വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഹുക്‌-അപ്‌ ആരെങ്കിലും അതിനായി ക്ഷണിച്ചാൽ . . .

ഹുക്‌-അപ്‌ ആരെങ്കിലും അതിനായി ക്ഷണിച്ചാൽ . . .

യുവജനങ്ങൾ ചോദിക്കുന്നു . . .

ഹുക്‌-അപ്‌ ആരെങ്കിലും അതിനായി ക്ഷണിച്ചാൽ . . .

ലൈംഗികതയുടെ കാര്യത്തിൽ എത്രത്തോളം പോകാം, എത്ര പേരുമായി ലൈംഗികബന്ധമാകാം എന്നൊക്കെ ഒന്നറിയുക; അതു മാത്രമാണ്‌ ഹുക്‌-അപ്പിനു പിന്നിലെ പ്രേരകഘടകം.”​​—⁠ പെനീ. *

ഇതേക്കുറിച്ചു സംസാരിക്കാൻ ആൺകുട്ടികൾക്ക്‌ ഒരു മടിയുമില്ല. ഒരു ഗേൾഫ്രണ്ട്‌ ഉണ്ടായിരിക്കെത്തന്നെ മറ്റു പല പെൺകുട്ടികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ച്‌ അവർ വീമ്പിളക്കുന്നു.” ​​—⁠ എഡ്വേർഡ്‌.

ഹുക്‌-അപ്പിന്‌ എന്നെ ക്ഷണിച്ചവർ യാതൊരു കൂസലുമില്ലാതെയാണ്‌ ഈ വിഷയം അവതരിപ്പിച്ചത്‌. പറ്റില്ലെന്നു പറഞ്ഞാലൊന്നും അവർ അടങ്ങില്ല!”​​—⁠ ഈഡ.

ചില രാജ്യങ്ങളിൽ ഹുക്‌-അപ്‌ എന്നാണ്‌ അത്‌ അറിയപ്പെടുന്നത്‌. വേറെ ചിലയിടങ്ങളിലാകട്ടെ മറ്റേതെങ്കിലും പേരിലും. ഉദാഹരണത്തിന്‌ ജപ്പാനിലെ കാര്യംതന്നെ എടുക്കുക. അവിടെ ‘പുറത്തു കൊണ്ടുപോകുക’ എന്നാണ്‌ അതിനു പറയുന്നതെന്ന്‌ ആകീകോ. “സെഫ്രേ അഥവാ ‘ലൈംഗിക സുഹൃത്ത്‌’ എന്ന പ്രയോഗവും ഉണ്ട്‌,” അവൾ പറയുന്നു. “ലൈംഗികബന്ധത്തിനു വേണ്ടി മാത്രമുള്ളതാണ്‌ ഈ സൗഹൃദം.”

പേര്‌ എന്തുമാകട്ടെ, കാര്യം ഒന്നുതന്നെ. വൈകാരിക പ്രതിബദ്ധതയോ അടുപ്പമോ ഇല്ലാത്ത ലൈംഗികബന്ധമാണ്‌ ഹുക്‌-അപ്‌. * “ഉപകാരമുള്ള സുഹൃത്തുക്കൾ” എന്ന പേരിൽ അറിയപ്പെടുന്ന സുഹൃത്തുക്കൾ ഉണ്ടെന്നുപോലും ചില യുവജനങ്ങൾ വീമ്പിളക്കുന്നു. ദീർഘകാല പ്രണയത്തിന്റെ ‘പൊല്ലാപ്പ്‌’ ഒന്നുമില്ലാതെതന്നെ ലൈംഗികബന്ധത്തിൽ ഏർപ്പെടാനാകും എന്നതാണ്‌ ഈ സൗഹൃദത്തിന്റെ പ്രത്യേകത. “ഞൊടിയിടയിൽ ലൈംഗികനിർവൃതി, അതാണ്‌ ഹുക്‌-അപ്പിലൂടെ സാധ്യമാകുന്നത്‌,” എന്ന്‌ ഒരു യുവതി പറയുന്നു. “ആഗ്രഹം സഫലമാകുന്നു, പിന്നെ തിരിഞ്ഞുനോക്കേണ്ടതേയില്ല.”

