വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചായംമുക്കൽ അന്നും ഇന്നും

ചായംമുക്കൽ അന്നും ഇന്നും

ചായംമുക്കൽ അന്നും ഇന്നും

ബ്രിട്ടനിലെ ഉണരുക! ലേഖകൻ

നിറങ്ങൾക്കു നമ്മുടെ വികാരങ്ങളുടെമേലുള്ള സ്വാധീനം നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഡൈയിങ്‌ (ചായംമുക്കൽ) എന്ന പ്രക്രിയയിലൂടെ വസ്‌ത്രങ്ങൾക്കു നിറംപകരുന്ന സമ്പ്രദായം ചരിത്രത്തിന്റെ ഏടുകളിൽ നിറംമങ്ങാതെ കിടക്കുന്നതിൽ അതിശയിക്കാനില്ല!

നാം വാങ്ങുന്ന വസ്‌ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും മറ്റും കളർ ഇളകിപ്പോകുന്നതോ മങ്ങിപ്പോകുന്നതോ നമുക്കു സഹിക്കാനാവില്ല. വർണങ്ങൾ ഒരിക്കലും അപ്രത്യക്ഷമാകാത്തവിധം തുണിത്തരങ്ങൾ ചായംമുക്കുന്നതിൽ എന്തെല്ലാം ഉൾപ്പെട്ടിരിക്കുന്നുവെന്നും പരമ്പരാഗത ഡൈയിങ്‌ വിദ്യകൾ വികാസംപ്രാപിച്ചത്‌ എങ്ങനെയെന്നും മനസ്സിലാക്കാൻ ഞങ്ങൾ ഇംഗ്ലണ്ടിന്റെ വടക്ക്‌ ബ്രാഡ്‌ഫോർഡിലുള്ള എസ്‌ഡിസി കളർ മ്യൂസിയം സന്ദർശിച്ചു. * നിറംപിടിപ്പിക്കാൻ നൂറ്റാണ്ടുകളോളം ഉപയോഗിച്ചിരിക്കുന്ന, അനിതരസാധാരണമായ പദാർഥങ്ങളിൽ ചിലതെല്ലാം ഞങ്ങൾക്കവിടെ കാണാനായി.

പുരാതനകാലത്തെ ചായങ്ങൾ

19-ാം നൂറ്റാണ്ടിന്റെ ഉത്തരാർധംവരെയും ചെടികൾ, ചെറുപ്രാണികൾ, കക്കകൾ എന്നിങ്ങനെയുള്ള പ്രകൃതിജന്യ സ്രോതസ്സുകളിൽനിന്ന്‌ ഉത്‌പാദിപ്പിച്ചിരുന്ന പദാർഥങ്ങൾ മാത്രമാണു തുണിത്തരങ്ങൾക്കു നിറംകൊടുക്കാൻ ഉപയോഗിച്ചിരുന്നത്‌. ഉദാഹരണത്തിന്‌ അമരിച്ചെടിയിൽനിന്നു നീലച്ചായവും (1) വെൽഡ്‌ചെടിയിൽനിന്നു മഞ്ഞച്ചായവും (2) മഞ്ചെട്ടിച്ചെടിയിൽനിന്നു ചെഞ്ചായവും ലോഗ്‌വുഡ്‌ മരത്തിൽനിന്നു കറുത്ത ചായവും ഉത്‌പാദിപ്പിച്ചിരുന്നു. വയലറ്റ്‌ ചായമുണ്ടാക്കാൻ, ആർച്ചൽ എന്നറിയപ്പെടുന്ന ഒരു കൽപ്പായൽ ഉപയോഗിക്കപ്പെട്ടിരുന്നു. മ്യൂറെക്‌സ്‌ വിഭാഗത്തിൽപ്പെട്ട കക്കകളിൽനിന്ന്‌, റ്റിറിയൻ പർപ്പിൾ അല്ലെങ്കിൽ ഇംപീരിയൽ പർപ്പിൾ (3) എന്നറിയപ്പെട്ട വളരെ വിലക്കൂടിയ ഒരു ചായവും ഉണ്ടാക്കിയിരുന്നു. റോമൻ ചക്രവർത്തിമാർ അണിഞ്ഞിരുന്ന രാജവസ്‌ത്രങ്ങൾക്കു നിറംപകരാൻ ഉപയോഗിച്ചിരുന്നത്‌ ഈ ചായമായിരുന്നു.

