റ്റെലീഡോ മധ്യകാല സംസ്‌കാരങ്ങൾ സംഗമിക്കുന്നിടം
റ്റെലീഡോ മധ്യകാല സംസ്‌കാരങ്ങൾ സംഗമിക്കുന്നിടം
സ്‌പെയിനിലെ ഉണരുക! ലേഖകൻ
ഐബീരിയൻ ഉപദ്വീപിന്റെ മധ്യത്തിൽ മൂന്നുവശങ്ങളും ടാഗസ് നദിയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു കുന്നുണ്ട്. നൂറ്റാണ്ടുകളിലൂടെ നദി കടഞ്ഞെടുത്ത ചെങ്കുത്തായ പാറകളാണ് ഈ ഗ്രാനൈറ്റ് മലയുടെ പാർശ്വങ്ങളെ സംരക്ഷിക്കുന്നത്. തന്ത്രപ്രധാനമായ ഈ ശിലാശിഖരത്തിൽ തലയുയർത്തിനിൽക്കുന്നു സ്‌പെയിനുമായും അതിന്റെ സംസ്‌കാരവുമായും ഇഴചേർന്നു കിടക്കുന്ന റ്റെലീഡോ നഗരം.
ഇടുങ്ങിയ, വളഞ്ഞുപുളഞ്ഞ, ചരിത്രപ്രാധാന്യമുള്ള റ്റെലീഡോയിലെ വീഥികൾ ഇന്ന് അവിടെയെത്തുന്ന സന്ദർശകരെ മധ്യകാലഘട്ടത്തിലേക്കു കൈപിടിച്ചു കൊണ്ടുപോകുന്നു. ആ കാലത്തിന്റെ ഗന്ധംപേറുന്ന നഗരകവാടങ്ങൾ, മണിമന്ദിരങ്ങൾ, പാലങ്ങൾ എന്നിവയെല്ലാം യൂറോപ്പിലെ സുപ്രധാന നഗരങ്ങളിലൊന്നായിരുന്നപ്പോഴത്തെ റ്റെലീഡോയുടെ പ്രതാപത്തിന്റെ മൂകസാക്ഷ്യങ്ങളായി നിലകൊള്ളുന്നു.
എങ്കിലും തനി യൂറോപ്യൻ മാതൃകയിലുള്ള ഒരു നഗരമല്ല റ്റെലീഡോ. റെയിൽവേ സ്റ്റേഷനുപോലുമുണ്ട് പൗരസ്‌ത്യൻ ചുവ. ഇവിടത്തെ ചരിത്രസ്‌മാരകങ്ങളും കരകൗശലവസ്‌തുക്കളും ഒന്നടുത്തു നിരീക്ഷിച്ചാൽ നൂറ്റാണ്ടുകളിലുടനീളം ഇവിടെ അരങ്ങുവാണ വിഭിന്നങ്ങളായ സംസ്‌കാരങ്ങളുടെ നിർമാണ വൈദഗ്‌ധ്യങ്ങൾ ഒപ്പിയെടുത്ത നഗരമാണ് റ്റെലീഡോ എന്നു വ്യക്തമാകും. ഏതാണ്ട് 700 വർഷം മുമ്പത്തെ റ്റെലീഡോയുടെ സുവർണകാലത്ത് ഈ നഗരം ശരിക്കും മധ്യയുഗ സംസ്‌കാരങ്ങളുടെ സംഗമസ്ഥാനമായി മാറി.
നാനാ സംസ്‌കാരങ്ങൾ
റോമാക്കാർ സ്‌പെയിനിൽ കാലുകുത്തുന്നതിനുമുമ്പേ കെൽറ്റിക്കുകാരും ഐബീരിയക്കാരും തന്ത്രപ്രധാനമായ ഈ പ്രദേശത്ത് ഒരു പട്ടണം പടുത്തുയർത്തിയിരുന്നു.
