വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കരവിരുതിന്റെ തൂവൽസ്‌പർശം

കരവിരുതിന്റെ തൂവൽസ്‌പർശം

കരവിരുതിന്റെ തൂവൽസ്‌പർശം

അതാ ഒരു കടൽക്കാക്ക വാനം ലക്ഷ്യമാക്കി ചിറകടിച്ചുയരുന്നു. ചെരിഞ്ഞും വട്ടമിട്ടും കാറ്റിനൊത്ത്‌ അത്‌ യഥേഷ്ടം പറന്നുയരുകയാണ്‌. ചിറകിന്റെയും വാലിന്റെയും നിലയിൽ നേരിയ വ്യതിയാനം വരുത്തിയും കാറ്റിനെ വാഹനമാക്കിയും അതങ്ങനെ ഒഴുകിനീങ്ങുന്നു. ഇത്ര അനായാസമായി കൃത്യതയോടെ പറന്നുകളിക്കാൻ ഇതിനെ സഹായിക്കുന്നത്‌ എന്താണ്‌? ഇതിൽ തൂവലുകൾക്കുള്ള പങ്ക്‌ ചെറുതല്ല.

തൂവലുകളുടെ സാന്നിധ്യം പക്ഷികളുടെ മാത്രം സവിശേഷതയാണ്‌. മിക്ക പക്ഷികളുടെയും ശരീരം വിവിധതരം തൂവലുകളുടെ ഒരു സംഗമവേദിയാണ്‌. പക്ഷികൾക്കു വശ്യമായ ആകൃതി നൽകുന്ന, ആവരണപത്രങ്ങൾ (contour feathers) എന്നറിയപ്പെടുന്ന തൂവലുകളാണ്‌ ആദ്യം നമ്മുടെ കണ്ണിൽപ്പെടുക. പക്ഷികളെ പറക്കാൻ സഹായിക്കുന്ന, ചിറകിലെയും വാലിലെയും തൂവലുകളും ഇതിൽപ്പെടുന്നു. ഹമ്മിങ്‌ ബേർഡിന്‌ 1,000-ത്തിനടുത്തും അരയന്നത്തിന്‌ 25,000-ത്തിലധികവും ആവരണപത്രങ്ങളുണ്ട്‌.

വിസ്‌മയാവഹമായ രൂപകൽപ്പനയുടെ മകുടോദാഹരണമാണു തൂവലുകൾ. അവയുടെ മധ്യത്തിലുള്ള തണ്ടിനെ റേക്കിസ്‌ എന്നു വിളിക്കുന്നു. അതിനു നല്ല വഴക്കവും ബലവും ഉണ്ട്‌. തണ്ടിന്റെ ഇരുവശങ്ങളിലുമുള്ള തൂവലിഴകൾ (barbs) ചേരുന്നതാണ്‌ പിച്ഛഫലകം (vane). ഓരോ തൂവലിനും രണ്ടു പിച്ഛഫലകങ്ങളുണ്ട്‌. ഓരോ തൂവലിഴയിലുമുള്ള നൂറുകണക്കിനു പിച്ഛികകൾ (barbules) തൊട്ടടുത്ത തൂവലിഴയിലെ പിച്ഛികകളുമായി, ഒരു സിപ്പ്‌ എന്നപോലെ കൊളുത്തിപ്പിടിക്കുന്നു. പിച്ഛികകൾ കെട്ടഴിയുമ്പോൾ പക്ഷി തന്റെ കൊക്കുകൊണ്ട്‌ അവ ചീകിയൊതുക്കി പൂർവസ്ഥിതിയിലാക്കും. കെട്ടഴിഞ്ഞ ഒരു തൂവൽ, വിരലുകൾക്കിടയിലൂടെ മെല്ലെയോടിച്ചാൽ നിങ്ങൾക്കും അതിനു കഴിയും.