റോമൻ ചക്രവർത്തിമാർക്കു വളരെ മുമ്പുതന്നെ, കുലീനരും സമ്പന്നരുമായവർ പ്രകൃതിജന്യ ചായങ്ങൾ മുക്കിയ വസ്‌ത്രങ്ങൾ ധരിച്ചിരുന്നു. (എസ്ഥേർ 8:15) ഉദാഹരണത്തിന്‌ കെർമിസ്‌ ജീനസ്സിൽപ്പെട്ട പെൺ ഷഡ്‌പദങ്ങളിൽനിന്നു ചെഞ്ചായം (4) നിർമിച്ചിരുന്നു. ഇസ്രായേല്യരുടെ കാലത്ത്‌ സമാഗമനകൂടാരത്തിലെ ശീലകളിലെയും മഹാപുരോഹിതന്റെ വസ്‌ത്രങ്ങളിലെയും കടുഞ്ചുവപ്പു നൂലിന്‌ ആ നിറംകൊടുക്കാൻ ഉപയോഗിച്ചിരുന്ന ചായം ഉണ്ടാക്കിയിരുന്നത്‌ ഇതിൽനിന്നായിരിക്കണം.​—⁠പുറപ്പാടു 28:5; 36:​8.

ചായംമുക്കൽ പ്രക്രിയ

നെയ്‌ത്തുനൂലോ തുണിയോ ചായത്തിൽ വെറുതെ മുക്കിയെടുക്കുന്നതിലും വളരെ സങ്കീർണമാണു മിക്കപ്പോഴും ചായംമുക്കൽ പ്രക്രിയ എന്നു കാണിച്ചുതരുന്നതാണ്‌ കളർ മ്യൂസിയത്തിലെ പ്രദർശനങ്ങൾ. പലപ്പോഴും ഈ പ്രക്രിയയുടെ ഒരു ഘട്ടത്തിൽ ഒരു വർണബന്ധകം (mordant) ഉപയോഗിക്കുന്നു. ചായത്തിന്റെയും ചായം മുക്കേണ്ട വസ്‌തുവിന്റെയും തന്മാത്രകളുടെമേൽ ആകർഷണബലം ചെലുത്തുന്ന ഒരു പദാർഥമാണ്‌ വർണബന്ധകം. അത്‌ ഉപയോഗിക്കുമ്പോൾ ചായം തുണിയോടു ദൃഢമായി പറ്റിപ്പിടിക്കുകയും വെള്ളത്തിൽ അലിയാത്ത ഒന്നായി മാറുകയും ചെയ്യുന്നു. വർണബന്ധകമായി ഇന്നു നിരവധി രാസവസ്‌തുക്കൾ ഉപയോഗിക്കപ്പെടുന്നു, അവയിൽ ചിലതെല്ലാം അപകടകാരികളായതിനാൽ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതുണ്ട്‌.

ചില ചായംമുക്കൽ പ്രക്രിയകൾ ദുർഗന്ധം ഉളവാക്കുന്നവയാണ്‌. ടർക്കി റെഡ്‌ നിർമിക്കാൻ അവലംബിച്ചിരുന്ന സുദീർഘവും സങ്കീർണവുമായ പ്രക്രിയ അത്തരത്തിലൊന്നാണ്‌. പരുത്തിത്തുണിക്ക്‌ ഉജ്ജ്വലമായ ചുവപ്പുനിറം നൽകാൻ ഈ പ്രക്രിയ ഉപയോഗിച്ചിരുന്നു. വെയിലടിച്ചാലും കഴുകിയാലും ബ്ലീച്ച്‌ ചെയ്‌താലുമൊന്നും മങ്ങുന്നതായിരുന്നില്ല ആ നിറം. ഒരു കാലത്ത്‌ 38 ഘട്ടങ്ങൾ ഉൾപ്പെട്ടതായിരുന്നു ഈ പ്രക്രിയ; അതിന്‌ ആവശ്യമായിരുന്നതോ, നാലു മാസങ്ങളും! മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്ന അതിസുന്ദരമായ തുണിത്തരങ്ങളിൽ ചിലത്‌ ടർക്കി റെഡ്‌ ചായം (5) നിറംപകർന്നവയായിരുന്നു.

