ആരാണ് യഥാർഥ ക്രിസ്‌ത്യാനി?
ബൈബിളിന്റെ വീക്ഷണം
ആരാണ് യഥാർഥ ക്രിസ്‌ത്യാനി?
“ആഴ്‌ചയിൽ ഒരിക്കൽ പള്ളിയിൽ പോകുന്നയാൾ എന്നാണ് എന്റെ നാട്ടിൽ ഒരു ക്രിസ്‌ത്യാനിയെന്നാൽ അർഥം,” ഒരു ആഫ്രിക്കൻ രാജ്യത്തുനിന്നുള്ള കിങ്‌സ്ലി പറയുന്നു. മധ്യപൂർവ ദേശത്തുനിന്നുള്ള റാഡിന്റെ അഭിപ്രായം ശ്രദ്ധിക്കുക: “വസ്‌ത്രധാരണം, ആഘോഷങ്ങൾ, സ്‌ത്രീകളോടുള്ള ഇടപെടൽ എന്നിവയിൽ പാശ്ചാത്യ ആചാരമര്യാദകൾ പിൻപറ്റുന്ന ഒരു കൂട്ടം ആളുകളായിട്ടാണ് എന്റെ നാട്ടിലുള്ളവർ ക്രിസ്‌ത്യാനികളെ വീക്ഷിക്കുന്നത്.”
എന്നാൽ, ഒരു ക്രിസ്‌ത്യാനിയെന്നു പറഞ്ഞാൽ ആഴ്‌ചയിൽ ഒരിക്കൽ പള്ളിയിൽ പോകുന്ന, ചില പ്രത്യേക സാമൂഹിക കീഴ്‌വഴക്കങ്ങൾ പിൻപറ്റിപ്പോരുന്ന വ്യക്തി എന്നാണോ അർഥം? “ക്രിസ്‌തീയം” എന്ന പദംതന്നെ സൂചിപ്പിക്കുന്നത് ക്രിസ്‌തു പ്രസംഗിക്കുകയും ജീവിതത്തിൽ ഉടനീളം പ്രകടിപ്പിക്കുകും ചെയ്‌ത മനോഭാവങ്ങൾ, മൂല്യങ്ങൾ, പെരുമാറ്റരീതികൾ എന്നിവയെ പ്രതിഫലിപ്പിക്കുന്ന ജീവിതരീതി എന്നല്ലേ? * ക്രിസ്‌ത്യാനിത്വം അതിന്റെ പ്രാരംഭ കാലങ്ങളിൽ എങ്ങനെയായിരുന്നു?
ആദിമ ക്രിസ്‌ത്യാനിത്വം—ഒരു ജീവിതരീതി
യേശു തന്റെ അനുഗാമികളോട് പറഞ്ഞു: “ഞാൻ നിങ്ങളോടു കല്‌പിക്കുന്നതു ചെയ്‌താൽ നിങ്ങൾ എന്റെ സ്‌നേഹിതന്മാർ തന്നേ.” (യോഹന്നാൻ 15:14) തങ്ങളുടെ ജീവിതത്തിന്റെ എല്ലാ തുറകളെയും യേശുവിന്റെ പഠിപ്പിക്കൽ സ്വാധീനിച്ചതിനാൽ ക്രിസ്‌തുവിന്റെ അനുഗാമികൾ തങ്ങളുടെ മതത്തെ ‘മാർഗം’ എന്നാണു തുടക്കത്തിൽ വിളിച്ചിരുന്നത്. അതൊരു ജീവിതരീതിയായിരുന്നു. (പ്രവൃത്തികൾ 9:2) അധികം താമസിയാതെ, അവർക്ക് “ക്രിസ്‌ത്യാനികൾ എന്നു പേർ ഉണ്ടായി.” (പ്രവൃത്തികൾ 11:26) സ്വർഗീയ പിതാവിന്റെ ഇഷ്ടം മനുഷ്യവർഗത്തിനു വെളിപ്പെടുത്തിയ ദൈവപുത്രനാണ് യേശുവെന്നു വിശ്വസിക്കുന്നതായി അവരുടെ ഈ പുതിയ നാമം അർഥമാക്കി. അത്തരമൊരു വിശ്വാസം ചുറ്റുമുണ്ടായിരുന്ന ലോകത്തിന്റേതിൽനിന്നു വിഭിന്നമായ ഒരു ജീവിതരീതി പിന്തുടരാൻ അവരെ പ്രേരിപ്പിച്ചു.
