വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു ഭാസുര ഭാവി

ഒരു ഭാസുര ഭാവി

ഒരു ഭാസുര ഭാവി

കഠിനാധ്വാനം ചെയ്യുന്ന ഒരുവൻ തക്കതായ പ്രതിഫലത്തിന്‌ അർഹനാണ്‌. ഇതു സംബന്ധിച്ച്‌ ഒരു ബൈബിളെഴുത്തുകാരൻ പറഞ്ഞതു ശ്രദ്ധിക്കുക: “ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യർക്കു ഇല്ല എന്നു ഞാൻ അറിയുന്നു. ഏതു മനുഷ്യനും തിന്നുകുടിച്ചു തന്റെ സകലപ്രയത്‌നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു.”​—⁠സഭാപ്രസംഗി 3:12, 13.

എന്നാൽ നാം കണ്ടു കഴിഞ്ഞതുപോലെ, ഒരു ചാൺ വയറിനുവേണ്ടി എല്ലു മുറിയെ പണിയേണ്ട സ്ഥിതിയാണ്‌ ഇന്നുള്ളത്‌. നിത്യവൃത്തിക്കായി പോരാടിക്കൊണ്ട്‌ ദാരിദ്ര്യത്തിൽ കഴിയാൻ നിർബന്ധിതരാകുന്ന അനേകരും ‘സന്തോഷിക്കാനും സുഖം അനുഭവിക്കാനും’ ഉള്ള ഒരു മാനസികാവസ്ഥയിലല്ല പലപ്പോഴും. സാമ്പത്തികമായി ലോകം ഉന്നതി പ്രാപിച്ചിട്ടുണ്ടെങ്കിലും പകുതിയോളം പേർക്കെങ്കിലും അതിന്റെ പ്രയോജനങ്ങൾ അനുഭവിക്കാനാകുന്നില്ല എന്നതാണ്‌ ദുഃഖസത്യം.

പാവങ്ങളെ അറിയുന്ന ദൈവം

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കുന്നതിൽ മനുഷ്യവർഗത്തിന്റെ സ്രഷ്ടാവായ യഹോവയാംദൈവം ഒട്ടും സന്തുഷ്ടനല്ല. പാവങ്ങളോട്‌ അവന്‌ അനുകമ്പയുണ്ട്‌. ബൈബിൾ ഇങ്ങനെ പറയുന്നു: “എളിയവരുടെ നിലവിളിയെ അവൻ [ദൈവം] മറക്കുന്നതുമില്ല.” (സങ്കീർത്തനം 9:12) അതേ, പാവങ്ങളെക്കുറിച്ച്‌ കരുതലുള്ള ഒരു ദൈവമാണ്‌ യഹോവ.

യഹോവയെക്കുറിച്ച്‌ ബൈബിൾ പറയുന്നു: “അഗതി തന്നെത്താൻ നിങ്കൽ ഏല്‌പിക്കുന്നു; അനാഥന്നു നീ സഹായി ആകുന്നു.” (സങ്കീർത്തനം 10:14) കഷ്ടതയനുഭവിക്കുന്നവരെ വ്യക്തികളെന്നനിലയിൽ ഈ തിരുവെഴുത്തു പരാമർശിക്കുന്നതു ശ്രദ്ധിക്കുക. * ദൈവം ഓരോരുത്തരുടെയും ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്നു. അവന്റെ ദൃഷ്ടിയിൽ ഓരോ വ്യക്തിയും ശ്രദ്ധ അർഹിക്കുന്ന വിലപ്പെട്ട ഒരാളാണ്‌. തന്നിൽനിന്നു പഠിക്കാനും തന്റെ സുഹൃത്തായിരിക്കാനും യഹോവ എല്ലാവരെയും ക്ഷണിക്കുന്നു, അവരുടെ സാമ്പത്തികസ്ഥിതി നോക്കാതെതന്നെ.

