വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വെല്ലുവിളി നേരിടാൻ യുവജനങ്ങൾക്കു സഹായം

വെല്ലുവിളി നേരിടാൻ യുവജനങ്ങൾക്കു സഹായം

വെല്ലുവിളി നേരിടാൻ യുവജനങ്ങൾക്കു സഹായം

ലോകവും അതിന്റെ ഭ്രമങ്ങളും ജീവിതശൈലികളും എന്നും മാറ്റത്തിനു വിധേയമായിരുന്നിട്ടുണ്ട്‌. സാങ്കേതികവിദ്യ ചുക്കാൻപിടിക്കുന്ന ഈ ആധുനിക ലോകത്തിൽ അത്തരം മാറ്റങ്ങൾ ഏറെ പ്രകടമാണ്‌. ഇന്നലെകളുടെ ഫാഷൻ ഇന്നു പഴഞ്ചനാണ്‌; ഇന്നത്തെ ഭ്രമങ്ങൾ നാളെ കാലഹരണപ്പെടുന്നു. ത്വരിതഗതിയിലുള്ള ഇത്തരം മാറ്റങ്ങൾ യുവജനങ്ങളുടെമേൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തുന്നു.

ഒരു സാമൂഹിക വിപ്ലവം

യുവഹൃദയങ്ങളെ ശക്തമായി സ്വാധീനിക്കുംവിധം സമീപവർഷങ്ങളിൽ സാങ്കേതികവിദ്യ വിപ്ലവകരമായ കുതിച്ചുചാട്ടം നടത്തിയിരിക്കുന്നു. ഉദാഹരണത്തിന്‌ പല നാടുകളിലും മൊബൈൽ ഫോണും കമ്പ്യൂട്ടറും കൗമാരക്കാരുടെ ആശയവിനിമയരംഗത്തെ ജീവനാഡിയായിത്തീർന്നിരിക്കുന്നു. വിവരങ്ങൾ കൈമാറാനും ആശയവിനിമയം നടത്താനും അവസരമൊരുക്കുന്ന സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റുകൾ അനന്ത സാധ്യതകളുടെ ഒരു പുത്തൻലോകംതന്നെ സൃഷ്ടിച്ചിരിക്കുന്നു. “ഒരു സുഹൃത്തുപോലും ഇല്ലാത്ത ഒരു വ്യക്തിക്ക്‌ ഇന്റർനെറ്റിൽ ഒറ്റ രാത്രികൊണ്ട്‌ നൂറുകണക്കിനു സ്‌നേഹിതരെ സമ്പാദിക്കാൻ കഴിയും,” ഓസ്‌ട്രേലിയയിലെ ഒരു 19 വയസ്സുകാരി പറയുന്നു.

മൊബൈൽ ഫോണിനും ഇന്റർനെറ്റിനും നിരവധി പ്രയോജനങ്ങൾ ഉണ്ടെന്ന കാര്യം ആരുംതന്നെ നിഷേധിക്കില്ല. എന്നാൽ അനേകരുടെയും കാര്യത്തിൽ അവ ഒരു ലഹരിപോലെ ആയിത്തീർന്നിരിക്കുന്നുവെന്നു പറയാം. ചില വിദ്യാർഥികൾക്ക്‌ “മൊബൈൽ ഫോണിൽ ആരോടെങ്കിലുമൊന്നു സംസാരിക്കാതെ, ക്ലാസ്സുകൾക്കിടയിലെ ഏതാനും മിനിട്ടുകൾ തള്ളിനീക്കാനാവില്ല” എന്ന്‌ യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഡൊണാൾഡ്‌ റോബർട്‌സ്‌ പറയുന്നു. “ആ വിധത്തിൽ ഒരു ഉണർവു ലഭിക്കാതിരുന്നാൽ അവർ അസ്വസ്ഥരായിത്തീരുന്നതായി കാണപ്പെടുന്നു​—⁠‘നിശ്ശബ്ദത വീർപ്പുമുട്ടിക്കുന്നു’ എന്ന്‌ അവർ പറയുന്നതുപോലെയാണ്‌ എനിക്കു തോന്നുന്നത്‌,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

