എന്തിനാണ് എപ്പോഴും എന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത്?
യുവജനങ്ങൾ ചോദിക്കുന്നു . . .
എന്തിനാണ് എപ്പോഴും എന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത്?
“മാതാപിതാക്കളും അധ്യാപകരും എന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ എനിക്കു ഭ്രാന്തുപിടിക്കുന്നു.”—മീയ. *
“അവളെപ്പോലെ ആയിരിക്കാനാണ് എന്റെയും ആഗ്രഹം. അതുകൊണ്ടുതന്നെ അവളുമായി താരതമ്യം ചെയ്യപ്പെടുമ്പോൾ എന്നെ ഒന്നിനും കൊള്ളില്ല എന്ന തോന്നൽ ഉളവാകുന്നു.”—ഏപ്രിൽ.
കണക്കിൽ ‘നീ അവളെ കണ്ടു പഠിക്ക്’ എന്നു പറഞ്ഞ് അധ്യാപികയുടെ വക ശകാരം. വീട്ടിലാണെങ്കിലോ, ‘നീ ചേച്ചിയെ നോക്ക്, അവൾ എത്ര വൃത്തിയായിട്ടാണു നടക്കുന്നത്’ എന്ന് അമ്മ. “നിന്റെയൊക്കെ പ്രായത്തിൽ നിന്റെ അമ്മ എത്ര സുന്ദരിയായിരുന്നെന്നോ!” എന്ന് മറ്റൊരാൾ. അതു കേൾക്കുമ്പോൾ ‘എന്താ, എന്നെ കാണാൻ കൊള്ളില്ലേ’ എന്നോർത്ത് നിങ്ങൾ വിഷമിച്ചേക്കാം. “എന്തിനാണ് എന്നെ എപ്പോഴും മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത്? എനിക്ക് എന്റേതായ ഒരു വ്യക്തിത്വം ഇല്ലേ?”
എന്തുകൊണ്ടാണ് താരതമ്യം ചെയ്യപ്പെടുന്നത് ഇത്രമാത്രം വ്രണപ്പെടുത്തുന്നത്? അതുകൊണ്ട് എന്തെങ്കിലും നേട്ടം ഉണ്ടോ? ആളുകൾ നിങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
മുറിപ്പെടുത്തുന്ന താരതമ്യം
ആരെങ്കിലും താരതമ്യപ്പെടുത്തി സംസാരിക്കുമ്പോൾ പലപ്പോഴും അത് ‘ചങ്കിൽ കുത്തുന്ന’ അനുഭവമായിരിക്കാം. മിക്കപ്പോഴും നിങ്ങൾക്കു നിങ്ങളെക്കുറിച്ചുതന്നെ തോന്നുന്ന കാര്യമായിരിക്കും മറ്റുള്ളവർ ഉറക്കെപ്പറയുന്നത്. ഉദാഹരണത്തിന് ബെക്കി പറയുന്നത് ശ്രദ്ധിക്കുക. “സ്‌കൂളിലെ സർവസമ്മതരായ കുട്ടികളെ കാണുമ്പോൾ, ‘ഞാനും അവരെപ്പോലെ ആയിരുന്നെങ്കിൽ ആളുകൾ എന്നെയും ഇഷ്ടപ്പെട്ടേനെ’ എന്നു ഞാൻ ചിന്തിക്കാറുണ്ട്.”
ഇത്തരത്തിലുള്ള ഒരു അരക്ഷിതബോധത്തിന് ഇടയാക്കുന്നത് എന്താണ്? നിങ്ങൾക്കു സംഭവിക്കുന്ന ശാരീരികവും വൈകാരികവും മാനസികവും ആയ മാറ്റങ്ങളായിരിക്കാം അതിനു കാരണം. ദ്രുതഗതിയിലുള്ള ശാരീരിക വ്യതിയാനങ്ങൾക്കു നിങ്ങൾ വിധേയനാകുന്നുണ്ടാകാം. മാതാപിതാക്കളുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ സങ്കീർണമാകുന്നു. എതിർലിംഗത്തിൽപ്പെട്ടവരോടുള്ള നിങ്ങളുടെ മനോഭാവത്തിനും വലിയ മാറ്റം സംഭവിച്ചിട്ടുണ്ടാകാം. ‘എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ,’ നിങ്ങൾ വിഷമിച്ചേക്കാം.
