വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞാൻ സർക്കസിനോടു വിടപറഞ്ഞതിനു കാരണം

ഞാൻ സർക്കസിനോടു വിടപറഞ്ഞതിനു കാരണം

ഞാൻ സർക്കസിനോടു വിടപറഞ്ഞതിനു കാരണം

മാർസേലോ നെയിം പറഞ്ഞപ്രകാരം

ഉറുഗ്വേയിലെ മോൺടേവീഡിയോയിലാണു ഞാൻ ജനിച്ചത്‌. എന്റെ മാതാപിതാക്കൾ ദൈവഭയമുള്ളവരായിരുന്നെങ്കിലും ഒരു മതത്തിലും വിശ്വസിച്ചിരുന്നില്ല. എനിക്ക്‌ ഏകദേശം നാലു വയസ്സുള്ളപ്പോൾ ഒരു അപകടത്തിൽപ്പെട്ട്‌ അമ്മ മരിച്ചു. പിന്നീട്‌ ഒരു ബന്ധുവീട്ടിലാണു ഞാൻ വളർന്നത്‌. നല്ല ധാർമിക മൂല്യങ്ങൾ എന്നിൽ ഉൾനടാൻ അവർ ശ്രമിച്ചിരുന്നു. 20 വയസ്സായപ്പോഴേക്കും, വ്യത്യസ്‌ത രാജ്യങ്ങളെയും സംസ്‌കാരങ്ങളെയുംകുറിച്ച്‌ അറിയാനായി ഒന്ന്‌ ഉലകം ചുറ്റാൻ ഞാൻ തീരുമാനിച്ചു.

കൊളംബിയയിൽ സർക്കസ്‌ കമ്പനികളിൽ ഒരു സഹായിയായിട്ടാണു ഞാൻ ജോലി ആരംഭിക്കുന്നത്‌. കാണികളുടെ കരഘോഷം അഭ്യാസികളെ എത്രമാത്രം സന്തോഷിപ്പിക്കുന്നുവെന്നതു ഞാൻ നിരീക്ഷിക്കാനിടയായി. അവരിലൊരാളായിരിക്കാൻ ഞാനും ആഗ്രഹിച്ചു. അതുകൊണ്ട്‌ സൈക്കിൾ ഉപയോഗിച്ചുള്ള ഒരു അഭ്യാസം ഞാൻ പരിശീലിച്ചു തുടങ്ങി. ചെറിയ ചെറിയ സൈക്കിളുകൾ ഉപയോഗിച്ച്‌ ഒടുവിൽ, 12 സെന്റിമീറ്റർ മാത്രം നീളമുള്ള ഒന്നിൽ അഭ്യാസം നടത്താൻ എനിക്കു സാധിച്ചു. എന്റെ ഉള്ളംകൈയിൽ ഒതുങ്ങിയ ആ സൈക്കിൾ ലോകത്തിലെതന്നെ ഏറ്റവും ചെറിയ ഒന്നായിരുന്നു. തെക്കേ അമേരിക്കയിലെങ്ങും ഞാൻ പ്രശസ്‌തനായിത്തീർന്നു. 25-ാം വയസ്സിൽ മെക്‌സിക്കോയിൽ എത്തിച്ചേർന്ന ഞാൻ പിന്നീട്‌ നിരവധി സർക്കസ്‌ കമ്പനികളിൽ ജോലി ചെയ്‌തു.

എന്റെ ജീവിതം മാറിമറിയുന്നു

സർക്കസ്‌ ജീവിതം എനിക്കു നന്നേ പിടിച്ചു. ഒരുപാടു യാത്രകളും മുന്തിയ ഹോട്ടലുകളിലെ താമസവും വൻകിട റെസ്റ്ററന്റുകളിൽനിന്നുള്ള ശാപ്പാടുമൊക്കെ അതിന്റെ ഭാഗമായിരുന്നു. ജീവിതം ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും എനിക്കൊരു ശൂന്യതാബോധം തോന്നിയിരുന്നു. ഭാവി സംബന്ധിച്ചു യാതൊരു പ്രത്യാശയും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ എന്റെ ജീവിതത്തെ മാറ്റിമറിച്ച ദിവസം വന്നെത്തി. അതൊരു ഉച്ചതിരിഞ്ഞ നേരമായിരുന്നു. റിങ്‌ മാസ്റ്റർ തനിക്കു കിട്ടിയ, വെളിപ്പാട്‌ അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്‌തകം എനിക്കു കൊണ്ടുവന്നുതന്നു. അന്നത്തെ പരിപാടിക്കുശേഷം നേരം പുലരുംവരെ ഞാൻ വായനയിൽ മുഴുകി. ആ പുസ്‌തകം മനസ്സിലാക്കുക അത്ര എളുപ്പമായിരുന്നില്ലെങ്കിലും വെളിപ്പാടിലെ കടുഞ്ചുവപ്പുള്ള മൃഗത്തെയും വേശ്യയെയും കുറിച്ചുള്ള അതിന്റെ വിശദീകരണം എന്റെ ശ്രദ്ധയാകർഷിച്ചു. (വെളിപ്പാടു 17:​3–18:⁠8) യഹോവയുടെ സാക്ഷികൾതന്നെ പ്രസിദ്ധീകരിച്ച, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്‌തകം മറ്റൊരു ദിവസം ഞാൻ എന്റെ ട്രെയ്‌ലർ വൃത്തിയാക്കുന്നതിനിടെ കാണാനിടയായി. മനസ്സിലാക്കാൻ കുറേക്കൂടെ എളുപ്പമുള്ളതായിരുന്നു അത്‌. പ്രസംഗിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയാൻ അധികസമയം വേണ്ടിവന്നില്ല. പഠിച്ച കാര്യങ്ങൾ സകലരുമായും പങ്കുവെക്കാൻ പിന്നെ ഞാൻ ഒട്ടും വൈകിയില്ല.

