വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വെനീസ്‌ കനാലുകളിലെ “കറുത്ത ഹംസം”

വെനീസ്‌ കനാലുകളിലെ “കറുത്ത ഹംസം”

വെനീസ്‌ കനാലുകളിലെ “കറുത്ത ഹംസം”

ഇറ്റലിയിലെ ഉണരുക! ലേഖകൻ

ഈറനണിഞ്ഞ മതിലുകൾ, ശിലാനിർമിത ആർച്ചുബ്രിഡ്‌ജുകൾ, ചിത്രാലംകൃത ജനാലകൾ, പുഷ്‌പനിബിഡമായ ബാൽക്കണികൾ എന്നിവയാൽ ചുറ്റപ്പെട്ട ഒരു കനാലിലൂടെ ശബ്ദകോലാഹലങ്ങളൊന്നുമില്ലാതെ മന്ദംമന്ദം ഗമിക്കുകയാണത്‌; ആ പോക്ക്‌ ഒന്നു കാണേണ്ടതുതന്നെയാണ്‌. അൽപ്പം അകലെനിന്നു നോക്കിയാൽ ഒരു കറുത്ത ഹംസമാണെന്നേ തോന്നൂ. മരത്തിൽ കടഞ്ഞെടുത്ത ഉടലും ലോഹനിർമിത കഴുത്തുമുള്ള അത്‌ ഇറ്റലിയിലെ വെനീസ്‌ കനാലിലൂടെ ഒരു അരയന്നത്തിന്റെ പ്രൗഢിയോടെ ഗമിക്കുന്നു, മൃദുല മേനിയോ തൂവലുകളോ ഒന്നും ഇല്ലെങ്കിൽപ്പോലും. ലോകത്തിലെതന്നെ വിഖ്യാതമായ വള്ളമെന്നു ചിലർ വിശേഷിപ്പിക്കുന്ന ഗോണ്ടല എന്ന ഉല്ലാസനൗകയാണത്‌. അതിന്റെ ഉത്ഭവത്തെക്കുറിച്ച്‌ എന്തു പറയാനാകും? അതിനെ ഇത്ര പ്രശസ്‌തമാക്കുന്നത്‌ എന്താണ്‌? മറ്റു വള്ളങ്ങളെ അപേക്ഷിച്ച്‌ ഇതിന്‌ എന്ത്‌ സവിശേഷതയാണുള്ളത്‌?

ഉത്ഭവം

അതിന്റെ ഉത്ഭവം കൃത്യമായി പറയുക അത്ര എളുപ്പമല്ല. എങ്കിലും പതിനൊന്നാം നൂറ്റാണ്ടിലാണെന്നാണ്‌ ചിലരുടെ മതം. ചിത്രരചനയിൽ അത്‌ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്‌ 15-ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്‌. എന്നിരുന്നാലും, അതിനെ പ്രശസ്‌തിയുടെ പടവുകളിലേക്ക്‌ ഉയർത്തിയ തനതു സവിശേഷതകൾ കൈവന്നത്‌ 17-ഉം 18-ഉം നൂറ്റാണ്ടുകളിലാണ്‌. അതിന്റെ അടിഭാഗം ആദ്യകാലം മുതൽക്കേ പരന്നതായിരുന്നു; എന്നാൽ ഈ കാലഘട്ടത്തിലാണ്‌ തനതായ നീണ്ടരൂപവും ഇരുമ്പുകൊണ്ടുള്ള അണിയവും അതിനു സ്വന്തമായത്‌.

ഗോണ്ടല എന്ന പേരിന്റെ ആവിർഭാവം കണ്ടെത്തുന്നതും അത്ര എളുപ്പമല്ല. “ഗോണ്ടല” എന്നത്‌ ഒരു ചെറുവള്ളത്തിന്റെ പേരായ ക്യൂമ്പൂലാ എന്ന ലാറ്റിൻ പദത്തിൽനിന്നോ അല്ലെങ്കിൽ കോൻകാ എന്നതിന്റെ മറ്റൊരു രൂപമായ കോൻകൂലായിൽനിന്നോ (“കക്ക” എന്നർഥം) ആണെന്നാണ്‌ ചിലർ പറയുന്നത്‌.

