വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

“വാഹനം ഓടിക്കുമ്പോൾ സെൽ ഫോൺ ഉപയോഗിക്കുന്നത്‌ മദ്യപിച്ച്‌ വാഹനം ഓടിക്കുന്നത്രതന്നെ അപകടകരമാണ്‌, ‘ഹാൻഡ്‌സ്‌-ഫ്രീ’ ഉപയോഗിച്ചാൽപ്പോലും,” എന്ന്‌ ഒരു പഠനം സൂചിപ്പിക്കുന്നു.​—⁠റോയിറ്റേഴ്‌സ്‌ വാർത്താ ഏജൻസി, യു.എ⁠സ്‌.എ.

2006-ലെ ആദ്യത്തെ അഞ്ചു മാസത്തിൽത്തന്നെ ഗ്വാട്ടിമാല നഗരത്തിലെ ബസ്സുകളിൽ 30,200 സായുധ കൊള്ളകൾ നടന്നു. ഡ്രൈവർമാരോ അവരുടെ സഹായികളോ ആയ പതിനാലുപേരും പത്തു യാത്രക്കാരും കൊല്ലപ്പെട്ടു.​—⁠പ്രെൻസാലീബ്‌റേ, ഗ്വാട്ടിമാല.

രക്തം ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്യുന്നതു സംബന്ധിച്ച്‌ ലോകാരോഗ്യ സംഘടന നടത്തിയ ഒരു സർവേയിൽ പങ്കെടുത്ത 124 രാജ്യങ്ങളിൽ 56 എണ്ണവും “ദാതാക്കളിൽനിന്നു ലഭിച്ച രക്തത്തിൽ എയ്‌ഡ്‌സ്‌, സിഫിലിസ്‌, ഹെപ്പറ്റൈറ്റിസ്‌ ബി, സി എന്നിവയുടെ അണുക്കൾ ഉണ്ടോയെന്നു പരിശോധിച്ചിരുന്നില്ല.”​—⁠ലോകാരോഗ്യ സംഘടന, സിറ്റ്‌സർലൻഡ്‌.

വിവാഹത്തിനുമുമ്പ്‌ ഒരുമിച്ചു താമസിക്കുന്ന ഓസ്‌ട്രേലിയക്കാരുടെ എണ്ണം 1960-കളിൽ ഏകദേശം 5 ശതമാനമായിരുന്നു. 2003 ആയപ്പോഴേക്കും അത്‌ 70 ശതമാനത്തിൽ അധികമായി വർധിച്ചു.​—⁠മെൽബൺ സർവകലാശാല, ഓസ്‌ട്രേലിയ.

പ്രമേഹം​—⁠ഒരു ആഗോളവ്യാധി

കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ലോകവ്യാപകമായി പ്രമേഹ രോഗികളുടെ എണ്ണം 3 കോടിയിൽനിന്ന്‌ 23 കോടിയിലേക്ക്‌ ഉയർന്നിരിക്കുന്നതായി ‘ഇന്റർനാഷണൽ ഡയബറ്റിസ്‌ ഫെഡറേഷ’നിൽനിന്നു ലഭിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നുവെന്ന്‌ ദ ന്യൂയോർക്ക്‌ ടൈംസ്‌ പറയുന്നു. ഉയർന്ന രോഗനിരക്കുള്ള പത്തു രാജ്യങ്ങളിൽ ഏഴും വികസ്വര രാജ്യങ്ങളാണ്‌. “ലോകം കണ്ടിട്ടുള്ളതിലേക്കും ഏറ്റവും വലിയ വിപത്തുകളിലൊന്നാണ്‌ പ്രമേഹം” എന്ന്‌ മേൽപ്പറഞ്ഞ ഫെഡറേഷന്റെ പ്രസിഡന്റായ ഡോ. മാർട്ടിൻ സിലിങ്ക്‌ പ്രസ്‌താവിക്കുന്നു. “ചില അതിദരിദ്ര രാജ്യങ്ങളിലുള്ള രോഗബാധിതർ പെട്ടെന്നുതന്നെ മരണത്തിന്റെ പിടിയിലമരുന്നു,” ടൈംസ്‌ കൂട്ടിച്ചേർക്കുന്നു.

