മുംബൈ ഭീകരാക്രമണത്തെ അവർ അതിജീവിച്ചു
മുംബൈ ഭീകരാക്രമണത്തെ അവർ അതിജീവിച്ചു
ഇന്ത്യയിലെ ഉണരുക! ലേഖകൻ
ജനസംഖ്യ അനുനിമിഷം പെരുകിക്കൊണ്ടിരിക്കുന്ന മുംബൈ നഗരത്തിൽ 18 ദശലക്ഷത്തിലധികം ആളുകളാണു പാർക്കുന്നത്. ഇവരിൽ അറുപതുലക്ഷംമുതൽ എഴുപതുലക്ഷംവരെ ആളുകൾ ദിവസവും ജോലിസ്ഥലത്തേക്കും സ്‌കൂൾ, കോളേജ്, ഷോപ്പിങ് സ്ഥലങ്ങൾ, പ്രകൃതിരമണീയമായ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കും യാത്രചെയ്യാൻ കൂടെക്കൂടെയുള്ള ഈ അതിവേഗ ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്. മുംബൈ നഗരത്തെ അതിന്റെ പ്രാന്തപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നത് ഈ സബർബൻ ട്രെയിനുകളാണ്. 1,710 പേർക്കു സഞ്ചരിക്കാവുന്ന, ഒമ്പതു കോച്ചുകളുള്ള ഈ ട്രെയിനുകളിൽ ഓരോന്നിലും തിരക്കുള്ള സമയങ്ങളിൽ 5,000-ത്തോളം പേരാണു യാത്രചെയ്യുന്നത്. ഒരു ജനസാഗരംതന്നെ! ഭീകരർ മുംബൈയിലെ ട്രെയിനുകളെ ലക്ഷ്യമിട്ടതും തിരക്കേറിയ അത്തരമൊരു സമയത്തായിരുന്നു. 2006 ജൂലൈ 11-ന് ആയിരുന്നു ആ സംഭവം നടന്നത്. 200-ലധികം പേരുടെ ജീവനെടുക്കുകയും 800-ലധികം പേർക്കു പരിക്കേൽപ്പിക്കുകയും ചെയ്‌തുകൊണ്ട് വെറും 15 മിനിറ്റിനുള്ളിൽ ഏഴു ബോംബുകൾ വെസ്റ്റേൺ റെയിൽവേയിലെ വിവിധ ട്രെയിനുകളിലായി പൊട്ടിത്തെറിച്ചു.
മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമായി യഹോവയുടെ സാക്ഷികളുടെ 22 സഭകളാണുള്ളത്. ഈ സാക്ഷികളിൽ അനേകരും ഈ ട്രെയിനുകളിലെ പതിവു യാത്രക്കാരാണ്. ആക്രമണത്തിനിരയായ ട്രെയിനുകളിലുമുണ്ടായിരുന്നു അവരിൽ പലരും. ചിലർക്കെല്ലാം പരിക്കുപറ്റിയെങ്കിലും ആർക്കും ജീവഹാനി സംഭവിച്ചില്ലെന്നത് ആശ്വാസപ്രദമാണ്. അനീറ്റ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു. ഫസ്റ്റ് ക്ലാസ്സ് കമ്പാർട്ട്‌മെന്റിൽ കയറിയ അവർ ട്രെയിനിൽ വലിയ തിരക്കായിരുന്നതിനാൽ ഇറങ്ങാനുള്ള എളുപ്പത്തിനു വാതിലിനരികിൽ നിൽക്കുകയായിരുന്നു. ട്രെയിൻ ഓടിക്കൊണ്ടിരിക്കേ പൊടുന്നനെ ഒരു സ്‌ഫോടനം! അവർ നിന്ന കമ്പാർട്ട്‌മെന്റാകെ കറുത്ത പുക നിറഞ്ഞു. പുറത്തേക്കു തലയിട്ടു നോക്കിയപ്പോൾ തൊട്ടടുത്ത കമ്പാർട്ട്‌മെന്റിന്റെ വശം അടർന്ന് 45 ഡിഗ്രി ചെരുവിൽ തൂങ്ങിക്കിടക്കുന്നതാണു കണ്ടത്. ശരീരങ്ങളും ശരീരഭാഗങ്ങളും പാളത്തിലേക്കു തെറിച്ചു വീഴുന്നതു കണ്ട അനീറ്റ മരവിച്ചുപോയി. നിമിഷങ്ങൾ ഒരു യുഗംപോലെ ഇഴഞ്ഞുനീങ്ങുന്നതായി അവർക്കു തോന്നി. ഒടുവിൽ ട്രെയിൻ നിന്നപ്പോൾ മറ്റു യാത്രക്കാരോടൊപ്പം പാളത്തിലേക്കു ചാടിയിറങ്ങിയ അവർ ദൂരേക്ക് ഓടിമാറി. അനീറ്റ തന്റെ സെൽഫോണിൽ ഭർത്താവ് ജോണിനെ വിളിച്ചു. ഏതായാലും അവർക്കു തമ്മിൽ സംസാരിക്കാനായി.