വെനീസിന്റെ സ്വന്തം

ഗോണ്ടലയും വെനീസും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്‌ എന്നതിനു തർക്കമില്ല. ഈ ഉല്ലാസനൗകയെ വെനീസിന്റെ പ്രതീകമെന്നുതന്നെ വിശേഷിപ്പിക്കാം. വെനീസിന്റെ മിക്ക ചിത്രങ്ങളിലുംതന്നെ ഗോണ്ടലയുടെ സാന്നിധ്യമുണ്ട്‌.

ഈ വള്ളത്തെ നഗരവുമായി കോർത്തിണക്കുന്ന മറ്റൊന്നുണ്ട്‌. ഈ വള്ളത്തിൽ കനാലിലൂടെയുള്ള യാത്ര “വെനീസിനെ അടുത്തറിയാനാകുന്ന ഒരു വ്യതിരിക്ത അനുഭവമാണ്‌,” എന്നു സന്ദർശകരെ അവിടം ചുറ്റിക്കാണിക്കുന്ന തുഴക്കാരനായ റോബെർട്ടോ പറയുന്നു. “വെറും സാധാരണ ദൃശ്യങ്ങളല്ല നിങ്ങൾ കാണുന്നത്‌, പകരം വെനീസിന്റെ ഹൃദയംതന്നെയാണ്‌.” പ്രശസ്‌ത ജർമൻ എഴുത്തുകാരനായ യോഹാൻ വോൾഫ്‌ഗാങ്‌ ഫോൻ ഗോഥെയുടെ വാക്കുകൾ ശ്രദ്ധിക്കുക. ഈ വള്ളത്തിലൂടെ യാത്ര ചെയ്‌തപ്പോൾ “ആഡ്രിയാറ്റിക്‌ സമുദ്രത്തിന്റെ അധിപനാണ്‌ ഞാനെന്ന്‌ എനിക്കു തോന്നി, അതിൽ ചാരിക്കിടക്കുമ്പോൾ ഏതൊരു വെനീഷ്യക്കാരനും തോന്നുന്നതുപോലെതന്നെ.” റോബെർട്ടോ പറയുന്നത്‌ ഇപ്രകാരമാണ്‌: “നൗകയുടെ മന്ദഗമനം വെനീസിന്റെ ആത്മാവുമായി അത്ര യോജിപ്പിലാണ്‌. ഓളങ്ങളുടെ ലാളനയേറ്റ്‌ മാർദവമുള്ള കുഷ്യനിൽ അങ്ങനെയിരിക്കുമ്പോൾ ആ യാത്ര ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്നാശിച്ചുപോകും.”

