സുഗന്ധദ്രവ്യങ്ങളുടെ സുഗന്ധരഹസ്യം
സുഗന്ധദ്രവ്യങ്ങളുടെ സുഗന്ധരഹസ്യം
ഇറ്റലിയിലെ ഉണരുക! ലേഖകൻ
പെർഫ്യൂമുകളുടെ പരിമളത്തിന്റെ ചുവടു പിടിച്ചുപോയാൽ നൂറ്റാണ്ടുകൾ പിറകിലായിരിക്കും നാം ചെന്നെത്തുക. ബൈബിൾകാലങ്ങളിൽ ആളുകളുടെ ശരീരത്തിനും വീടുകൾക്കും വസ്‌ത്രങ്ങൾക്കും മെത്തകൾക്കും അത് സൗരഭ്യം പകർന്നിരുന്നു. കറ്റാർവാഴ, ബാൾസം ഓയിൽ, കറുവപ്പട്ട ആദിയായ സുഗന്ധവ്യഞ്‌ജനങ്ങളാണ് ഈ സൗരഭ്യത്തിന്റെ അണിയറക്കാർ.—സദൃശവാക്യങ്ങൾ 7:17; ഉത്തമഗീതം 4:10, 14.
സസ്യങ്ങളിൽനിന്ന് എടുക്കുന്ന സത്തുകളാണ് ഇന്നും ഈ സൗരഭ്യത്തിനു പിന്നിൽ. ഇറ്റാലിയൻ ഉപദ്വീപിന്റെ തെക്കേ അറ്റത്തായി സ്ഥിതിചെയ്യുന്ന കലാബ്രിയയിലാണു ഞങ്ങളിപ്പോൾ. പെർഫ്യൂമുകളുടെ ഉറ്റതോഴിയായ ഒരു വൃക്ഷത്തെ നേരിൽ കാണാൻ എത്തിയതാണു ഞങ്ങൾ. ബെർഗമോറ്റ് എന്ന പേര് നിങ്ങൾക്കു പരിചയമില്ലായിരിക്കാം. എന്നാൽ സ്‌ത്രീകൾ ഉപയോഗിക്കുന്ന പെർഫ്യൂമുകളുടെ മൂന്നിലൊന്നിലും പുരുഷന്മാരുടെ പെർഫ്യൂമുകളുടെ രണ്ടിലൊന്നിലും ഈ പഴത്തിന്റെ പരിമളമുണ്ട്. എന്താ, ബെർഗമോറ്റിനെ ഒന്നു പരിചയപ്പെടണമെന്നുണ്ടോ?
നിത്യഹരിത നാരകമാണ് ബെർഗമോറ്റ്. വസന്തകാലത്താണ് ഇതു പുഷ്‌പിണിയാകുന്നത്; ശരത്‌കാലത്തിന്റെ ഒടുവിലോ ശൈത്യകാലത്തിന്റെ പ്രാരംഭത്തിലോ കായ് പഴുത്ത് ഓറഞ്ചിന്റെ വലുപ്പവും മൃദുവായ തൊലിയുമുള്ള മഞ്ഞഫലമായി മാറുന്നു. പല വിദഗ്‌ധരും ഇതിനെ ഒരു സങ്കരയിനമായിട്ടാണു കാണുന്നത്; അതിന്റെ ഉത്ഭവത്തെക്കുറിച്ച് അവർക്കു നിശ്ചയമില്ല. ബെർഗമോറ്റ് തനിയെ വളരാറില്ല; വിത്തുപാകി മുളപ്പിക്കാനുമാകില്ല. ബെർഗമോറ്റിന്റെ കമ്പുകൾ ഗ്രാഫ്‌റ്റിങ്ങിലൂടെ, സമാനമായ സ്‌പീഷീസിൽപ്പെട്ട നാരകത്തോടോ ഓറഞ്ചിനോടോ ചേർത്ത് ഒട്ടിച്ചാണ് കർഷകർ ഇവയെ പുനരുത്‌പാദിപ്പിക്കുന്നത്.
