വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ വ്യക്തി എനിക്കു ചേരുമോ?

ഈ വ്യക്തി എനിക്കു ചേരുമോ?

യുവജനങ്ങൾ ചോദിക്കുന്നു . . .

ഈ വ്യക്തി എനിക്കു ചേരുമോ?

താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ദയവായി പരിചിന്തിക്കുക:

നിങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക്‌ അവശ്യം ഉണ്ടായിരിക്കണമെന്ന്‌ ഇപ്പോൾ നിങ്ങൾ കരുതുന്ന ഗുണങ്ങൾ എന്തെല്ലാമാണ്‌? താഴെക്കൊടുത്തിരിക്കുന്നതിൽ അതിപ്രധാനമെന്നു തോന്നുന്ന നാലു ഗുണങ്ങൾക്കുനേരെ ചിഹ്നം ഇടുക.

․․․․․․․․ സൗന്ദര്യം

․․․․․․․․ ആത്മീയത

․․․․․․․․ സുഹൃദ്‌ഭാവം

․․․․․․․․ ആശ്രയയോഗ്യത

․․․․․․․․ പ്രശസ്‌തി

․․․․․․․ ധാർമിക വൈശിഷ്ട്യം

․․․․․․․․ നർമബോധം

․․․․․․․․ ലക്ഷ്യബോധം

കുറേക്കൂടെ ചെറുപ്പമായിരുന്നപ്പോൾ നിങ്ങൾക്ക്‌ ആരിലെങ്കിലും അനുരാഗം തോന്നിയിട്ടുണ്ടോ? മുകളിൽ കൊടുത്തിരിക്കുന്നതിൽ ഏതു ഗുണമാണ്‌ അക്കാലത്ത്‌ ആ വ്യക്തിയിൽ ഏറ്റവും ആകർഷകമായി തോന്നിയതെന്ന്‌ ✘ ചിഹ്നംകൊണ്ടു സൂചിപ്പിക്കുക.

മുകളിൽ പരാമർശിച്ചിരിക്കുന്ന ഗുണങ്ങളിൽ ഒന്നിനും തെറ്റു പറയാനാവില്ല. അവയിൽ ഓരോന്നിനും അതിന്റേതായ ആകർഷകത്വം ഉണ്ടുതാനും. പക്ഷേ ആരോടെങ്കിലും നിങ്ങൾ കൗമാരസഹജമായ പ്രണയത്തിലാണെങ്കിൽ ഇടതു വശത്തെ കോളത്തിലേതുപോലുള്ള ഏറെ പ്രകടമായ ഗുണങ്ങളായിരിക്കും നിങ്ങളുടെ കണ്ണിൽപ്പെടുക എന്നതല്ലേ ശരി?

എന്നാൽ പക്വതയിലെത്തുമ്പോൾ നിങ്ങളുടെ ഗ്രഹണപ്രാപ്‌തികൾ ഉപയോഗിച്ച്‌ വലത്തേ കോളത്തിലേതുപോലുള്ള കൂടുതൽ പ്രധാനപ്പെട്ട ഗുണങ്ങൾ നിങ്ങൾ പരിഗണനയിലെടുക്കാൻ തുടങ്ങും. ഉദാഹരണത്തിന്‌ അയലത്തെ ആ സുന്ദരിക്കുട്ടിയെ വിശ്വസിക്കാൻ കൊള്ളില്ലെന്നോ ക്ലാസ്സിലെ എല്ലാവരുടെയും കണ്ണിലുണ്ണി ധാർമികതയുടെ കാര്യത്തിൽ വട്ടപ്പൂജ്യമാണെന്നോ നിങ്ങൾ തിരിച്ചറിയാൻ തുടങ്ങിയേക്കാം. ലൈംഗിക വികാരങ്ങൾ തിളച്ചുമറിയുന്ന “നവയൗവനം” നിങ്ങൾ പിന്നിട്ടിരിക്കുന്നുവെങ്കിൽ “ഈ വ്യക്തി എനിക്കു ചേരുമോ?” എന്ന ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താൻ, നിങ്ങൾ ബാഹ്യമായ ഗുണങ്ങൾക്കും അപ്പുറത്തേക്കു നോക്കാൻ ഏറെ സാധ്യതയുണ്ട്‌.​—⁠1 കൊരിന്ത്യർ 7:⁠36, NW.

അത്‌ ആരെങ്കിലുമായാൽ മതിയോ?

കാലം കടന്നുപോകവേ എതിർലിംഗവർഗത്തിൽപ്പെട്ട പലരോടും നിങ്ങൾക്ക്‌ ആകർഷണം തോന്നിയേക്കാം. എന്നാൽ നിങ്ങളുടെ വിവാഹ ഇണയായി ആരെയെങ്കിലും തിരഞ്ഞെടുത്താൽ പോരാ. ഒരു ആജീവനാന്ത പങ്കാളിയെയാണു വാസ്‌തവത്തിൽ നിങ്ങൾക്കു വേണ്ടത്‌, നിങ്ങൾക്ക്‌ ഇരുവർക്കും പരസ്‌പരം കഴിവുകൾ വികസിപ്പിക്കാൻ വേദിയൊരുക്കുന്ന ഒരു ബന്ധമായിരിക്കണം അത്‌. (മത്തായി 19:​4-6) അത്‌ ആരായിരിക്കും? അതിനുള്ള ഉത്തരം കണ്ടെത്താൻ കഴിയുന്നതിനുമുമ്പ്‌, യാക്കോബ്‌ 1:​23-25-നു ചേർച്ചയിൽ ‘കണ്ണാടിയിൽ നോക്കി’ നിങ്ങൾ നിങ്ങളെത്തന്നെ സത്യസന്ധമായി വിലയിരുത്തേണ്ടതുണ്ട്‌.

നിങ്ങളെക്കുറിച്ചുതന്നെ മെച്ചമായി മനസ്സിലാക്കാൻ പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

എനിക്കുള്ള നല്ല ഗുണങ്ങൾ ഏതെല്ലാമാണ്‌?

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

എന്തെല്ലാം കുറവുകളും ദൗർബല്യങ്ങളുമാണ്‌ എനിക്കുള്ളത്‌?

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

വൈകാരികവും ആത്മീയവുമായ എന്തെല്ലാം ആവശ്യങ്ങൾ എനിക്കുണ്ട്‌?

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

നിങ്ങളെത്തന്നെ അറിയുക എന്നത്‌ അത്ര എളുപ്പമല്ല. എങ്കിലും ഇക്കാര്യത്തിൽ തുടക്കമിടാൻ മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കു നിങ്ങളെ സഹായിക്കാനാകും. * നിങ്ങളെപ്പറ്റിത്തന്നെ നിങ്ങൾ എത്ര നന്നായി അറിയുന്നുവോ​—⁠നിങ്ങളുടെ ദൗർബല്യങ്ങളെ കുറേക്കൂടെ വഷളാക്കുന്നതിനു പകരം​—⁠നിങ്ങൾക്കുള്ള കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കുന്ന ഒരാളെ കണ്ടെത്താൻ അത്രമേൽ നിങ്ങൾ സജ്ജരായിരിക്കും. എന്നാൽ പറ്റിയ ഒരാളെ കണ്ടെത്തിയിരിക്കുന്നുവെന്നു നിങ്ങൾ വിചാരിക്കുന്നെങ്കിലോ?

ഈ ബന്ധം വിജയിക്കുമോ?

അതിനുള്ള ഉത്തരത്തിന്‌ നിങ്ങൾ കണ്ടെത്തിയ വ്യക്തിയെ വസ്‌തുനിഷ്‌ഠമായി നിരീക്ഷിക്കുക. പക്ഷേ ശ്രദ്ധിക്കണം; കാണാൻ ആഗ്രഹിക്കുന്നതു മാത്രം കാണാനായിരിക്കാം നിങ്ങളുടെ ചായ്‌വ്‌! അതുകൊണ്ട്‌ ധൃതികൂട്ടാതെ ആ വ്യക്തിയുടെ യഥാർഥ വ്യക്തിത്വം മനസ്സിലാക്കിയെടുക്കാൻ ശ്രമിക്കുക.

ഡേറ്റിങ്‌ നടത്തുന്ന പലരും പങ്കാളിയുടെ വ്യക്തിത്വം ശരിയായി മനസ്സിലാക്കാൻ മെനക്കെടാറില്ല. പകരം ‘ഞങ്ങൾക്കിരുവർക്കും ഒരേതരം സംഗീതമാണ്‌ ഇഷ്ടം,’ ‘ഒരേതരം പ്രവർത്തനങ്ങളിൽ ഏർപ്പെടാനാണു ഞങ്ങൾക്കു താത്‌പര്യം,’ ‘എല്ലാ കാര്യത്തിലും ഞങ്ങൾക്കു യോജിപ്പാണ്‌!’ എന്നിങ്ങനെയൊക്കെ പറഞ്ഞുകൊണ്ട്‌ തങ്ങൾക്കിടയിലുള്ള സമാനതകളിലേക്ക്‌ അവർ വിരൽചൂണ്ടുന്നത്‌ എത്ര പെട്ടെന്നാണെന്നോ! എന്നാൽ മുമ്പു പരാമർശിച്ചതുപോലെ, നവയൗവനം പിന്നിട്ടിരിക്കുന്നെങ്കിൽ മറ്റേ വ്യക്തിയുടെ ബാഹ്യമായ സ്വഭാവവിശേഷങ്ങൾക്കും അപ്പുറത്തേക്കു നോക്കാൻ നിങ്ങൾക്കാകും. ‘ഹൃദയത്തിന്റെ ഗൂഢമനുഷ്യനെ’ നിങ്ങൾ വിവേചിച്ചറിയേണ്ടതുണ്ട്‌.​—⁠1 പത്രൊസ്‌ 3:4; എഫെസ്യർ 3:16.

ഉദാഹരണത്തിന്‌ നിങ്ങൾക്കിരുവർക്കും ഏതെല്ലാം കാര്യങ്ങളിൽ യോജിക്കാനാകുന്നുവെന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനെക്കാൾ വിയോജിപ്പ്‌ ഉണ്ടാകുമ്പോൾ എന്തു സംഭവിക്കുന്നു എന്നു ശ്രദ്ധിക്കുന്നതായിരിക്കും മറ്റേ വ്യക്തിയെ മനസ്സിലാക്കാൻ നിങ്ങളെ ഏറെ സഹായിക്കുക. മറ്റൊരു വിധത്തിൽ പറഞ്ഞാൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ ആ വ്യക്തി എങ്ങനെയാണു പ്രതികരിക്കുന്നത്‌? ‘താൻ പിടിച്ച മുയലിനു മൂന്നുകൊമ്പ്‌’ എന്നമട്ടിൽ ശാഠ്യംപിടിക്കുകയും “ക്രോധം,” “ദുർഭാഷണം” എന്നിവയ്‌ക്ക്‌ അടിപ്പെട്ടുപോകുകയും ചെയ്യുന്നുണ്ടോ? (ഗലാത്യർ 5:​19, 20; കൊലൊസ്സ്യർ 3:⁠8) അതോ ആ വ്യക്തി ന്യായബോധം പ്രകടമാക്കുന്നുണ്ടോ? അതായത്‌ ശരിയും തെറ്റും സംബന്ധിച്ച പ്രമാണങ്ങൾ ഉൾപ്പെടാത്ത സാഹചര്യങ്ങളിൽ സമാധാനാന്തരീക്ഷം നിലനിറുത്തുന്നതിനായി വഴങ്ങിക്കൊടുക്കാൻ മനസ്സൊരുക്കം കാട്ടുന്നുണ്ടോ?​—⁠യാക്കോബ്‌ 3:​17, NW.