തങ്ങൾ ആസക്തരായിത്തീർന്നിരിക്കുന്നുവെന്ന്‌ ചില ചെറുപ്പക്കാർ സമ്മതിക്കുകപോലും ചെയ്യുന്നു. 16 വയസ്സുള്ള സ്റ്റെഫാനി ഇങ്ങനെ പറയുന്നു: “മൊബൈൽ ഫോണും ഇന്റർനെറ്റിലൂടെയുള്ള ഇൻസ്റ്റന്റ്‌ മെസേജിങ്ങും എന്നെ പൂർണമായി കീഴ്‌പെടുത്തിയിരിക്കുന്നു, സുഹൃത്തുക്കളുമായി ബന്ധപ്പെടാൻ എനിക്കതു കൂടിയേ തീരൂ. വീട്ടിൽ ചെന്നാലുടൻ ഇന്റർനെറ്റ്‌ ഉപയോഗിച്ചു തുടങ്ങുന്ന ഞാൻ മണിക്കൂറുകളോളം അതുമായി ഇരുന്നുകളയും, ചിലപ്പോഴൊക്കെ വെളുപ്പിന്‌ 3 മണിവരെ.” പ്രതിമാസം ഏകദേശം 4,500 രൂപ മുതൽ 22,500 രൂപ വരെയാണ്‌ സ്റ്റെഫാനി ഫോൺ ബിൽ കെട്ടുന്നത്‌! “ഫോണിന്റെ അമിതമായ ഉപയോഗം നിമിത്തം ഇതിനകം മാതാപിതാക്കൾ എനിക്കായി 90,000-ത്തിലധികം രൂപ മുടക്കിക്കഴിഞ്ഞിരിക്കുകയാണ്‌. എങ്കിലും മൊബൈൽ ഫോൺ കൂടാതെയുള്ള ജീവിതത്തെക്കുറിച്ച്‌ എനിക്ക്‌ ഓർക്കാൻകൂടി കഴിയില്ല,” അവൾ പറയുന്നു.

പണച്ചെലവു മാത്രമല്ല പ്രശ്‌നം. ഭർത്താവ്‌ (അല്ലെങ്കിൽ ഭാര്യ) ജോലി കഴിഞ്ഞെത്തുമ്പോൾ ഒട്ടുമിക്ക സന്ദർഭങ്ങളിലും അവരെ ഒന്നു തിരിഞ്ഞുനോക്കാൻപോലും മെനക്കെടാതെ കുടുംബത്തിലുള്ളവർ, തങ്ങൾ ചെയ്‌തുകൊണ്ടിരുന്ന കാര്യങ്ങളിൽ മുഴുകിയിരുന്നതായി കുടുംബജീവിതം സംബന്ധിച്ച്‌ ഒരു പഠനം നടത്തിയ എലനർ ഓഖ്‌സ്‌ എന്ന നരവംശശാസ്‌ത്രജ്ഞ കണ്ടെത്തി! ഇലക്‌ട്രോണിക്‌ ഉപകരണങ്ങളിലായിരുന്നു അവരുടെ മുഴുശ്രദ്ധയും. “കുട്ടിയുടെ ലോകത്തേക്കു കടന്നുചെല്ലുന്നത്‌ മാതാപിതാക്കൾക്ക്‌ എത്ര പ്രയാസമാണെന്നും ഞങ്ങൾക്കു കാണാനായി,” ഓഖ്‌സ്‌ പറയുന്നു. മക്കൾ എന്തിലെങ്കിലുമൊക്കെ ലയിച്ചിരിക്കുന്നതായി കാണുമ്പോൾ, അതു കണ്ടില്ലെന്ന മട്ടിൽ മാതാപിതാക്കൾ അവിടെനിന്നു മാറിപ്പോകുന്നതായിപ്പോലും നിരീക്ഷിക്കാനായെന്ന്‌ അവർ കൂട്ടിച്ചേർക്കുന്നു.

ഓൺലൈൻ സോഷ്യൽ നെറ്റ്‌വർക്ക്‌സ്‌ നിരുപദ്രവകരമോ?

ഓൺലൈൻ സോഷ്യൽ നെറ്റ്‌വർക്ക്‌സ്‌ എന്നു വിളിക്കപ്പെടുന്നവ സന്ദർശിച്ചുകൊണ്ട്‌ യുവപ്രായക്കാർ പാഴാക്കുന്ന സമയത്തെക്കുറിച്ച്‌ അനേകം മാതാപിതാക്കളും അധ്യാപകരും ഉത്‌കണ്‌ഠാകുലരാണ്‌. ഫോട്ടോകൾ, വീഡിയോകൾ, ഡയറി എന്നിവയെല്ലാം ഉൾപ്പെട്ട വെബ്‌ പേജുകൾ സ്വന്തമായി സൃഷ്ടിക്കാൻ ഉപയോക്താക്കൾക്ക്‌ അവസരമൊരുക്കുന്ന, ബ്ലോഗുകൾ എന്നറിയപ്പെടുന്ന ഇന്റർനെറ്റ്‌ സൈറ്റുകളാണിവ.

