട്ടയാടലിന്റെ ഫലമായി 19-ാം നൂറ്റാണ്ടിൽ വംശനാശം സംഭവിച്ചു.
എക്‌സ്‌പോയുടെ മുഖ്യപവലിയനോടു ചേർന്ന് ശീതീകരിച്ചു പ്രദർശിപ്പിച്ചിരുന്നത് 2002-ൽ റഷ്യയിലെ സൈബീരിയയുടെ തണുത്തുറഞ്ഞ പ്രദേശത്തുനിന്ന് കുഴിച്ചെടുത്ത മാമത്തിനെയാണ്. യൂക്കാഗീർ എന്ന ഗ്രാമത്തിന് സമീപത്തുനിന്നു കണ്ടെത്തിയതിനാൽ യൂക്കാഗീർ മാമത്ത് എന്നാണ് ഇതറിയപ്പെടുന്നത്. ആനയുടെ വർഗത്തിൽപ്പെട്ട, വംശനാശത്തിനിരയായ ഈ സസ്‌തനിക്ക് വലുപ്പമേറിയ വളഞ്ഞ രണ്ടു കൊമ്പുകൾ ഉണ്ടായിരുന്നു. അതിന്റെ കണ്ണുകൾ ലേശം തുറന്നാണ് ഇരുന്നിരുന്നത്, മാത്രമല്ല തലയിൽ തൊലിയും രോമവും ഉണ്ടായിരുന്നു. പ്രദർശിപ്പിക്കപ്പെട്ട ഈ സസ്‌തനി വംശനാശത്തിന്റെ മറ്റൊരു മൂകസാക്ഷ്യമാണ്.
ശോഭന ഭാവിയോ?
നമ്മുടെ ഭൂഗ്രഹത്തിന്റെ ഭാവിയെ അവതാളത്തിലാക്കുന്ന മലിനീകരണം, ആഗോളതപനം എന്നിവപോലുള്ള
പ്രശ്‌നങ്ങളെ മനുഷ്യർക്ക് എങ്ങനെ നേരിടാനാകും? “എക്‌സ്‌പോ 2005-ന്റെ പ്രതീകം” എന്നു വിശേഷിപ്പിക്കപ്പെട്ട 490 അടി നീളവും 50 അടി ഉയരവുമുള്ള ഒരു വമ്പൻ “ഹരിത” ഭിത്തി അവിടെ തലയുയർത്തി നിന്നിരുന്നു. ജൈവ-ശ്വാസകോശം എന്ന് അറിയപ്പെട്ടിരുന്ന അത് പൂച്ചെടികൾ ഉൾപ്പെടെ 200 ഇനത്തിൽപ്പെട്ട 2,00,000 ചെടികൾ ഉപയോഗിച്ചാണു നിർമിച്ചിരുന്നത്. ഋതുഭേദമനുസരിച്ച് ക്രമീകരിക്കാവുന്ന ഇത്തരത്തിലുള്ള നിരവധി ‘ശ്വാസകോശങ്ങൾക്ക്’ കാർബൺഡയോക്‌സൈഡിനെ ആഗിരണം ചെയ്യുകയും ഓക്‌സിജനെ പുറത്തുവിടുകയും ചെയ്‌തുകൊണ്ട് നഗരത്തിന്റെ ശ്വസനേന്ദ്രിയവും വായുശുചീകരണ സംവിധാനവുമായി വർത്തിക്കാൻ കഴിയുമെന്നായിരുന്നു അതിന്റെ സന്ദേശം.