ഇനി മറ്റൊരു ഘടകം പരിചിന്തിക്കുക: മറ്റുള്ളവരെ വരച്ചവരയിൽ നിറുത്താനോ നിർബന്ധപൂർവം സ്വന്തം വഴിക്കുകൊണ്ടുവരാനോ ചായ്‌വുള്ളയാളാണോ ആ വ്യക്തി? അയാളോ അവളോ അസൂയാലുവാണോ? നിങ്ങളുടെ ചലനങ്ങളോരോന്നും അറിയണമെന്നു വാശിപിടിക്കാറുണ്ടോ? യുവതിയായ നിക്കോൾ ഇങ്ങനെ പറയുന്നു: “മറ്റേ വ്യക്തി തന്റേതു മാത്രമാണെന്ന ചിന്തയും അസൂയയും അപായ സൂചനകളാണ്‌. ഡേറ്റിങ്‌ പങ്കാളികളിലൊരാൾ തന്റെ ഓരോ നീക്കവും ‘വരവണ്ണം വ്യത്യാസമില്ലാതെ’ മറ്റേയാളെ ബോധിപ്പിക്കാതിരുന്നതിന്റെ പേരിൽ അവർ തമ്മിൽ വഴക്കുകൂടുന്നതായി ഞാൻ കേൾക്കാറുണ്ട്‌. അതൊരു നല്ല ലക്ഷണമാണെന്ന്‌ എനിക്കു തോന്നുന്നില്ല.”

നിങ്ങളുടെ ബോയ്‌ഫ്രണ്ടിനെ അല്ലെങ്കിൽ ഗേൾഫ്രണ്ടിനെ മറ്റുള്ളവർ എങ്ങനെയാണു വീക്ഷിക്കുന്നത്‌? സഭയിലെ പക്വതയുള്ള വ്യക്തികളെപ്പോലെ, കുറേക്കാലമായി ആ വ്യക്തിയെ അറിയാവുന്നവരുമായി നിങ്ങൾക്കു സംസാരിക്കാവുന്നതാണ്‌. ആ വ്യക്തിയെക്കുറിച്ച്‌ “നല്ല സാക്ഷ്യ”മാണോ ഉള്ളതെന്ന്‌ അവർക്കു നിങ്ങളോടു പറയാനാകും.​—⁠പ്രവൃത്തികൾ 16:​1, 2. *

ബന്ധം വിച്ഛേദിക്കണമോ?

നിങ്ങൾ ഡേറ്റിങ്‌ നടത്തുന്ന വ്യക്തി യോജിച്ച ഒരു വിവാഹ ഇണ ആയിരിക്കില്ലെന്നു നിങ്ങൾ തിരിച്ചറിയുന്നെങ്കിലോ? എങ്കിൽ ആ ബന്ധം തുടരാതിരിക്കുന്നതാണ്‌ എന്തുകൊണ്ടും ബുദ്ധി. ബൈബിൾ ഇങ്ങനെ പറയുന്നു: “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു.”​—⁠സദൃശവാക്യങ്ങൾ 22:⁠3. *

കാലക്രമത്തിൽ നിങ്ങൾ മറ്റൊരു ബന്ധത്തിനു തുടക്കമിട്ടേക്കാം. ആ സമയത്ത്‌ സ്വന്തം അനുഭവത്തിലൂടെ ആർജിച്ച, കുറേക്കൂടെ സമനിലയോടുകൂടിയ ഒരു വീക്ഷണം നിങ്ങൾക്കുണ്ടായിരിക്കും എന്നതിനു സംശയമില്ല. “ഈ വ്യക്തി എനിക്കു ചേരുമോ?” എന്ന ചോദ്യത്തിന്‌ അപ്പോൾ നിങ്ങളുടെ ഉത്തരം അതേ എന്നായിരുന്നേക്കാം!

“യുവജനങ്ങൾ ചോദിക്കുന്നു . . . ” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 28 സ്വയം വിലയിരുത്തുന്നതിനുള്ള കൂടുതൽ ചോദ്യങ്ങൾക്ക്‌ 2007 ജനുവരി ലക്കം ഉണരുക!യുടെ 30-ാം പേജു കാണുക.

^ ഖ. 34 19, 20 പേജുകളിലെ ചതുരങ്ങളിലുള്ള ചോദ്യങ്ങളും കാണുക.

^ ഖ. 36 ബന്ധം വേർപെടുത്തുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്‌ 2001 ഏപ്രിൽ 8 ലക്കം ഉണരുക!യുടെ 16-18 പേജുകൾ കാണുക.

ചിന്തിക്കാൻ:

▪ ഒരു ഉത്തമ വിവാഹപങ്കാളിയായിരിക്കാനുള്ള എന്തെല്ലാം നല്ല ഗുണങ്ങളാണു നിങ്ങൾക്കുള്ളത്‌?

