വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈജിപ്‌റ്റിൽനിന്ന്‌ ലോകമെമ്പാടുമുള്ള നഗരങ്ങളിലേക്ക്‌

ഈജിപ്‌റ്റിൽനിന്ന്‌ ലോകമെമ്പാടുമുള്ള നഗരങ്ങളിലേക്ക്‌

ഈജിപ്‌റ്റിൽനിന്ന്‌ ലോകമെമ്പാടുമുള്ള നഗരങ്ങളിലേക്ക്‌

ഇറ്റലിയിലെ ഉണരുക! ലേഖകൻ

“അവ തങ്ങളുടെ ദേശംകടന്നു ബഹൂദൂരം പോയി അതിമഹത്തായ സംസ്‌കൃതിയുടെ പ്രതിരൂപങ്ങളായി മാറിയിരിക്കുന്നു,” ഇറ്റാലിയൻ മാസികയായ ആർച്ചേവോ പറയുന്നു. അവയിൽ മിക്കവയും നാളുകൾക്കുമുമ്പേ ഈജിപ്‌റ്റ്‌ വിട്ട്‌ ഇസ്റ്റൻബുൾ, ലണ്ടൻ, പാരിസ്‌, റോം, ന്യൂയോർക്ക്‌ എന്നിവിടങ്ങളിൽ എത്തിച്ചേർന്നു. റോമിലെ പ്രശസ്‌തമായ മിക്ക സ്ഥലങ്ങളും അവയാൽ മോടിപിടിപ്പിക്കപ്പെട്ടതാണെന്ന്‌ സന്ദർശകർക്ക്‌ അറിയാവുന്ന കാര്യമാണ്‌. എന്താണ്‌ അവ? സ്‌മാരകസ്‌തംഭങ്ങൾ!

നാലു വശങ്ങളുള്ളതും മുകളിലോട്ടുവരുംതോറും കൂർത്തുവരുന്നതുമായ ഒരു ശിലയാണ്‌ സ്‌മാരകസ്‌തംഭം; ഇതിന്റെ അഗ്രം പിരമിഡിന്റെ ആകൃതിയിലാണ്‌. ഏറ്റവും പഴക്കമുള്ളതായി കണക്കാക്കപ്പെടുന്ന സ്‌മാരകസ്‌തംഭം ഏതാണ്ട്‌ 4,000 വർഷം മുമ്പുള്ളതാണ്‌. ഏറ്റവും പുതിയതിന്‌ ഏകദേശം 2,000 വർഷം പഴക്കമുണ്ടത്രേ!

ചുവന്ന ഗ്രാനൈറ്റാണ്‌ പൊതുവേ ഇവയുടെ നിർമാണത്തിന്‌ ഉപയോഗിച്ചിരുന്നത്‌. പുരാതന ഈജിപ്‌റ്റുകാർ ഇവ ഒറ്റക്കല്ലായി വെട്ടിയെടുത്ത്‌ ക്ഷേത്രങ്ങളുടെയും ശവകുടീരങ്ങളുടെയും മുമ്പാകെ നാട്ടിയിരുന്നു. ചിലതിന്‌ നല്ല ഉയരമുണ്ടായിരുന്നു. ഇപ്പോൾ ഉള്ളതിൽ ഏറ്റവും ഉയരം കൂടിയത്‌ റോമിലാണ്‌; അതിന്‌ 105 അടി ഉയരവും ഏകദേശം 455 ടൺ ഭാരവും ഉണ്ട്‌. മിക്കവയും ചിത്രലിപിയാൽ അലംകൃതവുമാണ്‌.