പരിഭ്രാന്തരായവരുടെ ഫോൺവിളികൾകൊണ്ട് മിനിറ്റുകൾക്കുള്ളിൽ നഗരത്തിലെ ഫോൺ സംവിധാനം അപ്പാടെ സ്‌തംഭിച്ചു. ഭർത്താവിനോടു സംസാരിക്കുന്നതുവരെ ഒരുവിധം പിടിച്ചുനിന്നെങ്കിലും ഒടുവിൽ അവർ പൊട്ടിക്കരഞ്ഞുപോയി. സംഭവിച്ചത് എന്താണെന്നു ധരിപ്പിച്ചശേഷം, തന്നെ കൂട്ടിക്കൊണ്ടുപോകാനായി വരണമെന്ന് അദ്ദേഹത്തോടു പറഞ്ഞു. ഇതിനിടെ, പരിശോധകർക്കു പ്രയോജനപ്പെട്ടേക്കുമായിരുന്ന പല തെളിവുകളും തുടച്ചുനീക്കിക്കൊണ്ട് മഴയും വന്നെത്തി.യഹോവയുടെ സാക്ഷികളിലൊരുവനായ ക്ലോഡിയസ് ഓഫീസിൽനിന്ന് അന്നു പതിവിലും നേരത്തെ ഇറങ്ങി. വെസ്റ്റേൺ റെയിൽവേയുടെ നഗരാതിർത്തിയായ ചർച്ച്‌ഗേറ്റ് സ്റ്റേഷനിൽനിന്ന് വൈകുന്നേരം 5:18-നുള്ള ട്രെയിനിലെ ഫസ്റ്റ് ക്ലാസ്സ് കമ്പാർട്ട്‌മെന്റിൽ അദ്ദേഹം കയറി. ഭയന്ദർ സ്റ്റേഷനിലേക്കുള്ള ഒരു മണിക്കൂർ നീണ്ട യാത്രയ്‌ക്കായി സീറ്റ് അന്വേഷിക്കുന്നതിനിടയിലാണ് അദ്ദേഹം അടുത്ത സഭയിലുള്ള ജോസഫിനെ കണ്ടത്. വർത്തമാനം പറഞ്ഞിരുന്നു സമയം കടന്നുപോയത് അറിഞ്ഞില്ല. പകലത്തെ ജോലിഭാരം മൂലം കുറച്ചുകഴിഞ്ഞപ്പോൾ ജോസഫ് ഒന്നു മയങ്ങി. ട്രെയിനിൽ നല്ല തിരക്കായിരുന്നതിനാൽ ഇറങ്ങേണ്ടതിനു മുമ്പുള്ള സ്റ്റേഷനായപ്പോഴേ ക്ലോഡിയസ് സീറ്റിൽനിന്ന് എഴുന്നേറ്റു വാതിലിനടുത്തേക്കു നീങ്ങി. ക്ലോഡിയസ് അങ്ങനെ അവിടെ നിൽക്കുമ്പോൾ ഉറക്കമുണർന്ന ജോസഫ് അദ്ദേഹത്തോടു യാത്രപറയാൻ സീറ്റിനു പിറകിലേക്കു തിരിഞ്ഞുനോക്കി. ഇതേസമയം, ജോസഫിനോടു സംസാരിക്കാനായി ക്ലോഡിയസ് സീറ്റിന്റെ കമ്പിയിൽ പിടിച്ചുകൊണ്ട് മുന്നോട്ടാഞ്ഞു. അതായിരിക്കാം ക്ലോഡിയസിന്റെ ജീവൻ രക്ഷിച്ചത്. പെട്ടെന്ന് കാതടപ്പിക്കുന്ന ഒരു ശബ്ദം. വല്ലാതെ ആടിയുലഞ്ഞ കമ്പാർട്ട്‌മെന്റ് പുകകൊണ്ടു മൂടി. സർവത്ര ഇരുട്ട്. സീറ്റുകൾക്കിടയിലേക്കു തെറിച്ചുവീണ ക്ലോഡിയസിനു കേൾവിശക്തി നഷ്ടപ്പെട്ടതായി തോന്നി, കാതിൽ എന്തോ ഒരു മുഴക്കം മാത്രം. അദ്ദേഹം നിന്നിരുന്ന ഭാഗത്ത് വലിയൊരു ദ്വാരം രൂപപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ അടുത്തു നിന്നിരുന്ന ചിലർ പാളത്തിലേക്കു തെറിച്ചുവീണു. മറ്റുചിലരുടെ ശരീരം തറയിൽ ചേതനയറ്റു കിടന്നു. എന്നാൽ ക്ലോഡിയസാകട്ടെ, ആ കറുത്ത ചൊവ്വാഴ്‌ച റെയിൽവേയെ പിടിച്ചുലച്ച ഏഴ് സ്‌ഫോടനങ്ങളിൽ അഞ്ചാമത്തേതിനെ അതിജീവിച്ചിരുന്നു.