കൃത്രിമ ചായങ്ങളുടെ ആവിർഭാവം

പ്രകൃതിജന്യ സ്രോതസ്സുകളിൽനിന്നുള്ളതല്ലാത്ത ചായം ആദ്യമായി ഉണ്ടാക്കിയതിന്റെ ബഹുമതി വില്യം ഹെന്‌റി പർക്കനാണ്‌. 1856-ൽ ആയിരുന്നു ഈ കണ്ടുപിടുത്തം. മോവ്‌ അഥവാ മോവീൻ എന്ന, കടുത്ത പർപ്പിൾ നിറത്തിലുള്ള പ്രസ്‌തുത ചായത്തിന്റെ കണ്ടുപിടുത്തത്തോടു ബന്ധപ്പെട്ട വിവരങ്ങളും പ്രദർശിപ്പിച്ചിരുന്നു. 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ, വർണപ്പകിട്ടാർന്ന മറ്റുപല കൃത്രിമ ചായങ്ങളും രംഗത്തുവന്നു. ഇന്ന്‌ 8,000-ത്തിലധികം കൃത്രിമ ചായങ്ങൾ നിർമിക്കപ്പെടുന്നു (6). ഇന്നും സ്ഥിരമായി ഉപയോഗിക്കപ്പെട്ടുവരുന്ന പ്രകൃതിജന്യ ചായങ്ങൾ ലോഗ്‌വുഡും കോച്ചനിയലും മാത്രമാണ്‌.

മ്യൂസിയത്തിലെ കളർ ആൻഡ്‌ ടെക്‌സ്റ്റൈൽസ്‌ ഗാലറി സന്ദർശിച്ചപ്പോൾ റയോൺപോലുള്ള സിന്തറ്റിക്‌ തുണിത്തരങ്ങൾക്കു നിറംപകരാൻ ഇന്ന്‌ അനുവർത്തിക്കുന്ന സവിശേഷ പ്രക്രിയകളെക്കുറിച്ചും ഞങ്ങൾക്കു മനസ്സിലാക്കാനായി. ഏറ്റവും പ്രചാരത്തിലുള്ള വിസ്‌കോസ്‌ റയോൺ ആദ്യമായി വ്യാവസായിക അടിസ്ഥാനത്തിൽ നിർമിച്ചത്‌ 1905-ൽ ആയിരുന്നു. പരുത്തിത്തുണിയുടേതിനു സമാനമായ രാസഘടന ഉള്ളതിനാൽ, അന്നു ലഭ്യമായിരുന്ന ചായങ്ങളിൽ മിക്കതും വിസ്‌കോസ്‌ റയോണിനു യോജിച്ചതായിരുന്നു. എന്നിരുന്നാലും അസറ്റേറ്റ്‌ റയോൺ, പോളിയെസ്റ്റർ, നൈലോൺ, അക്രിലിക്‌ ഫൈബർ തുടങ്ങിയ ഏറെ ആധുനികമായ സിന്തറ്റിക്‌ തുണിത്തരങ്ങൾക്കായി പലപല പുതിയ ചായങ്ങളും നിർമിക്കേണ്ടതായിവന്നു.