സുഹൃത്തുക്കളുമായി ബന്ധം പുലർത്താൻ സഹായിക്കുന്നുവെന്നതാണ്‌ ഇത്തരം സൈറ്റുകളുടെ ഒരു ആകർഷണം. സ്വയം തിരിച്ചറിയിക്കാനും സ്വന്തം അഭിപ്രായങ്ങളും മറ്റും വെളിപ്പെടുത്താനും വെബ്‌ പേജ്‌ യുവജനങ്ങളെ സഹായിക്കുന്നു എന്നത്‌ അതിന്റെ മറ്റൊരു പ്രയോജനമാണ്‌. ഈ ആഗ്രഹം മനസ്സിലാക്കാവുന്നതേയുള്ളൂ; ഒരു വ്യക്തി തന്നേക്കുറിച്ചുതന്നെ പഠിക്കുകയും മറ്റുള്ളവരെ പ്രചോദിപ്പിക്കുംവിധം സ്വന്തം വികാരവിചാരങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുന്ന പ്രായമാണല്ലോ കൗമാരം.

എന്നാൽ ചിലർ ഒരു കൃത്രിമ വെബ്‌സൈറ്റ്‌-വ്യക്തിത്വം മെനഞ്ഞെടുക്കുന്നു എന്നതാണ്‌ ഇതിലുള്ള ഒരു പ്രശ്‌നം. തങ്ങൾ ആരാണ്‌ എന്നതിനെക്കാൾ ആരായിരിക്കാൻ ആഗ്രഹിക്കുന്നു എന്നതിനെയായിരിക്കും ഈ വ്യക്തിത്വം പ്രതിഫലിപ്പിക്കുക. “തനിക്ക്‌ 21 വയസ്സുണ്ടെന്നും ലാസ്‌ വേഗസിലാണു താമസമെന്നും പറയുന്ന ഒരു സഹപാഠി എനിക്കുണ്ട്‌” എന്ന്‌ ഒരു 15 വയസ്സുകാരൻ പറയുന്നു. അവർ ഇരുവരും പക്ഷേ, ആ യു.എ⁠സ്‌. നഗരത്തിൽനിന്ന്‌ ഏകദേശം 1,600 കിലോമീറ്റർ ദൂരെ താമസിക്കുന്നവരാണ്‌.

അത്തരം കള്ളത്തരം സർവസാധാരണമാണ്‌. ഓസ്‌ട്രേലിയയിലെ ഒരു പതിനെട്ടു വയസ്സുകാരി ഇപ്രകാരം വെളിപ്പെടുത്തുന്നു: “നിങ്ങൾക്കു നെറ്റിൽ എന്തുവേണമെങ്കിലും ചെയ്യാം. നിങ്ങളുടെ യഥാർഥ വ്യക്തിത്വം ആർക്കും അറിയില്ലാത്തതിനാൽ തികച്ചും വ്യത്യസ്‌തനായ ഒരു വ്യക്തിയായി നിങ്ങൾക്കു ചമയാനാകും, തെല്ലും സങ്കോചം തോന്നുകയുമില്ല. ഏറെ ആകർഷകമായ ഒരു വ്യക്തിത്വത്തിന്റെ മുഖംമൂടി അണിയാനും യഥാർഥ ജീവിതവുമായി പുലബന്ധമില്ലാത്ത വേഷഭാവങ്ങളോടുകൂടിയ സ്വന്തം ഫോട്ടോകൾ പ്രദർശിപ്പിക്കാനും നിങ്ങൾക്കു കഴിയും. നേരിൽക്കാണുമ്പോൾ പറയാൻ മടിക്കുന്ന കാര്യങ്ങൾ എഴുതിപ്പിടിപ്പിക്കുകയും ചെയ്യാം. ഒളിഞ്ഞിരുന്നു പ്രവർത്തിക്കുന്നതിനാൽ എന്തു ചെയ്‌താലും ഒരു കുഴപ്പവും സംഭവിക്കില്ലെന്ന തോന്നലും ശക്തമായിരിക്കും. നിങ്ങൾ യഥാർഥത്തിൽ ആരാണെന്ന്‌ ആർക്കും അറിയില്ലല്ലോ.”

ആശയവിനിമയത്തിനുള്ള ഏതൊരു ഉപാധിയുടെയും കാര്യത്തിലെന്നപോലെ ഓൺലൈൻ സോഷ്യൽ നെറ്റ്‌വർക്കുകൾ നല്ല രീതിയിലും മോശമായും ഉപയോഗിക്കാനാകും. മാതാപിതാക്കളേ, മക്കൾ ഇന്റർനെറ്റിൽ എന്താണു ചെയ്യുന്നതെന്നു നിങ്ങൾക്കറിയാമോ? അവർ സമയം ജ്ഞാനപൂർവം വിനിയോഗിക്കുന്നുവെന്ന്‌ നിങ്ങൾ ഉറപ്പുവരുത്തുന്നുണ്ടോ? * (എഫെസ്യർ 5:​15, 16) യുവജനങ്ങൾ ഗുരുതരമായ പല കെണികളിലും കുടുങ്ങാൻ ഇന്റർനെറ്റിന്റെ ദുരുപയോഗം ഇടയാക്കിയേക്കാം. ഇവയിൽ ചിലത്‌ എന്തൊക്കെയാണ്‌?