ക്ലോഡിയസിനെ ആശുപത്രിയിലേക്കു മാറ്റി. അദ്ദേഹത്തിന്റെ വസ്‌ത്രം മുഴുവനും രക്തം പുരണ്ടിരുന്നു. പക്ഷേ ദുരന്തത്തിൽപ്പെട്ട മറ്റു യാത്രക്കാരുടെ രക്തമായിരുന്നു അതിലേറെയും. കർണപടത്തിനു ക്ഷതംപറ്റിയതും ഒരു കൈക്കു പൊള്ളലേറ്റതും തലമുടി കരിഞ്ഞതും പോലുള്ള നിസ്സാര പരിക്കുകളേ അദ്ദേഹത്തിനു സംഭവിച്ചുള്ളൂ. ആശുപത്രിയിൽവെച്ച് അദ്ദേഹം ജോസഫിനെയും ഭാര്യ ആൻജലയെയും കണ്ടുമുട്ടി. തൊട്ടടുത്ത ലേഡീസ് കമ്പാർട്ട്‌മെന്റിൽ ഉണ്ടായിരുന്ന ആൻജലയ്‌ക്ക് പരിക്കൊന്നും ഇല്ലായിരുന്നു. ജോസഫിന്റെ വലതു കണ്ണിനു ചതവു പറ്റിയിരുന്നു, കേൾവിശക്തിയും നഷ്ടപ്പെട്ടിരുന്നു. മരണത്തെ മുഖാമുഖം കണ്ട ഈ മൂന്നു സാക്ഷികളും രക്ഷപ്പെട്ടതിനു യഹോവയ്‌ക്കു നന്ദി കരേറ്റി. ‘നൊടിനേരത്തിൽ ജീവൻ കൈവിട്ടുപോയേക്കാവുന്ന ഈ വ്യവസ്ഥിതിയിൽ പണത്തിനും ഭൗതിക നേട്ടങ്ങൾക്കും പിന്നാലെ പരക്കംപായുന്നത് എത്രയോ നിരർഥകമാണ്!’ എന്നായിരുന്നു സമനില വീണ്ടെടുത്തപ്പോൾ താൻ ആദ്യം ചിന്തിച്ചതെന്ന് ക്ലോഡിയസ് പറഞ്ഞു. യഹോവയാം ദൈവവുമായുള്ള ബന്ധത്തിനു തന്റെ ജീവിതത്തിൽ പരമപ്രധാന സ്ഥാനം ഉണ്ടായിരിക്കുന്നതിൽ അദ്ദേഹത്തിന് എത്ര സന്തോഷം തോന്നിയെന്നോ!
കനത്ത വെള്ളപ്പൊക്കം, കലാപങ്ങൾ, സ്‌ഫോടന പരമ്പരകൾ എന്നിങ്ങനെ പല ദുരന്തങ്ങൾ ഒരു ചുരുങ്ങിയ കാലത്തിനിടയിൽ മുംബൈ നഗരം ഏറ്റുവാങ്ങി. എന്നിരുന്നാലും 1,700-ലധികം വരുന്ന അവിടത്തെ സാക്ഷികൾ തീക്ഷ്‌ണതയുള്ളവരാണ്. എല്ലാത്തരം അക്രമവും കഴിഞ്ഞകാല സംഗതിയായി മാറുന്ന ഒരു പുതിയ ലോകത്തെക്കുറിച്ചുള്ള അത്ഭുതകരമായ പ്രത്യാശ അവർ തങ്ങളുടെ അയൽക്കാരുമായി പതിവായി പങ്കുവെക്കുന്നു.—വെളിപ്പാടു 21:1-5.
[23-ാം പേജിലെ ആകർഷക വാക്യം]
അദ്ദേഹം നിന്നിരുന്ന ഭാഗത്ത് വലിയൊരു ദ്വാരം രൂപപ്പെട്ടിരുന്നു
[23-ാം പേജിലെ ചിത്രം]
അനീറ്റ
[23-ാം പേജിലെ ചിത്രം]
ക്ലോഡിയസ്
[23-ാം പേജിലെ ചിത്രം]
ജോസഫും ആൻജലയും
[22-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Sebastian D’Souza/AFP/Getty Images