ഇതു കണ്ടുപിടിക്കാനുള്ള മാർഗം എന്താണെന്നാണു നിങ്ങൾ കരുതുന്നത്? ഒരുപക്ഷേ സമപ്രായക്കാരുമായി നിങ്ങളെത്തന്നെ താരതമ്യം ചെയ്യുന്നതാണോ? ഇവിടെയാണ് കെണി! നിങ്ങളെക്കാൾ മെച്ചമായി അവർ മാറ്റങ്ങളോടു പൊരുത്തപ്പെടുന്നതായി തോന്നുന്നെങ്കിൽ അരക്ഷിതബോധം തോന്നുക സ്വാഭാവികമാണ്. അപ്പോഴാണ് ആരെങ്കിലും ഇങ്ങനെ ചോദിക്കുന്നത്, ‘നിനക്ക് എന്തുകൊണ്ട് ഇന്നയാളെപ്പോലെ ആയിക്കൂടാ?’ അതോടെ നിങ്ങളുടെ ഭയം, ‘എന്തോ കുഴപ്പമുണ്ട്’ എന്ന തോന്നൽ, സ്ഥിരീകരിക്കപ്പെടുന്നതുപോലെ തോന്നുന്നു.
താരതമ്യങ്ങൾ മുറിപ്പെടുത്തുന്നതിന്റെ മറ്റൊരു കാരണം ഏപ്രിൽ ചൂണ്ടിക്കാട്ടുന്നു. “ആളുകൾ നിങ്ങളെ മറ്റുള്ളവരുമായി, വിശേഷാൽ നിങ്ങൾക്ക്
അടുപ്പമുള്ളവരുമായി, താരതമ്യപ്പെടുത്തുമ്പോൾ അത് അസൂയയും നീരസവും ഉളവാക്കിയേക്കാം.” മീയയും അതിനോടു യോജിക്കുന്നു. മാതാപിതാക്കളും അധ്യാപകരും തന്നെ എപ്പോഴും ചേച്ചിയുമായി താരതമ്യം ചെയ്യുന്നതായി അവൾക്ക് അനുഭവപ്പെട്ടു. മീയ പറയുന്നു: “എന്റെ പ്രായത്തിൽ ചേച്ചി കൈവരിച്ച നേട്ടങ്ങളെപ്പറ്റിയെല്ലാം അവർ എന്നെ പറഞ്ഞു കേൾപ്പിക്കും.” ഫലമോ? “ചേച്ചിയുമായി ഒരു മത്സരത്തിലാണെന്ന തോന്നലായിരുന്നു എനിക്ക്. ചിലപ്പോഴൊക്കെ അവളോടു വല്ലാത്ത ദേഷ്യവും തോന്നി.”താരതമ്യങ്ങൾക്ക് തീർച്ചയായും മോശം ഫലങ്ങൾ ഉളവാക്കാനാകും. യേശുവിന്റെ അടുത്ത സുഹൃത്തുക്കൾക്കു സംഭവിച്ചതുതന്നെ അതിനൊരു തെളിവാണ്. അവന്റെ മരണത്തിനു തൊട്ടു മുമ്പുള്ള സായാഹ്നത്തിൽ അപ്പൊസ്‌തലന്മാരുടെ ഇടയിൽ “ആരെ ആകുന്നു വലിയവനായി എണ്ണേണ്ടത്” എന്നതു സംബന്ധിച്ച് ‘ഒരു തർക്കം’ ഉണ്ടായി. പരസ്‌പരം താരതമ്യം ചെയ്‌തതിന്റെ ഫലമായിരുന്നു അത്. (ലൂക്കൊസ് 22:24) ചില താരതമ്യങ്ങൾ ദോഷം ചെയ്യും എന്നതിനു സംശയമില്ല. എന്നാൽ എല്ലാ താരതമ്യങ്ങളും അങ്ങനെയാണോ?