സൈബർലോകത്തിലെ ഗുരുതരമായ കെണികൾ

അജ്ഞാതരായി നിലകൊള്ളാൻ ഉപയോക്താക്കൾക്കു കഴിയുമെന്നതിനാൽ, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവരുടെ വിഹാരരംഗമായിത്തീർന്നിരിക്കുകയാണ്‌ ഇന്റർനെറ്റ്‌. വ്യക്തിപരമായ വിവരങ്ങൾ വെളിപ്പെടുത്തുകയോ നെറ്റിൽ ബന്ധപ്പെടുന്ന വ്യക്തിയെ നേരിൽ കാണാൻ സമ്മതിക്കുകയോ ചെയ്യുന്നപക്ഷം കുട്ടികൾ കെണിയിൽപ്പെട്ടേക്കാം. “അക്രമത്തിനോ ദുഷ്‌പെരുമാറ്റത്തിനോ ഉള്ള കൂടുതൽ ഗുരുതരമായ ഭീഷണി കുട്ടികൾ നേരിടുന്നത്‌ സ്വന്തം ഭവനത്തിലോ കളിസ്ഥലത്തോ ആണെന്നു ചിലർ വാദിക്കുന്നു. എന്നാൽ മിക്ക മാതാപിതാക്കളുടെയും വീക്ഷണത്തിൽ, കമ്പ്യൂട്ടർ സ്‌ക്രീനിലൂടെ വീട്ടിൽ നുഴഞ്ഞുകയറി കുരുന്നുകളുടെ നിഷ്‌കളങ്കതയെ ചവിട്ടിമെതിക്കുന്ന തന്ത്രശാലികളായ ലൈംഗിക ആഭാസന്മാരാണ്‌ യഥാർഥ വില്ലന്മാർ” എന്ന്‌ പേരന്റിങ്‌ 911 എന്ന പുസ്‌തകം പറയുന്നു.

ആശയവിനിമയത്തിനുള്ള സാങ്കേതികവിദ്യ മറ്റു വിധങ്ങളിലും ചൂഷണം ചെയ്യപ്പെട്ടുവരുന്നു. ചില കുട്ടികൾ ഇന്റർനെറ്റിലൂടെ മറ്റുള്ളവരെ നിരന്തരം പരിഹസിക്കുകയോ ഒറ്റപ്പെടുത്താൻ ശ്രമിക്കുകയോ ശല്യപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നു. മറ്റുള്ളവരെ മനഃപൂർവം അപമാനിക്കാൻ മാത്രമായുള്ള വെബ്‌സൈറ്റുകളുമുണ്ട്‌; ഇ-മെയിലും ചാറ്റ്‌ റൂമുകളും മറ്റും അപവാദ പ്രചരണത്തിനുള്ള ഹൈവേകളായിത്തീർന്നിരിക്കുന്നു. 10-നും 14-നും ഇടയ്‌ക്കു പ്രായമുള്ള കുട്ടികളിൽ 80 ശതമാനം, നേരിട്ടോ അല്ലാതെയോ ഇത്തരം തിക്താനുഭവങ്ങൾക്കു വിധേയരായിട്ടുള്ളതായി ഒരു ഇന്റർനെറ്റ്‌ സുരക്ഷാ വകുപ്പിന്റെ ഡയറക്ടർ വിശ്വസിക്കുന്നു.

മറ്റുള്ളവരെ ദ്രോഹിക്കുന്നതു പുതിയ കാര്യമൊന്നുമല്ല എന്നതു ശരിതന്നെ. എന്നാൽ കേട്ടുകേൾവിക്കും അപവാദങ്ങൾക്കും നുണക്കഥകൾക്കുമെല്ലാം ഇപ്പോൾ അതിശീഘ്രം ഏതു ദിക്കിലും എത്തിച്ചേരാനാകും. അങ്ങേത്തലയ്‌ക്കലെത്തുമ്പോഴേക്കും പൊടിപ്പും തൊങ്ങലും സഹിതം അതു തീർത്തും നികൃഷ്ടമായിത്തീരുകയും ചെയ്‌തേക്കാം. സ്‌കൂളിൽ കുട്ടികൾ വസ്‌ത്രം മാറുകയോ കുളിക്കുകയോ ചെയ്യുന്ന രംഗങ്ങളുടെപോലും സഭ്യമല്ലാത്ത ഫോട്ടോകളും വീഡിയോകളും എടുക്കാൻ, ക്യാമറയോടുകൂടിയ മൊബൈൽ ഫോണുകൾ ഉപയോഗിക്കപ്പെട്ടിരിക്കുന്നു. തുടർന്ന്‌ അത്തരം ചിത്രങ്ങൾ ആകാംക്ഷാഭരിതരായ ഒട്ടനവധിപേർക്ക്‌ ഇന്റർനെറ്റിലൂടെ ലഭ്യമാക്കുകയും ചെയ്‌തിരിക്കുന്നു.

