വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചെറിയ ലോകവും വലിയ മനുഷ്യരും

ചെറിയ ലോകവും വലിയ മനുഷ്യരും

ചെറിയ ലോകവും വലിയ മനുഷ്യരും

ഓസ്‌ട്രേലിയയിലെ ഉണരുക! ലേഖകൻ

ടിമോർ ദ്വീപിന്റെ കിഴക്കേ പകുതിയാണ്‌ കിഴക്കൻ ടിമോർ അഥവാ ടിമോർ-ലെസ്റ്റെ. “ടിമോർ” എന്ന പദത്തിന്‌ ആധാരമായ മലയ വാക്കിന്റെയും ലെസ്റ്റെ എന്ന പോർച്ചുഗീസ്‌ വാക്കിന്റെയും അർഥം “കിഴക്ക്‌” എന്നാണ്‌. ഇംഗ്ലീഷുകാർ ഇതിനെ ഈസ്റ്റ്‌ ടിമോർ എന്നുവിളിക്കും. ഇൻഡോനേഷ്യൻ ദ്വീപസമൂഹത്തിന്റെ കിഴക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന ഈ കൊച്ചുരാജ്യത്തിന്‌ ഈ പേര്‌ നന്നേ ചേരും.

വിസ്‌തീർണം ഏകദേശം 14,800 ചതുരശ്ര കിലോമീറ്റർ വരും. എന്നുവെച്ചാൽ, കേരളത്തിന്റെ പകുതിപോലുമില്ല. ചെറുതെങ്കിലും ഏഷ്യയുടെയും ഓസ്‌ട്രേലിയയുടെയും ഭൂമിശാസ്‌ത്ര സവിശേഷതകളുടെ ഒരു സംഗമസ്ഥാനമാണ്‌ ഈ ദ്വീപ്‌. പച്ചപ്പു തൊട്ടുതീണ്ടിയിട്ടില്ലാത്ത യൂക്കാലിപ്‌റ്റസിനും വരണ്ടുണങ്ങിയ പുൽമേടുകൾക്കും അരികിൽ തഴച്ചുവളരുന്ന ഉഷ്‌ണമേഖലാ വനങ്ങൾ ഈ കൊച്ചുദ്വീപിനു സ്വന്തം. ജീവലോകത്തിലും ഓസ്‌ട്രേലിയൻ-ഏഷ്യൻ വൈവിധ്യം ദൃശ്യമാണ്‌. ഉദാഹരണത്തിന്‌, ഓസ്‌ട്രേലിയൻ സഞ്ചിമൃഗങ്ങളും പക്ഷികളും ഏഷ്യക്കാരായ കുരങ്ങച്ചന്മാരും ഉഷ്‌ണമേഖലയിലെ ഉപ്പുവെള്ളത്തിൽ കഴിയുന്ന മുതലകളും ഒക്കെ ഒരുമിച്ചു വസിക്കുന്നു ഇവിടെ. അതിരിക്കട്ടെ, കിഴക്കൻ ടിമോറിലെ മനുഷ്യരുടെ കാര്യമോ? എന്താ, അവരെ കാണണമെന്നുണ്ടോ?

കോളനിവാഴ്‌ചയുടെ ഗതകാലത്തിലൂടെ

1514-ലായിരിക്കാം പോർച്ചുഗീസ്‌ നാവികർ കിഴക്കൻ ടിമോറിലെത്തിയത്‌. കുന്നിൻചെരിവുകളാകെ ചന്ദനമരങ്ങൾകൊണ്ടു നിറഞ്ഞിരുന്ന കാലം. ചന്ദനത്തിന്‌ പൊന്നിന്റെ വിലയായിരുന്നു; പോർച്ചുഗീസുകാർക്ക്‌ ആ പ്രദേശത്ത്‌ തങ്ങളുടെ വാണിജ്യതാവളം സ്ഥാപിക്കാൻ മറ്റെന്തുവേണം? കത്തോലിക്കാ സഭയും ഈ സ്ഥലം കണ്ണുവെച്ചു; തദ്ദേശീയരെ മതംമാറ്റാനായി മിഷനറിമാരെ അവിടേക്ക്‌ അയയ്‌ക്കാൻ പദ്ധതിയിടുകയും ചെയ്‌തു. ഈ ഘടകങ്ങളാണ്‌ ദ്വീപിനെ തങ്ങളുടെ കോളനിയാക്കാൻ പോർച്ചുഗീസുകാരെ പ്രേരിപ്പിച്ചത്‌, 1556-ലായിരുന്നു അത്‌.

