വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘നല്ലവരായിരുന്നാൽ’ മാത്രം മതിയോ?

‘നല്ലവരായിരുന്നാൽ’ മാത്രം മതിയോ?

ബൈബിളിന്റെ വീക്ഷണം

‘നല്ലവരായിരുന്നാൽ’ മാത്രം മതിയോ?

“നന്നായി ജീവിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നു, അങ്ങനെ നല്ലൊരു വ്യക്തിയായിരിക്കാനും,” അലെസൻ എന്ന യുവതിയുടെ വാക്കുകളാണവ. അത്തരമൊരു ജീവിതം നയിക്കാൻ മാത്രമേ ദൈവം നമ്മിൽനിന്ന്‌ പ്രതീക്ഷിക്കുന്നുള്ളൂ എന്നു വിശ്വസിക്കുന്നവരാണ്‌ അനേകരും, ആ യുവതിയെപ്പോലെ.

ഗുരുതരമായ പാപം ചെയ്‌താലും തങ്ങളുടെ പൊതുവേയുള്ള സ്വഭാവഗുണങ്ങൾ നന്നായിരിക്കുന്നിടത്തോളം ദൈവം അതു കണക്കിടുകയില്ല എന്നാണ്‌ മറ്റു ചിലർ കരുതുന്നത്‌. കുറ്റംവിധിക്കുന്നതിനെക്കാൾ ക്ഷമിക്കാൻ പ്രവണതയുള്ളവനാണു ദൈവം എന്നാണ്‌ അവരുടെ വിശ്വാസം.

‘നല്ലവരായിരിക്കുക’ എന്നതു സംബന്ധിച്ച ഓരോ വ്യക്തിയുടെയും കാഴ്‌ചപ്പാടു വ്യത്യസ്‌തമാണ്‌. എന്നാൽ ബൈബിൾ എന്താണു പറയുന്നത്‌? ദൈവത്തിന്റെ അംഗീകാരം നേടാൻ നാം എന്തു ചെയ്യണം? ദൈവദൃഷ്ടിയിൽ നല്ല ഒരു വ്യക്തിയായിരിക്കുക എന്നതിന്റെ അർഥമെന്ത്‌?

സ്രഷ്ടാവിന്റെ മാർഗനിർദേശം കൈക്കൊള്ളുക

സ്രഷ്ടാവെന്ന നിലയിൽ, നമുക്ക്‌ ധാർമിക മാർഗനിർദേശങ്ങൾ നൽകാനുള്ള അവകാശം യഹോവയാം ദൈവത്തിനുണ്ട്‌. (വെളിപ്പാടു 4:11) നമ്മുടെ പെരുമാറ്റത്തെയും ആരാധനയെയും സംബന്ധിച്ച നിയമങ്ങളും തത്ത്വങ്ങളും ദൈവം ബൈബിളിലൂടെ പ്രദാനംചെയ്യുന്നു. തന്റെ ജനത്തോടു ദൈവം ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എന്റെ വാക്കു കേട്ടനുസരിച്ചു ഞാൻ നിങ്ങളോടു കല്‌പിച്ചതുപോലെ ഒക്കെയും ചെയ്‌വിൻ; എന്നാൽ നിങ്ങൾ എനിക്കു ജനവും ഞാൻ നിങ്ങൾക്കു ദൈവവും ആയിരിക്കും.”​—⁠യിരെമ്യാവു 11:4.

അതുകൊണ്ട്‌, ദൈവദൃഷ്ടിയിൽ ‘നല്ലവരായിരിക്കാൻ’ ദൈവിക നിലവാരങ്ങൾ എന്തെന്നു പഠിക്കുകയും അതിനനുസൃതമായി നമ്മുടെ ജീവിതത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തുകയും ചെയ്യേണ്ടത്‌ അനിവാര്യമാണ്‌. നിങ്ങൾ ഒരാളുടെ സൗഹൃദം നേടാൻ ആഗ്രഹിക്കുന്നു എന്നിരിക്കട്ടെ. മറ്റുള്ളവരിൽനിന്ന്‌ എങ്ങനെയുള്ള പെരുമാറ്റമാണ്‌ അദ്ദേഹം പ്രതീക്ഷിക്കുന്നതെന്നു മനസ്സിലാക്കാൻ സ്വാഭാവികമായും നിങ്ങൾ ആഗ്രഹിക്കും. എന്നിട്ട്‌ അതനുസരിച്ചു പെരുമാറും. ഗോത്രപിതാവായ അബ്രാഹാമിനെപ്പോലെ നമുക്കും ദൈവത്തിന്റെ സ്‌നേഹിതൻ ആയിരിക്കാനാകുമെന്നു ബൈബിൾ സൂചിപ്പിക്കുന്നു. അതേ, ദൈവാംഗീകാരം നേടാൻ നമുക്കും കഴിയും. (യാക്കോബ്‌ 2:23) അതേസമയം, നമുക്കുള്ളതിനെക്കാൾ ഏറെ ഉയർന്ന നിലവാരങ്ങളാണു ദൈവത്തിന്റേത്‌ എന്നതിനാൽ നമ്മുടെ വ്യക്തിപരമായ നിലവാരങ്ങൾക്കനുസരിച്ചു ദൈവം ഭേദഗതികൾ വരുത്തുമെന്നു നമുക്കു പ്രതീക്ഷിക്കാനാവില്ല.​—⁠യെശയ്യാവു 55:8, 9.