കാലം കടന്നുപോകവേ, യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടേണ്ടതുണ്ടെന്ന്‌ എനിക്കു തോന്നി. റിങ്‌ മാസ്റ്റർക്കു വെളിപ്പാട്‌ പാരമ്യം പുസ്‌തകം കൊടുത്ത സാക്ഷിക്കുട്ടിയുടെ ഫോൺനമ്പർ ആ പുസ്‌തകത്തിൽ ഉണ്ടായിരുന്നു. ആ നമ്പരിൽ ഞാൻ ഫോൺ ചെയ്‌തു. അവളുടെ അച്ഛൻ, മെക്‌സിക്കോയിലെ റ്റിജുവാനയിൽ നടക്കാനിരുന്ന കൺവെൻഷന്‌ എന്നെ ക്ഷണിച്ചു. അവിടെ നിറഞ്ഞുനിന്ന സ്‌നേഹം എന്നെ വല്ലാതെ ആകർഷിച്ചു. സത്യമതം അതാണെന്ന്‌ എനിക്കു ബോധ്യമായി. സർക്കസ്‌ സംഘം എവിടെയൊക്കെ പോയോ, അവിടെയൊക്കെയുള്ള രാജ്യഹാളുകളിൽ ഞാൻ യോഗങ്ങൾക്കു പോയി. അനൗപചാരികമായി സംസാരിക്കുമ്പോൾ കൊടുക്കുന്നതിനായി ഞാൻ അവിടെനിന്നെല്ലാം സാഹിത്യം എടുക്കുമായിരുന്നു.

ഞാൻ ചെയ്‌തുകൊണ്ടിരുന്നതു ശരിയാണെന്നു ബോധ്യപ്പെടുത്തുന്ന ഒരു കാര്യം ഇതിനിടയ്‌ക്കു സംഭവിച്ചു. യേശുവിന്റെ മരണത്തിന്റെ സ്‌മാരകത്തിനു സാക്ഷികൾ എന്നെ ക്ഷണിക്കുകയും ക്രിസ്‌ത്യാനികൾ അതിൽ പങ്കെടുക്കേണ്ടത്‌ എത്ര പ്രധാനമാണെന്നു വിശദീകരിച്ചുതരുകയും ചെയ്‌തു. പക്ഷേ അതു നടക്കുന്നതാകട്ടെ ഒരു പുതിയ സർക്കസ്‌ ഷോയുടെ ആദ്യ ദിവസവും. സ്‌മാരകത്തിനു ഹാജരാകാൻ പറ്റില്ലെന്നുതന്നെ ഞാൻ കരുതി. അതേക്കുറിച്ചു ഞാൻ യഹോവയോടു മുട്ടിപ്പായി പ്രാർഥിച്ചു. അത്ഭുതമെന്നു പറയട്ടെ, ആ പ്രകടനം തുടങ്ങുന്നതിനു രണ്ടു മണിക്കൂർ മുമ്പു വൈദ്യുതി നിലച്ചു! അങ്ങനെ സ്‌മാരകത്തിനു പോകുന്നതിനും തിരിച്ചുവന്നിട്ട്‌ സർക്കസിൽ പങ്കെടുക്കുന്നതിനും എനിക്കു സാധിച്ചു. യഹോവ പ്രാർഥനയ്‌ക്ക്‌ ഉത്തരമരുളിയതായി എനിക്കു തോന്നി.

