വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പൂമ്പൊടി ജീവന്റെ ധൂളി

പൂമ്പൊടി ജീവന്റെ ധൂളി

പൂമ്പൊടി ജീവന്റെ ധൂളി

വസന്തം പൊട്ടിവിടരുമ്പോൾ വണ്ടുകൾക്കും തേനീച്ചകൾക്കും ചിത്രശലഭങ്ങൾക്കും ഉത്സവലഹരി! അന്തരീക്ഷത്തിലെങ്ങും പൂമ്പൊടി നിറയുകയായി. അലർജിയുള്ള ആളുകൾക്ക്‌ പൂമ്പൊടി അനുഗ്രഹത്തിനു പകരം ശാപമായിരുന്നേക്കാം. എന്നാൽ വല്ലാത്ത ഒരു പൊല്ലാപ്പ്‌ എന്നു ചിന്തിക്കുന്നതിനു പകരം അനുപമമായ ഈ ധൂളിയുടെ പ്രാധാന്യം നാം കണക്കിലെടുക്കേണ്ടതുണ്ട്‌. മനുഷ്യജീവിതം പൂമ്പൊടിയെ എത്രമാത്രം ആശ്രയിച്ചിരിക്കുന്നു എന്നറിയുന്നതു നമ്മെ അത്ഭുതപ്പെടുത്തും.

എന്താണു പൂമ്പൊടി? “പൂക്കളോ രേണുശങ്കുക്കളോ (cones) ഉള്ള സസ്യങ്ങളുടെ കേസരങ്ങൾ (ആൺ പ്രത്യുത്‌പാദനഭാഗം) ഉത്‌പാദിപ്പിക്കുന്ന ചെറുകണങ്ങളുടെ സമുച്ചയമാണു പൂമ്പൊടി” എന്ന്‌ ദ വേൾഡ്‌ ബുക്ക്‌ എൻസൈക്ലോപീഡിയ പറയുന്നു. ചുരുക്കിപ്പറഞ്ഞാൽ പുനരുത്‌പാദനം ലക്ഷ്യംവെച്ചാണ്‌ ചെടികൾ പൂമ്പൊടി അഥവാ പരാഗം ഉത്‌പാദിപ്പിക്കുന്നത്‌. നമുക്കറിയാവുന്നതുപോലെ, ഒരു സ്‌ത്രീയുടെ അണ്ഡം പുരുഷബീജവുമായി കൂടിച്ചേർന്നാൽമാത്രമേ കുട്ടി ജനിക്കൂ. സമാനമായി ബീജസംയോജനത്തിനും ഫലോത്‌പാദനത്തിനുമായി, ഒരു പൂവിന്റെ ജനിയിൽ (സ്‌ത്രൈണ പ്രത്യുത്‌പാദനഭാഗം) കേസരത്തിൽനിന്നുള്ള പൂമ്പൊടി പതിക്കേണ്ടതുണ്ട്‌. *

അതിസൂക്ഷ്‌മങ്ങളായതിനാൽ സൂക്ഷ്‌മദർശിനിയിലൂടെമാത്രമേ പരാഗരേണുക്കളെ നമുക്കു വ്യക്തമായി കാണാനാകൂ. യഥാർഥത്തിൽ ഓരോ സ്‌പീഷിസിലുംപെട്ട സസ്യങ്ങളുടെ പരാഗരേണുക്കളുടെ വലുപ്പവും ആകൃതിയും അനുപമമാണെന്നും ദർശിക്കാനാകും. ജീർണനം സംഭവിക്കാത്തതിനാൽ കാലങ്ങളായി മണ്ണിൽ മറഞ്ഞുകിടക്കുന്ന പരാഗരേണുക്കളുടെ സവിശേഷതകൾ പഠിക്കാൻ ശാസ്‌ത്രജ്ഞർക്കു കഴിയുന്നു. അതൊരു വലിയ നേട്ടമാണ്‌. നൂറ്റാണ്ടുകൾക്കുമുമ്പ്‌ ആളുകൾ നട്ടുവളർത്തിയിരുന്ന സസ്യങ്ങൾ തിരിച്ചറിയാൻ അവയുടെ പരാഗരേണുക്കളുടെ അതുല്യമായ “വിരലടയാളം” അവരെ സഹായിക്കുന്നു. ഏറെ പ്രധാനമായി പരാഗരേണുക്കളുടെ വ്യതിരിക്തമായ സവിശേഷതകൾ, സ്വന്തം സ്‌പീഷിസിൽപ്പെട്ടവയുടെ പരാഗരേണുക്കൾ തിരിച്ചറിയാൻ പൂക്കളെ സഹായിക്കുന്നു.