വർധിച്ചുവരുന്ന പൊതുജന ആശങ്ക

“സ്‌കൂളിലും വെളിയിലും കുട്ടികൾ ഇന്റർനെറ്റ്‌ ദുരുപയോഗിക്കുന്നതിനോടുള്ള ബന്ധത്തിൽ സംജാതമായിരിക്കുന്ന ആശങ്കാകുലമായ സാഹചര്യം കൈകാര്യംചെയ്യാൻ ഞങ്ങളെ സഹായിക്കുക” എന്ന്‌ ആഹ്വാനം ചെയ്‌തുകൊണ്ട്‌ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും കത്തയയ്‌ക്കാൻ ഇത്തരം സംഗതികൾ യു.എസ്‌.എ.-യിലെ ന്യൂ ജേഴ്‌സിയിലുള്ള നിയമ-പൊതുസുരക്ഷാ വകുപ്പിനെ പ്രേരിപ്പിക്കുകയുണ്ടായി. വ്യക്തിപരമായ വിവരങ്ങളും ഫോട്ടോകളും നെറ്റിൽ ഇടുന്നതു സംബന്ധിച്ച്‌ ഉത്‌കണ്‌ഠ ഉള്ളതായി ആ കത്ത്‌ എടുത്തുപറഞ്ഞു. അത്തരം വിവരങ്ങൾ അടങ്ങിയ സൈറ്റുകൾ മിക്കപ്പോഴും, തത്ത്വദീക്ഷയില്ലാത്ത യുവജനങ്ങളെയും മുതിർന്നവരെയും ഹഠാദാകർഷിക്കുന്നു. “ഇക്കാര്യത്തിലുള്ള ആശങ്ക ഒട്ടും അയഥാർഥമല്ലെന്നും മക്കളുടെ ഇന്റർനെറ്റ്‌ ഉപയോഗത്തിൽ കൂടുതൽ ശ്രദ്ധിക്കുകയും ഭാഗഭാക്കുകളാകുകയും ചെയ്യുന്നതിലൂടെ അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ തങ്ങൾക്ക്‌ ഒരു മുഖ്യ പങ്കു വഹിക്കാനാകുമെന്നും മാതാപിതാക്കൾ അറിയേണ്ടതുണ്ട്‌,” ആ കത്തു പ്രസ്‌താവിച്ചു.

ആശ്ചര്യകരമെന്നു പറയട്ടെ, മക്കൾ ഇന്റർനെറ്റിൽ ചെയ്യുന്ന കാര്യങ്ങൾ സംബന്ധിച്ച്‌ ചില മാതാപിതാക്കൾ ഒട്ടുമിക്കപ്പോഴും അജ്ഞരാണ്‌. “മക്കൾ ഇന്റർനെറ്റിൽ വെളിപ്പെടുത്തുന്നതും ചർച്ചചെയ്യുന്നതും എന്തൊക്കെയാണെന്ന്‌ അറിഞ്ഞാൽ അതു മാതാപിതാക്കളെ ഞെട്ടിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യും” എന്ന്‌ പതിനാറു വയസ്സുള്ള തന്റെ മകളുടെ ഇന്റർനെറ്റ്‌ ഉപയോഗത്തിൽ പ്രത്യേകം ശ്രദ്ധപതിപ്പിക്കുന്ന ഒരു മാതാവ്‌ പറയുന്നു. ചില യുവപ്രായക്കാർ ലൈംഗികത മുറ്റിനിൽക്കുന്ന ഫോട്ടോകൾ നെറ്റിൽ പ്രദർശിപ്പിക്കുന്നതായി ഒരു ഇന്റർനെറ്റ്‌ സുരക്ഷാ വിദഗ്‌ധ പറയുന്നു.