ക്രിസ്‌തുവിന്റെ പഠിപ്പിക്കലുകൾ ബൈബിൾ പറയുന്ന കാര്യങ്ങൾ പിൻപറ്റാൻ അവന്റെ അനുഗാമികളെ പ്രചോദിപ്പിച്ചു. ഗലാത്യർ 5:19-21; എഫെസ്യർ 4:17-24) കൊരിന്ത്യ ക്രിസ്‌ത്യാനികളിൽ ചിലർ മുമ്പ് ഈവക കാര്യങ്ങൾ ചെയ്‌തിരുന്നതായി അപ്പൊസ്‌തലനായ പൗലൊസ് അവരെ ഓർമിപ്പിച്ചു. അതിനുശേഷം അവൻ ഇപ്രകാരം കൂട്ടിച്ചേർത്തു: “എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്‌തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.”—1 കൊരിന്ത്യർ 6:9-11.
അതിന്റെ അർഥം “ദുർന്നടപ്പു, അശുദ്ധി, ദുഷ്‌കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, . . . മദ്യപാനം, വെറിക്കൂത്തു മുതലായവ” അവർ ഒഴിവാക്കി എന്നാണ്. (ക്രിസ്‌ത്യാനിത്വത്തിന്റെ ഉദയം (ഇംഗ്ലീഷ്) എന്ന തന്റെ ഗ്രന്ഥത്തിൽ ചരിത്രകാരനായ ഇ. ഡബ്ലിയു. ബാൻസ് ഇപ്രകാരമെഴുതി: “ക്രിസ്‌തീയ പ്രസ്ഥാനം അതിന്റെ ആദിമ ആധികാരിക രേഖകളിൽ അടിസ്ഥാനപരമായി ധാർമികവും നിയമമനുസരിക്കുന്നതുമായി പ്രതിനിധാനം ചെയ്യപ്പെടുന്നു. അതിന്റെ അംഗങ്ങൾ നല്ല പൗരന്മാരും വിശ്വസ്‌ത പ്രജകളുമായിരിക്കാൻ ആഗ്രഹിച്ചു. പുറജാതി മതത്തിന്റെ കുറ്റങ്ങളും കുറവുകളും അവർ ഒഴിവാക്കി. സ്വകാര്യ ജീവിതത്തിൽ അവർ സമാധാനമുള്ള അയൽക്കാരും വിശ്വസ്‌ത സുഹൃത്തുക്കളുമായിരിക്കാൻ ശ്രമിച്ചു. ഗൗരവമുള്ളവരും സൗമ്യരും പരിശ്രമശാലികളും ശുദ്ധജീവിതം നയിക്കുന്നവരുമായിരിക്കാൻ അവർ അഭ്യസിക്കപ്പെട്ടു. അവർ എങ്ങും നടമാടിയിരുന്ന അഴിമതിയുടെയും കാമാസക്തിയുടെയും മധ്യേ, തങ്ങളുടെ തത്ത്വങ്ങളോടു വിശ്വസ്‌തരായിരുന്നെങ്കിൽ, അവർ പരമാർഥരും സത്യസന്ധരുമായിരുന്നു. അവരുടെ ലൈംഗിക നിലവാരങ്ങൾ ഉയർന്നതായിരുന്നു: വിവാഹബന്ധം ആദരിക്കപ്പെട്ടു, കുടുംബ ജീവിതം നിർമലമായിരുന്നു.” അത്തരം സംഗതികൾ ആദിമ ക്രിസ്‌ത്യാനികളുടെ മുഖമുദ്രകളായിരുന്നു.
