വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു പെൻസിൽ തരാമോ?

ഒരു പെൻസിൽ തരാമോ?

ഒരു പെൻസിൽ തരാമോ?

ബ്രിട്ടനിലെ ഉണരുക! ലേഖകൻ

വശ്യം, സുന്ദരം, സുലഭം. അക്ഷരങ്ങളുടെ ലോകത്തു പിച്ചവെക്കുന്ന കുരുന്നുകളുടെ ഉറ്റതോഴൻ, ഉത്തമ കലാസൃഷ്ടികൾക്കു ജന്മംനൽകുന്ന ചിത്രകാരന്മാരുടെ കൂടെപ്പിറപ്പ്‌. അതിന്റെ കോറൽ നിഷ്‌പ്രയാസം മായ്‌ക്കാം. പ്രവർത്തിപ്പിക്കാൻ വൈദ്യുതി വേണ്ട, ചോർന്നൊലിക്കില്ല. നിങ്ങളുടെ കീശയിലും കാണും ഇത്തരമൊരണ്ണം. അതേ, ആർക്കും വാങ്ങാൻ കഴിയുന്നതും എഴുതാൻ വ്യാപകമായി ഉപയോഗിച്ചുവരുന്നതുമായ ഒരു ഉപകരണമാണ്‌ പെൻസിൽ. ഇംഗ്ലണ്ടിന്റെ ഗ്രാമാന്തരങ്ങളിൽ നടന്ന ഒരു യാദൃച്ഛിക കണ്ടെത്തലോടെ പെൻസിലിന്റെ ഉത്ഭവത്തെയും വികാസത്തെയും കുറിച്ചുള്ള രസകരമായ കഥ തുടങ്ങുകയായി.

കറുത്തീയം

16-ാം നൂറ്റാണ്ടിൽ, വടക്കേ ഇംഗ്ലണ്ടിലെ ബോറോഡേൽ താഴ്‌വരയിൽ, കറുത്ത കട്ടകളുടെ രൂപത്തിൽ ഒരു അസാധാരണ വസ്‌തു കണ്ടെത്തി. കാഴ്‌ചയ്‌ക്കു കൽക്കരിപോലെയിരുന്നെങ്കിലും അതു കത്തുപിടിക്കുമായിരുന്നില്ല. വരച്ചുനോക്കിയപ്പോഴോ, തിളങ്ങുന്ന കറുത്തനിറമുള്ള ഒരു വര പ്രത്യക്ഷപ്പെട്ടു, മായിച്ചപ്പോൾ അത്‌ പെട്ടെന്നു മാഞ്ഞുപോകയും ചെയ്‌തു. ആദ്യമൊക്കെ അത്‌ കറുത്തീയം, വാഡ്‌, പ്ലമ്പൈഗോ (“ഈയം പോലുള്ളത്‌” എന്നർഥം) എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെട്ടിരുന്നു. വഴുവഴുപ്പുള്ളതായിരുന്നതിനാൽ ആളുകൾ അതിന്റെ കട്ടകൾ ചെമ്മരിയാട്ടിൻതോലിൽ പൊതിഞ്ഞും ചെറിയ ദണ്ഡുകൾ വള്ളികൊണ്ടു ചുറ്റിക്കെട്ടിയും ഉപയോഗിച്ചിരുന്നു. കറുത്തീയത്തെ തടികൊണ്ടുള്ള ആവരണത്തിനുള്ളിൽ കടത്തുക എന്നത്‌ ആരുടെ മനസ്സിലുദിച്ച ആശയമാണെന്ന്‌ ആർക്കുമറിയില്ല. എന്നാൽ 1560-കളോടെ പെൻസിലിന്റെ ആദ്യരൂപം യൂറോപ്പ്‌ വൻകരയിൽ രംഗപ്രവേശംചെയ്‌തിരുന്നു.

