വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ ജീവിതം മുൻനിശ്ചയിക്കപ്പെട്ടിരിക്കുന്നുവോ?

നിങ്ങളുടെ ജീവിതം മുൻനിശ്ചയിക്കപ്പെട്ടിരിക്കുന്നുവോ?

ബൈബിളിന്റെ വീക്ഷണം

നിങ്ങളുടെ ജീവിതം മുൻനിശ്ചയിക്കപ്പെട്ടിരിക്കുന്നുവോ?

ഒരു ദിവസം രാവിലെ രണ്ടുപേർ ജോലിസ്ഥലത്തേക്കുള്ള യാത്രയിലായിരുന്നു. അതിലൊരാൾ താമസിച്ചിരുന്ന സ്ഥലത്തിനടുത്തുകൂടിയുള്ള കുറുക്കുവഴിയേ പോയേക്കാം എന്ന്‌ അവർ തീരുമാനിച്ചു. വഴിമധ്യേ, ഒരു വീടിന്റെ ജനാലയിലൂടെ തീനാളങ്ങൾ ഉയരുന്നത്‌ അവരുടെ കണ്ണിൽപ്പെട്ടു. പൊടുന്നനെ ട്രക്കു നിറുത്തിയ അവർ തങ്ങളുടെ പക്കലുണ്ടായിരുന്ന ഗോവണി ഉപയോഗിച്ച്‌ ആ വീട്ടിലെ അഞ്ചു കുട്ടികളെയും അമ്മയെയും രക്ഷിച്ചു. “എല്ലാം ഒരു വിധി ആയിരുന്നിരിക്കാം,” ആ സംഭവത്തെക്കുറിച്ച്‌ ഒരു പത്രം റിപ്പോർട്ടു ചെയ്‌തു.

ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ, അവ നല്ലതോ ചീത്തയോ ആയിക്കൊള്ളട്ടെ, തങ്ങളുടെ പിടിയിൽ ഒതുങ്ങാത്ത ഏതോ ഒരു ശക്തി മുൻകൂട്ടി നിശ്ചയിക്കുന്നതാണെന്ന്‌ അനേകരും വിശ്വസിക്കുന്നു. ഉദാഹരണത്തിന്‌ 16-ാം നൂറ്റാണ്ടിലെ നവീകരണ പ്രവർത്തകനായ ജോൺ കാൽവിൻ ഇങ്ങനെ എഴുതി: “മുൻനിശ്ചയത്തെ ദൈവത്തിന്റെ നിത്യോദ്ദേശ്യമെന്നു നിർവചിക്കാനാകും; ഓരോ വ്യക്തിയോടുമുള്ള ബന്ധത്തിൽ തന്റെ ആഗ്രഹം എന്താണെന്ന്‌ അതിലൂടെ അവൻ നിർണയിച്ചിരിക്കുന്നു. എല്ലാവരെയും ഒരേ അവസ്ഥയിലല്ല അവൻ സൃഷ്ടിച്ചിരിക്കുന്നത്‌. ചിലർ നിത്യജീവനായി മുൻനിർണയിക്കപ്പെട്ടിരിക്കുന്നു, ചിലർ നിത്യശിക്ഷാവിധിക്കായും.”

നമ്മുടെ പ്രവർത്തനങ്ങളും ആത്യന്തികഭാവിയും എന്തായിരിക്കുമെന്ന്‌ ദൈവം യഥാർഥത്തിൽ മുൻനിർണയിക്കുന്നുണ്ടോ? ഇതു സംബന്ധിച്ച്‌ ബൈബിൾ എന്തു പഠിപ്പിക്കുന്നു?

മുൻനിശ്ചയം യുക്തിസഹമോ?

മുൻനിശ്ചയത്തിൽ വിശ്വസിക്കുന്ന ചിലർ സാധാരണയായി ചിന്തിക്കുന്നത്‌ ഇങ്ങനെയാണ്‌: ദൈവം സർവജ്ഞനാണ്‌. അവന്‌ എല്ലാം അറിയാം, ഭാവിയിൽ എന്തു സംഭവിക്കുമെന്നുപോലും. ഓരോ വ്യക്തിയും എങ്ങനെ ജീവിതം നയിക്കുമെന്നും ഏതു നിമിഷത്തിൽ, എങ്ങനെ മരിക്കുമെന്നും അവനറിയാം. അതുകൊണ്ടുതന്നെ അവൻ മുൻകൂട്ടിക്കണ്ടിരുന്നതും നിർണയിച്ചിരുന്നതുമായ വിധത്തിലേ ഒരാൾക്കു തീരുമാനങ്ങളെടുക്കാനാകു എന്നും അല്ലാത്തപക്ഷം ദൈവം സർവജ്ഞനല്ലെന്നുവരും എന്നുമാണ്‌ അവർ കരുതുന്നത്‌. ഈ വാദഗതി ശരിയാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? അതിന്റെ പരിണതഫലങ്ങൾ എന്തായിരിക്കുമെന്നു നോക്കാം.

