വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കലയെയും വെല്ലുന്നത്‌

കലയെയും വെല്ലുന്നത്‌

കലയെയും വെല്ലുന്നത്‌

റാക്കെൽ കോയ്‌വിസ്റ്റോ പറഞ്ഞപ്രകാരം

രണ്ടാം ലോകമഹായുദ്ധത്തിൽ മരിച്ചവരുടെ ബഹുമാനാർഥം ഒരു സ്‌മാരകം പണിയുന്നതിനെക്കുറിച്ചുള്ള എന്റെ ആശയം ദേശീയ പുരസ്‌കാരം നേടി. 1950-ലായിരുന്നു അത്‌. പക്ഷേ എന്റെ മനസ്സിൽ കുരുത്ത, ഗ്രാനൈറ്റിൽ തീർത്ത ആ സ്‌മാരകം പിറ്റേ വർഷം ഫിൻലൻഡിലെ റ്റൂസൂലായിൽ ഔപചാരികമായി അനാച്ഛാദനം ചെയ്യപ്പെട്ടപ്പോൾ അതിനു സാക്ഷ്യം വഹിക്കാൻ ഞാൻ ഉണ്ടായിരുന്നില്ല. കാരണം എന്താണെന്നല്ലേ? പറയാം.

തെക്കൻ ഫിൻലൻഡിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ 1917-ലാണ്‌ ഞാൻ ജനിച്ചത്‌, എട്ടു മക്കളിൽ ഇളയവളായി. പാവങ്ങളായിരുന്നെങ്കിലും സന്തോഷവും സുരക്ഷിതത്വവും നിറഞ്ഞ ജീവിതമായിരുന്നു ഞങ്ങളുടേത്‌. മാതാപിതാക്കൾ ന്യായബോധമുള്ളവരും ആശ്രയയോഗ്യരുമായിരുന്നു; ദൈവഭയമുണ്ടായിരുന്ന അവർ ആത്മീയ കാര്യങ്ങളെ വിലമതിക്കാൻ ഞങ്ങളെ പഠിപ്പിച്ചു. ഡാഡി വാങ്ങിയ ഒരു ബൈബിൾ നിധിപോലെയാണ്‌ വീട്ടിൽ സൂക്ഷിച്ചിരുന്നത്‌.

കുട്ടിയായിരിക്കെ ഞാൻ കൊച്ചുശിൽപ്പങ്ങൾ തടിയിൽ കൊത്തുമായിരുന്നു. എന്റെ ബന്ധുക്കൾക്ക്‌ അതു നന്നേ ഇഷ്ടപ്പെട്ടു; അതുകൊണ്ട്‌ കല പഠനവിഷയമാക്കാൻ അവർ എന്നെ പ്രോത്സാഹിപ്പിച്ചു. ഒടുവിൽ, ഹെൽസിങ്കിയിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ ഇൻഡസ്‌ട്രിയൽ ആർട്‌സിൽ എനിക്ക്‌ അഡ്‌മിഷൻ കിട്ടി. ഫിന്നിഷ്‌ കലയുടെ ജീവനാഡിയായിരുന്ന ആ വമ്പൻസ്‌കൂളും അവിടത്തെ അന്തരീക്ഷവും വെറുമൊരു നാടൻപെണ്ണായിരുന്ന എന്നെ വല്ലാതെ ആകർഷിച്ചു. ഞാനാകെ മതിമറന്നുപോയി. 1947-ൽ ബിരുദം നേടിയപ്പോൾ അനശ്വരമായ ഒന്ന്‌ ഈ ലോകത്തിനു നൽകാൻ കഴിയുമല്ലോ എന്ന ചിന്തയായിരുന്നു എനിക്ക്‌.

ജീവിതത്തിലെ ഒരു വഴിത്തിരിവ്‌

പെട്ടെന്നാണ്‌ എന്റെ ലക്ഷ്യങ്ങൾ അപ്പാടെ മാറിമറിഞ്ഞത്‌. ഒരു ദിവസം ചേച്ചി ഔൺ എന്റെ അടുത്തുവന്നിട്ട്‌ “ഞാൻ സത്യം കണ്ടെത്തി!” എന്ന്‌ എന്നോടു പറഞ്ഞു. വലിയ ആവേശത്തോടെയാണ്‌ ചേച്ചി അതു പറഞ്ഞത്‌. യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ദൈവം സത്യവാൻ എന്ന പുസ്‌തകം ചേച്ചിക്കു കിട്ടിയിരുന്നു. ഞാനതത്ര കാര്യമായി എടുത്തില്ല. എന്നാൽ അധികം താമസിയാതെ യൂണിവേഴ്‌സിറ്റിയിൽ എന്നോടൊപ്പം പഠിച്ചിരുന്ന ഒരു കുട്ടിയുടെ കയ്യിൽ അതേ പുസ്‌തകം ഞാൻ ശ്രദ്ധിച്ചു. ഞാൻ അതിനെ തുച്ഛീകരിച്ചപ്പോൾ ദേഷ്യത്തോടെ അവൾ പറഞ്ഞു: “ചിരിക്കേണ്ട! ബൈബിൾ മനസ്സിലാക്കാൻ ഈ പുസ്‌തകം നിന്നെ സഹായിക്കും.” ഞാൻ ആ പുസ്‌തകം വാങ്ങി. ഒറ്റയിരുപ്പിന്‌ അതു മുഴുവൻ വായിച്ചു തീർത്തു. പിന്നീട്‌ ഞാനതിനെ പരിഹസിച്ചില്ല; സാക്ഷികളുടെ പക്കൽ സത്യമുണ്ടെന്ന്‌ ഞാൻ ഉറപ്പിച്ചു. കലയ്‌ക്ക്‌ നൽകാൻ കഴിയാത്ത ഒന്നാണ്‌ യഹോവയാം ദൈവം വാഗ്‌ദാനം ചെയ്യുന്നതെന്നും എനിക്കു മനസ്സിലായി​—⁠നിത്യജീവൻ.

യഹോവയുടെ സാക്ഷികളെ ഞാൻ ആദ്യമായി പരിചയപ്പെട്ടപ്പോൾ അവർ എന്നെ യോഗത്തിനു ക്ഷണിച്ചില്ല. അതിനാൽ യോഗങ്ങൾ അംഗങ്ങൾക്കു മാത്രമുള്ളതാണെന്നാണ്‌ ഞാൻ കരുതിയത്‌. അതുകൊണ്ട്‌ എനിക്കും വരാമോ എന്നു ഞാൻ ചോദിച്ചു. ക്രിസ്‌തീയ യോഗങ്ങളിൽ ആർക്കും സംബന്ധിക്കാം എന്നു കേട്ടപ്പോൾ എനിക്കു സന്തോഷമായി. യോഗങ്ങൾക്കു ഹാജരായത്‌ എന്റെ വിശ്വാസം ബലപ്പെടുത്തി. ജീവിതം യഹോവയ്‌ക്കു സമർപ്പിക്കാൻ ഞാൻ തീരുമാനിച്ചു. ആ തീരുമാനത്തിന്റെ പരസ്യ പ്രഖ്യാപനമെന്ന നിലയിൽ 1950 നവംബർ 19-ന്‌ ചേച്ചിയോടൊപ്പം ഞാൻ സ്‌നാപനമേറ്റു. പിന്നീട്‌ മറ്റു നാല്‌ ചേച്ചിമാരും മാതാപിതാക്കളും കൂടെ സാക്ഷികളായിത്തീർന്നപ്പോൾ ഞങ്ങൾക്ക്‌ എത്രമാത്രം സന്തോഷം തോന്നിയെന്നു പറയേണ്ടതില്ലല്ലോ.

നിർണായകമായ ഒരു തീരുമാനം

സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചുകൊണ്ടിരിക്കുമ്പോഴും കല ഞാൻ വിട്ടുകളഞ്ഞില്ല. ആർട്‌സ്‌കൂളിൽനിന്ന്‌ ബിരുദമെടുത്ത ഞാൻ, ശിൽപ്പകലയിൽ പ്രാവീണ്യം നേടിയ ഒരു പ്രൊഫസറുടെ സഹായിയായി ജോലിനോക്കാൻ തുടങ്ങി. അങ്ങനെയിരിക്കെയാണ്‌ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, രണ്ടാം ലോകമഹായുദ്ധത്തിൽ മരിച്ചവരുടെ ബഹുമാനാർഥം സ്‌മാരകം നിർമിക്കുന്നതിനുള്ള എന്റെ ആശയം ദേശീയ പുരസ്‌കാരത്തിന്‌ അർഹമായത്‌. “മടക്കയാത്രയില്ലാത്ത മാർഗം” അതായിരുന്നു ഞാൻ അതിനു നിർദേശിച്ച പേര്‌; യുദ്ധത്തെക്കുറിച്ചുള്ള എന്റെ പുതിയ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ആ ശീർഷകം. (യെശയ്യാവു 2:4; മത്തായി 26:52) അഞ്ചു മീറ്റർ ഉയരത്തിൽ തലയെടുത്തുനിന്നിരുന്ന ആ പ്രതിമയുടെ അനാച്ഛാദനകർമത്തിന്‌ ദേശീയതയുമായി ബന്ധമുണ്ടായിരുന്നു; അതാകട്ടെ എന്റെ ബൈബിളധിഷ്‌ഠിത വിശ്വാസത്തിന്‌ എതിരായിരുന്നു. അതുകൊണ്ടാണ്‌ ഞാൻ ആ ചടങ്ങിൽ പങ്കെടുക്കാതിരുന്നത്‌.