വൈകാതെ, കറുത്തീയം ഖനനംചെയ്യാനും കലാകാരന്മാർക്കായി കയറ്റി അയയ്‌ക്കാനും തുടങ്ങി. 17-ാം നൂറ്റാണ്ടായപ്പോഴേക്കും ഇതിനു വ്യാപകമായ ഉപയോഗം കൈവന്നു. അതേസമയം, എഴുതാനുള്ള കൂടുതൽ മെച്ചപ്പെട്ട ഒരു ഉപകരണം നിർമിക്കുന്നതിനായി പെൻസിൽ നിർമാതാക്കൾ, കറുത്തീയം പലവിധ പരീക്ഷണങ്ങൾക്കു വിധേയമാക്കി. ശുദ്ധവും എളുപ്പം കുഴിച്ചെടുക്കാവുന്നതുമായ ഈ ബോറോഡേൽ ഉത്‌പന്നം പെട്ടെന്നുതന്നെ കള്ളന്മാരുടെയും കരിഞ്ചന്തക്കാരുടെയും ശ്രദ്ധയാകർഷിച്ചു. അതുകൊണ്ട്‌, ഇതു മോഷ്ടിക്കുന്നവരെ ജയിലിലടയ്‌ക്കാനോ ഒറ്റപ്പെട്ട ഒരു പ്രദേശത്തേക്കു നാടുകടത്താനോ അനുശാസിച്ചുകൊണ്ട്‌ 1752-ൽ ബ്രിട്ടീഷ്‌ പാർലമെന്റ്‌ നിയമം പാസാക്കി.

1779-ൽ സ്വീഡീഷ്‌ രസതന്ത്രജ്ഞനായ കാൾ ഡബ്ലിയു. ഷേല അവിശ്വസനീയമായ ഒരു കണ്ടുപിടിത്തം നടത്തി. കറുത്തീയം യഥാർഥത്തിൽ ഈയമല്ലെന്നും പ്രത്യുത, മയമുള്ള ശുദ്ധമായ കാർബൺ ആണെന്നുമായിരുന്നു കണ്ടെത്തൽ. പത്തുവർഷത്തിനുശേഷം, ജർമൻ ഭൂവിജ്ഞാനീയ ശാസ്‌ത്രജ്ഞനായ എബ്രാഹാം ജി. വെർനർ ഇതിനു ഗ്രാഫൈറ്റ്‌ എന്നു പേരിട്ടു. “എഴുതുക” എന്നർഥമുള്ള ഗ്രാഫീൻ എന്ന ഗ്രീക്കുപദത്തിൽനിന്നാണ്‌ ആ പേരു വന്നിരിക്കുന്നത്‌. ഈയക്കോൽ എന്നറിയപ്പെട്ടിരുന്ന പെൻസിലിൽ ഈയത്തിന്റെ പൊടിപോലുമില്ലെന്നതാണു വാസ്‌തവം!

വളർച്ചയുടെ നാൾവഴി

കാലങ്ങളോളം പെൻസിൽ നിർമാണ വ്യവസായത്തെ അടക്കിവാണിരുന്നത്‌ ഇംഗ്ലീഷ്‌ ഗ്രാഫൈറ്റായിരുന്നു. അത്‌ ശുദ്ധമായിരുന്നതിനാൽ കൂടുതൽ പ്രക്രിയകൾക്കൊന്നും വിധേയമാക്കേണ്ടതില്ലായിരുന്നു. യൂറോപ്യൻ ഗ്രാഫൈറ്റ്‌ ഗുണംകുറഞ്ഞതായിരുന്നതിനാൽ അത്‌ ഉപയോഗിച്ചുള്ള പെൻസിലിന്റെ ഗുണമേന്മ മെച്ചപ്പെടുത്താൻ നിർമാതാക്കൾ പലവിധ പരീക്ഷണങ്ങളും നടത്തി. ഫ്രഞ്ച്‌ എഞ്ചിനീയറായ ഷാക്‌ നിക്കോളാസ്‌ കോണ്ടേ, ഗ്രാഫൈറ്റ്‌ പൊടിയും കളിമണ്ണും കൂട്ടിക്കലർത്തിയ മിശ്രിതം ദണ്ഡുകളുടെ രൂപത്തിലാക്കി ചൂളയിൽ ചുട്ടെടുത്തു. ഗ്രാഫൈറ്റ്‌-കളിമൺ അനുപാതത്തിൽ മാറ്റംവരുത്തിക്കൊണ്ട്‌ കറുപ്പിന്റെ വർണഭേദങ്ങൾ തീർക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇതേ പ്രക്രിയതന്നെയാണ്‌ ഇന്നും തുടർന്നുപോരുന്നത്‌. 1795-ൽ കോണ്ടേയ്‌ക്ക്‌ അദ്ദേഹത്തിന്റെ കണ്ടുപിടിത്തത്തിനു പേറ്റന്റ്‌ ലഭിച്ചു.