ഏതോ ഒരു ശക്തി നിങ്ങളുടെ ഭാവി മുൻനിശ്ചയിച്ചിരിക്കുകയാണെങ്കിൽ സ്വയം സംരക്ഷിക്കാനുള്ള നിങ്ങളുടെ എല്ലാ ശ്രമങ്ങളും പാഴാണ്‌. ഉദാഹരണത്തിന്‌ നിങ്ങൾ പുകവലിക്കാതിരുന്നാലും അതു നിങ്ങളുടെയോ കുടുംബാംഗങ്ങളുടെയോ ആരോഗ്യത്തിനു യാതൊരു സംരക്ഷണവും നൽകില്ല. യാത്രാവേളയിൽ സീറ്റ്‌ബെൽറ്റ്‌ ധരിക്കുന്നതുകൊണ്ടും പ്രത്യേകിച്ചു ഗുണമൊന്നുമില്ല. എന്നാൽ അങ്ങനെ നിഗമനം ചെയ്യുന്നതു മൗഢ്യമാണ്‌. മുൻകരുതലുകൾ സ്വീകരിക്കുമ്പോൾ മരണനിരക്കു കുറയുന്നതായി സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. അശ്രദ്ധയാകട്ടെ ദാരുണഫലങ്ങളിലേക്കും നയിക്കുന്നു.

മറ്റൊരു ന്യായവാദം പരിചിന്തിക്കാം. സകലവും മുൻകൂട്ടി അറിയണമെന്നതാണ്‌ ദൈവത്തിന്റെ ആഗ്രഹമെങ്കിൽ ആദാമും ഹവ്വായും തന്നോട്‌ അനുസരണക്കേടു കാണിക്കുമെന്ന്‌ അവരെ സൃഷ്ടിക്കുന്നതിനു മുമ്പേ അവൻ അറിഞ്ഞിരുന്നിരിക്കണം. എന്നാൽ “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷ”ത്തിൽനിന്നു തിന്നരുതെന്നും അങ്ങനെ ചെയ്‌താൽ മരിക്കുമെന്നും ആദാമിനോടു കൽപ്പിച്ചപ്പോൾ അവൻ അതു തിന്നുമെന്ന്‌ ദൈവത്തിന്‌ അറിയാമായിരുന്നോ? (ഉല്‌പത്തി 2:16, 17) “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ” എന്ന്‌ ആദ്യ മനുഷ്യ ജോടിയോടു കൽപ്പിച്ചപ്പോൾത്തന്നെ, പറുദീസയിലെ അവരുടെ അതിമഹത്തായ ഭാവിജീവിതം അമ്പേ പരാജയമടയുമെന്ന്‌ അവൻ അറിഞ്ഞിരുന്നോ? തീർച്ചയായും ഇല്ല.​—⁠ഉല്‌പത്തി 1:⁠28.

എല്ലാ തീരുമാനങ്ങളും ദൈവം മുൻകൂട്ടി അറിയുന്നുവെങ്കിൽ യുദ്ധം, അനീതി, കഷ്ടപ്പാട്‌ എന്നിവ ഉൾപ്പെടെ ഇന്നു നടമാടുന്ന എല്ലാറ്റിനും അവനാണ്‌ ഉത്തരവാദി എന്നുവരും. വാസ്‌തവം അതാണോ? ഇതിനുള്ള ഉത്തരം ദൈവം തന്നെക്കുറിച്ചുതന്നെ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽനിന്നു വ്യക്തമാണ്‌.