കലാകാരിയെന്ന നിലയിൽ ഞാൻ പ്രശസ്‌തയായി. അതോടെ കലാരംഗത്തെ കനകാവസരങ്ങൾ എന്നെ തേടിയെത്തി. എന്നാൽ എന്തിനു മുൻതൂക്കം നൽകണമെന്നതു സംബന്ധിച്ച്‌ ഞാൻ മനസ്സിരുത്തി ചിന്തിച്ചു. എന്റെ ജോലി എനിക്കു പ്രിയപ്പെട്ടതായിരുന്നെങ്കിലും മറ്റുള്ളവരെ ആത്മീയമായി സഹായിക്കാനുള്ള ആഗ്രഹം അതിനെക്കാൾ ശക്തമായിരുന്നു. അങ്ങനെയാണ്‌ 1953-ൽ ഞാൻ പയനിയർ ആയിത്തീർന്നത്‌. യഹോവയുടെ സാക്ഷികളുടെ മുഴുസമയ സേവകർ ആ പേരിലാണ്‌ അറിയപ്പെടുന്നത്‌.

ഞാനെന്റെ കഴിവ്‌ നശിപ്പിച്ചുകളയുകയാണെന്ന്‌ ചിലർ എന്നോടു പറഞ്ഞിട്ടുണ്ട്‌. എന്നാൽ ഒരു കലാകാരിയെന്ന നിലയ്‌ക്കുള്ള ഏതൊരു നേട്ടങ്ങളും താത്‌കാലികമാണെന്ന്‌ ഞാൻ തിരിച്ചറിഞ്ഞു. ഗ്രാനൈറ്റ്‌ ശിൽപ്പങ്ങൾപോലും ഒരുനാൾ മണ്ണടിയും. എന്നാൽ പയനിയറെന്ന നിലയിൽ ജീവിതത്തിന്റെ ഏറിയപങ്കും അനന്തമായ ജീവന്റെ മാർഗത്തിൽ ചരിക്കുന്നതിന്‌ മറ്റുള്ളവരെ സഹായിക്കാൻ എനിക്കു കഴിഞ്ഞിട്ടുണ്ട്‌! (യോഹന്നാൻ 17:3) പക്ഷേ കലയെ ഞാൻ മറന്നുകളഞ്ഞില്ല. ഇടയ്‌ക്കൊക്കെ എന്റെ സംതൃപ്‌തിക്കായി ഞാൻ കൊച്ചുശിൽപ്പങ്ങൾ ഉണ്ടാക്കുകയും അതു വിറ്റുകിട്ടുന്ന പണംകൊണ്ട്‌ എന്റെ കാര്യങ്ങൾ നോക്കുകയും ചെയ്യുമായിരുന്നു.

നാട്ടിൻപുറത്തേക്കു മാറുന്നു

ഹെൽസിങ്കിയിൽ നാലു വർഷം പയനിയറിങ്‌ ചെയ്‌തശേഷം, 1957-ൽ, തെക്കൻ ഓസ്‌ട്രോബോത്‌നിയിലെ യാലാസ്യാർവി മുനിസിപ്പാലിറ്റിയുടെ പ്രദേശത്തു സേവിക്കാൻ യഹോവയുടെ സാക്ഷികളുടെ ഫിൻലൻഡ്‌ ബ്രാഞ്ച്‌ ഓഫീസ്‌ എന്നെ ക്ഷണിച്ചു. എന്നെക്കാൾ 17 വയസ്സ്‌ ഇളയതായിരുന്ന ആന്യാ കെറ്റോയായിരുന്നു എന്റെ പങ്കാളി. എനിക്ക്‌ ആന്യായെ പരിചയമില്ലായിരുന്നെങ്കിലും ഞാൻ സന്തോഷത്തോടെ നിയമനം സ്വീകരിക്കുകയും അവളോടൊപ്പം താമസം തുടങ്ങുകയും ചെയ്‌തു. ആ സ്ഥലത്ത്‌ സാക്ഷികളായി ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ ശുശ്രൂഷയിൽ മിക്കവാറും ഞങ്ങൾ ഒരുമിച്ചായിരുന്നു. പെട്ടെന്നുതന്നെ ഞങ്ങൾ ഇണപിരിയാത്ത കൂട്ടുകാരായി.

യാലാസ്യാർവിയിലേക്കു മാറിയത്‌ എന്നെ സംബന്ധിച്ചിടത്തോളം എളിയ ചുറ്റുപാടുകളിലേക്കുള്ള ഒരു തിരിച്ചുപോക്കായിരുന്നു​—⁠20 വർഷം മുമ്പ്‌ തലസ്ഥാനനഗരിയിലെ കലാകേന്ദ്രത്തിന്റെ ഭാഗമാകുന്നതിനു മുമ്പത്തെ അതേ അവസ്ഥയിലേക്കുള്ള തിരിച്ചുപോക്ക്‌. മഞ്ഞുകാലം അതികഠിനമായിരുന്നു; ചിലപ്പോഴൊക്കെ അരയ്‌ക്കൊപ്പം പൊഴിഞ്ഞുകിടന്നിരുന്ന മഞ്ഞിലൂടെ നടന്നുപോകണമായിരുന്നു ഞങ്ങൾക്ക്‌. ആഡംബരം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു കൊച്ചുവീട്ടിലായിരുന്നു ഞങ്ങളുടെ താമസം. അടുത്തുള്ള ഒരു ഉറവയിൽനിന്നാണ്‌ ഞങ്ങൾ വെള്ളം എടുത്തിരുന്നത്‌; അത്‌ ചിലപ്പൊഴൊക്കെ, നേരംപുലരുമ്പോഴേക്കും ഐസാകുമായിരുന്നു. എന്തൊക്കെയായാലും, ഞങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കൊന്നും ഒരു കുറവുമില്ലായിരുന്നു. (1 തിമൊഥെയൊസ്‌ 6:8) തിരക്കേറിയ, സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു അതൊക്കെ.

സംതൃപ്‌തിദായകമായ വേലയിൽ തിരക്കോടെ

തുടക്കത്തിൽ ഞങ്ങളുടെ ശ്രമങ്ങൾക്ക്‌ കാര്യമായ ഫലമുണ്ടായില്ല; കാരണം സ്ഥലവാസികൾക്ക്‌ ഞങ്ങളെക്കുറിച്ചു തെറ്റായ ധാരണകളാണ്‌ ഉണ്ടായിരുന്നത്‌. ഞങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചു മനസ്സിലാക്കാൻ അവരെ സഹായിക്കുന്നതിനായി യഹോവയുടെ സാക്ഷികൾ പുറത്തിറക്കിയ പുതിയലോക സമുദായം പ്രവർത്തനത്തിൽ (ഇംഗ്ലീഷ്‌), പുതിയലോക സമുദായത്തിന്റെ സന്തോഷം (ഇംഗ്ലീഷ്‌) എന്നീ ചലച്ചിത്രങ്ങൾ ഞങ്ങൾ അവരെ കാണിച്ചു. അങ്ങനെ ഞങ്ങൾ ആരാണെന്നും ഞങ്ങളുടെ സംഘടനയുടെ പ്രവർത്തനം എന്താണെന്നും ഒക്കെ അവർക്കു മനസ്സിലായി. ലോകമെമ്പാടുമുള്ള ആളുകളുടെമേൽ ഇത്തരം പ്രവർത്തനം ഉളവാക്കുന്ന നല്ല ഫലം കാണാനും അത്‌ അവരെ സഹായിച്ചു. പ്രദർശനത്തിനായി ധാരാളം പേർ കൂടിവന്നിരുന്നു.

ഒരിക്കൽ, യഹോവയുടെ സാക്ഷികളുടെ ഒരു സഞ്ചാര മേൽവിചാരകനായ ഇറോ മൂറൈനെൻ പുതിയലോക സമുദായം പ്രവർത്തനത്തിൽ എന്ന ചലച്ചിത്രം ഒരു കമ്മ്യൂണിറ്റിഹാളിൽവെച്ചു പ്രദർശിപ്പിക്കുകയുണ്ടായി. ഹാളിന്റെ അങ്ങേയറ്റത്തെ മൂലയിലാണ്‌ എനിക്കു സ്ഥലം കിട്ടിയത്‌; അതും ഭിത്തിയിൽ ചാരി ഒറ്റക്കാലിൽ നിൽക്കേണ്ടിവന്നു. അത്ര തിരക്കായിരുന്നു. പ്രദർശനത്തിനുശേഷം പലരും ഞങ്ങളെ സമീപിച്ച്‌ അവരെ സന്ദർശിക്കണമെന്ന്‌ ആവശ്യപ്പെട്ടു.

ഞങ്ങൾ ഒരു വലിയ ടേപ്പ്‌ റെക്കോർഡർ ഉപയോഗിച്ച്‌ ഫാംഹൗസുകളിൽ ബൈബിൾ പ്രസംഗങ്ങൾ കേൾപ്പിക്കുമായിരുന്നു. ഒരിക്കൽ ഒരു കുടുംബത്തിന്റെ ഫാംഹൗസിൽ വൈകുന്നേരം 7 മണിക്ക്‌ അത്തരമൊരു പ്രസംഗം നടത്താൻ ഞങ്ങൾ തീരുമാനിച്ചു. ഗ്രാമത്തിലുള്ള സകലരെയും ക്ഷണിച്ചിരുന്നു. അന്ന്‌ അതിരാവിലെ ഏകദേശം 25 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിൽ പ്രസംഗിക്കുന്നതിനായി ഞങ്ങൾ പുറപ്പെട്ടു. സൈക്കിളിലായിരുന്നു യാത്ര. വൈകുന്നേരത്തിനുമുമ്പേ തിരിച്ചെത്താനായിരുന്നു പരിപാടി. എന്നാൽ ഗ്രാമത്തിൽനിന്നു മടങ്ങവേ, മഴ കാരണം റോഡാകെ ചെളി നിറഞ്ഞു.

ഞങ്ങളുടെ സൈക്കിൾ ചെളിയിൽ പൂണ്ടുപോയി; ചക്രം തിരിയാതെയായി. എന്തിനു പറയുന്നു, സൈക്കിൾ ചുമന്നുകൊണ്ടാണ്‌ ഞങ്ങൾ വീട്ടിലെത്തിയത്‌. അതുകൊണ്ട്‌ പറഞ്ഞിരുന്ന സമയത്ത്‌ പ്രദർശനത്തിന്‌ എത്താൻ ഞങ്ങൾക്കു കഴിഞ്ഞില്ല. നല്ല ഭാരമുള്ള ടേപ്‌ റെക്കോർഡറും ചുമന്ന്‌ ഞങ്ങൾ എത്തിയപ്പോഴേക്കും രാത്രി പത്തു മണിയായിരുന്നു. എല്ലാവരും മടങ്ങിപ്പോയിട്ടുണ്ടാകും എന്നു ഞങ്ങൾ ഉറപ്പിച്ചു. എന്നാൽ അതിശയമെന്നു പറയട്ടെ, ഗ്രാമം മുഴുവൻ ഞങ്ങളെയും കാത്ത്‌ അവിടെ ഉണ്ടായിരുന്നു! പ്രസംഗവും തുടർന്നുള്ള ചർച്ചയും കഴിഞ്ഞ്‌ വീട്ടിൽ എത്തിയപ്പോഴേക്കും നേരം പുലർന്നുതുടങ്ങി. വല്ലാത്ത ക്ഷീണവും തളർച്ചയും തോന്നിയെങ്കിലും മനസ്സു നിറയെ സന്തോഷമായിരുന്നു!

ഗ്രാമങ്ങൾ തമ്മിൽ നല്ല ദൂരമുണ്ടായിരുന്നതിനാൽ ഒരു കാർ​—⁠റഷ്യയിൽ നിർമിച്ച ഒരു പഴയ മോഡൽ​—⁠വാങ്ങാൻ സ്ഥലത്തെ സാക്ഷികൾ സഹായിച്ചു. അതോടെ പ്രസംഗവേല എളുപ്പമായി. അധികം താമസിയാതെ ഞങ്ങളുടെ കാർ പ്രശസ്‌തയായി. എങ്ങനെയെന്നല്ലേ? നീലക്കാറിൽ വരുന്ന രണ്ടു സ്‌ത്രീകളെ വീട്ടിൽ കയറ്റരുതെന്ന്‌ രൂപതയുടെ ബിഷപ്പ്‌ ഇടവകയിലുള്ളവരോടു പറഞ്ഞു. ഞങ്ങളായിരുന്നു ആ കഥാപാത്രങ്ങൾ. മുന്നറിയിപ്പു കേട്ടതോടെ ആളുകൾക്ക്‌ ആകാംക്ഷയായി. ഈ സ്‌ത്രീകൾ ആരാണെന്നും അവർ അപകടകാരികളായിരിക്കുന്നത്‌ എന്തുകൊണ്ടാണെന്നും അറിയണമെന്നായി അവർക്ക്‌! അത്‌ ധാരാളം ബൈബിൾ ചർച്ചകൾക്കു വഴിതുറന്നു. യെശയ്യാവിന്റെ വാക്കുകൾ എത്ര സത്യമാണ്‌: “നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല.”​—⁠യെശയ്യാവു 54:17.

സമയം കടന്നുപോയതോടെ ഞങ്ങളുടെ വേലയ്‌ക്കു ഫലമുണ്ടായി. ഒരു കൂട്ടം താത്‌പര്യക്കാരോടൊപ്പം ഞങ്ങൾ പ്രതിവാര യോഗങ്ങൾ നടത്താൻ തുടങ്ങി. ക്രമേണ കൂട്ടം വലുതായി, 1962-ൽ 18 സാക്ഷികളുള്ള ഒരു സഭയായിത്തീർന്നു; ഭൂരിഭാഗവും സ്‌ത്രീകളായിരുന്നു. രണ്ടു വർഷത്തിനുശേഷം എനിക്കും ആന്യാക്കും അതേ സ്ഥലത്തുതന്നെയുള്ള യൂലിസ്റ്റാറോ മുനിസിപ്പാലിറ്റിയുടെ പ്രദേശത്തേക്കു നിയമനം ലഭിച്ചു.

എന്റെ ഭാവനയെ തൊട്ടുണർത്തിയ ചുറ്റുപാട്‌

പുതിയ നാട്ടിൻപുറത്തിന്റെ പ്രകൃതിഭംഗിയും പ്രശാന്തതയും ഞങ്ങളെ വല്ലാതെ ആകർഷിച്ചു. എന്നാൽ അതിനെക്കാൾ ഞങ്ങളെ ആകർഷിച്ചത്‌ അവിടത്തെ ആളുകളായിരുന്നു. പൊതുവേ അതിഥിപ്രിയരും സൗഹൃദമനസ്‌കരുമായിരുന്നു അവർ. മതഭക്തിയും ദേശസ്‌നേഹവും തലയ്‌ക്കു പിടിച്ചവർ ചിലപ്പോഴൊക്കെ ഞങ്ങളെ അധിക്ഷേപിച്ചിട്ടുണ്ടെങ്കിലും ബൈബിളിനോട്‌ നല്ല ആദരവുള്ളവർ ഉണ്ടായിരുന്നു. മിക്കപ്പോഴും ഞങ്ങൾ ബൈബിൾ പുറത്തെടുക്കുന്നതു കണ്ടാൽ സ്‌ത്രീകൾ വീട്ടുജോലി നിറുത്തി ശ്രദ്ധിക്കും; പുരുഷന്മാരാണെങ്കിൽ തൊപ്പി തലയിൽനിന്ന്‌ ഊരുമായിരുന്നു​—⁠സാധാരണ ഇവരെക്കണ്ടാൽ, തൊപ്പി തലയിൽ ഒട്ടിച്ചുവെച്ചിരിക്കുകയാണെന്നേ തോന്നൂ. ചിലപ്പോൾ ഞങ്ങൾ ബൈബിൾ പഠിക്കുമ്പോൾ വീട്ടിലെ എല്ലാവരും, എന്തിന്‌ അയൽക്കാർ പോലും പങ്കുചേരുമായിരുന്നു.