ആദിമ ക്രിസ്‌ത്യാനികളെ വേർതിരിച്ചു കാട്ടിയ മറ്റൊരു അടയാളമായിരുന്നു അവരുടെ തീക്ഷ്‌ണമായ സുവിശേഷവേല. ക്രിസ്‌തു തന്റെ അനുഗാമികൾക്കു ഈ കൽപ്പന നൽകി: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, . . . സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:19, 20) ഫ്രാൻസിലെ പാരീസിലുള്ള സോർബോൺ സർവകലാശാലയിലെ ഒരു പ്രൊഫസറായ സ്വാൻ ബെർനാർഡി ഇപ്രകാരം പ്രസ്‌താവിച്ചു: “[ക്രിസ്‌ത്യാനികൾ] എല്ലായിടത്തും പോയി സകലരോടും സംസാരിക്കേണ്ടതുണ്ടായിരുന്നു. പെരുവഴികളിലും നഗരങ്ങളിലും പൊതുചത്വരങ്ങളിലും വീടുകളിലും. സ്വാഗതം ചെയ്യപ്പെട്ടാലും ഇല്ലെങ്കിലും. ദരിദ്രരോടും സ്വത്തുക്കളുടെ പ്രതിബന്ധമുണ്ടായിരുന്ന ധനികരോടും. . . . അവർ കരമാർഗവും കടൽമാർഗവും യാത്ര ചെയ്‌തു ഭൂമിയുടെ അറ്റങ്ങളോളം പോകണമായിരുന്നു.”
സത്യക്രിസ്‌ത്യാനികൾ ഇക്കാലത്ത്
ഒന്നാം നൂറ്റാണ്ടിലെപ്പോലെതന്നെ സത്യക്രിസ്‌ത്യാനികൾ ഇക്കാലത്തും തങ്ങളുടെ വ്യതിരിക്ത ജീവിതരീതിയാൽ തിരിച്ചറിയപ്പെടേണ്ടതാണ്. അക്കാരണത്താൽ, ഇന്ന് യഹോവയുടെ സാക്ഷികൾ ആദിമ ക്രിസ്‌ത്യാനികൾ ഉന്നമിപ്പിച്ച അതേ തത്ത്വങ്ങൾ പിൻപറ്റാൻ പരമാവധി ശ്രമിക്കുന്നു. ബൈബിളിന്റെ പഠിപ്പിക്കലുകളോട് അനുരൂപപ്പെട്ടു ജീവിക്കാൻ അവർ നടത്തുന്ന ശ്രമം മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു.
ഉദാഹരണത്തിന്, ന്യൂ കാത്തലിക് എൻസൈക്ലോപീഡിയ യഹോവയുടെ സാക്ഷികളെ “ലോകത്തിൽ അങ്ങേയറ്റം സത്‌പെരുമാറ്റമുള്ള വിഭാഗങ്ങളിൽ ഒന്നായി” വിശേഷിപ്പിക്കുകയുണ്ടായി. യൂട്ടായിലുള്ള സോൾട്ട് ലേക്ക് സിറ്റിയിലെ ദിനപത്രമായ ദ ഡസെറെറ്റ് ന്യൂസ് സാക്ഷികളെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: “യഹോവയുടെ സാക്ഷികൾ കുടുംബ ഭദ്രതയെ ഉന്നമിപ്പിക്കുകയും ഉത്സാഹികളും സത്യസന്ധരുമായ പൗരന്മാരെ വാർത്തെടുക്കുകയും ചെയ്യുന്നു.” പ്രസ്‌തുത പത്രം ഇപ്രകാരം കൂട്ടിച്ചേർത്തു: “അതിലെ അംഗങ്ങൾ ശക്തമായ ധാർമിക നിയമങ്ങൾ പിൻപറ്റുന്നവരാണ്. പുകവലി, മദ്യപാനം, മയക്കുമരുന്നുപയോഗം, ചൂതാട്ടം, ലൈംഗിക ദുഷ്‌പ്പെരുമാറ്റങ്ങൾ, സ്വവർഗരതി എന്നിവ ദൈവവുമായുള്ള തങ്ങളുടെ ബന്ധത്തെ തകർക്കുന്ന സംഗതികളായി അവർ കണക്കാക്കുന്നു. സത്യസന്ധതയും നല്ല ജോലിശീലങ്ങളുമാണ് അവർ പഠിപ്പിക്കുന്നത്.”