റോമാക്കാർ ഈ നഗരത്തെ റ്റൊലാറ്റൂം (“ഉയർന്നു നിൽക്കുന്ന” എന്നർഥമുള്ള റ്റൊലീറ്റൂം എന്നതിൽനിന്ന്) എന്നു പുനർനാമകരണം ചെയ്‌ത് അവരുടെ പ്രവിശ്യകളിലൊന്നിന്റെ തലസ്ഥാനമാക്കിമാറ്റി. റോമൻ ചരിത്രകാരനായ ലിവി അതിനെ “പ്രകൃത്യാതന്നെ സംരക്ഷിതമായ ഒരു കൊച്ചു നഗരം” എന്നാണു വിശേഷിപ്പിച്ചത്. റോമാ സാമ്രാജ്യത്തിന്റെ വീഴ്‌ചയെത്തുടർന്ന് വിസ്‌ഗോഥുകൾ സ്‌പെയിൻ പിടിച്ചടക്കിയപ്പോൾ അവർ അതിനെ തങ്ങളുടെ തലസ്ഥാനമായി തിരഞ്ഞെടുത്തു. ഇവിടെവെച്ചാണ് റാക്കാറെഡ് രാജാവ് ആരിയൂസ് വാദത്തെ തള്ളിക്കളഞ്ഞത്, ആറാം നൂറ്റാണ്ടിൽ. സ്‌പെയിൻ പരമ്പരാഗത കത്തോലിക്കാ മതത്തിന്റെ കേന്ദ്രമായിത്തീരുന്നതിനും റ്റെലീഡോ മുഖ്യ ആർച്ചുബിഷപ്പിന്റെ ആസ്ഥാനമായിത്തീരുന്നതിനും ഇതു കാരണമായി.റ്റെലീഡോ, മുസ്ലീം ഭരണപ്രദേശത്തിന്റെ ഭാഗമായതോടെ അവിടത്തെ മതാന്തരീക്ഷത്തിനു മാറ്റംവന്നു. പ്രാചീന നഗരത്തിലെ ഇടുങ്ങിയ തെരുവുകൾ എട്ടാം നൂറ്റാണ്ടുമുതൽ പതിനൊന്നാം നൂറ്റാണ്ടുവരെ നീണ്ടുനിന്ന ഈ കാലഘട്ടത്തിലേതാണ്. മുസ്ലീങ്ങളുടെ മതസഹിഷ്‌ണുതാനയം റ്റെലീഡോയിൽ ക്രിസ്‌തീയ-യഹൂദ-മൂറിഷ് സംസ്‌കാരങ്ങളുടെ സഹവർത്തിത്വം സാധ്യമാക്കിത്തീർത്തു. ഒടുവിൽ 1085-ൽ അൽഫോൺസോ ആറാമൻ (കത്തോലിക്കാ രാജാവ്) നഗരം പിടിച്ചടക്കി. ഭരണമാറ്റം നടന്നെങ്കിലും നൂറ്റാണ്ടുകളോളം ഈ സംസ്‌കാരങ്ങൾ ഇഴചേർന്നുതന്നെ കിടന്നു.
റ്റെലീഡോയുടെ ഏറ്റവും ശ്രദ്ധേയമായ ചരിത്രസ്‌മാരകങ്ങളിൽ പലതിനും മധ്യകാലഘട്ടത്തോളം പഴക്കമുണ്ട്. കത്തോലിക്കാ ഭരണകർത്താക്കൾ നഗരത്തെ തങ്ങളുടെ തലസ്ഥാനമാക്കി മാറ്റി, യഹൂദ പൗരന്മാർ വാണിജ്യ-കരകൗശല മേഖലകളിൽ തങ്ങളുടെ വൈദഗ്‌ധ്യം ഉപയോഗപ്പെടുത്തി, മുസ്ലീം ശിൽപ്പികളാകട്ടെ വാസ്‌തുവിദ്യയിലും. വിവർത്തകരുടെ ഗണത്തിൽ ഈ മൂന്നു മതങ്ങളിലെയും പണ്ഡിതന്മാർ ഉണ്ടായിരുന്നു. 12-ഉം 13-ഉം നൂറ്റാണ്ടുകളിൽ അവർ അനേകം പ്രാചീനകൃതികൾ ലത്തീനിലേക്കും സ്‌പാനീഷിലേക്കും വിവർത്തനം ചെയ്യുകയുണ്ടായി. അതുപോലെതന്നെ അറബി സംസ്‌കാരത്തിനു സ്വന്തമായുണ്ടായിരുന്ന ശാസ്‌ത്ര വിജ്ഞാനശേഖരം പാശ്ചാത്യർക്കു ലഭ്യമാക്കിയതും ഈ വിവർത്തകരാണ്.
14-ാം നൂറ്റാണ്ടിലെ ആസൂത്രിത കൂട്ടക്കൊലയിൽ ആയിരക്കണക്കിനു യഹൂദന്മാർ മരണമടഞ്ഞതോടെ അവിടത്തെ മതസഹിഷ്‌ണുതയ്‌ക്കു വിരാമമായി. കൊളംബസ് അമേരിക്ക കണ്ടുപിടിച്ച സമയമായപ്പോഴേക്കും സ്‌പാനീഷ് മതവിചാരണസഭ റ്റെലീഡോയിൽ ഒരു കോടതി സ്ഥാപിച്ചിരുന്നു; യഹൂദരുടെയും മുസ്ലീങ്ങളുടെയും മുമ്പാകെ രണ്ടു തിരഞ്ഞെടുപ്പുകളാണ് ഉണ്ടായിരുന്നത്—ഒന്നുകിൽ മതപരിവർത്തനം നടത്തുക, അല്ലെങ്കിൽ നാടുവിടുക.
ഗതകാല പ്രതാപത്തിന്റെ സ്‌മാരകങ്ങൾ
ഇന്ന് ഈ നഗരമധ്യത്തിൽ നൂറിലധികം സ്‌മാരകങ്ങളുണ്ട്. ഈ ചരിത്ര സമ്പത്താണ് റ്റെലീഡോയെ ഒരു ലോകപൈതൃക നഗരമായി പ്രഖ്യാപിക്കാൻ ഐക്യരാഷ്‌ട്ര വിദ്യാഭ്യാസ-ശാസ്‌ത്രീയ-സാംസ്‌കാരിക സംഘടനയെ പ്രേരിപ്പിച്ചത്. മധ്യകാലഘട്ടത്തിലെ അത്യാകർഷകങ്ങളായ നിർമിതികളാണ് ടാഗസ് നദിക്കു കുറുകെയുള്ള രണ്ടു പാലങ്ങൾ. അവയിലൊന്ന് കിഴക്കുനിന്നും മറ്റൊന്നു പടിഞ്ഞാറുനിന്നും നഗരത്തിലേക്ക് പ്രവേശനം സാധ്യമാക്കുന്നു. കൂടാതെ, പ്വെർട്ടാ ന്വേവാ ഡി ബീസാഗ്രാ എന്ന കൂറ്റൻ കവാടം ഏതൊരു സന്ദർശകന്റെയും ശ്രദ്ധയാകർഷിക്കും. ഈ കവാടമാണ് മതിലുകളോടുകൂടിയ പുരാതന നഗരത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നത്.