പ്രയോജനപ്രദമായ താരതമ്യങ്ങൾ
ദാനീയേലിനെയും മൂന്ന് എബ്രായ കൂട്ടാളികളെയും സംബന്ധിച്ച ബൈബിൾ വിവരണം ഒന്നു പരിചിന്തിക്കുക. ന്യായപ്രമാണം വിലക്കിയിരുന്ന ചില ഭക്ഷ്യവസ്‌തുക്കൾ ബാബിലോണിയൻ രാജഭോജനത്തിന്റെ ഭാഗമായിരുന്നു. അതു കഴിക്കാൻ ആ യുവാക്കൾ വിസമ്മതിച്ചു. (ലേവ്യപുസ്‌തകം 11:4-8) അവരുടെ സംരക്ഷണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനോട് ഒരു പരീക്ഷണം നടത്തി നോക്കാൻ ദാനീയേൽ അഭ്യർഥിച്ചു. അവന്റെ നിർദേശം ഇതായിരുന്നു, ‘പത്തു ദിവസത്തേക്ക് ഞങ്ങൾ നാലു പേരും ന്യായപ്രമാണം അനുവദിച്ചിരിക്കുന്ന ആഹാരം മാത്രം ഭക്ഷിക്കും. അതിനുശേഷം താങ്കൾ ഞങ്ങളെയും രാജധാനിയിലുള്ള മറ്റു യുവാക്കളെയും തമ്മിൽ താരതമ്യം ചെയ്‌തു നോക്കൂ.’ എന്തായിരുന്നു ഫലം?
ബൈബിൾ വിശദീകരിക്കുന്നു: “പത്തു ദിവസം കഴിഞ്ഞശേഷം അവരുടെ [എബ്രായ ബാലന്മാരുടെ] മുഖം രാജഭോജനം കഴിച്ചുവന്ന സകലബാലന്മാരുടേതിലും അഴകുള്ളതും അവർ മാംസപുഷ്ടിയുള്ളവരും എന്നു കണ്ടു.” (ദാനീയേൽ 1:6-16) എന്തായിരുന്നു കാരണം? ദാനീയേലിനും കൂട്ടാളികൾക്കും മറ്റു യുവാക്കളെ അപേക്ഷിച്ച് എന്തെങ്കിലും വിശേഷത ഉണ്ടായിരുന്നതുകൊണ്ടല്ല, മറിച്ച് അവർ ന്യായപ്രമാണം അനുസരിച്ചതുകൊണ്ടായിരുന്നു.
ആ എബ്രായ യുവാക്കളുടേതിനോടു സമാനമായ ഒരു സാഹചര്യത്തിലാണോ നിങ്ങൾ? ബൈബിളിലെ ധാർമിക നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുമ്പോൾ തീർച്ചയായും നിങ്ങൾ മറ്റു യുവാക്കളിൽനിന്നും വ്യത്യസ്‌തരായിരിക്കും. ഇത് ഉൾക്കൊള്ളാനാകാത്ത ചിലർ നിങ്ങളെ അധിക്ഷേപിച്ചെന്നു വരാം. (1 പത്രൊസ് 4:3, 4) എന്നാൽ മറ്റുചിലരാകട്ടെ, നിങ്ങളുടെ നല്ല പെരുമാറ്റം കണ്ടിട്ട് യഹോവയെക്കുറിച്ചു പഠിക്കാൻപോലും പ്രേരിതരായേക്കാം. (1 പത്രൊസ് 2:12) ഇത്തരത്തിലുള്ള താരതമ്യങ്ങൾക്ക് സത്‌ഫലങ്ങൾ ഉളവാക്കാനാകും.