തൂവലുകൾക്ക്‌, വിശേഷിച്ചും ചിറകിലെ പറക്കാൻ സഹായിക്കുന്ന തൂവലുകൾക്ക്‌ (ഫ്‌ളൈറ്റ്‌ ഫെദർ) ഒരു പ്രത്യേകതയുണ്ട്‌​—⁠മുൻവശത്തെ പിച്ഛഫലകത്തിന്‌ പിൻവശത്തേതിനെക്കാൾ വീതികുറവായിരിക്കും. വായുവിലൂടെ സുഗമമായി സഞ്ചരിക്കാൻ സഹായിക്കുന്ന ഈ അതിവിശിഷ്ട രൂപകൽപ്പന, ഇത്തരം ഓരോ തൂവലും ഒരു ചെറു ചിറകുപോലെ പ്രവർത്തിക്കാൻ ഇടയാക്കുന്നു. സാമാന്യം വലുപ്പമുള്ള ഒരു ഫ്‌ളൈറ്റ്‌ഫെദർ അടുത്തു നിരീക്ഷിക്കുകയാണെങ്കിൽ, തണ്ടിന്റെ അടിവശത്തായി ഒരു നെടുനീളൻ പൊഴിയുള്ളതായി നിങ്ങൾക്കു കാണാനാകും. ലളിതമായ ഈ രൂപകൽപ്പനാതത്ത്വം, തൂവൽത്തണ്ടിനെ ബലമുള്ളതാക്കുകയും വളയുകയോ പിരിയുകയോ ചെയ്യുമ്പോൾ ഒടിഞ്ഞുപോകാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

തൂവലുകളുടെ വിവിധ ധർമങ്ങൾ

പല പക്ഷികളുടെയും ആവരണപത്രങ്ങൾക്കടിയിൽ നേർത്ത രോമത്തൂവലുകളും (filoplumes) പൊടിത്തൂവലുകളും (powder feathers) കാണാം. രോമത്തൂവലുകളുടെ ചുവട്ടിലുള്ള സെൻസറുകൾ, പുറമേയുള്ള തൂവലുകൾക്ക്‌ എന്തെങ്കിലും കോട്ടംതട്ടുന്നെങ്കിൽ അതു സംബന്ധിച്ചു പക്ഷിക്ക്‌ അറിവുകൊടുക്കുന്നതായും എത്ര വേഗത്തിലാണു പറന്നുകൊണ്ടിരിക്കുന്നതെന്നു നിർണയിക്കാൻ അതിനെ സഹായിക്കുന്നതായിപ്പോലും കരുതപ്പെടുന്നു. സദാ വളർന്നുകൊണ്ടിരിക്കുന്നതും ഒരിക്കലും കൊഴിഞ്ഞുപോകാത്തതുമായ പൊടിത്തൂവലുകളുടെ തൂവലിഴകൾ ഉരഞ്ഞ്‌ ഒരുതരം പൊടിയായി മാറുന്നു. പക്ഷിയുടെ തൂവൽക്കുപ്പായം നനയാതെ സൂക്ഷിക്കുന്നതിൽ ഈ പൊടിക്ക്‌ പങ്കുള്ളതായി കാണപ്പെടുന്നു.

തൂവലുകൾ മറ്റു ധർമങ്ങൾ നിർവഹിക്കുന്നതോടൊപ്പം ചൂട്‌, തണുപ്പ്‌, അൾട്രാവയലറ്റ്‌ പ്രകാശം എന്നിവയിൽനിന്നു പക്ഷികളെ സംരക്ഷിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്‌, കടൽത്താറാവുകൾക്ക്‌ കൊടും തണുപ്പുള്ള കടൽക്കാറ്റുകൾ ഒരു പ്രശ്‌നമേയല്ലാത്തതായി കാണപ്പെടുന്നു. എന്താണതിന്റെ രഹസ്യം? പഴുതുകളില്ലാത്ത ആവരണപത്രത്തിനടിയിലായി 1.7 സെന്റിമീറ്റർവരെ കനത്തിൽ പഞ്ഞിത്തൂവൽ (down) എന്നറിയപ്പെടുന്ന മാർദവമേറിയ നറും തൂവലുകളുടെ ഒരു അടുക്കുതന്നെയുണ്ട്‌. ഇത്‌ ശരീരത്തിന്റെ മിക്കഭാഗത്തെയും പൊതിഞ്ഞിരിക്കും. ഇന്നോളം വികസിപ്പിച്ചെടുത്തിട്ടുള്ള രോധകങ്ങളിൽ (insulators) ഒന്നിനുപോലും ഇതിനോടു കിടപിടിക്കാൻ കഴിയില്ല.

കേടുപാടുകൾ സംഭവിക്കുന്ന തൂവലുകൾ പക്ഷികൾ യഥാസമയം പൊഴിച്ചുകളയുന്നു, തത്‌സ്ഥാനത്തു പുതിയവ മുളച്ചുവരുന്നു. മിക്ക പക്ഷികളും, പറക്കാനുള്ള കഴിവിനു ഭംഗം വരാതിരിക്കാൻ ചിറകിലും വാലിലുമുള്ള തൂവലുകൾ ഒരു നിശ്ചിത ക്രമത്തിലാണു പൊഴിക്കുന്നത്‌.

“തികവാർന്ന രൂപസവിശേഷത”

വിദഗ്‌ധമായ രൂപകൽപ്പനയുടെയും എഞ്ചിനീയറിങ്ങിന്റെയും ശിൽപ്പചാതുര്യത്തിന്റെയും പരിണതഫലമാണ്‌ സുരക്ഷിതമായ ഓരോ വിമാനവും. പക്ഷികളെയും അവയുടെ തൂവൽക്കുപ്പായത്തെയും സംബന്ധിച്ചെന്ത്‌? ഫോസിൽ തെളിവുകൾ ഇല്ലാത്തതിനാൽ, തൂവലുകൾ എങ്ങനെയാണു രൂപപ്പെട്ടത്‌ എന്നതിനെച്ചൊല്ലി പരിണാമവാദികളുടെ ഇടയിൽ ചൂടുപിടിച്ച വാദപ്രതിവാദങ്ങൾ നടക്കുകയാണ്‌. സയൻസ്‌ ന്യൂസ്‌ മാസിക പറയുന്ന പ്രകാരം, യാഥാസ്ഥിതികരുടെയും പുരാജീവിശാസ്‌ത്രജ്ഞരുടെയും “കടുംപിടിത്തം,” “പരസ്‌പരമുള്ള കടുത്ത അവഹേളനം,” “വികാരവിസ്‌ഫോടനം” എന്നിവ ഇത്തരം ചർച്ചകളുടെ മുഖമുദ്രയായി മാറിയിരിക്കുന്നു. തൂവലിന്റെ പരിണാമത്തെ ആസ്‌പദമാക്കിയുള്ള സിമ്പോസിയം സംഘടിപ്പിച്ച ഒരു പരിണാമ ജീവശാസ്‌ത്രജ്ഞൻ ഇങ്ങനെ സമ്മതിച്ചു പറയുന്നു: “ശാസ്‌ത്ര സംബന്ധിയായ ഒരു ചർച്ചയ്‌ക്ക്‌ ഇത്ര സംസ്‌കാരശൂന്യമായ പെരുമാറ്റത്തിനും വിദ്വേഷത്തിനും വഴിവെക്കാനാകുമെന്നു സ്വപ്‌നത്തിൽപോലും ഞാൻ കരുതിയതല്ല.” തൂവലുകൾ യാഥാർഥത്തിൽ പരിണമിച്ചുവന്നതാണെങ്കിൽ അതിന്റെ വികാസത്തെക്കുറിച്ചുള്ള ചർച്ചകൾ ഇത്ര വിദ്വേഷപൂരിതമായിത്തീരുന്നത്‌ എന്തുകൊണ്ടാണ്‌?

