വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പണം—ഉചിതമായ വീക്ഷണമെന്ത്‌?

പണം—ഉചിതമായ വീക്ഷണമെന്ത്‌?

ബൈബിളിന്റെ വീക്ഷണം

പണം​—⁠ഉചിതമായ വീക്ഷണമെന്ത്‌?

‘പണം സംരക്ഷണം നൽകുന്നു’ എന്ന്‌ ബൈബിൾ പറയുന്നു. (സഭാപ്രസംഗി 7:​12, ഓശാന ബൈബിൾ) പണം കൊടുത്ത്‌ ആഹാരം, വസ്‌ത്രം, പാർപ്പിടം ഇവയെല്ലാം നമുക്കു നേടാനാകും. അതേ, പണം ഒരു സംരക്ഷണമാണ്‌. ഈ ലോകത്തിൽ പണംകൊണ്ടു വാങ്ങാനാകാത്തതായി ഒന്നുംതന്നെ ഇല്ലെന്നു പറയാം. “പണം എല്ലാറ്റിനും ഉത്തരമാണ്‌.”​—⁠സഭാപ്രസംഗി 10:19 (ഓശാന).

കഠിനാധ്വാനം ചെയ്‌തുകൊണ്ട്‌ തനിക്കും കുടുംബത്തിനുംവേണ്ടി കരുതാൻ ദൈവവചനം ഓരോരുത്തരെയും പ്രോത്സാഹിപ്പിക്കുന്നു. (1 തിമൊഥെയൊസ്‌ 5:8) ആത്മാർഥമായി ജോലി ചെയ്യുന്ന ഒരുവന്‌ സംതൃപ്‌തിയും ആത്മാഭിമാനവും സുരക്ഷിതബോധവും തോന്നുക സ്വാഭാവികമാണ്‌.​—⁠സഭാപ്രസംഗി 3:12, 13.

കൂടാതെ, ഉദാരമനസ്‌കനായിരിക്കാൻ കഠിനാധ്വാനം ഒരുവനെ പ്രാപ്‌തനാക്കുന്നു. “വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു” ഏറെ സന്തോഷം എന്ന്‌ യേശു പറഞ്ഞു. (പ്രവൃത്തികൾ 20:35) നാം സ്‌നേഹിക്കുന്ന ആർക്കെങ്കിലും ഒരു സമ്മാനം വാങ്ങുമ്പോഴോ, ആവശ്യമുള്ളവർക്ക്‌ വിശേഷാൽ സഹക്രിസ്‌ത്യാനികൾക്ക്‌ മനസ്സോടെ സഹായഹസ്‌തം നീട്ടുമ്പോഴോ ഇത്തരം സന്തോഷം അനുഭവവേദ്യമാകുന്നു.​—⁠2 കൊരിന്ത്യർ 9:7; 1 തിമൊഥെയൊസ്‌ 6:17-19.

വല്ലപ്പോഴും ഔദാര്യം കാണിക്കാനല്ല, മറിച്ച്‌ അതൊരു ശീലമാക്കാൻ യേശു തന്റെ അനുഗാമികളെ പ്രോത്സാഹിപ്പിച്ചു. “കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും.” (ലൂക്കൊസ്‌ 6:38) ദൈവരാജ്യ പ്രസംഗപ്രവർത്തനത്തെ പിന്തുണയ്‌ക്കുന്നതിനായി സംഭാവന നൽകുമ്പോഴും ഇതേ തത്ത്വമാണ്‌ ബാധകമാക്കേണ്ടത്‌. (സദൃശവാക്യങ്ങൾ 3:9) ഈ വിധത്തിൽ ഔദാര്യം കാണിക്കുന്നതിലൂടെ നമുക്ക്‌ യഹോവയുടെയും അവന്റെ പുത്രന്റെയും ‘സ്‌നേഹിതരായിരിക്കാൻ’ കഴിയും.​—⁠ലൂക്കൊസ്‌ 16:⁠9.