കിഴക്കൻ ടിമോർ പക്ഷേ പുറന്തള്ളപ്പെട്ട അവസ്ഥയിൽനിന്നു പുറത്തുവന്നില്ല. 1656-ൽ ഡച്ചുകാർ ദ്വീപിന്റെ പടിഞ്ഞാറുഭാഗം പിടിച്ചടക്കിയപ്പോൾ പോർച്ചുഗീസുകാർ കിഴക്കുഭാഗത്തേക്കു നീങ്ങി. ഒടുവിൽ 400-ലധികം വർഷത്തെ കോളനിവാഴ്‌ചയ്‌ക്കുശേഷം 1975-ൽ പോർച്ചുഗീസുകാർ പൂർണമായും പിൻവാങ്ങി.

ആ വർഷംതന്നെ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. തുടർന്നുവന്ന 24 വർഷത്തിനുള്ളിൽ കിഴക്കൻ ടിമോറിലെ 2,00,000 പേർ​—⁠ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന്‌​—⁠ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. 1999-ൽ അരങ്ങേറിയ അക്രമത്തിന്റെ കുത്തൊഴുക്കിൽ 85 ശതമാനം വീടുകളും ഭൂരിഭാഗം പൊതുസൗകര്യങ്ങളും ഒലിച്ചുപോയി. നൂറായിരങ്ങൾ മലകളിലേക്കു പലായനംചെയ്‌തു. ഒടുവിൽ ഐക്യരാഷ്‌ട്ര സംഘടന ഇടപെട്ടാണ്‌ പ്രശ്‌നം പരിഹരിച്ച്‌ രാജ്യത്തെ സാധാരണനിലയിലേക്കു കൊണ്ടുവന്നത്‌.

താറുമാറായ ജീവിതങ്ങൾ ഒന്നു തട്ടിക്കൂട്ടിയെടുക്കാനുള്ള ശ്രമത്തിലാണ്‌ അന്നുമുതൽ ടിമോറുകാർ. 2002 മേയിൽ കിഴക്കൻ ടിമോറിന്‌ അഥവാ ടിമോർ-ലെസ്റ്റെ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിന്‌ പുതിയ ഒരു രാജ്യമെന്നനിലയിൽ ഔദ്യോഗിക അംഗീകാരം ലഭിച്ചു.

സംസ്‌കാരങ്ങൾ സംഗമിക്കുന്നിടം

നൂറ്റാണ്ടുകളുടെ വ്യാപാരവും ഏഷ്യക്കാരുടെയും ഓസ്‌ട്രേലേഷ്യക്കാരുടെയും കുടിയേറ്റവും യൂറോപ്യൻ അധീശത്വവും കൂടിയായപ്പോൾ സംസ്‌കാരങ്ങളുടെയും ഭാഷകളുടെയും സംഗമസ്ഥാനമായി മാറി കിഴക്കൻ ടിമോർ. വ്യാവസായിക, ഭരണതലങ്ങളിലെ ഭാഷ ഇപ്പോഴും പോർച്ചുഗീസാണെങ്കിലും ജനസംഖ്യയുടെ 80 ശതമാനവും പോർച്ചുഗീസ്‌ പദങ്ങൾകൊണ്ടു സമ്പന്നമായ റ്റെറ്റം എന്ന ഭാഷയാണു സംസാരിക്കുന്നത്‌. രാജ്യത്തു ചിതറിപ്പാർക്കുന്ന വൈവിധ്യം പേറുന്ന വംശങ്ങൾ കുറഞ്ഞത്‌ 22 ഭാഷ സംസാരിക്കുന്നുണ്ട്‌.