പരാഗവിതരണം

കാറ്റിലിളകിയാടുമ്പോൾ പൈൻപോലുള്ള മരങ്ങളുടെ രേണുശങ്കുക്കളും നിരവധി സസ്യങ്ങളുടെ പൂക്കുലകളും ചുറ്റും പൂമ്പൊടിവർഷം നടത്തുന്നു. ഇവയെല്ലാം വായുവിലൂടെ പരാഗണം നടത്തുന്നവയാണ്‌. ജലപരാഗണം നടത്തുന്ന ചില ജലസസ്യങ്ങളുമുണ്ട്‌. വായൂപരാഗണം ‘കാടടച്ചു വെടിവെക്കുന്നതു’പോലുള്ള ഒരു പരിപാടി ആയതിനാൽ പ്രസ്‌തുത രീതി അവലംബിക്കുന്ന ചെടികളും വൃക്ഷങ്ങളും വൻതോതിൽ പൂമ്പൊടി ഉത്‌പാദിപ്പിക്കുന്നു. * തത്‌ഫലമായി അന്തരീക്ഷത്തിലുണ്ടാകുന്ന പൂമ്പൊടിപ്രളയം അലർജിക്കാരെ കഷ്ടത്തിലാക്കുന്നു.

പല തരത്തിലുള്ള മരങ്ങളുടെയും തൃണവർഗത്തിൽപ്പെട്ട ചെടികളുടെയും കാര്യത്തിൽ വായൂപരാഗണം ഫലപ്രദമാണെങ്കിലും, കൂട്ടമായി കാണപ്പെടാത്ത സപുഷ്‌പികൾ കൂടുതൽ ഫലകരമായ ഒരു രീതി അവലംബിക്കുന്നു. കിലോമീറ്ററുകൾ അകലെയുള്ള സമാന ചെടികളിലേക്കും വൃക്ഷങ്ങളിലേക്കും എങ്ങനെയാണ്‌ ഇവ പൂമ്പൊടി എത്തിക്കുന്നത്‌? വവ്വാലുകളും പക്ഷികളും ചെറുപ്രാണികളുമാണ്‌ ഈ സേവനം കാര്യക്ഷമമായി നിർവഹിക്കുന്നത്‌! ഒരു പൂവിൽനിന്നു മറ്റൊന്നിലേക്കു പൂമ്പൊടി എത്തിക്കുന്ന ഈ ദൗത്യം പക്ഷേ സൗജന്യമല്ല!

പരാഗകാരികളുടെ പ്രമോദമായ പൂന്തേനാണ്‌ പരാഗവിതരണത്തിനുള്ള പ്രതിഫലമായി പുഷ്‌പങ്ങൾ നൽകുന്നത്‌. തേൻ നുകരാൻ ശ്രമിക്കവേ അവയുടെ ദേഹത്തു പൂമ്പൊടി പറ്റിപ്പിടിക്കുന്നു. കൊതിയോടെ മറ്റൊരു പൂവിലേക്കു നീങ്ങവേ ആ പൂമ്പൊടിയും അവയോടൊപ്പമുണ്ടാകും.

ചെറുപ്രാണികളാണു പരാഗവിതരണത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്‌, പ്രത്യേകിച്ച്‌ സമശീതോഷ്‌ണ മേഖലകളിൽ. പൂമ്പൊടിയും പൂന്തേനും നുണഞ്ഞുകൊണ്ട്‌ ദിവസവും അവ ഒട്ടനവധി പൂക്കൾ സന്ദർശിക്കുന്നു. * “സാധ്യതയനുസരിച്ച്‌, മനുഷ്യന്റെ ആയുരാരോഗ്യത്തിനു ചെറുപ്രാണികൾ സംഭാവന ചെയ്യുന്ന ഏറ്റവും പ്രധാന വിധം, മനുഷ്യർ മിക്കപ്പോഴും വിലമതിക്കാൻ പരാജയപ്പെടുന്ന പരാഗവിതരണമാണ്‌” എന്ന്‌ പ്രൊഫസർ മേയ്‌ ബെറെൻബൗം പറയുന്നു. സമൃദ്ധമായ വിളവ്‌ ഉത്‌പാദിപ്പിക്കാൻ ഫലവൃക്ഷങ്ങൾ സാധാരണഗതിയിൽ പരപരാഗണത്തെ ആശ്രയിക്കുന്നു. മനുഷ്യന്റെ നിലനിൽപ്പിനു പരാഗവിതരണം എത്ര സഹായിക്കുന്നുവെന്നതു സുവ്യക്തമാണ്‌.