പണസ്‌നേഹം ഒഴിവാക്കുക

സ്വാർഥരായ ആളുകൾ സാധാരണഗതിയിൽ ആർക്കും ഒന്നും കൊടുക്കാറില്ല. ഇനി, അഥവാ കൊടുത്താൽത്തന്നെ അതിന്റെ പിന്നിൽ എന്തെങ്കിലും ദുരുദ്ദേശ്യം കാണും. മിക്കപ്പോഴും കൊടുക്കുന്നതിൽനിന്ന്‌ അവരെ പിന്തിരിപ്പിക്കുന്നത്‌ പണസ്‌നേഹമാണ്‌. അതു സമ്മാനിക്കുന്നതോ, പലപ്പോഴും അവരുടെ പ്രതീക്ഷയ്‌ക്കു വിരുദ്ധമായി അസന്തുഷ്ട ജീവിതവും. “ദ്രവ്യാഗ്രഹമാണ്‌ സർവ തിന്മകളുടെയും നിദാനം. ഈ ആർത്തി വഴി പലരും വിശ്വാസത്തിൽനിന്നു വ്യതിചലിച്ചുപോയി തങ്ങളുടെ ഹൃദയങ്ങളെ പലവിധ വേദനകൾകൊണ്ടു കുത്തിത്തുളയ്‌ക്കുന്നു” എന്ന്‌ 1 തിമൊഥെയൊസ്‌ 6:​10-ൽ (ഓശാന) നാം വായിക്കുന്നു. എന്തുകൊണ്ടാണ്‌ പണസ്‌നേഹം ഇത്രയധികം അസംതൃപ്‌തിക്കും മാനസിക വ്യഥകൾക്കും കാരണമാകുന്നത്‌?

അത്യാഗ്രഹിയുടെ പണത്തോടുള്ള ആർത്തി ഒരിക്കലും തീരുന്നില്ല എന്നതാണ്‌ ഒരു കാരണം. “ദ്രവ്യപ്രിയന്നു ദ്രവ്യം കിട്ടീട്ടും . . . തൃപ്‌തിവരുന്നില്ല” എന്ന്‌ സഭാപ്രസംഗി 5:10 പറയുന്നു. തന്മൂലം പണസ്‌നേഹികൾ തങ്ങളെത്തന്നെ “പലവിധ വേദനകൾകൊണ്ടു കുത്തിത്തുളയ്‌ക്കുന്നു.” കൂടാതെ അവരുടെ അത്യാഗ്രഹം മോശമായ വ്യക്തിബന്ധങ്ങൾ, അസന്തുഷ്ടമായ കുടുംബജീവിതം, വേണ്ടത്ര വിശ്രമമില്ലായ്‌മ എന്നിവയ്‌ക്കെല്ലാം വഴിവെക്കുന്നു. “വേലചെയ്യുന്ന മനുഷ്യൻ അല്‌പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാൻ സമ്മതിക്കുന്നില്ല.” (സഭാപ്രസംഗി 5:12) എല്ലാറ്റിലുമുപരി, ഒരു പണസ്‌നേഹി ദൈവത്തിന്റെ അപ്രീതിക്കു പാത്രമാകുകയും ചെയ്യുന്നു.​—⁠ഇയ്യോബ്‌ 31:24, 28.

മോഷണം, വേശ്യാവൃത്തി, കൊലപാതകം, വഞ്ചന, നുണ എന്നിങ്ങനെയുള്ള ചെയ്‌തികളിൽ ഏർപ്പെടുകയും ന്യായം മറിച്ചുകളയുകയും ചെയ്‌ത ആളുകളുടെ ഒരു നിരതന്നെ ബൈബിളിലും ലോകചരിത്രത്തിലും കാണാനാകും​—⁠എല്ലാം പണത്തിനുവേണ്ടിയായിരുന്നു. (യോശുവ 7:1, 20-26; മീഖാ 3:11; മർക്കൊസ്‌ 14:10, 11; യോഹന്നാൻ 12:6) യേശുവിന്റെ ഭൗമിക ശുശ്രൂഷക്കാലത്ത്‌ തന്നെ അനുഗമിക്കാൻ ‘ധനവാനായ’ ഒരു യുവപ്രമാണിയെ അവൻ ക്ഷണിച്ചു. എന്നാൽ തന്റെ സമ്പത്തെല്ലാം ഉപേക്ഷിക്കേണ്ടിവരുമല്ലോയെന്നു സങ്കടപ്പെട്ട്‌ അവൻ ആ ക്ഷണം നിരസിച്ചു. അപ്പോൾ, “സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം!” എന്ന്‌ യേശു പറഞ്ഞു.​—⁠ലൂക്കൊസ്‌ 18:23, 24.

നാം ജീവിക്കുന്ന ഈ ‘അന്ത്യകാലത്ത്‌’ ആളുകൾ പൊതുവേ ‘ദ്രവ്യാഗ്രഹികൾ’ ആയിരിക്കുന്നതിനാൽ ക്രിസ്‌ത്യാനികൾ വിശേഷാൽ ജാഗ്രതപാലിക്കണം. (2 തിമൊഥെയൊസ്‌ 3:1, 2) ആത്മീയാവശ്യങ്ങൾ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന സത്യക്രിസ്‌ത്യാനികൾ അത്യാഗ്രഹത്തിന്റെ ഈ ഒഴുക്കിനൊത്തു നീന്തുന്നില്ല. കാരണം, പണത്തെക്കാൾ ഉത്‌കൃഷ്ടമായ ഒരു സംഗതി അവരുടെ പക്കലുണ്ട്‌.

പണത്തെക്കാൾ ഉത്‌കൃഷ്ടമായത്‌

പണം സംരക്ഷണം നൽകുന്നു എന്നു പറഞ്ഞപ്പോൾത്തന്നെ “ജ്ഞാനവും പരിരക്ഷ നൽകുന്നു” എന്ന്‌ ശലോമോൻ രാജാവ്‌ പറയുകയുണ്ടായി. കാരണം അത്‌ “ജ്ഞാനിയുടെ ജീവൻ രക്ഷിക്കും.” (സഭാപ്രസംഗി 7:​12, പി.ഒ.സി. ബൈബിൾ) അവൻ എന്താണ്‌ ഇവിടെ അർഥമാക്കുന്നത്‌? തിരുവെഴുത്തുകളുടെ സൂക്ഷ്‌മപരിജ്ഞാനത്തിലും ദൈവത്തോടുള്ള ആരോഗ്യാവഹമായ ഭയത്തിലും അധിഷ്‌ഠിതമായ ജ്ഞാനത്തിലേക്കാണ്‌ അവൻ വിരൽചൂണ്ടുന്നത്‌. പണത്തെക്കാൾ ഉത്‌കൃഷ്ടമായ ഈ ജ്ഞാനം ഒരു വ്യക്തിയെ അനവധി പ്രശ്‌നങ്ങളിൽനിന്നും എന്തിന്‌ അകാല മരണത്തിൽനിന്നുപോലും സംരക്ഷിക്കുന്നു. കൂടാതെ യഥാർഥ ജ്ഞാനം ഒരു കിരീടംപോലെയാണ്‌, അത്‌ ഒരുവന്‌ പേരും പെരുമയും നേടിക്കൊടുക്കുന്നു. (സദൃശവാക്യങ്ങൾ 2:10-22; 4:5-9) ദൈവാംഗീകാരം നേടാൻ സഹായിക്കുന്നതിനാൽ അതിനെ “ജീവ വൃക്ഷം” എന്നും വിളിച്ചിരിക്കുന്നു.​—⁠സദൃശവാക്യങ്ങൾ 3:⁠18.

ഇത്തരം ജ്ഞാനത്തിനായുള്ള ആത്മാർഥമായ ആഗ്രഹവും അത്‌ അന്വേഷിക്കാനുള്ള മനസ്സൊരുക്കവും ഉള്ളവർ അത്‌ എളുപ്പം കണ്ടെത്തും. “മകനേ, . . . നീ ബോധത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയർത്തുന്നു എങ്കിൽ, അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ, നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും. യഹോവയല്ലോ ജ്ഞാനം നല്‌കുന്നതു; അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു.”​—⁠സദൃശവാക്യങ്ങൾ 2:1-6.

പണത്തെക്കാൾ മൂല്യം ജ്ഞാനത്തിനു കൽപ്പിക്കുന്നതുകൊണ്ട്‌ സത്യക്രിസ്‌ത്യാനികൾ സമാധാനവും സന്തോഷവും സുരക്ഷിതത്വവും ഒരളവോളം ആസ്വദിക്കുന്നു. പണസ്‌നേഹികൾക്കാകട്ടെ ഇതൊക്കെ അന്യമാണ്‌. എബ്രായർ 13:5 നമുക്ക്‌ ഈ ഉറപ്പു നൽകുന്നു: ‘നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുവിൻ; “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു ദൈവംതന്നേ അരുളിച്ചെയ്‌തിരിക്കുന്നുവല്ലോ.’ ഈ സുരക്ഷിതത്വം നൽകാൻ പണത്തിന്‌ ഒരിക്കലുമാകില്ല.

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

▪ പണം ഒരു സംരക്ഷണമാകുന്നത്‌ എങ്ങനെ?​—⁠സഭാപ്രസംഗി 7:⁠12.

▪ ദൈവികജ്ഞാനം പണത്തെക്കാൾ ഉത്‌കൃഷ്ടമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?​—⁠സദൃശവാക്യങ്ങൾ 2:10-22; 3:13-18.

▪ നാം എന്തുകൊണ്ട്‌ പണസ്‌നേഹം ഒഴിവാക്കണം?​—⁠മർക്കൊസ്‌ 10:23, 25; ലൂക്കൊസ്‌ 18:23, 24; 1 തിമൊഥെയൊസ്‌ 6:9, 10.