ഉൾപ്രദേശങ്ങളിൽ, പാരമ്പര്യം സിംഹാസനത്തിലേറ്റിയ രാജാക്കന്മാരാണ്‌ ഇന്നും ഗ്രാമ്യജീവിതത്തിന്റെ ചുക്കാൻ പിടിക്കുന്നത്‌. അവർ ആഘോഷങ്ങൾ, ചടങ്ങുകൾ, ഭൂവിതരണം, മറ്റു പരമ്പരാഗത കാര്യങ്ങൾ എന്നിവയുടെയെല്ലാം മേൽനോട്ടം വഹിക്കുമ്പോൾ ജനങ്ങളുടെ ഒരു പ്രതിനിധി ആഭ്യന്തര കാര്യങ്ങൾ നോക്കിനടത്തുന്നു.

പരമ്പരാഗത സർവജീവത്വവാദത്തിന്റെയും (animism) പുറത്തുനിന്നെത്തിയ കത്തോലിക്കാവിശ്വാസത്തിന്റെയും ഒരു സങ്കലനമാണ്‌ ഇവിടത്തെ മതം. പൂർവികാരാധന, മന്ത്രവാദം, ആത്മവിദ്യ എന്നിവയുമായി ഇഴചേർന്നുകിടക്കുന്നു ഇവിടെ ജീവിതങ്ങൾ. സ്ഥിരം പള്ളിയിൽ പോകുന്നവർ, ഭാവി അറിയാനും രോഗം മാറാനും ദുഷ്ടാത്മാക്കളിൽനിന്നുള്ള സംരക്ഷണത്തിനും ഒക്കെയായി മന്ത്രവാദി-വൈദ്യനായ മാറ്റാൻഡോക്കിന്റെ അടുത്തു പോകുന്നതു സാധാരണമാണ്‌.

വലിയ മനസ്സിന്റെ ഉടമകൾ

പ്രസന്നഭാവമുള്ള ഇവിടത്തുകാർ പൊതുവേ അറിവിനെ ഇഷ്ടപ്പെടുന്നവരും അതിഥിപ്രിയരുമാണ്‌. “പഠിക്കാനും സംസാരിക്കാനും ആളുകളോട്‌ ഇടപഴകാനും അപരിചിതരുമായിപ്പോലും ഇഴുകിച്ചേരാനും ഒക്കെ പ്രിയപ്പെടുന്നവരാണ്‌ ഞങ്ങൾ” പ്രസിഡന്റ്‌ ഷാനാനാ ഗൂഷ്‌മൗങ്‌ പറയുന്നു.

വീട്ടിൽ വരുന്ന അതിഥികൾക്ക്‌ കുടുംബനാഥനോടൊപ്പമാണ്‌ അത്താഴം. വീട്ടമ്മയും കുട്ടികളുമാണു വിളമ്പിക്കൊടുക്കുന്നത്‌; വൈകുന്നേരം അൽപ്പംകൂടെ കഴിഞ്ഞേ അവർ ഭക്ഷണം കഴിക്കൂ. ആദ്യം കുറച്ചു ഭക്ഷണം എടുക്കുന്നതാണു മര്യാദ. അതിനുശേഷം പാചകം ചെയ്‌ത വ്യക്തിയോടുള്ള വിലമതിപ്പെന്നോണം രണ്ടാമതു ചോദിക്കാവുന്നതാണ്‌.