ഗതാഗത സംവിധാനങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു അവിടെ. വൈദ്യുതികൊണ്ട് ഓടുന്ന ബസ്സുകളായിരുന്നു ഒരു സവിശേഷത. ആളുകളെ കയറ്റിയിറക്കിയിരുന്ന അവ പുറന്തള്ളിയ മാലിന്യമാകട്ടെ വെറും പച്ചവെള്ളം. സാങ്കേതികവിദ്യാ പ്രേമികളെ ആകർഷിച്ച മറ്റൊന്നായിരുന്നു ജപ്പാനിൽ ആദ്യമായി നിലവിൽവന്ന കാന്തിക പ്ലവന ട്രെയിനുകൾ. ശക്തിയേറിയ കാന്തികബലം നിമിത്തം ലിനീമോ എന്ന ആ ട്രെയിൻ പാളത്തിന് 8 മില്ലിമീറ്റർ മുകളിലൂടെ ഒച്ചപ്പാടൊന്നുമില്ലാതെ സുഗമമായി ഓടിക്കൊണ്ടിരുന്നു. കൂടാതെ, ഡ്രൈവർ ആവശ്യമുള്ളതോ ആവശ്യമില്ലാത്തതോ ആയ, ബാറ്ററി ഉപയോഗിച്ചു പ്രവർത്തിപ്പിക്കുന്ന ട്രാമുകൾ, സൈക്കിൾ ടാക്‌സികൾ, ബസ്സുപോലുള്ള വാഹനങ്ങൾ എന്നിവയും ഉണ്ടായിരുന്നു. രണ്ടോ മൂന്നോ അടങ്ങുന്ന ഓരോ വ്യൂഹമായിട്ടാണ് ഇവ നിരത്തിലൂടെ നീങ്ങിക്കൊണ്ടിരുന്നത്. ഭാവിയുടെ വാഗ്‌ദാനങ്ങളായ ഈ വാഹനങ്ങളിൽ സാധാരണ ലഭ്യമായ ഇന്ധനങ്ങളെക്കാൾ ശുദ്ധമായ പ്രകൃതി വാതകങ്ങളാണ് ഉപയോഗിച്ചിരുന്നത്.
ഭക്ഷ്യാവശിഷ്ടങ്ങൾപോലുള്ള ജൈവ പദാർഥങ്ങൾ വൈദ്യുതിയും വളവുമാക്കി മാറ്റുന്നതിനെക്കുറിച്ച് ഒന്നു ചിന്തിക്കൂ. അവിടത്തെ ഒരു ഊർജ നിലയം മീഥേൻ ഫെർമെന്റേഷൻ എന്നൊരു പ്രക്രിയയിലൂടെ അതുതന്നെയാണ് സാധ്യമാക്കിത്തീർത്തത്. ഭക്ഷ്യാവശിഷ്ടങ്ങൾ കത്തിച്ചുകളയുന്നതിനു പകരം അതിനെ കിണ്വനത്തിനു വിധേയമാക്കി മീഥേൻ വാതകം ഉത്‌പാദിപ്പിക്കുകയും അതിൽനിന്നു ഹൈഡ്രജൻ വേർതിരിച്ചെടുക്കുകയും ചെയ്‌തു. രാസപ്രവർത്തനത്തിലൂടെ വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന ഫ്യൂവൽ സെല്ലുകൾ ഹൈഡ്രജനെ ഓക്‌സീകരിച്ച് വൈദ്യുതോർജമാക്കി മാറ്റി. വെള്ളവും വളവുമായിരുന്നു അതിന്റെ ഉപോത്‌പന്നങ്ങൾ. വാസ്‌തവത്തിൽ, ആ ഊർജ നിലയം എക്‌സ്‌പോയിലെ സകലവിധ ജൈവാവശിഷ്ടങ്ങളെയും വൈദ്യുതിയാക്കി മാറ്റി. ആ വൈദ്യുതിയാണ് ചില പവലിയനുകളിൽ ഉപയോഗിച്ചിരുന്നത്.
