വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ധാർമിക അധഃപതനം ഒരു ആഗോള പ്രശ്‌നം

ധാർമിക അധഃപതനം ഒരു ആഗോള പ്രശ്‌നം

ധാർമിക അധഃപതനം ഒരു ആഗോള പ്രശ്‌നം

“വഞ്ചന, അത്‌ എവിടെയുമുണ്ട്‌.” അടുത്തകാലത്ത്‌ ദ ചീറ്റിങ്‌ കൾച്ചർ എന്ന പുസ്‌തകം എഴുതിയ ഡേവിഡ്‌ കല്ലഹന്റെ വാക്കുകളാണവ. സ്‌കൂൾ-കോളേജ്‌ കുട്ടികളുടെ ഇടയിലുള്ള വഞ്ചന, സംഗീത-സിനിമ സിഡി-കളുടെ വ്യാജ പകർപ്പുണ്ടാക്കൽ, ജോലിസ്ഥലത്തെ മോഷണം, ആരോഗ്യപരിപാലന പദ്ധതികളുടെ പേരിലുള്ള വൻതട്ടിപ്പുകൾ, കായികതാരങ്ങൾക്കിടയിലെ ഉത്തേജകമരുന്നിന്റെ ഉപയോഗം എന്നിവ ഐക്യനാടുകളിൽ അരങ്ങേറുന്ന വഞ്ചനകളുടെ ഏതാനും ചില ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹം ഇങ്ങനെ ഉപസംഹരിക്കുന്നു: “നൈതികമൂല്യങ്ങളുടെ ലംഘനങ്ങളും നിയമലംഘനങ്ങളും എല്ലാംകൂടി കണക്കിലെടുക്കുമ്പോൾ, സംഭവിച്ചിരിക്കുന്ന ധാർമികച്യുതി എത്ര ഗുരുതരമാണെന്നു കാണാനാകും.”

ദ ന്യൂയോർക്ക്‌ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച്‌, 2005 ആഗസ്റ്റിൽ ഐക്യനാടുകളിൽ ആഞ്ഞടിച്ച കത്രീന ചുഴലിക്കൊടുങ്കാറ്റ്‌ “തട്ടിപ്പിന്റെയും കുതന്ത്രങ്ങളുടെയും ഗവണ്മെന്റ്‌ ഉദ്യോഗസ്ഥരുടെ അനാസ്ഥയുടെയും അത്യപൂർവമായ ഒരു ഏട്‌ ആധുനിക ചരിത്രത്തിൽ എഴുതിച്ചേർക്കാൻ ഇടയാക്കി.” ഒരു യു.എ⁠സ്‌. സെനറ്റർ ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “നഗ്നമായ അഴിമതി, കുതന്ത്രങ്ങൾ മെനയാനുള്ള ചങ്കൂറ്റം, പണത്തിന്റെ ദുർവ്യയം ഇവയെല്ലാം ആരെയും അന്ധാളിപ്പിക്കാൻ പോന്നവയാണ്‌.”

നിസ്സ്വാർഥരും ദയാതത്‌പരരുമായ ആളുകൾ ഇന്നും ഉണ്ടെന്നുള്ളത്‌ ശരിയാണ്‌. (പ്രവൃത്തികൾ 27:3; 28:2) എന്നാൽ നാം പലപ്പോഴും കേൾക്കുന്നത്‌ “ഇതിൽനിന്നും എനിക്കെന്താണൊരു മെച്ചം?” എന്ന ചോദ്യമാണ്‌. ‘ഞാൻ മുമ്പൻ, ഏറ്റവും നല്ലത്‌ എനിക്ക്‌’ എന്ന മനോഭാവമാണ്‌ ഇന്നു പൊതുവേ ആളുകളെ ഭരിക്കുന്നത്‌.

മുമ്പ്‌, റോമാ സാമ്രാജ്യംപോലുള്ള സംസ്‌കാരങ്ങളുടെതന്നെ തകർച്ചയ്‌ക്ക്‌ സ്വാർഥമായ കടുത്ത അധാർമികത കാരണമായെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇപ്പോൾ അരങ്ങേറുന്ന സംഭവങ്ങൾ കൂടുതൽ പ്രാധാന്യമേറിയ എന്തിന്റെയെങ്കിലും ഒരു മുന്നോടി ആയിരിക്കുമോ? അധർമത്തിന്റെ വർധന ഈ വ്യവസ്ഥിതിയുടെ അന്ത്യനാളുകളുടെ ഒരു അടയാളമായി ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. ഇന്നു ലോകത്തിന്റെ മുക്കിലും മൂലയിലും അധർമം പെരുകുന്നു എന്നതു സത്യമല്ലേ?​—⁠മത്തായി 24:3-8, 12-14; 2 തിമൊഥെയൊസ്‌ 3:1-5.