ഒരു ക്രിസ്‌ത്യാനിയെന്ന നിലയിൽ നിങ്ങൾ ‘ദുർന്നടപ്പു [പരസംഗം] വിട്ട്‌ ഓടണം.’ * (1 കൊരിന്ത്യർ 6:18) ഇത്‌ അറിയാവുന്ന സ്ഥിതിക്ക്‌, കുഴപ്പത്തിലേക്കു നയിച്ചേക്കാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ സാധ്യതയനുസരിച്ച്‌ നിങ്ങൾ ശ്രദ്ധിക്കും. എന്നിരുന്നാലും ചിലപ്പോഴൊക്കെ പ്രശ്‌നങ്ങൾ നിങ്ങളെ തേടിവന്നേക്കും. “സ്‌കൂളിൽ പല ആൺകുട്ടികളും ഹുക്‌-അപ്പിന്‌ എന്നെ ക്ഷണിച്ചിട്ടുണ്ട്‌,” എന്നു സിൻഡി. ജോലിസ്ഥലത്തും ഇതുതന്നെ സംഭവിച്ചേക്കാം. “എന്റെ മാനേജർ ഹുക്‌-അപ്പിന്‌ എന്നെ ക്ഷണിച്ചു,” മാർഗരറ്റ്‌ പറയുന്നു. “സ്വൈരംതരാതെ വന്നപ്പോൾ ജോലി ഉപേക്ഷിക്കാതെ വഴിയില്ലെന്നായി!”

ഇനി, നിങ്ങൾക്ക്‌ ചെറിയതോതിൽ പ്രലോഭനം തോന്നുന്നു എന്നുതന്നെയിരിക്കട്ടെ. അതിൽ അതിശയിക്കേണ്ടതില്ല. “ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളത്‌” എന്നു ബൈബിൾ പറയുന്നു. (യിരെമ്യാവു 17:9) അതു ശരിയാണെന്നു ലൂർദ്‌സ്‌ സമ്മതിക്കുന്നു. “വാസ്‌തവത്തിൽ ലൈംഗികബന്ധത്തിന്‌ എന്നെ ക്ഷണിച്ച അവനെ എനിക്ക്‌ ഇഷ്ടമായിരുന്നു,” അവൾ പറയുന്നു. സമാനമായ അനുഭവമായിരുന്നു ജാനിന്റേതും. “എന്റെ വികാരങ്ങൾ തീവ്രമായിരുന്നു,” അവൾ തുറന്നു സമ്മതിക്കുന്നു. “പറ്റില്ല എന്നു പറയുന്നതുപോലെ ഇത്ര വിഷമംപിടിച്ച ഒരു സംഗതി എന്റെ ജീവിതത്തിൽ വേറെ ഉണ്ടായിട്ടില്ല.” ധാർമികശുദ്ധി കാത്തുസൂക്ഷിക്കുക അത്ര എളുപ്പമല്ലെന്ന്‌ നേരത്തേ പരാമർശിച്ച എഡ്വേർഡും സമ്മതിക്കുന്നു. “പല പെൺകുട്ടികളും സെക്‌സിന്‌ എന്നെ ക്ഷണിച്ചിട്ടുണ്ട്‌. ചെറുത്തു നിൽക്കുക എന്നതാണ്‌ ഒരു ക്രിസ്‌ത്യാനിയെന്നനിലയിൽ ഞാൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി,” അവൻ പറയുന്നു. “എത്ര പ്രയാസമാണെന്നോ പറ്റില്ലെന്നു പറയാൻ!”

ലൂർദ്‌സ്‌, ജാൻ, എഡ്വേർഡ്‌ എന്നിവരുടേതിനു സമാനമായ വികാരങ്ങൾ നിങ്ങൾക്കും ഉണ്ടായിട്ടുണ്ടാകാം. എന്നിട്ടും യഹോവയാം ദൈവത്തിന്റെ ദൃഷ്ടിയിൽ ശരിയായതു ചെയ്‌തിട്ടുണ്ടെങ്കിൽ അതു തികച്ചും അഭിനന്ദനാർഹമാണ്‌. അപ്പൊസ്‌തലനായ പൗലൊസിനുപോലും തെറ്റായ ചായ്‌വുകൾക്കെതിരെ തുടർച്ചയായി പോരാടേണ്ടിവന്നു എന്നോർക്കുക.​—⁠റോമർ 7:21-24.