അൽപ്പം ദൂരെനിന്നു നോക്കിയാൽ രണ്ടു സ്‌മാരകങ്ങൾ റ്റെലീഡോയുടെ മാനംമുട്ടെ അങ്ങനെ നിൽക്കുന്നതു കാണാം. ചതുരാകൃതിയിലുള്ള ബൃഹത്തായ അൽക്കാസെർ എന്ന കോട്ട കിഴക്കു വശത്തായി നിലയുറപ്പിച്ചിരിക്കുന്നു. കാലത്തിന്റെ നീരൊഴുക്കിൽ ഇത് ഒരു റോമൻ പ്രീട്ടോറിയമായും (ഗവർണറുടെ വസതി) വിസ്‌ഗോഥു രാജവംശത്തിന്റെ കൊട്ടാരമായും അറബിക്കാരുടെ കോട്ടയായും സ്‌പാനീഷ് രാജാക്കന്മാരുടെ വസതിയായും ഒക്കെ വർത്തിച്ചിട്ടുണ്ട്. ഇന്നിത് സൈനിക മ്യൂസിയവും ബൃഹത്തായ ഒരു ലൈബ്രറിയുമാണ്. എന്നാൽ റ്റെലീഡോ മുഖ്യമായും മതപരമായ ഒരു നഗരമായതിനാൽ ഗോഥിക് മാതൃകയിലുള്ള ഒരു പടുകൂറ്റൻ കത്തീഡ്രൽ നഗരമധ്യത്തിൽ തലയുയർത്തി നിൽക്കുന്നതു കാണാം.—17-ാം പേജിലെ ചതുരം കാണുക.
റ്റെലീഡോയിലെ ഈ കത്തീഡ്രലും മറ്റു പള്ളികളും അവിടെ താമസമുറപ്പിച്ചിരുന്ന പ്രശസ്‌തനായ ഒരു കലാകാരന്റെ ചിത്രപ്പണിയുടെ മാഹാത്മ്യത്തെ വിളിച്ചോതുന്നവയാണ്. അദ്ദേഹം “ഗ്രീക്കുകാരൻ” എന്നർഥമുള്ള എൽ ഗ്രാക്കോ എന്നാണ് അറിയപ്പെടുന്നത്; മുഴുവൻ പേര് ഡോമാനീക്കോസ് റ്റാവോറ്റോക്കോപൂലോസ് എന്നായിരുന്നു. പുരാതന യഹൂദന്മാരുടെ ക്വോട്ടറിൽ അദ്ദേഹം താമസിച്ചിരുന്ന പ്രദേശത്ത് ഇപ്പോൾ ഒരു മ്യൂസിയമുണ്ട്; ഇതിൽ അദ്ദേഹത്തിന്റെ ധാരാളം പെയിന്റിങ്ങുകൾ കാണാം.
റ്റെലീഡോയുടെ തെക്കുഭാഗത്തെ മലനിരകളിൽനിന്നുള്ള വിഹഗവീക്ഷണം ലഭിക്കുമ്പോഴാണ് ഒരുപക്ഷേ ആ നഗരം അത്യാകർഷകമായി തോന്നുന്നത്. എന്നിരുന്നാലും റ്റെലീഡോയുടെ മനോഹരത്വം നുകരുന്നതിനുള്ള ഏറ്റവും നല്ല മാർഗം അതിന്റെ ഇടുങ്ങിയ തെരുവുകളിലൂടെ ചുറ്റിത്തിരിയുന്നതാണ്. സന്ദർശകർക്ക് ഇടയ്‌ക്കൊക്കെ വഴിതെറ്റിയേക്കാം, എങ്കിലും പ്രാചീന രൂപമാതൃകയിലുള്ള മനോഹരങ്ങളായ നടപ്പാതകൾ, പുരാതന മന്ദിരങ്ങൾ, മോടിപിടിപ്പിച്ച ബാൽക്കണികൾ, മനംമയക്കുന്ന സ്‌മരണികകൾ വിൽക്കുന്ന കടകൾ എന്നിവ അവരുടെ ശ്രദ്ധ ആകർഷിക്കും.
ഈ പുരാതന നഗരം കാലാതീതമാണെങ്കിലും ഒരു സന്ദർശകൻ ഒടുവിൽ അതിനോട് വിടപറയേണ്ടി വരും. അതിനുള്ള ഏറ്റവും അനുയോജ്യമായ സ്ഥലം ടാഗസ് നദിയുടെ തെക്കേ തീരമാണ്. പകൽ തീരാറാകുന്നതോടെ അസ്‌തമയ സൂര്യൻ നഗരത്തിൽ ചെഞ്ചായം പൂശുന്നു. അവിടത്തെ ഗംഭീര സ്‌മാരകങ്ങളിൽ പതിക്കുന്ന ആ തങ്കരശ്‌മികൾ റ്റെലീഡോയുടെ സുവർണയുഗത്തെ പ്രതിഫലിപ്പിക്കുകയാണെന്നു തോന്നിപ്പോകും.