▪ ഒരു വിവാഹപങ്കാളിക്ക്‌ ഉണ്ടായിരിക്കണമെന്നു നിങ്ങൾ പ്രതീക്ഷിക്കുന്ന ചില ഗുണങ്ങൾ ഏതെല്ലാമാണ്‌?

▪ നിങ്ങൾ ഡേറ്റിങ്‌ നടത്തുന്ന വ്യക്തിയുടെ സ്വഭാവഗുണങ്ങൾ, പെരുമാറ്റം, സത്‌പേര്‌ എന്നിവയെക്കുറിച്ച്‌ കൂടുതലായി അറിയാൻ ഏതെല്ലാം വിധങ്ങളിൽ നിങ്ങൾക്കു കഴിയും?

[19-ാം പേജിലെ ചതുരം]

അദ്ദേഹം ഒരു നല്ല ഭർത്താവ്‌ ആയിരിക്കുമോ?

അടിസ്ഥാന കാര്യങ്ങൾ

❑ അദ്ദേഹം തനിക്കുള്ള അധികാരം എങ്ങനെയാണു വിനിയോഗിക്കുന്നത്‌?​—⁠മത്തായി 20:​25,26.

❑ എന്തൊക്കെയാണ്‌ അദ്ദേഹത്തിന്റെ ലക്ഷ്യങ്ങൾ?​​—⁠തിമൊഥെയൊസ്‌ 4:15.

❑ ആ ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ അദ്ദേഹം ഇപ്പോൾ ശ്രമിക്കുന്നുണ്ടോ?​—⁠1 കൊരിന്ത്യർ 9:26, 27.

❑ ആരെല്ലാമാണ്‌ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ?​​—⁠സദൃശവാക്യങ്ങൾ 13:20.

❑ പണത്തോടുള്ള അദ്ദേഹത്തിന്റെ മനോഭാവം എന്താണ്‌? ​—⁠എബ്രായർ 13:​5, 6.

❑ ഏതുതരം വിനോദങ്ങളാണ്‌ അദ്ദേഹത്തിനു പ്രിയം?​​—⁠സങ്കീർത്തനം 97:10.

❑ അദ്ദേഹത്തിന്റെ വസ്‌ത്രധാരണരീതി എന്തു വെളിപ്പെടുത്തുന്നു? ​—⁠2 കൊരിന്ത്യർ 6:⁠3.

❑ യഹോവയോടുള്ള സ്‌നേഹം അദ്ദേഹം പ്രകടമാക്കുന്നത്‌ എങ്ങനെയാണ്‌?​​—⁠1 യോഹന്നാൻ 5:⁠3.

അഭികാമ്യമായ ഗുണങ്ങൾ

❑ അദ്ദേഹം കഠിനാധ്വാനിയാണോ?​—⁠സദൃശവാക്യങ്ങൾ 6:​9-11.

❑ അദ്ദേഹം ഉത്തരവാദിത്വത്തോടെ പണം കൈകാര്യംചെയ്യുന്ന വ്യക്തിയാണോ?​—⁠ലൂക്കൊസ്‌ 14:28.

❑ അദ്ദേഹത്തിന്‌ ഒരു സത്‌പേരുണ്ടോ?​​—⁠പ്രവൃത്തികൾ 16:​1, 2.

❑ അദ്ദേഹം തന്റെ മാതാപിതാക്കളെ ബഹുമാനിക്കുന്നുണ്ടോ?​—⁠പുറപ്പാടു 20:12.

❑ അദ്ദേഹത്തിനു മറ്റുള്ളവരോടു പരിഗണനയുണ്ടോ?​—⁠ഫിലിപ്പിയർ 2:⁠4.

അപായ സൂചനകൾ

❑ അദ്ദേഹം ദേഷ്യക്കാരനാണോ?​—⁠സദൃശവാക്യങ്ങൾ 22:​24.

❑ ലൈംഗിക ദുർന്നടത്തയിൽ ഏർപ്പെടാൻ അദ്ദേഹം നിങ്ങളെ പ്രേരിപ്പിക്കാറുണ്ടോ?​​—⁠ഗലാത്യർ 5:19.

❑ അദ്ദേഹം മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കുകയോ വാക്കുകളാൽ മുറിപ്പെടുത്തുകയോ ചെയ്യാറുണ്ടോ?​—⁠എഫെസ്യർ 4:31.