പരാഗകാരികളെ ആകർഷിക്കാനുള്ള വിദ്യകൾ

പരാഗകാരികളെ ക്ഷണിച്ചുവരുത്തി ഊട്ടിവിടേണ്ടത്‌ പൂക്കളുടെ ആവശ്യമാണ്‌. എങ്ങനെയാണ്‌ അവ അതു ചെയ്യുന്നത്‌? ചില പൂക്കൾ പരാഗകാരികൾക്കു വെയിൽകാഞ്ഞിരിക്കാനുള്ള സൗകര്യം പ്രദാനം ചെയ്യുന്നു. തങ്ങളുടെ വിഭവങ്ങൾ പരസ്യപ്പെടുത്തിക്കൊണ്ട്‌ പരാഗകാരികളെ ആകർഷിക്കുന്ന പൂക്കളുമുണ്ട്‌. മനോഹാരിത പ്രദർശിപ്പിക്കുന്നതും നറുമണം പരത്തുന്നതും മിക്കപ്പോഴും അവയുടെ പ്രചരണതന്ത്രങ്ങളാണ്‌. കൂടാതെ തേൻ സൂക്ഷിച്ചിരിക്കുന്ന കൃത്യസ്ഥലം കണ്ടുപിടിക്കാൻ സന്ദർശകരെ സഹായിക്കുന്ന, വർണപ്പുള്ളികളുടെയോ വരകളുടെയോ രൂപത്തിലുള്ള വഴികാട്ടികൾ അനേകം പൂക്കളിലുണ്ട്‌.

പലയിനം പൂക്കൾക്കും പലതരത്തിലുള്ള പരസ്യതന്ത്രങ്ങളാണുള്ളത്‌. ചില പൂക്കൾ ഈച്ചകളെ ആകർഷിക്കാൻ ഒരു ചീഞ്ഞമണം പരത്തുന്നു. കാര്യം ഭംഗിയായി നടന്നുകിട്ടാൻ തട്ടിപ്പുകാട്ടുന്ന സൂത്രക്കാരുമുണ്ട്‌. ഉദാഹരണത്തിന്‌ ബീ-ഓർക്കിഡുകൾക്കു തേനീച്ചയുടെ ആകൃതിയിലുള്ള പൂക്കളാണുള്ളത്‌. അതു കാണുമ്പോൾ പ്രണയാർഥികളായ തേനീച്ചകൾ പാഞ്ഞടുക്കുന്നു. ചിലതരം പൂക്കളാകട്ടെ, പ്രാണികളെ കുടുക്കുകയും പരാഗണദൗത്യം നിർവഹിക്കപ്പെടുന്നതുവരെ അവയെ പിടിച്ചുവെക്കുകയും ചെയ്യുന്നു. “പരാഗണം എന്ന ജീവത്‌പ്രധാന കാര്യത്തിലെപ്പോലെ, സസ്യശാസ്‌ത്ര പ്രതിഭ ഇത്ര സൗകുമാര്യത്തോടും കൃത്യതയോടും മികവോടും കാര്യക്ഷമതയോടും കൂടെ പ്രകടമായിരിക്കുന്ന മറ്റൊരു മേഖല സസ്യലോകത്തില്ല” എന്ന്‌ സസ്യശാസ്‌ത്രജ്ഞനായ മാൽക്കം വിൽക്കിൻസ്‌ എഴുതുന്നു.

ഈ വിധങ്ങളിലെല്ലാം സസ്യങ്ങളെ ആകർഷകമാക്കിക്കൊണ്ട്‌ സ്രഷ്ടാവായ ദൈവം അവയുടെ പരാഗണത്തിനു കളമൊരുക്കിയില്ലായിരുന്നെങ്കിൽ ലക്ഷക്കണക്കിനു സസ്യങ്ങളുടെ പുനരുത്‌പാദനം അവതാളത്തിലാകുമായിരുന്നു. ആ അത്ഭുതപ്രക്രിയയുടെ ഒരു ഫലത്തെക്കുറിച്ച്‌ യേശു ഇങ്ങനെ പറഞ്ഞു: “വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂല്‌ക്കുന്നതുമില്ല. എന്നാൽ ശലോമോൻപോലും തന്റെ സർവ്വ മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല.”​—⁠മത്തായി 6:25, 28, 29.

