വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

കാനഡയിലെ ഒരു ശരാശരി കുടുംബം ഉപയോഗിക്കുന്ന മൊത്തം വൈദ്യുതിയുടെ ഏകദേശം 5 ശതമാനവും അപഹരിക്കുന്നത്‌ സ്റ്റാൻഡ്‌ബൈ മോഡിൽ കിടക്കുന്ന വൈദ്യുതോപകരണങ്ങളാണ്‌.​—⁠നാഷണൽ പോസ്റ്റ്‌, കാനഡ.

“അഴിമതിയും വിലക്കയറ്റവും” ആണ്‌ സർക്കാരിന്റെ അടിയന്തിര ശ്രദ്ധ അർഹിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളായി റഷ്യക്കാർ കണക്കാക്കുന്നതെന്ന്‌ ഒരു സർവേ വെളിപ്പെടുത്തി. ​—⁠പ്രാവ്‌ദ, റഷ്യ.

ഒരു സർവേ കാണിക്കുന്നതനുസരിച്ച്‌ തായ്‌വാനിൽ അഞ്ചാം ക്ലാസ്സിലും ആറാം ക്ലാസ്സിലും പഠിക്കുന്ന കുട്ടികളുടെ 26.4 ശതമാനം എങ്കിലും “ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചിട്ടുണ്ട്‌.” ​—⁠ദ ചൈനാ പോസ്റ്റ്‌,തായ്‌വാൻ.

“ഒരു നൂറ്റാണ്ടിലേറെക്കാലംകൊണ്ട്‌ അമേരിക്കയിൽ ഒരാഴ്‌ചത്തെ ശരാശരി ജോലി സമയത്തിൽ 38 ശതമാനം കുറവു വരുത്താൻ പുത്തൻ സാങ്കേതിക വിദ്യകൾ സഹായിച്ചിട്ടുണ്ടെങ്കിലും ജോലിക്കാർക്ക്‌ വിശ്രമിക്കാൻ കൂടുതൽ സമയമൊന്നും ലഭിച്ചിട്ടില്ല. യാത്രയ്‌ക്കും തൊഴിലധിഷ്‌ഠിത പഠനങ്ങൾക്കും വീട്ടിലെ ജോലികൾക്കുമായി ഏറെ സമയം ചെലവഴിക്കേണ്ടി വരുന്നു എന്നതാണ്‌ അതിനു കാരണം.”​—⁠ഫോബ്‌സ്‌, ഐക്യനാടുകൾ.

വ്യാവസായിക രാഷ്‌ട്രങ്ങളിൽ 2003-നും 2004-നും ഇടയ്‌ക്ക്‌ ഗ്രീൻഹൗസ്‌ വാതകങ്ങളുടെ അളവിൽ 1.6 ശതമാനം വർധന ഉണ്ടായിട്ടുണ്ട്‌. “ഒരു ദശാബ്ദത്തിൽ ഏറെക്കാലത്തെ ഏറ്റവും വലിയ വർധനയാണിത്‌.”​—⁠റോയിറ്റേഴ്‌സ്‌, ഓസ്ലോ, നോർവേ.

ചൈനയിൽ ശുദ്ധജല ക്ഷാമം

“ജലമലിനീകരണവും ശുദ്ധജല ദൗർലഭ്യവും” ചൈനയെ വലയ്‌ക്കുന്നു. മിക്കനഗരങ്ങളിലും മലിനജല ശുദ്ധീകരണശാലകൾ ഉണ്ടെങ്കിലും അവ നടത്തിക്കൊണ്ടുപോകാനുള്ള സാമ്പത്തികശേഷി പല നഗരങ്ങൾക്കുമില്ല. “വ്യവസായശാലകളിൽനിന്നും വീടുകളിൽനിന്നും ഒഴുകിയെത്തുന്ന അഴുക്കുവെള്ളവും കൃഷിയിടങ്ങളിൽനിന്ന്‌ എത്തുന്ന കീടനാശിനി കലർന്ന ജലവും രാജ്യത്തെ മിക്ക നദികളെയും തടാകങ്ങളെയും കനാലുകളെയും മലീമസമാക്കിയിരിക്കുന്നു,” ദ വാൾ സ്‌ട്രീറ്റ്‌ ജേർണൽ. കൂടാതെ “ഏകദേശം 30 കോടി ആളുകൾക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമല്ല.” സാഹചര്യം “അത്യന്തം ആശങ്കാകുലമാണ്‌” എന്ന്‌ ജേർണൽ പറയുന്നു. അത്‌ ഒന്നിനൊന്നു വഷളാകുകയുമാണ്‌.

“നിങ്ങൾ യഹോവയുടെ സാക്ഷികളാണോ?”