“നീ . . . തിരഞ്ഞെടുത്തുകൊൾക”

“ദൈവം സ്‌നേഹം തന്നേ” എന്നും അവൻ “ന്യായപ്രിയനാകുന്നു” എന്നും തിരുവെഴുത്തുകൾ പ്രസ്‌താവിക്കുന്നു. “തിന്മ ദ്വേഷിച്ചു നന്മ ഇച്ഛി”ക്കാൻ അവൻ എന്നും തന്റെ ജനത്തെ ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്‌. (1 യോഹന്നാൻ 4:8; സങ്കീർത്തനം 37:28; ആമോസ്‌ 5:15) ശരിയായ മാർഗം തിരഞ്ഞെടുക്കാൻ അനേകം അവസരങ്ങളിൽ അവൻ തന്റെ വിശ്വസ്‌ത ജനത്തെ പ്രോത്സാഹിപ്പിച്ചു. ഉദാഹരണത്തിന്‌ ഇസ്രായേൽ ജനവുമായി ഉടമ്പടിയിൽ ഏർപ്പെടവേ മോശെയിലൂടെ അവൻ അവരോട്‌ ഇപ്രകാരം പറഞ്ഞു: “ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു എന്നതിന്നു ഞാൻ ആകാശത്തെയും ഭൂമിയെയും ഇന്നു സാക്ഷി വെക്കുന്നു; അതുകൊണ്ടു നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നു . . . ജീവനെ തിരഞ്ഞെടുത്തുകൊൾക.” (ആവർത്തനപുസ്‌തകം 30:​19, 20) അവർ എന്തു തിരഞ്ഞെടുക്കും എന്നുള്ളതു ദൈവം മുന്നമേ തീരുമാനിച്ചുറപ്പിച്ചിരിക്കുകയായിരുന്നോ? വ്യക്തമായും അല്ല.

പുരാതനകാലത്ത്‌ ദൈവജനത്തെ വഴിനയിച്ച യോശുവ അവരെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “നിങ്ങൾ . . . ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.” (യോശുവ 24:15) സമാനമായി പ്രവാചകനായ യിരെമ്യാവ്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ ബോധിപ്പിക്കുന്ന യഹോവയുടെ വചനം കേൾക്കേണമേ; എന്നാൽ നിനക്കു നന്നായിരിക്കും; നിനക്കു പ്രാണരക്ഷയുണ്ടാകും.” (യിരെമ്യാവു 38:20) നീതിമാനും സ്‌നേഹവാനുമായ ഒരു ദൈവം, തന്റെ ജനം വഴിതെറ്റിപ്പോകുമെന്നു മുൻകൂട്ടി അറിഞ്ഞുകൊണ്ടുതന്നെ, ശരിയായതു ചെയ്‌ത്‌ പ്രതിഫലം പ്രാപിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുമായിരുന്നോ? ഒരിക്കലുമില്ല. അങ്ങനെ ചെയ്യുന്നതു വെറും കാപട്യമാകുമായിരുന്നു.

അതുകൊണ്ട്‌ നിങ്ങളുടെ ജീവിതത്തിൽ നല്ലതോ ചീത്തയോ ആയ കാര്യങ്ങൾ സംഭവിക്കുന്നത്‌ അവ മുൻനിശ്ചയിക്കപ്പെട്ടിരിക്കുന്നതുകൊണ്ടല്ല. ഒട്ടുമിക്കപ്പോഴും, മറ്റുള്ളവർ എടുക്കുന്ന ജ്ഞാനപൂർവമോ അല്ലാത്തതോ ആയ തീരുമാനങ്ങളുടെ പരിണതഫലമാണ്‌ “മുൻകൂട്ടിക്കാണാൻ കഴിയാത്ത” അത്തരം സംഭവങ്ങൾ. (സഭാപ്രസംഗി 9:​11, NW) നിശ്ചയമായും, നിങ്ങളുടെ ഭാവി മുൻനിശ്ചയിക്കപ്പെട്ടിട്ടില്ല. മാത്രമല്ല നിങ്ങളുടെ നിത്യഭാവി നിങ്ങളുടെതന്നെ തീരുമാനങ്ങളെ ആശ്രയിച്ചാണിരിക്കുന്നതും.

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

▪ ആദാമും ഹവ്വായും പാപം ചെയ്യുമെന്ന്‌ ദൈവം മുൻനിശ്ചയിച്ചിരുന്നോ?​—⁠ഉല്‌പത്തി 1:28; 2:​16, 17.

▪ ദൈവത്തിന്റെ ഏതു ഗുണങ്ങൾ മുൻനിശ്ചയം എന്ന ആശയത്തിനു കടകവിരുദ്ധമാണ്‌?​—⁠സങ്കീർത്തനം 37:28; 1യോഹന്നാൻ 4:⁠8.

▪ നിങ്ങൾക്ക്‌ എന്ത്‌ ഉത്തരവാദിത്വമുണ്ട്‌?​—⁠യോശുവ 24:15.

[13-ാം പേജിലെ ആകർഷക വാക്യം]

മുൻകരുതലുകൾ സ്വീകരിക്കുമ്പോൾ മരണനിരക്കു കുറയുന്നതായി സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു