വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ഒരു പഠനം അനുസരിച്ച്‌, സാധാരണ പ്രസവത്തോടുള്ള താരതമ്യത്തിൽ സിസേറിയൻ ശസ്‌ത്രക്രിയയുടെ സമയത്ത്‌ മാതാവു മരിക്കാനുള്ള സാധ്യത മൂന്നിരട്ടിയിലധികമാണ്‌.​—⁠ഒബ്‌സ്റ്റെട്രിക്‌സ്‌ ആന്റ്‌ ഗൈനക്കോളജി, യു.എസ്‌.എ.

“രാഷ്‌ട്രീയമായും സാമൂഹികമായും പാരിസ്ഥിതികമായും കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന ഒരു ലോകത്തിൽ മനുഷ്യവംശത്തിന്‌ എങ്ങനെ അടുത്ത 100 വർഷം നിലനിൽക്കാനാകും?” എന്ന്‌ ഇന്റർനെറ്റിലൂടെ, ശാസ്‌ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ്‌ തുറന്നു ചോദിച്ചു. ഒരു മാസത്തിനു ശേഷം അദ്ദേഹം ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “അതിനുള്ള ഉത്തരം എനിക്കറിയില്ല. ആളുകൾ ഇതേക്കുറിച്ചു ചിന്തിക്കുകയും നാം ഇന്നു നേരിടുന്ന അപകടങ്ങളെക്കുറിച്ചു ബോധവാന്മാരാകുകയും ചെയ്യേണ്ടതിനാണ്‌ ഞാൻ ഈ ചോദ്യം ചോദിച്ചത്‌.” ​—⁠ദ ഗാർഡിയൻ, ബ്രിട്ടൻ.

ടാൻസാനിയയിലെ 37 ദശലക്ഷംവരുന്ന ജനതതിയിൽ 14 ദശലക്ഷത്തിനും 19 ദശലക്ഷത്തിനും ഇടയ്‌ക്ക്‌ ആളുകൾക്ക്‌ ഓരോ വർഷവും മലമ്പനി ബാധിക്കുന്നു. ഈ വ്യാധി വർഷംതോറും അവിടുത്തെ 1,00,000-ത്തോളം പേരുടെ ജീവനെടുക്കുന്നു.​—⁠ദ ഗാർഡിയൻ, ടാൻസാനിയ.

ശുദ്ധജലത്തിന്റെ കാവലാൾ

വെള്ളത്തിലെ രാസവസ്‌തുക്കളോട്‌ സൂക്ഷ്‌മസംവേദകത്വം പുലർത്തുന്ന ബ്ലൂഗിൽ മത്സ്യങ്ങളെ വടക്കേ അമേരിക്കയിലെ പല നഗരങ്ങളിലും കുടിവെള്ളത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനായി ഉപയോഗിച്ചുവരുന്നു. ഒരു അസോസിയേറ്റഡ്‌ പ്രസ്‌ റിപ്പോർട്ട്‌ വിശദീകരിക്കുന്നു: “മുനിസിപ്പാലിറ്റിയുടെ ജലശുദ്ധീകരണ കേന്ദ്രത്തിൽനിന്നു പമ്പുചെയ്യുന്ന വെള്ളത്തിൽ കുറേ, ഇത്തരം മത്സ്യങ്ങളെ ഇട്ടിരിക്കുന്ന ചെറിയ ടാങ്കുകളിൽ സദാ കയറിയിറങ്ങുന്നു. മത്സ്യങ്ങളുടെ ശ്വസനത്തിലും ഹൃദയമിടിപ്പിലും നീന്തൽ രീതിയിലും വരുന്ന മാറ്റങ്ങൾ രേഖപ്പെടുത്തിക്കൊണ്ട്‌ വിഷാംശത്തിന്റെ സാന്നിധ്യം കണ്ടുപിടിക്കാൻ സഹായിക്കുന്ന സെൻസറുകൾ ഇരുപത്തിനാല്‌ മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. [ഒരിക്കൽ ന്യൂയോർക്ക്‌ നഗരത്തിൽ] കുടിവെള്ളത്തിൽ ഡീസൽ കലർന്നപ്പോൾ അക്കാര്യം കണ്ടുപിടിക്കാൻ മറ്റെല്ലാ തിരിച്ചറിയൽ സംവിധാനങ്ങളെക്കാളും രണ്ടു മണിക്കൂർ മുമ്പേ ഈ മത്സ്യങ്ങൾക്കു കഴിഞ്ഞു.” അങ്ങനെ ശുദ്ധജലവിതരണ സംവിധാനത്തിൽ വിഷാംശം കലരുന്നത്‌ അവ തടഞ്ഞു.