തീക്ഷ്‌ണ സുവിശേഷ ഘോഷകരായുള്ള ഉത്തരവാദിത്വത്തെയും സാക്ഷികൾ ഗൗരവമായെടുക്കുന്നു. ഇതേക്കുറിച്ച് ന്യൂ കാത്തലിക് എൻസൈക്ലോപീഡിയ പറയുന്നു: “സമീപിച്ചുകൊണ്ടിരിക്കുന്ന അവിടുത്തെ രാജ്യത്തെ പ്രഖ്യാപിച്ചുകൊണ്ടു യഹോവക്കു സാക്ഷ്യം നൽകുക എന്നതാണ് ഈ മതവിഭാഗത്തിലെ ഓരോ അംഗത്തിന്റെയും മൗലികമായ കടമ. . . . ഒരു യഥാർഥ സാക്ഷിയായിരിക്കാൻ ഒരുവൻ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഫലപ്രദമായി പ്രസംഗിക്കണം.”
ഒരു സത്യക്രിസ്‌ത്യാനിയെന്നാൽ കേവലം ഏതെങ്കിലും ഒരു ക്രൈസ്‌തവ സഭയുടെ അംഗമായിരിക്കുന്നതല്ല എന്നു വ്യക്തം. വ്യാജക്രിസ്‌ത്യാനികളുടെ വളർച്ചയെക്കുറിച്ചു യേശുതന്നെ മുൻകൂട്ടി പറഞ്ഞു. (മത്തായി 7:22, 23) യേശു പഠിപ്പിച്ചത് പഠിക്കാനും അവ പിൻപറ്റാനും യഹോവയുടെ സാക്ഷികൾ നിങ്ങളെ ക്ഷണിക്കുകയാണ്. അതാണ് ക്രിസ്‌ത്യാനിയെന്നതുകൊണ്ട് അർഥമാക്കുന്നത്. യേശു പിൻവരുംവിധം പറഞ്ഞു: “ഇതു നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്‌താൽ ഭാഗ്യവാന്മാർ.”—യോഹന്നാൻ 13:17.
[അടിക്കുറിപ്പ്]
^ ഖ. 4 യേശുക്രിസ്‌തുവിൽ വിശ്വസിക്കുന്നു എന്ന് അവകാശപ്പെടുന്ന വ്യക്തി അല്ലെങ്കിൽ യേശുവിന്റെ ജീവിതത്തിലും പഠിപ്പിക്കലുകളിലും അധിഷ്‌ഠിതമായ മതം പിന്തുടരുന്ന വ്യക്തി എന്നാണ് ഒരു നിഘണ്ടു ‘ക്രിസ്‌ത്യാനി’ എന്നതിനു നൽകുന്ന നിർവചനം.
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
▪ യേശു ആരെയാണ് തന്റെ സ്‌നേഹിതന്മാർ എന്നു വിളിച്ചത്?—യോഹന്നാൻ 15:14.
▪ സത്യക്രിസ്‌ത്യാനികൾ ഏതുതരം പെരുമാറ്റങ്ങൾ ഒഴിവാക്കണം?—ഗലാത്യർ 5:19-21.
▪ ക്രിസ്‌ത്യാനികൾ ഏതു വേലയിൽ പങ്കെടുക്കണം?—മത്തായി 28:19, 20.
[26-ാം പേജിലെ ചിത്രങ്ങൾ]
ആദിമ ക്രിസ്‌ത്യാനികളെപ്പോലെതന്നെ ഇന്നും സത്യക്രിസ്‌ത്യാനികൾ തീക്ഷ്‌ണതയുള്ള സുവിശേഷ ഘോഷകരാണ്