മറ്റുള്ളവരോട്‌ അനുകമ്പയും സഹാനുഭൂതിയും പ്രകടമാക്കുക എന്നത്‌ ആളുകൾ ദൈവത്തിൽനിന്നു പഠിക്കുന്ന ഒരു സംഗതിയാണ്‌. യഹോവയുടെ സാക്ഷികൾ തങ്ങളെത്തന്നെ ഒരു വലിയ ആത്മീയ കുടുംബമായി കണക്കാക്കി അന്യോന്യം വിലമതിക്കുന്നു. യഥാർഥ ക്രിസ്‌തീയ സ്‌നേഹം അവരുടെയിടയിൽ തഴച്ചുവളരുന്നതു ദൃശ്യമാണ്‌. കർത്താവായ യേശുക്രിസ്‌തു ഒരിക്കൽ തന്റെ അനുഗാമികളോട്‌ ഇപ്രകാരം പറയുകയുണ്ടായി: “നിങ്ങളോ എല്ലാവരും സഹോദരന്മാർ.” (മത്തായി 23:8) അങ്ങനെ, സത്യാരാധകനായിത്തീരുന്ന ഓരോ വ്യക്തിയും സമ്പത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിവു കാണിക്കാത്ത ഒരു സഹോദരവർഗത്തിന്റെ ഭാഗമായിത്തീരുകയാണ്‌. വിഷമസന്ധികളിൽ അവർ പരസ്‌പരം കരുതുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ദാരിദ്ര്യത്തിന്റെ കാഠിന്യം ലഘൂകരിക്കാൻ സഹായിക്കുന്ന തത്ത്വങ്ങൾ ബൈബിളിലുണ്ട്‌. ശരീരത്തെ ദുഷിപ്പിക്കുന്ന പുകയിലയുടെ ഉപയോഗംപോലുള്ള കാര്യങ്ങളും മദ്യത്തിന്റെ അമിതോപയോഗവും ദൈവം കുറ്റംവിധിക്കുന്നതായി തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. (സദൃശവാക്യങ്ങൾ 20:1; 2 കൊരിന്ത്യർ 7:1) ആ തത്ത്വങ്ങൾക്കനുസരിച്ചു ജീവിക്കുന്നവർക്ക്‌ ദുശ്ശീലങ്ങൾക്കായി പണം പാഴാക്കേണ്ടി വരുന്നില്ല. പുകവലി, മദ്യപാനം എന്നിവ നിമിത്തം ഉണ്ടാകുന്ന രോഗങ്ങളും അതേ തുടർന്നുണ്ടാകുന്ന ചികിത്സാചെലവുകളും ഒഴിവാക്കാനും അവർക്കു സാധിക്കുന്നു. ഭൗതികത്വ ചിന്താഗതിയും അത്യാഗ്രഹവും തള്ളിക്കളയാനും ബൈബിൾ ആളുകളെ പഠിപ്പിക്കുന്നുണ്ട്‌. (മർക്കൊസ്‌ 4:19; എഫെസ്യർ 5:3) ഈ ബൈബിളുപദേശങ്ങൾ പിൻപറ്റുന്നവർക്ക്‌ ചൂതാട്ടത്തിലൂടെ പണം നഷ്ടമാകില്ല.

ദാരിദ്ര്യത്താൽ നട്ടംതിരിയുന്നവർക്കുപോലും അനുദിന ജീവിതത്തിൽ പിൻപറ്റാനാകുന്ന തത്ത്വങ്ങൾ ബൈബിൾ പ്രദാനം ചെയ്യുന്നുണ്ട്‌. പിൻവരുന്ന അനുഭവം പരിചിന്തിക്കുക:

