വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“യഹോവേ, നിന്നെ സേവിക്കാൻ എന്നെ അനുവദിക്കണമേ”

“യഹോവേ, നിന്നെ സേവിക്കാൻ എന്നെ അനുവദിക്കണമേ”

“യഹോവേ, നിന്നെ സേവിക്കാൻ എന്നെ അനുവദിക്കണമേ”

ഡാനിയേൽ ഹാൾ പറഞ്ഞപ്രകാരം

കുഞ്ഞായിരുന്നപ്പോൾ, തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന എന്റെ നാന്നായുടെ (ഡാഡിയുടെ രണ്ടാനമ്മ) അടുത്തുപോകുന്നതു വലിയ ഇഷ്ടമായിരുന്നു എനിക്ക്‌. ഉച്ചമയക്കം നാന്നായ്‌ക്കു പതിവായിരുന്നു. അതിനിടയ്‌ക്കെങ്ങാനും ഞാൻ അവിടെ കയറിച്ചെന്നാലോ, എന്നെ കട്ടിലിൽ കയറ്റിയിരുത്തി നാന്നാ ബൈബിൾ കഥകൾ വായിച്ചുകേൾപ്പിക്കും. “യഹോവ മോളെ സ്‌നേഹിക്കുന്നുണ്ടെന്ന കാര്യം ഒരിക്കലും മറക്കരുത്‌. മോൾ അവനെ സ്‌നേഹിക്കുകയാണെങ്കിലുണ്ടല്ലോ, അവൻ എക്കാലവും മോളെ കാത്തുകൊള്ളും” നാന്നാ എപ്പോഴും പറയുമായിരുന്നു. എന്റെ ഹൃദയതന്ത്രികളെ തൊട്ടുണർത്തിയ വാക്കുകളായിരുന്നു അവ.

എനിക്കു 4 വയസ്സുള്ളപ്പോൾ നാന്നാ മരിച്ചു, 1977-ൽ. ഓസ്‌ട്രേലിയയിലെ മോയി ആണ്‌ ഞങ്ങളുടെ സ്വദേശം. ഡാഡിയുടെ മറ്റെല്ലാ ബന്ധുക്കളെയുംപോലെ നാന്നായും യഹോവയുടെ സാക്ഷിയായിരുന്നു. ഡാഡിയും മമ്മിയും പക്ഷേ, സാക്ഷികളായിരുന്നില്ല. എന്നാൽ ഡാഡിക്ക്‌ ചെറിയൊരു അനുഭാവം ഉണ്ടായിരുന്നു. പിന്നീട്‌ ന്യൂ സൗത്ത്‌ വെയ്‌ൽസ്‌ തീരത്തിനടുത്തുള്ള ടിൻടെൻബാർ എന്ന ചെറുപട്ടണത്തിലേക്കു ഞങ്ങൾ താമസംമാറി. അവിടെയായിരുന്നപ്പോൾ ഞാനും ചേട്ടൻ ജേമിയും ഡാഡിയോടൊപ്പം ഇടയ്‌ക്കൊക്കെ സാക്ഷികളുടെ യോഗങ്ങൾക്കു പോകുമായിരുന്നു.

എനിക്ക്‌ എട്ടു വയസ്സായപ്പോഴേക്കും എന്റെ മാതാപിതാക്കൾ വിവാഹബന്ധം വേർപെടുത്തി. ഡാഡി മോയിയിലേക്കു മടങ്ങിപ്പോയെങ്കിലും ഞാനും ജേമിയും മമ്മിക്കൊപ്പമായിരുന്നു. ബൈബിളിനോടു താത്‌പര്യമില്ലായിരുന്ന മമ്മിക്ക്‌, ഞങ്ങൾ സാക്ഷികളുടെ യോഗങ്ങൾക്കു പോകുന്നതു തീരെ പിടിച്ചില്ല. ഇതെന്നെ വല്ലാതെ വേദനിപ്പിച്ചു. നാന്നായുടെ വാക്കുകൾ അന്നും ഹൃദയത്തിന്റെ ആഴങ്ങളിൽ മുഴങ്ങിക്കൊണ്ടിരുന്നു. തീർച്ചയായും ഞാൻ യഹോവയെ സ്‌നേഹിക്കുന്നുണ്ടെന്ന്‌ എനിക്കറിയാമായിരുന്നു! അവനെ സേവിക്കാൻ ഞാൻ ആഗ്രഹിക്കുകയും ചെയ്‌തിരുന്നു. അതുകൊണ്ട്‌, ഞാനും അവന്റെ സാക്ഷികളിൽ ഒരാളാണെന്ന്‌ പ്രാർഥനയിൽ അവനെ അറിയിച്ചു. ജേമിയും ഇതേ വികാരങ്ങളിലൂടെ കടന്നുപോകുകയായിരുന്നു.