സൂര്യദേവനായ റായുടെ ആദരസൂചകമായാണ്‌ ഇവ നിർമിച്ചിരുന്നത്‌. ഈജിപ്‌റ്റിലെ ഭരണാധിപന്മാർക്കു റാ നൽകിയ സംരക്ഷണത്തിനും വിജയങ്ങൾക്കുമുള്ള നന്ദിസൂചകമായും അതുപോലെതന്നെ അനുഗ്രഹങ്ങൾക്കുവേണ്ടിയും ആണ്‌ അവ സ്ഥാപിച്ചിരുന്നത്‌. പിരമിഡിൽനിന്നാണ്‌ ഇവയ്‌ക്ക്‌ ഈ രൂപം ലഭിച്ചതെന്നാണു കരുതപ്പെടുന്നത്‌. ഭൂമിക്കു ചൂടും പ്രകാശവും പ്രദാനം ചെയ്യുന്ന സൂര്യകിരണങ്ങളെയാണ്‌ അവ പ്രതീകപ്പെടുത്തുന്നത്‌.

ഫറവോമാരുടെ ബഹുമാനാർഥവും അവ സ്ഥാപിച്ചിരുന്നു. അവയിലെ ആലേഖനങ്ങൾ വ്യത്യസ്‌ത ഈജിപ്‌ഷ്യൻ രാജാക്കന്മാരെ “റായുടെ പ്രിയൻ,” “ആറ്റുമിനെപ്പോലെ . . . സുന്ദരൻ” എന്നൊക്കെ വർണിക്കുന്നു. അസ്‌തമയസൂര്യന്റെ ദേവനാണ്‌ ആറ്റും. ഒരു സ്‌തംഭത്തിൽ ഫറവോമാരിൽ ഒരാളുടെ സൈനിക കഴിവിനെക്കുറിച്ചു ഇങ്ങനെ പറയുന്നു: “അദ്ദേഹത്തിന്റെ ശക്തി [യുദ്ധദേവനായ] മോന്തുവിന്റേതിനും അന്യരാജ്യങ്ങളെ ചവിട്ടിമെതിക്കുകയും വിപ്ലവകാരികളെ നിഗ്രഹിക്കുകയും ചെയ്യുന്ന കാളയുടേതിനും സമാനമാണ്‌.”

ഈജിപ്‌ഷ്യൻ നഗരമായ ജൂനുവിൽ (ബൈബിളിലെ ഓൻ) ആണ്‌ ആദ്യമായി ഇത്തരം സ്‌തംഭങ്ങൾ നാട്ടിയത്‌. ജൂനു എന്ന പേരിന്റെ അർഥം “സ്‌തംഭങ്ങളുടെ നഗരം” എന്നാണെന്നു കരുതപ്പെടുന്നു; ‘സ്‌തംഭങ്ങൾ’ എന്നത്‌ സ്‌മാരകസ്‌തംഭങ്ങളെയായിരിക്കാം പരാമർശിക്കുന്നത്‌. ഗ്രീക്കുകാർ ജൂനുവിനെ ഹെലിയാപെലിസ്‌ എന്നു വിളിച്ചിരുന്നു, “സൂര്യന്റെ നഗരം” എന്നായിരുന്നു അതിനർഥം. കാരണം ഈജിപ്‌റ്റുകാരുടെ സൂര്യാരാധനയുടെ മുഖ്യകേന്ദ്രം അതായിരുന്നു. ഗ്രീക്കിലെ ഹെലിയാപെലിസിനു തത്തുല്യമായ എബ്രായ പേരാണ്‌ “സൂര്യഭവനം” എന്നർഥമുള്ള ബേത്ത്‌-ശേമെശ്‌.

ബൈബിളിലെ പ്രവാചക പുസ്‌തകമായ യിരെമ്യാവിൽ “ഈജിപ്‌തുദേശത്തിലെ ബേത്‌ശെമെശിലുള്ള ചിത്രസ്‌തംഭങ്ങൾ” തകർക്കുന്നതിനെക്കുറിച്ചു പറയുന്നുണ്ട്‌. ഹെലിയാപെലിസിലെ സ്‌തംഭങ്ങളെയായിരിക്കാം ഇതു സൂചിപ്പിക്കുന്നത്‌. അതിനു പിന്നിലെ വിഗ്രഹാരാധനയെ ദൈവം കുറ്റംവിധിച്ചു.​—⁠യിരെമ്യാവു 43:10-13, ഓശാന ബൈബിൾ.