തങ്ങളുടെ മതവിശാസങ്ങളെക്കുറിച്ചു സംസാരിക്കാൻ ചില കത്തോലിക്ക യുവാക്കൾ, കഴിഞ്ഞവർഷം ഇറ്റലിയിലെ എൽബാ ദ്വീപിലെത്തിയ വിനോദസഞ്ചാരികളെ സമീപിച്ചു. ക്രിസ്‌ത്യാനികളായിരിക്കണമെങ്കിൽ അവർ തങ്ങളുടെ വിശ്വാസത്തെക്കുറിച്ചു മറ്റുള്ളവരോടു പറയണം എന്ന, മാസ്സാ മാരിറ്റിമാ പ്യോംബിനോ രൂപതയിലെ ബിഷപ്പിന്റെ ആഹ്വാനത്തോടു പ്രതികരിക്കുകയായിരുന്നു അവർ. ഇത്‌ വിനോദസഞ്ചാരികളെ ആശ്ചര്യപ്പെടുത്തി. ഇൽ ടെംപോ പത്രം പറയുന്നതനുസരിച്ച്‌ മിക്കവരുടെയും പ്രതികരണം “നിങ്ങൾ യഹോവയുടെ സാക്ഷികളാണോ?” എന്നായിരുന്നു.

ലൈംഗികമോഹങ്ങൾ ഉണർത്തുന്ന പാട്ടുകൾ

“അസഭ്യം നിറഞ്ഞ ഈരടികളോടു കൂടിയ” പാട്ടുകൾ ശ്രവിക്കുന്ന കൗമാരക്കാർ, “മറ്റു പാട്ടുകൾ ഇഷ്ടപ്പെടുന്നവരെക്കാൾ നേരത്തേതന്നെ ലൈംഗികബന്ധങ്ങളിൽ ഏർപ്പെടാൻ” സാധ്യതയുണ്ടെന്ന്‌ അസ്സോസിയേറ്റഡ്‌ പ്രസ്സ്‌ റിപ്പോർട്ടു ചെയ്‌ത ഒരു പഠനം വെളിവാക്കുന്നു. “ലൈംഗികക്രീഡകളെ പച്ചയായി പരാമർശിക്കുന്ന പാട്ടുകൾ, പുരുഷന്മാരെ ശക്തമായ ലൈംഗികത്വരയുള്ളവരായും സ്‌ത്രീകളെ ലൈംഗിക മോഹങ്ങൾ തൃപ്‌തിപ്പെടുത്തുന്നതിനുള്ള ഉപകരണങ്ങളായും വിശേഷിപ്പിക്കുന്നു. ഇത്തരം പാട്ടുകൾ, ഈവക കാര്യങ്ങളെക്കുറിച്ചു തുറന്നു പരാമർശിക്കാത്തതും ബന്ധങ്ങളെ ഈടുനിൽക്കുന്നവയായി തോന്നിപ്പിക്കുന്നതുമായ പാട്ടുകളോടുള്ള താരതമ്യത്തിൽ, നന്നേ ചെറുപ്പത്തിൽത്തന്നെ ലൈംഗിക മോഹങ്ങൾ ഉണർത്തുന്നവയാണ്‌” എന്ന്‌ റിപ്പോർട്ട്‌ പറഞ്ഞു. “മാതാപിതാക്കളും അധ്യാപകരും വിശിഷ്യ കൗമാരപ്രായക്കാരും പാട്ടുകളിലെ സന്ദേശം വിമർശന ബുദ്ധിയോടെ വിലയിരുത്തേണ്ടതുണ്ട്‌.”

പാഴാക്കൽ വീരന്മാർ

2004-ൽ ഓസ്‌ട്രേലിയക്കാർ 18,450 കോടി രൂപയുടെ ആഹാരസാധനങ്ങൾ വെറുതെ പാഴാക്കിക്കളഞ്ഞതായി ദി ഓസ്‌ട്രേലിയ ഇൻസ്റ്റിറ്റ്യൂട്ട്‌ എന്ന ഗവേഷക സ്ഥാപനം റിപ്പോർട്ടു ചെയ്യുന്നു. ഇത്‌ 2003-ൽ ഓസ്‌ട്രേലിയക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിദേശ രാജ്യങ്ങൾക്കു സംഭാവന ചെയ്‌ത തുകയുടെ 13 ഇരട്ടിയിലധികമാണ്‌. ഒരിക്കലും ഉപയോഗിക്കുകയില്ലാത്തതോ വിരളമായി മാത്രം ഉപയോഗിക്കുന്നതോ ആയ സാധനങ്ങൾക്കും സേവനങ്ങൾക്കുമായി ഓസ്‌ട്രേലിയക്കാർ വർഷംതോറും പാഴാക്കുന്ന മൊത്തം തുക 36,450 കോടി രൂപയിലധികം വരും. ഇതാകട്ടെ സർവകലാശാലകൾക്കും റോഡുകൾക്കും വേണ്ടി ഗവൺമെന്റ്‌ ചെലവഴിക്കുന്ന തുകയെക്കാൾ അധികമാണ്‌.