അതുല്യ സവിശേഷതകളുള്ള ഒന്നായിട്ടാണ് പെർഫ്യൂം നിർമാണ-വിതരണ രംഗത്തുള്ളവർ ബെർഗമോറ്റ് ഫലത്തെ കാണുന്നത്. അതിൽനിന്ന് എടുക്കുന്ന സത്തിന് “വ്യത്യസ്‌ത സുഗന്ധങ്ങൾ സംയോജിപ്പിച്ച് ഒരു പ്രത്യേക പരിമളം സൃഷ്ടിക്കാനും ഓരോ കൂട്ടിനും തനതായ, ഹൃദ്യമായ സൗരഭ്യം പകർന്നുകൊടുക്കാനും” ഉള്ള അപൂർവശേഷിയുണ്ട് എന്ന് ബെർഗമോറ്റിനെക്കുറിച്ചുള്ള ഒരു പുസ്‌തകം പറയുന്നു. *
കലാബ്രിയയിലെ കൃഷി
കലാബ്രിയയിലെ ബെർഗമോറ്റ് കൃഷിയുടെ വേരു തേടിപ്പോയാൽ 18-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലെങ്കിലും നാം എത്തിപ്പെടുമെന്നാണ് ചരിത്രരേഖകൾ സൂചിപ്പിക്കുന്നത്; അവിടത്തുകാർ അതുവഴി കടന്നുപോകുന്ന സഞ്ചാരികൾക്ക് ബെർഗമോറ്റ് സത്ത് വിൽക്കാറുണ്ടായിരുന്നത്രേ. പക്ഷേ ഇതിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി തുടങ്ങിയത് കൊളോൺ ജനപ്രീതി ആർജിച്ചതോടെയാണ്. ജർമനിയിലേക്കു കുടിയേറിയ ഇറ്റലിക്കാരനായ ജാൻ പാഓലോ ഫെമിനിസ് 1704-ൽ ഒരു ‘റ്റോയ്‌ലറ്റ് വാട്ടർ’ നിർമിച്ചു. അക്വാ ആഡ്‌മിറാബിലിസ് അഥവാ “അതിശ്രേഷ്‌ഠ ദ്രാവകം” എന്നാണ് അദ്ദേഹം അതിനെ വിളിച്ചത്. ബെർഗമോറ്റ് സത്തായിരുന്നു പ്രധാന ചേരുവ. ഈ പെർഫ്യൂം “കൊളോൺ ദ്രാവകം” എന്നർഥമുള്ള ഓഡെകൊളോൺ അല്ലെങ്കിൽ കൊളോൺ എന്നറിയപ്പെടാൻ തുടങ്ങി. അത് ഉത്‌പാദിപ്പിച്ച നഗരത്തിന്റെ പേരിൽനിന്നാണ് ആ പേര് വന്നത്.
ആദ്യത്തെ ബെർഗമോറ്റ് തോട്ടം റെജിയോ എന്ന സ്ഥലത്തായിരുന്നു, ഏകദേശം 1750-ൽ. ബെർഗമോറ്റ് സത്ത് വിൽപ്പനയിലെ ആകർഷകമായ ആദായം കൃഷിക്ക് ആക്കംകൂട്ടി. മിതകാലാവസ്ഥയും വടക്കൻ ശീതക്കാറ്റ് അടിക്കാത്ത, തെക്കിന് അഭിമുഖമായ ചുറ്റുപാടുമാണ് ബെർഗമോറ്റ് മരങ്ങൾക്കു പ്രിയം. താപനിലയിൽ പെട്ടെന്നുണ്ടാകുന്ന വ്യതിയാനങ്ങൾ, ശക്തമായ കാറ്റുകൾ, നീണ്ടുനിൽക്കുന്ന
ഈർപ്പം എന്നിവയൊക്കെ ബെർഗമോറ്റിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കും. ഇറ്റലി വൻകരയുടെ തെക്കേ തീരത്തെ പുണർന്നുകിടക്കുന്ന, 5 കിലോമീറ്റർ വീതിയും 150 കിലോമീറ്റർ നീളവും മാത്രമുള്ള ഒരു ഇടുങ്ങിയ ഭൂപ്രദേശത്താണ് ഇതിന്റെ വളർച്ചയ്‌ക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയുള്ളത്. പല സ്ഥലങ്ങളിലും ബെർഗമോറ്റ് കൃഷി ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ടെങ്കിലും മൊത്തം ഉത്‌പാദനത്തിന്റെ വലിയൊരു ശതമാനവും നടക്കുന്നത് റെജിയോയിലാണ്. ഇതിനുപുറമേ, ബെർഗമോറ്റ് ഉത്‌പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു രാജ്യം കൂടെയുണ്ട്—ആഫ്രിക്കയിലെ കോറ്റ് ഡീവ്വോർ.പഴത്തിന്റെ തൊലിയിൽനിന്നാണ് ബെർഗമോറ്റ് തൈലം എടുക്കുന്നത്; ഇതിന് പച്ച കലർന്ന മഞ്ഞ നിറമാണ്. ഈ തൈലമെടുക്കുന്നതിന് പരമ്പരാഗതമായ ഒരു രീതിയുണ്ട്. ആദ്യംതന്നെ പഴം രണ്ടായി മുറിച്ചിട്ട് മാംസളമായ ഭാഗം എടുത്തുമാറ്റുന്നു. എന്നിട്ട് പുറംതൊലി ഞെക്കിപ്പിഴിഞ്ഞ് സത്ത് എടുക്കുന്നു; നീര് സ്‌പോഞ്ചിലേക്കു വന്നുവീഴാൻ പാകത്തിനാണ് തൊലി പിഴിയുന്നത്. ഏകദേശം 90 കിലോഗ്രാം ഞെക്കിപ്പിഴിഞ്ഞാൽ വെറും 450 ഗ്രാം തൈലമാണു കിട്ടുന്നത്. ഇന്നിപ്പോൾ യന്ത്രങ്ങളാണ് ഈ പണി ചെയ്യുന്നത്. യന്ത്രങ്ങളിൽ, പഴത്തിന്റെ പുറന്തോട് ഉരച്ചെടുക്കുന്നതിന് പരുപരുത്ത ഡിസ്‌കുകളോ റോളറുകളോ ആണ് ഉപയോഗിക്കുന്നത്.