സെക്‌സിനെ ലാഘവബുദ്ധിയോടെ വീക്ഷിക്കുന്ന ആരെങ്കിലും അതിനായി നിങ്ങളെ ക്ഷണിച്ചാൽ ഏതു ബൈബിൾ തത്ത്വങ്ങൾ നിങ്ങളുടെ മനസ്സിലേക്കു വരണം?

സെക്‌സിനെ ലാഘവബുദ്ധിയോടെ വീക്ഷിക്കരുത്‌

വിവാഹബാഹ്യ ലൈംഗിക ബന്ധങ്ങളെ ബൈബിൾ കുറ്റംവിധിക്കുന്നു. പരസംഗത്തിൽ ഏർപ്പെടുന്നവർ “ദൈവരാജ്യം അവകാശമാക്കുകയില്ല,” അത്ര ഗുരുതരമായ ഒരു പാപമായിട്ടാണ്‌ ബൈബിൾ അതിനെ വീക്ഷിക്കുന്നത്‌. (1 കൊരിന്ത്യർ 6:9, 10) ഇത്തരം ലൈംഗികബന്ധങ്ങളിൽ ഏർപ്പെടാനുള്ള പ്രലോഭനത്തെ ചെറുക്കണമെങ്കിൽ ഇതു സംബന്ധിച്ച യഹോവയുടെ വീക്ഷണംതന്നെ നിങ്ങൾക്കും ഉണ്ടായിരിക്കണം. ധാർമികശുദ്ധി പാലിക്കുക എന്നതായിരിക്കട്ടെ നിങ്ങളുടെ തീരുമാനം.

“യഹോവയുടെ നിലവാരങ്ങൾക്കനുസരിച്ചു ജീവിക്കുന്നതാണ്‌ ഏറ്റവും ഉത്തമം എന്ന ഉറച്ചബോധ്യം എനിക്കുണ്ട്‌.”​—⁠കാരൻ, കാനഡ.

“നൈമിഷികമായ അനുഭൂതികൾക്കുവേണ്ടി യഹോവയുടെ ധാർമിക നിയമങ്ങൾ കാറ്റിൽപ്പറത്തുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന നഷ്ടം കുറച്ചൊന്നുമല്ല.”​—⁠വിവിയൻ, മെക്‌സിക്കോ.

“നിങ്ങൾക്കു മാതാപിതാക്കളുണ്ട്‌, നിരവധി സുഹൃത്തുക്കളുണ്ട്‌, നിങ്ങൾ ഒരു സഭയുടെ ഭാഗമാണ്‌, ഇതൊന്നും നിങ്ങൾ മറന്നുകളയരുത്‌. പ്രലോഭനത്തിനു വഴങ്ങുമ്പോൾ ഇവരെയൊക്കെ നിങ്ങൾ നിരാശപ്പെടുത്തുകയായിരിക്കും!”​—⁠പീറ്റർ, ബ്രിട്ടൻ.

അപ്പൊസ്‌തലനായ പൗലൊസ്‌ ഇപ്രകാരം എഴുതി: “കർത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊൾവിൻ.” (എഫെസ്യർ 5:9) അപൂർണ ജഡത്തിനു പരസംഗം ആകർഷകമായി തോന്നുമെങ്കിൽപ്പോലും, അതു സംബന്ധിച്ച യഹോവയുടെ വീക്ഷണം ആർജിക്കുന്നതിലൂടെ ‘ദോഷത്തെ വെറുക്കാൻ’ നിങ്ങൾക്കാകും.​—⁠സങ്കീർത്തനം 97:⁠10.

ദയവായി വായിക്കുക: ഉല്‌പത്തി 39:​7-9. ലൈംഗിക പ്രലോഭനത്തെ യോസെഫ്‌ സധീരം ചെറുത്തത്‌ എങ്ങനെയെന്ന്‌ നോക്കുക. അതിന്‌ അവനെ സഹായിച്ചത്‌ എന്താണ്‌?