സ്‌കൂളിലെ പരിശോധന

ഏറെക്കഴിയുംമുമ്പ്‌ ഒരു ദിവസം ഞങ്ങളുടെ അധ്യാപകൻ, സ്‌കൂളിലെ രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിനായി ഓരോ കുട്ടിയും തന്റെ മതം ഏതാണെന്ന്‌ ഉറക്കെപ്പറയാൻ ആവശ്യപ്പെട്ടു. ജേമി തന്റെ ഊഴമായപ്പോൾ, “യഹോവയുടെ സാക്ഷി” എന്നു വ്യക്തമായ ശബ്ദത്തിൽ വിളിച്ചുപറഞ്ഞു. ഉടനെ എഴുത്തു നിറുത്തിയ അദ്ദേഹം, അത്‌ ഒന്നുകൂടിപ്പറയാൻ ജേമിയോട്‌ ആവശ്യപ്പെട്ടു. ഉത്തരം കേട്ടിട്ടും വിശ്വാസം വരാതെ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “എനിക്കു തോന്നുന്നില്ലല്ലോ നീ യഹോവയുടെ സാക്ഷിയാണെന്ന്‌, ആകട്ടെ, കുറച്ചുകഴിഞ്ഞ്‌ നമുക്കു സംസാരിക്കാം.” എന്റെ ഊഴമായപ്പോൾ, “യഹോവയുടെ സാക്ഷി” എന്ന്‌ ഞാനും വിളിച്ചുപറഞ്ഞു. ആകപ്പാടെ ആശയക്കുഴപ്പത്തിലായ അദ്ദേഹം, പ്രിൻസിപ്പലിനെ ആളയച്ചുവരുത്തി.

“നിങ്ങളെ ഇവിടെ ചേർത്തതിന്റെ രേഖകളൊക്കെ എന്റെ കയ്യിലുണ്ട്‌, നിങ്ങൾ യഹോവയുടെ സാക്ഷികളാണെന്നൊന്നും നിങ്ങളുടെ മാതാപിതാക്കൾ എഴുതിത്തന്നിട്ടില്ല,” പ്രിൻസിപ്പൽ ദൃഢസ്വരത്തിൽ പറഞ്ഞു. “പക്ഷേ ഞങ്ങൾ ആ മതമാണു പിന്തുടരുന്നത്‌,” ആദരപൂർവം ഞങ്ങൾ പ്രതിവചിച്ചു. പിന്നീടൊരിക്കലും പ്രിൻസിപ്പലോ ആ അധ്യാപകനോ ഈ വിഷയം കുത്തിപ്പൊക്കിയിട്ടില്ല.

സ്‌കൂളിലായിരിക്കേ, ബൈബിളിനെക്കുറിച്ചുള്ള എന്റെ പരിമിതമായ അറിവ്‌ സഹപാഠികളുമായി പങ്കുവെക്കാൻ ഞാൻ ശ്രമിച്ചിരുന്നു. എന്റെ ബൈബിൾ കഥാ പുസ്‌തകത്തിന്റെ ഒരു പ്രതി ഞാൻ എപ്പോഴും കൂടെക്കരുതാറുണ്ടായിരുന്നു. * ദൈവവിശ്വാസിയായ ഒരു കൂട്ടുകാരിയെ അവസരംകിട്ടുമ്പോഴൊക്കെ ഞാൻ അതു വായിച്ചുകേൾപ്പിക്കുമായിരുന്നു. ക്രിസ്‌തീയ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ ശ്രമിച്ചിരുന്നതിനാൽ, എനിക്ക്‌ ഒരിക്കലും സഹപാഠികളുടെ ഇടയിൽ വലിയ പ്രശസ്‌തിയൊന്നും ലഭിച്ചിരുന്നില്ല. ചിലപ്പോഴൊക്കെ വല്ലാത്ത ഏകാന്തതയും തോന്നിയിരുന്നു.

ഹൃദയംഗമമായും പതിവായും യഹോവയോടു പ്രാർഥിച്ചുകൊണ്ട്‌ ഞാൻ അവനെ എന്റെ ഏറ്റവും അടുത്ത സുഹൃത്താക്കി. ദിവസവും സ്‌കൂൾവിട്ടു വന്നശേഷം കട്ടിലിൽ കയറിയിരുന്ന്‌ അന്നു നടന്ന സകല കാര്യങ്ങളും വള്ളിപുള്ളി വിടാതെ യഹോവയെ പറഞ്ഞുകേൾപ്പിക്കുന്നത്‌ എന്റെ ഒരു ശീലമായിരുന്നു. പലപ്പോഴും കരച്ചിലടക്കാൻ കഴിഞ്ഞിരുന്നില്ല. “യഹോവേ, നിന്റെ ജനത്തോടൊപ്പം നിന്നെ സേവിക്കാൻ എന്നെ അനുവദിക്കണമേ” എന്നു നിറകണ്ണുകളോടെ ഞാൻ യാചിക്കുമായിരുന്നു. പ്രാർഥന കഴിയുമ്പോൾ എന്തെന്നില്ലാത്ത ഒരു ആശ്വാസം ലഭിച്ചിരുന്നു.