അനുസരണത്തിന്റെ പ്രസക്തി

‘ലഘുവായ’ കൽപ്പനകൾ നാം അവഗണിച്ചാൽ ദൈവാംഗീകാരം നഷ്ടപ്പെടുമോ? ചില ‘നിസ്സാര’ കൽപ്പനകൾ അനുസരിക്കുന്നത്‌ അത്ര പ്രധാനമല്ല എന്നതായിരിക്കാം ചിലരുടെ ന്യായവാദം. എന്നാൽ, ദൈവം സ്ഥാപിച്ച യാതൊരു നിയമവും അപ്രധാനമെന്നു പറഞ്ഞു ചവറ്റുകൊട്ടയിൽ തള്ളാൻ നമുക്കാവില്ല. അത്തരം തരംതിരിവുകളൊന്നും കൂടാതെ 1 യോഹന്നാൻ 5:​3-ൽ ബൈബിൾ പറയുന്നതു ശ്രദ്ധിക്കുക: “അവന്റെ കല്‌പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്‌നേഹം.” ദൈവത്തിന്റെ സകല നിയമങ്ങളും അനുസരിക്കാൻ സർവാത്മനാ ശ്രമിക്കുമ്പോൾ അവനോടുള്ള നിസ്സ്വാർഥ സ്‌നേഹത്തിനു തെളിവു നൽകുകയാണ്‌ നാം.​—⁠മത്തായി 22:37.

സകലത്തിലും പൂർണത പ്രതീക്ഷിക്കുന്ന ഒരു പരിപൂർണതാവാദിയല്ല യഹോവ. പാപങ്ങൾ സംബന്ധിച്ചു നമുക്കു ശരിയായ അനുതാപം ഉണ്ടായിരിക്കുകയും അവ ആവർത്തിക്കാതിരിക്കാൻ നാം പരമാവധി ശ്രമിക്കുകയും ചെയ്യുമ്പോൾ യഹോവ മനസ്സോടെ ക്ഷമിക്കുന്നു. (സങ്കീർത്തനം 103:12-14; പ്രവൃത്തികൾ 3:19) ചില നിയമങ്ങൾ മനഃപൂർവം അവഗണിച്ചിട്ട്‌ ആ കുറവു നികത്താനായി മറ്റുള്ളവ അനുസരിച്ചാൽ മതിയെന്നു ചിന്തിക്കുന്നത്‌ ഉചിതമാണോ? അല്ലെന്നാണ്‌ പിൻവരുന്ന ബൈബിൾ ദൃഷ്ടാന്തം നമ്മെ പഠിപ്പിക്കുന്നത്‌.

ശൗൽ രാജാവ്‌ യഹോവയുടെ കൽപ്പനകൾ അനുസരിക്കുന്നതിൽ തിരഞ്ഞെടുപ്പുകൾ നടത്തി; അതായത്‌ ചിലത്‌ അനുസരിച്ചു, മറ്റുചിലത്‌ അവഗണിച്ചു. അമാലേക്യരുമായുള്ള യുദ്ധത്തിൽ ആടുമാടുകളെയൊക്കെയും നശിപ്പിക്കാൻ ദൈവം ശൗലിനോടു കൽപ്പിച്ചു. അവൻ അവയെ ‘സംഹരിച്ചുകളയേണ്ടിയിരുന്നു.’ ശൗൽ മറ്റു നിർദേശങ്ങൾ പിൻപറ്റിയെങ്കിലും “ആടു, മാടു . . . എന്നിവയിൽ മേത്തരമായവയെ” ഒക്കെയും ഒഴിവാക്കിക്കൊണ്ട്‌ അനുസരണക്കേടു കാണിച്ചു. എന്തുകൊണ്ട്‌? അവനും ശേഷംജനത്തിനും അതു സ്വന്തമാക്കണമെന്നു തോന്നി.​—⁠1 ശമൂവേൽ 15:2-9.