ഒരിക്കൽ ഒരു ബാങ്കിലെ ക്യൂവിൽ നിൽക്കവേ അടുത്തുള്ളവർക്കു ഞാൻ ലഘുലേഖകൾ കൊടുക്കുകയുണ്ടായി. ഇതു കണ്ട ഒരു ക്രിസ്‌തീയ മൂപ്പൻ എന്റെ തീക്ഷ്‌ണതയെപ്രതി എന്നെ അനുമോദിച്ചു. എന്നാൽ സഭയുടെ ക്രമീകരണത്തിൻകീഴിൽ സംഘടിതമായ ഒരു വിധത്തിൽ പ്രവർത്തിക്കാൻ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു. അതിനായി ഞാൻ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന്‌ അദ്ദേഹം സ്‌നേഹപുരസ്സരം വിശദീകരിച്ചുതന്നു. മാറ്റംവരുത്തുന്നതിനെക്കുറിച്ചൊക്കെ ആലോചിച്ചുകൊണ്ടിരിക്കെ ഐക്യനാടുകളിലെ ഒരു സർക്കസ്‌ കമ്പനി ഉയർന്ന ശമ്പളമുള്ള ഒരു ജോലിക്ക്‌ എന്നെ ക്ഷണിച്ചു. ഞാനാകെ ആശയക്കുഴപ്പത്തിലായി. ഐക്യനാടുകളിലേക്കു പോകാൻ ഇഷ്ടമായിരുന്നെങ്കിലും ആ ക്ഷണം സ്വീകരിച്ചാൽ ഞാൻ തുടങ്ങിവെച്ച പുതിയ ജീവിതരീതിയുടെ ഗതി എന്താകുമെന്ന്‌ എനിക്കൊരു നിശ്ചയവുമില്ലായിരുന്നു. അതായിരുന്നു എനിക്കുണ്ടായ ആദ്യ പരീക്ഷണം. യഹോവയെ നിരാശനാക്കാൻ ഞാൻ ആഗ്രഹിച്ചില്ല. അവനെ സേവിക്കാൻ കഴിയേണ്ടതിനു ഞാൻ സർക്കസിനോടു വിടപറഞ്ഞു. എന്റെ നീളൻ മുടി മുറിക്കുകയും ജീവിതത്തിൽ മറ്റുപല മാറ്റങ്ങളും വരുത്തുകയും ഒരു സഭയിൽ സ്ഥിരമായി സഹവസിച്ചുതുടങ്ങുകയും ചെയ്‌തു. അതൊന്നും ഉൾക്കൊള്ളാൻ എന്റെ കൂട്ടുകാർക്കായില്ല.

യാതൊരു ഖേദവുമില്ലാതെ ഒരു സംതൃപ്‌ത ജീവിതം

1997-ൽ ഞാൻ യഹോവയുടെ സാക്ഷികളിലൊരുവനായി സ്‌നാപനമേറ്റു. എന്നാൽ അതിനു തൊട്ടുമുമ്പ്‌ മറ്റൊരു പരിശോധനയെ നേരിടേണ്ടിവന്നു. മിയാമിയിലെ ഒരു പ്രശസ്‌ത ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനായി യാതൊരു ചെലവും കൂടാതെ ഐക്യനാടുകളിലേക്കു പോകുന്നതിനുള്ള മറ്റൊരു അസുലഭാവസരം എനിക്കു ലഭിച്ചു. എന്നാൽ സ്‌നാപനമേൽക്കാനും യഹോവയ്‌ക്കുള്ള എന്റെ സമർപ്പണം നിറവേറ്റാനും ഞാൻ ആഗ്രഹിച്ചു. ഞാൻ ആ ക്ഷണം നിരസിച്ചത്‌ പരിപാടിയുടെ സംഘാടകരെ അതിശയിപ്പിച്ചു.

സർക്കസ്‌ ജീവിതം ഉപേക്ഷിച്ചതിൽ ഖേദിക്കുന്നുണ്ടോ എന്നു ചിലർ എന്നോടു ചോദിച്ചിട്ടുണ്ട്‌. യഹോവയുടെ സൗഹൃദവും സ്‌നേഹവും എന്റെ പഴയ ജീവിതവുമായി വെച്ചുമാറാൻ ഞാൻ ഒരിക്കലും തയ്യാറല്ല എന്നതാണ്‌ അതിനുള്ള ഉത്തരം. മുഴുസമയ ക്രിസ്‌തീയ ശുശ്രൂഷകനെന്ന നിലയിലുള്ള എന്റെ പുതിയ ജീവിതം, ഈ ലോകത്തിൽ എനിക്കു കയ്യടിയോ പ്രശസ്‌തിയോ സമ്പത്തോ നേടിത്തരുന്നില്ലെങ്കിലും എനിക്കിപ്പോൾ പഴയ ശൂന്യതാബോധമില്ല. പറുദീസാ ഭൂമിയിൽ ജീവിക്കുന്നതിനും അമ്മയെ പുനരുത്ഥാനത്തിൽ സ്വാഗതം ചെയ്യുന്നതിനും ഉള്ള മഹത്തായ പ്രത്യാശ സദാ എന്റെ ഹൃദയത്തിൽ ജ്വലിച്ചുനിൽക്കുന്നു.​—⁠യോഹന്നാൻ 5:​28, 29.