ശുശ്രൂഷയ്‌ക്കിടെ ഞാൻ കണ്ടുമുട്ടിയ സഹൃദയരും സത്യസന്ധരുമായ മനുഷ്യർ എന്റെ ഭാവനയെ തൊട്ടുണർത്തി. സമയം കിട്ടുമ്പോഴൊക്കെ അൽപ്പം കളിമണ്ണെടുത്ത്‌ അതിൽ ഞാൻ ശിൽപ്പങ്ങൾ തീർക്കുമായിരുന്നു. മനുഷ്യന്റെ പ്രകൃതവും അതിലെ നർമവും മനോഹാരിതകളുമൊക്കെ എന്നും എനിക്കു പ്രിയപ്പെട്ടതായിരുന്നു. അതുകൊണ്ടുതന്നെ എന്റെ മിക്കവാറും എല്ലാ ശിൽപ്പങ്ങളിലും മനുഷ്യരായിരുന്നു കഥാപാത്രങ്ങൾ. വീട്ടുജോലികൾ ചെയ്യുന്ന സ്‌ത്രീകളെ ചിത്രീകരിക്കുന്ന ധാരാളം ശിൽപ്പങ്ങൾ ഉണ്ടായിരുന്നു. എന്റെ ശിൽപ്പങ്ങളെക്കുറിച്ച്‌ ഒരു മാസിക പറഞ്ഞത്‌ ഇങ്ങനെയാണ്‌: “ഭൂമിയുടെ ആർദ്രത വിളിച്ചോതുന്ന, നർമത്തിൽ ചാലിച്ചെടുത്ത . . . ഈ ശിൽപ്പങ്ങൾ ഒരുവനിൽ പ്രശാന്തത നിറയ്‌ക്കുന്നു. മനുഷ്യനോടുള്ള മമതയും അപാരമായ കലാബോധവുമാണ്‌ ഈ സൃഷ്ടികൾക്കു ചോദനയായത്‌.” എന്നാൽ കലയ്‌ക്ക്‌ കണക്കിലധികം പ്രാധാന്യം കൊടുക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. യഹോവയെ മുഴുസമയം സേവിക്കുകയെന്ന തീരുമാനത്തോടു ഞാൻ പറ്റിനിന്നു.

1973-ൽ എനിക്ക്‌ ഒരു ഓഫർ കിട്ടി. അതു നിരസിക്കുന്ന കാര്യം എനിക്കു ചിന്തിക്കാനേ കഴിയുമായിരുന്നില്ല. വാൻറ്റായിലുള്ള യഹോവയുടെ സാക്ഷികളുടെ ഫിൻലൻഡ്‌ ബ്രാഞ്ച്‌ ഓഫീസിലെ പുതിയ ലോബിയിൽ സങ്കീർത്തനം 96:11-13-നെ ആധാരമാക്കി ഒരു കളിമൺശിൽപ്പം നിർമിക്കാനായിരുന്നു അത്‌. യഹോവയെ സ്‌തുതിക്കുന്നതിനായി എന്റെ കഴിവുകൾ ഉപയോഗിക്കുന്നതിൽ എനിക്ക്‌ എത്ര സന്തോഷം തോന്നിയെന്നോ!

പയനിയറിങ്ങിന്റെ നാളുകളിൽ എന്റെ സംതൃപ്‌തിക്കുവേണ്ടിയായിരുന്നു ഞാൻ കലാസൃഷ്ടി നിർവഹിച്ചിരുന്നത്‌; അതുകൊണ്ടുതന്നെ 1970-കളുടെ ഒടുവിൽ കലാരംഗത്തു പ്രവർത്തിക്കുന്നവർക്കുള്ള പെൻഷൻ എനിക്കു കിട്ടിയപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. ആ സാമ്പത്തിക സഹായത്തിൽ സന്തുഷ്ടയായിരുന്നെങ്കിലും ഞാൻ ഇങ്ങനെ ചിന്തിച്ചുപോയി, ‘കലയ്‌ക്കായി ജീവിതം ഉഴിഞ്ഞുവെച്ചിരുന്നെങ്കിൽ എനിക്കു കിട്ടുമായിരുന്ന പ്രതിഫലമാണോ ഇത്‌? റിട്ടയർമെന്റിനുശേഷമുള്ള ജീവിതം ഭദ്രമാക്കാൻ കുറച്ചുപണം?’ നിത്യജീവനുമായി തട്ടിച്ചുനോക്കുമ്പോൾ അതെത്ര നിസ്സാരം!​—⁠1 തിമൊഥെയൊസ്‌ 6:12.