അധഃപതനം—ലോകമെമ്പാടും

ഉഗാണ്ടയിലെ ചില ചേരികളിൽ നടക്കുന്ന “ലൈംഗിക ചൂഷണത്തെയും അശ്ലീലസാഹിത്യത്തിന്റെ ഉപയോഗത്തെയും സംബന്ധിച്ച ഒരു ചർച്ച”യെക്കുറിച്ചു റിപ്പോർട്ടു ചെയ്‌തുകൊണ്ട്‌ 2006 ജൂൺ 22-ലെ ആഫ്രിക്കാ ന്യൂസ്‌ പറഞ്ഞു: “മാതാപിതാക്കളുടെ അവഗണനയാണ്‌ ഈ പ്രദേശത്ത്‌ വേശ്യാവൃത്തിയും മയക്കുമരുന്നുകളുടെ ഉപയോഗവും വർധിക്കാൻ ഇടയാക്കിയിരിക്കുന്നത്‌.” ആ പത്രം തുടരുന്നു: “കാവെംപെ പോലീസ്‌ സ്റ്റേഷനിലെ ‘കുട്ടികൾ-കുടുംബ സുരക്ഷാവിഭാഗ’ത്തിന്റെ ഉത്തരവാദിത്വം വഹിക്കുന്ന ശ്രീ. ഡാബാഞ്ചി സാലൊങ്കോ പറഞ്ഞു, ബാലപീഡനത്തിന്റെയും ഗാർഹിക അതിക്രമങ്ങളുടെയും നിരക്ക്‌ കുത്തനെ ഉയർന്നിരിക്കുന്നു.”

ഇന്ത്യയിലെ ഒരു ഡോക്ടർ പറയുന്നതനുസരിച്ച്‌, “സമൂഹത്തിന്‌ അതിന്റെ സാംസ്‌കാരിക പൈതൃകം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്‌.” ഒരു സിനിമാ സംവിധായികയുടെ അഭിപ്രായത്തിൽ “മയക്കുമരുന്നുകളുടെ ഉപയോഗത്തിന്റെയും ലൈംഗിക അധാർമികതയുടെയും വർധന, ഇന്ത്യയും ‘പടിഞ്ഞാറൻ ഭോഗാസക്തി’യിലേക്കു മുങ്ങിക്കൊണ്ടിരിക്കുന്നു എന്നതിന്റെ മറ്റൊരു തെളിവാണ്‌.”

ബെയ്‌ജിങ്ങിലെ ചൈനാ സെക്‌സോളജി അസ്സോസിയേഷന്റെ സെക്രട്ടറി-ജനറൽ ഹു പാചെൻ പറയുന്നു: “മുമ്പ്‌ നമ്മുടെ സമൂഹത്തിൽ തെറ്റും ശരിയും സംബന്ധിച്ച്‌ ഒരു ബോധം ഉണ്ടായിരുന്നു. എന്നാൽ ഇന്ന്‌ എന്തും ചെയ്യാമെന്ന സ്ഥിതിയാണുള്ളത്‌.” ചൈനാ ടുഡേ മാസികയിലെ ഒരു ലേഖനം അത്‌ ഇപ്രകാരമാണു പ്രസ്‌താവിക്കുന്നത്‌: “വിവാഹബാഹ്യബന്ധങ്ങൾ സംബന്ധിച്ച്‌ സമൂഹം കൂടുതൽ അനുവാദാത്മക നിലപാടു സ്വീകരിക്കുന്നു.”