ജനനവും യാത്രയും

ഇവ എപ്രകാരം നിർമിക്കപ്പെട്ടുവെന്നു മനസ്സിലാക്കാൻ സഹായിക്കുന്നതാണ്‌ ഈജിപ്‌റ്റിലെ അസ്വാനിൽ പണിപൂർത്തിയാകാതെ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന വലിയൊരു ശിലാസ്‌തംഭം. ആദ്യപടിയെന്ന നിലയിൽ, സ്‌തംഭം നിർമിക്കാനുതകുന്ന ശിലയുള്ള പ്രദേശം കണ്ടെത്തി അത്‌ തെളിച്ചെടുത്തു. തുടർന്ന്‌ സ്‌തംഭത്തിന്റെ അളവു കണക്കാക്കി ചുറ്റും കുഴികളുണ്ടാക്കി. അതിന്റെ അടിഭാഗം വിട്ടുകിട്ടുന്നതുവരെ അവർ ദ്വാരങ്ങൾ ഉണ്ടാക്കി അവയിൽ തടിക്കഷണങ്ങൾ നിറച്ചു. ഏകദേശം 1,170 ടൺ ഭാരം വരുന്ന ആ ശില നൈൽവരെ കൊണ്ടുവന്ന്‌ പത്തേമാരിയിൽ കയറ്റി ഉദ്ദിഷ്ട സ്ഥാനത്ത്‌ എത്തിക്കേണ്ടതായിരുന്നു; പുരാതന ഈജിപ്‌റ്റുകാർ ഉണ്ടാക്കിയവയിൽ ഏറ്റവും ഭാരം കൂടിയതായിരിക്കുമായിരുന്നു അത്‌.

പക്ഷേ, ആ സ്‌തംഭം കേടുപോക്കാനാവാത്തവിധം വിള്ളലേറ്റതായി തിരിച്ചറിഞ്ഞ പണിക്കാർ ആ സ്ഥിതിയിൽ ഉപേക്ഷിക്കുകയാണുണ്ടായത്‌. പണി പൂർത്തിയായിരുന്നെങ്കിൽ, അതിന്‌ 137 അടി ഉയരം ഉണ്ടായിരിക്കുമായിരുന്നു, ചുവട്ടിൽ ഓരോ വശത്തിനും 13 അടി വീതിയും. ഇത്തരം സ്‌തംഭങ്ങൾ നിവർത്തിയത്‌ എങ്ങനെയെന്നത്‌ ഇന്നും അജ്ഞാതമാണ്‌.

ഈജിപ്‌റ്റിൽനിന്ന്‌ റോമിലേക്ക്‌

പൊതുയുഗത്തിനുമുമ്പ്‌ 30-ൽ ഈജിപ്‌റ്റ്‌ ഒരു റോമൻ പ്രവിശ്യയായിത്തീർന്നു. അഭിമാന സൂചകമായ ഇത്തരം സ്‌മാരകശിലകൾകൊണ്ട്‌ തങ്ങളുടെ തലസ്ഥാനനഗരിയുടെ പ്രൗഢി കൂട്ടുന്നതിനായി പല റോമൻ ചക്രവർത്തിമാരും ആഗ്രഹിച്ചിരുന്നു; 50-ഓളം സ്‌തംഭങ്ങൾ അതിനായി റോമിലേക്കു കൊണ്ടുവന്നിട്ടുണ്ടത്രേ! അവ കൊണ്ടുപോകുന്നതിനു വേണ്ടിത്തന്നെ വലിയ പത്തേമാരികൾ നിർമിക്കണമായിരുന്നു. റോമിൽ അവ സ്ഥാപിച്ചതിനുശേഷവും സൂര്യാരാധനയുമായി ബന്ധപ്പെട്ടുള്ള അതിന്റെ ഉപയോഗം തുടർന്നു.