‘ക്രിസ്‌തീയ യോഗങ്ങളിൽ പങ്കെടുക്കുന്നതിനായി നേരത്തേ പോയ്‌ക്കോട്ടെ’ എന്ന്‌ ഒരു ഫാക്ടറി ജീവനക്കാരി തന്റെ സൂപ്പർവൈസറോട്‌ ചോദിച്ചു. തൊഴിലില്ലായ്‌മ രൂക്ഷമായിരിക്കുന്ന ആ രാജ്യത്ത്‌ ജോലി നഷ്ടപ്പെടാൻ അതു ധാരാളം മതി. അവരുടെ കാര്യത്തിൽ അങ്ങനെ സംഭവിക്കുമെന്നുതന്നെയാണ്‌ എല്ലാവരും വിചാരിച്ചതും. എന്നാൽ എല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട്‌ അദ്ദേഹം ആ അപേക്ഷ അംഗീകരിച്ചു. മാത്രമല്ല, “മാതൃകായോഗ്യയായ ജോലിക്കാരി” എന്ന നിലയിൽ അവരെ അഭിനന്ദിച്ചിട്ട്‌ അവർ ആ ഫാക്ടറിയിൽത്തന്നെ തുടരണമെന്നാണ്‌ തന്റെ ആഗ്രഹമെന്നു പറയുകയും ചെയ്‌തു. എന്തായിരുന്നു അവരുടെ അപേക്ഷ അംഗീകരിക്കാനുള്ള കാരണം?

അവർ യഹോവയുടെ സാക്ഷികളിൽ ഒരാളായിരുന്നു. ബൈബിൾ തത്ത്വങ്ങൾക്കനുസൃതമായിരുന്നു അവരുടെ ജീവിതം. ‘സകലത്തിലും നല്ലവളായി നടപ്പാൻ’ ഇച്ഛിച്ച അവർ ഒരിക്കലും നുണ പറയുകയോ മോഷ്ടിക്കുകയോ ചെയ്‌തിരുന്നില്ല. (എബ്രായർ 13:18) അങ്ങനെ സത്യസന്ധയായ ഒരു ജോലിക്കാരിയായി അവർ അറിയപ്പെട്ടിരുന്നു. കൂടാതെ കൊലൊസ്യർ 3:​22, 23-ലെ (ഓശാന ബൈബിൾ) നിശ്വസ്‌ത തത്ത്വത്തിനു ചേർച്ചയിൽ ‘ആത്മാർഥമായിട്ടാണ്‌’ അവർ ജോലി ചെയ്‌തിരുന്നതും. അതിന്റെയർഥം അവർ ഒട്ടും സമയം പാഴാക്കാതെ ശുഷ്‌കാന്തിയോടെ ജോലിചെയ്യുകയും തന്റെ തൊഴിലുടമയെ അനുസരിക്കുകയും ചെയ്‌തിരുന്നു എന്നാണ്‌.

സ്വാർഥത മുഖമുദ്രയായിട്ടുള്ള, ലാഭം മാത്രം നോക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയാണ്‌ ഇന്നു നിലവിലുള്ളത്‌. അതുകൊണ്ടുതന്നെ ബൈബിൾ തത്ത്വങ്ങളെ അങ്ങേയറ്റം ആദരിക്കുന്ന ചിലർക്കെങ്കിലും ആഹാരത്തിനും വസ്‌ത്രത്തിനും പാർപ്പിടത്തിനുമായി കഷ്ടപ്പെടേണ്ടിവരുന്നുണ്ട്‌. എന്നിരുന്നാലും അവർക്ക്‌ സ്രഷ്ടാവിന്റെ മുമ്പാകെ ശുദ്ധമായ ഒരു മനസ്സാക്ഷിയുണ്ട്‌. മാത്രമല്ല, യഹോവ ‘പ്രത്യാശ നൽകുന്നതു’ നിമിത്തം മെച്ചപ്പെട്ട ഒരു ഭാവിക്കായി ഉറച്ച വിശ്വാസത്തോടെ അവർ കാത്തിരിക്കുകയും ചെയ്യുന്നു.​—⁠റോമർ 15:⁠13.