യന്ത്രമനുഷ്യരെ സംബന്ധിച്ചുള്ള ഒട്ടനവധി ഗവേഷണങ്ങൾ നടക്കുന്നുണ്ട്. ഓഫീസുകളിലും മറ്റും മനുഷ്യന്റെ സഹായിയായി വർത്തിക്കാൻ കഴിവുള്ള, ഭാരംകുറഞ്ഞ യന്ത്രങ്ങൾ വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യമാണ് അതിനു പിന്നിൽ. ഈ മേഖലയിൽ കൈവരിച്ച നേട്ടത്തെ പ്രദീപ്‌തമാക്കുന്ന ചില പരിപാടികളും അവിടെ അരങ്ങേറി. ഒരു പവലിയന്റെ സ്റ്റേജിനു നടുവിലേക്കു നടന്നുവന്ന് ഏഴു യന്ത്രമനുഷ്യർ നടത്തിയ സംഗീതപരിപാടി കാണികൾക്കു ഹരം പകർന്നു. ചില യന്ത്രമനുഷ്യർ സുഷിരവാദ്യങ്ങൾ താളത്തിനൊത്തു വായിക്കാൻ വൈഭവത്തോടെ ‘വിരലുകൾ’ ചലിപ്പിച്ചു, മറ്റൊരാൾ ഡ്രം അടിച്ചു. “സുഗമമായും ചുറുചുറുക്കോടെയുമുള്ള അവരുടെ ആ അവതരണം കണ്ടാൽ വേഷപ്രച്ഛന്നരായ മനുഷ്യരാണെന്നേ തോന്നൂ,” ഒരു നിരീക്ഷകൻ പറഞ്ഞു.
നൂതന സാങ്കേതിക വിദ്യയുടെ ഒരു ഉത്‌പന്നം ജൈവവിഘടനം സംഭവിക്കുന്ന പ്ലാസ്റ്റിക്കുകൾ ആയിരുന്നു. ചോളപ്പൊടിയും
സമാനമായ മറ്റു പദാർഥങ്ങളുമാണ് അത് നിർമിക്കാൻ ഉപയോഗിച്ചിരുന്നത്. നാനോകുമിളകളായിരുന്നു മറ്റൊരു ഉത്‌പന്നം. 200 നാനോമീറ്ററിലും കുറഞ്ഞ വ്യാസമുള്ള അതിസൂക്ഷ്‌മ വാതക കുമിളകളാണ് നാനോകുമിളകൾ. മനുഷ്യന്റെ തലമുടിനാരിന്റെ വ്യാസം ഏകദേശം 50,000 നാനോമീറ്ററാണെന്നു പറയുമ്പോൾ ഈ കുമിളകളുടെ വലുപ്പം ഊഹിക്കാമല്ലോ. അത്തരം കുമിളകൾ സാധാരണമായി ഒട്ടും സ്ഥിരതയില്ലാത്തതും പെട്ടെന്ന് അപ്രത്യക്ഷമാകുന്നവയുമാണ്. എന്നിരുന്നാലും, സ്ഥിരതയുള്ള ഓക്‌സിജൻ നാനോകുമിളകൾ നിർമിക്കാനുള്ള സാങ്കേതികവിദ്യ ജപ്പാനിലെ ശാസ്‌ത്രജ്ഞന്മാർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പാരിസ്ഥിതിക മാറ്റങ്ങളുമായി ഇണങ്ങിച്ചേരാനുള്ള മത്സ്യങ്ങളുടെയും കവചജീവികളുടെയും നൈസർഗിക പ്രാപ്‌തിയെ മെച്ചപ്പെടുത്താൻ അതു സഹായിക്കും. ഓക്‌സിജൻ നാനോകുമിളകൾ നിറച്ച ഒരു അക്വേറിയത്തിൽ ശുദ്ധജലത്തിലെയും സമുദ്രജലത്തിലെയും ചിലയിനം മത്സ്യങ്ങൾക്ക് ജീവിക്കാനായത്രേ! മത്സ്യവളർത്തലിലും കൃഷിയിലും മറ്റു മേഖലകളിലും അത്തരം കണ്ടുപിടിത്തങ്ങൾ പ്രയോജകീഭവിക്കുമെന്നാണ് ശാസ്‌ത്രജ്ഞരുടെ പ്രതീക്ഷ.ലോകം ചെവിചായ്‌ക്കുന്നുവോ?