19-ാം നൂറ്റാണ്ടോടെ പെൻസിൽ നിർമാണം വൻ ബിസിനസായി മാറി. സൈബീരിയ, ജർമനി, ഇന്നത്തെ ചെക്ക്‌ റിപ്പബ്ലിക്‌ തുടങ്ങി അനേകയിടങ്ങളിൽ ഗ്രാഫൈറ്റ്‌ നിക്ഷേപങ്ങൾ ഉള്ളതായി കണ്ടെത്തി. ജർമനിയിലും തുടർന്ന്‌ ഐക്യനാടുകളിലും അനേകം പെൻസിൽ ഫാക്ടറികൾ തുറന്നു. യന്ത്രവത്‌കരണവും വൻതോതിലുള്ള ഉത്‌പാദനവും പെൻസിലിന്റെ വില ഗണ്യമായി കുറയാൻ ഇടയാക്കി. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ സ്‌കൂൾകുട്ടികൾപോലും പെൻസിൽ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു.

ആധുനിക പെൻസിൽ

വർഷംതോറും ലോകമെമ്പാടുമായി കോടിക്കണക്കിനു പെൻസിലുകളാണു നിർമിക്കുന്നത്‌. ഇന്നത്‌, എഴുതാനും ചിത്രം വരയ്‌ക്കാനും ഉള്ള ഒരു പരിഷ്‌കൃത ഉപകരണമായി മാറിയിരിക്കുന്നു. ഒരു സാധാരണ പെൻസിൽ ഉപയോഗിച്ച്‌ 56 കിലോമീറ്റർ നീളത്തിൽ വരയ്‌ക്കാനോ 45,000 വാക്കുകൾ എഴുതാനോ കഴിയും. ലോഹമോ പ്ലാസ്റ്റിക്കോ കൊണ്ടുള്ള ആവരണമുള്ളതും, എഴുതിത്തീരുന്നതനുസരിച്ച്‌ പുതിയ ലെഡ്‌ ഇടാവുന്നതുമായ പെൻസിലുകളുണ്ട്‌. ഇവയുടെ ലെഡ്‌ സൂചിപോലുള്ളതായതിനാൽ അറ്റം കൂർപ്പിക്കേണ്ടതില്ല. ചായപെൻസിലുകളിൽ ഗ്രാഫൈറ്റിനു പകരം വിവിധ നിറങ്ങളിലുള്ള ചായങ്ങളും വർണകങ്ങളുമാണ്‌ ഉപയോഗിക്കുന്നത്‌.

ബഹുമുഖോപയോഗമുള്ള, സ്ഥലകാലഭേദമില്ലാതെ ഉപയോഗിക്കാവുന്ന, ലളിതമായ, കാര്യക്ഷമതയുള്ള പെൻസിൽ, കാലഹരണപ്പെടുന്നതിന്റെ യാതൊരു ലക്ഷണവും കാണിക്കുന്നില്ല. അതുകൊണ്ടുതന്നെ, “ഒരു പെൻസിൽ തരാമോ?” എന്ന്‌ വരുംകാലങ്ങളിലും ആരെങ്കിലുമൊക്കെ ചോദിക്കുന്നതു നിങ്ങൾ കേട്ടേക്കാം.

[13-ാം പേജിലെ ചതുരം/ചിത്രം]

ലെഡ്‌ എങ്ങനെയാണ്‌ പെൻസിലിനുള്ളിൽ കയറിക്കൂടുന്നത്‌?