സസ്യങ്ങൾ തഴച്ചുവളരുന്നതും നമുക്കാവശ്യമായ ഭക്ഷണം ഉത്‌പാദിപ്പിക്കുന്നതും അവയിൽ പരാഗണം നടക്കുന്നതുകൊണ്ടാണ്‌. നമ്മിൽ ചിലർക്കു പൂമ്പൊടി ഒരു ശല്യമായിരുന്നേക്കാമെങ്കിലും ജീവന്റെ ഈ ധൂളി വിതരണം ചെയ്യുന്നതിൽ തിരക്കോടെ ഏർപ്പെട്ടിരിക്കുന്ന പരാഗകാരികൾക്കായി നാമെല്ലാം നന്ദിയുള്ളവരായിരിക്കണം. നമ്മുടെ സ്രഷ്ടാവിന്റെ വിസ്‌മയാവഹമായ കരവേല വിളിച്ചോതുന്ന, പ്രകൃതിയിലെ ഈ അത്ഭുത പ്രക്രിയ സമൃദ്ധമായ വിളവുത്‌പാദനത്തിൽ വലിയ പങ്കുവഹിക്കുന്നു.

[അടിക്കുറിപ്പുകൾ]

^ ഖ. 3 മറ്റൊരു ചെടിയുടെ പൂമ്പൊടി സ്വീകരിച്ചുകൊണ്ടുള്ള പരപരാഗണത്തിലൂടെയോ സ്വന്തം പൂമ്പൊടി ഉപയോഗിച്ചുള്ള സ്വപരാഗണത്തിലൂടെയോ സസ്യങ്ങൾ ബീജസങ്കലനം നടത്താറുണ്ട്‌. ഏറെ കരുത്തുറ്റ, വൈവിധ്യമാർന്ന സസ്യങ്ങൾ ഉത്‌പാദിപ്പിക്കപ്പെടുന്നു എന്നതാണു പരപരാഗണത്തിന്റെ മെച്ചം.

^ ഖ. 6 ഉദാഹരണത്തിന്‌ ബർച്ച്‌ മരത്തിന്റെ ഒരു പൂക്കുലമാത്രം 50 ലക്ഷത്തിലധികം പരാഗരേണുക്കൾ കാറ്റിൽപ്പറത്തിയേക്കാം. അത്തരം ഒരു മരത്തിൽ സാധാരണമായി നൂറുകണക്കിനു പൂക്കുലകളും ഉണ്ടായിരുന്നേക്കാം!

^ ഖ. 9 ഒരു കിലോഗ്രാം തേൻ തരപ്പെടുത്താൻ തേനീച്ചകൾ ഒരു കോടിയോളം തവണ പൂക്കളിൽ സന്ദർശനം നടത്തേണ്ടതുണ്ട്‌!

[16, 17 പേജുകളിലെ ചതുരം/ചിത്രങ്ങൾ]

പരാഗകാരികൾ

ഈച്ചകളും വണ്ടുകളും

അർഹമായ പുകഴ്‌ച ഒരിക്കലും ലഭിച്ചിട്ടില്ലാത്ത പ്രഗത്ഭരായ പരാഗകാരികളിൽ ചിലരാണിവർ. നിങ്ങൾ ചോക്കലേറ്റു തിന്നാറുണ്ടോ? ഉണ്ടെങ്കിൽ കൊക്കോച്ചെടിയുടെ പൂക്കളിൽ പരാഗണം നടത്തുന്ന ഒരു കുഞ്ഞീച്ചയോടു നിങ്ങൾ നന്ദിയുള്ളവരായിരിക്കണം.

വവ്വാലുകളും പോസമുകളും

കേപോക്കും ബവുബാബുംപോലുള്ള, ലോകത്തിലെ പല കൂറ്റൻ വൃക്ഷങ്ങളും പരാഗണത്തിനായി വവ്വാലുകളെയാണ്‌ ആശ്രയിക്കുന്നത്‌. തേൻ കുടിക്കുന്നതോടൊപ്പം ഫലങ്ങളും തിന്നുന്ന ചില പഴവാവലുകൾ വിത്തുകൾ അങ്ങുമിങ്ങും ചിതറിച്ചുകൊണ്ട്‌ ദ്വിമുഖമായ സേവനമനുഷ്‌ഠിക്കുന്നു. പൂക്കളിൽ മധുവുണ്ണാനെത്തുന്ന ഓസ്‌ട്രേലിയയിലെ ചെറിയ സഞ്ചിമൃഗങ്ങളാണു പോസമുകൾ. ഇവയുടെ രോമക്കുപ്പായം പൂക്കൾക്കിടയിൽ പരാഗവിതരണം നടത്താൻ പര്യാപ്‌തമാണ്‌.