മിക്ക ഊണിനും ഇലക്കറികളും പച്ചക്കറികളുമുണ്ടാകും; പിന്നെ ചോറ്‌, ചോളം, മരച്ചീനി ഇതിലേതെങ്കിലും. ഒരു പ്രധാന വിഭവമാണ്‌ സാബോകോ, മത്തിയും പുളിച്ചാറും മസാലയും ചേർത്ത്‌ ഉണ്ടാക്കുന്ന ഇത്‌ ഒരു പനയോലയിൽ പൊതിഞ്ഞിട്ടുണ്ടാകും. ഇറച്ചിക്കു പക്ഷേ പൊള്ളുന്ന വിലയാണ്‌.

കുട്ടികളുടെ പൊട്ടിച്ചിരികളാൽ മുഖരിതം

കുട്ടികളുടെ നാടാണിത്‌. ജനസംഖ്യയുടെ പകുതിയും കുട്ടികളാണ്‌; മിക്ക വീടുകളിലും കാണും പത്തോ പന്ത്രണ്ടോ കുട്ടികൾ.

പൊട്ടിച്ചിരികളും പാട്ടുമൊക്കെയായി കൈകോർത്തുപിടിച്ചാണ്‌ ഇവർ സ്‌കൂളിലേക്കു പോകുന്നത്‌. സ്‌കൂളിൽ പാഠ്യവിഷയങ്ങൾക്കുപുറമേ നല്ല പെരുമാറ്റരീതികളും പഠിപ്പിക്കും.

ഒറ്റയ്‌ക്ക്‌ മിണ്ടാതിരുന്നു കളിക്കുന്ന ശീലം ഇവിടത്തെ കുട്ടികൾക്കില്ല; അയൽപക്കത്തെ കുട്ടികളെല്ലാം കൂടും കളിക്കാൻ! കാറോടിക്കലാണ്‌ ഇവരുടെ ഇഷ്ടവിനോദം; ഡൂഡൂ കാരെറ്റാ എന്നാണ്‌ ഇതിന്റെ പേര്‌. സൈക്കിളിന്റെ റിമ്മാണ്‌ ഇവരുടെ ‘കാർ.’ ചിരിച്ചുല്ലസിച്ച്‌ തെരുവുകളിലൂടെ ഇവർ അതോടിച്ചുകൊണ്ടുപോകും; കാറിന്റെ ദിശ നിയന്ത്രിക്കാൻ കയ്യിലൊരു വടിയുമുണ്ടാകും.

പക്ഷേ ‘കളിയേ ശരണം’ എന്ന മട്ടിലുള്ള ജീവിതമല്ല ഇവിടത്തെ കുട്ടികളുടേത്‌. ഇരുമ്പുലക്കകൊണ്ട്‌ ചോളം പൊടിക്കുന്ന ജോലി ചിലപ്പോൾ ഇവരെ ഏൽപ്പിക്കാറുണ്ട്‌. ചുണ്ടിലൊരു പുഞ്ചിരിയുമായി സന്തോഷത്തോടെ അതു ചെയ്യുന്ന ഈ കുഞ്ഞുങ്ങളെ കണ്ടാൽ, ലോകത്തിലെ അതിദരിദ്രമായ പത്തുരാജ്യങ്ങളിൽ ഒന്നിലേക്കാണ്‌ തങ്ങൾ പിറന്നുവീണിരിക്കുന്നത്‌ എന്ന കാര്യം ഇവർക്കറിയില്ലെന്നു തോന്നിപ്പോകും.

നാടിന്റെ ‘പേറ്റുനോവുകൾ’