[17-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
റ്റെലീഡോയിലെ മൂന്നു സംസ്‌കാരങ്ങൾ
മധ്യയുഗത്തിൽ റ്റെലീഡോയെ മൂന്നു മേഖലകളായി തിരിച്ചിരുന്നു. അവിടെ കത്തോലിക്കരും മുസ്ലീങ്ങളും യഹൂദന്മാരും തങ്ങളുടെ ആചാരാനുഷ്‌ഠാനങ്ങൾ പിൻപറ്റി കഴിഞ്ഞിരുന്നു. അവരുടെ ചില പുരാതന ആരാധനാലയങ്ങൾ ഇപ്പോൾ ജനപ്രീതിയാർജിച്ച വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.
➤ ഇപ്പോൾ ക്രിസ്റ്റാ ഡി ലാ ലൂസ് എന്നറിയപ്പെടുന്ന പത്താം നൂറ്റാണ്ടിലെ ഒരു മോസ്‌ക് മുസ്ലീം വാസ്‌തുവിദ്യക്കാരുടെ തനതായ ഇഷ്ടികപ്പണിയുടെ വൈഭവത്തെ ചിത്രീകരിക്കുന്നു. ധനാഢ്യരായ മുസ്ലീങ്ങൾ താമസിച്ചിരുന്ന നഗരത്തിലെ മെദീന ഭാഗത്താണ് ഇതു സ്ഥിതിചെയ്യുന്നത്.
➤ പിൽക്കാലത്ത് കത്തോലിക്കാ പള്ളികളാക്കി മാറ്റിയ രണ്ടു മധ്യയുഗ സിനഗോഗുകൾ ഇന്നും ഇവിടെ കാണാം; ഒരുകാലത്ത് നഗര ജനസംഖ്യയുടെ മൂന്നിലൊന്ന് വരുമായിരുന്ന യഹൂദ സമൂഹത്തിന്റെ സാക്ഷ്യപത്രങ്ങൾതന്നെ. സാൻറ്റാ മാരീയാ ലാ ബ്ലാങ്കായാണ് ഇതിൽ ഏറ്റവും പഴക്കമുള്ളത്. മുകളിൽ കാണിച്ചിരിക്കുന്ന മോസ്‌കിനെപ്പോലെ ഇതിന്റെ അകത്തും അലംകൃതമായ നിരവധി തൂണുകളുണ്ട്. വിസ്‌താരമേറിയ എൽ ട്രാൻസീറ്റോ സിനഗോഗ് (വലത്ത്) യഹൂദ സംസ്‌കാരത്തിന്റെ സെഫോർദീ മ്യൂസിയമാണിന്ന്.
➤ 13-ാം നൂറ്റാണ്ടിൽ നിർമാണം ആരംഭിച്ച ഗോഥിക് മാതൃകയിലുള്ള സ്‌പെയിനിലെ ഏറ്റവും വലിയ കത്തീഡ്രൽ; പണി പൂർത്തിയാകാൻ 200-ലധികം വർഷമെടുത്തു.