നിങ്ങളുടെ വിശ്വാസങ്ങളിൽ അഭിമാനിക്കുക

ശരിയെന്നു തങ്ങൾക്കു ബോധ്യമുള്ള ഒരു കാര്യത്തിനുവേണ്ടി അഭിമാനപൂർവം ഒരു നിലപാടു സ്വീകരിക്കുന്നത്‌ യുവജനങ്ങൾക്കിടയിൽ അത്ര അസാധാരണമായ കാര്യമൊന്നുമല്ല. മാതൃകായോഗ്യമായ പെരുമാറ്റത്തിലൂടെ ദൈവനാമത്തിനു മഹത്ത്വം കരേറ്റുക എന്നത്‌ ഒരു ക്രിസ്‌ത്യാനിയെന്ന നിലയിൽ നിങ്ങളുടെ പദവിയാണ്‌. വിവാഹപൂർവ ലൈംഗികതയെക്കുറിച്ചുള്ള നിങ്ങളുടെ അചഞ്ചലമായ വീക്ഷണത്തെപ്രതി അഭിമാനംകൊള്ളുക.

“ധാർമികതത്ത്വങ്ങൾ ഉള്ള വ്യക്തിയാണു നിങ്ങളെന്ന്‌ ആദ്യമേതന്നെ വ്യക്തമാക്കുക.”​—⁠അലൻ, ജർമനി.

“വിശ്വാസങ്ങളുടെപേരിൽ നാണക്കേടു തോന്നേണ്ട ഒരാവശ്യവുമില്ല.”​—⁠എസ്ഥേർ, നൈജീരിയ.

“‘മാതാപിതാക്കൾ ഇതിനു സമ്മതിക്കില്ല’ എന്നൊക്കെയാണു നിങ്ങൾ പറയുന്നതെങ്കിൽ കൂട്ടുകാർ നിങ്ങളുടെ നിലപാട്‌ അംഗീകരിച്ചെന്നു വരില്ല. നിങ്ങൾക്ക്‌ ഇത്തരം കാര്യങ്ങളിൽ താത്‌പര്യം ഇല്ലെന്ന്‌ നിങ്ങളുടെ സുഹൃത്തുക്കളോടു പറയുക.”​—⁠ജാനെറ്റ്‌, ദക്ഷിണാഫ്രിക്ക.

“ഹൈസ്‌കൂളിൽ എന്നോടൊപ്പം പഠിച്ചിരുന്ന ആൺകുട്ടികൾക്ക്‌ എന്നെക്കുറിച്ച്‌ നന്നായി അറിയാമായിരുന്നു. മാത്രമല്ല, അവരുടെ വേലത്തരങ്ങളൊന്നും എന്റെയടുക്കൽ ചെലവാകില്ലെന്നും.”​—⁠വിക്കീ, ഐക്യനാടുകൾ.

വിശ്വാസങ്ങൾക്കുവേണ്ടി ഒരു നിലപാടെടുക്കുന്നത്‌ പക്വതയുള്ള ഒരു ക്രിസ്‌ത്യാനിയായിത്തീരുന്നതിന്റെ തെളിവാണ്‌.​—⁠1 കൊരിന്ത്യർ 14:⁠20.

ദയവായി വായിക്കുക: സദൃശവാക്യങ്ങൾ 27:11. നിങ്ങളുടെ പ്രവർത്തനങ്ങൾ യഹോവയുടെ നാമത്തിന്‌ എത്രമാത്രം മഹത്ത്വം കൈവരുത്തുന്നുവെന്നു നോക്കുക.

ദൃഢനിശ്ചയമുള്ളവരായിരിക്കുക!

സാധ്യമല്ല എന്നുതന്നെ പറയുക, ചിലർ അത്‌ ഒരു വെറുംവാക്കായി എടുത്തേക്കാമെങ്കിലും.

“പറ്റില്ലെന്നു പറയുമ്പോൾ മറ്റേ വ്യക്തി അതൊരു വെല്ലുവിളിയായി എടുത്തേക്കാം. അയാൾ അതിനെ തരണംചെയ്യേണ്ട ഒരു പ്രതിബന്ധമായി കണക്കാക്കി, നിങ്ങളെ എങ്ങനെയും പാട്ടിലാക്കാൻ ശ്രമിക്കും.”​—⁠ലോറൻ, കാനഡ.

