വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്ക്‌ ആഹാരശീല വൈകല്യമുണ്ടോ? (2006 ഒക്ടോബർ) ഈ ലേഖനം വായിച്ചശേഷം എനിക്കു കടുത്ത വിഷാദം തോന്നി. എന്റെ ജീവിതകാലം മുഴുവനും എനിക്ക്‌ ഒരുതരം ആഹാരശീല വൈകല്യവുമായി മല്ലിടേണ്ടിവന്നിട്ടുണ്ട്‌. ചെറുപ്പത്തിലേ ഞാൻ ഈ വൈകല്യത്തിനു “പരിഹാരം” കാണേണ്ടതായിരുന്നുവെന്നാണ്‌ ഈ ലേഖനത്തിൽനിന്ന്‌ എനിക്കു മനസ്സിലായത്‌. എന്നിരുന്നാലും ഈ നാഴികവരെ ഞാൻ ഈ വൈകല്യവുമായി മല്ലിട്ടുകൊണ്ടിരിക്കുകയാണ്‌. പ്രതീക്ഷയ്‌ക്കു വകയില്ലെന്നുതന്നെയാണ്‌ എനിക്കിപ്പോൾ തോന്നുന്നത്‌. ശക്തമായ വിശ്വാസം ഉണ്ടായാൽ മതി, ഒരു വ്യക്തിക്ക്‌ ഈ വൈകല്യത്തെ മറികടക്കാം എന്നമട്ടിലാണ്‌ ലേഖനം ഈ വിഷയം വിശദീകരിച്ചിരിക്കുന്നത്‌.

ജെ. ജെ., ഐക്യനാടുകൾ

“ഉണരുക!”യുടെ പ്രതികരണം: യുവജനങ്ങൾ ചോദിക്കുന്നു . . . ” എന്ന പംക്തിയിൽ ചർച്ചചെയ്യുന്ന വിഷയങ്ങൾ പ്രാഥമികമായും യുവജനങ്ങളെ ഉദ്ദേശിച്ചുള്ളതാണെങ്കിലും പരാമർശിക്കപ്പെടുന്ന ബൈബിൾ തത്ത്വങ്ങൾ എല്ലാ പ്രായക്കാർക്കും ബാധകമാണ്‌. പരിഹാരം കാണാൻ ഏറ്റവും ബുദ്ധിമുട്ടുള്ള രോഗങ്ങളിൽ ഒന്നാണ്‌ ആഹാരശീല വൈകല്യം എന്നു ഞങ്ങൾ മനസ്സിലാക്കുന്നു. വിശ്വാസമില്ലാത്തവരാണ്‌ ആഹാരശീല വൈകല്യവുമായി മല്ലിടുന്നതെന്ന്‌ ആ ലേഖനം പറയുന്നില്ല. ഈ പ്രശ്‌നം അനുഭവിക്കുന്നവർക്ക്‌ അതു തരണംചെയ്യുന്നതിനുള്ള സഹായത്തിനായി യഹോവയോടു പ്രാർഥിക്കാൻ കഴിയുമെന്നു നിർദേശിക്കുക മാത്രമാണ്‌ അതിലൂടെ ചെയ്‌തത്‌. ദൈവത്തോടു യാചിക്കുന്നതോടൊപ്പം “മാതാപിതാക്കളിൽ ഒരാളോടോ . . . മുതിർന്ന മറ്റാരോടെങ്കിലുമോ” സഹായം ചോദിക്കാനും പ്രോത്സാഹിപ്പിക്കുകയുണ്ടായി. കൂടാതെ “ഈ പ്രശ്‌നത്തിൽനിന്നു കരകയറുക അത്ര എളുപ്പമല്ല” എന്നും വീണ്ടും പഴയ ശീലത്തിലേക്കു വഴുതിപ്പോയേക്കാമെന്നും ആ ലേഖനം തുറന്നു സമ്മതിക്കുന്നു. വർഷങ്ങൾക്കുശേഷം ഇപ്പോഴും നിങ്ങൾ ആഹാരശീല വൈകല്യത്തോടു പോരാടുന്നുണ്ടെന്ന വസ്‌തുത, നിങ്ങൾ പ്രത്യാശ കൈവിട്ടിട്ടില്ല എന്നാണു കാണിക്കുന്നത്‌.