യഹോവയുടെ കൽപ്പന അനുസരിക്കാതിരുന്നത്‌ എന്തുകൊണ്ടെന്നു ശമൂവേൽ പ്രവാചകൻ ചോദിച്ചപ്പോൾ ശൗൽ പ്രതിഷേധിക്കുകയും അനുസരിച്ചതായി അവകാശപ്പെടുകയും ചെയ്‌തു. ദൈവത്തിന്‌ അർപ്പിച്ച യാഗങ്ങൾ ഉൾപ്പെടെ, താനും ജനങ്ങളും ചെയ്‌ത നല്ലകാര്യങ്ങൾ അവൻ അക്കമിട്ടു നിരത്തി. ശമൂവേൽ ഇപ്രകാരം ചോദിച്ചു: “യഹോവയുടെ കല്‌പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവെക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലത്‌.” (1 ശമൂവേൽ 15:17-22) അതുകൊണ്ട്‌ യാഗങ്ങൾ അർപ്പിച്ചുകൊണ്ടോ മറ്റു നല്ല കാര്യങ്ങൾ ചെയ്‌തുകൊണ്ടോ അനുസരണക്കേടിന്‌ പ്രായശ്ചിത്തം ചെയ്യാൻ നമുക്കാവില്ല.

ദൈവിക നിലവാരങ്ങൾ​—⁠അവന്റെ സ്‌നേഹത്തിന്റെ പ്രകടനം

യഹോവയെ എങ്ങനെ പ്രസാദിപ്പിക്കാമെന്ന്‌ ഊഹിച്ചെടുക്കേണ്ട ഒരു അവസ്ഥയിൽ നമ്മെ വിട്ടുകളയാൻമാത്രം സ്‌നേഹശൂന്യനല്ല യഹോവ. ബൈബിളിലൂടെ അവൻ വ്യക്തമായ ധാർമിക മാർഗനിർദേശങ്ങൾ നൽകുന്നു, “വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ” എന്നു പറയുന്നതുപോലെ. (യെശയ്യാവു 30:21) അവന്റെ മാർഗനിർദേശങ്ങൾ പിൻപറ്റുമ്പോൾ പരസ്‌പര വിരുദ്ധങ്ങളായ മാനുഷിക ധാർമികതയുടെ നെല്ലും പതിരും വേർതിരിച്ചെടുക്കുന്നതിലെ വൈഷമ്യങ്ങളും അനിശ്ചിതത്വങ്ങളും ഒഴിവാക്കാൻ നമുക്കാകുന്നു. കൂടാതെ, ‘ശുഭകരമായി പ്രവർത്തിക്കാൻ നമ്മെ അഭ്യസിപ്പിക്കുന്ന’ ദൈവിക മാർഗനിർദേശങ്ങൾ എല്ലായ്‌പോഴും നമ്മുടെ നന്മയിൽ കലാശിക്കുമെന്ന്‌ ഉറപ്പുള്ളവരായിരിക്കാനും നമുക്കു സാധിക്കും.​—⁠യെശയ്യാവു 48:17, 18.

‘നല്ലവരായിരിക്കുക’ എന്നതിൽ ഉൾപ്പെട്ടിരിക്കുന്നത്‌ എന്താണെന്നു നാം സ്വയം തീരുമാനിക്കുന്നതിൽ എന്താണു കുഴപ്പം? സ്വാർഥമായി പ്രവർത്തിക്കുന്നതിനുള്ള ചായ്‌വ്‌ നാമെല്ലാം അവകാശപ്പെടുത്തിയിട്ടുണ്ട്‌. സ്വന്തം ഹൃദയം നമ്മെ വഞ്ചിച്ചേക്കാം. (യിരെമ്യാവു 17:9) അനുസരിക്കാൻ ബുദ്ധിമുട്ടുള്ളതും കർക്കശവുമെന്നു നമുക്കു തോന്നുന്ന ദൈവിക വ്യവസ്ഥകൾ നിസ്സാരീകരിച്ചു കാണാൻ നാം ചായ്‌വുകാണിച്ചേക്കാം.