ദാരിദ്ര്യത്തിന്‌ സ്ഥായിയായ ഒരു പരിഹാരം

ദരിദ്രരെ അന്യായമായി അടിച്ചമർത്തുന്നവരെ യഹോവ കഠിനമായി വെറുക്കുന്നുവെന്ന്‌ ബൈബിൾ വെളിപ്പെടുത്തുന്നു. ദൈവത്തിന്റെ നിശ്വസ്‌ത വചനം ഇപ്രകാരം പറയുന്നു: “ദരിദ്രന്മാരുടെ ന്യായം മറിച്ചുകളവാനും . . . എളിയവരുടെ അവകാശം ഇല്ലാതാക്കുവാനും വിധവമാർ തങ്ങൾക്കു കൊള്ളയായ്‌തീരുവാനും അനാഥന്മാരെ തങ്ങൾക്കു ഇരയാക്കുവാനും തക്കവണ്ണം നീതികെട്ട ചട്ടം നിയമിക്കുന്നവർക്കും അനർത്ഥം എഴുതിവെക്കുന്ന എഴുത്തുകാർക്കും അയ്യോ കഷ്ടം!” (യെശയ്യാവു 10:1, 2) ലോകസമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്നവർ​—⁠അവർ ദരിദ്രരെ അവഗണിക്കുന്നത്‌ അറിഞ്ഞോ അറിയാതെയോ ആയാലും ശരി​—⁠സർവശക്തനായ ദൈവം പെട്ടെന്നുതന്നെ നീക്കംചെയ്യാൻ പോകുന്ന ഈ മർദകവ്യവസ്ഥിതിയുടെ ഭാഗമാണ്‌.

അങ്ങനെയുള്ളവരോട്‌ യെശയ്യാ പ്രവാചകൻ ഗൗരവമുള്ള ഒരു ചോദ്യം ചോദിക്കുന്നു: “സന്ദർശനദിവസത്തിലും ദൂരത്തുനിന്നു വരുന്ന വിനാശത്തിങ്കലും നിങ്ങൾ എന്തു ചെയ്യും?” (യെശയ്യാവു 10:3) അവരുടെ നിയന്ത്രണത്തിലുള്ള, അന്യായവും അഴിമതിയും നിറഞ്ഞ വ്യവസ്ഥിതിയെ യഹോവ നശിപ്പിക്കുന്നതോടെ അവർ നാമാവശേഷമാകും.

എന്നാൽ മർദകർക്കെതിരെ നടപടിയെടുക്കുക എന്നതു മാത്രമല്ല ദൈവത്തിന്റെ ഉദ്ദേശ്യം. ശരിയായ ഹൃദയനിലയുള്ളവർക്ക്‌ അന്യായത്തിന്റെ ഒരു കണികപോലും ഇല്ലാത്ത ഒരു ജീവിതം അവൻ വാഗ്‌ദാനം ചെയ്യുന്നുമുണ്ട്‌. അതിശ്രേഷ്‌ഠമായ ഒരു ഗവൺമെന്റ്‌ മുഖാന്തരം അവൻ എല്ലാവർക്കും ദാരിദ്ര്യ വിമുക്തമായ, സന്തുഷ്ടവും സംതൃപ്‌തവുമായ ഒരു ജീവിതം സാധ്യമാക്കും. അന്ന്‌ സുഖസമൃദ്ധമായ ഒരു ജീവിതം നയിക്കുന്നതിന്‌ നിങ്ങൾക്ക്‌ ധാരാളം ധനമോ വലിയ പിടിപാടുകളോ ബിസിനസ്‌ വൈദഗ്‌ധ്യമോ ഒന്നും ആവശ്യമില്ല. എന്നാൽ ഇത്തരം മാറ്റങ്ങളൊക്കെ സംഭവിക്കുമെന്നുള്ളതിന്‌ എന്താണൊരുറപ്പ്‌?