ഇംഗ്ലണ്ടിലെ യോർക്‌ഷെയർ പോസ്റ്റ്‌ അടുത്തകാലത്ത്‌ പ്രസ്‌താവിച്ചു: “സാധനങ്ങൾ വിൽക്കാനുള്ള ഒരു ഉപാധിയായി മിക്കവാറും എല്ലാവരുംതന്നെ സെക്‌സിനെ കണക്കാക്കുന്നതായി തോന്നുന്നു, അതിനായി വസ്‌ത്രങ്ങൾ ഉരിയാൻപോലും ആർക്കും മടിയില്ല.” “ഒരു തലമുറ മുമ്പാണ്‌ ഇതൊക്കെ നടന്നിരുന്നതെങ്കിൽ ആളുകൾ ധാർമികരോഷം കൊള്ളുമായിരുന്നു. എന്നാൽ ഇന്നോ? പല രൂപത്തിലും ഭാവത്തിലും സെക്‌സ്‌ അരങ്ങുനിറഞ്ഞ്‌ ആടുകയാണ്‌. അശ്ലീലം പൊതുവേ സ്വീകാര്യത കൈവരിച്ചിരിക്കുന്നു.” പത്രം ഇങ്ങനെയും കൂട്ടിച്ചേർത്തു: “ഒരിക്കൽ, പ്രായപൂർത്തിയായവർ മാത്രം കാണാൻ പ്രതീക്ഷിച്ചിരുന്ന സിനിമകളും മറ്റും ഇന്ന്‌ കുടുംബം ഒന്നിച്ചിരുന്നു കാണുന്നത്‌ സാധാരണമായിരിക്കുന്നു, അശ്ലീലവിരുദ്ധ പ്രവർത്തകരുടെ അഭിപ്രായത്തിൽ ഇത്തരം അശ്ലീലം മുഖ്യമായും കുട്ടികളെ ലക്ഷ്യംവെച്ചുള്ളവയാണ്‌.”

“ചില ടീനേജുകാർ തങ്ങൾ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചു ചർച്ചചെയ്യുന്ന അതേ ലാഘവത്തോടെയാണ്‌ തങ്ങളുടെ ലൈംഗിക അനുഭവങ്ങളെക്കുറിച്ചു സംസാരിക്കുന്നത്‌,” ദ ന്യൂയോർക്ക്‌ ടൈംസ്‌ മാസിക. 8 മുതൽ 12 വയസ്സുവരെയുള്ള കുട്ടികളുടെ മാതാപിതാക്കൾക്കു മാർഗനിർദേശം നൽകുന്ന ഒരു മാസിക (ട്വീൻസ്‌ ന്യൂസ്‌) എഴുതുന്നു: “ഒരു പെൺകുട്ടി സ്വന്തം കൈപ്പടയിൽ ഹൃദയഭേദകമായ ഒരു കത്ത്‌ എഴുതി: ‘ആൺകുട്ടികളുമായി പുറത്തുപോകാനും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും എന്റെ അമ്മ എന്നെ നിർബന്ധിക്കുന്നു. എനിക്കു 12 വയസ്സേയുള്ളൂ . . . ദയവായി എന്നെ രക്ഷിക്കൂ!’”

കാലം പോയ പോക്കേ! കാനഡയിലെ ടൊറന്റോ സ്റ്റാർ പറയുന്നതനുസരിച്ച്‌ കുറച്ചുകാലം മുമ്പുപോലും “സ്വവർഗരതിക്കാരായ പുരുഷന്മാർ അല്ലെങ്കിൽ സ്‌ത്രീകൾ ഒരുമിച്ചു പാർക്കുന്നത്‌ ധാർമികരോഷം ഇളക്കിവിടുമായിരുന്നു.” എന്നാൽ ഇന്നോ? ഒട്ടാവയിലെ കാൾറ്റൺ സർവകലാശാലയിലെ സാമൂഹികചരിത്ര അധ്യാപികയായ ബാർബറ ഫ്രീമാന്റെ നിരീക്ഷണം ശ്രദ്ധിക്കൂ: “ആളുകൾ പറയുന്നു, ‘സ്വകാര്യ ജീവിതം സ്വകാര്യമാണ്‌. മറ്റാരും അതിൽ തലയിടേണ്ട.’”

തീർച്ചയായും, കഴിഞ്ഞ കുറെ ദശകങ്ങളായി ലോകമെമ്പാടും ധാർമിക നിലവാരങ്ങളിൽ വലിയ ഇടിവു സംഭവിച്ചിരിക്കുന്നു. ദ്രുതഗതിയിലുള്ള ഈ മാറ്റങ്ങൾക്കു കാരണമെന്താണ്‌? ഇതേക്കുറിച്ചു വ്യക്തിപരമായി നിങ്ങൾക്ക്‌ എന്തു തോന്നുന്നു? ഈ മാറ്റങ്ങൾ ഭാവിയെക്കുറിച്ച്‌ എന്തു സൂചനയാണു നൽകുന്നത്‌?