മറ്റൊരു രീതിയിലും താരതമ്യങ്ങൾ പ്രയോജനം ചെയ്യുന്നു. ഉദാഹരണത്തിന് വീട്ടുജോലികളൊക്കെ നിങ്ങൾ നന്നായി ചെയ്യുന്നുണ്ട് എന്നായിരിക്കാം നിങ്ങൾ ചിന്തിക്കുന്നത്, ചുരുങ്ങിയപക്ഷം നിങ്ങളുടെ സഹോദരങ്ങളോടുള്ള താരതമ്യത്തിലെങ്കിലും. എന്നാൽ മാതാപിതാക്കളുടെ അഭിപ്രായം അതായിരിക്കണമെന്നില്ല. ഒരു ബൈബിൾ കഥാപാത്രത്തിന്റെ ദൃഷ്ടാന്തം ഉപയോഗിച്ച് അവർ നിങ്ങളെ തിരുത്താൻ ശ്രമിച്ചേക്കാം. നിങ്ങളുടെ മനോഭാവങ്ങളും പ്രവൃത്തികളും ആ കഥാപാത്രത്തിന്റേതുമായി ഒത്തു നോക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ആയിരിക്കാം അവർ അതു ചെയ്യുന്നത്.
ദൃഷ്ടാന്തത്തിന് ശിഷ്യന്മാർ യേശുവിനെ കർത്താവെന്നും ഗുരുവെന്നും വിളിച്ചിരുന്നെങ്കിലും അവൻ മനസ്സോടെ അവരുടെ കാലുകൾ കഴുകിയതായി മാതാപിതാക്കൾ നിങ്ങളെ ഓർമിപ്പിച്ചേക്കാം. (യോഹന്നാൻ 13:12-15) യേശുവിന്റെ താഴ്‌മയും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സൊരുക്കവും അനുകരിക്കാൻ അവർ നിങ്ങളെ പ്രോത്സാഹിപ്പിച്ചേക്കാം. വാസ്‌തവത്തിൽ പ്രായഭേദമെന്യേ എല്ലാ ക്രിസ്‌ത്യാനികളും യേശുവുമായി തങ്ങളെ നിരന്തരം താരതമ്യംചെയ്‌തു നോക്കാനും “അവന്റെ കാൽച്ചുവടു പിന്തുടരുവാ”നും ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (1 പത്രൊസ് 2:21) ഇത്തരം താരതമ്യം താഴ്‌മയുള്ളവരായിരിക്കാനും യഹോവയ്‌ക്കു പ്രസാദകരമായ ഒരു വ്യക്തിത്വം വളർത്തിയെടുക്കാനും നമ്മെ സഹായിക്കും.
വിജയകരമായി നേരിടാം
കൂടെപ്പിറപ്പുകളുമായോ സമപ്രായക്കാരുമായോ നിങ്ങളെ താരതമ്യം ചെയ്യുന്നത് നിങ്ങളെ അസ്വസ്ഥരും നിരാശിതരും ആക്കിയേക്കാം. അത്തരമൊരു സാഹചര്യത്തെ നിങ്ങൾക്ക് എങ്ങനെ വിജയകരമായി നേരിടാം? “വിവേകബുദ്ധിയാൽ മനുഷ്യന്നു ദീർഘക്ഷമവരുന്നു,” ജ്ഞാനിയായ ശലോമോൻ രാജാവ് പറഞ്ഞു. (സദൃശവാക്യങ്ങൾ ) വിവേകബുദ്ധി എങ്ങനെയാണ് ഒരുവനെ സഹായിക്കുന്നത്? നിങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിലും അധ്യാപകരോ മാതാപിതാക്കളോ നിങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ സാധ്യതയനുസരിച്ച് നിങ്ങളുടെ നന്മയാണ് അവരുടെ മനസ്സിലുള്ളത്. കാത്തി പറയുന്നു: “ആരെങ്കിലും എന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ എന്നോടുതന്നെ ചോദിക്കും, ‘എന്തിനായിരിക്കും അവർ അങ്ങനെ പറയുന്നത്?’” കാര്യങ്ങളുടെ നല്ല വശം കാണാൻ ശ്രമിക്കുമ്പോൾ നീരസപ്പെടാനോ നിരുത്സാഹിതയാകാനോ ഉള്ള സാധ്യത കുറവാണെന്ന് കാത്തി കണ്ടെത്തി. 19:11
നിങ്ങളെ ആരെങ്കിലും നിരന്തരം താരതമ്യം ചെയ്യുകയാണെങ്കിലോ? മാതാപിതാക്കൾ നിങ്ങളുടെ കൂടെപ്പിറപ്പുമായി നിങ്ങളെ എപ്പോഴും താരതമ്യം ചെയ്യുന്നതായി തോന്നുന്നെങ്കിലെന്ത്? ഇതു നിങ്ങൾക്ക് എത്രമാത്രം വേദനയുളവാക്കുന്നുവെന്ന് ആദരപൂർവം അവരോടു പറയുക. ഇത്തരം താരതമ്യങ്ങൾ നിങ്ങളെ മാനസികവും വൈകാരികവുമായി എങ്ങനെ ബാധിക്കുന്നുവെന്ന് അവർ തിരിച്ചറിയുന്നില്ലായിരിക്കും.