“നിങ്ങളുടെ വസ്‌ത്രധാരണം, നിങ്ങൾ എങ്ങനെ സംസാരിക്കുന്നു, ആരോടു സംസാരിക്കുന്നു, മറ്റുള്ളവരോട്‌ എങ്ങനെ ഇടപെടുന്നു എന്നിങ്ങനെ നിങ്ങളെ സംബന്ധിച്ചുള്ള എല്ലാം നിങ്ങളുടെ നിലപാടു ശരിവെക്കുന്നതായിരിക്കണം.”​—⁠ജോയ്‌, നൈജീരിയ.

“സാധ്യമല്ല എന്നു പറയുമ്പോൾ അത്‌ ശക്തവും വ്യക്തവും ആയിരിക്കണം.”​—⁠ഡാനീയേൽ, ഓസ്‌ട്രേലിയ.

“ഒരിക്കലും പതറരുത്‌! ഒരു ചെറുപ്പക്കാരൻ ലൈംഗികധ്വനിയുള്ള ഒരു ക്ഷണം വെച്ചുനീട്ടിയപ്പോൾ, ‘തോളത്തുനിന്ന്‌ കയ്യെടുക്കൂ!’ എന്നു പറഞ്ഞ്‌ തറപ്പിച്ചു നോക്കിയിട്ട്‌ ഞാൻ നടന്നകന്നു.”​—⁠എലൻ, ബ്രിട്ടൻ.

“നിങ്ങൾക്കു താത്‌പര്യം ഇല്ലെന്നും ഒരിക്കലും ഉണ്ടാകാനും പോകുന്നില്ലെന്നും നേരേ മുഖത്തുനോക്കിപ്പറയുക. ഒരു ഭീരുവായിരിക്കേണ്ട സമയമല്ലത്‌!”​—⁠ജീൻ, സ്‌കോട്ട്‌ലൻഡ്‌.

“ഒരു പയ്യൻ ‘കമൻഡടിക്കുകയും’ കൂടെ വരാൻ ക്ഷണിക്കുകയും മറ്റും ചെയ്‌തുകൊണ്ട്‌ നിരന്തരം ശല്യംചെയ്‌തുകൊണ്ടിരുന്നു. അവസാനം, മര്യാദയ്‌ക്കിരിക്കാൻ വളരെ ശക്തമായിത്തന്നെ അവനോടു പറയാൻ ഞാൻ നിർബന്ധിതയായി. അപ്പോൾ മാത്രമാണ്‌ അവനൊന്ന്‌ അടങ്ങിയത്‌.”​—⁠ക്വാനീറ്റ, മെക്‌സിക്കോ.

“അതൊരിക്കലും നടക്കില്ലെന്ന്‌ നിങ്ങൾ വ്യക്തമാക്കണം. നിങ്ങളെ പാട്ടിലാക്കാൻ നോക്കുന്ന പയ്യന്മാരിൽനിന്ന്‌ സമ്മാനമൊന്നും സ്വീകരിക്കരുത്‌. സ്വന്തം കാര്യസാധ്യത്തിനായി അവർ അതൊരു ആയുധമാക്കിയേക്കാം.”​—⁠ലോറ, ബ്രിട്ടൻ.

നിങ്ങൾ ഉറച്ച നിലപാടെടുക്കുകയാണെങ്കിൽ യഹോവ നിങ്ങളെ സഹായിക്കും. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ സങ്കീർത്തനക്കാരനായ ദാവീദ്‌ യഹോവയെക്കുറിച്ച്‌ ഇപ്രകാരം പറഞ്ഞു: “വിശ്വസ്‌തനോട്‌ അങ്ങ്‌ വിശ്വസ്‌തത പുലർത്തുന്നു.”​—⁠സങ്കീർത്തനം 18:⁠25, പി.ഒ.സി. ബൈബിൾ.

ദയവായി വായിക്കുക: 2 ദിനവൃത്താന്തം 16:⁠9. ഹൃദയം യഹോവയിങ്കൽ ഏകാഗ്രമായിരിക്കുന്നവരെ സഹായിക്കാൻ യഹോവ എത്രമാത്രം ഒരുക്കമുള്ളവനാണെന്ന്‌ ശ്രദ്ധിക്കുക.