കയ്‌പേറിയ ഫലങ്ങൾ

കൗമാരജീവിതം എങ്ങനെയുള്ളതാണെന്നു മറന്നുപോയവരും അമിതമായി ഉത്‌കണ്‌ഠപ്പെടുന്നവരുമായ മുതിർന്നവരുടെ വെറും ഭയവിഹ്വലതകളാണോ ഇതെല്ലാം? അല്ലെന്ന്‌ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. ഇതു പരിചിന്തിക്കുക: ചിലയിടങ്ങളിൽ 15-നും 17-നും ഇടയ്‌ക്കു പ്രായമുള്ള കൗമാരക്കാരിൽ മൂന്നിലൊന്നോളം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്‌; അധരസംഭോഗത്തിൽ ഏർപ്പെട്ടതായി 13-നും 19-നും ഇടയ്‌ക്കുള്ള പകുതിയിലേറെപ്പേർ പറയുന്നു!

സാങ്കേതികവിദ്യ ഈ സ്ഥിതിവിശേഷങ്ങൾക്കു സംഭാവന ചെയ്‌തിട്ടുണ്ടോ? നിസ്സംശയമായും. “കൗമാരക്കാർക്ക്‌ അതുല്യമായ അളവിൽ സ്വകാര്യത പ്രദാനം ചെയ്യുന്ന സെൽഫോണും ഇന്റർനെറ്റും ഹുക്കിങ്‌-അപ്പിൽ ഏർപ്പെടുന്നതു വളരെ എളുപ്പമാക്കിത്തീർക്കുന്നു” എന്ന്‌ ന്യൂയോർക്ക്‌ ടൈംസ്‌ മാഗസിനിലെ ഒരു റിപ്പോർട്ട്‌ പറയുന്നു. * എതിർലിംഗത്തിൽപ്പെട്ട ഒരു വ്യക്തിയുമായി രഹസ്യ സംഗമത്തിനു ക്രമീകരിക്കാൻ കമ്പ്യൂട്ടർ കീബോർഡിൽ ഏതാനും തവണ വിരലമർത്തുകയേ വേണ്ടൂ. ഇന്റർനെറ്റ്‌ ഉപയോഗിക്കുമ്പോൾ തങ്ങൾ ആവശ്യമായിരിക്കുന്നത്ര ശ്രദ്ധപുലർത്തുന്നില്ലെന്ന്‌ ഒരു സർവേയിൽ പങ്കെടുത്തവരിൽ 80 ശതമാനത്തിലധികവും സമ്മതിച്ചുപറഞ്ഞു.

ഡേറ്റിങ്ങിനോ ഹുക്കിങ്‌-അപ്പിനോ വേണ്ടി ഇന്റർനെറ്റിൽ പരതുന്ന ചിലർക്ക്‌ പ്രതീക്ഷിക്കുന്നതിലും കൂടുതൽ ലഭിക്കുന്നു. ‘ലൈംഗിക അതിക്രമങ്ങൾ വർധിക്കുന്നതായി ഞങ്ങൾക്കു കാണാൻ കഴിഞ്ഞിരിക്കുന്നു’ എന്ന്‌ കാലിഫോർണിയയിലെ നോവാറ്റോ പോലീസ്‌ ഡിപ്പാർട്ടുമെന്റിലെ ജെന്നിഫർ വെൽഖ്‌ പറയുന്നു. ഇത്തരം ചൂഷണത്തിനു വിധേയരാകുന്ന പലരും അതിക്രമികളെ ഇന്റർനെറ്റിൽ ബന്ധപ്പെടുകയും തുടർന്ന്‌ നേരിൽ കാണാൻ സമ്മതിക്കുകയുമാണു ചെയ്യുന്നതെന്ന്‌ അവർ പറയുന്നു.

“ലോകത്തിന്റെ ജ്ഞാനം” സംബന്ധിച്ച്‌ ജാഗ്രതപാലിക്കുക

യുവജനങ്ങളും ലൈംഗികതയും എന്ന വിഷയത്തെക്കുറിച്ചു ചർച്ചചെയ്യുമ്പോൾ, കൗമാരക്കാർക്ക്‌ ഉപദേശം നൽകുന്ന പത്രമാസികാ പംക്തികൾ ഒരു അയഞ്ഞ മനോഭാവം പുലർത്തുന്നതായി കാണപ്പെടുന്നു. ധാർമികശുദ്ധി കാക്കുന്നത്‌ അഭികാമ്യമാണെന്നു പറയുന്നെങ്കിലും ലൈംഗികബന്ധം ഒഴിവാക്കുന്നതിനു പകരം ‘സുരക്ഷിതമായി’ അതിലേർപ്പെടാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ്‌ അവരുടെ മുഖ്യ ലക്ഷ്യം​—⁠‘കുട്ടികളെ നമുക്കു തടയാനാവില്ല, അതുകൊണ്ട്‌ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാനെങ്കിലും നമുക്കവരെ പഠിപ്പിക്കാം’ എന്ന്‌ അവർ ചിന്തിക്കുന്നതുപോലെ.