പ്രകൃതിയുടെ ജ്ഞാനത്തിന് ശ്രദ്ധ നൽകേണ്ടതിന്റെ ആവശ്യകതയ്‌ക്ക് ഈ മേള ഊന്നൽ നൽകിയെങ്കിലും പൊതുവേ ലോകം അത് ചെവിക്കൊള്ളുന്നില്ല. പ്രകൃതിയുടെ ജ്ഞാനത്തിനുവേണ്ടി വാദിക്കുന്നവരുടെ വാക്കുകൾ അജ്ഞത, അത്യാഗ്രഹം, അഴിമതി എന്നിവയുടെ കുത്തൊഴുക്കിൽ ഒലിച്ചുപോകുകയാണ്. തത്‌ഫലമായി, ഭൂമി ഒരു ‘മുറിവേറ്റ ഗ്രഹ’മായിരിക്കുന്നു, മേളയിൽ ഒരിടത്ത് അപ്രകാരം പ്രസ്‌താവിച്ചിരുന്നു. എന്നാൽ, ഭൂമിയുടെ നന്മയെ ലാക്കാക്കി പ്രവർത്തിക്കുന്നവർക്കുപോലും മാനവരാശിയുടെ പ്രശ്‌നങ്ങൾക്കും പാരിസ്ഥിതിക പ്രതിസന്ധികൾക്കും ആശ്രയയോഗ്യമായ ഒരു ഉത്തരമില്ല. ബൈബിൾ പറയുന്നതനുസരിച്ച്, ഈ പ്രശ്‌നങ്ങൾക്കുള്ള ഉത്തരങ്ങൾ മനുഷ്യന്റെ അറിവിലും ജ്ഞാനത്തിലും ഒതുങ്ങുന്നവയല്ല. (യിരെമ്യാവു 10:23) എങ്കിലും, സ്ഥിതിവിശേഷം ആശയറ്റതല്ല. എന്തുകൊണ്ട്?
ജ്ഞാനത്തിന്റെ ഏറ്റവും ഉയർന്ന സ്രോതസ്സായ സ്രഷ്ടാവ് മനുഷ്യർ തന്റെ കരവേലകൾ നശിപ്പിക്കുന്നതിനുമുമ്പേ ഭൂമിയുടെ കാര്യാദികളിൽ ഇടപെടും എന്ന് ബൈബിൾ പറയുന്നു. (വെളിപ്പാടു 4:11; 11:18) “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; . . . എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും” എന്നു സങ്കീർത്തനം 37:10, 11 പറയുന്നു. പ്രകൃതിയെ ശ്രദ്ധിക്കുന്നത് ജ്ഞാനമാണ്, എന്നാൽ ദൈവത്തിന്റെ വചനമായ വിശുദ്ധ ബൈബിളിലെ അവന്റെ വാക്കുകൾ വായിക്കുകയും ബാധകമാക്കുകയും ചെയ്യുന്നത് അതിനെക്കാളൊക്കെ ജ്ഞാനപൂർവകമാണ്. (2 തിമൊഥെയൊസ് 3:16) അപ്രകാരം ചെയ്യുന്ന ഏവർക്കും മുറിവേറ്റ നമ്മുടെ ഗ്രഹം പൂർണ സൗഖ്യം പ്രാപിക്കുന്നതും ഒരു പറുദീസയായി രൂപാന്തരപ്പെടുന്നതും കാണുന്നതിനുള്ള അവസരം ലഭിക്കും.—ലൂക്കൊസ് 23:43.
[24-ാം പേജിലെ ചിത്രം]
നാനോകുമിളകൾ പ്രദർശനത്തിൽ
[24-ാം പേജിലെ ചിത്രം]
ഡ്രൈവറില്ലാത്ത ബസ്സുകൾ
[24, 25 പേജുകളിലെ ചിത്രം]
ഗോളത്തിനുള്ളിലെ വീഡിയോ സംവിധാനം
[25-ാം പേജിലെ ചിത്രം]
200 ഇനത്തിൽപ്പെട്ട 2,00,000 ചെടികൾകൊണ്ട് നിർമിച്ച ജൈവ-ശ്വാസകോശം
[25-ാം പേജിലെ ചിത്രം]
സംഗീത വിരുന്നൊരുക്കി കാണികളെ ഹരംകൊള്ളിക്കുന്ന യന്ത്രമനുഷ്യർ