തനതായ പ്രത്യേകതകൾ

ഗോണ്ടലയെ നീരിക്ഷിക്കുകയാണെങ്കിൽ അതിന്റെ വലതുവശത്തായി ഒരു തുഴയേയുള്ളു എങ്കിലും അത്‌ നേർരേഖയിലാണു സഞ്ചരിക്കുന്നതെന്നു നിങ്ങൾ കണ്ടെത്തും. അതു നിങ്ങളെ അതിശയിപ്പിച്ചേക്കാം. തുഴകൊണ്ട്‌ സദാ ക്രമപ്പെടുത്താത്തപക്ഷം സാധാരണഗതിയിൽ വള്ളം ഒരു വശത്തേക്കു തെന്നിമാറുകയും വട്ടത്തിൽ സഞ്ചരിക്കുകയും ചെയ്യും; എന്നാൽ ഇതിന്റെ കാര്യത്തിൽ അങ്ങനെ സംഭവിക്കുന്നില്ല. എന്താണു കാരണം? പുരാതനകാലത്തെ വള്ളങ്ങളെക്കുറിച്ച്‌ നല്ല ഗ്രാഹ്യമുള്ള ജിൽബെർട്ടോ പെൻസോ എഴുതുന്നു: “നാം ഈ വള്ളത്തെ ശിരസ്സോ കൈകാലുകളോ ഇല്ലാത്ത ഒരു മനുഷ്യശരീരത്തോടു ഉപമിക്കുന്നുവെന്നിരിക്കട്ടെ. അടിമരം നട്ടെല്ലായും ചട്ടക്കൂട്‌ വാരിയെല്ലുകളായും സങ്കൽപ്പിച്ചാൽ ഈ നൗകയ്‌ക്ക്‌ നട്ടെല്ലിനു വളവു ബാധിച്ചിരിക്കുകയാണെന്നു പറയാം.” മറ്റുവാക്കുകളിൽ പറഞ്ഞാൽ വള്ളത്തിന്റെ ഇരുവശങ്ങളും ഒരുപോലെയല്ല; അതിന്റെ വലതുവശത്തിന്‌ ഇടതുവശത്തെക്കാൾ 9 ഇഞ്ച്‌ വീതി കുറവാണ്‌. തത്‌ഫലമായി നൗകയുടെ വലതുവശം ഇടതുവശത്തെക്കാൾ വെള്ളത്തിൽ താണുകിടക്കുന്നു. ഗോണ്ടലയുടെ ഈ പ്രത്യേകതയാണ്‌ ഒറ്റ തുഴയുടെ ഫലമായി ഉണ്ടാകുന്ന തള്ളലിനെയും തുഴക്കാരന്റെ ഭാരത്തെയും സമീകരിച്ച്‌ വള്ളത്തെ നേർരേഖയിൽ മുന്നോട്ടു കൊണ്ടുപോകുന്നത്‌.

ഈ ഹംസത്തിന്റെ ഒരു സവിശേഷതയാണ്‌ അതിന്റെ കഴുത്ത്‌, അല്ലെങ്കിൽ അണിയം. ഇരുമ്പുകൊണ്ടുള്ള അമരം ഒഴിച്ചാൽ ലോഹനിർമിതമായ ഒരേയൊരു ഭാഗമാണിത്‌. അണിയം “അത്രകണ്ട്‌ ആകർഷകവും വ്യത്യസ്‌തവുമായതിനാൽ കാണുന്നമാത്രയിൽത്തന്നെ മനസ്സിൽ അത്‌ മായാതെ പതിയുന്നു” എന്ന്‌ ഗ്രന്ഥകാരനായ ജാൻഫ്രാങ്കോ മൂനെറോറ്റോ എഴുതുന്നു. അമരത്തുള്ള തുഴക്കാരന്റെ ഭാരത്തെ സമതുലിതമാക്കുന്നതിനും അതിന്റെ ഭംഗികൂട്ടുന്നതിനും ഇരുമ്പുകൊണ്ടുള്ള ഈ അണിയം സഹായിക്കുന്നു. ഐതിഹ്യമനുസരിച്ച്‌ അതിന്റെ അണിയത്തുള്ള ആറു ബ്ലെയ്‌ഡുകൾ വെനീസ്‌ നഗരം വിഭജിക്കപ്പെട്ടുണ്ടായ ആറ്‌ സെസ്റ്റെയ്‌റി, അഥവാ അയൽപ്രദേശങ്ങളെ ചിത്രീകരിക്കുമ്പോൾ അതിന്റെ കഴുത്തിനു പുറകിലായുള്ള ചെറിയ നീണ്ട ഭാഗം ജൂഡേക്കാ എന്ന കൊച്ചു വെനീഷ്യൻ ദ്വീപിനെയാണ്‌ ചിത്രീകരിക്കുന്നത്‌. അണിയത്തിന്റെ ‘ട’ ആകൃതിയാണെങ്കിൽ വെനീസ്‌ കനാലിനെയും.

