വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗാംഭീര്യമേറിയ മഹാശില

ഗാംഭീര്യമേറിയ മഹാശില

ഗാംഭീര്യമേറിയ മഹാശില

കാനഡയിലെ ഉണരുക! ലേഖകൻ

യുഗങ്ങളായി മത്സ്യബന്ധനക്കാർക്കും നാവികർക്കും ഒരു ദിക്‌സൂചകംപോലെ വർത്തിച്ചിരുന്നു അത്‌. കവികളും കലാകാരന്മാരും എഴുത്തുകാരും അതിനെ അനശ്വരമാക്കിയിരിക്കുന്നു. “അങ്ങേയറ്റം അമ്പരപ്പിക്കുന്ന, ആകർഷകമായ” ഒന്നായിട്ടാണ്‌ ഒരു എൻസൈക്ലോപീഡിയ അതിനെ വർണിക്കുന്നത്‌. സൂര്യരശ്‌മിയേറ്റ്‌ പളപളാ തിളങ്ങുന്ന, നീലിമയാർന്ന അറ്റ്‌ലാന്റിക്‌ സമുദ്രത്തിൽ ഭാവഗാംഭീര്യത്തോടെ തലയുയർത്തിനിൽക്കുന്ന പേർസാ പാറയാണിത്‌. സെന്റ്‌ ലോറൻസ്‌ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ഗാസ്‌പാ ഉപദ്വീപിന്റെ കിഴക്കേ അറ്റത്താണ്‌ അതിന്റെ സ്ഥാനം. അതിന്‌ ഏകദേശം 1,420 അടി നീളവും 300 അടി വീതിയും 290 അടിയിലും അധികം ഉയരവും ഉണ്ട്‌.

ധൈര്യശാലികളായ നാട്ടുകാർ ഒരുകാലത്ത്‌ പാറയുടെ ചെരിവിലൂടെ കയറിച്ചെന്ന്‌ പക്ഷിക്കൂട്ടിൽനിന്നു മുട്ടകൾ ശേഖരിക്കുമായിരുന്നു. എന്നാൽ, പാറയുടെയും അതിൽ അഭയംപ്രാപിക്കുന്ന പക്ഷികളുടെയും സംരക്ഷണാർഥം 1985-ൽ ക്വിബെക്‌ സർക്കാർ പേർസാ പാറയെയും തൊട്ടടുത്തുള്ള ബാനെവെഞ്ചർ ദ്വീപിനെയും പക്ഷിസങ്കേതങ്ങളായി പ്രഖ്യാപിച്ചു. നോർത്തേൺ ഗാനെറ്റ്‌ എന്നു പേരായ ഒരിനം കടൽപ്പക്ഷികളുടെ പ്രജനന കേന്ദ്രങ്ങളിൽ ലോകത്തിലെ രണ്ടാം സ്ഥാനം ബാനെവെഞ്ചർ ദ്വീപിനാണ്‌.

പണ്ടുകാലത്ത്‌ ഈ പാറ കരയോടു ചേർന്നു കിടന്നിരുന്നെന്നും അതിനു നാലു ആർച്ചുകളെങ്കിലും ഉണ്ടായിരുന്നെന്നുമാണ്‌ ചിലരുടെ അഭിപ്രായം. എന്നാൽ, കടലിനഭിമുഖമായി നിൽക്കുന്ന വശത്തായി ഒരു ആർച്ചേ ഇന്നു കാണുന്നുള്ളൂ, അതിനു 90 അടിയിലധികം വീതി വരും. ഏകദേശം നാലു മണിക്കൂർ ഇടവിട്ടുണ്ടാകുന്ന വേലിയിറക്ക സമയങ്ങളിൽ കരയെയും പാറയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു മണൽത്തിട്ട തെളിഞ്ഞുവരുന്നു. അൽപ്പം സാഹസമൊക്കെ ഇഷ്ടപ്പെടുന്നവർക്ക്‌ അതിലൂടെ പാറയുടെ ചുവട്ടിലെത്താം; അവിടെനിന്ന്‌ 15 മിനിട്ടുകൊണ്ട്‌ ആർച്ചുവരെ ചെല്ലാനും കഴിയും, അത്ര എളുപ്പമല്ലെങ്കിൽപ്പോലും.

ഈ സാഹസത്തിനു തുനിയുന്നവർക്കായി ഇതാ ഒരു മുന്നറിയിപ്പ്‌. വീണുകിടക്കുന്ന പാറകളിലൂടെ ആർച്ചിലേക്കു അള്ളിപ്പിടിച്ചു നടന്നെത്തിയ ഒരു വിനോദസഞ്ചാരി ഇപ്രകാരം പറയുന്നു: “പാറമേൽ വെള്ളം ആഞ്ഞടിക്കുന്നതിന്റെ ഫലമായി ഏതാനും മിനിട്ടുകൾ ഇടവിട്ട്‌ ചെറിയൊരു ബോംബ്‌ സ്‌ഫോടനത്തിനു സമാനമായ പേടിപ്പെടുത്തുന്ന ശബ്ദം കേൾക്കാനാകും. ഒന്നിനുമേൽ ഒന്നായി ചില പാറകൾ വീഴുമ്പോഴുണ്ടാകുന്ന ശബ്ദം വെടിയൊച്ചയ്‌ക്കു സമാനവുമാണ്‌.”

പേർസാ പാറയ്‌ക്കു മാസ്‌മരിക സൗന്ദര്യമുണ്ടെന്നത്‌ അനേകം സന്ദർശകർക്കും അറിയാവുന്ന കാര്യമാണ്‌. എന്നാൽ, ഹൃദയഹാരിയായ നമ്മുടെ ഭൂമി വിരുന്നൊരുക്കുന്ന അനേകം ദൃശ്യങ്ങളിൽ ഒന്നു മാത്രമാണിത്‌. അത്തരം ദൃശ്യങ്ങൾ ഏറെ വൈവിധ്യമാർന്നവയാണ്‌, ഒപ്പം എണ്ണിയാലൊടുങ്ങാത്തവയും! അവയെല്ലാം കാണുമ്പോൾ “മിണ്ടാതിരുന്നു ദൈവത്തിന്റെ അത്ഭുതങ്ങളെ ചിന്തി”ക്കാൻ നിങ്ങളും പ്രേരിതരായേക്കാം.​—⁠ഇയ്യോബ്‌ 37:14.

[23-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

© Mike Grandmaison Photography