അനർഥം കണ്ട്‌ ഒളിച്ചുകൊള്ളുക

ബൈബിൾ ഇപ്രകാരം പറയുന്നു: “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു.” (സദൃശവാക്യങ്ങൾ 22:3) ഈ ബുദ്ധിയുപദേശം നിങ്ങൾക്ക്‌ എങ്ങനെ ബാധകമാക്കാം? ദീർഘവീക്ഷണമുള്ളവരായിരുന്നുകൊണ്ട്‌.

“ഇത്തരം കാര്യങ്ങൾ സംസാരിക്കുന്നവരിൽനിന്ന്‌ പരമാവധി ഒഴിഞ്ഞുമാറുക.”​—⁠നവോമി, ജപ്പാൻ.

“അപകടകരമായേക്കാവുന്ന സഹവാസങ്ങളും സാഹചര്യങ്ങളും ഒഴിവാക്കുക. ഉദാഹരണത്തിന്‌ മദ്യലഹരിയിൽ ഇത്തരം കാര്യങ്ങൾക്കു വഴങ്ങിക്കൊടുത്ത ചിലരെ എനിക്കറിയാം.”​—⁠ഇഷ, ബ്രസീൽ.

“നിങ്ങളുടെ മേൽവിലാസം, ഫോൺ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തരുത്‌.”​—⁠ഡയാന, ബ്രിട്ടൻ.

“സഹപാഠികളെ വെറുതെ ആലിംഗനം ചെയ്യരുത്‌.”​—⁠എസ്ഥേർ, നൈജീരിയ.

“മറ്റുള്ളവരെ പ്രലോഭിപ്പിക്കുംവിധമുള്ള വസ്‌ത്രധാരണ രീതികൾ ഒഴിവാക്കുക.”​—⁠ഹൈഡി, ജർമനി.

“മാതാപിതാക്കളുമായി നല്ല അടുപ്പം ഉണ്ടായിരിക്കുകയും ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ തുറന്നുസംസാരിക്കുകയും ചെയ്യുന്നത്‌ ഒരു സംരക്ഷണമാണ്‌.​—⁠ആകീകോ, ജപ്പാൻ.

നിങ്ങളുടെ സംസാരം, പെരുമാറ്റം, സഹവാസം, നിങ്ങൾ സ്ഥിരമായി സന്ദർശിക്കുന്ന സ്ഥലങ്ങൾ ഇവയൊക്കെ ഒന്നു വിലയിരുത്തുക. എന്നിട്ട്‌ നിങ്ങളോടുതന്നെ ചോദിക്കുക, ‘അറിയാതെയാണെങ്കിലും ഇവമൂലം ലൈംഗിക കാര്യങ്ങളിൽ താത്‌പര്യം ഉണ്ട്‌ എന്നതിന്റെ സൂചന ഞാൻ നൽകുന്നുണ്ടോ?’

ദയവായി വായിക്കുക: ഉല്‌പത്തി 34:​1, 2. അനുചിതമായ സാഹചര്യങ്ങളിൽ ആയിരുന്നത്‌ ദീനാ എന്ന പെൺകുട്ടിയെ ദുരന്തത്തിലേക്കു നയിച്ചത്‌ എങ്ങനെയെന്നു നോക്കുക.

ലാഘവബുദ്ധിയോടെയുള്ള സെക്‌സിനെ യഹോവ ലാഘവത്തോടെ കാണുന്നില്ല. നിങ്ങൾക്കും അത്‌ അങ്ങനെതന്നെയായിരിക്കണം. “ദുർന്നടപ്പുകാരൻ, അശുദ്ധൻ, . . . ഇവർക്കു ആർക്കും ക്രിസ്‌തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല.” (എഫെസ്യർ 5:5) ശരിയായതിനു വേണ്ടി നിലപാട്‌ എടുക്കുക വഴി നിങ്ങൾക്ക്‌ ശുദ്ധമനസ്സാക്ഷിയും ആത്മാഭിമാനവും കാത്തുസൂക്ഷിക്കാനാകും. കാർലീ എന്ന യുവതി പറയുന്നതുപോലെ, “മറ്റുള്ളവരുടെ ലൈംഗിക നിർവൃതിക്കായി നിങ്ങൾ എന്തിനൊരു ബലിയാടാകണം? ഒരു പോറൽപോലുമേൽക്കാതെ കാത്തുസൂക്ഷിച്ച ധാർമികശുദ്ധി നഷ്ടപ്പെടാതെ കാക്കുക.”