നിറംമങ്ങാത്ത വസ്‌ത്രങ്ങൾ​—⁠ഒരു വെല്ലുവിളി

വസ്‌ത്രങ്ങളോ തുണിത്തരങ്ങളോ വാങ്ങുമ്പോൾ അവയുടെ നിറപ്പകിട്ട്‌ എന്നും നിലനിൽക്കണമെന്നാണു നമ്മുടെ ആഗ്രഹം. എന്നാൽ വെയിലേൽക്കുകയോ കൂടെക്കൂടെ കഴുകുകയോ​—⁠പ്രത്യേകിച്ച്‌ ഡിറ്റർജന്റുകൾ ഉപയോഗിച്ചു കഴുകുകയോ​—⁠ചെയ്യുമ്പോൾ പലതിന്റെയും നിറം മങ്ങാറുണ്ട്‌. വിയർപ്പു പറ്റുകയോ മറ്റു വസ്‌ത്രങ്ങളോടൊപ്പം കഴുകുകയോ ചെയ്യുമ്പോൾ ചില തുണികൾക്കു നിറംമാറ്റം സംഭവിച്ചേക്കാം. കഴുകുമ്പോൾ കളർ ഇളകാതിരിക്കുന്നത്‌ ചായത്തിന്റെ തന്മാത്രകൾ വസ്‌ത്രത്തിന്റെ ഇഴകളിൽ എത്ര ശക്തമായി പറ്റിപ്പിടിച്ചിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. വസ്‌ത്രങ്ങൾ കൂടെക്കൂടെ കഴുകുന്നതും കറ കളയാനുള്ള ഡിറ്റർജന്റുകൾ ഉപയോഗിക്കുന്നതും തുണിയിഴകളിൽനിന്നു ചായത്തെ വേർപെടുത്തുകയും ഇത്‌ നിറം മങ്ങിപ്പോകാൻ ഇടയാക്കുകയും ചെയ്യുന്നു. സൂര്യപ്രകാശം, കഴുകൽ, ഡിറ്റർജന്റുകൾ, വിയർപ്പ്‌ എന്നിവയിലൂടെയെല്ലാം നഷ്ടമായേക്കാവുന്ന നിറത്തിന്റെ അളവ്‌ അനുവദനീയമായ പരിധിക്കുള്ളിലാണോ എന്നറിയാൻ ചായം നിർമിക്കുന്നവർ തങ്ങളുടെ ഉത്‌പന്നങ്ങൾ പരിശോധനാ വിധേയമാക്കുന്നു.

ഏതെല്ലാം തുണിത്തരങ്ങളിൽനിന്നാണു നമ്മുടെ വസ്‌ത്രങ്ങൾ ഉണ്ടാക്കുന്നതെന്ന കാര്യത്തിൽ കൂടുതൽ അവബോധം ഉള്ളവരായിരിക്കാൻ ഞങ്ങളുടെ സന്ദർശനം സഹായിച്ചു. ഏറെ പ്രധാനമായി, ആവർത്തിച്ചു കഴുകുമ്പോഴും വസ്‌ത്രങ്ങളുടെ നിറം മങ്ങാതെ നിലനിൽക്കാൻ അവലംബിച്ചുവരുന്ന വിദഗ്‌ധമായ പ്രക്രിയകളെക്കുറിച്ചു വ്യക്തമായൊരു കാഴ്‌ചപ്പാടും ഞങ്ങൾക്കു ലഭിച്ചു.

[അടിക്കുറിപ്പ്‌]

^ ഖ. 4 വർണ വിജ്ഞാനമേഖലയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനമാണ്‌ എസ്‌ഡിസി, അഥവാ സൊസൈറ്റി ഓഫ്‌ ഡയേഴ്‌സ്‌ ആൻഡ്‌ കളറിസ്റ്റ്‌സ്‌.

[24-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

ചിത്രങ്ങൾ 1-4: Courtesy of the Colour Museum, Bradford (www.colour-experience.org)

[25-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

ചിത്രം 5: Courtesy of the Colour Museum, Bradford (www.colour-experience.org); ചിത്രം 6: Clariant International Ltd., Switzerland