കരുത്തേകിയ ഒരു കത്ത്‌

എനിക്കു പത്തു വയസ്സായപ്പോൾ, മോയിയിൽ താമസിക്കുകയായിരുന്ന ഡാഡിയുടെ അടുത്തേക്കു ജേമി മടങ്ങിപ്പോയി. അതോടെ ഞാൻ ആത്മീയമായി തികച്ചും ഒറ്റപ്പെട്ടു. അങ്ങനെയിരിക്കെ ഒരിക്കൽ അയൽപക്കത്തെ വീട്ടിൽ, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ഏതാനും മാസികകൾ ഇരിക്കുന്നത്‌ എന്റെ കണ്ണിൽപ്പെട്ടു. അതിൽനിന്ന്‌ പ്രാദേശിക ബ്രാഞ്ചോഫീസിന്റെ മേൽവിലാസം വേഗം മനപ്പാഠമാക്കിയ ഞാൻ അത്‌ എഴുതിവെക്കാനായി വീട്ടിലേക്കു പാഞ്ഞു. എന്റെ സാഹചര്യം വിശദമാക്കിക്കൊണ്ടും ആത്മീയ സഹായം അഭ്യർഥിച്ചുകൊണ്ടും ഞാൻ ബ്രാഞ്ചിന്‌ വികാരസാന്ദ്രമായ ഒരു കത്തെഴുതി. അവർ എനിക്കെഴുതിയ രണ്ടുപേജുള്ള, ഹൃദയസ്‌പർശിയായ മറുപടിക്കത്തു വായിച്ചപ്പോൾ കണ്ണുനീർകൊണ്ട്‌ അതു നനയാതിരിക്കാൻ ഞാൻ നന്നേ പാടുപെട്ടു. ഞാൻ യഹോവയ്‌ക്കു പ്രിയപ്പെട്ടവളാണെന്നതിന്റെ വ്യക്തമായ തെളിവായിരുന്നു അന്നെനിക്കു ലഭിച്ചത്‌!

പൂർവകാലത്തു ജീവിച്ചിരുന്ന, നയമാനെന്ന അരാമ്യ സേനാനായകന്റെ ഭവനത്തിൽ ശുശ്രൂഷ ചെയ്‌തിരുന്ന ഇസ്രായേല്യ പെൺകുട്ടി പ്രകടമാക്കിയ വിശ്വാസം അനുകരിക്കാൻ ആ കത്തിലൂടെ അവർ എന്നെ പ്രോത്സാഹിപ്പിച്ചു. സ്വദേശംവിട്ട്‌, വളരെ അകലെ ഒരു ദാസിയായി കഴിയേണ്ടിവന്നിട്ടും അവൾ തന്റെ ദൈവമായ യഹോവയുമായുള്ള ഉറ്റബന്ധം കൈവിട്ടില്ല. തന്റെ വിശ്വാസത്തെക്കുറിച്ചു സധൈര്യം സംസാരിച്ചുകൊണ്ട്‌, അവന്റെ ഒരു യഥാർഥ സാക്ഷിയാണു താനെന്ന്‌ അവൾ പ്രകടമാക്കി.​—⁠2 രാജാക്കന്മാർ 5:1-4.

കത്ത്‌ ഇങ്ങനെ തുടർന്നു: “ഒരു കൊച്ചുകുട്ടിയെന്നനിലയിൽ, മാതാപിതാക്കളെ അനുസരിച്ചുകൊണ്ടും മിടുക്കിയായി പഠിച്ചുകൊണ്ടും നീ യഹോവയെ സേവിക്കേണ്ടതാണ്‌. അതോടൊപ്പം പ്രാർഥന, ദൈവവചനത്തിന്റെ പഠനം എന്നിവയിലൂടെ യഹോവയുമായുള്ള ബന്ധത്തിൽ എന്നെന്നും തുടരുകയും വേണം.” ഉപസംഹാരമായി അതിൽ ഇങ്ങനെ എഴുതിയിരുന്നു: “ഡാനിയേൽ, നാം എവിടെ ജീവിച്ചാലും യഹോവ എല്ലായ്‌പോഴും നമ്മുടെ അരികെയുണ്ട്‌. നീ അതു വിശ്വസിക്കുന്നുണ്ടെന്നു ഞങ്ങൾക്കറിയാം.” (റോമർ 8:35-39) പഴകിദ്രവിച്ച ആ കത്ത്‌ ഇന്നും ഞാനെന്റെ ബൈബിളിൽ സൂക്ഷിക്കുന്നു. ഇക്കാലത്തിനിടെ എത്രവട്ടം ഞാൻ അതു വായിച്ചിട്ടുണ്ടെന്നോ. അപ്പോഴൊന്നും എന്റെ കണ്ണു നിറയാതിരുന്നിട്ടില്ല.