പേരറിയില്ല, പക്ഷേ ഉപയോഗംകൊണ്ടറിയും
കലാബ്രിയയ്‌ക്കു പുറത്തുള്ള ലോകത്തിന് ഈ പഴം അപരിചിതമായിരിക്കാം; എന്നാൽ “ഈ മേഖലയിൽ വൈദഗ്‌ധ്യമുള്ളവർക്ക് ബെർഗമോറ്റ് ഒരു അത്ഭുതമാണ്” എന്ന് ഒരു ഉറവിടം പ്രസ്‌താവിക്കുന്നു. പെർഫ്യൂമുകളിൽ മാത്രമല്ല, സോപ്പുകൾ, ഡിയോഡറന്റുകൾ, ടൂത്ത്‌പേസ്റ്റുകൾ, ക്രീമുകൾ തുടങ്ങിയവയിലും ഈ പഴത്തിന്റെ സൗരഭ്യമുണ്ട്. സ്വാദിനുവേണ്ടി ചായ, ഐസ്‌ക്രീം, മിഠായികൾ, പാനീയങ്ങൾ എന്നിവയിൽ ബെർഗമോറ്റ് സത്ത് ചേർക്കാറുണ്ട്. വെയിൽകൊള്ളിച്ച് ചർമത്തിന്റെ നിറം മാറ്റുന്നതിനായി പുരട്ടുന്ന ക്രീമുകളിലും ഇതു സ്ഥാനംപിടിച്ചിരിക്കുന്നു, ചർമം ഇരുണ്ടതാക്കാനുള്ള ഇതിന്റെ കഴിവാണ് അതിനു പിന്നിൽ. ബാക്ടീരിയ ഉൾപ്പെടെയുള്ള അണുക്കളെ നശിപ്പിക്കാനുള്ള കഴിവ് ഇതിന് ഔഷധവ്യവസായത്തിലും സ്ഥാനം നേടിക്കൊടുത്തു; അങ്ങനെ ശസ്‌ത്രക്രിയയിലും നേത്രരോഗചികിത്സയിലും ത്വക്‌രോഗചികിത്സയിലും അണുനാശിനിയായി ഇത് ഉപയോഗിക്കാൻ തുടങ്ങി. ബെർഗമോറ്റ് പെക്‌റ്റിന് ദ്രാവകങ്ങളെ ജെല്ലിപോലെയാക്കാനുള്ള കഴിവുണ്ട്; അതുകൊണ്ട് വയറിളക്കം നിറുത്തുന്നതിനുള്ള ഔഷധക്കൂട്ടുകളിലും രക്തസ്രാവം തടയുന്നതിനും ഉപയോഗിച്ചുവരുന്നു.
ഗവേഷകർ ബെർഗമോറ്റ് സത്തിൽനിന്ന് അതിന്റെ തനതായ പരിമളത്തിന്റെയും മറ്റു സവിശേഷതകളുടെയും രഹസ്യം ഒളിഞ്ഞിരിക്കുന്ന ഏകദേശം 350 ഘടകങ്ങൾ വേർതിരിച്ചെടുത്തിട്ടുണ്ട്. എല്ലാം ഒരൊറ്റ പഴത്തിലാണെന്ന് ഓർക്കണം!
ബൈബിളെഴുത്തുകാർക്ക് ബെർഗമോറ്റിനെക്കുറിച്ച് അറിയില്ലായിരുന്നിരിക്കാം. എന്നാൽ ഈ പഴത്തിന്റെ സവിശേഷതകളെയും അതിന്റെ സ്രഷ്ടാവിന്റെ ജ്ഞാനത്തെയും കുറിച്ചു ചിന്തിക്കാൻ മനസ്സു കാണിക്കുന്ന ആരും ‘ഫലവൃക്ഷങ്ങൾ . . . യഹോവയെ സ്‌തുതിക്കട്ടെ’ എന്ന സങ്കീർത്തനക്കാരന്റെ വാക്കുകൾ ഏറ്റുപാടാൻ പ്രേരിതരാകും.—സങ്കീർത്തനം 148:9, 13.
[അടിക്കുറിപ്പ്]
^ ഖ. 6 വൃക്ഷപ്പൂമ്പൊടിയുടെയും പൂക്കളുടെയും കാര്യത്തിലെന്നപോലെ പെർഫ്യൂമിനോട് അലർജിയുള്ളവരുമുണ്ട്. ഉണരുക! ഏതെങ്കിലും ഉത്‌പന്നത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നില്ല.
[25-ാം പേജിലെ ചിത്രം]
ബെർഗമോറ്റ് ഫലത്തിന്റെ തൊലി ഉരച്ചാണ് സത്ത് എടുക്കുന്നത്
[കടപ്പാട്]
© Danilo Donadoni/Marka/age fotostock