റോമാ സാമ്രാജ്യം വീണപ്പോൾ റോം കൊള്ളയടിക്കപ്പെട്ടു. അവിടെയുണ്ടായിരുന്ന സ്‌തംഭങ്ങളിൽ മിക്കവയും നിലംപൊത്തി, അവ വിസ്‌മൃതിയിലാണ്ടു. എന്നാൽ, പല പാപ്പാമാരും പുരാതന നഗരാവശിഷ്ടങ്ങളിൽനിന്ന്‌ ഈ സ്‌തംഭങ്ങളെ പുനരുദ്ധരിക്കുന്നതിൽ താത്‌പര്യം കാണിച്ചു. പ്രസ്‌തുത സ്‌തംഭങ്ങൾ, “ഈജിപ്‌ഷ്യൻ രാജാക്കന്മാർ സൂര്യദേവനു സമർപ്പിച്ചിരുന്ന”തായും ഒരിക്കൽ അവ, “വിശുദ്ധകാര്യങ്ങളെ തുച്ഛീകരിക്കുന്ന പുറജാതി ക്ഷേത്രങ്ങൾക്ക്‌ നിരർഥക പ്രതാപം നേടിക്കൊടുത്ത”തായും റോമൻ കത്തോലിക്കാ സഭ സമ്മതിച്ചു പറഞ്ഞിട്ടുണ്ട്‌.

സിക്‌സ്റ്റസ്‌ അഞ്ചാമന്റെ ഭരണകാലത്തായിരുന്നു ആദ്യമായി ഈ സ്‌തംഭങ്ങൾ പുനരുദ്ധരിച്ചത്‌. അനുഗ്രഹവർഷവും ആനാംവെള്ളം തളിക്കലും ധൂപംകാട്ടലും ബാധയൊഴിപ്പിക്കലും അതിനോടനുബന്ധിച്ചു നടന്നു. വത്തിക്കാനിലെ സ്‌തംഭത്തിന്റെ മുന്നിൽവെച്ച്‌ ഒരു ബിഷപ്പ്‌ ഇപ്രകാരം പാടി: “വിശുദ്ധ കുരിശിനെ വഹിക്കാനും സകലവിധ പുറജാതിയ അശുദ്ധിയും മതപരമായ സകല തിന്മയും പോക്കി നിർമലമായി നിലകൊള്ളാനുമായി ഞാൻ നിന്റെ ബാധയൊഴിപ്പിക്കുന്നു.”

സ്‌മാരകസ്‌തംഭങ്ങൾ നിർമിക്കാനും മറ്റു സ്ഥലങ്ങളിൽ എത്തിക്കാനും നിവർത്തി നിറുത്താനും എത്രത്തോളം വൈഭവം വേണ്ടിവന്നെന്ന്‌ ഇന്ന്‌ റോമിലെത്തുന്ന ഒരു സന്ദർശകൻ ചിന്തിച്ചുപോയില്ലെങ്കിലേ അതിശയമുള്ളൂ. സൂര്യാരാധനയ്‌ക്കായി ഉപയോഗിച്ചിരുന്ന അവ ഇപ്പോൾ പാപ്പാമാരുടെ നഗരത്തിന്റെ അലങ്കാരമാണെന്നതും അദ്ദേഹത്തെ അതിശയിപ്പിച്ചേക്കാം​—⁠വിചിത്രമെന്നല്ലാതെ എന്തുപറയാൻ!

[15-ാം പേജിലെ ചിത്രം]

ലക്‌സോർ, ഈജിപ്‌റ്റ്‌

[15-ാം പേജിലെ ചിത്രം]

റോം

[15-ാം പേജിലെ ചിത്രം]

ന്യൂയോർക്ക്‌

[15-ാം പേജിലെ ചിത്രം]

പാരിസ്‌