കത്തിക്കാളുന്ന ദാരിദ്ര്യം ടിമോറുകാരുടെ ജീവിതത്തിന്റെ അടിത്തറതന്നെ ഇളക്കിയിരിക്കുന്നു. ജനങ്ങളിൽ നാൽപ്പതു ശതമാനത്തിനും ഒരു ദിവസം കഴിഞ്ഞുകൂടാൻ ഒന്നര യു.എ⁠സ്‌. ഡോളർപോലും ഇല്ലാത്ത സ്ഥിതിയാണ്‌. ഒന്നര ഡോളർകൊണ്ട്‌ അടിസ്ഥാന ആവശ്യങ്ങൾ കഷ്ടിച്ചു നിറവേറ്റാം. പൊതുസൗകര്യങ്ങളുടെ കാര്യവും കഷ്ടംതന്നെ. ഒരു ഗവൺമെന്റ്‌ റിപ്പോർട്ട്‌ പറയുന്നത്‌ ഇപ്രകാരമാണ്‌: “രാജ്യത്തെ മൂന്നിൽ നാലു ഭാഗവും വൈദ്യുതിയില്ലാതെയാണു കഴിയുന്നത്‌; അഞ്ചിൽ മൂന്നു ഭാഗത്തിന്‌ ശുചിത്വ സംവിധാനങ്ങളില്ല. ജനസംഖ്യയുടെ 50 ശതമാനത്തിനും ശുദ്ധമായ കുടിവെള്ളം കിട്ടാനില്ല.”

ഇതൊക്കെ ആരോഗ്യപ്രശ്‌നങ്ങൾക്ക്‌ വളംവെക്കുന്നു. പോഷണക്കുറവും മലമ്പനി, ക്ഷയം എന്നിങ്ങനെയുള്ള രോഗങ്ങളും ആളുകളുടെ ആയുസ്സ്‌ 50 വർഷമാക്കി ചുരുക്കിയിരിക്കുന്നു. കുട്ടികളുടെ ഏകദേശം പത്തു ശതമാനവും അഞ്ചു വയസ്സെത്തുംമുമ്പേ മരിക്കുന്നു. 2004-ൽ അമ്പതിൽ താഴെ വരുന്ന ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തിയത്‌ 8,00,000 വരുന്ന ജനവിഭാഗമാണ്‌.

ഇന്ന്‌ ഐക്യരാഷ്‌ട്രങ്ങളോടു ചേർന്ന്‌ പല ഗവൺമെന്റുകളും ടിമോറിനെ കൈപിടിച്ചുയർത്താൻ അവിടത്തുകാരെ സഹായിച്ചുകൊണ്ടിരിക്കുകയാണ്‌. എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും വൻശേഖരമുണ്ട്‌ ടിമോർ കടലിൽ; ഇതും സമ്പന്നമായ ഒരു നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷയ്‌ക്കു വകനൽകുന്നു. ഇതൊക്കെയാണെങ്കിലും കിഴക്കൻ ടിമോറിന്റെ ഏറ്റവും വലിയ സമ്പത്തെന്നു പറയുന്നത്‌ കഠിനാധ്വാനികളായ എളിയ മനുഷ്യരാണ്‌. ഇവിടത്തെ ഒരു സ്‌ത്രീ ഉണരുക!യോടു പറഞ്ഞതു ശ്രദ്ധിക്കുക: “പണം അൽപ്പം കുറവാണെന്നേയുള്ളൂ; സന്തോഷത്തിന്‌ ഒരു കുറവുമില്ല ഞങ്ങൾക്ക്‌.”

“ശുഭകരമായ സുവാർത്ത”

അടുത്തകാലത്തായി യഹോവയുടെ സാക്ഷികൾ കിഴക്കൻ ടിമോറിലെ നിവാസികളെ “ശുഭകരമായ സുവാർത്ത” അറിയിച്ചുകൊണ്ടിരിക്കുകയാണ്‌. (യെശയ്യാവു 52:​7, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം; റോമർ 10:⁠14, 15) ഈ രാജ്യത്ത്‌ യഹോവയുടെ സാക്ഷികളുടെ ഒരേയൊരു സഭയേ ഉള്ളൂ. ഭൂമി ഒരു പറുദീസയായിത്തീരുമെന്ന ബൈബിളിന്റെ വിസ്‌മയാവഹമായ വാഗ്‌ദാനത്തെക്കുറിച്ച്‌ ആളുകളോടു പറയുന്നതിനായി ഈ സഭ 2005-ൽ ഏകദേശം 30,000 മണിക്കൂറാണു ചെലവഴിച്ചത്‌.​—⁠സങ്കീർത്തനം 37:10, 11; 2 പത്രൊസ്‌ 3:13.