തിരികെ നഗരത്തിലേക്ക്‌

ഞങ്ങളുടെ ജീവിതത്തെയും ശുശ്രൂഷയെയും സംബന്ധിച്ചിടത്തോളം മാറ്റത്തിന്റെ ഒരു വർഷമായിരുന്നു 1974. റ്റുർക്കൂ എന്ന വലിയ ഒരു നഗരത്തിലേക്കു ഞങ്ങൾക്ക്‌ നിയമനം ലഭിച്ചു. ആ സമയത്ത്‌ അവിടെ ഒത്തിരി പുതിയ അപ്പാർട്ടുമെന്റുകൾ ഉയർന്നുവന്നു. ആളുകൾ കൂട്ടത്തോടെ അവിടേക്കു ചേക്കേറി; അങ്ങനെ കൂടുതൽ രാജ്യഘോഷകരെ ആവശ്യമായിവന്നു. നഗരത്തിലേക്കുള്ള നിയമനത്തിൽ ആദ്യം ഞങ്ങളത്ര സംതൃപ്‌തരല്ലായിരുന്നു. നഗരവാസികളോടു പ്രസംഗിക്കുന്നത്‌ അത്ര എളുപ്പമല്ലായിരുന്നു; കാരണം പലരും തണുപ്പൻമട്ടിലാണു പ്രതികരിച്ചത്‌. എന്നാൽ പതിയെപ്പതിയെ ഞങ്ങൾ ആ പ്രദേശവുമായി ഇണങ്ങിച്ചേർന്നു; ബൈബിൾസത്യത്തോടു താത്‌പര്യമുള്ള പലരെയും ഞങ്ങൾ കണ്ടുമുട്ടി.

ഇതിനോടകം, യഹോവയ്‌ക്ക്‌ തങ്ങളുടെ ജീവിതം സമർപ്പിക്കുന്നതിന്‌ 40-ലധികം ആളുകളെ സഹായിക്കാനുള്ള അവസരം എനിക്കും ആന്യാക്കും ലഭിച്ചിരിക്കുന്നു. ഈ ആത്മീയ മക്കൾ ഞങ്ങളെ എത്രമാത്രം ആഹ്ലാദിപ്പിക്കുന്നുണ്ടെന്നോ! (3 യോഹന്നാൻ 4) അടുത്തകാലത്തായി എന്റെ ആരോഗ്യം വഷളായി. എന്നാൽ യഹോവയുടെ പിന്തുണയും സഭയുടെ സ്‌നേഹവും എന്റെ പയനിയർ പങ്കാളി ആന്യായിൽനിന്നുള്ള “ആശ്വാസ”വും പൂർണമായി അനുഭവിച്ചറിയാൻ എനിക്കു കഴിഞ്ഞിരിക്കുന്നു. (കൊലൊസ്സ്യർ 4:11; സങ്കീർത്തനം 55:22) ഏകദേശം 50 വർഷംമുമ്പ്‌ ആന്യായെ കണ്ടുമുട്ടിയപ്പോൾ ഒരു ആയുഷ്‌കാലം മുഴുവൻ ഒരുമിച്ച്‌ പയനിയറിങ്‌ ചെയ്യാനാകുമെന്ന്‌ ഞങ്ങൾ വിചാരിച്ചതേയില്ല.

“ജീവിതം ഹ്രസ്വമാണ്‌; പക്ഷേ കല കാലാതീതമാണ്‌” എന്നൊരു ചൊല്ലുണ്ട്‌. എന്നാൽ ഞാൻ ആ അഭിപ്രായക്കാരിയല്ല. 2 കൊരിന്ത്യർ 4:18-ലെ അപ്പൊസ്‌തലനായ പൗലൊസിന്റെ വാക്കുകളോടു ഞാൻ യോജിക്കുന്നു: “കാണുന്നതു താല്‌ക്കാലികം, കാണാത്തതോ നിത്യം.” കല എനിക്കു സമ്മാനിച്ച സന്തോഷങ്ങളെല്ലാം, അതായത്‌ “കാണുന്ന”തെല്ലാം താത്‌കാലികമാണ്‌. യഹോവയുടെ സേവനത്തിൽ ഞാൻ ആസ്വദിച്ച സന്തോഷത്തിന്റെ മുമ്പിൽ അവ നിഷ്‌പ്രഭമായിപ്പോകുന്നു, നിത്യമായ ഒരു ജീവിതം നൽകാനും അവയ്‌ക്കാകില്ല. “കാണാത്ത” കാര്യങ്ങൾക്കായി—അതേ, കലയെയും വെല്ലുന്ന കാര്യങ്ങൾക്കായി—ജീവിതം ഉഴിഞ്ഞുവെച്ചതിൽ എനിക്ക്‌ എന്തെന്നില്ലാത്ത ചാരിതാർഥ്യം തോന്നുന്നു!

[19-ാം പേജിലെ ചിത്രം]

ഗ്രാനൈറ്റ്‌ ശിൽപ്പത്തിന്റെ നിർമാണത്തിനിടെ

[21-ാം പേജിലെ ചിത്രം]

ആന്യായോടൊപ്പം (ഇടത്ത്‌), 1957

[22-ാം പേജിലെ ചിത്രം]

ആന്യായോടൊപ്പം (വലത്ത്‌) ഇന്ന്‌