എന്നാൽ ഒരു കാര്യം ഓർക്കുക, ‘മിണ്ടാതിരിപ്പാൻ ഒരു കാലവും സംസാരിപ്പാൻ ഒരു കാലവും’ ഉണ്ട്. (സഭാപ്രസംഗി 3:7) ആരെങ്കിലും ഇനി നിങ്ങളെ താരതമ്യപ്പെടുത്തിയാൽ പൊട്ടിത്തെറിക്കാതെ മനസ്സു ശാന്തമാകുന്നതുവരെ കാത്തിരിക്കുക. അതിനുശേഷം അവരോടു തുറന്നു സംസാരിക്കുക. അങ്ങനെയാകുമ്പോൾ നിങ്ങൾക്ക് അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താനാകും.—സദൃശവാക്യങ്ങൾ 16:23.
സ്വന്തം കഴിവുകളെക്കുറിച്ചുള്ള അവബോധം മിക്കപ്പോഴും ഇത്തരം താരതമ്യങ്ങൾ ഉളവാക്കുന്ന വേദന ലഘൂകരിക്കും. അപ്പൊസ്‌തലനായ പൗലൊസ് തിമൊഥെയൊസിനെ ഇങ്ങനെ ഉപദേശിച്ചു: “ആരും നിന്റെ യൌവനം തുച്ഛീകരിക്കരുത്.” (1 തിമൊഥെയൊസ് 4:12) ഒരു ക്രിസ്‌തീയ മേൽവിചാരകനായി നിയമിതനായപ്പോൾ തിമൊഥെയൊസ് താരതമ്യേന ചെറുപ്പമായിരുന്നു. അതുകൊണ്ടുതന്നെ ചിലരെങ്കിലും അവനെ പ്രായവും അനുഭവപരിചയവും ഉള്ളവരുമായി പ്രതികൂലമായി താരതമ്യം ചെയ്‌തിരിക്കാൻ ഇടയുണ്ട്. എന്നാൽ അതിൽ യാതൊരു കഴമ്പും ഇല്ലായിരുന്നു. ചെറുപ്പമായിരുന്നെങ്കിലും പൗലൊസിനോടൊപ്പം നടത്തിയ യാത്രകളിലൂടെ അവൻ വളരെയധികം അനുഭവപരിചയം നേടിയിരുന്നു. ദൈവവചനം ഫലകരമായി ഉപയോഗിക്കാനും അവന് അറിയാമായിരുന്നു. തന്റെ ആത്മീയ സഹോദരങ്ങളോട് അവൻ ആത്മാർഥമായ കരുതൽ പ്രകടമാക്കുകയും ചെയ്‌തിരുന്നു.—1 കൊരിന്ത്യർ 4:17; ഫിലിപ്പിയർ 2:19, 20.