നേർത്ത ഗ്രാഫൈറ്റ്‌ പൊടിയും കളിമണ്ണും വെള്ളവും ചേർന്ന മിശ്രിതം വണ്ണം കുറഞ്ഞ ഒരു ലോഹക്കുഴലിലൂടെ കടത്തിവിടുന്നു. അതിൽനിന്നു സേമിയ പോലുള്ള ഒരു നീളൻ ദണ്ഡ്‌ പുറത്തുവരുന്നു. അത്‌ ഉണക്കി, മുറിച്ചെടുത്ത്‌, ചൂളയിൽ ചുട്ടശേഷം ചൂടുള്ള എണ്ണയിലും മെഴുകിലും മുക്കിയെടുക്കുന്നു. മൂർച്ചവരുത്താൻ എളുപ്പമുള്ള ദേവദാരുവിന്റെ തടിയാണ്‌ പെൻസിലിനായി സാധാരണ ഉപയോഗിക്കുന്നത്‌. ഈ തടി, പെൻസിലിന്റെ നീളത്തിലുള്ള വീതികൂടിയ കനംകുറഞ്ഞ പാളികളായി അറുത്തെടുക്കുന്നു. പെൻസിലിന്റെ പാതി വണ്ണംവരുന്ന ഈ പാളികളിൽ നിരവധി പൊഴികളും ഉണ്ടായിരിക്കും. പൊഴികളിൽ ലെഡ്‌ സ്ഥാപിച്ചശേഷം മറ്റൊരു പാളി പശതേച്ച്‌ ഇതിനു മുകളിലായിവെച്ച്‌ അമർത്തുന്നു. പശ ഉണങ്ങുമ്പോൾ പെൻസിലുകൾ ഒന്നൊന്നായി മുറിച്ചെടുക്കുന്നു. ആകൃതിവരുത്തുകയും മിനുസപ്പെടുത്തുകയും നിറംകൊടുക്കുകയും ട്രേഡ്‌മാർക്കും മറ്റും രേഖപ്പെടുത്തുകയും ചെയ്‌തുകഴിയുമ്പോഴേക്കും, മുറിപ്പാടുകളൊന്നുമില്ലാത്ത ഒന്നാന്തരമൊരു പെൻസിൽ ജന്മംകൊണ്ടിരിക്കും. ചിലപ്പോൾ അതിന്റെ വാലറ്റത്തായി, മായ്‌ക്കുന്നതിനുള്ള റബറും പിടിപ്പിച്ചിട്ടുണ്ടാകും.

[കടപ്പാട്‌]

Faber-Castell AG

[14-ാം പേജിലെ ചതുരം/ചിത്രം]

പെൻസിൽ കുടുംബം

പെൻസിൽ തിരഞ്ഞെടുക്കുമ്പോൾ അതിന്റെ പുറത്തുള്ള അക്ഷരങ്ങളും നമ്പരും ശ്രദ്ധിക്കുക. ലെഡ്ഡിന്റെ കടുപ്പം (hardness) അതിലൂടെ മനസ്സിലാക്കാം. കടുപ്പം കുറയുന്നതനുസരിച്ച്‌ കറുപ്പുനിറം (darkness) കൂടിവരും.

HB ബഹുമുഖോപയോഗമുള്ള സാധാരണ പെൻസിലാണ്‌.

B എന്നത്‌ കടുപ്പക്കുറവിനെയാണു സൂചിപ്പിക്കുന്നത്‌. 2B, 6B എന്നിവ, കടുപ്പം എത്രത്തോളം കുറവാണെന്നു സൂചിപ്പിക്കുന്നു. സംഖ്യ ഉയരുന്നതനുസരിച്ച്‌ കടുപ്പം കുറഞ്ഞുകൊണ്ടിരിക്കും.

H എന്നു രേഖപ്പെടുത്തുന്നത്‌ കടുപ്പം കൂടിയ ലെഡുള്ള പെൻസിലുകളിലാണ്‌. 2H, 4H, 6H എന്നിങ്ങനെ വലിയ നമ്പരുകൾ വരുന്നതനുസരിച്ച്‌ ലെഡിന്റെ കടുപ്പം കൂടും.

F എന്നാൽ ഫൈൻ പോയിന്റ്‌ എന്നർഥം. ഇതിലുള്ള ലെഡ്ഡിന്റെ കടുപ്പം H-നും HB-ക്കും ഇടയിലായിരിക്കും.

ഇതിൽനിന്നു വ്യത്യസ്‌തമായ രീതികളാണ്‌ ചില രാജ്യങ്ങൾ പിന്തുടർന്നുപോരുന്നത്‌. ഉദാഹരണത്തിന്‌ ഐക്യനാടുകളിൽ 2 എന്നു രേഖപ്പെടുത്തിയിരിക്കുന്ന പെൻസിൽ ഒരു HB പെൻസിലിനു തുല്യമാണ്‌. ആ രീതി അനുസരിച്ച്‌ വലിയ നമ്പരാകുമ്പോൾ കടുപ്പം കൂടും.