നിക്കോട്ടിന്റെ അളവ്‌ കൂട്ടുന്നു

ഒരുവശത്തു പൊതുജനാരോഗ്യ പ്രചാരണ പരിപാടികൾ പുകവലി ഉപേക്ഷിക്കാനുള്ള ആഹ്വാനം മുഴക്കിക്കൊണ്ടിരിക്കെ മറുവശത്തു പുകയില കമ്പനികൾ, “ആരുമറിയാതെ സിഗരറ്റുകൾ കൂടുതൽ വീര്യമുള്ളതാക്കുകയാണ്‌” എന്ന്‌ ദ ന്യൂയോർക്ക്‌ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. ആ ലക്ഷ്യത്തിൽ അവർ നിക്കോട്ടിന്റെ അളവ്‌ “കഴിഞ്ഞ ആറു വർഷമായി 10 ശതമാനം” ഉയർത്തിയിരിക്കുന്നു. പുതിയവരെ വലയിലാക്കാനും നിലവിലുള്ളവരെ പിടിച്ചുനിറുത്താനും പുകയില കമ്പനികൾ ശ്രമിക്കുന്നുവെന്ന്‌, ആളുകൾ പുകവലിക്കുന്ന രീതി കൂടുതൽ കൃത്യമായി അനുകരിക്കുന്ന ഒരു യന്ത്രം ഉപയോഗിച്ചുള്ള പരീക്ഷണം തെളിയിച്ചിരിക്കുന്നു. സിഗരറ്റുകളുടെ “മിക്കവാറും എല്ലാ ബ്രാൻഡുകളിലും, ഉപഭോക്താക്കളെ അടിമകളാക്കുംവിധം വലിയ അളവിൽ നിക്കോട്ടിൻ ചേർത്തിരിക്കുന്നതായി [ഇത്തരം പരീക്ഷണങ്ങൾ] കണ്ടെത്തിയിരിക്കുന്നു.”

മനോ-നിയന്ത്രിത കൃത്രിമ കൈ

അപകടത്തെത്തുടർന്ന്‌ തോൾഭാഗത്തുവെച്ച്‌ ഇരുകൈകളും മുറിച്ചുകളയേണ്ടിവന്ന ഒരാൾ ഇപ്പോൾ ഒരു മനോ-നിയന്ത്രിത കൃത്രിമ കൈ ഉപയോഗിക്കുന്നു. ഐക്യനാടുകളിലാണ്‌ സംഭവം. ഗോവണി കയറാനും പെയിന്റടിക്കാനും എന്തിന്‌, തന്റെ കൊച്ചുമക്കളെ കെട്ടിപ്പിടിക്കാൻപോലും അദ്ദേഹത്തിനു കഴിയും. കേബിൾ ന്യൂസ്‌ നെറ്റ്‌വർക്ക്‌ ഇങ്ങനെ വിശദീകരിക്കുന്നു: “യഥാർഥ കൈയെ അനുകരിക്കാൻ കഴിവുള്ള, മസ്‌തിഷ്‌ക നിയന്ത്രിതമായ ഒരു വൈദ്യുത ഉപകരണമാണ്‌ അദ്ദേഹത്തിന്റെ ഇടതു കൈ. കൈ ചുരുട്ടാൻ ആഗ്രഹിക്കുമ്പോൾ, മുറിച്ചുകളഞ്ഞ കൈയിൽനിന്ന്‌ നെഞ്ചിലെ പേശികളിലേക്കു ശസ്‌ത്രക്രിയയിലൂടെ തിരിച്ചുവിട്ട നാഡികളിലൂടെ പ്രവഹിക്കുന്ന വൈദ്യുത സിഗ്നലുകൾ ആ പേശികളെ ഉദ്ദീപിപ്പിക്കുന്നു.” ചിന്തിക്കുമ്പോൾ ഉണ്ടാകുന്ന ആവേഗങ്ങൾ ഉളവാക്കുന്ന അത്തരം പേശീപ്രവർത്തനങ്ങൾ ഇലക്‌ട്രോഡുകൾ തിരിച്ചറിയുകയും കൈയിൽ ഘടിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറിനു പ്രസ്‌തുത നിർദേശങ്ങൾ കൈമാറുകയും ചെയ്യുന്നു. ഈ കമ്പ്യൂട്ടർ, കൃത്രിമ കൈയിലെ മോട്ടോറുകൾ പ്രവർത്തിപ്പിക്കുകയും യഥാർഥ കൈമുട്ടിന്റെയും കൈപ്പത്തിയുടെയും ചില ചലനങ്ങൾ സാധ്യമാക്കുകയും ചെയ്യുന്നു.

ആയിരക്കണക്കിനു പുതിയ സ്‌പീഷീസുകൾ!

തഹീതിയിലെ വർത്തമാനപത്രമായ ഫെനൂയാ ഇൻഫോ പറയുന്നതനുസരിച്ച്‌ ഓരോ വർഷവും 17,000-ത്തോളം പുതിയ ജീവിവർഗങ്ങൾ കണ്ടുപിടിക്കപ്പെടുന്നുണ്ട്‌. ഇവയിൽ ഏകദേശം മുക്കാലും പ്രാണികളാണ്‌. എന്നാൽ മത്സ്യങ്ങളുടെ 250 സ്‌പീഷീസുകളും സസ്‌തനികളുടെ 20-നും 30-നുമിടയ്‌ക്കു സ്‌പീഷീസുകളും ഉൾപ്പെടെ നട്ടെല്ലുള്ള 450-ഓളം ജീവികളും ഇങ്ങനെ കണ്ടുപിടിക്കപ്പെടുന്നുണ്ട്‌. പുതിയ സസ്‌തനികളിൽ മൂന്നിൽ രണ്ടു ഭാഗവും കരണ്ടുതീനികളും വവ്വാലുകളും ആണ്‌. “ഓരോ വർഷവും ശരാശരി ഒരു പുതിയ പ്രൈമേറ്റിനെ വീതം കണ്ടുപിടിക്കുന്നു” എന്ന്‌ പത്രം പറയുന്നു. ഇതൊരു അതിശയംതന്നെയാണെന്നാണു ശാസ്‌ത്രജ്ഞരുടെ അഭിപ്രായം. കണ്ടെത്തലുകളുടെ കൂട്ടത്തിൽ വൃക്ഷങ്ങളും സസ്യങ്ങളും ഉൾപ്പെടുന്നു.