❑ ഉല്ലാസത്തിനു മദ്യം കൂടിയേതീരൂ എന്നു കരുതുന്ന വ്യക്തിയാണോ അദ്ദേഹം?​—⁠സദൃശവാക്യങ്ങൾ 20:⁠1.

❑ അദ്ദേഹം അസൂയാലുവും സ്വാർഥനുമാണോ?​—⁠1 കൊരിന്ത്യർ 13:​4, 5.

[20-ാം പേജിലെ ചതുരം]

അവൾ ഒരു നല്ല ഭാര്യ ആയിരിക്കുമോ?

അടിസ്ഥാന കാര്യങ്ങൾ

❑ കുടുംബത്തിലും സഭയിലും അവൾ എങ്ങനെയാണു കീഴ്‌പെടൽ പ്രകടമാക്കുന്നത്‌?​​—⁠എഫെസ്യർ 5:​21, 22.

❑ അവളുടെ വസ്‌ത്രധാരണരീതി എന്തു വെളിപ്പെടുത്തുന്നു?​​—⁠1 പത്രൊസ്‌ 3:​3, 4.

❑ ആരെല്ലാമാണ്‌ അവളുടെ സുഹൃത്തുക്കൾ?​—⁠സദൃശവാക്യങ്ങൾ 13:20.

❑ പണത്തോടുള്ള അവളുടെ മനോഭാവം എന്താണ്‌?​​—⁠1 യോഹന്നാൻ 2:​15-17.

❑ എന്തൊക്കെയാണ്‌ അവളുടെ ലക്ഷ്യങ്ങൾ?​—⁠തിമൊഥെയൊസ്‌ 4:15.

❑ ആ ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ അവൾ ഇപ്പോൾ ശ്രമിക്കുന്നുണ്ടോ?​ ​—⁠1 കൊരിന്ത്യർ 9:​26, 27.

❑ ഏതുതരം വിനോദങ്ങളാണ്‌ അവൾക്കു പ്രിയം?​​—⁠സങ്കീർത്തനം 97:10.

❑ യഹോവയോടുള്ള സ്‌നേഹം അവൾ പ്രകടമാക്കുന്നത്‌ എങ്ങനെയാണ്‌?​​—⁠1 യോഹന്നാൻ 5:⁠3.

അഭികാമ്യമായ ഗുണങ്ങൾ

❑ അവൾ കഠിനാധ്വാനിയാണോ?​—⁠സദൃശവാക്യങ്ങൾ 31:​17, 19, 21, 22, 27.

❑ അവൾ ഉത്തരവാദിത്വത്തോടെ പണം കൈകാര്യംചെയ്യുന്ന വ്യക്തിയാണോ?​—⁠സദൃശവാക്യങ്ങൾ 31:​16, 18.

❑ അവൾക്ക്‌ ഒരു സത്‌പേരുണ്ടോ?​​—⁠രൂത്ത്‌ 4:11.

❑ അവൾ തന്റെ മാതാപിതാക്കളെ ബഹുമാനിക്കുന്നുണ്ടോ?​—⁠പുറപ്പാടു 20:12.

❑ അവൾക്കു മറ്റുള്ളവരോടു പരിഗണനയുണ്ടോ?​—⁠സദൃശവാക്യങ്ങൾ 31:20.

അപായ സൂചനകൾ

❑ അവൾ ഒരു വഴക്കാളിയാണോ?​​—⁠സദൃശവാക്യങ്ങൾ 21:​19.

❑ ലൈംഗിക ദുർന്നടത്തയിൽ ഏർപ്പെടാൻ അവൾ നിങ്ങളെ പ്രേരിപ്പിക്കാറുണ്ടോ?​​—⁠ഗലാത്യർ 5:19.

❑ അവൾ മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കുകയോ വാക്കുകളാൽ മുറിപ്പെടുത്തുകയോ ചെയ്യാറുണ്ടോ?​​—⁠എഫെസ്യർ 4:31.

❑ അവൾ അസൂയാലുവും സ്വാർഥയുമാണോ?​—⁠1 കൊരിന്ത്യർ 13:​4, 5.