മനുഷ്യവർഗത്തെ ഭരിക്കുന്നതിനായി യഹോവ നിയമിച്ചിരിക്കുന്ന യേശുക്രിസ്‌തു മഹത്തായ ആ ഭാവിയെക്കുറിച്ച്‌ “പുനഃസൃഷ്ടി” എന്നാണു പരാമർശിച്ചത്‌. (മത്തായി 19:​28, NW) ഈ പദം പുതുക്കലിന്റെ, മനുഷ്യ ജീവിതത്തിന്റെ ഒരു പുതിയ തുടക്കത്തിന്റെ സൂചനയാണു നൽകുന്നത്‌. “പുനഃസൃഷ്ടി” എന്ന പദം ഉപയോഗിച്ചതിലൂടെ, നമ്മുടെ സ്‌നേഹവാനായ സ്രഷ്ടാവിന്റെ ആഗ്രഹത്തിനു ചേർച്ചയിൽ ജീവിക്കാനുള്ള അവസരം നീതിമാന്മാർക്ക്‌ ഉണ്ടാകും എന്ന വസ്‌തുത യേശുക്രിസ്‌തു ഊന്നിപ്പറയുകയായിരുന്നു. അന്ന്‌ യഹോവ മനുഷ്യവർഗത്തിന്മേൽ അനേകം അനുഗ്രഹങ്ങൾ ചൊരിയും. അതിലൊന്നാണ്‌ അനേകരെയും ഭാരപ്പെടുത്തുന്ന സാമ്പത്തിക പ്രശ്‌നങ്ങൾക്കുള്ള സ്ഥായിയായ പരിഹാരം.

യേശുക്രിസ്‌തുവിന്റെ ഭരണത്തെക്കുറിച്ച്‌ ബൈബിൾ പ്രാവചനികമായി ഇപ്രകാരം പറയുന്നു: “അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും. അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.”​—⁠സങ്കീർത്തനം 72:12-14.

മഹത്തായ ഈ ഭാവിപ്രത്യാശയാണ്‌ നിങ്ങളുടെ മുമ്പാകെയും ഉള്ളത്‌. എന്നാൽ ആ പുതിയ ലോകത്തിൽ ജീവിക്കാൻ കഴിയേണ്ടതിന്‌ നിങ്ങൾ ഇപ്പോൾത്തന്നെ സത്യദൈവത്തിന്റെ ഇഷ്ടം എന്താണെന്നറിഞ്ഞ്‌ അത്‌ അനുസരിക്കേണ്ടതുണ്ട്‌. ദൈവവചനത്തിലെ പരിജ്ഞാനത്തിനു ചേർച്ചയിൽ ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കുക. മുഴുമനുഷ്യവർഗത്തിനുമായി ദൈവം കരുതിയിരിക്കുന്ന മഹത്തായ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയിൽ ജീവിക്കുക. നിങ്ങൾക്ക്‌ ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല. ദൈവവചനം ഇപ്രകാരം വാഗ്‌ദാനം ചെയ്യുന്നു: “ദരിദ്രനെ എന്നേക്കും മറന്നുപോകയില്ല; സാധുക്കളുടെ പ്രത്യാശെക്കു എന്നും ഭംഗം വരികയുമില്ല.”​—⁠സങ്കീർത്തനം 9:⁠18.

[അടിക്കുറിപ്പ്‌]

^ ഖ. 6 കഷ്ടം അനുഭവിക്കുന്നവരിലുള്ള ദൈവത്തിന്റെ താത്‌പര്യം വെളിവാക്കുന്ന മറ്റു രണ്ടു തിരുവെഴുത്തുകളാണ്‌ സങ്കീർത്തനം 35:​10-ഉം സങ്കീർത്തനം 113:​7-ഉം.

[9-ാം പേജിലെ ആകർഷക വാക്യം]

ഭാസുരമായ ഒരു ഭാവി നിങ്ങളുടെ മുമ്പിലുണ്ട്‌

[10-ാം പേജിലെ ചതുരം/ചിത്രം]

ഒരു സമ്പന്ന രാജ്യത്തേക്ക്‌ ഞാൻ മാറിത്താമസിക്കണമോ?

ആളുകൾ എവിടെ ജീവിക്കണം, എന്തു ജോലി ചെയ്യണം എന്നൊന്നും ബൈബിൾ പറയുന്നില്ല. എന്നിരുന്നാലും സാമ്പത്തികനില മെച്ചപ്പെടുത്താൻ മറ്റൊരു രാജ്യത്തേക്കു മാറിത്താമസിക്കേണ്ടതുണ്ടോ എന്നു തീരുമാനിക്കാൻ ബൈബിൾ തത്ത്വങ്ങൾക്ക്‌ ഒരുവനെ സഹായിക്കാനാകും. പിൻവരുന്ന ചോദ്യങ്ങളും തിരുവെഴുത്തു തത്ത്വങ്ങളും ശ്രദ്ധിക്കുക.

1. വെറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണോ ഞാൻ തീരുമാനം എടുക്കുന്നത്‌? സദൃശവാക്യങ്ങൾ 14:15 പറയുന്നു: “അല്‌പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്‌മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.” പൂർവയൂറോപ്പിൽനിന്ന്‌ ഒരു സമ്പന്നരാജ്യത്തേക്കു മാറിത്താമസിച്ച ഒരാൾ പറഞ്ഞു: “ഇവിടെ പണം കായിക്കുന്ന മരങ്ങൾ ഉണ്ടെന്നാണു കേട്ടിരുന്നത്‌. പക്ഷേ ഞാനിതുവരെ അതു കണ്ടിട്ടില്ല.”

2. എന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ സംബന്ധിച്ച്‌ എനിക്ക്‌ ഒരു സന്തുലിത വീക്ഷണമാണോ ഉള്ളത്‌? ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും തമ്മിൽ ഞാൻ കൂട്ടിക്കുഴയ്‌ക്കുന്നുണ്ടോ? ഭാര്യയുടെയും മക്കളുടെയും ഭൗതികാവശ്യങ്ങൾക്കുവേണ്ടി കരുതുക കുടുംബനാഥന്റെ കടമയാണ്‌. (1 തിമൊഥെയൊസ്‌ 5:8) എന്നാൽ മക്കളെ ധാർമികവും ആത്മീയവുമായി അഭ്യസിപ്പിക്കാനുള്ള ദൈവദത്ത ഉത്തരവാദിത്വവും പിതാക്കന്മാർക്കുണ്ട്‌. (ആവർത്തനപുസ്‌തകം 6:6, 7; എഫെസ്യർ 6:4) ഒരുപക്ഷേ കുടുംബത്തെയൊക്കെ വിട്ട്‌ മറുനാട്ടിൽ പോയി ജോലി ചെയ്യുന്നതിലൂടെ ധാരാളം പണമുണ്ടാക്കാൻ പിതാവിനു കഴിഞ്ഞേക്കാമെന്നതു ശരിതന്നെ. എന്നാൽ മാസങ്ങളോളം കുട്ടികളിൽനിന്നു മാറിനിൽക്കുകയാണെങ്കിൽ അവർക്ക്‌ ആവശ്യമായ ധാർമികവും ആത്മീയവുമായ പരിശീലനം നൽകാൻ അദ്ദേഹത്തിന്‌ എങ്ങനെയാണു കഴിയുക?

3. ദീർഘകാലത്തേക്ക്‌ എന്റെ ഭാര്യയിൽനിന്ന്‌ അകലെയായിരിക്കുമ്പോൾ വ്യഭിചാരത്തിൽ ചെന്നുചാടാനുള്ള സാധ്യത ഞങ്ങൾ ഇരുവർക്കും ഇല്ലേ? പരസ്‌പരം ലൈംഗികാവശ്യങ്ങൾ തൃപ്‌തിപ്പെടുത്താൻ ദൈവവചനം ദമ്പതികളോട്‌ ആവശ്യപ്പെടുന്നു.​—⁠1 കൊരിന്ത്യർ 7:⁠5.

4. അനധികൃതമായി മറ്റൊരു രാജ്യത്തു പ്രവേശിക്കുന്നത്‌ ഗൗരവമുള്ള കുറ്റമാണെന്ന്‌ ഞാൻ തിരിച്ചറിയുന്നുണ്ടോ? രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ സത്യക്രിസ്‌ത്യാനികൾ ബാധ്യസ്ഥരാണ്‌.​—⁠റോമർ 13:1-7.

[8, 9 പേജുകളിലെ ചിത്രങ്ങൾ]

ബൈബിൾ തത്ത്വങ്ങൾ ധനികർക്കും ദരിദ്രർക്കും ഒരുപോലെ പിൻപറ്റാനാകും

[7-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

മുകളിൽ: © Trygve Bolstad/Panos Pictures