ചിത്രശലഭങ്ങളും നിശാശലഭങ്ങളും

മുഖ്യമായും പൂന്തേൻ കുടിച്ചു ജീവിക്കുന്ന നിശാശലഭങ്ങളും വർണശബളമായ ചിത്രശലഭങ്ങളും പൂക്കൾതോറും പാറിനടക്കുമ്പോൾ അറിയാതെ പൂമ്പൊടിയും കൂടെക്കൊണ്ടുപോകുന്നു. മനോഹരമായ ചില ഓർക്കിഡുകളുടെ പരാഗണത്തിന്റെ കുത്തക നിശാശലഭങ്ങൾക്കാണ്‌.

തേൻകിളിയും ഹമ്മിങ്‌ബേർഡും

നിറപ്പകിട്ടാർന്ന ഈ പക്ഷികൾ തേൻകുടിച്ചുകൊണ്ട്‌ സദാ പൂക്കൾതോറും പറന്നുനടക്കുമ്പോൾ പൂക്കൾ അവയുടെ തലയിലും നെഞ്ചിലുമുള്ള തൂവലുകളിൽ പൂമ്പൊടി ചാർത്തുന്നു.

തേനീച്ചകളും കടന്നലുകളും

ഒരു കണ്ണടയിൽ പൊടി പറ്റിപ്പിടിക്കുന്നത്ര എളുപ്പത്തിൽ, രോമാവൃതമായ ശരീരമാസകലം പൂമ്പൊടി പറ്റിപ്പിടിക്കുന്നതിനാൽ തേനീച്ചകൾ ഒന്നാന്തരം പരാഗകാരികളാണ്‌. ബംബിൾബീ വർഗത്തിൽപ്പെട്ട ഒരൊറ്റ തേനീച്ച 15,000 പരാഗരേണുക്കൾവരെ വഹിച്ചുകൊണ്ടുപോയേക്കാം! 19-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽനിന്ന്‌ ന്യൂസിലൻഡിലേക്ക്‌ ‘ഇറക്കുമതി’ ചെയ്യപ്പെട്ട ഇവനിമിത്തമാണ്‌ കന്നുകാലികൾക്കു പോഷകസമൃദ്ധമായ തീറ്റയായി ക്ലോവർച്ചെടി ഇന്നവിടെ തഴച്ചുവളരുന്നത്‌.

തേനീച്ചയാണ്‌ ലോകത്തിലെ പരാഗകാരികളിൽ അഗ്രഗണ്യൻ. തേനീച്ചക്കൂടിനു പരിസരത്തു സമൃദ്ധമായി വിരിഞ്ഞുനിൽക്കുന്ന, ഏതെങ്കിലും ഒരിനം പൂക്കളെയായിരിക്കും മുഖ്യമായും കക്ഷി സന്ദർശിക്കുക. “മനുഷ്യന്റെ ഭക്ഷണത്തിന്റെ 30 ശതമാനംവരെ നേരിട്ടോ പരോക്ഷമായോ, തേനീച്ചകൾ നിർവഹിക്കുന്ന പരാഗണത്തെ ആശ്രയിച്ചിരിക്കുന്നു” എന്ന്‌ ഷഡ്‌പദവിജ്ഞാനിയായ ക്രിസ്റ്റഫർ ഓട്ടൂൾ കണക്കുകൂട്ടുന്നു. ബദാം, ആപ്പിൾ, പ്ലം, ചെറി, കിവി തുടങ്ങിയ വിളകളുടെ പരാഗണത്തിനു തേനീച്ചകൾ കൂടിയേ തീരൂ. തേനീച്ചപ്പെട്ടികൾ സ്ഥാപിച്ചുകൊണ്ടു തങ്ങളെ സഹായിക്കുന്ന തേനീച്ചവളർത്തലുകാർക്കു കർഷകർ പ്രതിഫലം കൊടുക്കാറുണ്ട്‌.

[18-ാം പേജിലെ ചിത്രം]

ബീ-ഓർക്കിഡ്‌