“തൂവലുകളുടെ തികവാർന്ന രൂപസവിശേഷതയാണു പ്രശ്‌നം” എന്ന്‌ യേൽ യൂണിവേഴ്‌സിറ്റിയുടെ മാനുവൽ ഓഫ്‌ ഓർണിത്തോളജി​—⁠ഏവിയൻ സ്‌ട്രക്‌ചർ ആന്റ്‌ ഫങ്‌ഷൻ പറയുന്നു. കൂടുതൽ മെച്ചപ്പെടേണ്ടതിന്റെ ആവശ്യം എന്നെങ്കിലും ഉണ്ടായിരുന്നിട്ടുള്ളതിന്റെ യാതൊരു ലക്ഷണവും തൂവലുകളിൽ കാണുന്നില്ല. “ഏറ്റവും പുരാതനമെന്നു കരുതിപ്പോരുന്ന തൂവൽ ഫോസിലും ഇന്നുള്ള പക്ഷികളുടെ തൂവലും തമ്മിൽ യാതൊരു വ്യത്യാസവും കാണാനാകുന്നില്ല” എന്നതാണു വാസ്‌തവം. * എന്നാൽ പരിണാമ സിദ്ധാന്തം പഠിപ്പിക്കുന്നത്‌, ശൽക്കങ്ങൾ കാലപ്രവാഹത്തിൽ രൂപാന്തരം പ്രാപിച്ച്‌ തൂവലുകൾ ഉണ്ടായി എന്നാണ്‌. മാനുവൽ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ചുറ്റുപാടുമായി പൊരുത്തപ്പെടാൻ സഹായകമായ എന്തെങ്കിലുമൊരു സവിശേഷത കൈവരുമായിരുന്നെങ്കിൽ മാത്രമേ ഓരോ ഘട്ടത്തിലും പരിണാമം നടക്കുമായിരുന്നുള്ളൂ.”

ലളിതമായി പറഞ്ഞാൽ, തൂവലിന്റെ ഘടനയിലുള്ള യാദൃച്ഛികവും സ്ഥായിയുമായ മാറ്റങ്ങളുടെ ശൃംഖലയിലെ ഓരോ ഘട്ടവും പക്ഷിയുടെ അതിജീവനസാധ്യത ഗണ്യമായി വർധിപ്പിക്കാത്തിടത്തോളം, സ്വന്തം സിദ്ധാന്തം അനുസരിച്ചുപോലും ഒരു തൂവലിന്റെ രൂപസവിശേഷതയുടെ ചുരുളഴിക്കാൻ പരിണാമവാദത്തിനു കഴിയുന്നില്ല. ഇത്ര സങ്കീർണവും കുറ്റമറ്റ പ്രവർത്തനക്ഷമതയുള്ളതുമായ തൂവലിന്‌ ഈ വിധത്തിൽ ആവിർഭവിക്കാനാകുമെന്ന്‌ പല പരിണാമവാദികളും വിശ്വസിക്കുന്നില്ല.

തന്നെയുമല്ല, തൂവലുകൾ ദീർഘനാളുകൾകൊണ്ട്‌ പടിപടിയായി വികാസം പ്രാപിച്ചതാണെങ്കിൽ, അവയ്‌ക്കിടയിലുള്ള കണ്ണികൾ ഫോസിൽ രേഖയിൽ തീർച്ചയായും കാണേണ്ടതാണ്‌. എന്നാൽ പൂർണരൂപം പ്രാപിച്ച തൂവലുകളുടെ ‘വിരലടയാളം’ അല്ലാതെ അത്തരം കണ്ണികൾ ഒന്നുംതന്നെ ഇന്നേവരെ കണ്ടെത്തിയിട്ടില്ല. മേൽപരാമർശിച്ച മാനുവൽ ഇങ്ങനെ പറയുന്നു: “തൂവലുകൾ അതിസങ്കീർണമാണെന്ന സത്യം പരിണാമ സിദ്ധാന്തത്തെ പറപറത്താൻ പോന്നതാണ്‌.”