‘അംബരചുംബിയായ’ റെയിൽവേ

ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ റെയിൽവേയിൽ അദ്യമായി പച്ചക്കൊടി വീശിയത്‌ 2006 ജൂലൈയിൽ ആണ്‌. ബെയ്‌ജിങ്ങിനെയും ടിബറ്റൻ തലസ്ഥാനമായ ലാസയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇതിന്റെ നീളം ഏകദേശം 4,000 കിലോമീറ്ററാണ്‌. ദ ന്യൂയോർക്ക്‌ ടൈംസ ഇപ്രകാരം പറയുന്നു: “തണുത്തുറഞ്ഞ പ്രദേശത്തുകൂടെ നിർമിച്ചിരിക്കുന്ന ഈ റെയിൽവേ, സമുദ്രനിരപ്പിൽനിന്ന്‌ 16,000-ത്തിലധികം അടി ഉയരത്തിലെത്തിച്ചേരുന്നു. ശ്രദ്ധേയമായ ഒരു എഞ്ചിനീയറിങ്‌ വൈഭവം തന്നെയാണിത്‌.” പാളങ്ങൾ ഉറപ്പിക്കുന്നിടത്തെ മഞ്ഞുരുകി ബലക്ഷയവും മറ്റും സംഭവിക്കുന്നതിനുള്ള സാധ്യത കുറയ്‌ക്കുന്നതിനായി ആ പ്രദേശം സദാ അതിശൈത്യാവസ്ഥയിൽ നിലനിറുത്തുക എന്നതാണ്‌ എഞ്ചിനീയർമാർക്ക്‌ നേരിടേണ്ടിവന്ന ഒരു വെല്ലുവിളി. അതിന്റെ ഉയരം നിമിത്തം ബോഗികളിലേക്ക്‌ ഓക്‌സിജൻ എത്തിച്ചു കൊടുക്കേണ്ടിവരുന്നു. യാത്രികർക്ക്‌ അത്‌ ഉപയോഗക്ഷമമാക്കാവുന്ന സംവിധാനവും ബോഗികളിലുണ്ട്‌.

വിദ്യാർഥിസമൂഹത്തിലെ ‘വ്യാജന്മാർ’

ഒരു ഫ്രഞ്ച്‌ സർവകലാശാലയിൽ സാഹിത്യപഠനത്തിനു ചേർന്ന ആദ്യവർഷ വിദ്യാർഥികളിൽ 10 മുതൽ 20 ശതമാനംവരെ “ഒരിക്കൽപ്പോലും ക്ലാസ്സിൽ വരുന്നില്ല,” എന്ന്‌ ലെ ഫിഗാറോ ദിനപ്പത്രം റിപ്പോർട്ടു ചെയ്യുന്നു. വിമാനങ്ങൾ, പൊതുവാഹനങ്ങൾ, ഹോട്ടലുകൾ, സിനിമാശാലകൾ എന്നിവയോടു ബന്ധപ്പെട്ട കിഴിവുകളും സാമൂഹിക സുരക്ഷിതത്വ ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിനുവേണ്ടിയാണ്‌ ചിലർ വിദ്യാർഥികളുടെ ‘കുപ്പായ’മിടുന്നത്‌. അതിനായി ഈ വിരുതന്മാർ ബെലാറുസിയൻ, ഫിന്നിഷ്‌, സ്വാഹിളി എന്നിങ്ങനെ വിദ്യാർഥികൾ കുറവുള്ള കോഴ്‌സുകൾക്കു ചേരുന്നു. ഹാജരെടുക്കാറില്ലാത്തതിനാൽ വ്യാജ രജിസ്‌ട്രേഷൻ പതിവാണ്‌. ഇന്റർനെറ്റിലൂടെ രജിസ്റ്റർ ചെയ്‌ത്‌ ദിവസങ്ങൾക്കുള്ളിൽ ‘വിദ്യാർഥികൾ’ തിരിച്ചറിയൽ കാർഡ്‌ കൈക്കലാക്കുന്നുവെന്നും പ്രസ്‌തുത റിപ്പോർട്ടു പറയുന്നു.

‘ലോകത്തിൽനിന്ന്‌ അന്യപ്പെട്ട്‌’

ഒരു ഗുഹയിൽ അസംഖ്യം നൂറ്റാണ്ടുകളായി “ബാഹ്യലോകത്തുനിന്ന്‌ അന്യപ്പെട്ടു” കഴിയുന്ന എട്ട്‌ പുതിയ അകശേരു ജന്തുവർഗങ്ങളെ ഇസ്രയേൽ ശാസ്‌ത്രജ്ഞന്മാർ കണ്ടെത്തിയതായി, യെരൂശലേം പോസ്റ്റ്‌ റിപ്പോർട്ടു ചെയ്യുന്നു. പാറമടയിലെ തൊഴിലാളികൾ ഒരു ദ്വാരം കണ്ടെത്തിയതോടെയാണ്‌ സംഭവങ്ങൾ ചുരുളഴിയാൻ തുടങ്ങിയത്‌. രണ്ടര കിലോമീറ്റർ നീളംവരുന്ന ഒരു ഗുഹയിലേക്കുള്ളതായിരുന്നു അത്‌. ആ ഗുഹയിൽ ഒരു അറയുണ്ടായിരുന്നു, ഒപ്പം ഒരു തടാകവും. രണ്ടു സമുദ്രജീവികളെയും രണ്ടു ശുദ്ധജലജീവികളെയും നാലു കരജീവികളെയും ആണ്‌ അവർ കണ്ടെത്തിയത്‌; ഇവയിൽ ചിലത്‌ കാഴ്‌ചയ്‌ക്ക്‌ തേളുകളെപ്പോലിരിക്കും.