ഏതാനും നാളുകൾക്കുശേഷം എനിക്കു മറ്റൊരു കത്തു ലഭിച്ചു. വീക്ഷാഗോപുരം, ഉണരുക! മാസികകൾ തപാലിൽ കിട്ടുന്നതിനുള്ള ഏർപ്പാടുകൾ ഡാഡി ചെയ്‌തിട്ടുണ്ട്‌ എന്ന്‌ അറിയിച്ചുകൊണ്ടുള്ളതായിരുന്നു അത്‌. സന്തോഷംകൊണ്ടു ഞാൻ മതിമറന്നു! അങ്ങനെ എനിക്ക്‌ ആത്മീയ ഭക്ഷണം മുടങ്ങാതെ ലഭിക്കാൻ തുടങ്ങി. അമൂല്യമായ ഈ മാസികകൾ ഓരോന്നും കിട്ടുന്നപാടേ ഞാൻ പുറത്തോടുപുറം വായിക്കുമായിരുന്നു. എനിക്കു ലഭിച്ച ആദ്യപ്രതികൾ ഇന്നും എന്റെ കയ്യിലുണ്ട്‌. ഏതാണ്ട്‌ അക്കാലത്തുതന്നെയാണ്‌ പ്രാദേശിക സഭയിലെ ഒരു ക്രിസ്‌തീയ മൂപ്പൻ എന്നെ സന്ദർശിക്കാൻ തുടങ്ങിയത്‌. ഹ്രസ്വ സന്ദർശനങ്ങളായിരുന്നെങ്കിലും എനിക്കവ ഒരുപാടു പ്രോത്സാഹനം പകർന്നു.

മാറ്റങ്ങൾ പുരോഗതിക്കു വഴിതെളിക്കുന്നു

എന്റെ ആത്മീയനില മെച്ചപ്പെട്ടുവെങ്കിലും സ്വാതന്ത്ര്യത്തോടെ യഹോവയെ സേവിക്കാൻ ഞാൻ അതിയായി വാഞ്‌ഛിച്ചു. അതുകൊണ്ട്‌ എനിക്കു 13 വയസ്സായപ്പോൾ ഡാഡിയുടെ അടുക്കലേക്കു പോകാനായി ഞാൻ മമ്മിയോട്‌ അനുവാദം ചോദിച്ചു. എനിക്കു മമ്മിയെയും മമ്മിക്ക്‌ എന്നെയും ജീവനായിരുന്നെങ്കിലും ദൈവത്തെ സേവിക്കാൻ ഞാൻ ദൃഢനിശ്ചയം ചെയ്‌തിരുന്നു. മമ്മി സമ്മതംമൂളേണ്ട താമസം, ഞാൻ മോയിയിലേക്കു മടങ്ങിപ്പോയി. അവിടത്തെ സഹോദരങ്ങൾ എനിക്കു ബൈബിളധ്യയനം ആരംഭിച്ചു. ഡാഡിയുടെ സമ്മതത്തോടെ ഞാനും ജേമിയും എല്ലാ യോഗങ്ങൾക്കും ഹാജരാകാനും തുടങ്ങി. പ്രാദേശിക സാക്ഷികൾ ഞങ്ങളെ സഹായിക്കാൻ ആവുന്നതെല്ലാം ചെയ്‌തു. ശീഘ്രഗതിയിൽ പുരോഗതിവരുത്തിയ ഞാനും ജേമിയും പിന്നീട്‌ ഏതാനും മാസങ്ങളുടെ വ്യത്യാസത്തിൽ സ്‌നാപനമേറ്റു. അങ്ങനെ എന്റെ കുട്ടിക്കാലത്തെ പ്രാർഥനകൾക്ക്‌ ഉത്തരം ലഭിച്ചു. യഹോവയെ അവന്റെ ജനത്തോടൊപ്പം സേവിക്കാൻ എനിക്കു കഴിഞ്ഞു!

