യുവജനങ്ങളും ഇന്റർനെറ്റും!
യുവജനങ്ങളും ഇന്റർനെറ്റും!
നിങ്ങളുടെ കുട്ടി രാത്രിയിൽ ഒറ്റയ്ക്കു തെരുവീഥികളിൽ ചുറ്റിത്തിരിയുന്നതായി വിഭാവന ചെയ്യുക.
കൗമാരത്തിലുള്ള നിങ്ങളുടെ കുട്ടി നിങ്ങളുടെ അറിവില്ലാതെ വീട്ടിൽ ഒരു പാർട്ടി സംഘടിപ്പിക്കുന്നതായി സങ്കൽപ്പിക്കുക.
നിങ്ങളുടെ മകനോ മകളോ വീടിന്റെ താക്കോലുകളുടെ ഡ്യൂപ്ലിക്കേറ്റുകൾ ഉണ്ടാക്കി അപരിചിതർക്കു കൈമാറുന്നതായി ഭാവനയിൽ കാണുക.
നിങ്ങളുടെ മക്കൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാൻ അവസരമുണ്ടെങ്കിൽ മേൽപ്പറഞ്ഞതുപോലുള്ള കാര്യങ്ങൾ സംഭവിക്കാനുള്ള സാധ്യത അത്ര വിദൂരത്തിൽ അല്ലായിരുന്നേക്കാം. “മെസ്സേജ് ബോർഡുകൾ, ഇൻസ്റ്റന്റ് മെസ്സേജിങ്, ‘സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകൾ’ എന്നിവയെല്ലാം ഉൾപ്പെടെ, മുമ്പെന്നത്തേതിലും വൈവിധ്യമാർന്ന രീതികളിൽ പരസ്പരം ബന്ധപ്പെടാനുള്ള അവസരങ്ങൾ ഇന്റർനെറ്റ് ഒരുക്കിയിരിക്കുന്നു” എന്ന് സയൻസ് ന്യൂസ് മാസിക പറയുന്നു.
ലോകത്തിന്റെ മുക്കിലും മൂലയിലും ഇന്റർനെറ്റ് കടന്നുചെന്നിരിക്കുന്നു എന്നുതന്നെ പറയാം. ഇളംതലമുറ അതുമായി അതിവേഗം ഇഴുകിച്ചേരുകയും ചെയ്തിരിക്കുന്നു. 2004-ൽ ഐക്യനാടുകളിലെ, 12-നും 17-നും ഇടയ്ക്കു പ്രായമുള്ളവരിൽ ഏകദേശം 10-ൽ 9 പേർ വീതം ഇന്റർനെറ്റ് ഉപയോഗിക്കുകയുണ്ടായി.
ഇന്റർനെറ്റുകൊണ്ടു പ്രയോജനമുണ്ടെന്ന കാര്യം ആരുംതന്നെ നിഷേധിക്കില്ല. എന്നാൽ അതിന്റെ പിന്നിൽ പതിയിരിക്കുന്ന അപകടം കാണാതിരിക്കരുത്. ഉദാഹരണത്തിന് അനേകം യുവജനങ്ങളും ഇന്റർനെറ്റിന്റെ ലോകത്തിൽ ഒറ്റയ്ക്കു ചുറ്റിത്തിരിയുകയാണ്. മറ്റു ചിലരാകട്ടെ, നിങ്ങളോ നിങ്ങളുടെ മക്കൾതന്നെയോ ഒരിക്കലും വീട്ടിലേക്കു ക്ഷണിക്കുകയില്ലാത്തതരം വ്യക്തികൾ ഉൾപ്പെടുന്ന ഒരു ഇന്റർനെറ്റ് സുഹൃദ്വലയത്തിനു രൂപംനൽകുകയും ചെയ്യുന്നു.
നിഷ്കളങ്കരായ ചില ചെറുപ്പക്കാർ വീണ്ടുവിചാരമില്ലാതെ വ്യക്തിപരമായ വിവരങ്ങളും അഭിപ്രായങ്ങളും ഫോട്ടോകളും ഇന്റർനെറ്റിൽ ലഭ്യമാക്കുകപോലും ചെയ്യുന്നു. “ലൈംഗികമായി ചൂഷണം ചെയ്യാൻ വലവിരിച്ചു കാത്തിരിക്കുന്ന ആഭാസന്മാർ ഉൾപ്പെടെയുള്ള എത്രയോ പേർക്ക് അത്തരം വിവരങ്ങൾ ലഭ്യമാകുന്നുവെന്ന കാര്യം [യുവജനങ്ങൾ] മിക്കപ്പോഴും തിരിച്ചറിയുന്നില്ല” എന്ന് ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ജങ് യാൻ പറയുന്നു.
യുവപ്രായക്കാരിൽ പലരും ഇന്റർനെറ്റിൽ എന്താണു ചെയ്യുന്നതെന്ന് നമുക്കൊന്ന് അടുത്തു പരിശോധിക്കാം. സംഭവിക്കാൻ സാധ്യതയുള്ള പ്രശ്നങ്ങൾ തിരിച്ചറിയാനും നമ്മുടെ കുട്ടികൾ യഥാർഥത്തിൽ എന്തിനുവേണ്ടിയാണു പരതുന്നതെന്നു മനസ്സിലാക്കാനും ന്യായമായ ആവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ നമുക്കവരെ എങ്ങനെ സഹായിക്കാനാകുമെന്നു കണ്ടുപിടിക്കാനും ഇതു നമ്മെ പ്രാപ്തരാക്കും. ഈ ദുർഘട നാളുകളിൽ, ദൈവത്തോടു വിശ്വസ്തരായി നിലകൊള്ളുകയെന്ന വെല്ലുവിളി വിജയകരമായി നേരിടാൻ ക്രിസ്തീയ യുവാക്കളെ ഇതു സഹായിക്കുകയും ചെയ്യും.—2 തിമൊഥെയൊസ് 3:1-5.