ബൈബിൾസത്യങ്ങളെക്കുറിച്ചു പഠിച്ചത്‌ ഇവിടത്തെ ചിലരെ ആത്മവിദ്യയുടെ പിടിയിൽനിന്നു മോചിപ്പിച്ചിരിക്കുന്നു. അഞ്ചു കുട്ടികളുള്ള ജേക്കബ്‌ എന്ന കുടുംബനാഥന്റെ കാര്യംതന്നെ എടുക്കുക. പരമ്പരാഗത ആത്മവിദ്യാചാരങ്ങളുമായി അടുത്തു ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്‌. മരിച്ചവരുടെ ആത്മാക്കൾക്കായി അദ്ദേഹം പതിവായി ബലികൾ അർപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇത്‌ വലിയ ഭാരമായിരുന്നു. ഒരു കോഴിയെ ബലികഴിക്കുന്നതിന്‌ ഒരു ദിവസത്തെ വേതനം ചെലവാക്കണമായിരുന്നു; എന്നാൽ ആടോ പന്നിയോ ആണെങ്കിൽ പല ആഴ്‌ചകളിലെ വേതനംതന്നെ വേണ്ടിവരും.

അങ്ങനെയിരിക്കെ ജേക്കബിന്റെ ഭാര്യ ഫ്രാൻസിസ്‌കാ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. മരിച്ചവർക്ക്‌ ഒന്നും അറിയാൻ കഴിയില്ലെന്നും ജീവിച്ചിരിക്കുന്നവരെ ഉപദ്രവിക്കാനാകില്ലെന്നും തെളിയിക്കുന്ന തിരുവെഴുത്തുകൾ ഫ്രാൻസിസ്‌കാ ഭർത്താവിനെ കാണിച്ചു. (സഭാപ്രസംഗി 9:5, 10; യെഹെസ്‌കേൽ 18:4) ആ വസ്‌തുത അംഗീകരിച്ചുകൊണ്ട്‌ പരേതാത്മാക്കൾക്കായി ബലികഴിക്കുന്നതു നിറുത്താൻ ഇരുവരും തീരുമാനിച്ചു. ഇതു ബന്ധുക്കളെ വല്ലാതെ ചൊടിപ്പിച്ചു; അവർ ജേക്കബിന്റെ കുടുംബവുമായുള്ള സകല ബന്ധവും അവസാനിപ്പിച്ചു. പ്രതികാരദാഹികളായ ആത്മാക്കൾ ജേക്കബിനെയും കുടുംബത്തെയും വകവരുത്തുമെന്ന്‌ അവർ പറഞ്ഞു. എന്നാൽ “ഞങ്ങളെ രക്ഷിക്കാൻ യഹോവയുണ്ട്‌” എന്നു പറഞ്ഞുകൊണ്ട്‌ ജേക്കബും ഫ്രാൻസിസ്‌കായും പതറാതെനിന്നു.

ഇതിനിടെ ജേക്കബ്‌ ബൈബിൾ പഠിക്കാനും കുടുംബസമേതം ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകാനും തുടങ്ങി. അദ്ദേഹം ജീവിതത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തുകയും ചെയ്‌തു. വർഷങ്ങളായി അദ്ദേഹത്തിന്‌ പുകവലിക്കുന്ന ശീലമുണ്ടായിരുന്നു​—⁠ദിവസം ഒരു പാക്കറ്റ്‌ സിഗരറ്റ്‌, അതായിരുന്നു കണക്ക്‌. എന്നിട്ടും അദ്ദേഹം പുകവലി ഉപേക്ഷിച്ചു. എഴുത്തും വായനയും പഠിച്ചു. ഫ്രാൻസിസ്‌കായാണെങ്കിൽ അടയ്‌ക്ക ചവയ്‌ക്കുന്ന ശീലം നിറുത്തി. അവസാനം 2005-ൽ രണ്ടുപേരും സ്‌നാപനമേറ്റ്‌ യഹോവയുടെ സാക്ഷികളായി. ഇന്നിപ്പോൾ കുട്ടികളെ പഠിപ്പിക്കാനും ചികിത്സാ ചെലവുകൾക്കുമായി അവർ ആ പണം ഉപയോഗിക്കുന്നു.