ഇതിനിടെ, എന്റെ അങ്കിളും ആന്റിയുമായ ഫിലിപ്പ്‌ ടെയ്‌ലർ-ലോറേൻ ദമ്പതികളോടു ഞാൻ നല്ല കൂട്ടായിക്കഴിഞ്ഞിരുന്നു. അവരും മോയിയിലെ സഭയോടൊപ്പമാണു സഹവസിച്ചിരുന്നത്‌. സ്വന്തം മകളെപ്പോലെയാണ്‌ അവരെന്നോട്‌ ഇടപെട്ടത്‌. കൂടുതൽ രാജ്യഘോഷകരെ ആവശ്യമുണ്ടായിരുന്ന പാപ്പുവ ന്യൂഗിനിയിലെ ബോഗൻവിൽ ദ്വീപിൽ സേവിക്കുന്നതിനായി പുറപ്പെടാനുള്ള തയ്യാറെടുപ്പിലായിരുന്നു അവർ. അവരോടൊപ്പം ചെല്ലാനുള്ള ക്ഷണം ഞാൻ ഇരുകയ്യുംനീട്ടി സ്വീകരിച്ചു. അന്നെനിക്കു 15 വയസ്സേ ഉണ്ടായിരുന്നുള്ളുവെങ്കിലും അവരോടൊപ്പം പോകാൻ ഡാഡിയും മമ്മിയും എന്നെ അനുവദിച്ചു.

ബോഗൻവില്ലിൽവെച്ച്‌ കറസ്‌പോണ്ടൻസിലൂടെ ഞാൻ സ്‌കൂൾപഠനം തുടർന്നു. ബാക്കിയുള്ള സമയത്തിൽ അധികവും സാക്ഷീകരണ വേലയ്‌ക്കായി ഞാൻ ഉഴിഞ്ഞുവെച്ചു. മിഷനറിമാരും പയനിയർ ശുശ്രൂഷകരും ഒത്തുള്ള വേല എത്ര സന്തോഷകരമായിരുന്നെന്നോ! തദ്ദേശവാസികളാകട്ടെ, ഞാൻ കണ്ടിട്ടുള്ളതിലേക്കും വിനയമുള്ളവരായിരുന്നു. പലരും ബൈബിൾ പഠിക്കാൻ മുന്നോട്ടുവന്നു.

ആ വർഷംതന്നെ അവിടെ രാഷ്‌ട്രീയ സംഘർഷങ്ങളുടെ കാർമേഘം ഉരുണ്ടുകൂടാൻ തുടങ്ങി. അവിടെ തുടരുന്നതു സുരക്ഷിതമല്ലായിരുന്നു. നല്ലവരായ നാട്ടുകാരെ ഉപേക്ഷിച്ച്‌ ആ കൊച്ചുദ്വീപിനോടു വിടപറയുന്നത്‌ എനിക്കു താങ്ങാനായില്ല. ഒരു ചെറിയ വിമാനത്തിൽ ഞാൻ യാത്രതിരിച്ചപ്പോൾ ഫിലിപ്പ്‌ അങ്കിൾ റൺവേയിൽനിന്ന്‌ എന്നെനോക്കി കൈവീശുന്നുണ്ടായിരുന്നു. ഞാൻ ഏങ്ങലടിച്ചു കരഞ്ഞു. എന്നെങ്കിലും ഒരിക്കൽ ഒരു വിദേശരാജ്യത്ത്‌ മിഷനറിയായി സേവിക്കാനുള്ള അവസരം തരണമേയെന്ന്‌, അതിനിടയിലും ഞാൻ യഹോവയോടു നിശ്ശബ്ദമായി യാചിച്ചു.

തുടർന്നും പ്രാർഥനകൾക്ക്‌ ഉത്തരം ലഭിക്കുന്നു

ഓസ്‌ട്രേലിയയിൽ മടങ്ങിയെത്തിയ ഞാൻ, ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ട്‌ ഒരു നിയമോപദേശ സ്ഥാപനത്തിൽ പരിശീലനം ആരംഭിച്ചു. ഇതിനിടെ ഡാഡി മറ്റൊരു വിവാഹംകഴിച്ചിരുന്നു. അതോടെ ആ ഭാര്യയും അവരുടെ മക്കളും ഉൾപ്പെട്ട മറ്റൊരു കുടുംബത്തിന്റെ ഭാരവും അദ്ദേഹത്തിന്റെ ചുമലിലായി. ജേമി അക്കാലത്തു മമ്മിയോടൊപ്പമായിരുന്നു. രണ്ടിടങ്ങളിലായി കഴിയുന്ന മാതാപിതാക്കളോടൊപ്പം കുറേക്കാലം ഞാൻ മാറിമാറി താമസിച്ചു. ജീവിതം ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുന്നതായി തോന്നി. ആത്മീയലാക്കുകളിൽ ദൃഷ്ടിപതിപ്പിച്ച്‌ ജീവിതം ലളിതമാക്കേണ്ടത്‌ അനിവാര്യമായിത്തീർന്നു. അതുകൊണ്ട്‌ 1994-ൽ മോയിയിൽ ഞാൻ ഒരു പയനിയർ എന്ന നിലയിൽ മുഴുസമയ ശുശ്രൂഷ ആരംഭിച്ചു.