അനന്തം, അപാരം, അവർണനീയം

തൂവലുകളുടെ പൂർണത, പരിണാമവാദികൾ നേരിടുന്ന പ്രശ്‌നങ്ങളിൽ ഒന്നു മാത്രമാണ്‌. ഒരു പക്ഷിയുടെ മുഴു ശരീരവും, പറക്കാൻ സാധിക്കത്തക്കവിധം രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നു എന്നതാണു വാസ്‌തവം. ഉദാഹരണത്തിന്‌, ഭാരം കുറഞ്ഞ പൊള്ളയായ അസ്ഥികളും അങ്ങേയറ്റം കാര്യക്ഷമതയുള്ള ശ്വസന വ്യവസ്ഥയും ചിറകടിക്കാനും ചിറകുകളെ നിയന്ത്രിക്കാനുമുള്ള പ്രത്യേകം പേശികളും പക്ഷികൾക്കുണ്ട്‌. ഓരോ തൂവലിന്റെയും നില നിയന്ത്രിക്കാൻതന്നെ അനേകം പേശികളുണ്ട്‌. കൂടാതെ ചെറുതെങ്കിലും അത്ഭുതകരമായ അതിന്റെ തലച്ചോറുമായി ഓരോ പേശിയെയും ബന്ധിപ്പിക്കുന്ന നാഡികളും ഉണ്ട്‌. ഈ സംവിധാനങ്ങളെയെല്ലാം ഏകകാലികമായി, കൃത്യതയോടെ, സ്വതസിദ്ധമായി നിയന്ത്രിക്കാൻ തക്കവിധം അതിന്റെ തലച്ചോറ്‌ മുൻകൂട്ടി പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നു. അതേ, തൂവലുകൾ മാത്രമല്ല ഒരു പക്ഷിയെ പറക്കാൻ സഹായിക്കുന്നത്‌; അത്യന്തം സങ്കീർണമായ ഈ ഘടകങ്ങളെല്ലാം അതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്‌.

വളർച്ചയോടും സഹജജ്ഞാനത്തോടും ബന്ധപ്പെട്ട സകല വിവരങ്ങളും രേഖപ്പെടുത്തിയിരിക്കുന്ന ഒരു കുഞ്ഞു കോശത്തിൽനിന്നാണ്‌ പറക്കാനുള്ള കഴിവുമായി ഓരോ പക്ഷിയും വളർന്നുവരുന്നത്‌ എന്ന കാര്യം മനസ്സിൽപ്പിടിക്കുക. ഇതെല്ലാം, ഗുണകരമായിത്തീർന്ന ഒരു യാദൃച്ഛിക സംഭവപരമ്പരയുടെ ഫലമായി രൂപമെടുത്തവ ആയിരിക്കുമോ? അതോ പക്ഷികളും അവയുടെ തൂവൽക്കുപ്പായവും, അത്യന്തം ബുദ്ധിശാലിയായ ഒരു സ്രഷ്ടാവിന്റെ കരവിരുത്‌ വിളിച്ചോതുന്നു എന്നതാണോ ഏറ്റവും ലളിതവും അതേസമയം ഏറ്റവും ന്യായയുക്തവും ശാസ്‌ത്രീയവുമായ വിശദീകരണം? തെളിവുകൾ സംസാരിക്കട്ടെ.​—⁠റോമർ 1:20.

[അടിക്കുറിപ്പ്‌]

^ ഖ. 12 വംശനാശം ഭവിച്ച ആർക്കിയോപ്‌ടെറിക്‌സിന്റെ തൂവൽ ഫോസിലാണ്‌ ഏറ്റവും പുരാതനമെന്നു കരുതിപ്പെടുന്നത്‌. ഇന്നു കാണപ്പെടുന്ന പക്ഷികളുടെ വംശപരമ്പരയിലെ “നഷ്ടപ്പെട്ട കണ്ണി”യായി ചിലപ്പോഴൊക്കെ ഇതിനെ ചിത്രീകരിക്കാറുണ്ട്‌. എന്നിരുന്നാലും മിക്ക പുരാജീവിശാസ്‌ത്രജ്ഞരും ഇതിനെ ഇന്നുള്ള പക്ഷികളുടെ പൂർവികരായി കണക്കാക്കുന്നില്ല.