യേശു പ്രവചിച്ചതുപോലെ, ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത “ഭൂമിയുടെ അറ്റത്തോളം” പ്രസംഗിക്കപ്പെടുകയാണ്‌​—⁠അതേ, കിഴക്കൻ ടിമോറെന്ന കൊച്ചു ലോകത്തിലെ വലിയ മനസ്സുള്ള, അറിവിനെ സ്‌നേഹിക്കുന്ന, അതിഥിപ്രിയരായ മനുഷ്യർക്കിടയിലും.​—⁠പ്രവൃത്തികൾ 1:8; മത്തായി 24:14.

[17-ാം പേജിലെ ചതുരം/ചിത്രം]

“ബോബിനും നൂലും വന്നേ”

“ബോബിനും നൂലും വന്നേ”​—⁠ഒരു പെൺകുഞ്ഞ്‌ ജനിക്കുമ്പോൾ മുമ്പൊക്കെ ടിമോറുകാർ അങ്ങനെ പറയുമായിരുന്നു. ആ പ്രയോഗം ഇവിടത്തെ സ്‌ത്രീകളുടെ പരമ്പരാഗത തൊഴിലിനെ, അതായത്‌ റ്റൈസ്‌ എന്ന അലങ്കാരത്തുണി നെയ്യുന്നതിനെ, ആണു ചിത്രീകരിക്കുന്നത്‌. പ്രത്യേക ആഘോഷവേളകളിൽ ധരിക്കുന്ന വസ്‌ത്രങ്ങൾ, കമ്പിളി, പരമ്പരാഗതമായി കൈമാറിക്കൊടുക്കുന്ന ചില വിശേഷ വസ്‌തുക്കൾ എന്നിവയൊക്കെ നിർമിക്കാൻ റ്റൈസ്‌ ഉപയോഗിക്കുന്നു. പരുത്തി വളർത്തി, പറിച്ച്‌, ചായംമുക്കി, ചാരുതയാർന്ന പാറ്റേണുകൾ ഉണ്ടാക്കാൻ മുത്തശ്ശിമാർ പെൺകുട്ടികളെ പഠിപ്പിക്കുന്നു. ഒരൊറ്റ റ്റൈസ്‌ ഉണ്ടാക്കുന്നതിന്‌ ചിലപ്പോൾ ഒരു വർഷമോ അതിലധികമോ എടുത്തേക്കാം, തുന്നൽ എത്ര സങ്കീർണമാണ്‌ എന്നതിനെ ആശ്രയിച്ചിരിക്കും ഇത്‌. ഓരോ പ്രദേശത്തിനും തനതായ ഡിസൈനുകളുള്ളതിനാൽ വിദഗ്‌ധനായ ഒരാൾക്ക്‌ ഒരു റ്റൈസ്‌ കാണുന്നമാത്രയിൽത്തന്നെ അത്‌ എവിടെ ഉണ്ടാക്കിയതാണെന്നു പറയാനാകും.

[14-ാം പേജിലെ മാപ്പ്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

പാപ്പുവ ന്യൂഗിനി

ഇൻഡോനേഷ്യ

കിഴക്കൻ ടിമോർ

ഓസ്‌ട്രേലിയ

[15-ാം പേജിലെ ചിത്രം]

പരമ്പരാഗതരീതിയിലുള്ള ഒരു വീട്‌

[16-ാം പേജിലെ ചിത്രം]

“ഡൂഡൂ കാരെറ്റാ”​—⁠കുട്ടികളുടെ ഇഷ്ടവിനോദം

[16, 17 പേജുകളിലെ ചിത്രം]

ജേക്കബും കുടുംബവും