ഉദാഹരണത്തിന്‌, അവിവാഹിതരായ രണ്ടുപേർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തീരുമാനിച്ചേക്കാം; മറ്റാരും ഉൾപ്പെട്ടിട്ടില്ലാത്ത സ്ഥിതിക്ക്‌ അതു തികച്ചും വ്യക്തിപരമായ കാര്യമല്ലേ എന്നായിരിക്കും അവർ ചിന്തിക്കുന്നത്‌. ബൈബിൾ നിലവാരങ്ങൾക്കു ചേർച്ചയിലല്ല തങ്ങൾ പ്രവർത്തിക്കുന്നത്‌ എന്ന്‌ ഒരുപക്ഷേ അവർക്ക്‌ അറിയാമായിരിക്കാം. എങ്കിലും “ആർക്കും ഒരു ദോഷവും ഇല്ലാ”ത്തിടത്തോളം ദൈവം അതു കണക്കിടുകയില്ല എന്നതായിരിക്കാം നിഗമനം. മോഹങ്ങളുടെ തിരത്തള്ളലിൽ കാര്യത്തിന്റെ ഗൗരവവും അനന്തരഫലങ്ങളും കാണാൻ അവർക്കു കഴിയാതെ വന്നേക്കാം. ബൈബിൾ ഇവ്വിധം മുന്നറിയിപ്പു നൽകുന്നു: “ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികൾ അത്രേ.”​—⁠സദൃശവാക്യങ്ങൾ 14:12.

മനുഷ്യരാശിയോടുള്ള യഹോവയുടെ സ്‌നേഹത്തിന്റെയും നാം കഷ്ടപ്പെടരുതെന്ന അവന്റെ ആഗ്രഹത്തിന്റെയും പ്രതിഫലനമാണ്‌ അവന്റെ സകല നിയമങ്ങളും. ലൈംഗിക ധാർമികതയോ മറ്റു പെരുമാറ്റരീതികളോ സംബന്ധിച്ച ദൈവിക നിലവാരങ്ങൾ അവഗണിച്ചത്‌ ആർക്കും ജീവിത വിജയമോ സന്തോഷമോ നേടിക്കൊടുത്തിട്ടില്ല. അനേകരുടെയും ജീവിതത്തെ അത്‌ അങ്ങേയറ്റം ദുഷ്‌കരമാക്കിയിരിക്കുന്നു. നേരെമറിച്ച്‌, ദൈവിക തത്ത്വങ്ങൾ അനുസരിക്കുന്നത്‌ നല്ലൊരു ജീവിതം നയിക്കാനും നമുക്കും മറ്റുള്ളവർക്കും അനാവശ്യമായ ദോഷം വരുത്തിവെക്കുന്നത്‌ ഒഴിവാക്കാനും നമ്മെ സഹായിക്കുന്നു.​—⁠സങ്കീർത്തനം 19:7-11.

ദൈവദൃഷ്ടിയിൽ നല്ലവനായിരിക്കാൻ നിങ്ങൾ ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവന്റെ മാർഗനിർദേശങ്ങൾ പിൻപറ്റാൻ സകല ശ്രമവും ചെയ്യുക. “[യഹോവയുടെ] കലപ്‌നകൾ ഭാരമുള്ളവയല്ല” എന്നു നിങ്ങൾ അനുഭവിച്ചറിയും.​—⁠1 യോഹന്നാൻ 5:3.

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

▪ സ്രഷ്ടാവിന്റെ മാർഗനിർദേശങ്ങൾ കൈക്കൊള്ളേണ്ടത്‌ എന്തുകൊണ്ട്‌?​—⁠വെളിപ്പാടു 4:11.

▪ ദൈവത്തിന്റെ സകല കൽപ്പനകളും നാം അനുസരിക്കണമോ?​—⁠1 യോഹന്നാൻ 5:3.

▪ നമ്മുടെ സ്വന്തം ധാർമിക നിലവാരങ്ങൾ പിൻപറ്റുന്നതു ബുദ്ധിയല്ലാത്തത്‌ എന്തുകൊണ്ട്‌?​—⁠സദൃശവാക്യങ്ങൾ 14:12; യിരെമ്യാവു 17:9.

[21-ാം പേജിലെ ചിത്രം]

ധാർമികത സംബന്ധിച്ച്‌ നിങ്ങൾക്ക്‌ ദൈവത്തിന്റെ വീക്ഷണമുണ്ടോ?