അടുത്തപ്രാവശ്യം ആരെങ്കിലും നിങ്ങളെ പ്രതികൂലമായി താരതമ്യംചെയ്യുമ്പോൾ സ്വയം ചോദിക്കുക: ‘ആ വിമർശനത്തിൽ എന്തെങ്കിലും കഴമ്പുണ്ടോ?’ പറഞ്ഞതിൽ അൽപ്പമെങ്കിലും സത്യം ഉണ്ടെങ്കിൽ അത് അംഗീകരിക്കുക. എന്നാൽ “നിനക്ക് എന്തുകൊണ്ട് നിന്റെ ജ്യേഷ്‌ഠനെപ്പോലെ ആയിക്കൂടാ?” എന്നതുപോലുള്ള ഒഴുക്കൻ മട്ടിലുള്ള താരതമ്യമാണെങ്കിലോ? അതിന് അർഹിക്കുന്ന പരിഗണന മാത്രം കൊടുക്കുക. എന്നിട്ട് അതിന്റെ നല്ലവശം കാണാൻ പരമാവധി ശ്രമിക്കുക.
അപൂർണനായ മറ്റൊരു വ്യക്തിയുമായി താരതമ്യം ചെയ്‌തുകൊണ്ടല്ല യഹോവയാം ദൈവം നിങ്ങളുടെ മൂല്യം നിർണയിക്കുന്നത്. (ഗലാത്യർ 6:4) ബാഹ്യപ്രകൃതിക്ക് അനുസൃതമായി നമ്മെ വിലയിരുത്താതെ യഹോവ നമ്മുടെ ഹൃദയവിചാരങ്ങൾ മനസ്സിലാക്കുന്നു. (1 ശമൂവേൽ 16:7) തീർച്ചയായും നിങ്ങൾ ഇപ്പോൾ ആരാണെന്നു മാത്രമല്ല ഏതുതരം വ്യക്തയായിത്തീരാൻ ശ്രമിക്കുന്നു എന്നതും യഹോവ കാണുന്നു. (എബ്രായർ 4:12, 13) നിങ്ങൾക്ക് തെറ്റുകളും കുറ്റങ്ങളും ഒക്കെ ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ നിങ്ങളിലുള്ള നന്മ കാണാൻ അവൻ ശ്രമിക്കുന്നു. (സങ്കീർത്തനം 130:3, 4) ഈ വസ്‌തുതകൾ മനസ്സിൽപ്പിടിക്കുന്നത് താരതമ്യം ചെയ്യപ്പെടുമ്പോൾ വിജയകരമായി അതിനെ നേരിടാൻ നിങ്ങളെ സഹായിക്കും.
“യുവജനങ്ങൾ ചോദിക്കുന്നു . . . ” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്.
ചിന്തിക്കാൻ:
▪ ഏതുതരം താരതമ്യപ്പെടുത്തലുകളാണ് നിങ്ങളെ അലോസരപ്പെടുത്തുന്നത്?
▪ മാതാപിതാക്കൾ നിങ്ങളെ മറ്റുള്ളവരുമായി നിരന്തരം താരതമ്യപ്പെടുത്തുമ്പോൾ ആ സാഹചര്യത്തെ നിങ്ങൾ എങ്ങനെ നേരിടും?
[അടിക്കുറിപ്പ്]
^ ഖ. 3 പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്.
[12-ാം പേജിലെ ആകർഷക വാക്യം]
“ആരെങ്കിലും എന്നെ ബുദ്ധിയുപദേശിക്കുമ്പോൾ, ‘നീ ഇന്നയാളെപ്പോലെ ആയിരിക്കണം’ എന്നു പറയുന്നതിനു പകരം, ആദ്യം എന്റെ നല്ല ഗുണങ്ങളുടെ പേരിൽ എന്നെ അഭിനന്ദിക്കുകയും തുടർന്ന് ബലഹീനവശങ്ങൾ സ്‌നേഹപൂർവം ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യുന്നതാണ് എനിക്കിഷ്ടം.”—നതാലി
[13-ാം പേജിലെ ചിത്രം]
താരതമ്യപ്പെടുത്തലുകൾ നിങ്ങളെ എത്രമാത്രം വേദനിപ്പിക്കുന്നുവെന്ന് ആദരപൂർവം വിശദീകരിക്കുക