[18-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
വിശേഷപ്പെട്ട വാളും മധുരമൂറും മാർസിപാനും
രണ്ടായിരത്തിലേറെ വർഷം നഗരത്തിലെ കൊല്ലപ്പണിക്കാർ വാളുകൾ നിർമിച്ചിരുന്നു; അങ്ങനെ ഗുണമേന്മയുള്ള ഉരുക്കിന്റെ പര്യായമായി മാറി റ്റെലീഡോ എന്ന പേര്. ഹാനിബാളിന്റെ സേനയും റോമൻ സൈന്യവും ടാഗസ് നദിക്കരയിലെ ആലകളിൽ നിർമിക്കപ്പെട്ട ഈ വാളുകൾ ഉപയോഗിച്ചിരുന്നു. നൂറ്റാണ്ടുകൾക്കു ശേഷം മുസ്ലീം തട്ടാന്മാർ ഡമാസീൻ ചിത്രപ്പണികളോടുകൂടിയ റ്റെലീഡിയൻ വാളുകളും പടച്ചട്ടകളും പുറത്തിറക്കുകയുണ്ടായി. അത്തരത്തിലുള്ള ഒരു റ്റെലീഡിയൻ വാളിന്റെ മാതൃകയാണ് ഇടതുവശത്തു കൊടുത്തിരിക്കുന്നത്. (2005 ജനുവരി 22 ലക്കം ഉണരുക!യിലെ [ഇംഗ്ലീഷ്] “ഉരുക്കിൽത്തീർത്ത സ്വർണപ്രപഞ്ചം” എന്ന ലേഖനം കാണുക.) നഗരത്തിലെ സ്‌മരണികകൾ വിൽക്കുന്ന മിക്ക കടകളിലും ഇന്ന് വാളുകളുടെയും പടച്ചട്ടകളുടെയും നല്ലൊരു ശേഖരമുണ്ട്. സ്‌മരണികകൾ വിൽക്കുന്നവരുടെ പക്കലും ഒരുപക്ഷേ സിനിമയിലുമല്ലാതെ യുദ്ധക്കളത്തിൽ ഇത്തരം വാളുകൾ കാണില്ല.
റ്റെലീഡോയുടെ മറ്റൊരു സവിശേഷതയാണ് മാർസിപാൻ (ബദാംപരിപ്പ്, പഞ്ചസാര, മുട്ടയുടെ വെള്ള എന്നിവ ചേർത്ത് ഉണ്ടാക്കുന്ന മധുരപലഹാരം). അറബികൾ നഗരം കീഴടക്കിയതോടെയാണ് ഈ വിഭവം നഗരത്തിനു സ്വന്തമായത്. മുസ്ലീങ്ങൾ സ്പെയിനിലെത്തുമ്പോൾ അവിടെ വിശാലമായ ബദാം തോട്ടങ്ങൾ ഉണ്ടായിരുന്നു. എന്നാൽ മാർസിപാന്റെ മറ്റൊരു ചേരുവയായിരുന്ന പഞ്ചസാര ലഭ്യമല്ലായിരുന്നു. മുസ്ലീങ്ങൾ നഗരം പിടിച്ചടക്കി 50 വർഷത്തിനുള്ളിൽ തെക്കൻ സ്‌പെയിനിൽ വൻതോതിൽ കരിമ്പുകൃഷി ആരംഭിച്ചു. പതിനൊന്നാം നൂറ്റാണ്ടോടെ മാർസിപാൻ റ്റെലീഡോയുടെ ഒരു വിശിഷ്ട വിഭവമായിത്തീർന്നു; അതിനിന്നും വലിയ ഡിമാന്റാണ്. റ്റെലീഡോയിൽ ഇന്ന് മാർസിപാൻ മാത്രം വിൽക്കുന്ന കടകളുണ്ട്; പലപ്പോഴും ചെറു പ്രതിമകളായാണ് ഇവ നിർമിക്കുന്നത്. റ്റെലീഡോ സന്ദർശനം പൂർണമാകണമെങ്കിൽ കൊതിയൂറും മാർസിപാൻ അൽപ്പം രുചിച്ചു നോക്കുകതന്നെ വേണം.
[കടപ്പാട്]
അഗസ്റ്റിൻ സാങ്കോ
[16-ാം പേജിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
പോർച്ചുഗൽ
സ്‌പെയിൻ
മാഡ്രിഡ്
റ്റെലീഡോ
[18-ാം പേജിലെ ചിത്രം]
സാൻ മാർട്ടീൻ പാലം