ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
യുവജനങ്ങൾ ചോദിക്കുന്നു . . . ഞാൻ വായിക്കേണ്ടത് എന്തുകൊണ്ട്? (2006 മേയ്) എനിക്ക് 15 വയസ്സുണ്ട്; ഈ ലേഖനം വളരെ സഹായകമായിരുന്നു. ഞാൻ ഈ മാസിക സ്കൂളിൽ കൊണ്ടുപോയി; എന്റെ അധ്യാപിക അതു ശ്രദ്ധിച്ചു. ക്ലാസ്സിൽ വായനശീലത്തെക്കുറിച്ചു സംസാരിക്കവേ അധ്യാപിക ആ ഉണരുക! കുട്ടികളെ കാണിച്ചു. മാസിക ഇഷ്ടപ്പെട്ടെന്നു പറഞ്ഞ അധ്യാപിക അതു വായിക്കാൻ ക്ലാസ്സിലെ എല്ലാവരോടും ആവശ്യപ്പെട്ടു.
ഡി. എ. കെ., ബ്രസീൽ
എനിക്കു താത്പര്യമുള്ള ലേഖനങ്ങൾ മാത്രമേ മുമ്പൊക്കെ ഞാൻ വായിക്കുമായിരുന്നുള്ളൂ. എന്നാലിപ്പോൾ എനിക്ക് ഇഷ്ടപ്പെടാൻ ഇടയില്ലെന്നു തുടക്കത്തിൽ തോന്നിയാൽപ്പോലും ഓരോ ലേഖനങ്ങളും വായിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. മിക്കപ്പോഴും, വായിച്ചുവരുമ്പോൾ അത്തരം ലേഖനങ്ങൾ എന്റെ പ്രിയപ്പെട്ട ലേഖനങ്ങളായി മാറുന്നു. നിങ്ങൾക്കു നന്ദി.
ഇ. ജി., യുണൈറ്റഡ് സ്റ്റേറ്റ്സ്
യുവപ്രായത്തിൽ ഞാൻ എങ്ങനെയായിരുന്നോ അതുപോലുള്ള കുട്ടികൾ ഇന്നത്തെ ഇളമുറക്കാർക്കിടയിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി. 14-ാം വയസ്സിലായിരുന്നു എന്റെ സ്നാപനം. ഇന്നെനിക്ക് 40 വയസ്സുണ്ട്. സ്നാപനമേൽക്കുന്നതിന് കുറച്ചുനാൾ മുമ്പ് വീക്ഷാഗോപുരത്തിന്റെയോ ഉണരുക!യുടെയോ ഏതാനും പേജുകൾ വായിക്കുന്നതു ഞാൻ ശീലമാക്കി. അതാണ് എല്ലാ ലേഖനങ്ങളും മുടങ്ങാതെ വായിക്കാനും ആത്മീയത കാത്തുസൂക്ഷിക്കാനും എന്നെ സഹായിച്ചതെന്ന് എനിക്കു തോന്നുന്നു.
എസ്. ഒ., ജപ്പാൻ
മൈക്കിൾ സെർവീറ്റസ്—സത്യാന്വേഷണത്തിൽ ഒരു ഏകാന്തപഥികൻ (2006 മേയ്) വിജ്ഞാനപ്രദമായ ഈ ലേഖനത്തിനു നന്ദി. പ്രസംഗിക്കുന്നതിലും യഹോവയുടെ നാമത്തിനായി നിലകൊള്ളുന്നതിലും തുടരാൻ അതെനിക്കു പ്രചോദനമായി.
എം. ആർ., ബ്രസീൽ
വൈദ്യശാസ്ത്രരംഗത്തെ ഒരു പ്രതിഭ എന്നനിലയ്ക്കാണ് പലരും സെർവീറ്റസിനെ അറിയുന്നത്. എന്നാൽ ആത്മാർഥതയും സത്യാന്വേഷണ താത്പര്യവും പോലെ ഈ പ്രതിഭയുടെ വ്യക്തിത്വത്തിന്റെ ആകർഷകമായ മറ്റു സവിശേഷതകളിലേക്ക് ലേഖനം വെളിച്ചം വീശി. ഇതു പ്രസിദ്ധീകരിച്ചതിനു നന്ദി.
എം. ജെ., സ്പെയിൻ
മുന്നറിയിപ്പ് അനുസരിച്ചു, ദുരന്തത്തെ അതിജീവിച്ചു (2006 ജൂൺ) യഹോവയുടെ സ്നേഹനിർഭരമായ സംഘടനയുടെ ഭാഗമായിരിക്കാനാകുന്നത് ഒരു അനുഗ്രഹമാണ്! കത്രീന ചുഴലിക്കൊടുങ്കാറ്റിൽ തകർന്ന എന്റെ വീടിന്റെ കേടുപോക്കാൻ സഹായിച്ച സഹോദരീസഹോദരന്മാർക്കെല്ലാം ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. സഹോദരസ്നേഹം നിറഞ്ഞുനിൽക്കുന്ന ആ വീട്ടിലാണ് ഞാനിന്നു താമസിക്കുന്നത്.
ഈ. എഫ്., യുണൈറ്റഡ് സ്റ്റേറ്റ്സ്
പട്ടുനൂൽ—“നൂലുകളുടെ റാണി” (2006 ജൂൺ) കുട്ടിക്കാലം മുതൽക്കേ പട്ടുനൂൽ എനിക്കൊരു അത്ഭുതമായിരുന്നു. ഉണരുക!യിൽ ഈ ലേഖനം കണ്ടപ്പോൾ എനിക്ക് എത്ര സന്തോഷമായെന്നോ! എനിക്കത് ഒരുപാട് ഇഷ്ടമായി. യഹോവയുടെ സൃഷ്ടികളോടുള്ള എന്റെ മതിപ്പു വർധിക്കാൻ അത് ഇടയാക്കിയിരിക്കുന്നു.
ഓ. കെ. എൽ., ബ്രസീൽ
മാരകമായ മെലനോമയുടെ ലക്ഷണങ്ങൾ (2005 ജൂൺ 8 [ഇംഗ്ലീഷ്]) ലേഖനത്തിൽ കൊടുത്തിരുന്ന കളർഫോട്ടോകളുടെ സഹായത്താൽ എന്റെ ശരീരത്തിലുണ്ടായിരുന്ന ഒരു കറുത്ത തടിപ്പ് ഞാൻ പരിശോധിച്ചു; അത് മാരകമായ മെലനോമയായിരുന്നു. സന്തോഷകരമെന്നു പറയട്ടെ, ആരംഭദശയിൽത്തന്നെ അത് ശസ്ത്രക്രിയചെയ്തു നീക്കി. ഇത്തരത്തിലുള്ള പ്രായോഗിക വിവരങ്ങൾക്കായി ഞാൻ യഹോവയ്ക്കു നന്ദി പറയുന്നു.
കെ. എൻ., ജപ്പാൻ