ഞാൻ പഴയ സന്തോഷം വീണ്ടെടുത്തു. സഭയിലെ ആത്മീയ മനസ്‌കരായ ചെറുപ്പക്കാരായിരുന്നു എന്റെ കൂട്ടുകാർ. അവരെന്നെ ശക്തമായി പിന്തുണച്ചിരുന്നു. അതിൽ ഒരാളായിരുന്ന വിൽ പിന്നീട്‌, 1996-ൽ എന്നെ വിവാഹംചെയ്‌തു. ദയയും താഴ്‌മയുമുള്ള, മൃദുഭാഷിയായ അദ്ദേഹം വാസ്‌തവത്തിൽ യഹോവയിൽനിന്നുള്ള വലിയൊരു അനുഗ്രഹംതന്നെയാണ്‌.

വിവാഹജീവിതത്തിലേക്കു കാലെടുത്തുവെച്ച ഞങ്ങൾ, എല്ലാംകൊണ്ടും സന്തുഷ്ടരായിരുന്നു. ഒരു ദിവസം, ഞങ്ങളുടെ പ്രദേശത്തുള്ള സഭകൾ സന്ദർശിച്ചിരുന്ന സഞ്ചാരമേൽവിചാരകനോടൊപ്പം പ്രവർത്തിച്ചശേഷം മടങ്ങിയെത്തിയ വിൽ എന്നോട്‌ ഇരിക്കാൻ പറഞ്ഞശേഷം ഇങ്ങനെ ചോദിച്ചു: “മറ്റൊരു സഭയെ സഹായിക്കാൻ ഇവിടംവിട്ടു പോകുന്നതിനെക്കുറിച്ച്‌ എന്തു തോന്നുന്നു?” ‘ഞാൻ എപ്പോഴേ തയ്യാർ’ എന്ന്‌ ആ നിമിഷംതന്നെ മനസ്സിൽ പറഞ്ഞെങ്കിലും തമാശയായി ഞാൻ ഇങ്ങനെ ചോദിച്ചു: “എവിടേക്കാ? വനുവാട്ടുവിലേക്കോ? അതോ ഫിജിയിലേക്കോ?” “മോർവെല്ലിലേക്ക്‌,” വിൽ പറഞ്ഞു. “ഓ അതിവിടെ തൊട്ടടുത്തല്ലേ!” എന്റെ പ്രതികരണം പെട്ടെന്നായിരുന്നു. അടുത്ത നിമിഷം ഞങ്ങളിരുവരും പൊട്ടിച്ചിരിച്ചുപോയി. ഞങ്ങളുടെ ആ അയൽസഭയിൽ പയനിയർമാരായി സേവിക്കാൻ ഞങ്ങൾക്ക്‌ എത്രയും സന്തോഷമായിരുന്നു!

തുടർന്നുവന്ന മൂന്നു വർഷക്കാലം, മോർവെല്ലിലെ ജീവിതം സന്തോഷഭരിതവും ഫലപ്രദവുമായിരുന്നു. അങ്ങനെയിരിക്കെ, യഹോവയുടെ സാക്ഷികളുടെ ഓസ്‌ട്രേലിയ ബ്രാഞ്ചോഫീസിൽനിന്നു ഞങ്ങൾക്ക്‌ പ്രത്യേക പയനിയർമാരായി സേവിക്കുന്നതിനുള്ള ക്ഷണം ലഭിച്ചു. ഞങ്ങളുടെ സന്തോഷത്തിന്‌ അതിരില്ലായിരുന്നു. നിയമിത പ്രദേശം ഏതായിരുന്നെന്നോ? ഇന്തൊനീഷ്യൻ ദ്വീപസമൂഹങ്ങളുടെ കിഴക്കേ അറ്റത്തായി സ്ഥിതിചെയ്യുന്ന ഈസ്റ്റ്‌ റ്റിമോർ എന്ന ഒരു കൊച്ചു രാജ്യം. * സന്തോഷത്താൽ എന്റെ കണ്ണുകൾ ഈറനണിഞ്ഞു. എന്റെ എല്ലാ പ്രാർഥനകൾക്കും ഉത്തരമരുളിയതിനു ഞാൻ യഹോവയ്‌ക്കു നന്ദിയേകി. തന്നെ സേവിക്കാനായി എന്നെ അനുവദിച്ചതു കൂടാതെ ഇപ്പോഴിതാ അവൻ എനിക്കും ഭർത്താവിനും ഒരു വിദേശരാജ്യത്തു സേവിക്കാനുള്ള അവസരമൊരുക്കുകയും ചെയ്‌തിരിക്കുന്നു.