[24-ാം പേജിലെ ചതുരം/ചിത്രം]

വ്യാജ ‘തെളിവുകൾ’

പക്ഷികൾ മറ്റു ജീവികളിൽനിന്നു പരിണമിച്ചുവന്നതിന്റെ വ്യക്തമായ രേഖകൾ എന്നു വാനോളം പുകഴ്‌ത്തിയിരുന്ന ഫോസിൽ ‘തെളിവുകൾ’ വ്യാജമെന്നു തെളിഞ്ഞിരിക്കുന്നു. ഉദാഹരണത്തിന്‌ ദിനോസറിന്റേതിനു സമാനമായ വാലുള്ള, തൂവൽ ധാരിയായ ഒരു ജീവിയുടെ ഫോസിലിനെക്കുറിച്ചുള്ള ഒരു ലേഖനം 1999-ൽ നാഷണൽ ജിയോഗ്രഫിക്‌ മാസികയിൽ പ്രത്യക്ഷപ്പെട്ടു. “ദിനോസറിനെ പക്ഷികളുമായി ബന്ധിപ്പിക്കുന്ന സങ്കീർണമായ ശൃംഖലയിലെ നഷ്ടപ്പെട്ട യഥാർഥ കണ്ണി” എന്നാണ്‌ ആ മാസിക അതിനെ വിശേഷിപ്പിച്ചത്‌. എന്നാൽ രണ്ടു വ്യത്യസ്‌ത ജന്തുക്കളുടെ ഫോസിലുകൾ കൂട്ടിച്ചേർത്തുണ്ടാക്കിയ വ്യാജനായിരുന്നു അതെന്നു പിന്നീടു വ്യക്തമായി. അത്തരമൊരു “നഷ്ടപ്പെട്ട . . . കണ്ണി” ഇന്നേവരെ കണ്ടെത്തിയിട്ടില്ല എന്നതാണു വാസ്‌തവം.

[കടപ്പാട്‌]

O. Louis Mazzatenta/National Geographic Image Collection

[25-ാം പേജിലെ ചതുരം]

പക്ഷികളുടെ നോട്ടത്തിൽ

വർണവൈവിധ്യങ്ങളുടെ കലവറയായ തൂവലുകൾ ആരുടെയും കണ്ണിനു കുളിരേകുന്ന കാഴ്‌ചയാണ്‌. എന്നാൽ സഹപക്ഷികളുടെ നോട്ടത്തിൽ ഈ തൂവലുകൾക്ക്‌ അതിലേറെ ചാരുത കൈവരുന്നുണ്ടാകാം. നിറഭേദങ്ങൾ തിരിച്ചറിയാൻ മനുഷ്യന്റെ കണ്ണിൽ മൂന്നു തരം കോൺകോശങ്ങളുള്ളപ്പോൾ ചില പക്ഷികൾക്ക്‌ നാലു തരം കോൺകോശങ്ങളാണുള്ളത്‌. കൂടുതലായുള്ള ഈ ദൃശ്യസഹായി, മനുഷ്യർക്ക്‌ അദൃശ്യമായ അൾട്രാവയലറ്റ്‌ പ്രകാശം തിരിച്ചറിയാൻ പക്ഷികളെ സഹായിക്കുന്നു. ചില സ്‌പീഷീസിലുള്ള പക്ഷികളിലെ പൂവനും പിടയും മനുഷ്യന്റെ കണ്ണിൽ ഒരുപോലെയാണ്‌. എന്നാൽ പൂവന്റെ തൂവലുകൾ പിടയുടേതിൽനിന്നു വ്യത്യസ്‌തമായ ഒരു വിധത്തിലാണ്‌ അൾട്രാവയലറ്റ്‌ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നത്‌. ഈ വ്യത്യാസം പക്ഷികളുടെ കണ്ണുകൾക്കു ദൃശ്യമാണ്‌. ഭാവി ഇണയെ കണ്ടെത്താൻ ഇത്‌ അവയെ സഹായിച്ചേക്കാം.

[23-ാം പേജിലെ രേഖാചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

തൂവലിഴ

പിച്ഛിക

തണ്ട്‌

[24-ാം പേജിലെ ചിത്രം]

ആവരണപത്രങ്ങൾ

[24-ാം പേജിലെ ചിത്രം]

രോമത്തൂവൽ

[25-ാം പേജിലെ ചിത്രം]

പൊടിത്തൂവൽ

[25-ാം പേജിലെ ചിത്രം]

പഞ്ഞിത്തൂവൽ

[25-ാം പേജിലെ ചിത്രം]

ഗാന്നെറ്റ്‌