“യുവജനങ്ങൾ ചോദിക്കുന്നു . . . ” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്‌.

ചിന്തിക്കാൻ:

▪ അവിഹിത ലൈംഗികബന്ധം അപൂർണ ജഡത്തിന്‌ ആകർഷകമായി തോന്നിയേക്കാമെങ്കിലും അതു തെറ്റായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

▪ ഹുക്‌-അപ്പിന്‌ ആരെങ്കിലും നിങ്ങളെ ക്ഷണിച്ചാൽ നിങ്ങൾ എന്തു ചെയ്യും?

[അടിക്കുറിപ്പുകൾ]

^ ഖ. 3 ഈ ലേഖനത്തിൽ പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്‌.

^ ഖ. 7 വികാരാഭിനിവേശം ഉണർത്തുന്നതരം തഴുകലും ചുംബനവും മറ്റും ഉൾപ്പെട്ട പെരുമാറ്റരീതികളെയും ഈ പദം പരാമർശിക്കുന്നു.

^ ഖ. 8 ലൈംഗികവേഴ്‌ച, അധരഭോഗം, ഗുദഭോഗം, സ്വവർഗഭോഗം, മറ്റൊരാളുടെ ലൈംഗികാവയവങ്ങൾ തഴുകൽ, ജനനേന്ദ്രിയങ്ങളുടെ ദുരുപയോഗം ഉൾപ്പെടുന്ന വിവാഹിതേതരർക്കിടയിലുള്ള മറ്റു പ്രവർത്തനങ്ങൾ എന്നിവയെല്ലാം പരസംഗത്തിൽ ഉൾപ്പെടുന്നു.

[27-ാം പേജിലെ ചതുരം]

▪ പരസംഗത്തിൽ ഏർപ്പെടുന്ന ഒരു വ്യക്തി “സ്വന്തശരീരത്തിന്നു വിരോധമായി പാപം ചെയ്യുന്നു” എന്ന്‌ ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 6:18) അതെങ്ങനെ? നിങ്ങളുടെ മനസ്സിലുദിക്കുന്ന ഉത്തരങ്ങൾ താഴെ എഴുതുക.

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

സൂചന: ഉത്തരം കണ്ടെത്തുന്നതിന്‌ തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ, 188-ാം പേജും വീക്ഷാഗോപുരം 1990 മേയ്‌ 1 ലക്കത്തിന്റെ 20-ാം പേജും കാണുക. ഇവ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചവയാണ്‌.

[29-ാം പേജിലെ ചതുരം]

മാതാപിതാക്കളോട്‌ ഒരു വാക്ക്‌

“ഒരു സഹപാഠി എന്നെ ഹുക്‌-അപ്പിനു ക്ഷണിച്ചു. അവൻ എന്തിനെക്കുറിച്ചാണു പറയുന്നതെന്നു മനസ്സിലാക്കാൻതന്നെ കുറെ സമയം വേണ്ടിവന്നു. എനിക്കന്ന്‌ വെറും 11 വയസ്സ്‌.”​—⁠ലീയ.

ഇന്നു കുട്ടികൾ നന്നേ ചെറുപ്രായത്തിൽത്തന്നെ സെക്‌സിനെക്കുറിച്ച്‌ അറിയാനിടയാകുന്നു. “അന്ത്യകാലത്തു ദുർഘടസമയങ്ങൾ” വരുമെന്നും ആളുകൾ “അജിതേന്ദ്രിയന്മാരും” “ദൈവപ്രിയമില്ലാതെ ഭോഗപ്രിയ”രും ആയിരിക്കുമെന്നും ബൈബിൾ വളരെക്കാലം മുമ്പുതന്നെ പറഞ്ഞിരുന്നു. (2 തിമൊഥെയൊസ്‌ 3:1, 3-5) ഈ ലേഖനത്തിൽ വിശദീകരിച്ച ഹുക്‌-അപ്‌ പ്രവണത ഈ പ്രവചനനിവൃത്തിയുടെ അനേകം തെളിവുകളിൽ ഒന്നാണ്‌.