വിദേശ സേവനം

2003 ജൂലൈയിൽ ഞങ്ങൾ തലസ്ഥാന നഗരിയായ ഡിലിയിലെത്തി. ഡിലി സഭയിൽ ഓസ്‌ട്രേലിയയിൽനിന്നുള്ള 13 പ്രത്യേക പയനിയർമാരും ആ പ്രദേശത്തെ ഏതാനും സാക്ഷികളുമാണ്‌ ഉണ്ടായിരുന്നത്‌. രാജ്യത്തെ ഏക സഭയായിരുന്നു അത്‌. റ്റിമോറിലെ സഹോദരങ്ങൾ തീർത്തും ദരിദ്രരായിരുന്നു. 1999-ൽ അവസാനിച്ച, 24 വർഷം നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിൽ പലർക്കും സകലതും​—⁠കുടുംബാംഗങ്ങളെപ്പോലും​—⁠നഷ്ടപ്പെട്ടിരുന്നു. പുതുതായി സ്വീകരിച്ച വിശ്വാസത്തിന്റെ പേരിൽ പലർക്കും കുടുംബാംഗങ്ങളിൽനിന്നുള്ള ശക്തമായ എതിർപ്പും സഹിക്കേണ്ടിവന്നിരുന്നു. പീഡനത്തിന്റെയും ദാരിദ്ര്യത്തിന്റെയും നടുവിലും ആത്മീയമായി അവർ സമ്പന്നരും സന്തുഷ്ടരുമായിരുന്നു.​—⁠വെളിപ്പാടു 2:8, 9.

റ്റിമോറിലുള്ള അനേകരും ദൈവഭയമുള്ളവരും ബൈബിളിനോട്‌ ആദരവുള്ളവരുമാണെന്നു ഞങ്ങൾക്കു കാണാൻ കഴിഞ്ഞു. വാസ്‌തവത്തിൽ, നടത്താൻ കഴിയുന്നതിലുമധികം ബൈബിളധ്യയനങ്ങൾ പെട്ടെന്നുതന്നെ ഞങ്ങൾക്കു ലഭിച്ചു! കാലം കടന്നുപോകവേ, ഒരുകാലത്തു ഞങ്ങൾ ബൈബിൾ പഠിപ്പിച്ചിരുന്നവർ സ്‌നാപനമേറ്റ സഹോദരങ്ങളെന്നനിലയിൽ ഞങ്ങളോപ്പം സേവിച്ചുതുടങ്ങി. അവരുടെ ആത്മീയ പുരോഗതി നിരീക്ഷിക്കാൻ കഴിഞ്ഞ ഞങ്ങളുടെ ആഹ്ലാദത്തിന്‌ അതിരില്ലായിരുന്നു.

2006-ൽ ഡിലി വീണ്ടും അരാജകത്വത്തിലേക്കു കൂപ്പുകുത്തി. ചില വംശീയ കൂട്ടങ്ങൾക്കിടയിൽ ഉണ്ടായ പൊട്ടലും ചീറ്റലും വലിയൊരു കലാപമായി കത്തിപ്പടർന്നു. അനേകം ഭവനങ്ങൾ കൊള്ളയടിക്കപ്പെടുകയോ കത്തിച്ചാമ്പലാവുകയോ ചെയ്‌തു. തദ്ദേശീയരായ സാക്ഷികൾ പ്രത്യേക പയനിയർമാരുടെ ഭവനങ്ങളിൽ അഭയംതേടി. ഞങ്ങളുടെ വീടും പരിസരവും ഒരു താത്‌കാലിക അഭയാർഥി ക്യാമ്പായി മാറി. ഒരിക്കൽ നൂറോളം പേരാണു ഞങ്ങളോടൊപ്പം താമസിച്ചത്‌! ഞങ്ങളുടെ വിശാലമായ കാർപോർച്ച്‌, അടുക്കളയും തീൻമുറിയും താത്‌കാലിക രാജ്യഹാളുമായി മാറി.

ചുറ്റുപാടും വെടിവെപ്പും ഗ്രനേഡ്‌ ആക്രമണങ്ങളും പതിവായിരുന്നെങ്കിലും ഞങ്ങളുടെ പയനിയർ ഭവനത്തിൽ സമാധാനം കളിയാടി. യഹോവയുടെ സംരക്ഷക കരങ്ങൾ ഞങ്ങളെ വലയംചെയ്യുന്നത്‌ ഞങ്ങൾ അനുഭവിച്ചറിഞ്ഞു. ഒരു ബൈബിൾ ഭാഗത്തെക്കുറിച്ചുള്ള ചർച്ചയോടെയായിരുന്നു ഓരോ പ്രഭാതവും പൊട്ടിവിടർന്നത്‌. യോഗങ്ങളൊന്നും മുടങ്ങിയിരുന്നില്ല. താത്‌പര്യക്കാരുമായി ബൈബിളധ്യയനങ്ങളും നടത്തിയിരുന്നു.