അനേകരുടെയും ആദരവു പിടിച്ചുപറ്റിയ, കൗമാരക്കാർക്കുള്ള ഒരു വെബ്‌സൈറ്റിലെ ഒരു ലേഖനം ലൈംഗികബന്ധത്തിൽ ഏർപ്പെടണമോ വേണ്ടയോ എന്നു നിർണയിക്കാൻ സഹായിക്കുന്ന കാര്യങ്ങളെ പിൻവരുന്ന മൂന്നു ഘടകങ്ങളിൽ പരിമിതപ്പെടുത്തുന്നു: (1) ഗർഭധാരണ സാധ്യത, (2) ലൈംഗികരോഗം പിടിപെടുന്നതിനുള്ള സാധ്യത, (3) ബന്ധപ്പെടുന്ന രണ്ടുപേരും അതിനുവേണ്ടി വൈകാരികമായി തയ്യാറാണോ എന്നുള്ളത്‌. “ചുരുക്കത്തിൽ നിങ്ങളാണ്‌ എന്തു ചെയ്യണമെന്നു തീരുമാനിക്കേണ്ടത്‌,” ആ സൈറ്റ്‌ പറയുന്നു. ഇക്കാര്യം മാതാവിനോടോ പിതാവിനോടോ ചർച്ചചെയ്യുന്നതിനെക്കുറിച്ചു നാമമാത്ര പരാമർശമേയുള്ളൂ. അത്തരം ലൈംഗികബന്ധം ശരിയാണോ തെറ്റാണോ എന്നതു സംബന്ധിച്ചാകട്ടെ യാതൊരു പരമാർശവുമില്ല.

അസ്ഥിരവും മൂഢവുമായ “ലോകത്തിന്റെ ജ്ഞാന”ത്തെക്കാൾ മെച്ചമായ ഒന്ന്‌ മക്കൾക്കു വഴികാട്ടിയായി ഉണ്ടായിരിക്കാൻ മാതാപിതാക്കൾ ആഗ്രഹിക്കും എന്നതിനു സംശയമില്ല. (1 കൊരിന്ത്യർ 1:20) ഈ ലേഖനത്തിൽ ചർച്ചചെയ്‌ത അപകടങ്ങൾ ഒഴിവാക്കിക്കൊണ്ട്‌ സുരക്ഷിതമായി കൗമാരത്തിന്റെ പടവുകൾ താണ്ടാൻ നിങ്ങൾക്ക്‌ അവരെ എങ്ങനെ സഹായിക്കാൻ കഴിയും? കമ്പ്യൂട്ടറിന്റെ പ്ലഗ്‌ ഊരുന്നതുപോലെയോ ഫോൺ എടുത്തുകൊണ്ടുപോകുന്നതുപോലെയോ അത്ര എളുപ്പമുള്ള കാര്യമല്ലായിരിക്കാം അത്‌. അത്തരം ഉപരിപ്ലവമായ പരിഹാരമാർഗങ്ങൾ മിക്കപ്പോഴും മക്കളുടെ ഹൃദയത്തെ സ്വാധീനിക്കില്ല. (സദൃശവാക്യങ്ങൾ 4:23) മാതാവോ പിതാവോ എന്ന നിലയിൽ നിങ്ങൾക്ക്‌ ഏറെ മെച്ചമായി നിറവേറ്റാൻ കഴിഞ്ഞേക്കാവുന്ന ചില ആവശ്യങ്ങളെപ്രതി ആയിരിക്കാം മൊബൈൽ ഫോണും ഇന്റർനെറ്റും പോലുള്ള ഉപകരണങ്ങൾ മക്കൾ ഉപയോഗിക്കുന്നത്‌ എന്നതും ഓർക്കുക. അവരുടെ ചില ആവശ്യങ്ങൾ എന്തൊക്കെയാണ്‌?

[അടിക്കുറിപ്പുകൾ]

^ ഖ. 13 ഇന്റർനെറ്റിനെ കണ്ണുമടച്ചു കുറ്റപ്പെടുത്തുന്നതിനു പകരം മക്കൾ പതിവായി സന്ദർശിക്കുന്ന സൈറ്റുകൾ എങ്ങനെയുള്ളതാണെന്നു മനസ്സിലാക്കാൻ മാതാപിതാക്കൾ ശ്രമിക്കണം. ഈ വിധത്തിൽ, “നന്മതിന്മകളെ തിരിച്ചറിവാൻ” തക്കവണ്ണം ‘ഇന്ദ്രിയങ്ങളെ അഭ്യസിപ്പിക്കാൻ’ അവർക്കു മക്കളെ സഹായിക്കാനാകും. (എബ്രായർ 5:14) ഇത്തരം പരിശീലനം, മുതിർന്നുകഴിഞ്ഞാലും മക്കൾക്ക്‌ ഉപകാരപ്പെടും.