നിങ്ങൾ വളർന്നുവന്ന കാലത്തിൽനിന്നു വളരെ വ്യത്യസ്‌തമാണ്‌ ഇന്നത്തെ ലോകം. എന്നിരുന്നാലും പ്രശ്‌നങ്ങൾ ഒരു പരിധിവരെ സമാനമാണ്‌. അതുകൊണ്ട്‌ നിങ്ങളുടെ കുട്ടികളെ വലയംചെയ്യുന്ന ദുഷിച്ച സ്വാധീനം കണ്ട്‌ അന്ധാളിക്കുകയോ ഭയപ്പെടുകയോ ചെയ്യേണ്ടതില്ല. പകരം ‘സർവായുധവർഗം ധരിക്കാൻ’ നിങ്ങളുടെ മക്കളെ സഹായിക്കുക. 2,000-ത്തോളം വർഷം മുമ്പ്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ക്രിസ്‌ത്യാനികളെ ഇപ്രകാരം ഉദ്‌ബോധിപ്പിച്ചു: “പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്‌പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ.” (എഫെസ്യർ 6:11) ദുഷിച്ച സ്വാധീനങ്ങൾക്കു മധ്യേയും ശരിയായതു ചെയ്യാൻ നിരവധി ക്രിസ്‌തീയ യുവജനങ്ങൾ നല്ല ശ്രമം ചെയ്യുന്നുണ്ട്‌. തികച്ചും അഭിനന്ദനാർഹമായ ഒരു കാര്യംതന്നെ. അതുതന്നെ ചെയ്യാൻ നിങ്ങളുടെ കുട്ടികളെ എങ്ങനെ സഹായിക്കാനാകും?

ഒരു മാർഗം, ഈ ലേഖനം ഉപയോഗിച്ചുകൊണ്ട്‌ നിങ്ങളുടെ കുട്ടിയുമായി ഒരു തുറന്ന സംഭാഷണത്തിനു വഴിയൊരുക്കുക എന്നതാണ്‌. “ദയവായി വായിക്കുക” എന്ന ഭാഗത്ത്‌ ചിന്തോദ്ദീപകമായ തിരുവെഴുത്തുകൾ പരാമർശിച്ചിട്ടുണ്ട്‌. ഇവയിൽ ചിലത്‌ യഥാർഥ ജീവിതാനുഭവങ്ങൾ വിവരിക്കുന്നവയാണ്‌. ചിലർ ശരിയായതു ചെയ്‌ത്‌ അതിന്റെ അനുഗ്രഹങ്ങൾ ആസ്വദിച്ചപ്പോൾ മറ്റുചിലർ ദൈവനിയമങ്ങൾ അവഗണിച്ചതിന്റെ ഭവിഷ്യത്തുകൾ അനുഭവിച്ചു. മറ്റു തിരുവെഴുത്തുകൾ ചില തത്ത്വങ്ങൾ പ്രതിപാദിക്കുന്നവയാണ്‌. ദൈവനിയമങ്ങൾക്കനുസരിച്ചു ജീവിക്കുന്നത്‌ കുട്ടികൾക്കും നിങ്ങൾക്കും മഹത്തായ ഒരു പദവിയാണെന്നു തിരിച്ചറിയാൻ അവരെ സഹായിക്കുന്നവയാണ്‌ പ്രസ്‌തുത തത്ത്വങ്ങൾ. എത്രയും പെട്ടെന്ന്‌ ഈ ലേഖനം കുട്ടികളുമായി ചർച്ചചെയ്യാൻ ക്രമീകരണം ചെയ്യരുതോ?

ദൈവികനിലവാരങ്ങൾക്കനുസരിച്ചു ജീവിക്കുന്നത്‌ എപ്പോഴും നമുക്കു പ്രയോജനം ചെയ്യും. (യെശയ്യാവു 48:​17, 18) അവ അവഗണിക്കുന്നതാകട്ടെ ഹൃദയവേദനയിലേ കലാശിക്കൂ. ദൈവികനിയമങ്ങളും തത്ത്വങ്ങളും മക്കളിൽ ഉൾനടാൻ നിങ്ങൾ നടത്തുന്ന ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കട്ടെ.​—⁠ആവർത്തനപുസ്‌തകം 6:​6, 7.

[28-ാം പേജിലെ ചിത്രം]

അതൊരിക്കലും നടക്കില്ലെന്നു വ്യക്തമാക്കുക