രാജ്യത്തിന്റെ കിഴക്കുനിന്നുള്ളവർ ഡിലിയിൽ തുടരുന്നത്‌ സുരക്ഷിതമല്ല എന്ന്‌ ദിവസംചെല്ലുംതോറും വ്യക്തമായിത്തുടങ്ങി. അതുകൊണ്ട്‌ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ബവുകാവുവിൽ ഒരു പുതിയ കൂട്ടം രൂപീകരിക്കാൻ, ഉത്തരവാദിത്വപ്പെട്ട സഹോദരന്മാർ തീരുമാനിച്ചു. ഡിലിയിൽനിന്ന്‌ അങ്ങോട്ടേക്ക്‌ മൂന്നു മണിക്കൂർ യാത്രയുണ്ട്‌. അങ്ങനെ എനിക്കും വില്ലിനും അവിടേക്കു നിയമനം ലഭിച്ചു.

ഈസ്റ്റ്‌ റ്റിമോറിൽ എത്തി മൂന്നാം വർഷം, അതായത്‌ 2006 ജൂലൈയിൽ ഞങ്ങൾ ബവുകാവുവിൽ എത്തിച്ചേർന്നു. നാലു പ്രത്യേക പയനിയർമാരും റ്റിമോറുകാരായ ആറു സാക്ഷികളും അടങ്ങിയതായിരുന്നു ഞങ്ങളുടെ കൂട്ടം. തങ്ങൾക്കുണ്ടായിരുന്ന സകലതും ഡിലിയിൽ ഉപേക്ഷിച്ചു പോരേണ്ടിവന്നവരായിരുന്നു ആ സാക്ഷികൾ. ഇതൊക്കെയാണെങ്കിലും സ്വതസിദ്ധമായ പുഞ്ചിരി അവർക്കു കൈമോശം വന്നിരുന്നില്ല. അവരുടെ ആത്മത്യാഗ മനോഭാവവും വിശ്വസ്‌തതയും ഞങ്ങളിൽ എത്രമാത്രം മതിപ്പുളവാക്കിയെന്നോ!

ഞാനും വില്ലും ബവുകാവുവിൽതന്നെയാണ്‌ ഇന്നും സേവിക്കുന്നത്‌. ഈ നിയമനം ഞങ്ങൾ വളരെയേറെ പ്രിയപ്പെടുന്നു. മാത്രവുമല്ല ഇതിനെ യഹോവയിൽനിന്നുള്ള മറ്റൊരു അനുഗ്രഹമായാണു ഞങ്ങൾ വീക്ഷിക്കുന്നത്‌. ഗതകാലത്തേക്കു തിരിഞ്ഞുനോക്കുമ്പോൾ നാന്നാ പറഞ്ഞതു ശരിയായിരുന്നെന്ന്‌ എനിക്കു കാണാനാകുന്നുണ്ട്‌. ഇക്കാലങ്ങളിലെല്ലാം യാതൊരു കുഴപ്പവും കൂടാതെ യഹോവ എന്നെ പരിപാലിക്കുകയായിരുന്നു. തന്റെ ജനത്തോടൊപ്പം സേവിക്കാനുള്ള മഹത്തായ പദവി എനിക്കു നൽകിയതിനെപ്രതി ഞാൻ എന്നും അവനോടു നന്ദി പറയാറുണ്ട്‌. പുനരുത്ഥാനം പ്രാപിച്ചുവരുന്ന നാന്നായെ കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്‌. സന്തുഷ്ടവും പ്രതിഫലദായകവുമായ ജീവിതത്തിലേക്കുള്ള വാതിൽ തുറക്കാൻ എന്നെ സഹായിച്ച താക്കോൽ നൽകിയതിന്‌, അന്നെനിക്ക്‌ നാന്നായോടു നന്ദി പറയാനാകും.

[അടിക്കുറിപ്പുകൾ]

^ ഖ. 9 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

^ ഖ. 25 ഇംഗ്ലീഷുകാർ ഈസ്റ്റ്‌ റ്റിമോർ എന്നാണു വിളിക്കുന്നതെങ്കിലും റ്റിമോർ ലെസ്റ്റി എന്നും ഇത്‌ അറിയപ്പെടുന്നു.

[26-ാം പേജിലെ ചിത്രം]

നാന്നായോടൊപ്പം

[28, 29 പേജുകളിലെ ചിത്രം]

വില്ലിനോടൊപ്പം