ഗോണ്ടലയുടെ മറ്റൊരു സവിശേഷതയാണ്‌ അതിന്റെ കറുത്ത “തൂവലുകൾ.” ഈ വള്ളങ്ങൾക്ക്‌ എന്തുകൊണ്ടാണ്‌ കറുപ്പു നിറം എന്നതു സംബന്ധിച്ച്‌ ഒരുപാടു കഥകളുണ്ട്‌. 16-ഉം 17-ഉം നൂറ്റാണ്ടുകളിൽ അലങ്കാരങ്ങളും ആഡംബരങ്ങളും അതിരുകടന്നുപോയതിനാൽ അതു നിയന്ത്രിക്കാനായി വെനീഷ്യൻ സെനറ്റിന്‌ അത്തരം വള്ളങ്ങളുടെ ഉടമകളിൽനിന്നു പിഴ ഈടാക്കേണ്ടിവന്നു എന്നതാണ്‌ അതിലൊന്ന്‌. അലങ്കാരപ്പണികൾ കുറയ്‌ക്കുന്നതിനെക്കാൾ പിഴയടയ്‌ക്കാനായിരുന്നു അനേകർക്കും താത്‌പര്യം. തത്‌ഫലമായി ഒരു മജിസ്‌ട്രേറ്റ്‌ എല്ലാ ഗോണ്ടലകൾക്കും കറുത്ത പെയിന്റ്‌ അടിക്കണമെന്ന്‌ ഉത്തരവിട്ടു. പതിന്നാലാം നൂറ്റാണ്ടിൽ പ്ലേഗ്‌ എന്ന മഹാവ്യാധി (Black Death) കൊന്നൊടുക്കിയ ആയിരക്കണക്കിനാളുകളുടെ അനുശോചനാർഥമാണ്‌ ഈ കറുപ്പുനിറം എന്ന്‌ മറ്റൊരഭിപ്രായവുമുണ്ട്‌. വെനീഷ്യൻ മങ്കമാരുടെ തൂവെള്ളനിറത്തിന്‌ മാറ്റുകൂട്ടാനായിരുന്നു ഈ കറുത്ത നിറം എന്നും പറയപ്പെടുന്നു. പണ്ടൊക്കെ വള്ളത്തെ ജലരോധകമാക്കുന്നതിനായി കീൽ തേച്ചിരുന്നു; അതിൽനിന്നാണ്‌ കറുത്ത നിറം ലഭിച്ചത്‌ എന്നതാണ്‌ ലളിതമായ സത്യം.

കറുത്ത ഹംസത്തിന്റെ പുറത്തിരുന്നുള്ള പ്രശാന്തമായ യാത്രയ്‌ക്കുശേഷം നിങ്ങൾ ജെട്ടിയിൽ തിരിച്ചെത്തും. അത്‌ നിങ്ങളിൽനിന്ന്‌ അകന്നു പോകവേ, ഹംസം തന്റെ നീണ്ട കഴുത്തു തിരിച്ച്‌ മാർദവമായ തൂവൽ മിനുക്കുമോയെന്നു ഒരുനിമിഷത്തേക്കെങ്കിലും നിങ്ങൾ ചിന്തിച്ചുപോകും.

[24-ാം പേജിലെ ചിത്രം]

ഗോണ്ടലയുടെ ഇരുവശങ്ങളും ഒരുപോലെയല്ല

[24, 25 പേജുകളിലെ ചിത്രം]

അനുപമമായ അണിയം

[25-ാം പേജിലെ ചിത്രം]

റോബെർട്ടോ, വെനീസ്‌ കനാലിലെ ഒരു തുഴക്കാരൻ

[25-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

© Medioimages