യുവജനങ്ങൾ ചോദിക്കുന്നു . . . ഞാൻ ജീവിതം എങ്ങനെ വിനിയോഗിക്കണം? (2006 ജൂലൈ) എന്റെ പഠനം തീരാറായി. ഏതു ജീവിതവൃത്തി തിരഞ്ഞെടുക്കണം എന്നു ചിന്തിക്കാനുള്ള സമയമാണിത്‌. മുഴുസമയ ശുശ്രൂഷയിൽ പ്രവേശിക്കുക എന്ന ലാക്കിൽ എത്തിച്ചേരാനുള്ള എന്റെ ദൃഢനിശ്ചയത്തെ ഈ ലേഖനം കൂടുതൽ ശക്തമാക്കി. ഇതിലും മെച്ചപ്പെട്ടതോ സന്തോഷം നേടിത്തരുന്നതോ ആയ മറ്റൊരു പ്രവർത്തനവുമില്ല.

എച്ച്‌. ഡബ്ലിയു., ഹോങ്കോംഗ്‌

ഈ ഭൗതികാസക്ത ലോകത്തിൽ ആത്മീയ ലാക്കുകൾക്ക്‌ ഒന്നാംസ്ഥാനം കൊടുക്കുന്നതാണ്‌ എന്നെപ്പോലുള്ള ചെറുപ്പക്കാർക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമെന്നു കാണാൻ സഹായിച്ചതിന്‌ അകമഴിഞ്ഞ നന്ദി.

എ. എസ്‌., ബ്രസീൽ

തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലപ്പോഴും ഞാൻ എന്റെ ലാക്കുകൾ വിസ്‌മരിച്ചുപോകാറുണ്ട്‌. യഹോവയുടെ സേവനത്തിൽ കഴിവിന്റെ പരമാവധി പ്രവർത്തിക്കാനുള്ള ദൃഢനിശ്ചയം പുതുക്കാൻ ഈ ലേഖനത്തിന്റെ വായന എന്നെ സഹായിച്ചു. യുവജനങ്ങളായ ഞങ്ങൾക്കുവേണ്ടി കരുതുന്നതിനു വളരെ നന്ദി.

ഏ. എം., ജപ്പാൻ

സന്തുഷ്ടദാമ്പത്യം കെട്ടിപ്പടുക്കാൻ (2006 ജൂലൈ) ഈ ലേഖനങ്ങൾ അതിവിശിഷ്ടങ്ങളാണ്‌. യേശു തന്റെ അപ്പൊസ്‌തലന്മാരോടും അവർ തിരിച്ച്‌ അവനോടും ഇടപെട്ടവിധം അതിൽ വർണിച്ചിരിക്കുന്നു. ഇണകൾ പരസ്‌പരം എങ്ങനെ പെരുമാറണമെന്നതു വരച്ചുകാട്ടാൻ ഇതിൽപ്പരം നല്ലൊരു ഉദാഹരണമില്ല. ഇത്തരം നല്ല ലേഖനങ്ങൾ തുടർന്നും പ്രസിദ്ധീകരിക്കുമല്ലോ. നമ്മുടെ മാസികകൾക്കായി ഓരോ മാസവും ഞങ്ങൾ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുകയാണ്‌.

എസ്‌. കെ., ഐക്യനാടുകൾ

നിരാശ സന്തോഷത്തിനു വഴിമാറിയപ്പോൾ (2006 ജൂലൈ) ഗൊൺസാലസ്‌ സഹോദരനെപ്പോലെ ഞാനും അപര്യാപ്‌തതാബോധവുമായി മല്ലിട്ടിട്ടുണ്ട്‌. പാപപങ്കിലമായ ഒരു ഭൂതകാലത്തിനുടമയായ എന്നെ വാസ്‌തവത്തിൽ യഹോവയ്‌ക്കു സ്‌നേഹിക്കാനാവില്ലെന്നു ഞാൻ ചിന്തിച്ചിരുന്നു. യഹോവ എത്രയോ കൃപാലുവും ക്ഷമാശീലനും സ്‌നേഹവാനും ആണെന്നറിയുന്നത്‌ എന്തൊരു ആശ്വാസമാണ്‌! കൂടെക്കൂടെ ലഭിച്ച ബുദ്ധിയുപദേശവും സഭയിൽനിന്നുള്ള സ്‌നേഹപുരസ്സരമായ പിന്തുണയും യഹോവയുടെ പരിശുദ്ധാത്മാവും ജീവിതത്തിൽ ബൈബിൾ സത്യങ്ങൾ ബാധകമാക്കാൻ എന്നെ സഹായിച്ചിരിക്കുന്നു. തക്കസമയത്തെ ഈ ആത്മീയാഹാരത്തിനു നന്ദി.

റ്റി. എ., ഐക്യനാടുകൾ