^ ഖ. 23 “ഹുക്കിങ്‌-അപ്പ്‌” എന്ന പ്രയോഗത്തിന്‌ ഒന്നിച്ചു സമയം ചെലവഴിക്കുന്നതുമുതൽ ലൈംഗികബന്ധംവരെയുള്ള എന്തിനെയും അർഥമാക്കാൻ കഴിയും. വൈകാരിക അടുപ്പമില്ലാതെ ശാരീരിക സുഖത്തിനുവേണ്ടി രണ്ടുപേർ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനെയാണ്‌ ഇവിടെ ഇത്‌ അർഥമാക്കുന്നത്‌.

[4-ാം പേജിലെ ആകർഷക വാക്യം]

“വീട്ടിൽ ചെന്നാലുടൻ ഇന്റർനെറ്റ്‌ ഉപയോഗിച്ചു തുടങ്ങുന്ന ഞാൻ മണിക്കൂറുകളോളം അതുമായി ഇരുന്നുകളയും, ചിലപ്പോഴൊക്കെ വെളുപ്പിന്‌ 3 മണിവരെ”

[5-ാം പേജിലെ ആകർഷക വാക്യം]

“നിങ്ങൾക്കു നെറ്റിൽ എന്തുവേണമെങ്കിലും ചെയ്യാം. നിങ്ങളുടെ യഥാർഥ വ്യക്തിത്വം ആർക്കും അറിയില്ലാത്തതിനാൽ തികച്ചും വ്യത്യസ്‌തനായ ഒരു വ്യക്തിയായി നിങ്ങൾക്കു ചമയാനാകും”

[7-ാം പേജിലെ ആകർഷക വാക്യം]

“മക്കൾ ഇന്റർനെറ്റിൽ വെളിപ്പെടുത്തുന്നതും ചർച്ചചെയ്യുന്നതും എന്തൊക്കെയാണെന്ന്‌ അറിഞ്ഞാൽ അതു മാതാപിതാക്കളെ ഞെട്ടിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യും”

[6-ാം പേജിലെ ചതുരം/ചിത്രം]

സോഷ്യൽ നെറ്റ്‌വർക്കിങ്‌ ഒരു പെൺകുട്ടിയുടെ കഥ

“സ്‌കൂളിന്റെ വെബ്‌ പേജിലൂടെ സഹപാഠികളും അധ്യാപകരുമായി ഞാൻ ബന്ധപ്പെടാൻ തുടങ്ങി. ആദ്യമൊക്കെ ആഴ്‌ചയിൽ ഒരു മണിക്കൂറാണ്‌ അതിനുവേണ്ടി ഉപയോഗിച്ചിരുന്നത്‌. എന്നാൽ പെട്ടെന്നുതന്നെ അതൊരു ദിനചര്യയായി മാറി. അത്‌ ഉപയോഗിക്കാത്ത സമയത്തുപോലും ഞാൻ അതേക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുമായിരുന്നു, അത്രയ്‌ക്കുമുണ്ടായിരുന്നു അതിനോടുള്ള ആസക്തി. മറ്റൊന്നിലും ശ്രദ്ധിക്കാൻ എനിക്കു കഴിഞ്ഞില്ല. പഠനത്തിൽ പുറകിലായി, ക്രിസ്‌തീയ യോഗങ്ങളിൽ ശ്രദ്ധിക്കാതായി, സുഹൃത്തുക്കളെപ്പോലും ഞാൻ ഒഴിവാക്കി. ഒടുവിൽ എന്റെ അവസ്ഥ തിരിച്ചറിഞ്ഞ മാതാപിതാക്കൾ ഇന്റർനെറ്റ്‌ ഉപയോഗത്തിനു നിയന്ത്രണം ഏർപ്പെടുത്തി. അതെന്നെ വല്ലാതെ വീർപ്പുമുട്ടിച്ചു. എനിക്കു ഭ്രാന്തുപിടിക്കുമെന്നുപോലും തോന്നി. എന്നാൽ ഇപ്പോൾ അതേക്കുറിച്ചെല്ലാം ഓർക്കുമ്പോൾ ഞാൻ സന്തുഷ്ടയാണ്‌. അവർ വെച്ച നിയന്ത്രണവുമായി ഞാൻ നന്നായി ഇണങ്ങിച്ചേരുകയും ചെയ്‌തിരിക്കുന്നു. ഇനിയൊരിക്കലും അതിന്‌ അടിമയാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല!”​—⁠ബ്യാങ്ക.